തീര്‍ച്ചയായും അങ്ങ് മഹത്തായ സ്വഭാവത്തിന്മേലാണ്...
ക്രിസ്തുവര്‍ഷം605. പ്രവാചകര്‍ക്ക് മുപ്പത്തഞ്ച് വയസ്സാണ് പ്രായം. മക്കാനിവാസികള്‍ കഅ്ബ പുതുക്കിപ്പണിയുന്ന തിരക്കിലാണ്. തീപ്പിടുത്തവും വെള്ളപ്പൊക്കവും കാരണം അതിന്റെ പല ഭാഗങ്ങള്‍ക്കും പലപ്പോഴായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. പണി പുരോഗമിക്കുകയാണ്. അവസാനം ഹജറുല്‍അസവദ് പ്രതിഷ്ഠിക്കുന്ന സമയമെത്തി. ആ കര്‍മ്മം ആര് ചെയ്യുമെന്നത് തര്‍ക്കമായി. ഗോത്രചിന്തയും കുടുംബമഹിമയും അവകാശപ്പെട്ട് കൊണ്ട് എല്ലാവരും രംഗത്തെത്തി. കാര്യം ഒരു യുദ്ധത്തിന്റെ വക്കോളമെത്തി. അവസാനം അവരെല്ലാവരും ഒരു തീരുമാനത്തിലെത്തി. ഇനി ഇങ്ങോട്ട് ആദ്യമായി കടന്നുവരുന്ന ആള്‍ തീരുമാനം എടുക്കട്ടെ, അയാള്‍ എടുക്കുന്ന ഏത് തീരുമാനവും എല്ലാവരും അംഗീകരിക്കുക.
തല്‍ക്കാലത്തേക്ക് തര്‍ക്കം തീര്‍ന്ന സമാധാനത്തില്‍ എല്ലാവരും നിശബ്ദരായി. ആ വ്യക്തി ആരായിരിക്കുമെന്ന് എല്ലാവരും സാകൂതം കാത്തിരുന്നു. അപ്പോഴാണ് മുഹമ്മദ് (സ്വ) അങ്ങോട്ട് കടന്നുവരുന്നത്. കണ്ടപാടെ, എല്ലാവരും ഒരേശബ്ദത്തില്‍ വിളിച്ചുപറഞ്ഞു, ഇത് ഏറ്റവും വിശ്വസ്തനായ മുഹമ്മദാണല്ലോ, ഞങ്ങള്‍ക്ക് തൃപ്തിയായി.
അവര്‍ പ്രവാചകര്‍ക്ക് മുമ്പില്‍ പ്രശ്നം ഉന്നയിച്ചു. ഒട്ടേറെ ഗോത്രക്കാരുണ്ട്, ആരെയും അവഗണിക്കുകയോ അമിതമായി പരിഗണിക്കുകയോ ചെയ്യാതെ നബിതങ്ങള്‍ പ്രശ്നപരിഹാരം നിര്‍ദ്ദേശിച്ചു. അവിടത്തെ മേല്‍മുണ്ടെടുത്ത് ഹജറുല്‍അസവദ് അതില്‍ എടുത്തുവെച്ച ശേഷം ഓരോ ഗോത്രത്തില്‍നിന്നും ഓരോരുത്തരോടായി ആ മുണ്ടിന്റെ ഓരോ ഭാഗം പിടിച്ച് കല്ല് മേല്‍പോട്ടുയര്‍ത്താന്‍ പറഞ്ഞു, എല്ലാവരും ചേര്‍ന്ന് കല്ല് ഉയര്‍ത്തി. പ്രതിഷ്ഠിക്കേണ്ട ഭാഗത്തെത്തിയപ്പോള്‍ പ്രവാചകര്‍ തന്റെ തിരുകരം കൊണ്ട് അതെടുത്ത് തല്‍സ്ഥാനത്ത് വെച്ചു. എല്ലാവരും സംതൃപ്തരായി പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പ്രവാചകത്വവാദവുമായി വരുന്നതിന് മുമ്പ്, ആ സമൂഹം നബിതങ്ങളെ എത്രത്തോളം അംഗീകരിച്ചിരുന്നുവെന്നതാണ് ഈ ചരിത്രസംഭവം നമ്മോട് പറയുന്നത്.
ആ സ്വഭാവത്തിന് സ്വന്തം ധര്‍മ്മപത്നി നല്‍കിയ സാക്ഷ്യപത്രം നമുക്ക് നോക്കാം. പ്രവാചകത്വത്തിന്റെ തുടക്കമെന്നോണം ദിവ്യസന്ദേശവുമായെത്തിയ ജിബ്രീല്‍ എന്ന മാലാഖയെ കണ്ട് പ്രവാചകര്‍(സ്വ) പേടിച്ചുപോയി. ഹിറാഗുഹയില്‍നിന്ന് ഭയചകിതനായി പനിപിടിച്ച് പ്രവാചകര്‍ വീട്ടിലെത്തി. തന്റെ പ്രിയ പത്നി ഖദീജയെ വിളിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പ്രവാചകര്‍ വീട്ടിലേക്ക് കടന്നത്, ഖദീജാ, എന്നെ പുതപ്പിച്ചുതാ…എന്നെ പുതപ്പിച്ചുതാ..
ചരിത്രത്തിന്റെ ആ ദശാസന്ധിയില്‍ പ്രവാചകരെ സമാശ്വസിപ്പിച്ചുകൊണ്ട് പ്രിയപത്നി ഖദീജ(റ) പറഞ്ഞ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ തെളിഞ്ഞുകിടക്കുന്നു. ആ വാക്കുകള്‍ ഇങ്ങനെ വായിക്കാം,
താങ്കള്‍ ഒന്ന്കൊണ്ടും ഭയപ്പെടരുത്, ഇല്ല, അല്ലാഹു ഒരിക്കലും താങ്കളെ നിസ്സാരനാക്കുകയില്ല, കാരണം, താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നവരാണ്, ജീവിതത്തില്‍ സത്യം മാത്രം പറയുന്നവരാണ്, ഇതരരുടെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും സ്വയം ഏറ്റെടുത്ത് അവര്‍ക്ക് ആശ്വാസം പകരുന്നവരാണ്, അതിഥികളെ യഥോചിതം സ്വീകരിക്കുന്നവരാണ്, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ ആര്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടാലും അവരെയെല്ലാം സഹായിക്കുന്നവരാണ്, ആയതിനാല്‍ അല്ലാഹു താങ്കളെ ഒരിക്കലും നിസ്സാരപ്പെടുത്തുകയില്ല.
ഒരു വ്യക്തിയുടെ സ്വഭാവം സ്വന്തം ഭാര്യയോളം അറിയുന്നവര്‍ മറ്റാരുമുണ്ടാകില്ലല്ലോ. പതിനഞ്ചുവര്‍ഷക്കാലത്തെ ഭാര്യാ-ഭര്‍തൃജീവിതത്തിലൂടെ പ്രവാചകരെ അടുത്തറിഞ്ഞവരായിരുന്നു മഹതി ഖദീജ(റ). അത് കൊണ്ട് തന്നെ പ്രവാചകരുടെ സ്വഭാവത്തിന് സൃഷ്ടികളില്‍നിന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ സാക്ഷിപത്രം കൂടിയാണ് ഇത്. പ്രപഞ്ചനാഥന്‍ അവന്റെ സന്ദേശം വഹിക്കാനുള്ള ദൂതനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയേണ്ട താമസം, ആ ദൂതന്റെ ആദ്യ അനുയായിയാവാന്‍ ഖദീജ (റ) തയ്യാറായതും അത് കൊണ്ട് തന്നെ.
പ്രവാചകജീവിതത്തിലെ മറ്റൊരു രംഗം കൂടി നമുക്ക് നോക്കാം. പത്ത് വര്‍ഷം പ്രവാചകരുടെ കൂടെ ഏത് കാര്യങ്ങള്‍ക്കും സഹായിയായി വര്‍ത്തിച്ച അനുയായിയാണ് അനസ്ബിന്‍മാലിക്(റ). ആ കാലയളവിലൊക്കെ അദ്ദേഹത്തിന് കാണാനായത് ഏറ്റവും നല്ല സ്വഭാവക്കാരനായ പ്രവാചകനെയാണ്, അവസാനം അദ്ദേഹം അഭിമാനപൂര്‍വ്വം ലോകത്തോട് ഇങ്ങനെ പറഞ്ഞു, ഞാന്‍ പ്രവാചകര്‍ക്ക് സേവനം ചെയ്തുകൊണ്ട് പത്ത് വര്‍ഷം കൂടെ നിന്നു. ഒരിക്കല്‍ പോലും എന്നോട് വെറുപ്പ് കാണിക്കുന്ന ഒരു വാക്ക് പോലും അവിടുന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു കാര്യം ചെയ്തതിനെക്കുറിച്ച്, എന്തിന് ഇങ്ങനെ ചെയ്തെന്നോ, ചെയ്യാത്തതിനെക്കുറിച്ച് എന്ത്കൊണ്ട് ചെയ്തില്ലെന്നോ ഇതുവരെ ഒരിക്കല്‍പോലും എന്നോട് ചോദിച്ചിട്ടില്ല. ജനങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമായിരുന്നു പ്രവാചകരുടേത്.
പത്ത് വര്‍ഷം കൂടെനിന്ന ഒരാളുടെ അഭിപ്രായം എന്ത് കൊണ്ടും വിലമതിക്കേണ്ടതാണ്. ആ വ്യക്തിയുടെ ദൈനംദിനജീവിതത്തിലെ ഒട്ടുമിക്ക ചലനങ്ങളും നേരില്‍ കാണാന്‍ അയാള്‍ക്ക് അവസരം ലഭിച്ചുകാണുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രവാചകര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഏറ്റവും നല്ല വിശേഷണവും അത് തന്നെയാണ്, നിശ്ചയമായും താങ്കള്‍ മഹത്തായ ഒരു സ്വഭാവത്തിന്മേലാണുള്ളത് (സൂറതുല്‍ഖലം-4).
Leave A Comment