സേവനത്തിന്റെ പര്യായമായി എം.സി എന്ന രണ്ടക്ഷരം
സമുദായ സേവനം എന്നത്, ഇസ്‍ലാമിന്റെ കാഴ്ചപ്പാടില്‍ ഏറെ പുണ്യകരമായ പ്രവര്‍ത്തനമാണ്. നീ കാരണം ഒരു മനുഷ്യന്റെ മനസ്സില്‍ സന്തോഷമുണ്ടാകുന്നത്, അവന്റെ പ്രയാസമകറ്റാനാവുന്നത്, അവന്റെ ഒരു ആവശ്യം നിര്‍വ്വഹിച്ചുകൊടുക്കാനാവുന്നത്, അതിനായി അവന്റെ കൂടെ അല്പം നടന്നുകൊടുക്കുന്നത്, ഇതെല്ലാം ഏറെ മഹത്തമമായ പ്രവര്‍ത്തനങ്ങളായാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍, ജീവിതം മുഴുവന്‍ ഏറ്റവും പുണ്യകരമായ പ്രവര്‍ത്തനങ്ങളിലൂടെ കഴിച്ച് കൂട്ടി, ജീവിച്ച ഇടങ്ങളിലൊക്കെ തന്റേതായ പാദമുദ്രകളും ഇടപഴകിയവരിലൊക്കെ ഒരു പിടി നല്ല ഓര്‍മ്മകളും ബാക്കിയാക്കി കടന്നുപോയ ഒരു ചെറുപ്പക്കാരനാണ് എം.സി സുബൈര്‍ ഹുദവി എന്ന് പറയാം.
പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം പ്രാഥമിക പഠനത്തിന് ശേഷം, പറപ്പൂര്‍ സബീലുല്‍ ഹിദായ കോളേജിലും ശേഷം ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയിലും പഠനം തുടര്‍ന്ന്, 2002ല്‍ ഹുദവിയായി പുറത്തിറങ്ങി. ശേഷം ഏതാനും വര്‍ഷങ്ങള്‍ ദാറുല്‍ ഹുദായുടെ യു.ജി കോളേജുകളില്‍ അധ്യാപകനായി സേവനം ചെയ്ത സുബൈര്‍ ഹുദവി 2006ല്‍, പ്രവാസിയായി യു.എ.ഇയിലെത്തി. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതോടൊപ്പം, കെ.എം.സി.സി ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. യു എ ഇ ഹാദിയ, എസ്കെ എസ്എസ്എഫ്, സുന്നി സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ശേഷം 2015ല്‍ ജിദ്ദയിലെത്തിയ അദ്ദേഹം, മരണം വരെ മത-സാമൂഹിക-സാംസ്കാരിക മേഖലകളിലും പൊതുപ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്നു. മരണപ്പെടുമ്പോള്‍, സൌദി ഇസ്‍ലാമിക് സെന്റര്‍ (SIC) നാഷണല്‍ കമ്മിറ്റി ഓഡിറ്റിംഗ് സമിതി കണ്‍വീനര്‍ കൂടിയായിരുന്നു.
സാമൂഹ്യജീവ കാരുണ്യപ്രവര്‍ത്തന രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു എം.സി എന്ന രണ്ടക്ഷരം. എസ്.കെ.എസ്.എസ്.എഫിന്റെ സേവന വിഭാഗമായ വിഖായയുടെ ഭാഗമായി, വര്‍ഷങ്ങളായി ഹാജിമാരുടെ സേവനരംഗത്ത് ഏറെ സജീവമായിരുന്നു സുബൈര്‍ ഹുദവി. ജിദ്ദ ഇസ്‍ലാമിക് സെന്റര്‍, സൌദി ഇസ്‍ലാമിക് സെന്റര്‍ നാഷണല്‍ കമ്മിറ്റി, ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി, സൌദി കമ്മിറ്റി, ഹാദിയയുടെ വിവിധ പദ്ധതികള്‍ എന്നിവയെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖല. അതോടൊപ്പം സാധാരണക്കാരും നേതാക്കളുമായ അനേകം പേരുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
റമദാന്‍ 28ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം, താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരണം സംഭവിക്കുകയായിരുന്നു. 45 വയസ്സായിരുന്നു പ്രായം. ജിദ്ദയിലും സ്വദേശത്തും വിദേശങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്കെല്ലാം ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു എം.സിയുടെ മരണവാര്‍ത്ത. ശവ്വാല്‍ 2ന്, (ഏപ്രില്‍ 22), ശനിയാഴ്ച, ഇശാ നിസ്കാര ശേഷം, ജിദ്ദ റുവൈസ് ഖബ്റിസ്ഥാനില്‍, മറവ് ചെയ്തു.
എം.സി സുബൈര്‍ ഹുദവിയുടെ നിര്യാണത്തിലെ ദുഖം പങ്ക് വെക്കുന്ന വിവിധ മേഖലകളിലുള്ളവരുടെ കുറിപ്പുകള്‍ വായിക്കാം.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി
വൈസ് ചാന്‍സലര്‍, ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി
ദാറുൽഹുദാ അഞ്ചാം ബാച്ചിലെ പ്രിയപ്പെട്ട ഹുദവീ സന്തതി എം.സി സുബൈർ കൊപ്പം അല്ലാഹുവിന്റെ അലംഘനീയമായ വിളിക്കുത്തരം നൽകി അവനിലേക്ക് മടങ്ങിയിരിക്കുന്നു.
യു.എ.ഇയിലും പിന്നീട് സഊദിയിലും പ്രവാസിയായിരുന്ന സുബൈർ സമസ്തയുടെയും ദാറുൽഹുദായുടെയും മുസ്‌ലിം ലീഗിന്റെയുമെല്ലാം പ്രവർത്തകനായി കർമ രംഗത്ത് സജീവമായിരുന്നു.
ഈ വിനീതൻ അവിടെ ചെല്ലുമ്പോഴൊക്കെ സ്നേഹ പൂർണമായി സ്വീകരിക്കുന്നതിൽ സുബൈർ ഒരു പടി മുന്നിലായിരുന്നു.
ഹുദവികൾക്കിടയിൽ എം.സി എന്ന വിളിപ്പേരിലായിരുന്നു അവൻ അറിയപ്പെട്ടിരുന്നത്. ദാറുൽ ഹുദായുടെയും ഹാദിയയുടെയും വിഭവ സമാഹരണത്തിനും പ്രചരണത്തിനുമായി
സഊദിയിൽ, വിശിഷ്യ ജിദ്ദയിൽ കൈമെയ് മറന്ന് പ്രവർത്തിച്ചു.
എം.സി യുടെ സംഘാടനം വേറിട്ട ശൈലി തന്നെയായിരുന്നു. ഏതു കാര്യമേൽപിച്ചാലും യഥായോഗ്യം ചെയ്തു തീർക്കുകയും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കുകയും ചെയ്യുമായിരുന്നു.
ഇടക്കിടെ ഫോൺ വഴി ബന്ധപ്പെടുകയും വിശേഷങ്ങളും കുടുംബ കാര്യങ്ങളും വരെ പങ്കുവെക്കുകയും പതിവായിരുന്നു.
സുബൈറിന്റെ പിതാവ് മുഹമ്മദ് മുസ്‌ലിയാരും ഞാനും ജാമിഅ നൂരിയ്യയിൽ സഹപാഠികളായിരുന്നു. അന്ന് തന്നെ ഞങ്ങൾക്കിടയിൽ ഹൃദ്യമായ ബന്ധമായിരുന്നു. അദ്ദേഹത്തെയും ഞങ്ങളൊക്കെ സ്നേഹപൂർവം എം.സി എന്ന രണ്ടക്ഷരത്തിലാണ് അഭിസംബോധനം ചെയ്തിരുന്നത്. സുബൈറിലൂടെ ഞങ്ങളുടെ ബന്ധം ശതഗുണീഭവിച്ചു. അവരുടെ വീട്ടിൽ പലപ്പോഴും ഞാൻ സന്ദർശിച്ചിട്ടുണ്ട്. മൂന്ന് വർഷം മുൻപാണ് സുബൈറിന്റെ പുതിയ വീടിന് ഞാൻ തറക്കല്ലിട്ടത്. ഗൃഹ പ്രവേശനത്തിന്റെ ഹൃദ്യമായ സ്വപ്നങ്ങളുമായി അവൻ നാട്ടിൽ വരാനിരിക്കുകയായിരുന്നു.
فكم من فتى يمسي ويصبح آمناً
وأكفانه منسوجة وهو لا يدري
അല്ലാഹുവിന്റെ നിർണയങ്ങൾ സസന്തോഷം സ്വീകരിക്കാൻ മാത്രമേ സത്യ വിശ്വാസികൾക്ക് സാധിക്കുകയുള്ളുവല്ലോ.
വൈജ്ഞാനിക- സാമൂഹിക- സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന സുബൈറിന്റെ സേവനങ്ങളത്രയും സർവ ശക്തൻ സ്വീകരിക്കട്ടെ. പാരത്രിക ജീവിതം ധന്യമാക്കട്ടെ,
വിയോഗം മൂലം കുടുംബത്തിനും സന്താനങ്ങൾക്കും സുഹൃത്തുക്കൾക്കും അനുഭവപ്പെടുന്ന അതീവ ദുഃഖത്തിൽ പങ്കു ചേരുന്നു.
إن لله ما أخذ، وله ما أعطى، وكل عنده بأجل مسمى
https://www.facebook.com/Dr.BahauddeenMuhammedNadwi?mibextid=ZbWKwL
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി
ഇപ്പോഴും എന്റെ വാട്ട്സാപ്പിൽ ഉത്തരം കൊടുക്കാത്ത ഒരു ശാസന കിടക്കുന്നുണ്ട്. വിശദമായി സംസാരിക്കാൻ ചിലപ്പോൾ വിളിക്കാറുള്ളത് കൊണ്ട് അങ്ങനെയാവാം എന്ന് വിചാരിച്ച് മറുപടി ഇട്ടില്ല. എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ എന്റെ സ്നേഹധന്യനായ സുഹൃത്ത് യാത്രയായി. റമദാൻ വിട പറയും മുമ്പേ അവൻ നാഥന്റെ സമക്ഷത്തിലെത്തിക്കഴിഞ്ഞു. പറഞ്ഞു തീർക്കാനാവാത്ത ഒരുപാട് നൊമ്പരങ്ങൾ ബാക്കി വച്ച്, ഓർമകളുടെ ഒരു വലിയ ഘോഷയാത്രയുണ്ട് എന്റെ മുന്നിൽ , അപ്പോഴും നിന്റെ ചിരി മാത്രം ഒരു നിലാവ് പോലെ പൂത്ത് നിൽക്കുന്നു. നിലക്കാത്ത പൂനിലാവ് പോലെ ..
ശാസിച്ചും നിർദ്ദേശിച്ചും, ഇനി നീയില്ല. ദുബൈയിലെ ഹോളി ഖുർആൻ അവാർഡ് മീറ്റിൽ സൈനുൽ ഉലമയോടൊപ്പം (ന മ ) പങ്കെടുക്കാൻ ചെന്ന കാലത്ത് സുബൈർ ഹുദവി മുന്നിലും പിന്നിലും എന്ന പോലെ ഓടി നടന്നു. കെ എം. സി. സി.യും സമസ്തയും ദാറുൽ ഹുദയും പറഞ്ഞു, ചടുലമായ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളുമായി കളം നിറഞ്ഞ് നിൽക്കാൻ കഴിഞ്ഞ കർമ്മ കുശലതയുണ്ടായിരുന്നു എന്റെ സുഹൃത്തിന്.
രണ്ടാമത് ഹോളി ഖുർആൻ അവാർഡ് മീറ്റിന് ഈയുള്ളവൻ തന്നെ ഗസ്റ്റ് ആയി ചെന്നപ്പോഴും, സുബൈർ ഹുദവി ഉണ്ടായിരുന്നു എല്ലാത്തിനും മുന്നിൽ. യു.എ. ഇ യിൽ നിന്ന് ഇവിടെ നാട്ടിൽ ഇറങ്ങുന്നത് വരെ വല്ലാത്ത അന്വേഷണങ്ങളാണ്. എന്റെ കാൽ മുട്ടിന്റെ ലിഗമെന്റിന് ക്ഷതമുണ്ട്. സർജറി ആലോചിച്ചപ്പോൾ ചെറുശ്ശേരി ഉസ്താദാണ് വേണ്ടെന്ന് പറഞ്ഞത്. ശൈഖുന പറഞ്ഞത് കൊണ്ട് ഞാൻ സർജറി വേണ്ടെന്ന് വച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം, സുബൈർ ഹുദവി പള്ളിയിലെത്തി, സ്വന്തം കാലിന്റെ സർജറി കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലാത്തതിനാൽ എന്നോട് ആ സർജറി ചെയ്യരുത് എന്ന് പറയാനായിരുന്നു ഹുദവി എത്തിയത്. മറ്റുള്ളവരുടെ കാര്യത്തിൽ വലിയ ശ്രദ്ധയും പരിഗണനയും ഹുദവി യുടെ പ്രത്യേകതയായിരുന്നു.
യു.എ.ഇയിലെ സേവനം ഒഴിവാക്കി, പിന്നീട് ജിദ്ദയിലെത്തിയപ്പോഴും ഹുദവിയിലെ കർമ്മോൽസുക പ്രവർത്തകൻ സ്വയം മറന്ന് പ്രവർത്തിച്ചു. സുപ്രഭാതം ദിനപത്രത്തിന്റെ ഫണ്ട് സ്വരൂപണത്തിനും പ്രചരണത്തിനുമായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളോടൊപ്പം ഈ വിനീതനാണ്, സൗദിയിൽ പര്യടനം നടത്തിയത്. ഹുദവിയാണ് ജിദ്ദയിൽ അത് കോഡിനേറ്റ് ചെയ്തത്. എല്ലാം ഭദ്രമാണെന്ന് അറിയാതെ , ഹുദവി അടങ്ങിയിരിക്കാറില്ല. മറ്റുളളവരുടെ കാര്യത്തിൽ സുഖ വിവരങ്ങളിങ്ങളിൽ തപിച്ചിരുന്ന ആ ഹൃദയമാണ് നിലച്ചത്.
നാഥൻ പ്രിയ സുഹൃത്തിനോടൊപ്പം നാളെ സ്വർഗത്തിൽ നമ്മെ , ഒരുമിപ്പിക്കട്ടെ
ഇബ്രാഹീം മുറിച്ചാണ്ടി
ആക്ടിം പ്രസിഡന്റ്, ദുബൈ കെ എം സി സി
ദുബൈ കെ എം സി സി യുടെ മുൻ ഓഫീസ് സെകട്ടറിയും ഇപ്പോൾSIC സൗദി നാഷണൽ കമ്മിറ്റി ഓഡിറ്റിംഗ് സമിതി കൺവീനറുമായ എം.. സി. സുബൈർ ഹുദവിയുടെ നിര്യാണം കെ.എം.സി സി ക്കും പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ്. ദുബ കെ.എം സി സി ഓഫീസ് ഇൻചാജ് വഹിക്കുന്ന സമയത്ത് പ്രതിഭാസംബന്ധമായ പ്രവർത്തനങ്ങൾ നടത്തുകയും കെ.എംസി.സിക്ക് ദുബൈ ഔഖാഫിലും മറ്റ് ഡിപ്പാർട്ടുമന്റിലും അറബ് പ്രമുഖരെ സംഘടനയിൽ അടുപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ച വെക്തിത്വമായിരുന്നു ഹുദവി . വളരെ ആത്മാർത്ഥമായി ഒരോ കാര്യങളും ചെയ്തു തീർക്കാൻ അദ്ദേഹത്തിന്റെ മിടുക്ക് എടുത്ത് പറയേണ്ടതാണ്. ദുബൈ കെ എം സി സി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ അദ്ധേഹത്തിന്റെ കഴിവ് തെളിയിച്ചതാണ്. സൗദി ലെക്ക് ജോലി മാറിപ്പോയപ്പോളും ഈ വിനീതൻ ജനറൽ സെക്രട്ടറി ആയപ്പോൾ സൗദിയയിൽ നിന്ന് ബന്ധപ്പെട്ട് പല കാര്യങ്ങളിലും ഉപദേശനിർദ്ധേശങൾ തരാറുണ്ടായിരുന്നു. ഹജ്ജ് വേളയിൽ അവിടെ കെ എം സി സി വിഖായ വളഡിയർ മാർക്ക് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത് നേരിൽ കാണാൻ അവസരമുണ്ടായിട്ടുണ്ട്. അല്ലാഹു മഖ്‌ഫിറത്തും മർഹമത്തു o നൽകട്ടേ. ആമീൻ....... അദ്ധേഹത്തിന്റെ കുടുംബത്തിന് സമാദാനവും ക്ഷമയും പ്രധാനം ചെയ്യട്ടേ.ആമീൻ......
അദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്
പ്രിന്‍സിപ്പള്‍, ദാറുല്‍ ഹുദ കാമ്പസ് , പുംഗന്നൂര്‍ , ആന്ധ്രപ്രദേശ്
എം. സി ചലനാത്മകതയുടെ രണ്ടക്ഷരം
പ്രിയപ്പെട്ട സുബൈർ എം സിയെ ദാറുൽ ഹുദാ യിൽ പഠിക്കാനെത്തിയ അന്നു തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വാസം വരില്ല. എന്നാൽ അതൊരു സത്യമാണ്. ദാറുൽ ഹുദാ യിൽ ആദ്യമായും അവസാനമായും എനിക്ക് കിട്ടിയ ഒന്നാം ക്ലാസിലെ ഒന്നാം റാങ്കായിരുന്നു അതിന് കാരണം. ഒന്നാം റാങ്ക് നേടാനുള്ള ആസൂത്രണം നടത്താൻ ഉപ്പയോടൊപ്പം എന്നെ തേടി വന്നു. തുണി കൊണ്ട് തുന്നിയ തൊപ്പിയാണ് അന്ന് എം സി ധരിച്ചിരുന്നത്. എന്റെ ഗൈഡൻസ് മോഷമായ തുകൊണ്ടാണോ എന്നറിയില്ല പിന്നെ എം സി ക്ക് റാങ്ക് കിട്ടിയിട്ടിയിട്ടില്ലെന്നാണ് അറിവ് . അക്കാദമിക ബുദ്ധിയേക്കാൾ പ്രാക്ടിക്കൽ ബുദ്ധിയിലായിരുന്നു എം സി എന്നും മുന്നിൽ. വളരെ വേഗത്തിൽ കാമ്പസിൽ പൊതു കാര്യ പ്രസക്തനായ എം സി യെയാണ് പിന്നീട് കണ്ടത്. ആത്മ പിതാവ് ബാപ്പുട്ടി ഹാജിയോടും മാനേജർ ശംസു ക്കയോടുമൊപ്പം നിർഭയം നടന്നു ശീലിച്ചു മികച്ച നേതൃ ശീലങ്ങൾ നേടി പ്രവൃത്തി ചെയ്യാനും ചെയ്യിക്കാനും ശീലിച്ചു. പന്ത്രണ്ടു കൊല്ലം കൊണ്ട് വേറിട്ടൊരു ഹുദവിയായി പുറത്തുവന്നതിൽ മേൽ പറഞ്ഞ മഹത്തുക്കളുടെ ശക്തമായ സ്വാധീനമുണ്ട്.
കൂസലില്ലാതെ നെഞ്ചൂക്ക് കാണിക്കുമ്പോൾ പരിസരത്തുള്ള വരുടെ വീക്ഷണവിലയിരുത്തലുകൾ നോക്കാറില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന ശൈലിയിൽ ആരെയും കാത്തു നിൽക്കാതെ മുന്നോട്ടു പോവുക. ഇതായിരുന്നു എം സിയൻ ശൈലി. കാത്തിരിക്കുന്ന വർക്ക് മറ്റുള്ളവർ ബാക്കി വെച്ചതേ കിട്ടൂ എന്ന് ഒരു ഉർദു കവി പറഞ്ഞിട്ടുണ്ട്. പൊതുവെ നാമൊക്കെ മടിച്ചും പേടിച്ചും പിൻമാറുന്ന പല കാര്യങ്ങളും എം സി നിഷ്പ്രയാസം ചെയ്തു. ഏകദേശം ഇരുപത്തഞ്ചു വർഷം മുമ്പ് ദാറുൽ ഹുദായിൽ ഒരു പാചകക്കാരൻ ഉറക്കത്തിൽ മരണപ്പെട്ടു. അന്ന് ഇരുപത് കാരൻ മാത്രമായിരുന്ന എംസി കുളിപ്പിക്കാനും കഫൻ ചെയ്യാനും മുന്നിൽ തന്നെ നിന്നു. പിറ്റേന്ന് എന്നോട് ചോദിച്ചു: നിങ്ങളൊക്കെ മരിക്കുമ്പോൾ ഞാൻ കുളിപ്പിക്കാനുണ്ടാകും. എന്നെ ആരാണ് കുളിപ്പിക്കാനുണ്ടാവുക. ഇത്തരം കാര്യങ്ങളിൽ എന്നെ പോലെയുള്ളവർ കാണിക്കുന്ന ഭീരുത്വത്തോടുള്ള അമർഷമായിരുന്നു ആ വാക്കുകളിൽ .2001 ൽ കടലുണ്ടിയിൽ ട്രയിൻ ദുരന്തമുണ്ടായപ്പോൾ പിറ്റേ ദിവസം കാണാൻ പോയവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. കണ്ട് സങ്കടപ്പെടുകയായിരുന്നു എന്റെ പണി. എം സി അവിടെ എത്തിയപ്പോൾ വാഹനങ്ങളെ നിയന്ത്രിച്ച് സൗകര്യമൊരുക്കുന്നതിൽ വ്യാപൃതനായി. സേവനത്തിന്റെ അവസരങ്ങൾ കണ്ടു നിൽക്കാൻ എം സി ക്ക് കഴിയുമായിരുന്നില്ല.
ഒരേ സമയം ചെറിയവരോടൊപ്പം ചേർന്ന് പണിയെടുക്കാനും വലിയവരോടൊപ്പം ചേർന്ന് നയിക്കാനും എം സി ക്ക് കഴിഞ്ഞു. ഒരു ദിവസം മഗ്രിബിന് തൊട്ടു മുമ്പ് കുട്ടികളൊക്കെ പള്ളിയിലെത്തിയിട്ടുണ്ട്. ഉസ്താദുമാരായ ഹുദവി മാർ പള്ളിയുടെ പുറത്തു നിൽക്കുന്നു. വിദ്യാർത്ഥിയായിരുന്ന എം സി യും അവരോടൊപ്പമുണ്ട്. മഗ്രിബിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന അലി ഉസ്താദ് ഹുദവി മാരുടെ അടുത്ത് വന്നു പറഞ്ഞു: നിങ്ങൾ ഉസ്താദുമാരായതു കൊണ്ട് പുറത്ത് നിൽക്കുകയാകും. എം സി യെ നോക്കി പറഞ്ഞു: നീ മുൽ ഹഖാത്തിൽ പെട്ടതാകുമല്ലേ .
2015 ഡിസമ്പറിൽ ആദ്യമായി ഉംറക്കു പോയപ്പോൾ രണ്ടു പ്രാവശ്യം എംസി എന്നെ ജിദ്ദയിലേക്ക് ക്ഷണിച്ചു. ആദ്യത്തെ തവണ എന്നെ ഏറെ സ്നേഹിക്കുന്ന അരിമ്പ്ര ക്കാരുടെ സ്വീകരണ മായിരുന്നു. അന്ന് ഇസ്ലാമിക് സെന്ററിൽ പ്രസംഗിച്ചു. അടുത്ത വെള്ളിയാഴ്ച മദീനയിലായിരുന്നിട്ടും എം സി യും മറ്റു ഹുദവി സുഹൃത്തുക്കളും നിർബന്ധിച്ചു ജിദ്ദയിലേക്ക് വരുത്തി. മദീനയിൽ ആകെ കിട്ടിയ നാലു ദിനങ്ങളിലൊന്ന് ജിദ്ദയിലേക്ക് നീക്കുന്നതിൽ തീരേ താല്പര്യമില്ലാതിരുന്ന ഞാൻ എംസി എന്ന സമ്മർദ്ദ ശക്തിക്കു മുമ്പിൽ തോറ്റുകൊടുത്തു. മദീനയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടാൻ നേരത്ത് പാസ്പോർട്ട് കയ്യിലില്ല. ഉംറ ഓപ്പറേറ്റർ വാങ്ങി വെച്ചതായിരുന്നു. കൂട്ടാൻ വന്നിരുന്ന ഉസ്താദ് ഹസൻ കോട്ടുമല ധൈര്യം തന്നു . പരിപാടി കഴിഞ്ഞ് പാതിരാക്ക് ജിദ്ദയിൽ നിന്ന് വിടുമ്പോൾ പാസ്പോർട്ട് കയ്യിലില്ലാത്ത ഭയമുണ്ടായിരുന്നു. അപ്പോഴതാ എം സി കയ്യിൽ ഒരു കവറ് തരുന്നു. പാസ് പോർട്ടിന്റെ സിറോക്സ് കോപ്പി . മുമ്പ് ഞാൻ ഖത്തറിൽ പോയത് ഓർത്തെടുത്ത് ഖത്തർ ഹുദവി മാരുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചതായിരുന്നു. അതായിരുന്നു എം സി.
ഹാദിയ യുടെ നാഷണൽ പ്രൊജക്ടിന്റെ ധനശേഖരണത്തിന് അഞ്ചു വർഷം മുമ്പ് സഊദി ചുറ്റിക്കറങ്ങിയപ്പോഴാണ് എംസി യുടെ സംഘാടക മികവ് തൊട്ടറിഞ്ഞത്. പര്യടനം കുറ്റമറ്റതും ഫലപ്രദവുമാകാൻ എം സി യും സഹപ്രവർത്തകരായ ഹുദവി മാരും മറ്റു പ്രവർത്തകരും വേണ്ടതെല്ലാം ചെയ്തു. ജിദ്ദക്കു പുറമെ റാബഖിലും താ ഇഫിലും എം സി യും കൂടെ വന്നു. ഒരു പാട് പാഠങ്ങൾ പഠിച്ച യാത്ര .
പുംഗനൂർ ദാറുൽ ഹുദാ എം സി ക്ക് ഒരു വികാരമായിരുന്നു. പണി നടക്കുന്ന കാലത്തൊരിക്കൽ പിന്തുണ നൽകാൻ വന്നിരുന്നു. പിന്നീട് ഇടക്ക് വിളിക്കും. ഓരോ വിളിയിലും ബാപ്പുട്ടി ഹാജിയെ കുറിച്ച് എന്തെങ്കിലും പറയാതിരിക്കില്ല. കോവി ഡ് കാലത്ത് ഹോസ്റ്റൽ നിർമ്മാണം സ്തംഭിച്ചതറിഞ്ഞ് എം സി തന്റെ ബാച്ചിലെ മുഴുവനാളെയും ഉൾപ്പെടുത്തി വലിയ തുക സംഘടിപ്പിച്ചു. അവസാനം ബന്ധപ്പെട്ടത് ബാംഗ്ലൂരിൽ ഒരു ഹാദിയാ മദ്റസ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്.
ശരിക്കും പകരം വെക്കാനില്ലാതെ ഓടിക്കൊണ്ടിരുന്ന വാഹനം സഡൻ ബ്രേക്കിട്ട പോലെ ആ രണ്ടക്ഷരം അവസാനിച്ചത് രണ്ടായിരം ചടുലമായ ചലനങ്ങൾക്ക് ശേഷം . ഥവാഫും സഅ യും ചെയ്തു മനസ്സും ശരീരവും ചലനാത്മകമാക്കിയതിന് ശേഷം . അല്ലാഹുവേ എന്റെ എം സി യെ നീ സ്വീകരിക്കേണമേ കുടുംബത്തെ നീ സംരക്ഷിക്കേണമേ
ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍
ഡയറക്ടര്‍ , ഖുര്‍ ത്വുബ ഫൌണ്ടേഷന്‍, ബീഹാര്‍
ഫൈസല്‍ നിയാസ് ഹുദവി
ഡയറക്ടര്‍ , ഇസ്‌ലാം ഓണ്‍ വെബ്
സത്താര്‍ പന്തല്ലൂര്‍
മുന്‍ ജനറല്‍സെക്രട്ടറി എസ്കെഎസ്എസ്എഫ് , കേരള
അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്
സെക്രട്ടറി, കേരള ഇസ്‌ലാമിക് സെന്റര്‍ ദോഹ, & ഡയറക്ടര്‍ ഇസ്‌ലാം ഓണ്‍വെബ്
Leave A Comment