ശുഐബ് നബി(അ): പ്രവാചകന്മാരിലെ പ്രഭാഷകന്‍
മനുഷ്യ ലോകത്തിന്റെ മാര്‍ഗ്ഗദര്‍ശനത്തിന് നാഥന്‍ ഒരു ലക്ഷത്തി ഇരുപതിനാലായിരത്തോളം പ്രവാചകന്മാരെ നിയോഗിച്ചിരുന്നു, അതില്‍പെട്ട 25 ഓളം പ്രവാചകന്മാരെയാണ് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചത്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ കൂടിയാണ് മഹാനായ ശുഐബ് നബി (അ). പതിനൊന്ന് തവണയാണ് ഖുര്‍ആനില്‍ ശുഐബ് നബിയുടെ നാമം നാഥന്‍ എടുത്തുപറഞ്ഞത്. ഖത്വീബുല്‍ അമ്പിയാഅ് അഥവാ പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്ന വിശേഷണത്തിലായിരുന്നു മഹാനായ ശുഐബ് നബി(അ) അറിയപ്പെട്ടിരുന്നത്.
വലിയ വാണിജ്യത്തിന്റെയും കച്ചവടത്തിന്റെയും ഉടമകളായിരുന്നതിനാല്‍ ''അസ്ഹാബുല്‍ ഐക്ക'' എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന സമൂഹത്തിലേക്കായിരുന്നു ശുഐബ് നബി (അ)യുടെ നിയോഗം. മദ്‍യന്‍ എന്ന ഗ്രാമമായിരുന്നു ഇവരുടെ വാസസ്ഥലം. ഇന്നത്തെ സിറിയ-ഹിജാസ് റൂട്ടില്‍ ജോര്‍ദാന്റെ കിഴക്ക് മആന്‍ എന്ന സ്ഥലത്തിന് സമീപമായിരുന്നു മദ്‌യന്‍ എന്ന സ്ഥലം സ്ഥിതി ചെയ്തിരുന്നത്.
ശുഐബ് നബി(അ) അവിടുത്തുകാരുടെ റസൂലായി നിയുക്തനായി, സത്യനിഷേധികളായിരുന്ന അവര്‍ അളവ് തൂക്കങ്ങളില്‍ ഗുരുതരമായ കൃത്വിമം കാട്ടിയിരുന്നു. സത്യത്തില്‍ നിന്നും സന്മാര്‍ഗത്തില്‍ നിന്നും ബഹുദൂരം അകന്നു പോയവരായിരുന്നു മദ്‍യന്‍കാര്‍. മാത്രവുമല്ല, അവര്‍ സാമ്പത്തിക കുറ്റങ്ങളില്‍ വ്യാപൃതരായിരുന്നു. കച്ചവട സ്വത്ത് പിടിച്ചുപറിക്കുന്നതില്‍ പേരുകേട്ട സമൂഹമായിരുന്നു അവര്‍.
പ്രബോധനത്തിലേക്ക്
'മദ്‍യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കുറവ് വരുത്തരുത്. ഭൂമിയില്‍ നന്‍മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം'. (സൂറത്തുല്‍ അഅ്‌റാഫ് : 85)
സദുപദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ജനതയായിരുന്നു എങ്കിലും നിരന്തരമായി അവരെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു. 'ഓ സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കരുത്, നിങ്ങളുടെ കച്ചവടങ്ങളില്‍ നിങ്ങള്‍ വഞ്ചന നടത്തരുത്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശുഐബ് നബി(അ) സമൂഹത്തിലേക്ക് കടന്നു വരുന്നത്. വഞ്ചനയില്‍ നിങ്ങള്‍ ലാഭം കൊയ്താല്‍ അത് നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല. വഞ്ചനയിലൂടെയും ചതി പ്രയോഗത്തിലൂടെയും നിങ്ങള്‍ സമ്പാദിക്കുന്ന കൂടുതല്‍ പണത്തേക്കാള്‍ നല്ലത് നല്ല രീതിയില്‍ ലഭിക്കുന്ന കുറച്ച് സമ്പത്താണ് എന്നെല്ലാം അദ്ദേഹം അവരെ ഉല്‍ബോധിപ്പിച്ചു.
ശുഐബ് നബി(അ) തന്റെ ജനതയെ നിരന്തരമായി സത്യപാതയിലേക്ക് ക്ഷണിച്ചെങ്കിലും അല്പം പേര്‍ മാത്രമാണ് ഇസ്‍ലാമിന്റെ ശാദ്വലതീരത്തേക്ക് കടന്നുവന്നത്. വിശ്വാസികളാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും മദ്‍യന്‍ ജനത കൊടും കുറ്റവാളികള്‍ ആയിരുന്നു സമൂഹത്തിലെ പ്രമാണികളും പ്രധാനികളും അദ്ദേഹത്തെ നിഷേധിക്കുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്തു. 'അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?)'. (സൂറത്തുല്‍ അഅ്‌റാഫ് : 88)
നിഷേധികള്‍ക്കുള്ള നാഥന്റെ ശിക്ഷ
എന്നാല്‍ ഈ ആക്ഷേപങ്ങളൊന്നും ശുഐബ് നബി(അ)യുടെ പ്രബോധനത്തെ ബാധിച്ചില്ല. വിശാലമനസ്‌കതയോടെ ശുഐബ് നബി(അ) വീണ്ടും ജനമധ്യത്തിലേക്ക് അല്ലാഹുവിനെക്കുറിച്ചും അവന്റെ സന്ദേശത്തെ കുറിച്ചും ജനങ്ങള്‍ക്ക് പറഞ്ഞുകൊടുത്തു.
ഓരോ പ്രവാചകന്റെയും റസൂലിന്റെയും കാലത്ത് അദ്ധേഹത്തെയും വിശ്വാസികളെയും ലക്ഷ്യംവെച്ച് കുത്സിത പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും നടത്താന്‍ സത്യനിഷേധികളുടെ ഒരു മുന്നണി തന്നെയുണ്ടായിരുന്നു. ശുഐബ് നബി(അ)യുടെ നാട്ടുകാരായ അവിശ്വാസികള്‍ വഴിയോരങ്ങളിലിരുന്ന് യാത്രക്കാരെ ലക്ഷ്യമിടുക പതിവാക്കി. സത്യമതത്തെ തെറ്റായും വക്രമായും സന്ദേഹാത്മകമായും ചിത്രീകരിക്കുക, ശുഐബ് നബിയെ സമീപിക്കാനും സത്യവിശ്വാസം കൈകൊള്ളാനും ഉദ്ധേശിക്കുന്നവരെ ഭീഷണിപ്പെടുത്തുക, നബിയുടെ അനുയായികളെ അക്രമിക്കുകയോ കൊല്ലുകയോ ചെയ്യുക, ഇതൊക്കൊയായിരുന്നു അവരുടെ ജോലി, സ്വന്തം ജനത്തെ ആ മഹാന്‍ ഗുണദോഷിച്ചു, അവിശ്വാസികളായി തുടര്‍ന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ വരുമെന്ന് മുന്നറിയപ്പ് നല്‍കി.
ഇത് സൂറത്ത് അഅ്‌റാഫില്‍ അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: ''ജനങ്ങളെ ഭീഷണിപ്പെടുത്തിയും വിശ്വാസികളെ സന്മാര്‍ഗത്തില്‍നിന്ന് തടഞ്ഞും അത് വക്രമായവതരിപ്പിക്കാന്‍ ഉദ്ധേശിച്ചും, നിങ്ങള്‍ വഴിയോരങ്ങളിലിരിക്കരുത്, അംഗസംഖ്യ കുറവായിരുന്നപ്പോള്‍ അല്ലാഹു നിങ്ങളില്‍ വര്‍ധനവുണ്ടാക്കിയത് അനുസ്മരിക്കുക, നാശകാരികളുടെ ഭവിഷത്ത് എങ്ങനെയായിരുന്നുവെന്ന് ചിന്തിച്ചുനോക്കുക, എന്റെ ദൗത്യത്തില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹുവിന്റെ വിധിയുണ്ടാകും വരെ നിങ്ങള്‍ ക്ഷമിക്കുക, വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍''.
(സൂറത്ത് അഅ്‌റാഫ് 86-87)
ഇങ്ങനെയൊക്കൊയായിട്ടും ഏറെ സഹിഷ്ണുതയോടുകൂടെ വീണ്ടും പ്രബോധന ഗോഥയില്‍ തുടര്‍ന്നപ്പോഴും അവരുടെ പ്രതികരണം ശുഐബ് നബി(അ)യെ കൂടുതല്‍ വിഷമിപ്പിക്കുന്നതായിരുന്നു. അധികം താമസിയാതെ സത്യനിഷേധികളുടെ മേല്‍ അല്ലാഹുവിന്റെ കോപം അവതരിക്കുകയും ശുഐബ് നബി(അ) അവരെ കയ്യൊഴിയുകയും ചെയ്തു. അല്ലാഹുവിന്റെ പ്രവാചകനെ നിഷേധിക്കുകയും സത്യത്തെ പിന്തുണച്ചവരെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്ന ആ സമൂഹം അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയരായി.
പക്ഷേ, അല്ലാഹുവിന്റെ കല്പനപ്രകാരം ശുഐബ് നബി(അ) തന്റെ കൂടെയുള്ള വിശ്വാസികളെയും കൂട്ടി ശിക്ഷ ഇറങ്ങുന്നതിനു മുമ്പേ നാടുവിട്ടു. അതോടെ വലിയൊരു ഭൂചലനം അവരെ പിടിച്ചു കുലുക്കുകയും അടയാളം പോലും ശേഷിക്കാത്ത വിധം അവരെ നശിപ്പിക്കുകയും ചെയ്തു. ശേഷം ശുഐബ് നബി(അ) തന്റെ നാടായ മദ്‍യനിലേക്ക് തന്നെ മടങ്ങി വരികയും പന്ത്രണ്ട് വര്‍ഷത്തോളം അല്ലാഹുവിന്റെ ആരാധനയിലായി കഴിച്ചുകൂട്ടുകയും ചെയ്തു.
ശുഐബ് നബി(അ)യുടെ സമുദായമായ മദ്‌യന്‍ നിവാസികളിലേക്ക് ഇറങ്ങിയ ശിക്ഷ വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്: ''തന്റെ ജനതയിലെ നിഷേധികളായ പ്രമുഖര്‍ പറഞ്ഞു: ശുഐബിനെ പിന്തുടരുകയാണെങ്കില്‍ തത്സമയം നിങ്ങള്‍ കടുത്ത പരാജിതര്‍ തന്നെയായിപ്പോകുന്നതാണ്. അപ്പോള്‍ ഭൂമികുലുക്കം അവരെ ബാധിച്ചു, അങ്ങനെ പ്രഭാതത്തില്‍ സ്വഗൃഹങ്ങളില്‍ മുട്ടുകുത്തി വീണുകിടക്കുന്നവരായി അവര്‍. ശുഐബ് നബി(അ)യെ വ്യാജമാക്കിയവരുടെ അവസ്ഥ അവരവിടെ നിവസിക്കുകയേ ചെയ്തിട്ടില്ലാത്തതുപോലെയായി, അദ്ധേഹത്തെ തള്ളികളഞ്ഞവര്‍ തന്നെയായി സര്‍വ്വവും നഷ്ടപ്പെട്ടവര്‍''.
(സൂറത്ത് അഅ്‌റാഫ് 90-92)
മഹാനായ മൂസാ നബി(അ) ഈജിപ്തില്‍ നിന്നും മദ്‍യനിലേക്ക് അഭയം തേടിയെത്തുന്നതും ശുഐബ് നബി(അ)യുടെ സേവകനായി ആടുമേക്കുന്നതും ശുഐബ് നബി(അ)യുടെ മകളെ വിവാഹം ചെയ്യുന്നതുമെല്ലാം ഇക്കാലയളവിലാണ്. തുടര്‍ന്ന് മറ്റു പ്രവാചകന്മാരെ പോലെ, ശുഐബ് നബി(അ)യും തന്റെ പ്രബോധന ദൗത്യം പൂര്‍ത്തിയാക്കി, അല്ലാഹുവിലേക്ക് മടങ്ങി.
ജോര്‍ദാനിലെ വാദിശുഐബ് എന്നറിയപ്പെടുന്ന പ്രദേശത്താണ് മഹാനായ ശുഐബ് നബി(അ) മറവ് ചെയ്യപ്പെട്ടിരിക്കുന്നത്. ശുഐബ് നബി(അ)യുടെ പേരിലേക്ക് ചേര്‍ത്തിയാണ് വാദി ശുഐബ് എന്ന പ്രദേശം അറിയപ്പെടുത്തുന്നത്. മഖ്ബറയോട് ചേര്‍ന്ന് ആയിരം പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള പള്ളിയും നിര്‍മിക്കപ്പെട്ടിട്ടുണ്ട്.നൂറ്റിനാല്‍പത്തി രണ്ട് വയസ്സുവരെയായിരുന്നു ശുഐബ് നബി(അ) ജീവിച്ചിരുന്നത്.
About the author:
ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ് സെക്കൻഡറി നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment