യുസുഫ്(അ): പൊട്ടക്കിണറ്റിലൂടെ അധികാരത്തിലെത്തിയ പ്രവാചകന്‍

"നിങ്ങൾക്ക് ഈ ഖുർആൻ ബോധനം നൽകിയതിൽ വെച്ച് ഏറ്റവും സുന്ദരമായ കഥയാണ് വിവരണം ചെയ്തുകൊണ്ടിരിക്കുന്നത്" (12:03).
യൂസുഫ് നബിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഖുർആനിലെ പന്ത്രണ്ടാം അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. സഹനശീലനായ പിതാവും തന്ത്രജ്ഞാനിയായ പുത്രനും ലോകത്തോട് വിളിച്ചോതുന്നൊരു സുന്ദര കഥ.

ജനനം, കുടുംബം 

ഭൂലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഏറെ ആസ്വദിച്ച ബനു ഇസ്റാഈൽ പരമ്പരയിലാണ് യൂസുഫ്(അ) പിറന്നുവീഴുന്നത്. യഅ്ഖൂബ് നബിക്ക് തന്റെ പ്രിയപത്നി റാഹിലിൽ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് യൂസുഫ്(അ) ജനിക്കുന്നത്. ഇബ്നു ഉമർ (റ) വില്‍നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ പിതാവിനെയും, പിതാമഹനെയും പ്രപിതാമഹനെയും  ശ്രേഷ്ഠർ എന്നും കുലീനർ എന്നും വിശേഷിപ്പിക്കുന്നുണ്ട്.

യൂസുഫ്(അ)ന് രണ്ടു വയസ്സുള്ളപ്പോൾ ഉമ്മ മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകുകയും തുടർന്നുണ്ടായ അസുഖത്തിൽ മരണപ്പെടുകയും ചെയ്തു. പിന്നീടങ്ങോട്ട് പരീക്ഷണങ്ങളുടെ തിരമാലകളായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. ചെറുപ്പത്തിലേ ഉമ്മ നഷ്ടപ്പെട്ട കാരണത്താൽ യൂസുഫിനോടും സഹോദരൻ ബിന്‍യാമീനോടും പിതാവിന് വല്ലാത്ത സ്നേഹവും അനുകമ്പയുമായിരുന്നു.

പൊട്ടകിണറ്റിലൂടെ രാജാധികാരത്തിലേക്ക് 

ഖുർആൻ കഥ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്: 'ബാലനായ യൂസുഫ് ഒരുനാൾ പിതാവിനോട് പറഞ്ഞു "ഉപ്പാ, ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, പതിനൊന്നു നക്ഷത്രങ്ങളും കൂടെ സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാഗം ചെയ്യുന്നു". കാര്യം പിടികിട്ടിയ പിതാവ് ഇത് ആരോടും പറയരുത് എന്ന് മാത്രം ഉണർത്തി. പിതാവിന് യൂസുഫിനോടും ബിന്‍യാമീനോടുമുള്ള പ്രത്യേക വാത്സല്യത്തിൽ അസൂയപൂണ്ട സഹോദരങ്ങൾ യൂസുഫിനെ ഏതെങ്കിലും കിണറിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയണം എന്നതിൽ ധാരണയായി. അവരുടെ ലക്ഷ്യം പിതാവിനെ അവർക്ക് മാത്രമായി ഒഴിഞ്ഞു കിട്ടുക എന്നതായിരുന്നു. അതിനായി പല വഴികളും അവർ തിരഞ്ഞു. ഒടുവിൽ, നാളെ അവനെ കൂടി ഞങ്ങളോടൊപ്പം കളിക്കാനും ആടുമേക്കാനും വിടണം എന്ന് അഭ്യർത്ഥിച്ച് പിതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. മനമില്ലാ മനസ്സോടെ പിതാവ് സമ്മതിച്ചതോടെ, അവരുടെ ഗൂഢപദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി യൂസുഫിനെയും കൂട്ടി വിജനമായ ഒരു സ്ഥലം തേടി യാത്രയാവുകയും ഒഴിഞ്ഞൊരു കിണറിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുകയും ചെയ്തു.  ചെന്നായ ആക്രമിച്ചു എന്ന് പിതാവിനെ ബോധിപ്പിക്കുന്നതിനായി വ്യാജരക്തം കലർന്ന കുപ്പായവുമായാണ് അവര്‍ രാത്രി തിരിച്ചെത്തിയത്.

ഇതൊരു പരീക്ഷണ പരമ്പരയുടെ തുടക്കമായിരുന്നു. തന്റെ ഇഷ്ട പുത്രനെ തന്നിൽ നിന്ന് അകറ്റി പിതാവിനെയും, വിജനമായ ദേശത്തെ കിണറ്റിൽ കരച്ചിൽ കേൾക്കാൻ പോലും ആരുമില്ലാത്ത രൂപത്തിൽ ഒറ്റപ്പെട്ട പുത്രനെയും അല്ലാഹു പരീക്ഷണ വിധേയമാക്കുന്നു. സഹോദരങ്ങൾ കിണറ്റിൽ ഉപേക്ഷിച്ച കുട്ടി പിന്നീട് ഈജിപ്തിലെ രാജകൊട്ടാരത്തിലെ അന്തേവാസിയായി മാറുകയാണ്. കൊട്ടാരത്തിലെത്തിയ യുസുഫ് വളർന്ന് യുവത്വത്തിലെത്തി. ആ വശ്യസൗന്ദര്യം പലരുടെയും മനസ്സിൽ മോഹങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ഇതായിരുന്നു പരീക്ഷണങ്ങളുടെ അടുത്തഘട്ടം. ഇതിന്റെ അന്ത്യം ജയിലായിരുന്നു, നിരപരാധി ജയിലിലും പ്രതി കൊട്ടാരത്തിലും. ജയിലിനകത്ത് വെച്ചാണ് പ്രവാചകത്വം ലഭിക്കുന്നത്. അതോടെ ജയിലഴികള്‍ക്കുള്ളിലും നന്മ പ്രചരിപ്പിക്കാനും അതിലെ അന്തേവാസികൾക്കിടയിൽ മാറ്റം ഉണ്ടാക്കാനും അദ്ദേഹത്തിനായി.

പരീക്ഷണങ്ങളുടെ വൻകര നീന്തികടന്നാണ് അദ്ദേഹം ഈജിപ്തിന്റെ ധനകാര്യവകുപ്പിന്റെ തലപ്പത്ത് എത്തുന്നത്. ജയിൽവാസകാലത്തായിരുന്നു സ്വപ്നവ്യാഖ്യാനങ്ങളിലൂടെ അതിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. നാട്ടിലാകെ പട്ടിണിയും ക്ഷാമവും വരൾച്ചയും വ്യാപിച്ച സമയത്തായിരുന്നു ഖജനാവിന്റെ സൂക്ഷിപ്പുകാരനായി അദ്ദേഹം നിയമിതനാകുന്നത്. അങ്ങനെയാണ് വിശ്വസ്തനായ യൂസുഫിനെ തേടി അയൽ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങുന്നത്. സിറിയൻ നിവാസികളായ യഅ്ഖൂബ് നബിയുടെ മക്കളും അവിടെ എത്തുന്നത് അന്നം തേടിയാണ്. ആരെയും മടക്കിയക്കാത്ത രാജാവ് ഇനി വരുമ്പോൾ സഹോദരൻ ബിന്‍യാമിനെ കൂടി കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചാണ് സഹോദരങ്ങളെ യാത്രയയച്ചത്. അപ്പോഴും ഇത് യൂസുഫാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

യൂസുഫ് നഷ്ടപ്പെട്ടത് മുതൽ പിതാവിന് ബിന്‍യാമിനായിരുന്നു എല്ലാമെല്ലാം. ബിന്‍യാമിനെ തങ്ങളുടെ കൂടെ അയച്ചില്ലെങ്കില്‍ ഭക്ഷണം ലഭിക്കില്ലെന്ന കാര്യം പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹം വിസമ്മതിച്ചതും അത് കൊണ്ട് തന്നെയായിരുന്നു. അവനെയും കൂട്ടി ചെന്നാലേ രാജാവ് ഭക്ഷണം തരൂയെന്ന് പലതവണ ആവർത്തിച്ചപ്പോഴാണ് വിട്ടയക്കാൻ തയ്യാറായത്. വർഷങ്ങൾക്ക് ശേഷം തന്നെ പ്രിയ സഹോദരനായ ബിന്‍യാമിനെ കണ്ട യൂസുഫ് പലതും ആരാഞ്ഞു, അവനെ ഒപ്പം നിർത്താൻ ഏറെ ആഗ്രഹിച്ച യൂസഫ് ഒരു തന്ത്രം പ്രയോഗിച്ചു.

രാജാവിന്റെ വിലപിടിപ്പുള്ള പാത്രം കാണാനില്ലെന്നും അത് കണ്ടെത്തുന്നവർക്ക് രാജാവ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ യൂസുഫിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി. ഞങ്ങൾ പ്രവാചകരുടെ മക്കളാണെന്നും കുഴപ്പമുണ്ടാക്കാൻ വന്നതല്ലെന്നും ആരുടെയെങ്കിലും സഞ്ചിയിൽ നിന്ന് അത് കണ്ടെടുക്കുന്ന പക്ഷം അയാളെ രാജാവിന് കസ്റ്റഡിയിൽ എടുക്കാം എന്നും അവർ ഏകസ്വരത്തിൽ പറഞ്ഞു. തെരച്ചിലുകൾക്കൊടുവിൽ ബിന്‍യാമിന്റെ സഞ്ചിയിൽ നിന്നും  പാത്രം ലഭിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: "അവൻ മോഷണം നടത്തുന്നതിൽ അതിശയമില്ല, അവന്റെ ഒരു സഹോദരനും മുമ്പ് മോഷണം നടത്തിയിട്ടുണ്ട്". എല്ലാം കേട്ട് യൂസുഫ് ഉള്ളാലെ ചിരിക്കുകയായിരുന്നു. എല്ലാം, വർഷങ്ങൾക്ക് മുമ്പ് അകന്ന പിതാവുമായി സംഗമിക്കാനുള്ള നിമിത്തങ്ങളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

വിജയിക്കുന്നവർക്ക് അല്ലാഹു ഇരുലോകത്തും എണ്ണിയാൽ ഒടുങ്ങാത്ത പ്രതിഫലം നൽകുമെന്ന വാഗ്ദാനത്തിന്റെ നേർപതിപ്പാണ് യൂസുഫ് നബിയുടെ കഥയെന്ന് പറയാം. അവസാനം, തന്റെ അതിഥികളായി ഈജിപ്തിലെത്തിയ മാതാപിതാക്കളും പതിനൊന്ന് സഹോദരങ്ങളും തന്റെ മുമ്പിൽ സ്നേഹാദരങ്ങളോടെ വന്നുനില്‍ക്കുന്നു. സാഷ്ടാംഗം നമിക്കുന്ന പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരുമെന്നത് അവിടെ യാഥാര്‍ത്ഥ്യമാവുന്നു.

അല്ലാഹുവിന്റെ യഥാർത്ഥ ദാസൻ അവന് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഒരിക്കലും അല്ലാഹുവിനെ മറക്കില്ലെന്നത് കൂടി യൂസുഫ് നബിയുടെ കഥ നമ്മോട് പറയുന്നുണ്ട്. താനിരിക്കുന്ന സിംഹാസനത്തിൽ മാതാപിതാക്കളെ കയറ്റിയിരുത്തിയശേഷം അദ്ദേഹം പറയുന്നത് ഖുർആൻ രേഖപ്പെടുത്തിയതിങ്ങനെയാണ്, "എന്റെ വന്ദ്യ പിതാവേ, ഞാൻ മുമ്പ് കണ്ട സ്വപ്നത്തിന്റെ പുലർച്ചയാണിത്. എന്റെ റബ്ബ് അതിങ്ങനെ സാക്ഷാത്കരിച്ചിരിക്കുന്നു, എന്നെ ജയിലിൽ നിന്നും അവന്‍ മോചിപ്പിച്ചപ്പോഴും എന്റെയും സഹോദരങ്ങളുടെയും ഇടയിൽ പിശാച് കുഴപ്പം ഉണ്ടാക്കിയപ്പോഴും അവൻ വലിയ ഗുണം ചെയ്തിട്ടുണ്ട്. നിശ്ചയമായും എന്റെ റബ്ബ് ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൗമ്യമായി ചെയ്യുന്നവൻ ആകുന്നു, അവൻ സർവ്വജ്ഞനും മഹായുക്തിവാനുമാകുന്നു"(12:100)

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് വിനീതമനസ്കനായി അല്ലാഹുവിലേക്ക് അദ്ദേഹം കൈകളുയര്‍ത്തുന്നുണ്ട്. ആ പ്രാര്‍ത്ഥനയുടെ വാചകങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു,  'എന്റെ രക്ഷിതാവേ, എനിക്കു നീ ആധിപത്യം നല്‍കുകയും സ്വപ്നങ്ങളുടെ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്തു. ആകാശ ഭൂമികളുടെ സ്രഷ്ടാവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.. (സൂറതുയൂസുഫ് – 101)

യൂസുഫ് (അ) നൂറ് വര്‍ഷത്തിലേറെ ജീവിച്ചുവെന്നാണ് പറയപ്പെടുന്നത്. നൈല്‍നദിയിലാണ് അദ്ദേഹത്തെ ഖബ്റടക്കിയതെന്നും ശേഷം മൂസാ(അ)ന്റെ കാലത്ത് ഭൗതിക ശരീരം ബൈതുല്‍ മുഖദ്ദസിലേക്ക് കൊണ്ട് വന്ന് ഇബ്റാഹീം നബി(അ)ന്റെ സമീപത്തായി ഖബ്റടക്കിയെന്നും പറയപ്പെടുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter