ബലാതു ശുഹദാ യുദ്ധം: പാരീസ് കീഴടക്കാനിറങ്ങിയ മുസ്‌ലിം പടയുടെ കഥ

സ്പാനിഷ് ഇസ്‍ലാമിക ചരിത്രത്തിൽ ഏറെ പ്രസക്തിയുള്ള ഭാഗമാണ് ബലാതു ശുഹദാ യുദ്ധം.  വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നുവെങ്കിൽ യൂറോപ്പിന്റെ ചരിത്രം തന്നെ മാറ്റി മറിച്ചിരുന്ന ഒരു യുദ്ധമാകുമായിരുന്നു ഇത്. സ്പാനിഷ് മുസ്‍ലിം സൈന്യവും യൂറോപ്യൻ സൈന്യവും തമ്മിൽ നടന്ന ബലാതു ശുഹദാ യുദ്ധം,  ഹിജ്റ 114 ശഅ്ബാന്റെ അന്ത്യത്തിൽ ആരംഭിച്ച്  റമദാനിന്റെ  ആദ്യത്തിലവസാനിച്ച ചരിത്ര സംഭവമാണ്. ക്രിസ്തു വർഷ പ്രകാരം AD 732 ലായിരുന്നു ഇത്. പോറ്റിയേഴ്സ് യുദ്ധം അല്ലെങ്കിൽ ടൂർസ് യുദ്ധം എന്നും ഇതറിയപ്പെടുന്നുണ്ട്.
അക്കാലത്തെ ഉമവി ഖലീഫയായിരുന്ന ഹിഷാമു ഇബ്നു അബ്ദുൽ മലികിന്റെ ഭരണകാലത്ത് ഫ്രഞ്ച് തലസ്ഥാനമായ പാരീസിനടുത്തുള്ള വ്യത്യസ്ത  ഭൂപ്രദേശങ്ങളിൽ മുസ്‍ലിംകൾ എത്തിച്ചേരുകയും അവയെല്ലാം ഉമവികളുടെ അധീനതയിലാവുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ യൂറോപ്പ് കീഴടക്കാനുള്ള അവസാന മുസ്‍ലിം സൈനിക വിന്യാസമായിരുന്നു ബലാതു ശുഹദാ യുദ്ധം. സ്പാനിഷ് പര്യടനത്തിന് ശേഷം ഉമവികളുടെ ലക്ഷ്യം ഫ്രാൻസ് അധീനപ്പെടുത്തലായിരുന്നു.  പ്രമുഖ താബിഉം സ്പാനിഷ് ഗവർണറുമായിരുന്ന അബ്ദുൽ റഹ്മാൻ അൽ ഗാഫിഖിയായിരുന്നു യുദ്ധത്തിലെ മുസ്‍ലിംകളുടെ നേതാവ്. ഫ്രാങ്കിഷ് നേതാവായിരുന്ന ചാൾസ് മാർട്ടൽ നയിച്ചിരുന്ന യൂറോപ്യൻ ശക്തികളുടെ വിജയത്തോടെയാണ് ഈ യുദ്ധം പര്യവസാനിച്ചത്.

കോൺസ്റ്റാന്റിനോപ്പിളെന്ന സ്വപ്നം
മുസ്‍ലിംകളുടെ യൂറോപ്പ്യൻ പര്യടനത്തിനു പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പ്രമുഖ സ്വഹാബിയും ഖലീഫയുമായിരുന്ന ഉസ്മാൻ ഇബ്നു അഫാൻ(റ)ന്റെ വസിയ്യത്താണെന്നാണ് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വസിയ്യത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു:  "സ്പെയിൻ മുഖേനയാണ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നത്. നിങ്ങളതിന്റെ വഴിയിലുള്ള പ്രദേശങ്ങൾ വിജയം വരിച്ച് വഴി തുറന്നാൽ അല്ലാഹു കനിയുന്ന  പ്രതിഫലത്തിന്റെ വിഷയത്തിൽ കോൺസ്റ്റാന്റിനോപ്പിളിന്റെ വിമോചകർക്ക് തുല്യരാണ് നിങ്ങൾ". പല ഭരണാധികാരികളും ഈ സ്വപ്ന സാക്ഷാൽക്കാരത്തിനായി ജീവത്യാഗം ചെയ്തു. അതിന്റെ സ്വാധീനം തന്നെയാണ് ഈ യുദ്ധത്തിനു പിന്നിലുമെന്ന് കരുതപ്പെടുന്നു.

ചരിത്ര പശ്ചാത്തലം
സംഉബ്നു മാലികിൽ ഖൗലാനിയെ ഉമവി ഖലീഫ ഉമർ ഇബ്നു അബ്ദുൽ അസീസ്(റ) സ്പാനിഷ് ഗവർണറായി ചുമതലയേൽപ്പിക്കുന്നതോടെയാണ് സംഭവങ്ങളാരംഭിക്കുന്നത്. ഏറെ ധീരശാലിയും ധര്‍മ്മയുദ്ധ തൽപരനുമായിരുന്നു സംഅ്. ഭരണമേറ്റെടുത്തയുടനെ അദ്ദേഹം സെപ്റ്റിമാനിയ കീഴടക്കുകയുണ്ടായി. അതോടെ ആ പ്രദേശം യൂറോപ്യൻ പര്യടനത്തിനുള്ള മുസ്‌ലിം സൈന്യത്തിന്റെ താവളമായി മാറി. ഓക്സിറ്റാനിയ ആയിരുന്നു സംഇന്റെ അടുത്ത ലക്ഷ്യം. ഓക്സിറ്റാനിയന്‍ തലസ്ഥാനമായിരുന്ന തൂളൂസിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആ ധീര നേതാവ് രക്തസാക്ഷിയായി.

തൂളൂസ് യുദ്ധത്തിൽ സംഉൽ ഖൗലാനിയോടൊപ്പം  സൈനിക മേധാവിയായി അനുഗമിച്ചിരുന്നത് നമ്മുടെ കഥാപുരുഷ്യൻ അബ്ദുൽ റഹ്മാൻ അൽ ഗാഫിഖിയായിരുന്നു. നേതാവിന്റെ വിയോഗമറിഞ്ഞതോടെ അദ്ദേഹം സൈന്യവുമായി പിൻവാങ്ങി. യുദ്ധത്തിലുടനീളം  ധീരത തെളിയിച്ച അദ്ദേഹത്തിന്റെ ഈ നീക്കം ഏറെ പ്രശംസനീയമായിരുന്നു. ആ സന്നിഗ്ധ ഘട്ടത്തിൽ അത് അത്യാവശ്യമായിരുന്നു.   ഗാഫിഖിയുടെ നീതിയും കഴിവും അനുഭവിച്ചറിഞ്ഞ സൈനികരുടെ അഭ്യർത്ഥനപ്രകാരം അൽ ഗാഫിഖി  അന്തലുസിന്റെ താൽക്കാലിക ഗവർണറായി നിയമിതനായി. ഖലീഫയുടെ തീരുമാനമെത്തുന്നത് വരെയായിരുന്നു അത്. പക്ഷെ രണ്ട് മാസത്തിനുള്ളിൽ സ്പെയിനിലെ ചിതറിയ മുസ്‌ലിംകളെ ഒരുമിപ്പിക്കാനും അവരുടെ അണികളെ സംഘടിപ്പിച്ച് സൈന്യത്തെ ഭദ്രമാക്കാനും  അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ വ്യക്തമായ തെളിവായിരുന്നു.

അങ്ങനെയിരിക്കെയാണ് ഖലീഫയുടെ സന്ദേശമെത്തുന്നത്. ഗാഫിഖിയെ ഗവർണർ പദവിയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നുവെന്നായിരുന്നു സന്ദേശം. ഖലീഫയുടെ തീരുമാനത്തോട് മഹാന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം, മാറിമാറി വന്ന ഏഴ് അമീറുമാർക്കു കീഴിൽ താഴ്മയോടെ ജീവിച്ചു. അതിനു ശേഷമാണ് വീണ്ടും ഗവർണ്ണർ പദവി അദ്ദേഹത്തെ തേടിയെത്തിയത്. ഖലീഫ ഹിഷാം ഇബ്നു അബ്ദുൽ മലിക് അദ്ദേഹത്തെ വീണ്ടും സ്പെയിനിന്റെ ഗവർണ്ണറായി അവരോധിച്ചു.

അദ്ദേഹത്തിന്റെ ഭരണകാലം ഏറെ നന്മകൾക്ക് സാക്ഷിയായി. യുദ്ധവും സന്ധിയും അദ്ദേഹത്തിന്റെ ഭാഷ്യമായിരുന്നു. കാലങ്ങളായി പരിഹാരമില്ലാതെ തുടർന്നു പോന്ന ഖൈസീ, യമനീ ഗോത്രങ്ങൾ തമ്മിലുള്ള ശത്രുതയ്ക്കും കലഹങ്ങൾക്കും അദ്ദേഹം അറുതി കണ്ടു. ഇസ്‍ലാമിന്റെ ബാനറിനു കീഴിൽ അറബികളെയും ബർബറുകളെയും ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം വിജയം കൈവരിച്ചുവെന്നത് ഏറെ ശ്ലാഘനീയമായ ഒരു നേട്ടമാണ്.

യുദ്ധമാരംഭിക്കുന്നു
ഓക്സിറ്റാനിയന്‍ ഡ്യൂക്ക് തന്റെ രാജ്യത്തിനേറ്റ പ്രഹരത്തിൽ ഏറെ നിരാശനായിരുന്നു. സ്പാനിഷ് പര്യടനത്തിൽ തങ്ങളുടെ തലസ്ഥാനം നഷ്ടമായിരിക്കുന്നു. മുസ്‍ലിം സൈനികർ യുദ്ധമുഖത്ത് ഏറെ സ്ഥൈര്യമുള്ളവരും രക്തസാക്ഷ്യം വരിക്കാനായി വെമ്പൽ കൊള്ളുന്നവരുമാണെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ യുദ്ധ തന്ത്രങ്ങളും പദ്ധതികളും പുനരാലോചിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്താലല്ലാതെ അവരെ പരാജയപ്പെടുത്താൻ സാധ്യമല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെ അയാൾ സ്പാനിഷ് മുസ്‍ലിംകളുടെ ഐക്യവും കെട്ടുറപ്പും തകർക്കാനായി വിഭിന്ന പ്രദേശങ്ങളിൽ ആഭ്യന്തര കലഹങ്ങൾക്കായി തിരികൊളുത്തി.

അതിന്റെ സ്വാധീനമെന്നോണം ഫ്രാങ്കിഷ് ശക്തികൾ വടക്കൻ മുസ്‍ലിം ഭരണ പ്രദേശങ്ങളിലേക്ക് സൈനിക  പര്യടനമാരംഭിച്ചു. ഇതറിഞ്ഞ ഗാഫിഖി മുസ്‍ലിം സൈന്യത്തെ സുസജ്ജമാക്കി. അദ്ദേഹം ജിഹാദിനായി രാജ്യമാകെ വിളംബരം മുഴക്കി. ഖിലാഫത്തിന്റെ പരിധിയിലുള്ള എല്ലാ പ്രദേശത്തുകാരോടും ജിഹാദിനായിറങ്ങാൻ ഗവർണർ ആഹ്വാനം ചെയ്തു. തെക്കൻ ഫ്രാൻസിലെ ഓക്സിറ്റാനിയായിലേക്കായിരുന്നു ഗാഫിഖി സൈന്യത്തെ നയിച്ചത്. ഫ്രാൻസ് കീഴടക്കാനുള്ള പ്രത്യാശയിലാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്. ഫ്രാൻസിനെ സ്പാനിഷ് ഭരണകൂടത്തിന്റെ വരുതിയിലുൾപ്പെടുത്താൻ ഏകദേശം രണ്ടു വർഷമായി അദ്ദേഹം പദ്ധതി തയ്യാറാക്കുകയായിരുന്നു. അതിന്റെ ഒരു വിരാമം കൂടിയായിരുന്നു ഈ നടപടി. 
ഹിജ്റ വർഷം 114ൽ ഗാഫിഖി 50,000ത്തോളം വരുന്ന രണധീരരുമായി ഫ്രാൻസ് ലക്ഷ്യം വെച്ച് യാത്ര പുറപ്പെട്ടു. ഇസ്‍ലാമിക ചരിത്രത്തിൽ തന്നെ  ആൽബർട്ട് പർവത നിരകളിലൂടെ ഫ്രാൻസിലേക്ക് പ്രവേശിക്കുന്ന  ഏറ്റവും വലിയ മുസ്‍ലിം സൈനിക ശക്തിയായിരുന്നു അത്. മെഡിറ്ററേനിയൻ കടലിന് അഭിമുഖമായി നിൽക്കുന്ന ആർലെസ് പട്ടണം കീഴടക്കിയതിനുശേഷം അദ്ദേഹം മുസ്‍ലിം സൈന്യത്തെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പൈറനീസ് പർവ്വതനിരകളിലൂടെയാണ് മുന്നോട്ട് നയിച്ചത്. മലകളിറങ്ങിയതോടെ തെക്കൻ ഗൗൾ പ്രവിശ്യയിലെത്തിയ മുസ്‍ലിം സൈന്യത്തിന്റെ ജൈത്രയാത്ര അതിശീഘ്രം മുന്നോട്ട് കുതിച്ചു. അതിന്റെ ഫലമെന്നോണം ഗൗൾ പ്രവിശ്യകളായ ലിയോണും സെൻസും മുസ്‍ലിംകളുടെ വരുതിയിലായി. അതിനുശേഷമാണ് ഡച്ചി ഓഫ് ഓക്സിറ്റാനിയായിലേക്ക് സൈന്യമെത്തിയത്. അവിടെയുണ്ടായ ഡ്യൂക്കിനെ മുസ്‍ലിംകൾ തുരത്തിയോടിച്ചതോടെ ആ തട്ടകവും സ്പാനിഷ് പടയുടെ കൈകളിലായി.

ഏറ്റുമുട്ടൽ
മഹാനായ ഗാഫിഖി ഫ്രാൻസിന്റെ തെക്കൻ പ്രവിശ്യകൾ പൂർണ്ണമായും കീഴടക്കിയതോടെ തോൽവി സമ്മതിച്ചു പിന്തിരിഞ്ഞോടിയ ഡ്യൂക്ക് തന്റെ നിത്യ ശത്രുവും ഫ്രാങ്കിഷ് സാമ്രാജ്യത്തിന്റെ  തലവനുമായ ചാൾസ് മാർട്ടലിന്റെയടുക്കൽ അഭയം തേടി. മുസ്‍ലിം സൈന്യം പാരീസിലേക്കെത്താൻ കൂടുതലൊന്നും താമസിക്കില്ലെന്ന് അദ്ദേഹം ചാൾസിനോട് മുന്നറിയിപ്പ് നൽകി. അതോടെ, ചാൾസ് ഡ്യൂക്കിനെ സഹായിക്കാമെന്നും മുസ്ലിം സൈന്യത്തെ നേരിടാമെന്നും വാക്ക് കൊടുത്തു. പക്ഷെ ഓക്സിറ്റാനിയ കീഴടങ്ങിയാല്‍ അതിന്റെ മേലുള്ള ആധിപത്യം തനിക്കു മാത്രമാകുമെന്ന് അയാൾ നിബന്ധന വച്ചിരുന്നു. കൂടാതെ യൂറോപ്പിലെ ഇതര രാജാക്കന്മാർക്ക് മുമ്പേ താൻ യൂറോപ്പിന്റെ രാജാവാകുമെന്ന വാഗ്ദാനവും പോപ്പിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതോടെ തന്റെ ആത്മവിശ്വാസം വർധിച്ചു. 

തദടിസ്ഥാനത്തിൽ മാർട്ടൽ ഒരു വലിയ സൈന്യത്തെ തന്നെ തയ്യാറാക്കി. ഏകദേശം രണ്ട് ലക്ഷം പോരാളികളുടെ സൈനിക വ്യൂഹമായിരുന്നുവത്. നാല് ലക്ഷമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മാത്രമല്ല മാർട്ടലിന് യൂറോപ്പിലുണ്ടായിരുന്ന ബന്ധങ്ങൾ കാരണം അദ്ദേഹത്തോടൊപ്പം ചേരാൻ അവിടുത്തെ രാജ്യങ്ങളെ സ്വാധീനിക്കാനും അയാൾക്കായി. കൂടാതെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വൻ പ്രചാരണവും നടന്നു. പ്രശസ്ത നഗരങ്ങളായ പോയിറ്റിയേഴ്സിന്റെയും ടൂർസിന്റെയും ഇടയിലായിട്ടാണ് മുസ്‌ലിം സൈന്യം തമ്പടിച്ചത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ വടക്കുഭാഗത്തായിട്ട് ലോയർ നദിക്കു സമീപത്തായെത്തിയ മാർട്ടലിന്റെ സൈന്യത്തെ അവർക്ക് ശ്രദ്ധിക്കാനായില്ല.

തന്റെ എതിരാളിയെ നേരിടാനായി ഗാഫിഖി ലോയർ നദിയിലേക്കിറങ്ങിയപ്പോഴാണ് ചാൾസ് മാർട്ടലിന്റെ നേതൃത്വത്തിൽ അതിശക്തമായ സൈനിക വ്യൂഹം നദിക്കക്കരെ താവളമടിച്ചത് അദ്ദേഹം കണ്ടത്. ശത്രു സൈന്യത്തിന്റെ ശക്തി കണ്ടത്ഭുതപ്പെട്ട അദ്ദേഹം ഗത്യന്തരമില്ലാതെ തന്റെ സൈന്യവുമായി ആദ്യം താവളമടിച്ച പ്രദേശത്തേക്ക് തന്നെ മടങ്ങി. പക്ഷേ ഈ സമയം മാർട്ടലും തന്റെ സൈന്യവും ലോയർ നദി മുറിച്ചു കടക്കുന്നതിൽ വിജയം കൈവരിച്ചു. അങ്ങനെ മാർട്ടലിന്റെ സൈന്യം മുസ്‍ലിം സൈന്യത്തിൽ നിന്നും ഏതാനും മൈലുകൾക്കപ്പുറം താവളമടിച്ചു. ആ സമതലത്തിൽ പിന്നെ രണ്ടു സൈന്യങ്ങളും തമ്മിൽ യുദ്ധമാരംഭിക്കാൻ ഏറെ സമയം വേണ്ടി വന്നില്ല.

പോയിറ്റിയേഴ്സിന് 20 കിലോമീറ്റർ വടക്ക് ഭാഗത്തുള്ള ബലാത്തെന്ന പ്രദേശമായിരുന്നു അത്. ബലാത് എന്നാൽ കൊട്ടാരം അല്ലെങ്കിൽ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട കോട്ട എന്നാണ് അര്‍ത്ഥം. ആധുനിക യുഗത്തിൽ വ്യത്യസ്ത അറബ് വാളുകൾ ആ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് തന്നെയാണ് യുദ്ധം സംഭവിച്ചതെന്ന് കരുതപ്പെടാനുള്ള തെളിവുകളായി മാറി ഈ പുരാവസ്തു കണ്ടെത്തലുകൾ.

ഹിജ്റ 114 ശഅ്ബാന്റെ അവസാനത്തിൽ ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടി. റമദാൻ ആരംഭിക്കുന്നത് വരെ 9 ദിവസം ഈ യുദ്ധം തുടർന്നു. ആദ്യ ദിവസങ്ങളിൽ മുസ്‍ലിംകൾക്ക്  മേൽക്കൈ ലഭിച്ചെങ്കിലും ഇരു വിഭാഗത്തിനും നിർണായക വിജയം കൈവരിക്കാനായില്ല. പത്താം ദിവസം ഘോരമായ യുദ്ധം തന്നെ നടന്നു. ഇരുപക്ഷവും ഏറെ ഉത്സാഹത്തോടെയും ധീരതയോടെയും പോരാടി. അങ്ങനെ ഫ്രഞ്ച് നിരയിൽ വിള്ളലും വൈകല്യവും പ്രകടമായിത്തുടങ്ങി. മുസ്‍ലിം സൈന്യം വിജയത്തിലേക്ക് കുതിക്കുന്ന ദൃശ്യവും പ്രകടമാവാൻ തുടങ്ങി.

അങ്ങനെയിരിക്കയാണ് മുസ്‍ലിം സൈനിക നിരയിൽ ഒരു വിടവ് പ്രത്യക്ഷമായത്. ഇത് കണ്ട ഫ്രഞ്ച് കുതിരപ്പടയാളികൾ ആ അവസരം മുതലെടുത്തു. മുസ്‍ലിം സൈന്യത്തിന്റെ ഈ വൈകല്യം ഉപയോഗപ്പെടുത്തി ശത്രുനിരയിലേക്ക് അവർ ഇരച്ചു കയറി. ഈ വിടവ് ഉണ്ടായതിന്റെ പിന്നിൽ മറ്റൊരു വശമുണ്ട്. ചില മുസ്‌ലിം സൈനികർ തങ്ങളുടെ കൂടെ ഭാര്യമാരെയും കുട്ടികളെയും കൊണ്ടു വന്നിട്ടുണ്ടായിരുന്നു. അവരെ ഫ്രഞ്ച് രാജ്യങ്ങളിൽ താമസിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നുവത്. മുസ്‍ലിംകൾ ഫ്രാൻസ് കീഴടക്കുമെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന ഗവർണ്ണർ ഗാഫിഖിയുടെ  ആഹ്വാനത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതറിഞ്ഞ ശത്രുക്കൾ ഇവിടെയും കുതന്ത്രങ്ങൾ മെനഞ്ഞു. ഇസ്‍ലാമിക സൈന്യം യുദ്ധം ചെയ്യുന്ന പശ്ചാത്തലത്തിൽ  മുസ്‍ലിം സൈനികരുടെ ബന്ധുക്കളുടെ ക്യാമ്പുകളും പാണ്ടികശാലകളും ഫ്രാങ്കുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഇതറിഞ്ഞ ചില മുസ്‌ലിം സൈനികർ തങ്ങളുടെ കുടുംബങ്ങളെയും ഗനീമത്തുകളും സംരക്ഷിക്കുന്നതിനായി യുദ്ധമുഖത്ത് നിന്ന് പിന്മാറി. അത് സ്പാനിഷ് നിരയിൽ വെപ്രാളങ്ങൾക്കും വിള്ളലുകൾക്കും കളമൊരുക്കി.

നിജസ്ഥിതി തിരിച്ചറിഞ്ഞ ഗാഫിഖി സൈനിക നിരയെ പുനഃസ്ഥാപിക്കാനും തന്റെ സൈനികരില്‍ ആവേശമുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ ദൂരെയെവിടെ നിന്നോ പറന്നുവന്ന ഒരസ്ത്രം ഗാഫിഖിയുടെ രക്തസാക്ഷിത്വത്തിന് ഹേതുവായി. ആ ധീര നേതാവ് നിലം പതിച്ചതോടെ അണികൾക്കിടയിൽ ആശങ്കകൾ വർധിക്കാൻ കാരണമായി. പക്ഷേ ചിതറിയ സൈന്യത്തെ ഒരുമിച്ചു കൂട്ടാനും രാത്രി വരെ ചെറുത്തു നിൽക്കാനും മുസ്‍ലിംകൾ പരിശ്രമിച്ചു. രാത്രിയായതോടുകൂടി മുസ്‍ലിം സൈന്യം തങ്ങളുടെ ഫ്രഞ്ച് പര്യടനത്തിന്റെ പദ്ധതികളുടെ ആസ്ഥാനമായിരുന്ന സെപ്റ്റിമാനിയയിലേക്ക് യുദ്ധമുഖത്ത് നിന്നും പൂർണമായും പിൻവാങ്ങി. ഗനീമത്തെല്ലാം പിന്നിലൊഴിവാക്കിയായിരുന്നു മുസ്‍ലിംകളുടെ പിൻവാങ്ങൽ.

പ്രഭാതമായപ്പോൾ  ഫ്രാങ്കുകൾ യുദ്ധത്തിന് തയ്യാറായി നിന്നു. പക്ഷേ അവർക്കാരെയും കണ്ടെത്താനായില്ല. ആരെയും കാണാത്തതിനാൽ സംഗതി ചതിയാണെന്ന് കരുതി അവർ മുസ്‍ലിംകളുടെ ടെന്റുകൾ പരിശോധിക്കാൻ പുറപ്പെട്ടു. അനങ്ങാൻ കഴിയാത്ത മുറിവേറ്റ ഏതാനും ചിലരെയാണ് അവർക്ക് അവിടെ കണ്ടെത്താനായത്. അവരെയുടനെ അവർ കശാപ്പ് ചെയ്തു. മുസ്‌സ്‍ലിംകളുടെ പിൻവാങ്ങലിൽ മാർട്ടൽ ഏറെ സന്തോഷവാനും സംതൃപ്തനുമായിരുന്നു. ഇത് ഒരു ചതിയാവുമോ എന്നും അവര്‍ സംശയിക്കാതിരുന്നില്ല. അത് കൊണ്ട് തന്നെ അവരെ പിന്തുടരാൻ ആരും ധൈര്യപ്പെട്ടില്ല. ശേഷം ചാൾസ് മാർട്ടലും സംഘവും തങ്ങളുടെ തട്ടകമായ വടക്കിലേക്ക് തന്നെ വിജയഭേരിയോടെ യാത്ര പുറപ്പെട്ടു. അതോടെ ബലാതുശുഹദാ എന്ന ആ ചരിത്രപോരാട്ടത്തിന് അന്ത്യം കുറിച്ചു.

യുദ്ധത്തിന്റെ അനന്തരഫലം
ഈ യുദ്ധാനന്തരം യൂറോപ്പിന്റെ ഹൃദയ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ മുസ്‍ലിംകൾക്ക് മറ്റൊരു അവസരം ലഭിച്ചില്ലന്നതാണ് സത്യം.  മുസ്‍ലിംകളും ഫ്രാങ്കുകളും തമ്മിൽ തുടർന്നുള്ള യുദ്ധങ്ങളും  തുടർച്ചയായ ഏറ്റുമുട്ടലുകളും ഉണ്ടായിട്ടു പോലും അവർക്ക് യൂറോപ്പിന്റെ ഹൃദയ നഗരികളിലേക്ക് പ്രവേശിക്കാനായില്ല. കാരണം മുസ്‌ലിം സമൂഹം ആഭ്യന്തര കലഹങ്ങളിൽ പെട്ട് ഛിന്നഭിന്നമായിരുന്നു. അതിനാൽ തന്നെ ഒന്നിച്ചുള്ള ഒരു സൈനികവ്യൂഹം അവരിൽ നിന്നും പിന്നീട് ഉയിർത്തെഴുന്നേറ്റില്ല. മറ്റൊരു കാരണം യൂറോപ്പ്യൻ ശക്തികൾക്കിടയിൽ രൂപപ്പെട്ടുവന്ന ഐക്യവും കെട്ടുറപ്പുമായിരുന്നു. മുസ്‍ലിംകളുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിൽ അവരേറെ വിജയിച്ചു. ആഭ്യന്തര കലഹങ്ങളിലേർപ്പെട്ട മുസ്‌ലിം സ്പാനിഷ് ഭരണകൂടത്തെ പതിയെപ്പതിയെ  ക്ഷയിപ്പിക്കാൻ അവർക്ക് എളുപ്പമായിരുന്നു. ഫ്രാൻസിൽ കരോലിംഗിയൻ സാമ്രാജ്യം സ്ഥാപിക്കുന്നതിനും യൂറോപ്പിലെ ഫ്രാങ്കുകളുടെ ആധിപത്യത്തിനും കാരണമായത് ഈ യുദ്ധത്തിന്റെ മറ്റൊരു അനന്തരഫലമാണ്.

ഈ യുദ്ധത്തിൽ മുസ്‌ലിം സമൂഹം വിജയശ്രീലാളിതരായിരുന്നുവെങ്കിൽ യൂറോപ്പിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. യൂറോപ്പിൽ ഇസ്‍ലാമിന്റെ ശാന്തി പതാക മധ്യകാലഘട്ടം മുതലേ  പാറിപ്പറക്കുകയും യൂറോപ് മുസ്‍ലിം ഭരണപ്രദേശമാവുകയും ചെയ്യുമായിരുന്നു. പാരീസിലും ലണ്ടനിലും ഖുർആനും ഹദീസും ഫിഖ്‌ഹും മറ്റും ഇസ്‍ലാമിക വിജ്ഞാന ശാഖകളും ചര്‍ച്ചാ വിഷയമാകുമായിരുന്നു. യൂറോപ്പിന്റെ മുഖവും മുസ്‍ലിം രാജ്യങ്ങളുടെ ചിത്രവും ഇന്നു നാം കാണുന്നതിൽ നിന്നും ഏറെ വ്യത്യസ്തമാകുമായിരുന്നു. എന്നാൽ അല്ലാഹുവിൻറെ വിധി എന്ന് സമാധാനിക്കാനേ നമുക്കാവൂ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter