"കോവിഡല്ല, വെറുപ്പും വിശപ്പുമാണ്
ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്"
അരുന്ധതി റോയ്
ഇന്ത്യയിൽ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി മുസ്‌ലിംകൾക്കെതിരെ വ്യാപക വിദ്വേഷപ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ നോവലിസ്റ്റും മതേതരത്വനിലപാട് സ്വീകരിക്കുന്ന ആക്ടിവിസ്റ്റും ബുദ്ധിജീവിയുമായ
അരുന്ധതി റോയിയുമായി ജർമന്‍ ദേശീയ ചാനലായ ഡി.ഡബ്ലിയു നടത്തിയ അഭിമുഖം.
ലോകത്താകമാനം കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാൻ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ ലോക്ക് ഡൗൺ എല്ലാ രാജ്യങ്ങളിലും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്. താങ്കളുടെ രാജ്യത്തെ സ്ഥിതി വിശേഷം എന്തൊക്കെയാണ്. പ്രത്യേകിച്ചും സാമൂഹിക അസമത്വം വളരുന്ന ഈ ഒരു സാഹചര്യത്തിൽ?
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ അപകടത്തിന്റെ തോത് നന്നേ കുറവാണ്. ഇന്ത്യ കഷ്ടപ്പെടുന്നത് കൊറോണയിൽ നിന്നല്ല, മറിച്ച്, വെറുപ്പിന്റെയും വിശപ്പിന്റെയും പ്രതിസന്ധികളിൽ നിന്നാണ്. ഇന്ത്യയിൽ ലോക് ഡൗൺ നടപ്പിലാക്കുന്നുണ്ട്. പക്ഷെ, എനിക്ക് തോന്നുന്നത് ഇപ്പോള്‍ നടപ്പിലാക്കിയ ഈ ശാരീരിക ലോക് ഡൗണിന് മുമ്പ് തന്നെ ഇന്ത്യയില്‍ മാനസികമായ ലോക്ഡൌണ്‍ നടപ്പിലാക്കിയിരിക്കയാണ്. അത് ദൈനംദിനം വര്‍ദ്ധിച്ചുവരികയുമാണ്.
ഇന്ത്യയിലെ മുസ്‌ലിംകളെ വിവേചനത്തോടെ സമീപിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബർ മുതൽ നടന്ന സമരങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ മുസ്‌ലിംകൾക്കെതിരെ നടന്ന കലാപം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മുസ്‌ലിംകൾക്കെതിരെ സംഘ്പരിവാർ ശക്തികൾ വിദ്വേഷ പ്രചാരണം അഴിച്ചു വിട്ടിരിക്കുന്നത്.
കൊറോണ പ്രതിരോധത്തിന്റെ മറവിൽ കേന്ദ്രസർക്കാർ വിദ്യാർത്ഥികളെയും ആക്ടിവിസ്റ്റുകളെയും സീനിയർ അഭിഭാഷകരെയും മാധ്യമപ്രവർത്തകരേയും ജയിലിൽ അടക്കുന്ന തിരക്കിലാണ്.
ഹിന്ദു മുസ്‌ലിം സമൂഹങ്ങൾക്കിടയിൽ വളർന്ന് വരുന്ന അകൽച്ചയെ സഹായിക്കുന്ന സമീപനങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാരിനോട് താങ്കൾക്ക് നൽകാനുള്ള സന്ദേശം എന്താണ്?
ഈ വെറുപ്പ് വളർത്തുക എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാട്. നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന, ബിജെപിയുടെ മാതൃ സംഘടനയായ ആർഎസ്എസ് വർഷങ്ങളായി പരിശ്രമിക്കുന്നത് ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ്. ഈ സംഘടനയുടെ നേതാക്കൾ മുസ്‌ലിംകളെ സാദൃശ്യപ്പെടുത്തിയത് ജർമനിയിലെ ജൂതന്മാരുമായാണ്. ജൂതന്മാർക്കെതിരെ വെറുപ്പ് വിതറാൻ നാസികൾ ടൈഫോയ്ഡിനെ ഉപയോഗിച്ചത് പോലെ ഇപ്പോൾ സംഘ്പരിവാർ മുസ്‌ലിംകളെ അപകീർത്തിപ്പെടുത്താൻ കോവിഡിനെ ഉപയോഗപ്പെടുത്തുകയാണ്.
ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തുമുള്ള ആളുകളോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് ഈ വിഷയം നിസ്സാരമായി എടുക്കരുതെന്നാണ്. ഇതൊരു പക്ഷേ വംശഹത്യക്ക് വരെ കാരണമായേക്കാം. കാരണം ഈ സർക്കാർ അധികാരത്തിൽ എത്തിയ ഉടൻ മുസ്‌ലിംകൾ വ്യാപകമായി ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ കാഴ്ചകൾ നാം കണ്ടതാണ്.
അതിനാൽ ഈ രോഗം മുസ്‌ലിംകൾക്കെതിരെയുള്ള ഒരു ഭീഷണിയായി വലതുപക്ഷ ശക്തികൾ തെരുവിൽ അഴിച്ചു വിടുമെന്ന് തീർച്ചയായും നാം ഭയപ്പെടേണ്ടതുണ്ട്. അതിനാൽ ഇന്ത്യയിൽ നടക്കുന്ന ഓരോ സംഭവങ്ങളെയും സൂക്ഷ്മമായി അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കേണ്ടതുണ്ട്.
താങ്കൾ പറയുന്നത് പ്രകാരം ഇന്ത്യയിലെ സാഹചര്യം വംശഹത്യയിലേക്ക് വരെ എത്തിയേക്കുമെന്നാണ്. അങ്ങനെയെങ്കിൽ വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലാണ് രാജ്യമുള്ളത്. വളരെ അടുത്ത് താങ്കൾ എഴുതിയ ഒരു ലേഖനത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന ഈ ദുരന്തം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ലെന്നും വർഷങ്ങളായി ശരിയായ ട്രാക്കിൽ നിന്ന് തെന്നിയോടുന്ന ഒരു ട്രെയിനിന്റെ അവശിഷ്ടമാണിതെന്നും താങ്കൾ പറഞ്ഞിരുന്നു. താങ്കൾ പറയുന്നത് പ്രകാരമുള്ള വംശഹത്യയുടെ ഭീഷണി തടുത്തു നിർത്താൻ ആരുടെ കണ്ണുകളാണ് തുറക്കപ്പെടേണ്ടതെന്നാണ് താങ്കൾ വിശ്വസിക്കുന്നത്?
ഞാൻ അത് പറഞ്ഞത് അമേരിക്കയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചാണ്. എന്നാൽ സമാന അവസ്ഥ തന്നെയാണ് ഞാൻ ഇനി പറയാനിരിക്കുന്ന കാര്യത്തിനുമുള്ളത്.
ആരുടെ കണ്ണുകളാണ് അടഞ്ഞുകിടക്കുന്നതെന്ന് നിങ്ങൾ ചോദിച്ചു. അടഞ്ഞുകിടക്കുന്ന കണ്ണുകൾ അന്താരാഷ്ട്ര സമൂഹത്തിന്റേതാണ്. എല്ലാ അന്താരാഷ്ട്ര നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുകയും ആലിംഗനം ചെയ്യുകയുമാണ്. എന്നാൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ഈ അക്രമങ്ങളിലെല്ലാം അദ്ദേഹത്തിനും പങ്കുണ്ട്. എന്നിട്ടും അദ്ദേഹം നയതന്ത്രജ്ഞനെന്ന് അഭിനയിക്കുകയാണ്. മുസ്‌ലിംകൾക്കെതിരെ അക്രമങ്ങൾ നടക്കുമ്പോൾ അദ്ദേഹം അതിൽ പൂർണ്ണ നിശബ്ദനാണ്.
ദൽഹിയിൽ മുസ്‌ലിംകൾക്കെതിരെ കലാപം നടക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലുണ്ട്. അദ്ദേഹവും ഈ അക്രമത്തിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. ചുരുക്കം ചിലരെ ഒഴിച്ചു നിർത്തിയാൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വിദ്വേഷ പ്രചാരണത്തിനും വംശഹത്യക്കും കുഴലൂത്ത് നടത്തുന്നവരാണ്. സ്റ്റുഡിയോകളിൽ ഇരിക്കുന്ന മാധ്യമഅവതാരകര്‍ കൊലപാതകം നടത്തുന്ന ആൾക്കൂട്ടത്തെ പോലെയാണ്.
റുവാണ്ട പോലെയുള്ള രാജ്യങ്ങളിൽ നടന്നത് നിങ്ങൾക്ക് അറിയാവുന്നതാണ്. അവിടെ അക്രമത്തിനായി മാധ്യമങ്ങൾ വഹിച്ച പങ്ക് എത്ര വലുതാണെന്ന് വ്യക്തമാണ്. അപകടകരമായ ഈ അന്തര്‍ധാര നിരന്തരമായി ആവർത്തിക്കുകയാണ്.
ലോക് ഡൗൺ മൂലം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങളെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ അഭിമുഖീകരിക്കുന്ന വിശപ്പെന്ന മഹാഭീഷണിയെ കുറിച്ച് ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല. ഈ രാജ്യത്തെ 130 കോടി ജനങ്ങൾ ലോക് ഡൌണിൽ കൊട്ടിയടക്കപ്പെട്ടത് വെറും നാലു മണിക്കൂർ കൊണ്ടാണ്. 8 മണിക്ക് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിക്കുകയും വെറും 4 മണിക്കൂറുകൾക്ക് ശേഷം അത് നടപ്പിലാക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ജനങ്ങൾ ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ എത്തിപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിപ്പോയി.
യാത്ര സൗകര്യങ്ങളില്ലാതെ പാവപ്പെട്ട ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തേക്ക് എത്തിച്ചേരാൻ കിലോമീറ്ററുകളോളം കാൽനടയായി നടക്കേണ്ടി വന്നു. വിശപ്പ് എന്ന ഈ പ്രതിസന്ധി ദിനേന രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
Leave A Comment