എനിക്ക് കളിച്ചേ പറ്റൂ... അല്ലെങ്കില്‍ എന്റെ ഗ്രാമം പട്ടിണി കിടക്കേണ്ടിവരും... ഫുട്ബോളിലൂടെ ഒരു ഗ്രാമത്തെ പോറ്റുന്ന മാനേയുടെ കഥ

10 ഫെറാരി കാറുകളും 20 ഡയമണ്ട് വാച്ചുകളും 2 പ്രൈവറ്റ് വിമാനങ്ങളും എനിക്ക് എന്തിനാണ്? അത് കൊണ്ട് മറ്റുള്ളവർക്ക് വല്ല പ്രയോജനവുമുണ്ടോ? വിശക്കുന്നവരുടെ വിശപ്പടക്കാൻ അവക്ക് സാധിക്കുമോ? ലോക ഫുട്ബോൾ ഇതിഹാസം സാദിയോ മാനെയുടെ വാക്കുകളാണിവ. തനിക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ ഏറിയ പങ്കും തന്റെ ഗ്രാമത്തിലുള്ളവരുടെ വിശപ്പടക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടി മാറ്റി വെച്ച ഈ സെനഗൽ ഫുട്ബോളറുടെ ജീവിത കഥ മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. 

1992 ഏപ്രിൽ 10 ന് സെനഗലിലെ ബാമ്പാലി എന്ന ഗ്രാമത്തിൽ ആയിരുന്നു മാനേയുടെ ജനനം. ഒരു നേരത്തെ വിശപ്പടക്കാൻ പോലും മതിയായ ഭക്ഷണം ലഭിക്കാത്ത ആ നാട്ടിൽ നിന്നാണ് മാനേ എന്ന ആ കൊച്ചു ബാലൻ കാൽപന്ത് സ്വപ്നം കണ്ട് തുടങ്ങുന്നത്. ഒരു പ്രാഥമിക ആശുപത്രി പോലുമില്ലാത്ത ആ നാട്ടിൽ പകർച്ച വ്യാധി കാരണം മരണം പതിവായിരുന്നു. അസുഖം ബാധിച്ചവരധികവും മരണത്തിന് കീഴടങ്ങേണ്ട ദുരവസ്ഥയായിരുന്നു ബാമ്പാലിയിലേത്. മാനേക്ക് ഏഴ് വയസ്സുള്ളപ്പോൾ തൻറെ പിതാവും പകർച്ച വ്യാധി ബാധിച്ച് മരണത്തിന് കീഴടങ്ങി. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന മാനേയോട് സഹോദരൻ വന്ന്, ഉപ്പ മരിച്ചെന്ന് പറയുമ്പോള്‍, അത് വിശ്വസിക്കാനാവാതെ, ഉപ്പ എങ്ങനെ മരിക്കും, ഞാൻ ഉപ്പയോട് സലാം പറഞ്ഞിട്ട് അല്ലേ ഇങ്ങോട്ട് വന്നത് പോലും എന്നാണ് മാനേ ആശ്ചര്യത്തോടെ ചോദിക്കുന്നത്. മതിയായ ചികിത്സ കിട്ടാത്തതായിരുന്നു ഉപ്പയുടെയും മരണ കാരണമെന്ന് മനസ്സിലാക്കിയ മാനേ, തന്റെ നാട്ടില്‍ ഒരു പ്രാഥമിക ആശുപത്രിയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയ നിമിഷമായിരുന്നു അത്. അവിടെ വെച്ച് ആ കൊച്ചുബാലൻ ഒരു പ്രതിജ്ഞ എടുത്തു, തനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ ഗ്രാമത്തില്‍ ഒരു ആശുപത്രി പണിയുമെന്ന്.
തെരുവ് വീഥികളിൽ കളിച്ച് ശീലിച്ച മാനേ, ഫുട്ബോൾ എന്ന തൻറെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി, വീട്ടിലുള്ളതെല്ലാം വിറ്റ് പെറുക്കിയിട്ടും, 317 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ട്രയല്‍ നടക്കുന്നിടത്ത് എത്തുന്നത്. നല്ല ഒരു ഷർട്ടോ ബൂട്ടോ ഇല്ലാതെയായിരുന്നു മാനേ അവിടെ എത്തിയത്, അത് കണ്ട സെലക്ടേഴ്സ് പോലും അദ്ദേഹത്തെ പരിഹാസത്തോടെയാണ് നോക്കിക്കണ്ടത്. "എൻറെ ബൂട്ടോ ഷർട്ടോ അല്ല എന്നെ തിരഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം, ഗ്രൗണ്ടിൽ ഉള്ള എൻറെ കളി നോക്കി നിങൾ എന്നെ വിലയിരുത്തൂ" എന്നായിരുന്നു, തന്റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസമുള്ള മാനേയുടെ മറുപടി.
കളിക്കളത്തിലെ വേഗതയും അസാമാന്യ മികവും കണ്ട് അത്ഭുതപ്പെട്ട സെലക്ടർസ്മാരിൽ, മാനേയെ നേരത്തെ പരിഹസിച്ച അതേ ടസെലക്ടർ തന്നെയായിരുന്നു ടീമിൽ എടുത്തത് എന്നത് മധുരമേറിയ പ്രതികാരമായിരുന്നു എന്ന് വേണം കരുതാന്‍.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായി മാനേ അരങ്ങേറുന്നത് സതാപ്ടൻ ജേഴ്സി അണിഞ്ഞാണ്. അസ്റ്റ്റൻ വില്ലക്കേതിര ഉള്ള മത്സരത്തിൽ 2 മിനുട്ട് 56 സെക്കൻറിനുള്ളിൽ ഹാട്രിക് ഗോൾ നേടുകയുണ്ടായി. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടിയ താരം എന്ന ബഹുമതി കൂടി മാനേ അതോടെ സ്വന്തമാക്കി. 1994 ൽ റോബി ഫ്ലവർ ആഴ്സനലിനെതിരെ കുറിച്ച റെക്കോർഡാണ് മാനേ മറികടന്നത്.
2016 ജൂൺ 28 നാണ് മാനേ ലിവർപൂൾ ടീമിൽ ചേരുന്നത്. 34 മില്യൺ യൂറോയാണ് മാനേയുടെ ട്രാൻസ്ഫർ ഫീയായി ടീം അന്ന് മുന്നോട്ട് വെച്ചത്. ഏറ്റവും വിലയേറിയ ആഫ്രിക്കൻ താരം എന്ന റെക്കോർഡ് കൂടി മാനേ അന്ന് തന്റെ പേരിൽ ചേർത്തു. ലിവർപൂളിന് വേണ്ടി കളിക്കുമ്പോഴാണ് മാനേയെ ഫുട്ബോൾ ലോകം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. ഒരു നല്ല ബൂട്ട് പോലുമില്ലാതെ ട്രെയൽസിന് വന്ന മാനേ ഇന്ന് ലോകത്തിലെ തന്നെ പ്രശസ്ത ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ലിവർപൂളിലെ പ്രധാന താരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലിവർപൂൾ ടീമിൻറെ കിരീട വിജയത്തിൽ എല്ലാം സദിയൊ മാനേ എന്ന വിംഗറുടെ പങ്ക് നിസ്തുലമാണ്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള താരമായി മാറിക്കഴിഞ്ഞ മാനേ, 5.2 മില്യൺ പൗണ്ട് ആണ് 2022 ൽ ഫുട്ബോളിൽ നിന്ന് മാനേ സമ്പാദിച്ചത്.  
എന്നാൽ, പഴയതൊന്നും മാനേ ഇപ്പോഴും മറന്നിട്ടില്ല. ഒരുപാട് സമ്പത്ത് വന്ന് ചേര്‍ന്നെങ്കിലും തന്റെ വ്യക്തിപരമായ ആവശ്യങ്ങളെക്കാൾ കൂടുതലായി അയാൾ അതെല്ലാം ചെലവഴിക്കുന്നത് സ്വന്തം ഗ്രാമത്തിലുള്ളവരുടെ പട്ടിണി മാറ്റാനാണ്. മാനേ ഇപ്പോഴും പൊട്ടിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ട ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് അതേകുറിച്ച് ചോദിക്കുകയുണ്ടായി. അയാളുടെ മറുപടി ഇപ്രകാരമായിരുന്നു "പൊട്ടിയ മൊബൈൽ കടയിൽ നന്നാക്കാൻ കൊടുക്കണം" അത് കേട്ട് ആശ്ചര്യത്തോടെ ആ പത്രപ്രവർത്തകൻ വീണ്ടും ചോദിച്ചു, എന്ത് കൊണ്ട് ഒരു പുതിയ ഫോൺ വാങ്ങിക്കൂടാ? മാനേ പറഞ്ഞു: എൻറെ ആവശ്യങ്ങൾ നിറവേറാൻ ഇത് തന്നെ ധാരാളം!!! 
തന്റെ പിതാവ് മരണപ്പെട്ട അന്ന് എടുത്ത പ്രതിജ്ഞയുടെ സാക്ഷാത്കാരമെന്നോണം, ഇന്ന് തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തന്നെ അദ്ദേഹം നടത്തുന്നുണ്ട്. രോഗികൾക്ക് സൗജന്യ ചികിത്സയാണ് അവിടെ നല്കുന്നത്. തന്റെ ഗ്രാമത്തിലെ നിരക്ഷരരായ കൊച്ചു കുട്ടികൾക്ക് വേണ്ടി മാനേ ഒരു സ്കൂളും സ്ഥാപിച്ചിരിക്കുന്നു. തൻറെ രാജ്യത്തെ ദരിദ്രരായ ആളുകൾക്ക് സൗജന്യ ഭക്ഷണവും വസ്ത്രവും നൽകുന്നത് വേറെയും. സെനഗലിലെ വളരെ ദരിദ്രരായവർക്ക് മാസത്തിൽ 70 യൂറോ വീതം നൽകാനും സാദിയൊ മാനേ ഇന്ന് സമയം കണ്ടെത്തുന്നു. 
ആഡംബര പൂർണ്ണമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം കൈപ്പിടിയിലുണ്ടായിട്ടും മാനേ തിരഞ്ഞെടുത്തത് വളരെ ലളിതമായ ജീവിതമായിരുന്നു. അടുത്തിടെ അദ്ദേഹം പള്ളിയിലെ വുളൂ ചെയ്യുന്ന ഭാഗം വൃത്തിയാക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. വീഡിയോ പുറത്ത് വിടരുതെന്ന് എടുക്കുന്നവരോട് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നെങ്കിലും, ഇങ്ങനെയും ഒരു ഫുട്ബോളറുണ്ടെന്ന് ലോകം അറിയട്ടെ എന്ന് കരുതിയാണ് അത് ചെയ്തതെന്ന്, ഷൂട്ട് ചെയ്ത അബൂ ഉസാമ ബിബിസി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഫുട്ബോളിലെ മികച്ച പ്രകടനത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: "മറ്റുള്ളവരേക്കാള്‍ ഞാന്‍ മികച്ച് നില്ക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ജോലി ഭംഗിയായി ചെയ്യാൻ ശ്രമിക്കുന്നു എന്ന് മാത്രം. സെനഗലിലെ എന്റെ ഗ്രാമത്തിലുള്ളവരുടെ ഭക്ഷണത്തെ കുറിച്ച് ഞാൻ നിരന്തരം ആശങ്കാകുലനാണ്. അത് കണ്ടെത്താനാവുന്നത് എന്റെ ഈ ജോലിയിലൂടെയാണ്. അത് കൊണ്ട് തന്നെ എന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ എപ്പോഴും മികച്ചതായിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അല്ലാത്ത പക്ഷം എന്റെ കരാർ നഷ്ടപ്പെടും, അതോടെ, എന്റെ ഗ്രാമം പട്ടിണിയിലകപ്പെടും, അതെനിക്ക് ആലോചിക്കാന്‍ പോലും വയ്യ. അല്ലാതെ, അവാര്‍ഡുകളോ ബഹുമതികളോ അല്ല എന്നെ മുന്നോട്ട് നയിക്കുന്നത്. അത് കൊണ്ടൊന്നും വിശക്കുന്നവന്റെ വയറ് നിറയുകയില്ലല്ലോ!!!
മതവിശ്വാസത്തെ കുറിച്ചുള്ള ചോദ്യത്തിനും മാനേക്ക് വ്യക്തമായ മറുപടിയുണ്ട്. അതിങ്ങനെയാണ്, മറ്റുള്ളവരെ സഹായിക്കാനും സന്തോഷിപ്പിക്കാനുമാണ് ഇസ്‍ലാം മതം അനുശാസിക്കുന്നത്, മത മൂല്യങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു, എന്റെ മതം എനിക്ക് വളരെ പ്രിയപെട്ടതാണ്. അതില്ലാതെ, ഈ ജീവിതത്തിന് തന്നെ അര്‍ത്ഥമില്ലല്ലോ!!!

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter