സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങൾ: വിനയം പൂത്തുലഞ്ഞ പാണ്ഡിത്യം
സുകൃതങ്ങളുടെ കൈവെള്ളയില്‍ ജീവിതം ചെലവഴിക്കുന്നവരാണ് ഹള്റമി സാദാത്തീങ്ങള്‍. അത്തരത്തില്‍, നന്മയുടെ വിത്തുകള്‍ വിതറി സുകൃതങ്ങളെന്തെന്ന് ബോധിപ്പിച്ചുതന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍. പ്രവാചക പാരമ്പര്യത്തിന്റെ മാഹാത്മ്യവും നിര്‍ഗളിക്കുന്ന പാണ്ഡിത്യവും സമന്വയിച്ച സാത്വികന്റെ മുഖമുദ്ര തന്നെ, വിനയവും ലാളിത്യവും വിശുദ്ധിയുമായിരുന്നു.
പരപ്പനങ്ങാടി ഹാമിദ് ബാഅലവി തങ്ങളുടെയും ഹലീമ ഹജ്ജുമ്മയുടെയും മകനായി 1937ല്‍ കാലടിയിലായിരുന്നു ജനനം. അടിസ്ഥാന ദീനീ വിജ്ഞാനങ്ങള്‍ പിതാവില്‍നിന്ന് കരഗതമാക്കുന്നതിലൂടെ തുടങ്ങുന്ന നീണ്ട പഠനകാലം. അരീക്കോടിനടുത്തുള്ള പത്തനാപുരം ദര്‍സ് മുതല്‍, നാറാത്ത്, ചെങ്ങളായി, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കൊയ്യോട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ദര്‍സ് പഠനകാലങ്ങള്‍. നൂറ്റാണ്ടകള്‍ക്കു മുമ്പേ മതപഠന രംഗത്ത് ഉപരിപഠനത്തിനായി കേരളക്കര ആശ്രയിച്ചിരുന്നത് വെല്ലൂരിലുള്ള ബാഖിയാത്തുസ്സ്വാലിഹാത്ത് ആയിരുന്നു. 'ശൈഖ് ഹസനായി വരട്ടെ..' എന്ന നൂഞ്ഞേരി മുഹമ്മദ്കുട്ടി തങ്ങളുടെ മഹദ്വചനത്തിലൂടെ പ്രാരംഭം കുറിച്ച ബാഖിയാത്തിലൂടെയുള്ള ഉപരിപഠനം. മഹാനായ പണ്ഡിത കേസരി ശൈഖ് ഹസന്‍ ഹസ്രത്തിന്റെ മകളെ വിവാഹംചെയ്താണ് അവിടെനിന്നു പടിയിറങ്ങിയത്.
പണ്ഡിത സമൂഹത്തോടുള്ള അടങ്ങാത്ത സ്നേഹവും സാമീപ്യവുമാണ് മഹാനവര്‍കളെ ഈ നിലയിലെത്തിച്ചത്. കേരളക്കരയുടെ കാരണവരായ പാണക്കാട് തങ്ങന്മാരുമായി പണ്ടുമുതല്‍ക്കേ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മട്ടന്നൂര്‍ മഹല്ല് ജമാഅത്തിന്റെ സംയുക്ത ഖാളിയായതും ഇത്തരം ബന്ധങ്ങള്‍ക്ക് വലിയ കാരണമായി.
ജീവിതത്തിലുടനീളം കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു മഹാനവര്‍കള്‍. എത്രതന്നെ വൈകിയാലും പോകുന്ന വഴിയിലുള്ള കുടുംബക്കാരെ സന്ദര്‍ശിച്ച് അവരോട് കുശലാന്വേഷണങ്ങള്‍ നടത്തി അവര്‍ക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കുന്നത് പതിവായിരുന്നു. മന്ദസ്മിതം തൂകുന്ന സൗമ്യഭാവവും വിനയവും തന്നെയാണ് മറ്റുള്ളവരില്‍നിന്ന് തങ്ങളെ വ്യത്യസ്തനാക്കുന്നതും ഇത്രയും അംഗീകാരങ്ങളിലെത്തിച്ചതും.
അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും ഒരേ കണ്ണോടെ കാണാനുള്ള പ്രത്യേക കഴിവും തങ്ങള്‍ക്ക് സ്വന്തമായിരുന്നു. ആരെയും അല്‍ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തിയുണ്ടായിരുന്ന അദ്ദേഹം കാലങ്ങള്‍ക്കുമുമ്പേ കഴിഞ്ഞുപോയ സംഭവവികാസങ്ങളെ നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുക്കുമായിരുന്നു. അതിഥികളെ വേണ്ടുവോളം സല്‍കരിച്ചിട്ടല്ലാതെ വിടുമായിരുന്നില്ല. അപരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതിലാണ് തങ്ങള്‍ എന്നും ഊന്നല്‍ നല്‍കിയത്. പ്രശ്നങ്ങളുമായി ആരെങ്കിലും അടുത്തുവന്നാല്‍ കക്ഷിഭേദെമന്യേ ആ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുന്നതുവരെ സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെക്കും. അപരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണനനല്‍കി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതു കൊണ്ട് അന്യരുടെ ഹാശിം തങ്ങള്‍ എന്നുവരെ വിളിക്കപ്പെട്ടിരുന്നു.
ഹള്റമി സാദാത്തിന്റെ കര്‍ത്തവ്യമെന്തെന്ന് പ്രതിപാദിക്കുന്ന 'അല്‍ മശ്റഉറവിയ്യ്' എന്ന മുഹമ്മദ് അബൂബക്കര്‍ ശില്ലിയുടെ ഗ്രന്ഥത്തിന്റെ അവതാരികയില്‍ പരിപാലനം, ജ്ഞാനപ്രസരണം, പ്രബോധനം, സാമുദായിക സൗഹാര്‍ദം, ഏവരെയും പക്വമായ രീതിയില്‍ ആതിഥ്യമരുളല്‍ എന്നിങ്ങനെ നീളുന്ന ഹള്റമി സാദാത്തിന്റെ സംഭാവനകളെ വരച്ചുകാട്ടുന്നുണ്ട്. ആ പാരമ്പര്യം ദാറുല്‍ ഹസനാത്ത്, കമ്പില്‍ ലത്വീഫിയ്യ, ഹുസൈനിയ്യ യതീംഖാന എന്നിവകളുടെ ശില്‍പിയായതിലൂടെ അദ്ദേഹം കാത്തുസൂക്ഷിച്ചു.
ആലുവ ജാമിഅ ഹസനിയ്യയുടെയും പാപ്പിനിശ്ശേരി ഹുസൈനിയ്യയുടെയും മാതൃക പിന്തുടര്‍ന്ന് ശൈഖ് ഹസന്‍ ഹസ്രത്തിന്റെ സ്മരണാര്‍ഥം ഒരു സ്ഥാപനം, അതും കമ്പില്‍ മേഖലയില്‍തന്നെ ഉണ്ടാവണമെന്നത് സയ്യിദവര്‍കളുടെ സ്വപ്നമായിരുന്നു. പന്ന്യങ്കണ്ടിയില്‍ ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സ് എന്ന നാമധേയത്തില്‍ ഒരു സമുച്ചയം തന്നെ ഉണ്ടാക്കപ്പെട്ടത് അതിന്റെ ഫലമായിരുന്നു. അപ്രകാരം 1993ല്‍ കണ്ണാടിപ്പറമ്പില്‍ വനിതാ യതീംഖാനയുടെയം 1995ല്‍ പന്ന്യങ്കണ്ടിയില്‍ അഫ്ളലുല്‍ ഉലമാ അറബിക് കോളജിന്റെയും ഉദ്ഘാടനവും നടന്നു. പിന്നീട് പന്ന്യങ്കണ്ടിയിലെ ദാറുല്‍ ഹസനാത്തിന്റെ പേര് ലത്വീഫിയ്യ അറബിക് കോളജ് എന്ന് പുനര്‍നാമകരണം ചെയ്തു. ആ മേഖലയില്‍തന്നെ രണ്ടു പേരുകളിലായി രണ്ട് സ്ഥാപനങ്ങള്‍ പ്രര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് തങ്ങളവര്‍കള്‍ ഈ മാറ്റത്തിനു മുതിര്‍ന്നത്. തുടര്‍ന്ന് ഹസനാത്തിനു കീഴില്‍ കണ്ണാടിപ്പറമ്പില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നിരന്തരമുള്ള വിദേശയാത്രകള്‍ക്കും മഹാനവര്‍കള്‍ക്ക് വഴിയൊരുങ്ങിയിരുന്നു. ജ്ഞാനപ്രസാരണമെന്ന പ്രധാന അജണ്ടയായിരുന്നു ഇതിനൊക്കെ പിന്നില്‍. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ പ്രാപ്തമാക്കുന്ന ഒരു സമൂഹത്തെ സമുദായത്തിന് സമര്‍പ്പിക്കുക എന്ന ഉറച്ച ലക്ഷ്യബോധം തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മഹാനവര്‍കളെ പ്രേരിപ്പിച്ചത്. ശൈഖ് ഹസന്‍ ഹസ്രത്ത് മുഖേന ആവാഹിച്ചെടുത്ത അറബ്-പ്രവാസ ബന്ധങ്ങള്‍, ഇരു കെട്ടിട സമുച്ചയങ്ങളും ഉയര്‍ന്നുവരുന്നതില്‍ സഹായകമായി. ഈ രണ്ട് സമുച്ചയങ്ങളാണ് പ്രവര്‍ത്തന ഗോദയിലെ പ്രധാനശേഷിപ്പുകളെന്ന് പറയാം.
ജീവിത സായാഹ്നത്തില്‍ അധികവും ദിക്റുകളില്‍ മുഴുകുക പതിവായിരുന്നു. ജീവിതത്തിലുടനീളം മരണസ്മരണ ഉണ്ടാവണമെന്ന പ്രവാചകവചനം അന്വര്‍ത്ഥമാക്കുംവിധം മഹാനവര്‍കള്‍ മരണത്തെ പ്രതീക്ഷിച്ച് നേരത്തെതന്നെ വസിയ്യത്ത് എഴുതി വെച്ചിരുന്നു. ഖുതുബ നിര്‍വഹിക്കുന്നതിനിടയില്‍ നെഞ്ചില്‍ അസ്വസ്ഥത തോന്നിയ മഹാനവര്‍കള്‍ മിമ്പറില്‍നിന്ന് ഇറങ്ങി കിടന്ന് മരിക്കുകയാണെന്ന മട്ടില്‍ വസിയ്യത്തുപോലും ചെയ്തു എന്ന് സഹചാരികളുടെ സാക്ഷ്യം.
തങ്ങളുടെ ബീവിയുടെയും മകന്റെയും ഹജ്ജ് യാത്രകള്‍ക്കാവശ്യമായ എല്ലാം ചെയ്തുകൊടുത്തു. യാത്രപറഞ്ഞിറങ്ങുമ്പോള്‍ ബാഷ്പകണങ്ങള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, ഇനി അധികനാള്‍ കാണില്ല എന്ന മട്ടില്‍. ആ നേരം കൊച്ചുകുഞ്ഞിന്റെ ഭാവങ്ങളായിരുന്നു ആ സുന്ദരവദനത്തില്‍ കാണപ്പെട്ടത്. ബീവിയും മകനും പരിശുദ്ധ മക്കയില്‍ തങ്ങുന്ന സമയത്താണ് നാട്ടില്‍ തങ്ങളവര്‍കള്‍ക്ക് പക്ഷാഘാതമുണ്ടാവുന്നത്. ശേഷം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് മഹാനവര്‍കളെ മാറ്റുകയും 1440 മുഹറം 18ന് (2018) മഹാനവര്‍കള്‍ ഇഹലോകവാസം വെടിയുകയും ചെയ്തു.
ജനാസ കാണാന്‍പോയവരെല്ലാം ആ അനുഗ്രഹീത പരിമളം അനുഭവിച്ചറിഞ്ഞു. മാനവും ഭൂമിയുമെല്ലാം കരഞ്ഞ ദിനമായിരുന്നു അന്ന്. 'പുതുക്കോട്ടയിലെ പുതുമണവാളനെപ്പോലെ' സുകൃതഭവനത്തിന്റെ മസ്ജിദിന്റെ ചാരെ, വടവൃക്ഷത്തിനുതാഴെ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു. നാഥന്‍ അദ്ദേഹത്തോടൊപ്പം നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.
കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത് കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment