യൂനുസ് നബി- പ്രബോധകന്ന് സഹനം പഠിപ്പിച്ച പ്രവാചകന്‍
മനുഷ്യകുലത്തിന് ക്ഷമയുടെയും സഹനത്തിന്റെയും ഗുണപാഠങ്ങള്‍ അല്ലാഹു സര്‍വകാലത്തും കാണിച്ചു തന്നിട്ടുണ്ട്. പ്രവാചകന്മാരിലൂടെയാണ് പലപ്പോഴും അവ പഠിപ്പിച്ചതും അവതരിപ്പിച്ചതും. ഒരു പ്രബോധകന്ന് ഏറ്റവും അധികം ഉണ്ടായിരിക്കേണ്ട ആ ഗുണം, അല്ലാഹു പഠിപ്പിക്കുന്നത് പ്രവാചകനായ യൂനുസ് (അ)മിന്റെ ചരിത്രത്തിലൂടെയാണ്.
തന്റെ സമൂഹം സത്യപന്ഥാവിലേക്കുള്ള ക്ഷണം നിരസിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ നിരാശഭാരവും അതേതുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന അല്ലാഹുവിന്റെ പരീക്ഷണങ്ങളും ഖുര്‍ആന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രബോധകന്റെ ജീവിതത്തെ വഴിനടത്തുകയാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍.
ചരിത്രത്തില്‍ യൂനുസ് ബിന്‍ മത്താ എന്ന നാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബപരമ്പര, യൂസുഫ് നബിയുടെ സഹോദരന്‍ ബെന്യാമിനിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. ബഹുദൈവാരാധന നിലനിന്നിരുന്ന ഇറാഖിലെ നീനവയിലേക്കാണ് ബഹുമാന്യ പ്രവാചകന്‍ യൂനുസ് നബിയെ അല്ലാഹു നിയോഗിക്കുന്നത്. സ്വന്തം സമുദായത്തിന് ദിശാബോധം നല്‍കാന്‍ നിയോഗിക്കപ്പെട്ട യൂനുസ് നബിയെ പരിപൂര്‍ണമായും തിരസ്‌കരിക്കുകയായിരുന്നു അവര്‍. മൂന്ന് ദശകം നീണ്ട നിരന്തര പ്രബോധനത്തിനൊടുവിലും രണ്ട് പേര്‍ മാത്രമാണ് അദ്ദേഹത്തെ അംഗീകരിച്ചത്.
Also Read:അയ്യൂബ് നബി(അ): ക്ഷമാശീലരുടെ സ്വർഗീയ നേതാവ്
ഒടുവില്‍ നിരാശനായ യൂനുസ് നബി, മൂന്ന് നാള്‍ക്കകം നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയരാവുമെന്ന് തന്റെ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി അവിടെനിന്ന് യാത്രതിരിച്ചു. വൈകാതെ തന്നെ, മാനം ചുവന്ന് ശിക്ഷയുടെ അടയാളങ്ങള്‍ കണ്ട് തുടങ്ങി. ഭയചകിതരായ അവര്‍ സമൂഹത്തിലെ തലമുതിര്‍ന്നവരോട് പരിഹാര ക്രിയകള്‍ അന്വേഷിക്കാന്‍ തുടങ്ങി.
ഒടുവില്‍ അവര്‍ മരുഭൂമിയിലേക്ക് പോയി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. കന്നുകാലികളെയും കുട്ടികളെയും സ്ത്രീകളെയും കൂടെ കൂട്ടി സര്‍വ വിധ വിധേയത്വത്തോടെ മരുഭൂമിയില്‍ ഒരുമിച്ച് കൂടി. അമ്മമാരെ കുഞ്ഞുങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി. ഒട്ടകങ്ങളും കൊച്ചു കുഞ്ഞുങ്ങളും അലമുറയിട്ട് കരഞ്ഞു. ആട്ടിന്‍ കുഞ്ഞുങ്ങള്‍ ഭയചകിതരായി കരച്ചിലോടെ പരക്കം പാഞ്ഞു. ആ ജനത അല്ലാഹുവില്‍ ശരണം പ്രാപിച്ചു, തങ്ങള്‍ ചെയ്ത പാപങ്ങളില്‍ മനം നൊന്ത് കരഞ്ഞു. സത്യ പാതയിലേക്ക് അവര്‍ കടന്ന് വന്നു.
പരിശുദ്ധ ഖുര്‍ആന്‍ യൂനുസ് നബിയുടെ സമൂഹത്തെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്, ‘വിശ്വാസം സ്വീകരിക്കുകയും അപ്പോള്‍ തന്നെ ആ വിശ്വാസം പ്രയോജനപ്പെടുകയും ചെയ്തത് യൂനുസ് നബിയുടെ സമുദായത്തിന് മാത്രമാകുന്നു. അവര്‍ വിശ്വാസം ആശ്ലേഷിച്ചു, അപ്പോള്‍ അവരെ നാം ഐഹിക ജീവിതത്തിന്റെ അപമാനകരായ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. ഒരു നിശ്ചിതകാലം വരെയും അവര്‍ക്ക് നാം ഐഹിക സുഖസൗകര്യങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു.’ (സൂറതുയൂനുസ്-98)
തന്റെ ജനതയില്‍ പ്രതീക്ഷയസ്തമിച്ച് പിണങ്ങിപ്പിരിഞ്ഞ യൂനുസ് നബി ഒരു പറ്റം സഞ്ചാരികള്‍ക്കൊപ്പം കപ്പല്‍ യാത്രപുറപ്പെട്ടിരുന്നു. യാത്രമുമ്പോട്ട് പോകും തോറും വായു സഞ്ചാരം പ്രതികൂലമായി കപ്പലുലയാന്‍ തുടങ്ങി. കപ്പിത്താന്‍ ആവും വിധം ശ്രമിച്ചിട്ടും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ചരക്കുകള്‍ കപ്പലിന്റെ വെളിയിലേക്ക് വലിച്ചെറിഞ്ഞ് ഭാരം കുറുക്കാമെന്ന നിര്‍ദ്ദേശമുയര്‍ന്നു.
ചരക്കുകളെല്ലാം വലിച്ചെറിഞ്ഞിട്ടും ഒരു മാറ്റവും കാണാതെ വന്നപ്പോള്‍ യാത്രക്കാരിലൊരാള്‍ കടലിലേക്ക് എടുത്ത് ചാടിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന തീരുമാനത്തിലെത്തി. പക്ഷെ ആരാണ് കടലിലേക്ക് എടുത്ത് ചാടി ജീവനുപേക്ഷിക്കാന്‍ തയാറാവുക. ഒടുവില്‍ നറുക്കെടുപ്പിലൂടെ ആളെ തീരുമാനച്ച് ബാക്കിയുള്ളവരുടെ ജീവന്‍ സംരക്ഷിക്കാനുറച്ചു. നറുക്കെടുത്ത് നോക്കുമ്പോള്‍ പ്രവാചകന്‍ യൂനുസ് നബിയായിരുന്നു. യാത്രക്കാര്‍ക്കെല്ലാം വല്ലാത്ത മനപ്രയാസം നേരിട്ടു. യൂനുസ് നബിയെ കടലിലെറിയാന്‍ മനസ്സ് വരാതെ വീണ്ടും അവര്‍ നറുക്കെടുത്തു. അങ്ങനെ മൂന്ന് തവണയും നറുക്ക് വീണ യൂനുസ് നബി ഇത് അല്ലാഹുവിന്റെ തീരുമാനമാണ് എന്ന് അവരെ ബോധ്യപ്പെടുത്തിയ ശേഷം കടലിലേക്ക് ചാടാന്‍ സ്വയം തീരുമാനിച്ചു.
Also Read:ഇബ്‌റാഹീം നബി: പരീക്ഷണത്തിന്റെ മരുഭൂമികള്‍
പൊടുന്നനെ കടല്‍ പിളര്‍ന്ന് ഭീമാകാരമായ ഒരു വലിയ മത്സ്യം മുകളിലേക്ക് വന്ന് പ്രവാചകനെ വിഴുങ്ങി. യൂനുസ് നബിയെ തന്റെ ആഹാരമാക്കരുതെന്നും അവരുടെ എല്ലുകള്‍ക്ക് പോറലേല്‍ക്കരുതെന്നും ദൈവിക ആജ്ഞയുണ്ടായിരുന്നു ആ മത്സ്യത്തിന്. വയറ്റിനുള്ളില്‍ കൂരിരുട്ടില്‍ യൂനുസ് നബി താന്‍ ആദ്യം മരിച്ചുവെന്ന് കരുതിയെങ്കിലും നാഥന്‍ തന്നെ സംരക്ഷിച്ചിട്ടുണ്ടെന്നും തനിക്ക് ജീവനുണ്ടെന്നും തിരിച്ചറിഞ്ഞു. ആഴക്കടലിലെ ഇരുട്ട്, മത്സ്യത്തിന്റെ ഉദരത്തിലെ ഇരുട്ട്, ഇരുട്ടിന് മേല്‍ ഇരുട്ട് പടര്‍ന്നു. അല്ലാഹു വിചാരിച്ചാലല്ലാതെ മോചനം സാധ്യമല്ലെന്ന് മനസ്സിലാക്കിയ യൂനുസ് നബി, പ്രാര്‍ത്ഥനാ നിമഗ്നമായി അവിടെ കഴിച്ച് കൂട്ടി.
ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍തു മിനള്ളാലിമീന്‍ (അല്ലാഹുവേ നിയല്ലാതെ മറ്റൊരാരാധ്യനില്ല, നീ എത്ര പരിശുദ്ധന്‍.. നിശ്ചയം ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു) എന്ന അദ്ദേഹത്തിന്റെ വിശേഷ പ്രാര്‍ത്ഥന ഖുര്‍ആന്‍ പ്രത്യേകം എടുത്തുദ്ധരിക്കുന്നുണ്ട്. ശേഷം ഖുര്‍ആന്‍ പറയുന്നു, അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയില്ലായിരുന്നുവെങ്കില്‍ പുനര്‍ജ്ജീവനദിനം വരെ അദ്ദേഹം ആ മല്‍സ്യവയറ്റില്‍ തന്നെ ശേഷിക്കുമായിരുന്നു എന്ന്.
പ്രാര്‍ത്ഥനകളിലായി കഴിച്ച് കൂട്ടികൊണ്ടിരിക്കുന്നതിനിടെ ഒരിക്കല്‍ ആ മത്സ്യം ആഴക്കടലില്‍ നിന്നും കരയിലേക്ക് നീന്തി തുടങ്ങി. വെളിച്ചത്തിന്റെ സ്രഷ്ടാവ് പ്രകാശം വിതറി, താമസിയാതെ ഘനാന്ധകാരത്തില്‍നിന്നും മോചനം വന്നെത്തി. പ്രവാചകരുടെ പരീക്ഷണ കാലഘട്ടം കഴിഞ്ഞ് അവര്‍ കരയണഞ്ഞു. യൂനുസ് നബി തന്റെ സമുദായത്തെ തേടി നീനവ ലക്ഷ്യമാക്കി നടന്നു. അതിനിടയില്‍ വിശ്വാസികളായി മാറിയിരുന്ന നീനവക്കാര്‍ അദ്ദേഹത്തോടെ സന്തോഷത്തോടെ സ്വീകരിച്ചു. അത് കണ്ട യൂനുസ് നബിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അദ്ദേഹം വീണ്ടും വീണ്ടും നാഥനിലേക്ക് നന്ദിയോടെ കൈകളുയര്‍ത്തി.
Leave A Comment