സയന്‍സോ തിയറികളോ അല്ല ജീവിതം അത് അല്ലാഹുവിന്‍റെ പ്രീതിയാണ്
ഡോ. മുന്‍കിര്‍ സാഹിബ് /ഉനൈസ്.പികെ
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി കേരളേതര സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകളും മദ്രസകളും നിര്‍മിച്ച് വിദ്യഭ്യാസ നവജാഗരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ 2010 കാലം. ആദ്യ കാമ്പസ് ആന്ധ്രപ്രദേശില്‍ യഥാര്‍ഥ്യമായി. രണ്ടാമത്തെ കാമ്പസ് ഏറെ മുസ്ലിം പൈതൃകങ്ങള്‍ ഉള്‍മറഞ്ഞിരിക്കുന്ന വെസ്റ്റ് ബംഗാല്‍ ആരംഭിക്കുന്നതിന് ദാറുല്‍ ഹുദായൊടൊപ്പം നിന്ന് വഴികാണിച്ച സ്വാത്വികനായി സയന്റിസ്റ്റ്, ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ് തന്റെ ജീവിതവും സ്വപ്നങ്ങളും പങ്ക് വെക്കുന്നു..
താങ്കളുടെ കുട്ടിക്കാലത്തെ കുറിച്ച് എങ്ങനെ ഓര്‍ക്കുന്നു. കുടുംബം, അന്നത്തെ ഭീംപൂര്‍ ഗ്രാമം?
എന്റെ ഗ്രമം ഭീംപൂരല്ല. കോട്കായല്‍ ആണ് എന്റെ ശരിക്കുള്ള ഗ്രാമം. കൂലിപ്പണിക്കാരനായിരുന്നു ഉപ്പ. പല ഗ്രാമങ്ങളിലും ഉപ്പ പണിയെടുക്കാന്‍ പോകുമായിരുന്നു. ഭീംപൂരിലും വരുമായിരുന്നു. അങ്ങനെയാണ് എന്റെ ഉമ്മയുടെ ഉപ്പ എന്റെ ഉപ്പയെ കണ്ട് ഇഷ്ടപ്പെട്ട് തന്റെ ഏക മകളെ ഉപ്പാക്ക് കെട്ടിച്ച് കൊടുക്കുന്നത്. ഉപ്പയുടെ സാമ്പത്തിക സ്ഥിതി ഉമ്മയുടെ കുടുംബത്തെ അപേക്ഷിച്ച് മോശമായിരുന്നു. രണ്ട് ഭീക(66 സെന്റ്) ഭൂമിയാണ് ഉമ്മാക്ക് ഉണ്ടായിരുന്നത്. വല്ലിമ്മയുടെ ഏക മകളായിരുന്നു ഉമ്മ, അത് കൊണ്ട് തന്നെ ചെറുപ്പത്തിലെ ഞാന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം ഭീപൂരില്‍ ഉമ്മയുടെ വീട്ടിലാണ് .
കല്യാണം കഴിഞ്ഞ് 8 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. ഉമ്മയും ഉപ്പയും പല ഹോസ്പിറ്റലുകളിലും പോയി ചികിത്സ ചെയ്തിരുന്നു. ബീഹാരിലെ ഹിരണ്‍പൂരിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടര്‍ ഓപറേഷന്‍ നിര്‍ദേശിച്ചതാണ്. പക്ഷെ, വല്ലിമ്മക്ക് സമ്മതമായിരുന്നില്ല, പേടിയായിരുന്നു. അന്നത്തെ കാലത്തൊന്നും പ്രസവത്തിന് ഓപറേഷന്‍ എന്നത് ഗ്രാമങ്ങളില്‍ സങ്കല്‍പത്തിലേ ഇല്ല. ത്വലാഖ് ചൊല്ലിയാലും ഓപറേഷന് സമ്മതിക്കില്ല എന്നതായിരുന്നു വല്ലിമ്മയുടെ തീരുമാനം. പക്ഷെ, ഉപ്പ വലിയ ക്ഷമയുള്ള ആളായിരുന്നു. പല പീര്‍ സാഹിബുമാരെയും കണ്ടു, പലവിധ ദിക്റുകളും ദറൂദുകളും ചൊല്ലിക്കൊണ്ടിരുന്നു. ഒടുവില്‍ 8 വര്‍ഷം കഴിഞ്ഞ് ഞാന്‍ ജനിച്ചു. പിന്നെ എന്റെ അനിയനും.
കുട്ടിക്കാലത്ത് ഞങ്ങള്‍ കുട്ടികളുടെ പ്രധാന വേല മുളങ്കാടുകള്‍ കുഴിച്ചിടലും കാലികളെ നോക്കലായിരുന്നു. എന്റെ വീട്ടില്‍ രണ്ട് പോത്തുകള്‍ ഉണ്ടായിരുന്നു, അടുത്ത വീട്ടുകാരുടെതുമെല്ലാം കൂട്ടി ഞങ്ങള്‍ പാടത്ത് ഇറങ്ങും, അന്നൊന്നും ട്രാക്ടര്‍ ഇല്ല. കാളകളെ വെച്ചാണ് വയലുകല്‍ മെതിച്ചിരുന്നത്. ചൂടുകാലത്ത് ഞങ്ങള്‍ പോത്തുകളെ പാടങ്ങളില്‍ മേയാന്‍ വിടും. പിന്നെ അവയുടെ കാഷ്ഠം എടുത്ത് മണ്‍വീടുകളുടെ ചുവിരില്‍ ഒട്ടിച്ച് വെക്കും, കുറേ കാലത്തേക്ക് അതാണ് ഞങ്ങള്‍ക്ക് പാചകം ചെയ്യാനുള്ള ഇന്ധനം. ഇന്നും ഭീംപൂരിലെ പല വീടുകളിലും നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുന്നത് കാണാനാകും.
താങ്കളുടെ പ്രാഥമിക വിദ്യഭ്യാസം എവിടെയായിരുന്നു, അക്കാലത്തെ സ്‌കൂള്‍, മദ്രസ പഠനം സജീവമായിരുന്നോ?
ബംഗാളിന്റെ ഹോം മിനിസ്റ്ററായ ഭീംപൂരുകാരന്‍ ഡോ. മുതഹര്‍ ഹുസൈന്‍ സാഹിബിന്റെ പൈമറി സ്‌കൂളിലാണ് ഞാന്‍ അഞ്ചാം ക്ലാസ് (ജൂനിയര്‍ ബേസിക്) വരെ പഠിച്ചത്. 1960 കളിലാണത്, അക്കാലത്ത് പ്രൈമറി രണ്ട് തരത്തിലുണ്ടായിരുന്നു, 1 മുതല്‍ 4 നാല് വരെയുള്ള ജൂനിയര്‍ പ്രൈമറിയും, 1 മുതല്‍ അഞ്ച് വരെയുള്ള മറ്റൊരു പ്രൈമറി സ്‌കൂളുകളും. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രൈമറി സ്‌കൂളിലെ ഞങ്ങളുടെ അഞ്ച് ടീച്ചര്‍മാരും മുസ്ലിംകളായിരുന്നു. ഗുരുദേവിന്റെയൊക്കെ ആശ്രമങ്ങളില്‍ കാണുന്ന ഋഷി സംവിധാനമായിരുന്നു അന്ന് കാലത്ത് ഞങ്ങളുടെ പ്രൈമറി സ്‌കൂളിലുണ്ടായിരുന്നത്. ഞങ്ങളെല്ലാവരും രാവിലെ ഒരു പാത്രത്തില്‍ ഭക്ഷണം കൊണ്ട് വരും, സ്‌കൂളില്‍ നിന്ന് കഴിക്കും, എന്നിട്ട് മാഷുമാരുടെ കൂടെ സ്‌കൂളില്‍ തന്നെ ഉറങ്ങും. ആ അഞ്ച് വര്‍ഷത്തെ സ്‌കൂള്‍ പഠനവും ആ അധ്യാപകരും എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാലാം ക്ലാസ് കഴിഞ്ഞാല്‍ ഭിത്തി പൊരിക (award exam, 1964) എന്നൊരു പരീക്ഷയുണ്ടാകും, അതില്‍ പാസ് ആകുന്നവര്‍ക്ക് അവാര്‍ഡും മറ്റും ലഭിക്കും. ഈ പരീക്ഷക്ക് ശേഷം അഞ്ചാം ക്ലാസിലേക്ക് അഡ്മിഷനാകും. നിസ്‌കാരവും ഖുര്‍ആന്‍ ഓത്തും മറ്റും ഈ ഇടവേളിയല്‍ പ്രൈമറിയിലെ അധ്യാപകര്‍ അന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുഹമ്മദ് അന്‍സാര്‍ അലി, നൂറുജമാല്‍ സാഹിബ്, കൗസര്‍ സാര്‍, നൗഷാദ് സാര്‍, തുടങ്ങിയവര്‍ അക്കാലത്ത് എന്റെ അധ്യാരകരയായിരുന്നു.
1965 ല്‍ അഞ്ചാം ക്ലാസ് പാസായ ശേഷം എട്ട് വരെ നയാഗ്രാം യഅ്ഖൂബ് ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന് ശേഷം മെട്രിക്കിനായി പൈകര്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. അന്ന് മെട്രിക്കും രണ്ട് തരത്തില്‍ ഉണ്ടായിരുന്നു. ചില സ്‌കൂളുകളില്‍ കുട്ടികള്‍ പതിനൊന്ന് വരെ പഠിച്ച് ഡയറക്ട് ഡിഗ്രിക്ക് ജോയന്‍ ചെയ്യും, ചിലതില്‍ പത്ത് വരെ പഠിച്ച് പിന്നെ ഡിഗ്രിക്ക് മുമ്പേ ഒരു വര്‍ഷം ഇന്റര്‍ മീഡിയേറ്റ് ചെയ്യും. ഇന്നത്തെ മധ്യമിക്, ഉച്ച മധ്യമിക് (10 +2) സ്ട്രീം അന്ന് ഉണ്ടായിരുന്നില്ല. പൈകര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ പട്ടിണിയായിരുന്നു നാട്ടിലാകെ, ചുരുക്കം കുട്ടികളാണ് സ്‌കൂളുകളില്‍ പോയിരുന്നത്. സ്‌കൂളിലേക്ക് പോകുമ്പോള്‍ 20 രൂപയും 2 കിലോ അരിയും ഉപ്പ തന്നയക്കുമായിരുന്നു.
ഹൈസ്‌കൂള്‍ തലം വരെ പഠിച്ച് പിന്നീട് ജോലി ആവശ്യാര്‍ഥം പലയിടങ്ങളിലേക്കും ചേക്കേറലാണ് ഇന്നും ഗ്രാമങ്ങളിലെ പതിവ്, എങ്ങനെയായിരുന്നു ഹൈസ്‌കൂളിന് ശേഷമുള്ള താങ്കളുടെ ഉന്നത വിദ്യാഭ്യാസം?
പൈകര്‍ സ്‌കൂളില്‍ മെട്രിക്ക് പഠനം കഴിഞ്ഞ് 1972 ല്‍ ഞാന്‍ സൂരിയിലെ ഹിതംപൂര്‍ കൃഷ്ണ ചന്ദ്ര (kc college) കോളേജില്‍ ഡിഗ്രി ഹോണേഴ്സിനായി ചേര്‍ന്നു. മാത്സ്, ഫിസിക്സ് കോംപിനേഷ്ന്‍ ആയിരുന്നു എന്റെ പഠനം. ഡിഗ്രി കഴിഞ്ഞ് ബര്‍ധമാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ചെയ്തു. 1980 ഓടെ ഞാന്‍ പി എ ച്ച് ഡിക്ക് ജോയന്‍ ചെയ്തു. തുടര്‍ന്ന് സെന്റര്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്റ്റ്രിയല്‍ റിസേര്ച്ചിന്റെ (CSIR) ഫെലോഷിപ്പോടെ പി ഡി എഫും ചെയ്തു. പന്ത്രണ്ടര വര്‍ഷത്തോളം ബര്‍ധമാനായിരുന്നു എന്റെ സെക്കന്റ് ഹോം. 1989 ല്‍ ഞാന്‍ പിഡിഫിന്റെ അവസാന ഘട്ടത്തിലായിരുന്നു. CSIR ന്റെ തന്നെ ഫെലോഷിപ്പില്‍ 2 വര്‍ഷം ബോംബെ ഐ ഐ ടിയില്‍ പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എന്റെ അക്കാദമിക് കരിയര്‍ ഡവലപ് ചെയ്യുന്നതിനായി കഠിനമായി പരിശ്രമിച്ച നാളുകളായിരുന്നു അത്. 38 ഗവേഷണ പ്രബന്ധങ്ങള്‍ അമേരിക്കയിലെയും ലണ്ടനിലെയുമടക്കം ഇന്റര്‍നാഷനല്‍, നാഷനല്‍ ജേര്‍ണലുകളിലായി എന്റേതായി അച്ചടിച്ചു വന്നു. ഐ ഐ ടിയിലായിരിക്കുമ്പഴേ ഞാന്‍ തായ്വാനിലേക്ക് പോവാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു, ഒടുവില്‍ ഷിങ്ങ് ഹുവാ യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച്ച് ഫെല്ലോയായി ചേരാന്‍ എനിക്ക് അവസരം കിട്ടി. പക്ഷെ തായ്വാനില്‍ വെറും 4 മാസം നില്‍ക്കാനെ എനിക്ക് കഴിഞ്ഞുളളൂ.
1996 നവംബറില്‍ ഞാന്‍ ഭീംപൂരിലേക്ക തന്നെ തിരിച്ചു വന്നു. ഐ ഐ ടിയിലായിരിക്കെ ഞാന്‍ ജപ്പാനിലെ JSPS (Japan Science for Promotion of Society) ഫെല്ലോഷിപ്പിന് വേണ്ടിയും അപേക്ഷിച്ചിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് ലഭിച്ചു, അങ്ങനെയാണ് ഞാന്‍ തായ് വാന്‍ വിട്ട് ജപ്പാനിലേക്ക് പോകുന്നത്. ജപ്പാനിലെ ഒസീദ (WSEDA, XINJIKUKU, TOKYO) യൂണിവേഴ്‌സിറ്റിയിലായിരുന്നു എന്റെ ഗവേഷണം. 28 മാസം ഞാന്‍ അവിടെ താമസിച്ചു പഠിച്ചു. മികച്ച അക്കാദമിക് അന്തരീക്ഷമായിരുന്നു അവിടന്ന് ലഭിച്ചത്. ലോകത്ത് ഫിസിക്‌സില്‍ ഉള്ള ചുരുക്കം പ്രസ്റ്റിജിയസ് ഫെല്ലോഷിപ്പുകളില്‍ ഒന്നാണ് ജെ എസ് പി എസ്. ജപ്പാനിലെ ഗവേഷണ ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കി 1999 ല്‍ ഞാന്‍ മടങ്ങിയെത്തി. തായ് വാനില്‍ മറ്റൊരു യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിച്ച സമയമായിരുന്നു അത്. സൗഭാഗ്യമെന്ന് പറയട്ടെ, ആ ഓഫറും എന്നെ തേടി വന്നു. തായ്‌വാന്‍ ഗവണ്‍മെന്റിന്റെ ഫെല്ലോഷിപ്പായിരുന്നു അത്. രണ്ടാമതായി തായ്‌വാനില്‍ പോയപ്പോള്‍ അക്കാദമിയ സിനിക്ക എന്ന സ്ഥാപനത്തിലായിരുന്നു ഞാന്‍ ചേര്‍ന്നത്. 1999 മുതല്‍ 2016 വരെ 17 വര്‍ഷം അവിടെ ഗവേഷണത്തിലും പഠനത്തിലുമായി അവിടെ ചിലവഴിക്കാന്‍ സാധിച്ചു.
ഏകദേശം 17 വര്‍ഷത്തോളം താങ്കള്‍ തായ് വാനിലാണ് ചിലവഴിച്ചത്, എന്തായിരുന്നു ഫിസിക്‌സ്, കെമിസ്ട്രിയില്‍ താങ്കളുടെ റിസര്‍ച്ച് ഏരിയ?
ഓക്‌സിഡേഷന്‍ ഓഫ് ആല്‍ക്കഹോല്‍ ആന്‍ഡ് അമൈന്‍ (Oxidation of Alchahol and Amine) എന്ന് ഒറ്റ വാക്കില്‍ പറയാം. ആല്‍ക്കഹോളില്‍ നിന്നും സുഗന്ധത്തിന്റെ ഇന്‍ഗ്രീയിഡന്‍സും അമൈനില്‍ നിന്നും മെഡിസിന്റെ ഇന്‍ഗ്രീഡിയന്റ്‌സ് വേര്‍തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ഗവേഷണ മേഖല. പ്രധാനമായും മീഡിയേഷന്‍സ് ഒഴിവാക്കി നേരിട്ടുള്ള പ്രവര്‍ത്തനം സാധ്യാമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി കോപ്പര്‍ ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്, ഉദാഹരണത്തിന് ഒരു ബംഗാളി ചെറുക്കന്റെയും പെണ്ണിന്റെയും കല്യാണം നടക്കുകയാണെന്ന് കരുതുക. അതിനടക്ക് ദല്ലാളുാമാര്‍ ഉണ്ടാകും. അത് ഒരുപാട് സമയവും പണവും നഷ്ടം വരുത്തുകയും ചെയ്യും, എന്നാല്‍ നേരിട്ട് ചെക്കനും പെണ്ണും, അല്ലെങ്കില്‍ അവരുടെ വീട്ടുകാര്‍ കണ്ടുമുട്ടി കല്യാണം നടക്കുന്നത് കൂടുതല്‍ ലാഭകരവും സുതാര്യവുമാകും. ഇത്തരത്തില്‍ അമോണിയത്തില്‍ നിന്ന് കോപ്പര്‍ എന്ന മീഡിയം ഉപയോഗിച്ച് മെഡിസിന്റെ ഇന്‍ഗ്രീഡിയന്‍സ് വേര്‍തിരിച്ചെടുക്കുകയാണ് ഞങ്ങള്‍ ലാബില്‍ ചെയ്ത് കൊണ്ടിരുന്നത്. A യില്‍ നിന്നും B,C എന്നീ മീഡീയേറ്റര്‍സിനെ ഉപേക്ഷിച്ച് നേരിട്ട് D യില്‍ എത്തിക്കുന്ന പ്രക്രിയ, അതാണ് ഓക്‌സിഡേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഗവേഷണ കാലത്തിനിടക്ക് 63 പേപ്പറുകള്‍ വിവിധ ജേര്‍ണലുകളിലായി ഞാന്‍ പബ്ലിഷ് ചെയ്തു.
ദാറുല്‍ ഹുദായുമായി താങ്കളുടെ ബന്ധം തുടങ്ങുത് എങ്ങനെയാണ്, ഭീംപൂര്‍ പോലൊരു കുഗ്രാമത്തില്‍ സ്ഥാപനം തുടങ്ങാനുണ്ടായ കാരണങ്ങള്‍?
ദാറുല്‍ ഹുദായുമായി തായ് വാനിലായിരിക്കുമ്പോഴേ എനിക്ക് ബന്ധമുണ്ട്, ദാറുല്‍ ഹുദാ ആദ്യമായി ഇവിടെ മക്തബുകള്‍ ആരംഭിച്ച് പ്രവര്‍ത്തനമാരംഭിച്ച സമയത്തു തന്നെ നാട്ടുകാരനെന്ന നിലയില്‍ ദാറുല്‍ ഹുദയുടെ ശക്തി എനിക്ക് മനസിലായിരുന്നു. മക്തബുകള്‍ക്ക് ശേഷം ദാരുല്‍ ഹുദാ ഓഫ് കാമ്പസ് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആ അവസരത്തിലാണ് ഞങ്ങളുടെ അസകീന ട്രസ്റ്റിന് കീഴിലുള്ള പന്ത്രണ്ട് ഏക്കറോളം ഭൂമി ദാറുല്‍ ഹുദാക്ക് വേണ്ടി വിട്ടു നല്‍കുന്നത്. തായ് വാനിലായിരിക്കുമ്പഴേ ട്രസ്റ്റിന് കീഴില്‍ നാട്ടില്‍ ഒരു വിദ്യഭ്യാസ സ്ഥാപനം തുടങ്ങുന്ന ആലോചന ഞങ്ങള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്ഥാപനമായിരുന്നു ലക്ഷ്യം. അതിനായി 2006 ല്‍ തന്നെ ഇന്ന് ദാറുല്‍ ഹുദ നില്‍ക്കുന്നതടക്കമുള്ള സ്ഥലങ്ങള്‍ ട്രസ്റ്റിന് കീഴില്‍ റെജിസ്ട്രി ചെയ്ത് വെച്ചിരുന്നു. ദാറുല്‍ ഹുദാക്ക് സ്ഥാപനം തുടങ്ങാന്‍ മൂന്ന് നിബന്ധനകളാണ് ഉണ്ടായിരുന്നത്. കൃഷിയാവശ്യത്തിനായുള്ള ഭൂമി റെസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായി മാറ്റി നല്‍കുക (conversion), ട്രസ്റ്റിന്റെ ഭൂമി ദാറുല്‍ ഹുദായുടെ പേരിലേക്ക് ഓണര്‍ഷിപ്പ് മാറ്റി മ്യൂട്ടേഷന്‍ ചെയ്യുക, പിന്നെ അസകീന ട്രസ്റ്റ് ദാറുല്‍ ഹുദാക്ക് ഈ ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നുവെന്നതിന്റെ ഗവണ്‍മെന്റ് ഓഡറും ഉണ്ടാക്കുക. കോടതി വ്യവഹാരങ്ങള്‍ പ്രകാരം ഇത്തരത്തില്‍ ഒരു ഓഡര്‍ സമ്പാദിക്കുക ശ്രമകരമായ കാര്യമായിരുന്നു, അത് കൊണ്ട് തന്നെ മറ്റു രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയായിട്ടും സ്ഥാപനം തുടങ്ങുന്നതില്‍ പിന്നെയും വൈകി. കേരളത്തിലെ കോഴിക്കോട് വന്ന് ഒരു വക്കീലുമായും ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഗവണ്‍മെന്റ് ഓഡര്‍ ഉണ്ടായിരിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹവും സംസാരിച്ചത്. പക്ഷെ അത് നേടിയെടുക്കുക ദുഷ്‌കരമായ കാര്യമായിരുന്നു. ഒടുവില്‍ അസകീന ട്രസ്റ്റിന്റെ ബൈലോയില്‍ ഉണ്ടായിരുന്ന ഒരേ താത്പര്യക്കാരായ മറ്റൊരു സംഘത്തിന് ലാന്‍ഡ് കൈമാറ്റം ചെയ്യാം എന്ന വകുപ്പില്‍ ദാറുല്‍ ഹുദാ സമ്മതം മൂളുകയും അപ്രകാരം ഭൂമി കൈമാറ്റം ചെയ്ത് നല്‍കുകയും ചെയ്തു. ദാറുല്‍ ഹുദ ആവശ്യപ്പെട്ട പ്രകാരം ട്രസ്റ്റില്‍ എന്റെ കൂടെയുണ്ടായിരുന്ന ബാക്കി 8 പേരും ഒപ്പുവെച്ച രേഖയും സംഘടിപ്പിച്ചു. ഇങ്ങനെയാണ് 2011ല്‍ സ്ഥാപനം ഭീംപൂരില്‍ വരുന്നത്. അല്‍ഹംദുലില്ലാ ഇന്ന് പുതിയ ബില്‍ഡിംഗ് വന്നു, കൂടുതല്‍ സൗകര്യങ്ങളായി, ഇത് കേന്ദ്രീകരിച്ച് ഹാദിയക്ക് കീഴില്‍ നൂറിലധികം മക്തബുകളുടെ ശൃഖയയുണ്ടായി, ഭീംപൂരില്‍ തന്നെ കഴിഞ്ഞ മാസം ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്ത മക്തബില്‍ മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നു. ഇവയൊക്കെ വലിയ സന്തോഷം നല്‍കുന്നു.
താങ്കള്‍ വിവാഹം കഴിച്ചിട്ടില്ല , എന്തായിരുന്നു അത് വേണ്ടെന്ന് വെക്കാന്‍ കാരണം, മാസം മുഴുവനും നോമ്പ് അനുഷ്ടിക്കുന്ന ശീലവും താങ്കള്‍ക്കുണ്ടായിരുന്നല്ലോ..?
വിവാഹം കഴിക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നു, എനിക്ക് രണ്ട് പേഴ്‌സണല്‍ ഇഷ്ടങ്ങളും ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ മുതഹര്‍ സാഹിബിന്റെ മകളുമായി ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാനുള്ള സാമ്പത്തിക ശേഷിയോ വിദ്യാഭ്യാസ യോഗ്യതയോ എനിക്കുണ്ടായിരുന്നില്ല. അവരിപ്പോള്‍ വിവാഹം കഴിഞ്ഞ് കുട്ടികളുമായി സുഖമായി ജീവിക്കുന്നു. ഞാന്‍ ബര്‍ധമാനില്‍ പഠിക്കുന്ന കാലത്താണ് രണ്ടാമത്തെ ഇഷ്ടം ഉണ്ടാകുന്നത്. അത് അല്‍പം തീവ്രമയിരുന്നു. സത്യത്തില്‍ അവര്‍ എന്നെ പിരിഞ്ഞ് പോയെങ്കിലും എന്തോ എന്റെ ഉള്ളില്‍ ഉപേക്ഷിച്ചിട്ട് പോലെയാണ് എനിക്ക് തോന്നിയിരുന്നത്. ഞാന്‍ മാനസികമായി ഏറെ വിഷമിച്ച ദിവസങ്ങളായിരുന്നു അത്. പിന്നീടൊരിക്കലും വിവാഹത്തെക്കുറിച്ച് ഞാന്‍ ആലോചിട്ടില്ല. അവരുടെ വിവാഹവും കഴിഞ്ഞു സുഖമായി ജീവിക്കുന്നു. ദീനുള്ള ഒരു സ്ത്രീയായിരുന്നു എന്റെ സ്വപ്നം, അത്തരത്തില്‍ എനിക്കേറ്റവും അനുയോജ്യയായ സ്ത്രീയുമായിരുന്നു അവര്‍. പക്ഷെ ല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു, അതിന് ശേഷം ഞാന്‍ മറ്റൊരു വിവഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കാരണം, രണ്ടാമത്തെ ഈ ബന്ധം വിവാഹത്തില്‍ കലാശിക്കാഞ്ഞത് എന്നില്‍ വലിയ ആഘാതം സൃഷ്ടിച്ചുരുന്നു. പിന്നീട് ഒറ്റതടിയായി ജീവിച്ചാല്‍ പ്രശ്നമൊന്നുമില്ലെന്ന് വെച്ചു. (ചിരിക്കുന്നു)
പിന്നെ നോമ്പിന്റെ കാര്യം, വിവാഹം കഴിക്കാത്തവര്‍ക്ക് ഏറ്റവും നല്ലത് നോമ്പെടുക്കലാണെന്ന് പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.. പിന്നെ ഇപ്പോ ഒരു മാസമൊന്നുമില്ല, റമദാനിലും ആഴ്ചയിലെല്ലാ സുന്നത്തായ ദിവസങ്ങളിലും നോമ്പെടുക്കാന്‍ ശ്രമിക്കും.
സയന്‍സാണ് താങ്കളുടെ ഏറ്റവും താത്പര്യമുള്ള മേഖല, പോസ്റ്റ് ഡോക്റേറ്റ് ഒക്കെ ചെയ്ത താങ്കളെ പോലൊരാള്‍ക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങള്‍, ജോലി ഒക്കെ ആകാമായിരുന്നു, പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ ശ്രമങ്ങള്‍ നടത്താനാവുന്നത്?
നമ്മുടെ ജീവിതം സയന്‍സോ കെമിസ്ട്രിയോ അതിലെ തിയറികളോ ഒന്നുമല്ല, അത് അല്ലാഹുവിന്റെ പ്രീതി മാത്രമാണ്. പിന്നെ സയന്‍സിനെയും മതത്തെയും കുറിച്ച് പറയുമ്പോള്‍ പൊതുവെ മതങ്ങളെല്ലാം സയന്‍സിനോട് പുറം തിരഞ്ഞ സമീപനമാണ് നടത്താറുള്ളത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം മതങ്ങളുടെ പൂര്‍ണത നിലകൊള്ളുന്നത് സയന്‍സിലാണ്, സയന്‍സിലെ റിസേര്‍ച്ചുകളിളാണ് പലപ്പോഴും അല്ലാഹുവിന്റെ പല ഖുദ്‌റത്തുകളും എനിക്ക് കാണാനായിട്ടുള്ളത്. ഞാന്‍ ഒരു ഉദാഹരണം പറയാം, ഈ പ്രകൃതിയില്‍ ഇമ്മീഡയറ്റായ ഓഡര്‍ നല്‍കുന്ന ഒരാളില്ലായിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ.., ഓക്‌സിജന്‍ പെട്ടന്ന് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആയിമാറുന്നു, ഇത്തിരി പോന്ന പൊടികളില്‍ നിന്ന് വലിയ മാങ്ങകള്‍ ഉണ്ടാകുന്നു, അവ പിന്നീട് വീണ്ടും അണ്ടിയായി മരങ്ങള്‍ മുളപ്പിക്കുന്നു, സയന്‍സ് എന്ന് പറയുന്നത് തന്നെ ഒരു 'കുന്‍ ഫയകൂന്‍' ആണ്. റേഡിയോ ആക്ടിവിറ്റിയും ഇലക്ട്രിസിറ്റിയും പരീക്ഷിച്ചറിയുന്നതിലൂടെ തന്നെ റബ്ബിന്റെ മഅ്രിഫത്ത് എന്താണെന്നും നമുക്ക് മനസിലാക്കാനാവുന്നുണ്ട്. അതാണ് ഞാന്‍ പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്ത സയന്‍സ്, അതു കൊണ്ട് എനിക്ക് എത്ര റിസര്‍ച്ചുകള്‍ കഴിഞ്ഞാലും ആ ദീനിയായ ദര്‍ശനങ്ങളില്‍ തന്നെ അടിയുറച്ച് നില്‍ക്കാനാവുന്നു, അല്‍ഹംദുലില്ലാഹ്.
ജീവിതത്തില്‍ താങ്കളെ സ്വാധീനിച്ച വ്യക്തികള്‍ ആരൊക്കെയാണ്, താങ്കളുടെ ജീവിതം ചിട്ടപ്പെടുത്തിയവര്‍?
ഡോ. മുതഹര്‍ സാഹബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം സ്‌നേഹമുള്ളൊരു പിതാവിന്റെയും ഒരു ഗൈഡിന്റെയും സ്ഥാനമായിരുന്നു അദ്ദേഹത്തിന്. പിന്നെയൊരാള്‍ ഉമ്മയാണ്. ഉമ്മ ചെറുപ്പത്തില്‍ മനസില്‍ ഇട്ടു തന്നിട്ടുള്ള ദീനിന്റെ വാസനയാണ് എത്ര ദൂരം സഞ്ചരിച്ചിട്ടും ജീവിതത്തില്‍ ഈ വഴി തന്നെ തെരെഞ്ഞെടുക്കാന്‍ എനിക്ക് പ്രേരണയായിട്ടുള്ളത്. ഒരു ഉമ്മാക്ക് ചെരുപ്രായത്തില്‍ ദീനിയായി കുട്ടിയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം അനുഭവിച്ച് മനസിലാക്കിയത് കൊണ്ടാണ് അസകീന ട്രസ്റ്റിന് കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനം പെണ്‍കുട്ടികളുടെ കോളെജ് ആവണം എന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നത്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെനിക്ക് ഏറ്റവും അടുപ്പമുള്ള രണ്ട് കാര്യങ്ങളാണുള്ളത്, ഒന്ന് ഉമ്മയും മറ്റൊന്ന് എന്റെ നോമ്പും.
താങ്കളുടെ വലിയൊരു സ്വപ്നം ദാറുല്‍ ഹുദായുമായി കൈകോര്‍ത്ത് സാധ്യമായി, എന്തൊക്കെയാണ് ഭാവി പദ്ധതികള്‍ ആലോചനയിലുള്ളത്..?
ദാറുല്‍ ഹുദക്ക് നല്‍കിയ ഭൂമി അല്‍ഹംദുലില്ലാ ഞങ്ങള്‍ ഉദ്ദേശിച്ചതിലുപരിയായി ഭംഗിയായി ഉപയോഗിക്കപ്പെട്ടു കാണുന്നതില്‍ വലിയ സന്തോഷം തോന്നുന്നു. സത്യത്തില്‍ മൈനോറിറ്റിക്ക് വേണ്ടിയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സെന്റര്‍, ലൈബ്രറി എന്നിവയാണ് അസകീന ട്രസ്റ്റിന്റെ വിഷനില്‍ ഉണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങള്‍. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒരേ വിഷനുമായി വന്ന ദാറുല്‍ ഹുദയുമായുള്ള കൈകോര്‍ക്കലില്‍ ഒന്നാമത്തെ ലക്ഷ്യം സഫലമായി. ഭൂമി വാങ്ങുകയും തുടര്‍ന്ന് സ്ഥാപനങ്ങള്‍ പണിയുന്നതിമായുള്ള സാമ്പത്തിക ശേഷി ഞങ്ങളുടെ ട്രസ്റ്റിനില്ലായിരുന്നു എന്നതാണ് സത്യം, എന്നാല്‍ ദാറുല്‍ ഹുദായും റഷീദ് സാഹിബിനെ പോലുള്ള മഹാമനസ്‌കരുടെയും സഹായത്താല്‍ നമ്മുടെ സ്ഥാപനം ഇവിടെ യാഥാര്‍ഥ്യമായി. ഇന്‍ഷാ അല്ലാഹ് വരും കാലങ്ങളില്‍ മറ്റുള്ള സ്വപ്നങ്ങളും ലക്ഷ്യം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.
Leave A Comment