മുഹമ്മദ് നബി: സഹിഷ്ണുതയുടെ തിരുദൂതര്‍
ജീവിതവും കര്‍മവും കൊണ്ട് വസന്തം തീര്‍ത്ത തിരുദൂതരാണ് മുഹമ്മദ് നബി (സ). മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും അചേതന വസ്തുക്കള്‍ക്കും അനുഗ്രഹീതമായ ജന്മമായിരുന്നു അവരുടേത്. തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ എല്ലാവര്‍ക്കും അര്‍ഹിക്കുന്ന നീതി ഉറപ്പുവരുത്തുകയും അവകാശങ്ങള്‍ നേടിക്കൊടുക്കുകയും ഭൂമിയില്‍ സമാധാന പൂര്‍ണമായ ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു നബി തിരുമേനി (സ) ആ ദിവ്യ വെളിച്ചത്തിലാണ് ചൂഷണവും അക്രമവും അവസാനിച്ച് സ്‌നേഹവും സൗഹാര്‍ദ്ദവും സമത്വവും സമഭാവനയും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതുലോകം പിറവിയെടുത്തത്. ഇതാണ് സത്യമെന്നിരിക്കെ ഇസ്‌ലാമിന്റെ പേരിലും ഇസ്‌ലാമിനെതിരിലും പ്രവര്‍ത്തിക്കുന്ന ഛിദ്ര ശക്തികള്‍ വിശുദ്ധ മതത്തെയും പുണ്യപ്രവാചകരെയും തെററുധരിപ്പിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന സമകാലിക സാഹചര്യത്തില്‍ നിന്ന് പ്രവാചക ജീവിതത്തിന്റെ ബഹുമുഖ സവിശേഷതകള്‍ വായിക്കേണ്ടതുണ്ട.
വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹിക ജീവിതത്തിലും നീതിയും സ്‌നേഹവും കാരുണ്യവും മാത്രം ഉറപ്പുവരുത്തിയ ചരിത്ര സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകാം. ഏതൊരു നേതാവും അനുഭാവികളോടും അനുയായികളോടും സ്‌നേഹത്തോടെ പെരുമാറുന്നത് ഒരു സ്വാഭാവിക സംഗതിയാണ്.
കൊലവിളി നടത്തുന്ന ശത്രുവിനോട് സഹിഷ്ണുതയോടെയും ക്ഷമയോടെയും ഇടപെടാന്‍ കഴിയുന്നതാണ് മഹത്വം. ഇത് ചരിത്രത്തിന്റെ അപൂര്‍വതയാണ്. ഇസ് ലാമിന്റെ പേരില്‍ കൊലയും കൊള്ളയും നടത്തുന്ന അതിക്രമകാരികള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന പ്രവാചക ജീവിതത്തിന്റെ ഈ സുന്ദരമുഖം അനാവരണം ചെയ്‌തേ തീരൂ.
കാലുഷ്യങ്ങള്‍ക്കിടയിലും നീതിക്കും ധര്‍മത്തിനും മൂല്യങ്ങള്‍ക്കുമുള്ള മഹാത്മാക്കളുടെ ജീവിതാഹ്വാനങ്ങളാണ് സമൂഹങ്ങളെ നേര്‍വഴിക്കു നടത്തുന്നത്. ഈ അര്‍ത്ഥത്തില്‍ ചരിത്രത്തിലെ അതുല്യനായിരുന്നു മുത്തുനബി. ലോകം മുഴുവന്‍ ഇസ്‌ലാമിന്റെ കരവലയത്തില്‍ ഒതുക്കണമെന്ന് നബി ആഹ്വാനം ചെയ്തിട്ടില്ല. സമാധാനപൂര്‍വമായ അന്തരീക്ഷത്തില്‍ സത്യ സന്ദേശം പകര്‍ന്നു കൊടുക്കുകയും അക്രമവും ചൂഷണവും അവസാനിപ്പിക്കുകയുമായിരുന്നു പ്രവാചകന്റെ വഴി.
എല്ലാവര്‍ക്കും ‘മനുഷ്യന്‍’ എന്ന പരിഗണനയും അവകാശങ്ങളും വകവെച്ചുകൊടുക്കാന്‍ ജീവിതത്തിലൂടെ പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. അതില്‍ വിശ്വാസി, അവിശ്വാസി എന്ന വകതിരിവില്ല. വര്‍ഗീയതയും പക്ഷപാതവുമാണ് സമൂഹങ്ങളുടെ സര്‍വനാശത്തിനു ഹേതുവെന്ന് അവര്‍ അരുള്‍ ചെയ്തു. ജനങ്ങളെല്ലാം ഒരു ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്നാണ് മറെറാരധ്യാപനം. മനുഷ്യന്‍ ”റഹ്മാന്‍” എന്ന അല്ലാഹുവിന്റെ ഗുണവിശേഷമാണ് ആര്‍ജിക്കേണ്ടത്. അതായത് സകല ചരാചരങ്ങളോടും കാരുണ്യത്തോടും ആര്‍ദ്രതയോടും വര്‍ത്തിക്കാന്‍ ശീലിക്കുക എന്നു നബി പറഞ്ഞു.
സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ ആശ്രിതരാണ്. അവരില്‍ അല്ലാഹുവിന് ഏററവും ഇഷ്ടപ്പെട്ടവര്‍ തന്റെ ആശ്രിതരോട് ദീനാനുകമ്പയുള്ളവരാണ്. മനുഷ്യരോട് കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കില്ല. ഇതില്‍ മതജാതി വേര്‍തിരിവിന് യാതൊരു പ്രസക്തിയുമില്ല. ഇസ്‌ലാമിക നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ രാഷ്ട്ര നിയമം പാലിച്ച് ജീവിക്കുന്ന ഏതു മതക്കാരനും സംരംക്ഷണം നല്‍കല്‍ ഭരണകൂടത്തിന്റെ ബാധ്യതയാണ്. പ്രവാചകന്‍ (സ്വ) ദ്രോഹിച്ചവരോടും സ്‌നേഹത്തോടെ ഇടപെടാനാണ് അവിടുന്ന് ഇഷ്ടപ്പെട്ടത്.
മക്കാ വിജയ വേളയില്‍ പ്രവാചകനെതിരെ ജീവിതത്തിലുടനീളം കുതന്ത്രം മെനഞ്ഞ അബൂ സുഫ് യാനാണ് ഏററവും വലിയ പരിഗണന നല്‍കിയത്. ആദര്‍ശത്തിനു വേണ്ടി മണ്ണും കുടുംബവും ഉപേക്ഷിച്ച് മദീനയിലെത്തി ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയില്‍ തന്റെ നാട്ടുകാര്‍ കടുത്ത ദാരിദ്ര്യം പേറുന്നുവെന്നറിഞ്ഞ പ്രവാചകര്‍(സ്വ) 500 സ്വര്‍ണ്ണ നാണയങ്ങള്‍ അവര്‍ക്ക് കൊടുത്തയച്ചു. ദുരിതാശ്വാസത്തിനും സ്വാന്തനത്തിനും കൊടിയുടെ നിറമോ മതത്തിന്റെ കൈയൊപ്പോ പരിശോധിക്കേണ്ടിതില്ലെന്നതിന് ഇതിലും വലിയ മാതൃക എവിടെ കിട്ടാനാണ്?
അവിശ്വാസികളുടെ ക്ഷണം സ്വീകരിക്കാനും അവര്‍ക്ക് ഭക്ഷണവും സമ്മാനവും നല്‍കാനും അവര്‍ രോഗികളെങ്കില്‍ വീട്ടിലെത്തി ആശ്വസിപ്പിക്കാനും പ്രവാചകര്‍(സ്വ) വിശാല മനസ്‌കത കാണിച്ചു. ഇതില്‍ ഭൗതികമായ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ശത്രുവിനെതിരെ പ്രാര്‍ത്ഥിക്കണമെന്ന് അനുയായികളില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് സന്മാര്‍ഗം നല്‍കാനാണ് അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത്. കൊടിയ ശത്രുക്കളായി ചരിത്രം രേഖപ്പെടുത്തിയ ജൂതന്റെ ജനാസയോട് ആദരസൂചകമായി അവിടുന്ന് എഴുനേററു. ജൂതനായ അയല്‍വാസി രോഗിയായപ്പോള്‍ വീട്ടിലെത്തി ശുശ്രൂഷ ചെയ്തു. വഫാത്താവുമ്പോള്‍ ആകെയുണ്ടായിരുന്ന പടയങ്കി അയല്‍ക്കാരനായ ജൂതന്റെ കൈയില്‍ പണയത്തിലായിരുന്നു. അജ്ഞാതനായ ഒരു അതിഥി ഒരു രാത്രി മദീനയില്‍ വന്നപ്പോള്‍ അയാളെ സല്‍ക്കരിക്കാന്‍ ഗോതമ്പുപൊടി കടം വാങ്ങിയ വകയിലാണ് ആ പണയം പോലും ഉണ്ടാവുന്നത്.
തന്റെ ആദര്‍ശത്തോട് നൂറുശതമാനം പ്രതിബദ്ധത പുലര്‍ത്തുമ്പോഴും അന്യന്റെ വിശ്വാസത്തില്‍ നബി(സ്വ) കൈകടത്തിയില്ല. തന്റെ അധികാര പരിധിയില്‍ അവര്‍ക്ക് എന്നും ആരാധനാ സ്വാതന്ത്യം നല്‍കി. നജ്‌റാനില്‍ നിന്ന് മദീന സന്ദര്‍ശിച്ച ക്രിസ്ത്യന്‍ സംഘത്തിന് പ്രാര്‍ത്ഥിക്കാന്‍ സ്വന്തം പള്ളിയില്‍ സൗകര്യം ചെയ്തു കൊടുത്തു. മദീനയിലെത്തിയപ്പോള്‍ ജൂതരോടും ക്രൈസ്തവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അല്‍പ കാലം ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്‌കരിച്ചു. മദീനക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഗനീമത്ത്(യുദ്ധമുതലുകള്‍) സ്വത്തില്‍ പോലും ജൂതര്‍ക്ക് അവകാശം രേഖപ്പെടുത്തിയിരുന്നു.
സമാധാനത്തോടെ ജീവിക്കുന്ന അവിശ്വാസി സഹോദരനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണെന്ന് പ്രവാചകര് പഠിപ്പിച്ചു. ലോകത്തിലെ വന്‍ ശക്തികളായി വളര്‍ന്നിട്ടും മദീനയുടെ ഭരണാധികാരികളായ ഖലീഫമാര്‍ ഈ ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തില്ല. ഏതെങ്കിലും അവിവേകികള്‍ ചെയ്യുന്ന തെററുകള്‍ക്ക് ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുന്നവര്‍ അറിയേണ്ടതാണ് ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. സിറിയയിലേക്കു പുറപ്പെട്ട സൈന്യത്തിന് ഒന്നാം ഖലീഫ സിദ്ദീഖ് (റ) നല്‍കിയ ഉപദേശങ്ങളില്‍ സുപ്രധാനമായത് മഠങ്ങളില്‍ ആരാധനാ നിമഗ്നരായി ഇരിക്കുന്ന സന്യാസിമാരെ വധിക്കരുതെന്നും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കരുതെന്നുമായിരുന്നു. പ്രായം ചെന്ന ഒരു ജൂതന്‍ യാചിക്കുന്നത് കണ്ട ഖലീഫ ഉമര്‍(റ) അദ്ദേഹത്തെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി സത്ക്കരിക്കുകയും അദ്ദേഹത്തിന് പൊതു ഖജനാവില്‍ നിന്ന് ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. സിറിയന്‍ സന്ദര്‍ശന വേളയില്‍ തന്റെ കീറിപ്പറിഞ്ഞ ഖമീസ് അലക്കിവൃത്തിയാക്കി തുന്നുന്നതു വരെ ഉമര്‍(റ) ഒരു ക്രിസ്ത്യന്‍ സഹോദരന്റെ വീട്ടില്‍ കയറി അയാളുടെ വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. ആ വീട്ടിലെ പാത്രത്തില്‍ നിന്ന് അദ്ദേഹം വുളൂഅ് ചെയ്തു.
ബഹുസ്വര സമൂഹങ്ങളില്‍ ഒരു മുസ്‌ലിം എങ്ങനെ വര്‍ത്തിക്കണമെന്നതിന് ഇനിയും ചരിത്രത്തില്‍ ഒട്ടേറെ നല്ല മാതൃകകളുണ്ട്. ഇസ്‌ലാമേതര ഭരണകൂടങ്ങളെ പ്രവാചകരും ഖലീഫമാരും എന്നും മാനിച്ച് ആദരിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സന്ദേശങ്ങളുമായി മദീനയിലെത്തിയ ദൂതന്മാര്‍ പ്രവാചകരുടെ പെരുമാററത്തില്‍ ആകൃഷ്ടരായി അവിടെ താമസിക്കുകയും മുസ്‌ലിംകളാവുകയുമുണ്ടായി. നജാശി രാജാവിന്റെ ദൂതന്മാര്‍ മദീനയിലെത്തിയപ്പോള്‍ അവര്‍ക്ക് സ്വന്തം കൈ കൊണ്ട് നബി തിരുമേനി(സ്വ) ഭക്ഷണം വിളമ്പി. സഹായിക്കാന്‍ ചെന്ന അനുചരന്മാരെ അതിന് അനുവദിച്ചില്ല.
മൃഗങ്ങളോടും വൃക്ഷലദാതികളോടും ആകാശഭൂമിയോടും ആര്‍ദ്രതയോടെ വര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സമവായത്തിന്റെയും അനശ്വര പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്ത ആ മഹാത്മാവിന്റെ പേരില്‍ അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കോപ്പു കൂട്ടുന്നവര്‍ ഇസ്‌ലാമിന്റെ പേരു പോലും ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇവര്‍ കാണിക്കുന്ന അവിവേകത്തിന് മുസ്‌ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.
മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും സമാധാനത്തോടും സൗഹൃദത്തോടും ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ തെററുധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന കുതന്ത്രങ്ങള്‍ മനുഷ്യസ്‌നേഹികളായ എല്ലാവരും തിരിച്ചറിയണം. സ്‌നേഹവും സഹിഷ്ണുതയും നിലനില്‍ക്കുന്ന സമൂഹത്തിലേ സന്തോഷപൂര്‍ണമായ ജീവിതം സാധ്യമാകൂ. സ്വസ്ഥതയും സമാധാനവും കാംക്ഷിക്കുന്നവരെല്ലാം പ്രവാചകരുടെ സഹിഷ്ണുതാ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതു
ണ്ട്.
Leave A Comment