ഫെമിനിസ്റ്റുകളിലൂടെ സ്ത്രീ സ്വാതന്ത്ര്യം കൈവരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ
ഫെമിനിസ്റ്റുകളിലൂടെ സ്ത്രീ സ്വാതന്ത്ര്യം കൈവരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ
ബ്രിട്ടീഷ് ഗവേഷകയും കുര്‍ദിഷ് പാകിസ്താന്‍ പാരമ്പര്യമുള്ള പ്രഭാഷകയുമാണ് സറാ ഫാരിസ്. ഫെമിനിസ്റ്റ് തിയോളജിയെ കുറിച്ചുള്ള അവരുടെ വിയോജിപ്പുകള്‍ പ്രസിദ്ധമാണ്. ലിംഗ ഭേദത്തേയും ഇസ്‌ലാമിനെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ വളരെയധികം ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ഖന്‍തറ.കോം പ്രതിതിനിധി ക്ലോഡിയ മെന്‍ഡെ, അവരുമായി നടത്തിയ അഭിമുഖം.
മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു 'ഫെമിനിസ്റ്റ് തിയോളജി'യെ (സ്ത്രീപക്ഷ ദൈവശാസ്ത്രം) കുറിച്ച് എന്താണ് അഭിപ്രായം?
സറാ ഫാരിസ്: തിയോളജിയുടെയും ഫെമിനിസത്തിന്റെയും നിര്‍വചനമാണ് ഈ വിഷയത്തിലെ എന്റെ നിലപാടിന്റെ അടിസ്ഥാനം. തിയോളജിയെന്നാല്‍ ദൈവത്തെ കുറിച്ചുള്ള പഠനമാണ്, ഫെമിനിസത്തില്‍ ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രസക്തമല്ല. അത് കൊണ്ട് തന്നെ, ഫെമിനിസ്റ്റ് തിയോളജി എന്ന സംജ്ഞ തന്നെ ശരിയല്ല. മാത്രവുമല്ല, പലപ്പോഴും ദൈവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് ചില മുന്‍ധാരണകളെ കൂട്ടു പിടിക്കുകയാണ് നിലവിലെ ഫെമിനിസ്റ്റ് തിയോളജികള്‍ ചെയ്യുന്നത്.
അസ്മാ ബര്‍ലാസ്, ആമിന വദൂദ് തുടങ്ങിയ സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞര്‍ ഖുര്‍ആനിന്റെ ആധുനിക പഠനങ്ങള്‍ക്ക് ധാരാളം സംഭാവനകള്‍ ചെയ്തിട്ടുണ്ടല്ലോ, അവയെയെല്ലാം നിഷേധിക്കുകയാണോ താങ്കള്‍ ചെയ്യുന്നത്?
സറാ ഫാരിസ്: ഫെമിനിസ്റ്റ് ദൈവശാസ്ത്രത്തെയും അവരുടെ വീക്ഷണങ്ങളെയും ആഴത്തില്‍ പഠിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടത് ഇത്തരം പഠനങ്ങള്‍ ദൈവശാസ്ത്രത്തിന്റെ ലക്ഷ്യം സാധൂകരിക്കാന്‍ പര്യാപ്തമല്ല എന്നതാണ്. പരസ്പര സംവാദങ്ങള്‍ നടക്കണം എന്നും വിമര്‍ശനങ്ങളും നിരൂപണങ്ങളും ഉണ്ടാവണം എന്നും ആണ് ഫെമിനിസ്റ്റുകള്‍ പൊതുവെ പറയാറുള്ളത്. എന്റെ നിരൂപണങ്ങളെയും അത്തരം ഒന്നായി കണ്ടാല്‍ മതി. കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളാണ് അത് തുറക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.
സ്ത്രീപക്ഷ ദൈവശാസ്ത്രം ഒരു ഏകരൂപക വാദമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
സറാ ഫാരിസ്: ഒരിക്കലും ഇല്ല. സ്ത്രീപക്ഷ ദൈവശാസ്ത്രവും ഫെമിനിസത്തെ പോലെ തന്നെ വിവിധ അടരുകള്‍ ഉള്ളതാണ്. ഇതിന് ധാരാളം അര്‍ത്ഥ തലങ്ങളും പ്രയോഗങ്ങളും ഉണ്ടെന്നതാണ് സത്യത്തില്‍ എന്റെ പ്രധാനപ്പെട്ട ഒരു വീക്ഷണം. ഇത്രയും വ്യത്യസ്തതകളില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് നമുക്ക് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണാനാവുക? അതുകൊണ്ട്, നാം എങ്ങനെ ജീവിക്കണം, നമ്മുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം, നമ്മുടെ അവകാശങ്ങളും കര്‍മങ്ങളും എങ്ങനെ ബാലന്‍സ് ചെയ്യണം എന്നതിനെ കുറിച്ചെല്ലാം ദൈവം എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുന്ന ഫെമിനിസത്തില്‍ നിന്ന് നമ്മുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എങ്ങനെ കണ്ടാത്താന്‍ സാധിക്കും?
ഖുര്‍ആന്‍ പഠിക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേകമായ ഒരു രീതിശാസ്ത്രം ഉണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
സറാ ഫാരിസ്: ഖുര്‍ആന്‍ പഠിക്കാന്‍ ലിംഗം അടിസ്ഥാനമാക്കിയ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തുക സാധ്യമല്ല. അതിന് വേണ്ടത് 'ബുദ്ധി' മാത്രമാണ്, അത് എല്ലാ ലിംഗത്തിലുള്ളവര്‍ക്കും ഉണ്ടാവുന്നതുമാണ്. സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞരെന്ന് അറിയപ്പെടുന്ന പലരും അവരുടെ വാദങ്ങളും ആശയങ്ങളും രൂപീകരിക്കുന്നത് സമാന ആശയക്കാരായ പുരുഷ പണ്ഡിതരില്‍ നിന്ന് തന്നെയാണ്. ബിന്‍തുല്‍ സഅ്ദി എന്നറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഹമ്മദ് അബ്ദുവിനെ ധാരാളമായി ആശ്രയിക്കുന്നത് കാണാം. ഫാത്തിമാ മെര്‍നീസി പോലും അവരുടെ കാലത്തെ പ്രധാന രണ്ട് പണ്ഡിതരുടെ ആശയങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട്.
എന്നാലും, വായനക്കാരന്റെ ലൈംഗിക സ്വത്വം ഖുര്‍ആനിക വായനയെ സ്വാധീനിക്കാറില്ലേ?
സറാ ഫാരിസ്: ഏതൊരു വായനയിലും നമ്മുടെ അനുഭവങ്ങള്‍ സ്വാധീനം ചെലുത്തിയേക്കാം. പക്ഷേ അതിനര്‍ത്ഥം അതിനെ അടിസ്ഥാനപ്പെടുത്തി ഒരു തത്വം രൂപീകരിക്കണം എന്നല്ല. ഉദാഹരണത്തിന്, ഒരു വിഷയത്തിലെ ഖുര്‍ആനിന്റെ നിലപാട് എന്ത് എന്ന് നിങ്ങള്‍ പഠിക്കാനുദ്ദേശിക്കുന്നു എന്ന് വിചാരിക്കുക. ഈ വിഷയത്തില്‍ നിങ്ങളുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവാം. പ്രസ്തുത വിഷയം വ്യക്തമായി മനസ്സിലാക്കാന്‍ അവ നിങ്ങളെ സഹായിക്കുകയും ചെയ്‌തേക്കാം. എന്ന് കരുതി, ഖുര്‍ആനിന്റെ നിലപാട് അതായിരിക്കണം എന്നോ അതനുസരിച്ച ഒരു പ്രന്‍സിപ്പിള്‍ അടിസ്ഥാനമാക്കിയായിരിക്കണം ഖുര്‍ആനിന്റെ നിലപാട് എന്നോ നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലല്ലോ. ഖുര്‍ആനിനെ വിലയിരുത്തേണ്ടത് അതിന്റേതായ രീതിശാസ്ത്രം ഉപയോഗിച്ചാണ്. അതേസമയം സ്ത്രീപക്ഷ വാദികള്‍ ചെയ്യുന്നത് നേരേ തിരിച്ചാണ്. അവര്‍ തങ്ങളുടെ വ്യക്തിഗത അനുഭവങ്ങളില്‍ നിന്ന് ഖുര്‍ആനിക പഠനത്തിനുള്ള പ്രന്‍സിപ്പിളുകള്‍ രൂപീകരിക്കുകയാണ് ചെയ്യുന്നത്. സ്വന്തം തത്വങ്ങള്‍ രൂപീകരിക്കുക വഴി അത് ഖുര്‍ആനിക പഠനങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കുന്നത്.
അവരുടെ സമീപനം ശരിയല്ലെന്നാണോ പറഞ്ഞു വരുന്നത്?
സറാ ഫാരിസ്: ഇസ്‌ലാം എങ്ങനെയാവണമെന്ന തന്റെ മനസ്സിലുള്ള വാര്‍പ്പ് മാതൃകകളെ അടിസ്ഥാനമാക്കി ഖുര്‍ആനിനെയും ഇസ്‌ലാമിനെയും പഠിക്കാന്‍ ശ്രമിക്കുന്ന പഠിതാവ്, ഖുര്‍ആനിക പഠനങ്ങളെ ആദ്യാവസരത്തില്‍ തന്നെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഒരു വിഷയത്തെ കുറിച്ച് നിങ്ങള്‍ക്ക് മുന്‍ധാരണകളുണ്ടെങ്കില്‍ നിങ്ങള്‍ അതുമായി മുന്നോട്ട് പോവുക, അതിനെ വെറുതേ ഇസ്‍ലാമുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണ്. ഇത്തരത്തിലുള്ള ദൈവ ശാസ്ത്രത്തിന്റെ ഏത് രൂപവും ദൈവ ശാസ്ത്രത്തിന്റെ അന്തഃസ്സത്തയെ ചോദ്യം ചെയ്യുന്നതും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാത്തവയും ആണ് എന്ന് പറയാതെ വയ്യ.
ഫെമിനിസത്തിന്റെ പ്രധാന പ്രശ്‌നമായി താങ്കള്‍ കാണുന്നത് എന്താണ്?
സറാ ഫാരിസ്: സ്ത്രീകള്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ചുള്ള ചില സ്റ്റീരിയോടൈപ്പുകളാണ് ഫെമിനിസം. ഫെമിനിസ്റ്റുകള്‍ക്ക് അത്തരം സ്റ്റീരിയോടൈപ്പുകളില്‍ നിന്ന് പുറത്ത് കടക്കാന്‍ ആവുമെന്ന് തോന്നുന്നില്ല. കാരണം എല്ലാ ഫെമിനിസ്റ്റ് ആശയങ്ങളും ഫെമിനിസം എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുക. ഫെമിന്‍ പോലെയുള്ള ഫെമിനിസ്റ്റ് സംഘടനകള്‍ തങ്ങളുടെ പ്രകോപനപരമായ നിലപാടുകളെ ഇനിയും സ്ത്രീപക്ഷം എന്ന പേരില്‍ ന്യായീകരിക്കുകയാണെങ്കില്‍ പിന്നെ അതിനെ കുറിച്ച് ഒന്നും പറയാനില്ല.
ഇസ്‍ലാമും സ്ത്രീ ജീവിതത്തെ കുറിച്ച് സ്റ്റീരിയോടൈപ്പുകള്‍ മുന്നോട്ട് വെക്കുന്നില്ലേ എന്നൊരു ചോദ്യം ഈയവസരത്തില്‍ ഉയര്‍ന്നേക്കാം. പക്ഷേ, ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ശരി തെറ്റുകള്‍ നിര്‍ണയിക്കുന്ന നിയതമായ ഒരു വ്യവസ്ഥയുണ്ട്. എന്നാല്‍ ഫെമിന്‍ പോലെയുള്ള ഫെമിനിസ്റ്റുകള്‍ക്ക് അങ്ങനെയൊന്നില്ല. സാമൂഹ്യ നീതി കൈവരിക്കാനുള്ള ഏക പോംവഴി ഫെമിനിസം ആണെന്ന് ആരും തെറ്റിദ്ധരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം വിഷയങ്ങളിലെ കുത്തക ആരും അവര്‍ക്ക് വകവെച്ച് നല്‍കിയിട്ടില്ല. ഫെമിനിസം ഇല്ലാതെയും സ്ത്രീ പുരുഷ നീതിയും സംരക്ഷണവും സാധ്യമാണ്.
അപ്പോള്‍ സ്ത്രീകളുടെ അവകാശ സംക്ഷണ പോരാട്ടങ്ങള്‍.....?
സറാ ഫാരിസ്: മുസ്‍ലിം സ്ത്രീകള്‍ വിമോചിതരാവേണ്ടതുണ്ടോ എന്ന ചോദ്യമല്ല ഞാന്‍ ഉയര്‍ത്തുന്നത്. കൊളോണിയലാനന്തര കാലത്ത് മുസ്‌ലിം പുരുഷനും സ്ത്രീയും നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും വ്യക്തമാണ്. ഞാന്‍ പറയുന്നത്, സ്ത്രീ വിമോചനം എന്നത് ഫെമിനെ പോലെയുള്ള ഏതാനും ചില ഫെമിനിസ്റ്റ് സംഘടനകളുടെ മാത്രം കുത്തകയല്ല എന്ന് മാത്രമാണ്. പലപ്പോഴും ഞാന്‍ ഇവരുടെ ആശയങ്ങളെ വിമര്‍ശിക്കുമ്പോള്‍ സ്ത്രീ വിരുദ്ധയായി മുദ്ര കുത്തപ്പെടുകയാണ് ചെയ്യുന്നത്. സ്ത്രീ സുരക്ഷ, സ്ത്രീ വിമോചനം തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമിന് വ്യക്തമായ നിലപാടുകളുണ്ട്. റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ സ്ത്രീ സുരക്ഷയുടെ കുത്തക അവകാശപ്പെടുമ്പോള്‍ ഇസ്‌ലാമിനെ കരിവാരി തേക്കാന്‍ ആണ് ശ്രമിക്കുന്നത്. അങ്ങനെ, ഇസ്‍ലാമിനെ ഫെമിനിസ്റ്റ് ഐഡിയോളജിയിലൂടെ പുനര്‍വായന നടത്തണമെന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. ഫെമിനിസ്റ്റുകളുടെ സെക്‌സിസ്റ്റ് ഐഡിയോളജിക്ക് പകരം 'നീതി' ആയിരിക്കണം നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്.
Leave A Comment