അവകാശരക്ഷ നബിദര്‍ശനങ്ങളില്‍

ഖലീഫത്തുല്ലാഹ് (അല്ലാഹുവിന്റെ പ്രതിനിധി) എന്ന  സവിശേഷമായ വ്യക്തിത്വമാണ് മനുഷ്യന് പ്രവാചക ദര്‍ശനം കല്‍പിച്ചു നല്‍കുന്നത്. അല്ലാഹുവിന് കീഴ്‌പ്പെടുകയും അവന് ആരാധിക്കുകയുമാണ് മനുഷ്യദൗത്യം. അല്ലാഹുവിന്റെ പ്രതിനിധിയായി ഗണിക്കപ്പെടുന്നതോടെ അവന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സുപ്രധാനമായ ഒരര്‍ത്ഥം കൈവരിക്കുന്നു.


പ്രമുഖ ചിന്തകന്‍ മുര്‍ത്തസാ മുതഹ്വരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ”മഹത്വത്തിന്റെ പാരമ്യതയിലേക്ക് നയിച്ച് അത് മനുഷ്യനെ മാലാഖമാരേക്കാള്‍ ഉന്നതനാക്കുന്നു. അത് അവന് ജീവിതവും ബുദ്ധിയും സര്‍ഗവൈഭവവും സ്വാതന്ത്ര്യവും അധികാരവും സ്‌നേഹവും കാരുണ്യവും വാത്സല്യവും നല്‍കുന്നു. അത് അവന്റെ സത്യത്തിന്റെ സംരക്ഷകനും നീതിയുടെ വാക്തവുമായി മാറുന്നു.


മനുഷ്യസമത്വം
ഗ്രീക്ക് ദാര്‍ശനികനായ പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തില്‍ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ”പൗരന്‍മാരേ, നിങ്ങള്‍ പരസ്പരം സഹോദരങ്ങളാവുക. എന്തെന്നാല്‍ ദൈവം നിങ്ങളെ വിവിധ അവസ്ഥകളിലാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളില്‍ ഒരുപറ്റം ആളുകള്‍ക്ക് ഭരണകഴിവുകളുണ്ട്. അവരെ ദൈവം സ്വര്‍ണം കൊണ്ടാണ് പടച്ചത്. വെള്ളിയാല്‍ സൃഷ്ടിക്കപ്പെട്ട മറ്റു ചിലര്‍ അവരുടെ സഹായികളായിരിക്കും. പിന്നെയുള്ളത് കര്‍ഷകരാണ്. അവരെ ദൈവം ലോഹം കൊണ്ട് സൃഷ്ടിച്ചു.”
അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തില്‍, ‘ചിലര്‍ പ്രാകൃത്യാ സ്വതന്ത്രരായി ജനിക്കുന്നു. മറ്റു ചിലര്‍ അടിമകളായും’ (ദി സ്റ്റേറ്റ്).
ഇന്ത്യന്‍ വേദങ്ങള്‍ പറഞ്ഞതിങ്ങനെയാണ്: ”ബ്രാഹ്മരാണ് ഈ പുരുഷന്റെ വായ. ക്ഷത്രിയര്‍ കൈകളും, വൈശ്യര്‍ ഇടകളും, ശൂദ്രര്‍ പാദങ്ങളും.” (ഋഗ്വേദം 10/9/12).
ലോകചരിത്രത്തിലെ കിരാതമായ അനേകം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ദാര്‍ശനിക പശ്ചാത്തലമൊരുക്കിയത് ഇത്തരം വാദഗതികളും സിദ്ധാന്തങ്ങളുമാണ്. ജന്മം മാത്രമല്ല, വര്‍ണവും വര്‍ഗവും ദേശവും ഭാഷയും… എല്ലാം മനുഷ്യമഹത്വത്തിന്റെ മാനദണ്ഡങ്ങളായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.
എല്ലാ അസമത്വങ്ങളുടെയും മൂലകാരണങ്ങളുടെ വേരറുത്ത് മനുഷ്യമഹത്വവും മാനവസമത്വവും ഉയര്‍ത്തിപ്പിടിച്ചു എന്നതാണ് തിരുനബി(സ)യെ വേറിട്ടു നിര്‍ത്തുന്ന ഘടകം. തന്റെ വിശ്രുതമായ അറഫാ പ്രസംഗങ്ങളില്‍ അവിടുന്ന് അരുളി: ”മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ഇലാഹ് ഒന്നാണ്. എല്ലാവരുടെയും പിതാവും ഒരാള്‍ തന്നെ. എല്ലാവരും ആദമില്‍ നിന്നുള്ളവരാണ്; ആദം മണ്ണില്‍ നിന്നും. വെളുത്തവന് കറുത്തവനേക്കാള്‍, അറബിക്ക് അറബിയല്ലാത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല, തഖ്‌വയുടെ അടിസ്ഥാനത്തിലല്ലാതെ.” (മുസ്‌ലിം).


മനുഷ്യന്റെ മൗലികാവകാശങ്ങള്‍


1. ജീവിക്കാനുള്ള അവകാശം
മനുഷ്യ ജീവന്‍ പാവനമാണ്. അന്യായമായി അത് ഹനിക്കപ്പെടാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് ഏറ്റവും കടുത്ത ഏഴു പാപങ്ങളില്‍ (സബ്ഉല്‍ മൂബിഖാത്ത്) ഒന്നായാണ് തിരുനബി(സ) എണ്ണിയത്.
അബൂഹുറൈറ(റ) റിപ്പോര്‍ട്ടു ചെയ്യുന്നു: ”നബി (സ) പറഞ്ഞു. ഏഴ് വന്‍പാപങ്ങളെ നിങ്ങള്‍ വര്‍ജ്ജിക്കുക. ചോദിക്കപ്പെട്ടു: ‘യാ റസൂലല്ലാഹ്, അവ ഏതൊക്കെയാണ്?’ അവിടുന്ന് അരുളി: ‘അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍ സിഹ്ര്‍ ചെയ്യല്‍, അല്ലാഹു ആദരിച്ച മനുഷ്യജീവന്‍ അന്യായമായി ഹനിക്കല്‍….” (മുസ്‌ലിം).
ജാതിമത ഭേദമന്യേ ഇത് ബാധകമാണ്.
നബി(സ) പറഞ്ഞു: ”ആരെങ്കിലും ദിമ്മികളില്‍പെട്ട വല്ലവനെയും വധിച്ചാല്‍ സ്വര്‍ഗത്തിന്റെ സുഗന്ധം പോലും അവന് ലഭിക്കുകയില്ല.”
മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെ കാണാം: ”അറിയുക, ആരെങ്കിലും ഉടമ്പടിയിലുള്ളവനെ ആക്രമിക്കുകയോ, അസാധ്യമായതിന് നിര്‍ബന്ധിക്കുകയോ അവന്റെ ഏതെങ്കിലും അവകാശം ഹനിക്കുകയോ അവന് ഇഷ്ടമില്ലാതെ വല്ലതും എടുക്കുകയോ ചെയ്താല്‍ ഖിയാമത്ത് നാളില്‍ ഞാന്‍ അവനു വേണ്ടി വാദിക്കുന്നവനായിരിക്കും.” (അബൂയുസഫ്).
2- തുല്യത
സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaratiion of Human Rights) ഒന്നാം ഖണ്ഡിക പ്രഖ്യാപിക്കുന്നു: എല്ലാ മനുഷ്യരും സ്വതന്ത്രരായാണ് ജനിക്കുന്നത്. അവകാശങ്ങളിലും അഭിമാനത്തിലും എല്ലാ വ്യക്തികളും തുല്യരായിരിക്കും. ഖണ്ഡിക ഏഴ്, നിയമത്തിന്റെ മുമ്പില്‍ സര്‍വരും തുല്യരായിരിക്കും എന്ന് പറയുന്നു.
പ്രവാചക ജീവിതം പരിശോധിച്ചാല്‍ ഈ പ്രഖ്യാപനങ്ങളുടെ യഥാര്‍ത്ഥ പുലര്‍ച്ച കാണാന്‍ കഴിയും. തന്റെ വിടവാങ്ങിറപ സന്ദേശത്തില്‍ അവിടുന്നു പ്രഖ്യാപിച്ചു: ”നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിനത്തിന്റെ, ഈ മാസത്തിന്റെ, ഈ നാട്ടിന്റെ പവിത്രത പോലെ പവിത്രമാണ്.”
മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നത് അധിക്ഷേപാര്‍ഹമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്യുന്നു: ”ഇബ്‌നു മസ്ഊദ് പറഞ്ഞു: നബി(സ) പറഞ്ഞു: ”മുസ്‌ലിമിനെ ചീത്ത പറയല്‍ തെമ്മാടിത്തമാണ്; അവനോട് യുദ്ധം ചെയ്യല്‍ അവിശ്വാസവും.”
ഒരു യഥാര്‍ത്ഥ മുസ്‌ലിമിനെ തിരുനബി നിര്‍വചിച്ചതിനെങ്ങനെയാണ്: ”ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അപരനെ ആക്രമിക്കില്ല, നിന്ദിക്കില്ല, വധിക്കില്ല.” (മുസ്‌ലിം).
അവകാശങ്ങളിലും മനുഷ്യന്‍ തുല്യനാണ്. പദവിയോ കുടുംബമഹിമയോ തൊലിയുടെ നിറമോ അവിടെ മാനദണ്ഡമല്ല. ഖുറൈശികളിലെ ഉന്നത കുടുംബമായ മഖ്‌സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷ്ടിച്ച സംഭവം അതാണ് കാണിക്കുന്നത്.
അബൂബക്കര്‍ സിദ്ദീഖ്(റ) അടക്കമുള്ള ഉന്നതരായ സ്വഹാബികളുടെ സാന്നിധ്യത്തില്‍ നബിസന്നിധിയില്‍ നടന്ന പല സംഭവങ്ങളും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. തന്റെ ഏറ്റവും എളിയവനായ ഒരനുയായിക്ക് പോലും ഏറ്റവും ചെറിയ അവകാശങ്ങള്‍ പോലും വകവെച്ചുകൊടുക്കുന്ന പ്രവാചകനെ അവിടെ കാണാം.
3. നീതി
സൂറത്തുല്‍ ഹദീദില്‍ അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ തെളിഞ്ഞ തെളിവുകളുമായി നാം നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം കിതാബും തുലാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യന്‍ നീതി നിലനിര്‍ത്താന്‍.” (57:25).
പ്രവാചകന്‍മാരോടൊപ്പം തുലാസ് അവതരിപ്പിച്ചിരിക്കുന്നു എന്നതിന്റെവ്യവസ്ഥ നീതിയാണ്. നീതിയുടെ കാവലാളുകളായിരുന്നു എല്ലാപ്രവാചകന്‍മാരും.
”ആര് ജനങ്ങളോട് ഇടപഴകുമ്പോള്‍ അവരോട് അനീതി കാണിക്കാതിരിക്കുകയും സംസാരിക്കുമ്പോള്‍ കള്ളം പറയാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ മനുഷ്യത്വം പൂര്‍ണമാവുകയും നീതി പ്രകടമാവുകയും സൗഹൃദം സുനിശ്ചിതമാവുകയും ചെയ്തു.” (അബൂദാവൂദ്) എന്ന വചനത്തിലൂടെ മനുഷ്യത്വത്തിന്റെ പൂര്‍ണതയായി നീതിയെ നബി(സ) ഉയര്‍ത്തിക്കാട്ടുന്നു.
മറ്റൊരു ഹദീസില്‍ അവിടുന്ന് അരുളി: ”അല്ലാഹു ഇബ്രഹീം(അ) വഹ്‌യ് നല്‍കി:  ”എന്റെ മിത്രമേ, സത്യനിഷേധികളോടായാലും നീ നന്നായി പെരുമാറുക.” (തുര്‍മുദി).
മുസ്‌ലിമും ജൂതനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സത്യം ജൂതന്റെ ഭാഗത്താണെന്ന് വ്യക്തമായപ്പോള്‍ അവന് അനുകൂലമായി വിധിച്ച സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ കാണാമല്ലോ.


4. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
പ്രവാചകന്‍ മനുഷ്യന് സമ്പത്ത് നേടാനും അത് സംരക്ഷിക്കാനുമുള്ള അവകാശവും അധികാരവും വകവെച്ചു കൊടുക്കുന്നു. സ്വത്ത്, ധനം സംരക്ഷിക്കാന്‍ വേണ്ടി മരിച്ചുവീണാല്‍ അവന്‍ രക്തസാക്ഷിയാണ് എന്നാണ് അവിടുത്തെ അരുളപ്പാട്. ഭൂമി എല്ലാവര്‍ക്കുമുള്ളതാണ്, അത് ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നാണ് പ്രവാചകാധ്യാപനം. സാമ്രാജ്യത്വ അധിനിവേശങ്ങളുടെ വര്‍ത്തമാനകാലത്ത് ഈ ദര്‍ശനത്തിന് പ്രസക്തിയേറെയാണ്. ആത്യന്തികമായി ഭൂമി ചിലര്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന മുതലാളിത്ത കാഴ്ചയാണ് എല്ലാ അധിനിവേശങ്ങളുടെയും ഉള്‍ക്കാമ്പ്. കാപ്പിറ്റലിസത്തിന് സൈദ്ധാന്തിക പരിവേശം നല്‍കിയ ആഡംസ്മിത്തിന്റെ വാദപ്രകാരം കച്ചവടക്കാരും ഉല്‍പാദകരും ആയിരിക്കണം ലോകത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന പ്രധാന ശില്‍പികള്‍. മൂലധന ശക്തികള്‍ക്ക് അനുഭാവികളുള്ളതാണ് ലോകം. ‘അര്‍ഹതയുള്ളവയുടെ അതിജീവനം’ എന്ന ഡാര്‍വിനിസ്റ്റ് ചിന്താഗതിയും ഈ മുതലാളിത്ത കാഴ്ചപ്പാടാണ് പ്രതിനിധാനം ചെയ്യുന്നത്.


5- തൊഴിലെടുക്കാനുള്ള അവകാശം
ചാതുര്‍വര്‍ണ്യ സിദ്ധാന്തമനുസരിച്ച് കച്ചവടവും കൃഷിയും വൈശ്യരുടെ ചുമതലയായിരുന്നു. തോട്ടിപ്പണി തുടങ്ങിയ തൊഴിലുകളും അതെടുക്കുന്ന ശൂദ്രനും ഒരേപോലെ മ്ലേഛമായിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ സിദ്ധാന്തം രൂപപ്പെട്ടതെന്ന വാദം മുഖവിലക്കെടുത്താല്‍ വ്യക്തമാവുന്ന ഒരു കാര്യം, അക്കാലത്തെ ജനസമൂഹം ചില തൊഴിലുകളോട് ദയനീയമായ അസ്പൃശ്യത കാണിച്ചിരുന്നുവെന്നാണ്. അത്തരം തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചില്ലെന്ന് മാത്രമല്ല അവരുടെ മനുഷ്യത്വം പോലും ചോദ്യംചെയ്യപ്പെട്ടിരുന്നു.
പ്രവാചകന്‍(സ) തൊഴിലിനെ ഏറ്റവും ഉത്തമമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചു.
മിഖ്ദാദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു- നബി(സ) പറഞ്ഞു: ”സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ആരും കഴിക്കുന്നില്ല. അല്ലാഹുവിന്റെ പ്രവാചകര്‍ ദാവൂദ്(അ) സ്വന്തം അധ്വാനത്തിലൂടെയാണ് ആഹരിച്ചിരുന്നത്.” (ബുഖാരി).
മിഖ്ദാദുബ്‌നു മഅ്ദി യക്‌രിബ(റ)വില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ”ഒരാളും സ്വന്തം കരങ്ങള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കിയതിനേക്കാള്‍ ഉത്തമമായ ഒരു ജോലിയും ചെയ്തിട്ടില്ല. ഒരാള്‍ അയാള്‍ക്ക് വേണ്ടിയും ഭാര്യ, മക്കള്‍, ഭൃത്യര്‍ എന്നിവര്‍ക്കു വേണ്ടിയും ചെലവഴിക്കുന്നത് പുണ്യകര്‍മവുമാവുന്നു.” (ഇബ്‌നുമാജ).
തൊഴിലിനെ മഹത്വപ്പെടുത്തുക മാത്രമല്ല തൊഴിലാളിയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്തു പ്രവാചകന്‍(സ). തൊഴിലാളിയുടെ വിയര്‍പ്പ് വറ്റും മുമ്പ് പ്രതിഫലം നല്‍കണം എന്ന പ്രവാചകാഹ്വാനത്തിന്റെ വിപ്ലവമൂല്യം അറിയാന്‍ ആ കാല ഘട്ടത്തില്‍ ലോകസമൂഹം തൊഴിലാൡള്‍ക്കും അടിമകള്‍ക്കും നേരെ കാണിച്ച ക്രൂരമായ മനോഭാവം പഠിച്ചറിയണം. തൊഴിലാളിക്ക് മാന്യമായ കൂലി, മാന്യമായ ഭക്ഷണം, പരിഗണന, സഹോദരഭാവത്തോടെയുള്ള പെരുമാറ്റം എന്നിവയെല്ലാം നല്‍കല്‍ തൊഴിലുടമയുടെ ബാധ്യതയാണെന്ന് തിരുനബി വിധിച്ചു. ഒരാളെയും അയാള്‍ക്ക് അസഹ്യമായ ജോലിയെടുപ്പിക്കാന്‍ പാടില്ല.
സ്വന്തം തൊഴിലാളിയെ ആക്ഷേപിച്ച അബൂദര്‍റ്(റ) വിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ആ വാക്കുകളില്‍ അനീതിയോടുള്ള കടുത്ത രോഷവും മനുഷ്യസ്‌നേഹത്തിന്റെ അഗാധതയും ദര്‍ശിക്കാനാവും.
”അബൂദര്‍റ്, നീ അവന്റെ ഉമ്മയെ ആക്ഷേപിക്കുകയോ? ജാഹിലിയ്യത്ത് ഇനിയും നിന്നില്‍ അവേശഷിക്കുന്നു. വേലക്കാര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ അധീനതയിലാക്കി. ഒരാളുടെ കീഴില്‍ അവന്റെ സഹോദരനുണ്ടെങ്കില്‍ അവന്‍ ഭക്ഷിക്കുന്നതില്‍ നിന്നും അവനെയും (തൊഴിലാളിയെ) ഭക്ഷിപ്പിക്കട്ടെ. അവന്‍ ധരിക്കുന്നത് അവനെയും ധരിപ്പിക്കട്ടെ.” (ബുഖാരി).


അവശ വിഭാഗങ്ങളുടെ അവകാശങ്ങള്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും പറിച്ചുനടപ്പെടുകയും ചെയ്യുന്നവന്റെ പ്രശ്‌നങ്ങള്‍ ഇന്ന് നമ്മുടെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇഷ്ടവിഷയമാണ്.
ഹിറാ ഗുഹയില്‍ പരിക്ഷീണിതനായി പാഞ്ഞുവന്ന തിരുനബി(സ)യെ ഖദീജബീവി(റ) സമാധാനിപ്പിക്കുന്ന ആവാചകങ്ങള്‍ ചരിത്രത്തില്‍ മറക്കാനാവുമോ.
”അല്ലാഹു നിങ്ങളെ ഒരിക്കലും നിസാരനാക്കില്ല. അങ്ങ്  കുടുംബബന്ധം പുലര്‍ത്തുന്നു, ആലംബഹീനരെ സംരക്ഷിക്കുന്നു, അഗതികളെ ആശ്വസിപ്പിക്കുന്നു, അതിഥികളെ സംരക്ഷിക്കുന്നു, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നു.”
അവശ ജനവിഭാഗങ്ങളെ ആദരിക്കലും അവരുടെ അവകാശങ്ങള്‍ മാനിക്കലും മുസ്‌ലിമിന്റെ ബാധ്യതയാണ്. പ്രവാചകന്‍ പഠിപ്പിക്കുന്നത് പാവങ്ങളെ നിന്ദിക്കല്‍ ദൈവനിന്ദക്ക് തുല്യമാെണന്നാണ്.
അബൂ ഹുബൈറ ആ ഉദ്ബ്‌നു അംറുല്‍ മുസ്‌നി(റ) നിവേദനം: ”സല്‍മാന്‍, സുഹൈബ്, ബിലാല്‍ തുടങ്ങിയ മക്കയിലെ ബലഹീനരായ ഒരു സംഘം സഹാബത്തിന്റെ അടുക്കല്‍ അബൂ സുഫ്‌യാന്‍ വന്നു. ഇത് കണ്ട അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ വാളുകള്‍ ഏല്‍ക്കേണ്ടിടത്ത് ഏറ്റിട്ടില്ല. ഇത് കേട്ട അബൂബക്കര്‍(റ) പറഞ്ഞു: ഖുറൈശികളുടെ നേതാവിനോട് നിങ്ങളിങ്ങനെ പറയുകയോ? നബി(സ) വന്നപ്പോള്‍ നബിയോട് അബൂബക്കര്‍(റ) കാര്യം പറഞ്ഞു. തിരുനബി ചോദിച്ചു: ”നീ അവരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകുമോ? നീ അവരെ ദേഷ്യം പിടിപ്പിച്ചുവെങ്കില്‍ അല്ലാഹുവിനെയാണ് നീ കോപിഷ്ഠനാക്കിയത്.” (മുസ്‌ലിം).
ഹാരിസ്ബ്‌നു വഹ്ബ്(റ) പറഞ്ഞു: ”സ്വര്‍ഗവാസികളെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ, എല്ലാ ബലഹീനരും അടിച്ചമര്‍ത്തപ്പെട്ടവരും.” (ബുഖാരി).
അനാഥകളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ശക്തമായ ഭാഷയില്‍ തിരുനബി താക്കീത് ചെയ്തിട്ടുണ്ട്.
”അല്ലാഹുവേ, അനാഥകള്‍, സ്ത്രീകള്‍ എന്നീ അവശ വിഭാഗങ്ങളുടെ അവകാശം ഹനിക്കുന്നവരെ ഞാന്‍ താക്കീത് ചെയ്യുന്നു.” (നസാഈ).

(സുന്നി അഫ്കാര്‍ വാരിക, 12 ഫെബ്രുവരി, 2007, സുന്നിമഹല്‍, മലപ്പുറം)

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter