ത്വാഊസ് ബ്ൻ കൈസാൻ, സാരോപദേശത്തിന്റെ തളരാത്ത ചുവടുകള്‍

അമവി ഖിലാഫത്തിന്റെ ഏഴാം ഖലീഫ സുലൈമാന് ബ്ൻ അബ്ദുൽ മലിക് കഅ്ബാലയം വലയം ചെയ്തു കൊണ്ടിരിക്കെ തന്റെ ഭൃത്യനോട് ഒരു കാര്യം പറഞ്ഞു: ലക്ഷക്കണക്കിന് വിശ്വാസികൾ ഒരുമിച്ചു കൂടുന്ന ഈ പരിശുദ്ധ ദിവസം വിശുദ്ധ കഅ്ബാലയത്തിന് പരിസരത്ത് നിന്ന് നമുക്ക് ഉപദേശം നൽകാൻ കഴിയുന്ന ഒരാളെ നീ കൊണ്ടുവരൂ. 

ഹജ്ജാജിമാർ ഒരുമിച്ചു കൂടുന്ന സ്ഥലത്ത് പോയി ഭൃത്യന്‍ ഖലീഫയുടെ ആഗ്രഹം പറഞ്ഞു. ഉടനെ അവിട കൂടിയവര്‍ ഒരാളെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു, ഇതാ ഇക്കാലത്തെ ഏറ്റവും വലിയ കർമശാസ്ത്ര പണ്ഡിതനും അല്ലാഹുവിൻറെ മാർഗത്തിൽ ദീനീ പ്രബോധന രംഗത്ത് മികച്ചു നിൽക്കുന്നവരുടെ നേതാവുമായ ത്വാഊസ് ഇബ്നു കൈസാൻ. ഇദ്ദേഹത്തെ നിങ്ങൾ കൊണ്ട് പോയിക്കോളൂ. 

ഭൃത്യൻ ഇബ്നു കൈസാനോട് അമീറുൽ മുഅ്മിനീന്റെ ക്ഷണം സ്വീകരിച്ചാലും എന്ന് ആവശ്യപ്പെട്ടു. ഒട്ടും തന്നെ അമാന്തിച്ചു നിൽക്കാതെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. ഭരണകർത്താക്കളെ ഉപദേശിക്കാൻ കിട്ടുന്ന ഏതൊരവസരവും ഉപയോഗപ്പെടുത്തണമെന്നുള്ള വിശ്വാസക്കാരനായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ഉന്നതിയിൽ വിരാജിക്കുന്നവരെ സത്യമാർഗ്ഗത്തിലേക്ക് നയിക്കാനും അവരുടെ കുറവുകളെ ചൂണ്ടിക്കാട്ടാനും ലഭിക്കുന്ന അവസരങ്ങൾ എല്ലാം ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സദാ ബദ്ധശ്രദ്ധനായിരുന്നു. അതുവഴി അവർ അക്രമം വെടിഞ്ഞ് റബ്ബിലേക്ക് അടുക്കാൻ കാരണമാകുമല്ലോ എന്നും ജനങ്ങള്‍ നീതിപൂര്‍വ്വമായ ഭരണം ലഭിക്കുമല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. 

ഭൃത്യന്റെ കൂടെ ഖലീഫയുടെ മുന്നിലെത്തിയ ത്വാഊസ് സലാം പറഞ്ഞ്‌ അഭിവാദ്യം ചെയ്യുകയും ഖലീഫ അദ്ദേഹത്തെ തന്നെക്കാള്‍ ഉന്നതമായ സ്ഥാനത്തിരുത്തി ആദരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ തന്റെ സംശയങ്ങളോരോന്നും ചോദിക്കുകയും മറുപടികള്‍ ഓരോന്നും സാകൂതം ശ്രവിച്ച്‌ മനസ്സിലാക്കുകയും ചെയ്‌തു. ത്വാഊസ്‌(റ) പറയുന്നു, ഖലീഫ തന്റെ ചോദ്യങ്ങളെല്ലാം ചോദിച്ച്‌ കഴിഞ്ഞു എന്നെനിക്ക്‌ ബോധ്യമായപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു, ഈ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ റബ്ബ്‌ എന്നോട്‌ ചോദിക്കുക തന്നെ ചെയ്യും. ഉടനെ ഞാന്‍ ഖലീഫയോട്‌ ചോദിച്ചു, നരകത്തിന്റെ അടിത്തട്ടില്‍ ഒരു കിണറുണ്ട്‌, ആ കിണറിന്‌ മുകളില്‍ ഒരു പാറക്കല്ലുണ്ട്‌, അത്‌ അടിത്തട്ടിലേക്കെത്താന്‍ എഴുപത്‌ വര്‍ഷമെടുക്കും, അത്‌ ആര്‍ക്കുള്ളതാണെന്ന്‌ നിങ്ങള്‍ക്കറിയാമോ. ഇല്ല എന്നായിരുന്നു ഖലീഫയുടെ മറുപടി. അല്ലാഹു ഭരണം നല്‍കുകയും അതില്‍ അക്രമം ചെയ്യുകയും ചെയ്‌തവനുള്ളതാണത്‌ എന്ന് ഞാന്‍ പറഞ്ഞതും അദ്ദേഹം ഭയന്ന്‌ വിറച്ചു ഉച്ഛത്തില്‍ കരയാന്‍ തുടങ്ങി. പിന്നെ അധികം പറയേണ്ടതില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ അവിടം വിട്ടിറങ്ങി.

കാലം മുന്നോട്ട്‌ ഗമിച്ചു കൊണ്ടേയിരുന്നു. നീതിപൂര്‍ണമായ ഭരണം കൊണ്ട്‌ രണ്ടാം ഉമര്‍ എന്ന്‌ വിളിക്കപ്പെട്ട ഉമറുബ്‌നു അബ്ദുല്‍ അസീസ്‌ ഭരണത്തിലേറി ഖിലാഫത്ത്‌ ഏറ്റെടുത്ത്‌ ഏറെ ദിവസം കഴിയും മുമ്പ്‌ തന്നെ ത്വാഊസുബ്‌നു കൈസാനോട്‌ തനിക്കെന്തെങ്കിലും ഉപദേശം നല്‍കാനായി ഇങ്ങനെ അഭ്യര്‍ത്ഥിച്ചു, അബൂ അബ്ദുറഹ്മാന്‍, താങ്കളുടെ പക്കല്‍ നിന്ന്‌ വല്ല ഉപദേശവും സ്വീകരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ഉടനെ അദ്ദേഹം വളരെ സമഗ്രമായൊരു വാചകമെഴുതി. അതിങ്ങനെയായിരുന്നു, താങ്കളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഖൈറാവണമെന്ന്‌ ആഗ്രഹമുണ്ടെങ്കില്‍ ഭരണകാര്യങ്ങള്‍ക്ക്‌ നല്ലവരെ ഉപയോഗപ്പെടുത്തിക്കോളൂ. എത്ര ലളിതവും സുന്ദരവുമായ ഉപദേശം എന്നാണ് ഉമറുബ്‌നു അബ്ദുല്‍ അസീസ്‌ അതേകുറിച്ച് പുകഴ്‌ത്തിപ്പറഞ്ഞത്.

കാലം പിന്നെയും കടന്ന്‌ പോയി. ഭരണം മാറിക്കൊണ്ടേയിരുന്നു. ഹിശാമുബ്‌നു അബ്ദുല്‍ മലിക്‌ ഖലീഫയായി ചുമതലയേറ്റു. ഹിശാമും ത്വാഊസും തമ്മിലുണ്ടായ പല സംഭവങ്ങളും ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും രേഖപ്പെടുത്തപ്പെട്ടതായി നമുക്ക്‌ കാണാം. അവയില്‍ ചില സംഭവങ്ങളിലേക്ക്‌ നമുക്കൊന്ന്‌ കണ്ണോടിക്കാം. ഹിശാമുബ്‌നു അബ്ദുല്‍ മലിക്‌ പരിശുദ്ധ ഹജ്ജ്‌ കര്‍മത്തിനായി മസ്‌ജിദുല്‍ ഹറാമില്‍ ആഗതനായി തന്റെ കൂടെയുണ്ടായിരുന്നവരോട്‌ ഈ പരിസരത്തെവിടെയെങ്കിലും വല്ല സ്വഹാബിയുമുണ്ടെങ്കില്‍ നമ്മെ ഉപദേശിക്കാനായി അവരെ വിളിച്ച്‌ കൊണ്ട്‌ വരൂ എന്ന് ആവശ്യപ്പെട്ടു. ഉടനെ അവര്‍ പറഞ്ഞു, സ്വഹാബാക്കളെല്ലാം റബ്ബിന്റെ വിളിക്കുത്തരം നല്‍കി കടന്ന്‌ പോയി. എങ്കില്‍ താബിഉകളില്‍ പെട്ട നന്നായി നസ്വീഹത്ത്‌ നല്‍കാന്‍ കഴിവുള്ളവരാരെയെങ്കിലും വിളിച്ച്‌ വരുത്തൂ എന്ന് ഖലീഫയുടെ കല്പനയുണ്ടായി. അത് പ്രകാരം ത്വാഊസുബ്‌നു കൈസാന്‍ ഖലീഫയുടെ സമക്ഷം ഹാജരാക്കപ്പെട്ടു. 

ഖലീഫയുടെ വിരിപ്പിന്റെ ഒരറ്റത്ത്‌ ചെരുപ്പഴിച്ച്‌ വച്ച് അദ്ദേഹം അങ്ങോട്ട് കടന്നു. അമീറുല്‍ മുഅ്‌മിനീന്‍ എന്നഭിസംബോദധന ചെയ്യാതെ, നേരെ സലാം പറഞ്ഞ്‌ പേര്‌ വിളിച്ച്, ഇരിക്കാന്‍ ഖലീഫയുടെ സമ്മതം കാത്തു നില്‍ക്കാതെ തന്നെ ഇരുന്നു. ഇത്രയായപ്പോഴേക്കും ഖലീഫ കോപം കൊണ്ട്‌ വിറച്ചു, മുഖം ചുവന്നു തുടുത്തു, നയനങ്ങളില്‍ ദേഷ്യം തെളിഞ്ഞു കണ്ടു. തന്റെ പരിവാരങ്ങള്‍ക്ക്‌ മുന്നില്‍ തന്നെ ഇത്ര നിസാരവത്‌കരിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഇയാളെ ഒറ്റ വെട്ടിന്‌ നാമാവശേഷമാക്കാനുള്ള കോപം വരുന്നുണ്ടായിരുന്നു ഖലീഫക്ക്. താന്‍ ഹറമിലാണ്‌ നില്‍ക്കുന്നതെന്നോര്‍ത്ത്‌ സ്വയം നിയന്ത്രിച്ചു. അല്പം കഴിഞ്ഞ് ദേഷ്യം കെട്ടടങ്ങിയപ്പോള്‍ എന്ത്‌ കൊണ്ടാണ്‌ താങ്കളിങ്ങനെ പെരുമാറിയതെന്ന്‌ ഖലീഫ ചോദിച്ചു. ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, എന്തിനെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. ഈ ചോദ്യം ഖലീഫയെ വീണ്ടും കുപിതനാക്കി. ത്വാഊസ്‌ ചെയ്‌ത ഓരോ പ്രവര്‍ത്തനവും എണ്ണിപ്പറഞ്ഞ ഖലീഫക്ക്‌ അദ്ദേഹം ശാന്തനായി ഇങ്ങനെ മറുപടി നല്കി, 

ഞാന്‍ ഓരോ ദിവസും ചുരുങ്ങിയത്‌ അഞ്ച്‌ നേരമെങ്കിലും റബ്ബിന്റെ മുമ്പില്‍ ചെരുപ്പഴിച്ച്‌ വെക്കാറുണ്ട്‌. പക്ഷേ റബ്ബെന്നോട്‌ ദേഷ്യപ്പെടുകയോ എന്നെ ആക്ഷേപിക്കുകയോ ചെയ്യാറില്ല. അത്‌ കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ മുന്നിലും ചെരുപ്പഴിച്ച്‌ വെക്കാന്‍ മടി കാണിക്കാതിരുന്നത്‌. അമീറുല്‍ മുഅ്‌മിനീന്‍ എന്ന്‌ വിളിക്കാന്‍ ഞാന്‍ താത്‌പര്യം കാണിക്കാതിരുന്നത്‌ അങ്ങയുടെ ഭരണത്തില്‍ എല്ലാവരും സംതൃപ്തരല്ല എന്നത് കൊണ്ടാണ്. ഞാനങ്ങനെ വിളിക്കുകയാണെങ്കില്‍ ഞാന്‍ കളവ്‌ പറയുന്നവനാകുമെന്ന ഭയത്താലാണ്‌ പേര്‌ വിളിച്ചത്‌. അല്ലാഹു അവന്റെ അടുപ്പക്കാരായ നബിമാരെ പേര്‌ വിളിച്ച് അഭിസംബോധന ചെയ്‌തിട്ടുണ്ട്‌. യാ സകരിയ്യാ, യാ യഹ്‍യാ തുടങ്ങി പലയിടങ്ങളിലുമുണ്ട്‌. എന്നാല്‍ അവന്‍ കുന്‍യത്‌ വിളിച്ചത്‌ തബ്ബത്‌ യദാ അബീ ലഹബിന്‍ വതബ്ബ്‌ തുടങ്ങിയ സ്ഥലങ്ങളിലൂടെ ശത്രുക്കളെയാണ്‌. പിന്നെ സമ്മതം ലഭിക്കുന്നതിന്‌ മുമ്പ്‌ ഇരുന്നതിന്റെ കാരണവും പറയാം. 

അലി (റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്, ഒരു നരക വാസിയെ കാണണമെങ്കില്‍ ഇരിക്കുകയും അയാളുടെ ചുറ്റും ആളുകള്‍ കൂട്ടമായി നില്‍ക്കുകയും ചെയ്യുന്നവനിലേക്ക്‌ നോക്കിയാല്‍ മതി എന്ന്. ആ നരകവാസികളുടെ കൂട്ടത്തില്‍ താങ്കള്‍ പെട്ടുപോകുന്നത്‌ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത്രയും കേട്ട ഖലീഫ ഹിശാം ലജ്ജിച്ച്‌ തല താഴ്‌ത്തി. ശേഷം തല ഉയര്‍ത്തി, അദ്ദേഹത്തോട് തന്നെ ഉപദേശിക്കാനാവശ്യപ്പെട്ടു. ത്വാഊസ്‌ പറഞ്ഞ്‌ തുടങ്ങി, അലി(റ) പറയുന്നത്‌ ഞാന്‍ കേട്ടു നരകത്തില്‍ ബലമേറിയതും കട്ടിയുള്ളതുമായ കയറുകളെപ്പോലോത്ത സര്‍പ്പങ്ങളും തേളുകളുമുണ്ട്‌. ഭരണത്തില്‍ നീതി പുലര്‍ത്താത്തവരെ അവകള്‍ അക്രമിക്കും. ഇത്രയും പറഞ്ഞ്‌ നിര്‍ത്തി ത്വാഊസ്‌ സ്ഥലം വിട്ടു.

പല ഭരണാധികാരികളുടേയും ക്ഷണം സ്വീകരിച്ചും അല്ലാതെയും ലഭിക്കുന്ന അവസരങ്ങളില്‍ അവരെ ഉപദേശിച്ച്‌ അവസരം മുതലെടുക്കുമ്പോള്‍ തന്നെ മറ്റു പലരുടേയും ക്ഷണങ്ങളെ നിരസിക്കുകയും അവരെ നിന്ദ്യരായി കണ്ട്‌ മുഖം തിരിച്ച്‌ കളയാറുണ്ടായിരുന്നു. ത്വാഊസ്‌(റ)ന്റെ മകന്‍ പറയുന്നു, യമനില്‍ നിന്ന്‌ പിതാവിനോടൊത്ത്‌ ഹജ്ജിനായി പോകുമ്പോള്‍ ഒരു പള്ളിയില്‍ നിസ്‌കരിക്കാനായി കയറി. അവിടുത്തെ ഗവര്‍ണര്‍ ഇബ്‌നു നജീഹ്‌ അക്രമിയും ദീനിന്റെ സകല സീമകളെയും ലംഘിച്ച ക്രൂര ഭരണാധികാരിയുമായിരുന്നു. ഞങ്ങള്‍ അവിടെ എത്തിയ വിവരമറിഞ്ഞ്‌ പിതാവിനെ കാണാനായി അയാള്‍ അവിടെ വന്നു. പിതാവിന്റെ സമക്ഷം പ്രത്യക്ഷപ്പെട്ട്‌ സലാം പറഞ്ഞു. എന്നാല്‍ പിതാവ്‌ അയാളെ കണ്ടില്ലെന്ന ഭാവത്തോടെ മറ്റൊരു ഭാഗത്തേക്ക്‌ തിരിഞ്ഞിരുന്നു. അയാള്‍ വീണ്ടും മുന്നിലൂടെ വന്ന്‌ സലാം പറഞ്ഞെങ്കിലും അവഗണന തുടര്‍ന്ന്‌ കൊണ്ടേയിരുന്നു. ഇത്‌ കണ്ട ഞാന്‍ അയാള്‍ക്ക്‌ സലാം പറഞ്ഞ്‌ കൈ കൊടുത്തു കൊണ്ട്‌ പറഞ്ഞു, പിതാവിന്‌ താങ്കളെ മനസ്സിലായിട്ടില്ലെന്ന്‌ തോന്നുന്നു, അത്‌ കൊണ്ടായിരിക്കാം ഇപ്രകാരം അങ്ങയോട്‌ പെരുമാറിയത്‌. ഉടനെ ഇബ്‌നു നജീഹ്‌ എന്നെ തിരുത്തിക്കൊണ്ട്‌ പറഞ്ഞു, അല്ല, എന്നെ മനസ്സിലായത്‌ കൊണ്ടാണ്‌ ഇങ്ങനെ പെരുമാറിയത്‌. ശേഷം അയാളോടൊരു വാക്ക്‌ പോലും സംസാരിക്കാതെ പിതാവ് അവിടുന്ന്‌ യാത്ര തുടര്‍ന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം എന്നെ ശക്തമായ ഭാഷയില്‍ ആക്ഷേപിച്ചു. അയാളെപ്പോലോത്തവരുടെ അഭാവത്തില്‍ അവരെ ശക്തമായി ആക്ഷേപിക്കുകയും അവരുടെ മുന്നില്‍ താഴ്‌മയോടെ സംസാരിക്കുകയും ചെയ്യുന്നത്‌ സ്‌പഷ്ടമായ കാപട്യമല്ലേ.


ഭരണകര്‍ത്താക്കളെ മാത്രമല്ല സാധാരണക്കാരേയും പണ്ഡിതരേയും വരെ മഹാനവര്‍കള്‍ ഉപദേശിക്കുക പതിവായിരുന്നു. ഒരിക്കല്‍ താബിഈ പ്രമുഖനായ അത്വാഅ്‌ ബ്‌നു അബീ റബാഹിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഉടനെ അദ്ദേഹത്തോട്‌ പറഞ്ഞു, നിന്റെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച്‌ അതിന്‌ മുന്നില്‍ പാറാവുകാരെ നിര്‍ത്തിയവരോട്‌ നീ നിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കരുത്‌. നിനക്ക്‌ സകല കവാടങ്ങളും തുറന്ന്‌ തന്ന്‌ ദുആ ചെയ്‌താല്‍ ഉത്തരം നല്‍കുമെന്ന്‌ വാഗ്‌ദാനം നല്‍കിയ റബ്ബിനോട്‌ നിന്റെ ആവശ്യങ്ങള്‍ നീ തേടുക.

തന്റെ മകനോട്‌ പലപ്പോഴും മഹാനവര്‍കള്‍ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു, മോനേ നീ കുശാഗ്ര ബുദ്ധിയുള്ളവനല്ലെങ്കിലും അത്തരക്കാരോട്‌ കൂട്ട്‌ കൂടുക. എങ്കില്‍ നീ അവരുടെ കൂട്ടത്തില്‍ ഗണിക്കപ്പെടും. വിഢികളോട്‌ നീ അങ്ങനെയുള്ളവനാണെങ്കില്‍ പോലും കൂട്ട്‌ കൂടരുത്‌. കാരണം ഈ സമ്പര്‍ക്കം മൂലം നീ അവരുടെ കൂട്ടത്തില്‍ എണ്ണപ്പെടും. ഓരോന്നിനും അതിന്റേതായ ലക്ഷ്യവും ഫലവുമുണ്ട്‌. ഒരു മനുഷ്യന്റെ ലക്ഷ്യം സല്‍സ്വഭാവിയും ദീനീ കല്‍പനകളെ അനുസരിക്കുന്നവനുമായിത്തീരുക എന്നതാണ്‌. 

തന്റെ മകന്‍ അബ്ദുല്ലയെ തന്റെ പാതയില്‍ തന്നെ അദ്ദേഹം പരിപാലിച്ചു വളര്‍ത്തി. ഒരിക്കല്‍ ഖലീഫ അബൂ ജാഫറുല്‍ മന്‍സൂര്‍ അബ്ദുല്ലയെയും മാലികുബ്‌നു അനസ്‌(റ) നെയും തന്റെ സദസ്സിലേക്ക്‌ വിളിച്ച്‌ വരുത്തി, പിതാവില്‍ നിന്ന്‌ തനിക്ക്‌ ലഭിച്ച ഏതെങ്കിലും ഒരു ഉപേശം തനിക്ക്‌ പകര്‍ന്ന്‌ നല്‍കാന്‍ അബ്ദുല്ലയോടാവശ്യപ്പെട്ടു. അതനുസരിച്ച്‌ അദ്ദേഹം പറഞ്ഞു, അന്ത്യ നാളില്‍ ഏറ്റവും കഠിനമായ ശിക്ഷ നല്‍കപ്പെടുന്നത്‌ ഭരണമേല്‍പിക്കപ്പെടുകയും അതില്‍ അനീതിയോടെ ഭരണം നടത്തുകയും ചെയ്യുന്നവനത്രെ. മാലിക്‌(റ) പറയുന്നു, ഇത്‌ കേട്ടപ്പോള്‍ അവന്റെ രക്തം എന്റെ വസ്‌ത്രത്തില്‍ പുരളാതിരിക്കാന്‍ എന്റെ വസ്‌ത്രം ഞാന്‍ ചേര്‍ത്തു പിടിച്ചു. ഖലീഫ അല്‍പനേരത്തെ മൗനത്തിന്‌ ശേഷം സലാം പറഞ്ഞ്‌ അകത്തേക്ക്‌ കയറിപ്പോയി.

ഒരുപാട്‌ കാലം ഈ സമുദായത്തിന് നേതൃത്വം നല്‍കാന്‍ തൗഫീഖ്‌ നല്‍കപ്പെട്ടവരില്‍ ത്വാഊസുബ്‌നു കൈസാന്‍(റ) ന്റെ നാമവും ചേര്‍ക്കപ്പെട്ടു. ഒരു നൂറ്റാണ്ട്‌ കാലം ജീവിതം നയിച്ചെങ്കിലും പ്രായാധിക്യമോ വാര്‍ധക്യമോ അദ്ദേഹത്തിന്റെ ബുദ്ധിയെയോ ചിന്തയെയോ അലട്ടിയില്ല. അബ്ദുല്ലാഹിശ്ശാമി എന്നവര്‍ പറയുന്നു, ഞാന്‍ ത്വാഊസില്‍ നിന്ന്‌ വിദ്യ നുകരാനായി അദ്ദേഹത്തിന്റെ വസതിയില്‍ പോയി. എനിക്ക്‌ അദ്ദേഹത്തെ കണ്ട മുന്‍പരിചയമൊന്നുമില്ലായിരുന്നു. പലരില്‍ നിന്നും കേട്ടറിവ്‌ മാത്രമാണ്‌ അദ്ദേഹത്തെക്കുറിച്ച്‌ എന്റെ പക്കലുള്ളത്‌. വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ കതക്‌ തുറന്ന്‌ പുറത്ത്‌ വന്നത്‌ വൃദ്ധനായ ഒരാളാണ്‌. സലാം പറഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തോട്‌ താങ്കളാണോ ത്വാഊസ്‌ എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അല്ല, ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്‌. ഈ മറുപടിയില്‍ ഞാനമ്പരപ്പ്‌ പ്രകടമാക്കിക്കൊണ്ട്‌ ചോദിച്ചു, താങ്കള്‍ അദ്ദേഹത്തിന്റെ മകനോ, എങ്കില്‍ അദ്ദേഹം പടുവൃദ്ധനായി, ബുദ്ധിക്കും ഓര്‍മ ശക്തിക്കും കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടാവുമല്ലേ. ഞാന്‍ വളരെ വിദൂരത്ത്‌ നിന്ന്‌ അദ്ദേഹത്തെ നേരില്‍ കണ്ട്‌ വിദ്യ അഭ്യസിക്കാന്‍ വന്നതാണ്‌. ഉടനെ അയാള്‍ മറുപടി പറഞ്ഞു, അല്ലാഹുവിന്റെ കിതാബിന്റെ വാഹകരുടെ ബുദ്ധിക്ക്‌ തകരാര്‍ സംഭവിക്കില്ല. 

ശേഷം അയാള്‍ എന്നെ ത്വാഊസ്‌(റ) ന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി. സലാം പറഞ്ഞ ശേഷം ഞാന്‍ എന്റെ ആഗമനോദ്ദേശ്യമറിയിച്ചു. വേദഗ്രന്ഥങ്ങളായ തൗറാത്ത്‌, സബൂര്‍, ഇഞ്ചീല്‍, ഖുര്‍ആന്‍ എന്നിവയില്‍ പറയുന്ന കാര്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഞാന്‍ നിനക്ക്‌ പറഞ്ഞ്‌ തരട്ടയോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ ഞാന്‍, അതെ എന്ന് ഉത്തരം പറഞ്ഞു. അദ്ദേഹം പറഞ്ഞ്‌ തുടങ്ങി, അല്ലാഹുവിനെ നീ ഭയപ്പെടുക, അവന്റെ സൃഷ്ടികളില്‍ നിന്ന്‌ ഒന്നിനേയും ഭയക്കാത്തത്രയും അവനെ നീ ഭയപ്പെടുക. എത്രത്തോളമാണോ നീ റബ്ബിനെ ഭയക്കുന്നത്‌ അതിനേക്കാള്‍ അവനില്‍ പ്രതീക്ഷയര്‍പിക്കുക. നിനക്ക്‌ സ്വന്തമായി ലഭിക്കാന്‍ നീ ഇഷ്ടപ്പെടുന്നതെല്ലാം മറ്റുള്ളവര്‍ക്ക്‌ ലഭിക്കുന്നതും നീ ഇഷ്ടപ്പെടുക.

ഹി106 ദുല്‍ഹിജ്ജ പത്തിന്റെ രാത്രി തന്റെ നാല്‍പതാം ഹജ്ജില്‍ ത്വാഊസുബ്‌നു കൈസാന്‍(റ) മറ്റു ഹാജിമാരോട്‌ കൂടെ അറഫയില്‍ നിന്ന്‌ മുസ്‌ദലിഫയിലേക്ക്‌ പോയി. ആ പരിശുദ്ധ ഭൂമിയില്‍ മഗ്‍രിബും ഇശാഉം നിസ്‌കരിച്ച്‌ വിശ്രമിക്കാനായി കിടന്നു. അതായിരുന്നു മഹാന്റെ അവസാന കിടത്തം. അവിടെ വെച്ച് റബ്ബിന്റെ വിളിക്കുത്തരം നല്‍കി മഹാനവര്‍കള്‍ ഇഹലോക വാസം വെടിഞ്ഞു. തന്റെ കുട്ടുകുടുംബങ്ങളില്‍ നിന്നും വളരെ വിദൂരത്ത്‌ റബ്ബിനോടടുത്ത്‌ അവനെ ആരാധിക്കുന്ന വേളയില്‍ ഉമ്മ പെറ്റ കുഞ്ഞിനെപ്പോലെ സകല തെറ്റുകളില്‍ നിന്നും മുക്തനായി റബ്ബിന്റെ സവിധത്തിലേക്ക്‌ യാത്രയായി. 

പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോഴേക്കും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ജനാസ മറവ്‌ ചെയ്യാന്‍ സമയമായപ്പോള്‍ തിരക്ക്‌ കാരണം എടുക്കാന്‍ കഴിയാതെ വന്നത്‌ നിമിത്തം മക്കയിലെ അമീര്‍ കാവല്‍ ഭടന്മാരെ അയച്ച്‌ ആളുകളെ അകറ്റി നിര്‍ത്തി അമീറുല്‍ മുഅ്‌മിനീന്‍ ഹിശാമുബ്‌നു അബ്ദുല്‍ മലിക്‌ ഉള്‍പെടുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജനാസ നമസ്‌കാരം നിര്‍വഹിച്ച്‌ അദ്ദേഹത്തെ ഖബറടക്കി. അല്ലാഹു മഹാനവര്‍കളുടെ കൂടെ അവന്റെ സ്വര്‍ഗ പൂന്തോപ്പില്‍ ഒരുമിച്ച്‌ കൂട്ടി അനുഗ്രഹിക്കട്ടെ ആമീന്‍.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter