ഫേസ്ബുക്കിനു ബദലുമായി സലാംവേള്‍ഡ്
അങ്കാറ: സോഷ്യല്‍ നെറ്റ് വര്‍കിംഗ് രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഫേസ്ബുക്കിന് ഹലാല്‍ ബദലുമായി തുര്‍ക്കി ആസ്ഥാനമായി പുതിയ കമ്പനി രംഗത്ത് വരുന്നു. ഈ രംഗത്ത് ഒരു മുസ്‌ലിം സോഷ്യല്‍ മീഡിയക്ക് ഏറെ സാധ്യതയുള്ളതായാണ് കമ്പനി വിലയിരുത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം തുര്‍ക്കിയില്‍ മാത്രം നാല് ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഫേസ്ഉപയോഗം നിര്‍ത്തിയെന്നാണ് കമ്പനി പറയുന്നത്.
ആ വിടവിലേക്കാണ് ഇസ്‌ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന ഉറപ്പോടെ സലാംവേള്‍ഡ് കടന്നുവരുന്നത്. 250 മില്യന്‍ മുസ്‌ലിംകള്‍ ഇന്ന് ഫേസ്ബുക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഹലാലായി മാത്രം ഉപയോഗിക്കപ്പെടുന്ന മറ്റൊന്നില്ല എന്നത് കൊണ്ട് മാത്രമാണ് അവര്‍ അത് ഉപയോഗിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യതകളിലേക്ക് യാതൊരു പരിധിയുമില്ലാതെ കടന്നു ചെല്ലുന്ന ചിത്രങ്ങളും വീഡിയോകളും വരെ ഒരു നിയന്ത്രണവുമില്ലാതെ പോസ്റ്റ് ചെയ്യുന്നത് മതമൂല്യങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ സലാംവേള്‍ഡില്‍, അംഗങ്ങളാവുന്ന വ്യക്തികളുടേതിനേക്കാള്‍ അവര്‍ ചേരുന്ന കമ്യൂണിറ്റികള്‍ക്കായിരിക്കും പ്രാധാന്യം നല്‍കപ്പെടുക. ഓരോ ഉപയോക്താവിന്റെയും പ്രൊഫൈലില്‍ അവര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന കമ്യൂണിറ്റികളിലേക്കുള്ള ലിങ്കുകള്‍ ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് തന്നെ കമ്യൂണിറ്റികള്‍ രൂപീകരിക്കുകയും മോഡറേറ്റ് ചെയ്യുകയും ചെയ്യാവുന്ന വിധത്തിലായിരിക്കും സംവിധാനം. അനുയോജ്യമെന്ന് തോന്നുന്നവ വിവിധ ഗ്രൂപ്പുകളിലായി പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നതും അല്ലാത്തവ തടഞ്ഞുവെക്കുന്നതും ഈ കമ്യൂണിറ്റികളായിരിക്കും. അഥവാ, ഇതില്‍ ഉപയോക്താക്കള്‍ വിവരങ്ങള്‍ കമ്യൂണിറ്റികളുമായി പങ്കുവെക്കുകയും ശേഷം അവര്‍ അത് വിലയിരുത്തിയ ശേഷം പോസ്റ്റുചെയ്യുകയും ചെയ്യുന്ന സംവിധാനമാണ് സ്വീകരിക്കപ്പെടുക.
മറ്റു സോഷ്യല്‍നെറ്റ് വര്‍ക്കുകളുടെ വ്യക്തി-കേന്ദ്രീകൃത രീതിയില്‍നിന്ന് മാറി കമ്യൂണിറ്റി-കേന്ദ്രീകൃത രീതിതിയായിരിക്കും സലാം വേള്‍ഡില്‍ സ്വീകരിക്കുന്നത്. സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മുതല്‍ മതനേതാക്കള്‍ക്കെതിരെയുള്ള വിഷമജനകമായ തമാശകള്‍ വരെയുള്ള സാമൂഹ്യവിരുദ്ധ പോസ്റ്റുകള്‍ നിരീക്ഷിക്കാനും ഉടനടി വേണ്ടനടപടികള്‍ സ്വീകരിക്കാനും അഞ്ച് തലത്തിലായുള്ള ഫില്‍ട്രേഷന്‍ സംവിധാനമാണ് ഇതില്‍ ഒരുക്കുക. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ പരീക്ഷണം തുടങ്ങിയത്. ഈ വര്‍ഷം ഒക്ടോബറോട് കൂടി പതിനേഴ് രാഷ്ട്രങ്ങളിലായുള്ള പരീക്ഷണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
എന്നാല്‍ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സാമ്പത്തികമായി എത്രമാത്രം വിജയകരമാവുമെന്ന സംശയം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. സമാനമായ പല സംരഭങ്ങളും പരാജയപ്പെട്ടതാണ് ചരിത്രം. ക്രിസ്ത്യന്‍ വീഡിയോകളുടെ പ്രചാരണം ലക്ഷ്യം വെച്ച് 2007ല്‍ ടെക്സാസില്‍ രൂപം കൊടുത്ത ഗോഡ്ട്യൂബ് ഇതിന് ഉദാഹരണമാണ്. 2007-2008 കാലയളവില്‍ സമാനസംരംഭങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ചയായിരുന്നു അത് നേടിയത്. എന്നാല്‍ 2009ഓടെ ഉപയോക്താക്കള്‍ ഗണ്യമായി കുറയുന്നതാണ് പിന്നീട് കാണാനായത്. ഇന്ന് വെബ് ലോകത്ത് അതിന്റെ സാന്നിധ്യം തന്നെ പറയത്തക്കതല്ല.
ശക്തമായ സാമ്പത്തിക പിന്‍ബലത്തോടെയാണ് സലാംവേള്‍ഡ് ആരംഭിക്കുന്നത്. ആദ്യ മൂന്ന് വര്‍ഷം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തുക ഇതിനകം സമാഹരിച്ചുകഴിഞ്ഞു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ആദ്യ അഞ്ച് വര്‍ഷം കൊണ്ട് 50 മില്യന്‍ ഉപയോക്താക്കളെ നേടിയെടുക്കുക എന്ന ലക്ഷ്യം സഫലമാവണമെങ്കില്‍, അല്‍പം പണിപ്പെടേണ്ടിവരും. മുസ്‌ലിം ഉപയോക്താക്കളുടെ പ്രമുഖവും പ്രഥമഗണനീയവുമായ സോഷ്യല്‍നെറ്റ് വര്‍ക് ആയി വളരുക എന്ന ലക്ഷ്യം എത്രമാത്രം സാധ്യമാണെന്നതില്‍ പ്രയോക്താക്കള്‍ക്ക് തന്നെ സംശയമുണ്ടെങ്കിലും ഒട്ടേറെ സന്ദര്‍ശകരെ ഇതിന് ആകര്‍ഷിക്കാനാവുമെന്ന് തന്നെയാണ് അവരുടെ കണക്ക് കൂട്ടല്‍.
വ്യക്തികളുടെ താല്‍പര്യത്തേക്കാള്‍ സമൂഹത്തിന്റെ താല്‍പര്യത്തിന് പ്രാമുഖ്യം നല്‍കുന്ന ഈ സമീപനം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും പലരെയും ആകര്‍ഷിക്കുമെന്നുമാണ് കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ യൂസുഫ് കുര്‍തിന്റെ പ്രത്യാശ. കമ്യൂണിറ്റികളും ഗ്രൂപ്പുകളുമായി പോസ്റ്റുകളെയും ഉപയോക്താക്കളെയും ടാഗ് ചെയ്യുന്നതിനാല്‍ ബിസിനസ് രംഗത്തുള്ളവര്‍ക്കും മറ്റു മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
ഫേസ്ബുക് പോലോത്ത ഇതര നെറ്റ് വര്‍കുകള്‍ മുസ്‌ലിം ഉപയോക്താക്കള്‍ക്ക്, വിശിഷ്യാ ചെറുപ്പക്കാര്‍ക്ക് എന്ത് നല്‍കണമെന്നതായിരിക്കും സലാംവേള്‍ഡിന്റെ വിജയവും പരാജയവും പറഞ്ഞുതരിക.
എന്നാല്‍ ഇസ്‌ലാമിനെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ചെറുകൂട്ടായ്മകളില്‍ ചേരാനാണോ അതോ ഫേസ്ബുക് പോലോത്ത പൂര്‍ണ്ണസ്വതന്ത്ര നെറ്റ് വര്‍ക്കുകളില്‍ ചേരാനാണോ മുസ്‌ലിംകള്‍ താല്‍പര്യം കാണിക്കുക എന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
ടൈംസ് ഓഫ് ഉമ്മ



Leave A Comment