മുസ്‍ലിം രാഷ്ട്രീയ കർതൃത്വം: സാധ്യതയും നവലോക ക്രമവും
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയിൽ ഖിലാഫത്തിന്റെ തകർച്ചയോടെയാണ് മുസ്‍ലിം സമൂഹം പരസ്പരം അന്യോന്യമായി തീർന്നത്. വില്യം മൂർ തന്റെ The Caliphate: its Rise, Decline and Fall എന്ന പുസ്തകത്തിൽ ഖിലാഫത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ പരിണിതഫലങ്ങളിൽ ഒന്നായി മുസ്‍ലിം ലോകത്ത് ഉടലെടുത്ത അനൈക്യത്തിന്റെ വേരുകളെ അനാവൃതമാക്കുന്നുണ്ട്. “ഉമ്മത്ത്” എന്ന വിശാല ബോധതലത്തിൽ നിന്നും “നഫ്സ്” എന്ന വ്യക്ത്യാധിഷ്ഠിത മാനങ്ങളിലേക്ക് മുസ്‍ലിമിനെ ചെന്നെത്തിച്ചതിന് പിന്നിൽ സാമ്രാജ്യത്വ ശക്തികൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നത് യാഥാർത്ഥ്യമാണ്.
പ്രമുഖ ചരിത്രകാരൻ ജിയാനേന്ദ്ര പാണ്ഡേയുടെ The politics of divide and rule എന്ന പുസ്തകം ഭിന്നിപ്പിച്ച് ഭരിക്കലിന്റെ രാഷ്ട്രീയ തന്ത്രത്തെയും അതുണ്ടാക്കിത്തീർക്കുന്ന വിഘടനത്തിന്റെ അപകടത്തെയും കൃത്യമായി തുറന്നു കാണിക്കുന്നുണ്ട്. “ഉമ്മത്തീ ബോധം” നിലനിൽക്കുന്ന സമൂഹത്തിൽ അധികാരമുപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് സായുധ പോരാട്ടം അല്ലെന്നും ബൗദ്ധിക യുദ്ധമാണെന്നുമുള്ള സാമ്രാജ്യത്വ ശക്തികളുടെ കണക്കുകൂട്ടലുകൾ ഏറെ ശരിയായിരുന്നു. അതിന് ഏറ്റവും നല്ല വഴി ഉള്ളിൽ നിന്ന് തന്നെ ഭിന്നിപ്പിന്റെ സ്വരമുയർത്തിക്കൊണ്ട് വന്ന് വിശ്വാസപ്രക്രിയകളിൽ അപചയം സാധ്യമാക്കുകായെന്നതായിരുന്നു. അക്കാലത്തെ ഇസ്‍ലാമിക വിജ്ഞാനത്തിന്റെ ഈറ്റില്ലമായിരുന്ന ഈജിപ്ത് തന്നെ അവർക്ക് ഉപയോഗിക്കാനായത് തങ്ങളുടെ പ്രത്യക്ഷ കരങ്ങളെ മറച്ചു പിടിക്കാൻ ഏറെ സഹായകമായി. ഖിലാഫത്തിനെ വാളുകൾ കൊണ്ട് വെട്ടി തകർത്തതായിരുന്നില്ല, ഇസ്‍ലാമിന്റെ ബൗദ്ധിക മണ്ഡലങ്ങളിൽ വിതറിയ വിഷ ബീജങ്ങളായിരുന്നു യഥാർത്ഥത്തിൽ “ഉമ്മത്ത്” എന്ന ബോധ്യത്തെ ഇല്ലാതാക്കി കളഞ്ഞത്.
മുസ്‍ലിം-ശിയാ ദ്വന്ദം കൂടുതൽ അകൽച്ച പാലിക്കാൻ തുടങ്ങിയതും ഒരേ വിഭാഗത്തിൽ അനൽപ്പമായ ഉപവിഭാഗങ്ങൾ ഉടലെടുക്കാനാരംഭിച്ചതും അനിയന്ത്രിതമായ തീവ്ര വിഭാഗങ്ങളുടെ വളർച്ചയും മുസ്‍ലിം ബൗദ്ധികതക്കേറ്റ പ്രഹരത്തിന്റെ പരിണിതിയായിരുന്നു. മുസ്‍ലിംകൾ നേരിടുന്ന ആഗോള പ്രശ്നങ്ങളിൽ ഐക്യത്തിന്റെ വേദിയൊരുക്കുന്നതിനപ്പുറം കൂടുതൽ ഭിന്നതയിലേക്ക് നീങ്ങിയതും നീങ്ങുന്നതും മുസ്‍ലിം സമൂഹത്തിനിടയിൽ ഉയർന്നുവന്ന ആഭ്യന്തര വെറുപ്പിന്റെ പ്രതിഫലനമാണ്. ദശകങ്ങളായി ആഗോള മുസ്‍ലിം സമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ അടക്കം ഒരു സാമുദായിക ഐക്യം സാധ്യമാകാത്തതും ഇത്തരം വെറുപ്പിന്റെ ഫലം തന്നെ.
എങ്കിലും ആഗോള മുസ്‍ലിംകൾക്കിടയിൽ ഉമ്മത്തീ ബോധത്തിന്റെ വീണ്ടെടുപ്പ് ഏറെ സങ്കീർണതകൾ മറികടന്നാണെങ്കിലും സാധ്യമാണെന്നിടത്താണ് ഭൂരിപക്ഷമുള്ളത്. ഈയടുത്തായി ഈജിപ്ത്, മൊറോക്കോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുസ്‍ലിംകള്‍ക്കിടയിൽ നടത്തിയ സർവ്വേ, ബഹുഭൂരിപക്ഷം പേരും ആഗോള ഐക്യത്തെ ആഗ്രഹിക്കുന്നുവെന്ന ശുഭപ്രതീക്ഷയാണ് സമ്മാനിക്കുന്നത്. മുജ്തബ അലി ഇഹ്സാനിയുടെ “Muslim Public Opinion Towards International Order” എന്ന പഠനവും സമാന്തരമായ ഒരു ആശയമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം ചിന്തകളെ ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ ഏജൻസികൾ ഉദിച്ചു വരാത്തതാണ് യഥാർത്ഥത്തിൽ വ്യത്യസ്ത തീവ്രവാദ സംഘടനകളുടെ ഉറവിടങ്ങളായി വർത്തിക്കുന്നത് എന്ന വായനയും അനിഷേധ്യമാണ്. ആഗോളതലത്തിൽ ഉയർന്നുവന്ന പാൻ ഇസ്‍ലാമിക് ഐഡന്റിറ്റിയും പാൻ എത്‌നിക്ക് മൂവ്മെന്റുകളും പോലോത്ത രാഷ്ട്രീയ ഐക്യ മുന്നേറ്റങ്ങൾ രാഷ്ട്രീയസഖ്യമായി പരിവർത്തിപ്പിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആധുനിക മുസ്‍ലിം യുവാക്കൾക്കിടയിൽ ഉയർന്നുവരുന്ന ഇസ്‍ലാമിക സ്വത്വബോധം ഹിഷാം ഐദിയെന്ന ചരിത്രകാരൻ കണക്കുകൾ സഹിതം വിശദീകരിക്കുന്നുണ്ട്.
ഛിദ്ധ്രമായി കിടക്കുന്ന മുസ്‍ലിം സമൂഹങ്ങളുടെ ഐക്യത്തിനായി നിരവധി ശ്രമങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതലേ നടന്നിട്ടുണ്ട്. ഖിലാഫത്തിന്റെ തകർച്ചാനന്തരം രംഗത്ത് വന്ന അത്തരം മുന്നേറ്റങ്ങൾ പല സ്വഭാവത്തിലുള്ളതായിരുന്നു. മാത്രമല്ല, അവയുടെയെല്ലാം പ്രതിഫലനങ്ങളും വ്യത്യസ്തമായിരുന്നു. മുസ്‍ലിം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന അന്താരാഷ്ട്ര കൗൺസിൽ രൂപീകരിക്കണമെന്ന ആവശ്യം ഈ ശ്രമങ്ങളുടെ ഭാഗമായിരുന്നു. അത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്ന രചനകളും ഇതിൽപെടുന്നതാണ്. അല്ലാമാ ഇഖ്ബാലും തഖിയുദ്ധീൻ നബ്ഹാനിയും മാലിക് ബിന്നബിയുമെല്ലാം അത്തരം രചനകളിലൂടെ സമൂഹത്തെയും അതിന്റെ സാംസ്കാരികപരിവർത്തനത്തെയും കുറിച്ച് സംസാരിച്ച ചിലരാണ്.
പക്ഷേ ഈ കാലഘട്ടത്തിൽ ആഗോളതലത്തിൽ തന്നെ ശക്തിപ്പെട്ട് വന്ന അതിദേശീയ വികാരം ഈ ശ്രമങ്ങളെ നിഷ്പ്രഭമാക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. 84 ഓളം രാജ്യങ്ങളിൽ നിന്ന് 552 ഓളം മതപണ്ഡിതരെ ഉൾക്കൊള്ളിച്ച് 2014ൽ അബ്ദുല്ലാ രാജാവ് വിളിച്ചുചേർത്ത അന്താരാഷ്ട്ര മുസ്‍ലിം സമ്മേളനമാണ് ഈ ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണം. വ്യത്യസ്ത രാജ്യങ്ങളെ കൂട്ടുപിടിച്ച് രൂപീകരിക്കുന്ന സംഘടനകളും കൗൺസിലുകളും ഈ ഐക്യബോധത്തിൽ തന്നെ രൂപപ്പെടുന്നതാണ്. ബ്രിട്ടൻ, യൂറോപ്പ്, നോർത്ത് അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെ ഇമാമുമാരെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച ഗ്ലോബൽ ഇമാം കൗൺസിലും ഇതിന്റെ ഉദാഹരണമാണ്.
ഒറ്റരാത്രികൊണ്ട് ഈ ഐക്യപ്പെടൽ സാധ്യമല്ലെങ്കിലും ദീർഘകാല പ്രക്രിയയുടെ ഭാഗമായി “ഉമ്മത്തീ ബോധ”ത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകും എന്നത് സത്യമാണ്. പ്രമുഖ ആധുനിക രാഷ്ട്രീയ സൈദ്ധാന്തികൻ അബ്ദുൽ വഹാബ് അൽഅഫന്ദി ചൂണ്ടിക്കാണിക്കുന്നതുപോലെ ആധുനിക ദേശ രാഷ്ട്രങ്ങളുടെ നിയമ സംവിധാനങ്ങൾ സാധ്യമാക്കുന്ന തീവ്ര പൗരബോധങ്ങൾക്കും അതിദേശീയതക്കുമപ്പുറത്ത് നിലനിൽക്കുന്ന ഒരു രാഷ്ട്രീയ സംവിധാനമാണ് പുതിയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വരേണ്ടത്. ഒ ഐ സി പോലുള്ള അന്താരാഷ്ട്ര വേദികൾ കൂടുതൽ ശക്തിപ്പെടേണ്ടതും അനിവാര്യമാണ്. ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന മുസ്‍ലിം രാഷ്ട്രങ്ങൾ ഇതിന് മുൻകൈയെടുത്ത് മുന്നോട്ടുവരണം. മുസ്‍ലിംകളുടെ ബൗദ്ധികമാനങ്ങളെ പാകപ്പെടുത്തലും ഇതിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. പ്രാദേശിക തലങ്ങളിലെ മുസ്‍ലിം പണ്ഡിതന്മാർ ഈ ഐക്യത്തിന്റെ പ്രാധാന്യവും ആവശ്യകതയും തുറന്നുകാട്ടി വിമർശന തീവ്ര വിരുദ്ധ സ്വരങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്.
സാമ്രാജ്യങ്ങൾ മുസ്‍ലിം മനസ്സിൽ വിതറിയ ഭിന്നിപ്പിന്റെ ബോധ്യത്തെ തുടച്ചുനീക്കുമ്പോൾ മാത്രമാണ് പ്രയോഗശേഷിയുള്ള ഐക്യപ്പെടൽ യാഥാർത്ഥ്യമാകുന്നത്. വ്യത്യസ്ത മുസ്‍ലിം രാഷ്ട്രങ്ങളിലെ ചിന്തകർ, വിദഗ്ധർ, എഴുത്തുകാർ, നിരീക്ഷകർ, ആക്ടിവിസ്റ്റുകൾ എല്ലാം അടങ്ങുന്ന വിവിധ കൂട്ടായ്മകളും ഇതിന്റെ ഭാഗമായി രൂപപ്പെടേണ്ടതുണ്ട്. കേവലം സാമൂഹികമായ ഐക്യപ്പെടലിനുപരി സാമ്പത്തിക ഭദ്രതയും സ്വാശ്രയത്വവും കൈവരിക്കാനുള്ള കൂട്ടായ ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടക്കണം. 1990കളിൽ തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന നജ്മുദ്ദീൻ അര്‍ബകാന്റെ നേതൃത്വത്തിൽ നടന്ന, ദീനാറിനെ ആഗോള മുസ്‍ലിം കറൻസിയാക്കാനുള്ളത് പോലുള്ള ശ്രമങ്ങളും നടക്കേണ്ടിയിരിക്കുന്നു.
ക്ഷണികമായ നാശങ്ങളെ സഹിക്കാനും ദീർഘകാല ലക്ഷ്യം ഉൾക്കൊള്ളാനും സമൂഹവും രാഷ്ട്രവും ഒരുപോലെ പാകപ്പെടുമ്പോൾ മാത്രമേ ഇത് പ്രാവർത്തികമാകൂ. മുസ്‍ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ പ്രതിപാദ്യ സാധ്യതകൾ പ്രായോഗികമായാൽ ആഗോള പ്രശ്നങ്ങളെ ധീരമായി നേരിടാനും അഭിമാനബോധം കൈവരിക്കാനും സാധ്യമാകും. ആശ്രയ മനോഭാവം വിട്ട് നിലനിൽപ്പ് സാക്ഷാത്കരിക്കപ്പെടുന്ന പുതിയ സാധ്യതകൾ ഇതിന്റെ തുടർച്ചയായി സൃഷ്ടിക്കപ്പെടും. അന്ധമായ മുസ്‍ലിം വിരോധത്തെയും അനിയന്ത്രിതമായ ആക്രമണത്തെയും ഒരു പരിധിവരെ തടഞ്ഞു നിർത്താൻ ഈ ഐക്യപ്പെടൽ കാരണമാകും. അക്രമിക്കപ്പെടുന്നവനെ സഹായിക്കാനും പീഢിതരെ മോചിപ്പിക്കാനും തയ്യാറാകുന്ന, അനീതിക്കെതിരെ ശബ്ദിക്കാന്‍ മുന്നോട്ട് വരുന്ന ഒരു ശക്തിയായി അതോടെ മുസ്‍ലിംകളും മുസ്‍ലിം രാഷ്ട്രങ്ങളും മറും. അത് തന്നെയാണ്, യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ ദൈവിക ഭരണവും.
നവലോക ക്രമത്തിൽ ഈ ലക്ഷ്യസാക്ഷാത്കാരത്തിന് ചിലപ്പോൾ പലതും ത്യജിക്കേണ്ടി വന്നേക്കാം. ആ സഹനങ്ങൾക്കപ്പുറം ഒരു സ്വപ്നം പൂവണിയുന്നുണ്ടെന്ന ബോധ്യം നമ്മെ നയിക്കട്ടെ.
Leave A Comment