ഫിഖ്ഹുല്‍ മവാത്: ഭൂവിനിയോഗത്തിന്‍റെ ഉത്തമ മാതൃക
ഉപയോഗശൂന്യമായിക്കുടക്കുന്ന തരിശു ഭൂമിയും അവയെ ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നതും പലപ്പോഴും ഒരു ചര്‍ച്ചാ വിഷയമാണ്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഭൂവിനിമയങ്ങളുടെ വ്യത്യസ്ത ചരിത്രമാണു നമ്മുടെ നാടിനുള്ളത്. അത് അധിനിവേശത്തിന്‍റെയും ആധിപത്യത്തിന്റെയും മേല്‍ക്കോയ്മയുടെയും ചരിത്രമാണ്. പില്‍കാലത്തു വന്ന ഭൂപരിഷ്കരണ നിയമവും വലിയ ചര്‍ച്ചാവിഷയമാണ്. ഏതൊരു സമൂഹത്തിന്‍റെയും സാമ്പത്തിക സ്വത്വം പ്രധാനമായും കൃഷി, വ്യവസായം, കച്ചവടം എന്നീ മൂന്ന് അടിസ്ഥാനങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഇത് മൂന്നും മണ്ണിനോട് കടപ്പെട്ടു നില്‍ക്കുന്നതാണ്, കൃഷി വിശേഷിച്ചും. നിലവില്‍ ഫലദായകങ്ങളായ ഭൂമിയെക്കുറിച്ചാണ് തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും അധിനിവേശങ്ങളും നിലനില്‍ക്കുന്നത്. എന്നാല്‍ ഒഴിഞ്ഞ് കിടക്കുന്ന മണ്ണിനെ ഫലവത്താക്കാനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ചക്കെടുക്കേണ്ടതും അതിജീവനത്തിനുള്ള മാര്‍ഗങ്ങളായി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതും. പട്ടിണി കിടന്നു മരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത മനുഷ്യര്‍ക്കുള്ള ജീവനം സാധ്യമാക്കുന്നതില്‍ ഈ ശ്രമത്തിന്‍റെ പ്രധാന്യം അവിതര്‍ക്കിതമാണ്.
ഇവിയെയാണ് ഫിഖ്ഹുല്‍ മവാത് അഥവാ തരിശു ഭൂമിയുടെ കര്‍മ്മശാസ്ത്രം സംഗതമാവുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തില്‍ നമ്മള്‍ അനുഭവിക്കുകയോ കേള്‍ക്കുകയോ ചെയ്ത സംഘര്‍ഷ ഭരിതമായ ഭൂവിനിയോഗ നടപടികളും നിയമങ്ങളും ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നും തികച്ചും ആധുനികമെന്ന് ഇക്കാലത്ത്പോലും ആരും സമ്മതിച്ചു പോവുന്ന നിയമനിര്‍മ്മാണമാണ് ഇസ്‍ലാം നടത്തിയത്. ആരുടെയും ഉടമസ്ഥതതയിലല്ലാതെ തരിശായി കിടക്കുന്ന ഭൂമിക്ക്, കാര്‍ഷിക വൃത്തിയിലൂടെയും നിര്‍മ്മാണ പ്രവൃത്തിയിലൂടെയും പുതുജീവന്‍ പകരുക എന്നതാണ് ഫിഖ്ഹുല്‍ മവാത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിലൂടെ സാമ്പത്തികവും സാമൂഹികവുമായ ചലനങ്ങളും സുസ്ഥിതിയും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സ്വകാര്യ സ്വത്തുക്കള്‍ എല്ലാവര്‍ക്കും മതിയായ അളവില്‍ ഉണ്ടാവണം എന്നില്ല. എന്നാല്‍ പ്രവിശാലമായ ഭൂമിയെ സജീവമാക്കുക, ഉപയോഗപ്രദമാക്കുക എന്ന ദൗത്യത്തിന്റെ പേരില്‍ അതു പതിച്ചു കൊടുക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് ഇസ്‍ലാം താല്‍പര്യപ്പെടുന്നത്.
ഖുര്‍ആനിലും ഹദീസിലും
ചുറ്റുപാടിനെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ ദീന്‍ നിരന്തരമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 451 തവണയാണ് ഭൂമി എന്ന പദം ഖുര്‍ആന്‍ ആവര്‍ത്തിച്ചത്. 'ഭൂമിയിലുള്ളതൊക്കെയും നിങ്ങള്‍ക്കായി സൃഷ്ടിച്ചവന്‍ അവനാണ്' ( അല്‍ ബഖറ 29). ഭൂമി അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന രുപേണ അതിനെ സമീപിക്കുവാനും ഉപയോഗപ്രദമാക്കുവാനും ഈ വചനം നമ്മെ പ്രേരിപ്പിക്കുന്നു. 'ആകാശവും ഭൂമിയും അവക്കിടയിലുള്ളതും നാമൊരു വിനോദമായി പടച്ചുണ്ടാക്കിയതല്ല' (അമ്പിയാഅ് 16). 'ഭൂമിയെ നാം പ്രവിശാലമാക്കുകയും അതില്‍ ദൃഡീകൃതമായ മലകളുണ്ടാക്കുകയും അനുയോജ്യമാം വിധം എല്ലാ സാധനങ്ങളും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു' (ഹിജ്റ് 19,20). ' അവരുടെ പിറകെ നിങ്ങളെ നാം ഭൂമിയില്‍ അനന്തരവരാക്കി. നിങ്ങളുടെ ചെയ്തികള്‍ എങ്ങനെയാണെന്നു നിരീക്ഷിക്കുവാന്‍ ' (യൂനുസ് 14). 'ഒരു നിശ്ചിത കാലം വരെ നിങ്ങള്‍ക്കു ഭൂമിയില്‍ അധിവാസവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും' (അല്‍ബഖറ 35). 'ഭുവന വാനങ്ങളിലുള്ളവയത്രയും അല്ലാഹു അധീനപ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. ഗോചരവും അഗോചരവുമായ തന്റെ ആനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍ അവന്‍ ചൊരിയുകയും ചെയ്തു' (ലുഖ്മാന്‍ 20). 'തന്റെ കാരുണ്ണ്യത്തിന്‍റെ മുന്നോടിയായി കാറ്റുകളെ ശുഭസൂചകമായി അയച്ചതും അവനാണ്. നിര്‍ജീവ പ്രദേശങ്ങള്‍ക്ക് സജീവത നല്‍കാനും നാം പടച്ച ഒട്ടേറെ കാലികള്‍ക്കും മനുഷ്യര്‍ക്കും കുടിപ്പിക്കാനുമായി അന്തരീക്ഷത്തില്‍ നിന്നും ശുദ്ധ ജലം നാം വര്‍ഷിക്കുകയുണ്ടായി' (ഫുര്‍ഖാന്‍ 48). ഉദ്ധൃത വചനങ്ങളുള്‍പ്പെടെയുള്ള നിരവധി സൂക്തങ്ങള്‍ മനുഷ്യനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട്. ഈ ഇണക്കം സ്രഷ്ടാവായ നാഥന്‍ വിളക്കിച്ചേര്‍ത്തു വെച്ചതാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു അപാരമായ സാധ്യതയുടെയും സാക്ഷാത്കാരത്തിന്‍റെയും ഇടമാണ്. അവര്‍ തേടുന്ന നാഥനെ കണ്ടെത്താനുള്ള വഴിയാണ് പ്രകൃതിയും ഭൂമിയും അതിലുള്ള വിഭവങ്ങളത്രയും.
പ്രവാചകവചനങ്ങളും വ്യത്യസ്തമല്ല. 'ഒരു മുസ്‍ലിം കൃഷി ചെയ്യുകയോ വല്ലതും നട്ടുപിടിപ്പിക്കുകയോ ചെയ്തു, മൃഗങ്ങളോ പറവകളോ മനുഷ്യരോ അതില്‍ നിന്നും വല്ലതും കഴിച്ചാല്‍ കര്‍ഷകന് ധര്‍മ്മം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്' (ബുഖാരി). തതുല്ല്യമായ ആശയം വരുന്ന നിരവധി ഹദീസുകള്‍ കാണാനാവുന്നു. അഥവാ തന്റെ കൃഷി ആരുടെയെങ്കിലും വിശപ്പു മാറാനുള്ള ഉപാധിയായാല്‍ അവനു ഇരുലോകത്തും വിജയിക്കാനുള്ള മാര്‍ഗമാണ് തെളിയുന്നത്. ധര്‍മ്മിഷ്ഠരുടെ പദവിയും പ്രതാപവും വിവരിക്കുന്ന ഖുര്‍ആനിലെയും ഹദീസിലെയും അമൃതവചനങ്ങള്‍ ഇതിനോടു ചേര്‍ത്തുവായിക്കുമ്പോള്‍ കാര്‍ഷിക വൃത്തിയുടെ അപാരത അതുല്ല്യമാണെന്നു ബോധ്യപ്പെടുന്നതാണ്.
ഇനി ഭൂമിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട ചില വചനങ്ങള്‍ കൂടി നോക്കാം. 'തരിശു ഭൂമിയെ കൃഷി കൊണ്ടോ നിര്‍മ്മാണം കൊണ്ടോ ജീവനുള്ളതാക്കിയാല്‍ അതു അവന്ന് ഉടമപ്പെട്ടതാണ്' (അബൂദാവൂദ്). 'നിര്‍ജീവമായ ഭൂമിയെ ജീവനുള്ളതാക്കിയാല്‍ അതില്‍ നിന്നും ആരെങ്കിലും അന്നവും വെള്ളവും അനുഭവിക്കുന്നുവെങ്കില്‍ അതു പ്രതിഫലാര്‍ഹമായ കാര്യം തന്നെ' (ത്വബ്റാനി).' അന്ത്യദിനം അടുത്തുവന്നാലും കയ്യിലുള്ള വൃക്ഷത്തൈ നട്ടു കൊള്ളട്ടെ ' (അഹ്മദ് ). തന്റെ കൃഷിയിടത്തില്‍ നിന്നും കളവായിട്ടെടുക്കപ്പെട്ടത്, വന്യമൃഗങ്ങളും പറവകളും മറ്റും കഴിച്ചത് ധര്‍മ്മമാണെന്ന പ്രവാചക വചനത്തെ അധികരിച്ചു കൊണ്ട് ശറഹുമുസ്‍ലിമില്‍ ഇമാം നവവീ(റ) പറയുന്നു, 'കൃഷിയുടെയും നടലിന്റെയും മഹത്വം ഈ വചനം വ്യക്തമാക്കുന്നു. ആ കൃഷിയോ അതില്‍ നിന്നും ഉണ്ടായ വിഭവങ്ങളോ നിലനില്‍ക്കുന്ന കാലമത്രയും ആ കര്‍ഷകനു പുണ്യം ലഭിക്കുന്നതാണ്. ഏറ്റവും മികച്ച തൊഴില്‍ കച്ചവടമാണോ കൈ കൊണ്ടുള്ള നിര്‍മാണ തൊഴിലാണോ കൃഷിയാണോ എന്ന കാര്യത്തില്‍ പണ്ടിതര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. പ്രബലമായത് കൃഷിയാണെന്നാണ്. ആദം നബി ഭൂമിയിലേക്കിറങ്ങിയപ്പോള്‍ ജിബ്രീല്‍ (അ) ഒരു ഗോതമ്പു മണി നല്‍കി, കൃഷിചെയ്യാന്‍ കല്‍പ്പിച്ചു. അതു കൃഷി ചെയ്യുകയും ആദം (അ) അതില്‍ നിന്നും റൊട്ടി നിര്‍മിക്കുകയും ചെയ്തു. (ശൈബാനി 48).
ഈ അധ്യാപനങ്ങളുടെ പ്രയോഗം സ്വഹാബികള്‍ നടത്തി. അവരുടെ ഇജ്മാഇലൂടെയും ഫിഖ്ഹുല്‍ മവാത് നിയാമകമാണെന്ന് സ്ഥിരപ്പെട്ടു. ഉമര്‍ (റ) വിന്‍റെ കാലത്ത് പ്രത്യേക വിളംബരത്തിലൂടെ മിച്ചഭൂമികളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണാം. കാരണം മേല്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനങ്ങളും പ്രവാചക പാഠങ്ങളും ഭൂമി അല്ലാഹുവിന്റേതാണെന്നും അതു ഫലപ്രദമാക്കാന്‍ മനുഷ്യന്‍ മുന്നോട്ടു വരണമെന്നുമുള്ള കല്‍പ്പന കാണാവുന്നതാണ്. അത് പ്രതിഫലാര്‍ഹമായ കര്‍മ്മവും മനുഷ്യ ധര്‍മ്മവുമാണെന്നാണ് ആ സന്ദേശങ്ങളുടെ കാതല്‍. അക്കാരണത്താല്‍ തന്നെ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ കാര്‍ഷിക വൃത്തിയെ ഫര്‍ളുകിഫായ (സാമൂഹിക ബാധ്യത)യാണെന്നു പറയുന്നു. കാരണം ദീനിന്റെയും ദുന്‍യാവിന്റെയും എല്ലാ സദുദ്യമങ്ങളും അവയുടെ നിലനില്‍പ്പും കാര്‍ഷിക വിഭങ്ങളെ ആശ്രയിച്ചാണല്ലോ. മുഴുവന്‍ ആളുകളും അതില്‍ നിന്നും പുറം തിരിഞ്ഞു നിന്നാല്‍ എല്ലാവരും കുറ്റക്കാരാകുന്നതാണ്. (ഇഹ്‍യാഉല്‍ അര്‍ള്, ഡോ. മുഹമ്മദ് അല്‍ സുഹൈലി, പേ. 10).
കര്‍മ്മ ശാസ്ത്ര വീക്ഷണത്തില്‍
ഭൂസ്വത്ത് രണ്ട് വിധമുണ്ട്. സ്വകാര്യ സ്വത്തും പൊതു സ്വത്തും. സ്വകാര്യ സ്വത്ത് അതിന്റെ അവകാശികള്‍ക്കു മാത്രം ഉടമപ്പെട്ടതാണ്. മദീനയിലെത്തിയ പ്രവാചകന്‍ സ്വകാര്യ സ്വത്തുക്കള്‍ വില നല്‍കിയിട്ടാണ് ഉടമപ്പെടുത്തിയത്. മദീനത്തെ പള്ളി നിര്‍മ്മിക്കാന്‍ അന്‍സാരികളായ സഹ്ല്‍, സുഹൈല്‍ എന്നീ രണ്ടു സ്വഹാബികളില്‍ നിന്നും പത്തു ദീനാര്‍ നല്‍കിയാണ് പ്രവാചകന്‍ സ്ഥലം വാങ്ങിയത്. എന്നാല്‍ ഇസ്‍ലാമിക രാജ്യത്തെ പൊതു സ്വത്ത് മുസ്‍ലിംകള്‍ക്കും പല ഇമാമുമാരുടെയും അഭിപ്രായത്തില്‍ ദിമ്മിയ്യിനും (സംരക്ഷിതരായ അമുസ്‍ലിംകള്‍) അവകാശപ്പെട്ടതാണ്. അതിനു നിശ്ചിത വ്യവസ്ഥകളുണ്ട്. അതാണ് ഫിഖ്ഹുല്‍ മവാതിന്റെ ചര്‍ച്ചാ വിഷയം.
ആരുടെയും ഉടമസ്ഥതയിലല്ലാത്ത നിര്‍ജീവമായ ഭൂമിയെ കൃഷി കൊണ്ടോ നിര്‍മ്മാണം കൊണ്ടോ സജീവമാക്കല്‍ അനുവദനീയവും സുന്നതായ കര്‍മ്മവുമാണെന്നാണ് ഫിഖ്ഹിന്റെ മാനം. അപ്രകാരം ചെയ്യുന്നതിലൂടെ അതിന്റെ ഉടമസ്ഥാവകാശം അവര്‍ക്ക് ലഭിക്കുന്നു. ഡോ. മുഹമ്മദ് സുഹൈലി പറയുന്നു 'സുന്നത്താണെന്ന് വ്യക്തമാക്കി പറഞ്ഞ ശാഫിഈ മദ്ഹബാണ് കൂടുതല്‍ പ്രാഥമ്യം അര്‍ഹിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. കാരണം മതത്തിന്റെ താല്‍പര്യത്തോട് അടുത്തു നില്‍ക്കുന്നതോടൊപ്പം അത് നിര്‍മ്മാണത്തെയും അധ്വാനത്തെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നു. അത് മണ്ണിനെ ഫലവത്താക്കുന്നതോടൊപ്പം മനുഷ്യ നന്മക്ക് വഴിയൊരുക്കുന്നു. മത്രമല്ല, അതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്ന വചനങ്ങളില്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് സുന്നത്താണ് എന്നതിന്റെ തെളിവാണ്. എന്നാല്‍ ഓരോ വ്യക്തിക്കും നിര്‍ബന്ധമാണെന്നു പറയാന്‍ പാകത്തില്‍ പ്രമാണമില്ല താനും' (ഇഹ്‍യാഉ അര്‍ളില്‍മവാത്).
ഇമാം നവവീ(റ) മിന്‍ഹാജില്‍ പറയുന്നു. 'പൊതുഭൂമി ജീവിപ്പിക്കുന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമപ്പെടുത്തുന്ന രീതികള്‍ വ്യത്യാസപ്പെടുന്നതാണ്. വീടുണ്ടാക്കാനാണ് ഉദ്ധേശിക്കുന്നതെങ്കില്‍ സ്ഥലം വളച്ചു കെട്ടുകയും ഏതാനും ഭാഗമെങ്കിലും മേല്‍പുരയുണ്ടാക്കുകയും വാതില്‍ ഘടിപ്പിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. വാതില്‍ ഘടിപ്പിച്ചില്ലെങ്കിലും തരക്കേടില്ലെന്ന ഒരു അഭിപ്രായമുണ്ട്. മൃഗശാലയുണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ വളച്ചു കെട്ടിയാല്‍ മതി. മേല്‍പ്പുര നിര്‍ബന്ധമില്ല. വാതിലിനെ സംബന്ധിച്ചു മുന്‍പറഞ്ഞ അഭിപ്രായ ഭിന്നത ഇവിടെയുമുണ്ട്. കൃഷിയിടമാണ് ഉദ്ദേശ്യമെങ്കില്‍ ചുറ്റും കയ്യാല്‍ കോരുകയും ഭൂമി നിരപ്പാക്കുകയും ചെയ്യേണ്ടതാണ്. കാലവര്‍ഷം മതിയാകാത്തിടത്ത് ജലസേചന സൗകര്യവും ഉറപ്പു വരുത്തണം' ( മിന്‍ഹാജ്).
ഇപ്രകാരം ചെയ്യലോടു കൂടി ആ ഭൂമി അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ വരുന്നതാണ്. വില്‍ക്കാനും ദാനം ചെയ്യാനും തന്റെ അനന്തരസ്വത്താക്കി മാറ്റാനുമുള്ള എല്ലാ അധികാരവും ഉടമപ്പെടുത്തിയവന് സ്ഥിരപ്പെടുന്നതാണ്. ആരെങ്കിലും ഭൂമിയെ സജീവമാക്കുകയും ഉടമപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ മുതഹജ്ജിര്‍ (അപൂര്‍ണ്ണ അവകാശി) ആകുന്നതാണ്. സാധാരണയില്‍ ദീര്‍ഘമെന്നു പറയപ്പെടാവുന്ന കാലം ഇപ്രകാരം തുടരുകയാണെങ്കില്‍ ഒന്നുകില്‍ ഉടമപ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുവാനും അല്ലെങ്കില്‍ കയ്യൊഴിവാനും അല്ലെങ്കില്‍ സാധിക്കുന്ന മറ്റൊരാളെ ഏല്‍പ്പിക്കുവാനും കല്‍പ്പിക്കാന്‍ ഭരണകൂടത്തിനു അധികാരമുണ്ട്. അതു പാലിച്ചില്ലെങ്കില്‍ അവന്റെ അധികാരം നഷ്ടപ്പെടുന്നതാണ്.
ഇപ്രകാരം സജീവമാക്കല്‍ പ്രകിയക്ക് നിബന്ധനകളുണ്ട്. അതില്‍ മൂന്നെണ്ണം ഫുഖഹാഇന്റെ ഒരുമിച്ചുള്ള അഭിപ്രായമാണ്. ഭൂമി ആരുടെയും ഉടമസ്ഥതയില്‍ ആവാതിരിക്കല്‍, മറ്റൊരാളുടെ താമസിക്കുന്ന വീടിനോ നിര്‍മ്മിച്ച കിണറിനോ മറ്റു ആവശ്യങ്ങള്‍ക്കോ അനിവാര്യമാകുന്ന ഇടമാവാതിരിക്കല്‍, ഇമാമിന്റെ സംരക്ഷണത്തിലോ നിയന്ത്രണത്തിലോ ഉള്ളതോ മറ്റൊരാളുടെ അപൂര്‍ണ്ണ അധികാരമുള്ളതോ ആവാതിരിക്കല്‍. എന്നാല്‍ ഇമാമിന്റെ സമ്മതം ഉണ്ടാവല്‍, ജനവാസമുള്ള സ്ഥലം അടുത്തുണ്ടാവാതിരിക്കല്‍, മുസ്‍ലിമോ ദിമ്മിയോ ആവല്‍, സജീവമാക്കല്‍ എന്ന ലക്ഷ്യം ഉണ്ടായിരിക്കല്‍, ഈ ഭൂമി മുസ്‍ലിം രാജ്യത്ത് ആവല്‍ എന്നീ അഞ്ചു നിബന്ധനകളില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ഇമാം അബൂഹനീഫ(റ) ഭരണകൂടത്തിന്റെ സമ്മതത്തോടെ മാത്രമേ ഈ ദൗത്യം തുടങ്ങാവൂ എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റു ചിലര്‍ അത് ആവശ്യമില്ല എന്നും. ഈ അഭിപ്രായ വ്യത്യാസം ഒരോ കാലഘട്ടത്തെയും ആവശ്യങ്ങളും മുന്‍ഗണനകള്‍ക്കും അനുസരിച്ചു അത്യാവശ്യ ഘട്ടങ്ങളില്‍ പിന്തുടരപ്പെടാവുന്നതാണ്. അത് ഒരു അനുഗ്രഹമാണു താനും.
ചുരുക്കത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന ഭൂമി നിര്‍മ്മാണാത്മകമാക്കാനുള്ള ശരീഅതിന്റെ താത്പര്യമാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. അതിലൂടെ മനുഷ്യരുടെയും മറ്റെല്ലാ ജീവികളുടെയും നന്മയും സുരക്ഷയുമാണ് മതം ഉറപ്പുവരുത്തുന്നത്. ഈ ബ്രഹത്തായ നിയമത്തെ ഉപജീവിച്ചു കൊണ്ട് ആധുനികമായ പല നിയമനിര്‍മ്മാണങ്ങളും നമുക്ക് കാണാവുന്നതാണ്. ഈ പദ്ധതിയിലൂടെ തൊഴിലുറപ്പ് സാധ്യമാവുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുന്നു. ആരാണോ കൃഷി ചെയ്യുന്നത് അവന്റെ ഉടമസ്ഥതയില്‍ ഭൂമിയെത്തുന്നു. ചൂഷണത്തിന്റെ എല്ലാ മേലാപ്പുകളെയും ഇല്ലാതാക്കുന്നു. കൃഷിയും നിര്‍മ്മാണവും സക്രിയമാവുന്നു. ഫലങ്ങളും വിഭവങ്ങളും വിതരണം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെയും ജനതയുടെയും വ്യക്തിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. പട്ടിണിയും പരിവട്ടവും ഇല്ലാതാവുന്നു. അഥവാ ഭൂമിയെ ജീവിപ്പിക്കുന്നതിലൂടെ മനുഷ്യന്റെ ജീവനം സാധ്യമാവുന്നു. ഇരുലോകത്തെയും പുണ്യം കരഗതമാവുന്നു. തീര്‍ച്ചയായും വിശുദ്ധ ഇസ്‍ലാമിന്റെ നിയമനിര്‍മാണത്തിന്റെ അനന്യതയും അപാരതയുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
Leave A Comment