ഇമാം മഖ്‍രീസി(റ): സാമ്പത്തികശാസ്ത്ര പണ്ഡിതന്‍

ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകി കടന്നുപോയ പ്രശസ്ത വ്യക്തിത്വമാണ് ഇമാം തഖിയുദ്ധീൻ അൽ മഖ്‍രീസി. വിശ്വവിഖ്യാത മുസ്‍ലിം ചരിത്രകാരനായ ഇബ്നു ഖൽദൂനിന്റെ ശിഷ്യനായിരുന്ന അദ്ദേഹം മുന്നോട്ട് വെച്ച ചില സാമ്പത്തിക ചിന്തകൾ ഇന്നും കാലികവും ആധുനിക സാമ്പത്തിക സിദ്ധാന്തങ്ങളിൽ ഉൾക്കൊള്ളുന്നതുമാണ്. മഖ്‍രീസിയുടെ രചനകൾ ആയ "ഇആനത്തുൽ ഉമ്മ ബി കഷ്ഫിൽ ഖുമ്മ", "ശുദൂറുൽ ഉഖൂദ് ഫി ദികിരി നുഖൂദ്" തുടങ്ങിയവയിലൂടെയാണ് അദ്ദേഹം തന്റെ വിവിധങ്ങളായ സാമ്പത്തിക ചിന്തകൾ മുന്നോട്ടുവെക്കുന്നത്.

അബ്ദുൽ അബ്ബാസ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമമെങ്കിലും തന്റെ ജന്മസ്ഥലമായ കൈറോയിലെ മഖിരീസയിലേക്ക് ചേർത്ത് മഖ്‍രീസി എന്ന നാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹിജ്റ വർഷം 766 (ക്രി. 1364) ലാണ് അദ്ദേഹത്തിന്റെ ജനനം. വിവിധ പ്രദേശങ്ങളിൽ നിന്ന് അറിവ് തേടി വരുന്നവരുടെ വിജ്ഞാന കേന്ദ്രമായ ഈജിപ്തിലെ കൈറോയിലാണ് അദ്ദേഹം വളരുന്നത്. മംലൂകി സാമ്രാജ്യത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നതിനാൽ തന്നെ വിഭിന്നമായ വൈജ്ഞാനിക മേഖലകൾ പരിചയപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

 തന്റെ പിതാവിൽ നിന്നും പിതൃവ്യനിൽ നിന്നും ആണ് മഖ്‍രീസി പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നത്. അതിനു ശേഷം അറിവു തേടുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധങ്ങളായ വിജ്ഞാന ശാഖകൾ പരിചയപ്പെടുകയും ചെയ്തു. ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നു ഖൽദൂൻ ഉൾപ്പെടെ അനേകം പ്രശസ്തരായ അധ്യാപകർ അദ്ദേഹത്തിനുണ്ട്. വർഷങ്ങൾ നീണ്ടുനിന്ന വൈജ്ഞാനിക ജീവിതത്തിനു ശേഷം അദ്ദേഹം ഈജിപ്തിലേക്ക് തിരിച്ചുവരുകയും പിന്നീട് ജീവിതാവസാനം വരെ അവിടെ ചിലവഴിക്കുകയും ചെയ്തു.

കർമ്മശാസ്ത്രം, ചരിത്രം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് സംഭാവനകൾ നൽകിയ ഒരു വിശിഷ്ട വ്യക്തിത്വമാണ് ഇമാം മഖ്‍രീസി. ഒരു ചരിത്രകാരൻ എന്ന രീതിയിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയത്. ഫാത്തിമികളുടെ ചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. ഫാത്തിമി സാമ്രാജ്യത്തെ കുറിച്ചുള്ള നിരവധി രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ മൊത്തം ഈജിപ്തിന്റെ തന്നെ ചരിത്രങ്ങൾ അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങൾ അദ്ദേഹത്തിനുണ്ട്. ഇതിലെല്ലാം ഉപരി ഒരു മുസ്‍ലിം സാമ്പത്തിക വിദഗ്ധൻ എന്ന രീതിയിലും അദ്ദേഹം ഏറെ അറിയപ്പെടുന്നു.

കൈറോയിലെ മുഹ്തസിബ് (Market Supervisor) എന്ന പദവി വഹിച്ചിരുന്ന ഒരാൾ കൂടിയാണ് ഇമാം മഖ്‍രീസി. ഇസ്‍ലാമിക അധികാരികൾക്ക് കീഴിൽ അന്ന് നിലനിന്നിരുന്ന കച്ചവട കേന്ദ്രങ്ങളുടെ മേൽനോട്ടക്കാരനാണ് മുഹ്തസിബ് എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു നാട്ടിലെ കച്ചവടങ്ങളും മറ്റു ഏർപ്പാടുകളും നിയമാനുസൃതമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് പരിശോധിച്ച് അധർമങ്ങൾ ഇല്ലായ്മ ചെയ്യുക എന്നതാണ് മുഹ്തസിബിന്റെ പ്രധാന ചുമതല. ഭരണാധികാരികൾക്കായിരുന്നു മുഹ്തസിബിനെ നിയമിക്കാനുള്ള അധികാരം. മുഹ്തസിബ് എന്ന പദവി വിട്ട് ഒരു മാസത്തിനു ശേഷമാണ് ഇമാം മഖ്‍രീസി സാമ്പത്തിക മേഖലയിലെ തന്റെ പ്രധാന ഗ്രന്ഥമായ ഇആനയുടെ രചന നിർവഹിക്കുന്നത്. 

സാമ്പത്തിക ചിന്തകൾ
ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്ര ചരിത്രത്തിന്റെ രണ്ടാംഘട്ടത്തിലാണ് ഇമാം മഖ്‍രീസിയുടെ സ്ഥാനം. പണം, വിലക്കയറ്റം (Inflation) തുടങ്ങിയ വിഷയത്തിൽ പ്രത്യേക പഠനങ്ങൾ നടത്തിയ മുസ്‍ലിം സാമ്പത്തിക ചിന്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു ചെറുഗ്രന്ഥമായ "ഇആനത്തുൽ ഉമ്മ ബി കഷ്ഫിൽ ഖുമ്മ" യിലൂടെ സാമ്പത്തിക ശാസ്ത്ര സംബന്ധമായ നിരവധി ആശയങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഈജിപ്തിൽ നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് പ്രസ്തുത ഗ്രന്ഥത്തിലൂടെ ഇമാം മഖ്‍രീസി വ്യത്യസ്ത ചർച്ചകൾ നടത്തുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ രാജ്യം നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് ഈ രചനയുടെ കാരണമായി ഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ രാഷ്ട്രീയം, സാമ്പത്തികം, ചരിത്രം തുടങ്ങി നിരവധി വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്.

ഈജിപ്തിൽ അരങ്ങേറിയ വിലക്കയറ്റത്തിന്റെ ചരിത്ര ഘട്ടങ്ങളും അതിന്റെ കാരണങ്ങളുമാണ് പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ പ്രതിപാദിക്കുന്നത്. രാജ്യത്തിന്റെ ദുർഭരണം, അഴിമതി, ചെമ്പ് നാണയത്തിന്റെ (Cooper Fulus) അമിതമാവൽ തുടങ്ങിയവയാണ് പ്രധാനമായും വിലക്കയറ്റത്തിനുള്ള കാരണങ്ങളായി അദ്ദേഹം അവതരിപ്പിക്കുന്നത്.

കൈക്കൂലി, അഴിമതി തുടങ്ങിയ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയുള്ള അധികാര കയ്യേറ്റങ്ങളുടെ ഫലമായി ഭരണകൂടത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ അയോഗ്യരായ ആളുകൾ കടന്നു കൂടിയതും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു പ്രധാന കാരണമായി അദ്ദേഹം എണ്ണുന്നുണ്ട്. കാരണം ഇതിലൂടെ കച്ചവട കേന്ദ്രങ്ങളുടെ മേൽനോട്ടക്കാരനായി പ്രവർത്തിക്കുന്ന മുഹ്തസിബുകളുടെ കൂട്ടത്തിലും അയോഗ്യർ വന്നുചേർന്നു. ഭൂസ്വത്തിനുള്ള അമിതമായ നികുതി നിരക്കും മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായ നിരവധി ഘടകങ്ങളും മറ്റുമാണ് തന്റെ കിതാബിലൂടെ ഇമാം മഖ്‍രീസി വെളിപ്പെടുത്തുന്നത്.

ഒരു മാർക്കറ്റിന്റെ ശരിയായ നടത്തിപ്പിന് ഭരണകൂടത്തിന്റെ ഇടപെടൽ (Government Intervention) വളരെ അത്യാവശ്യമാണെന്ന് ഇമാം മഖ്‍രീസി പറയുന്നുണ്ട്. കച്ചവട രംഗത്ത് അധർമ്മങ്ങളും പ്രതിസന്ധികളും അരങ്ങേറാതിരിക്കാൻ ഓരോ ചരക്കിന്റെയും വിലകൾ നിശ്ചയിക്കുമ്പോൾ ഒരു സമതുലിതാവസ്ഥ (Equilibrium) നിലനിർത്തൽ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ ശരിപ്പെടുത്താൻ ഭരണകൂടത്തിന്റെ ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂ എന്നതാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

പണം സംബന്ധമായ ചിന്തകൾ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു രചനയാണ് "ശുദൂറുൽ ഉഖൂദ് ഫി ദികിരിന്നുഖൂദ്" എന്നത്. ഇടപാടുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന പണം എങ്ങനെയുള്ളതാവണം എന്നതാണ് പ്രസ്തുത രചനയിലൂടെ പ്രധാനമായും അദ്ദേഹം പറഞ്ഞുവെക്കുന്നത്. 

ചുരുക്കത്തിൽ മുസ്‍ലിം സാമ്പത്തിക ശാസ്ത്രത്തിൽ എടുത്തു പറയേണ്ട ഒരു നാമമാണ് ഇമാം മഖ്‍രീസിയുടേത് എന്ന് നിസ്സംശയം പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter