വിടപറഞ്ഞ സ്‌നേഹ വസന്തം,  ചേലക്കാട് മുഹമ്മദ് മുസ്ലിയാർ;  പഴമയും പുതുമയും കണ്ടറിഞ്ഞ  ജ്ഞാനപ്രഭ

സമസ്ത കേന്ദ്ര മുശാവറയിലെ ഏറ്റവും പ്രായം കൂടിയ പണ്ഡിത സാന്നിധ്യമായിരുന്ന സമസ്ത ട്രഷററും പുതിയ കാല കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കർമ്മ ശാസ്ത്ര വിശാരദനുമായിരുന്ന ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ തന്റെ 90-ാം വയസ്സിൽ ഇന്ന് (28 ആഗസ്റ്റ് 2022/29 മുഹറം 1444) അതാരാവിലെ നമ്മോട് വിടപറഞ്ഞു. സമസ്തയുടെ പഴയ തലമുറയിലെ ജ്ഞാന പടുക്കളായ പണ്ഡിത നിരയിൽ അവശേഷിച്ചിരുന്ന അപൂര്‍വ്വം പേരിലൊരാളായ അദ്ദേഹം കർമ്മശാസ്ത്രം, വ്യാകരണം,തർക്കശാസ്ത്രം എന്നീ മേഖലകളിലെല്ലാം അഗാധമായ അറിവും അനൽപമായ അവഗാഹവും തെളിയിച്ച പണ്ഡിത കേസരിയായിരുന്നു. ചേലക്കാട് വസതിയിലെന്നും മതപരമായ വിഷയങ്ങളിൽ തീർപ് തേടി വരുന്നവരുടെ സാന്നിധ്യം എപ്പോഴും കാണാമെന്നത് ആ പാണ്ഡിത്യ മഹിമയെ സാക്ഷ്യപ്പെടുത്തുന്നു. 
"രണ്ടാം പൊന്നാനി" എന്ന ഖ്യാതി നേടിയ നാദാപുരം കീഴന ഉസ്താദിന് ശേഷം മുസ്ലിം കൈരളിക്കു ലഭിച്ച അതുല്യ പണ്ഡിത പ്രതിഭയായ മഹാനവർകൾ വടകര,നാദാപുരം ദേശക്കാർക്ക് ദീനീ കാര്യങ്ങളിൽ അഭയവും ആശ്രയവുമായി മരണപ്പെടുന്ന കാലത്തോളം സുദീർഘമായി നിലകൊണ്ടു.
അപാരമായ ഓർമശക്തിയും അതീവ ബുദ്ധികൂർമ്മതയും മനസ്സിനെ ആകർഷിക്കുന്ന വിനിയ ഭാവമുള്ള സമീപനവും ആ മഹനീയ പാണ്ഡിത്യത്തിന് കൂടുതൽ പകിട്ടേകുന്ന ഘടകങ്ങളാണ്.

വയനാട് ജില്ലയിലെ വാളാട് മഹല്ലിൽ 45 വർഷത്തോളം ഖാസിയായി സേവനം ചെയ്തിരുന്ന 'മൊയ്ല്യാർ' എന്ന പേരിൽ പ്രസിദ്ധനായ പണ്ഡിത കാർണവർ മർഹൂം: കുളമുള്ളതിൽ അബ്ദുല്ല മുസ്ലിയാരാണ് പിതാവ്. മാതാവ് കുളമുള്ളതിൽ കുഞ്ഞാമി എന്നവരുമാണ്. നൂറ്റാണ്ടുകളുടെ പണ്ഡിത പാരമ്പര്യത്തിൽ രൂപപ്പെട്ട ഇരു കുടുംബങ്ങളുടെയും ഗരിമക്ക് ഇണങ്ങിയ വരദാനമായി ആ ദാമ്പത്യ വല്ലരിയിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത ചേലക്കാട് ദേശത്ത് 1932-നാണ് അദ്ദേഹം ജനിച്ചത്. 

പ്രാഥമിക മത പഠനം പിതാവിൽ നിന്ന് തന്നെയായിരുന്നു. അഞ്ചാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം നേടുകയും ശേഷം സുദീർഘമായ 17 വര്‍ഷത്തോളം വിവിധ ഫന്നുകളിലായി കേരളത്തിലെ തലയെടുപ്പുള്ള നിരവധി പണ്ഡിതരുടെ അടുക്കൽ നിന്നും ദീനീ വിദ്യാഭ്യാസം നേടി. നാദാപുരം, ചെമ്മങ്കടവ്, പൂകോത്ത്, വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ്, ആലത്തൂർപ്പടി ദർസ് (പൊടിയാട്) തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പഠനം. ശേഷം, ഉപരിപഠനത്തിനായി വെല്ലൂർ ബാഖിയാതിൽ എത്തുകയും രണ്ട് വർഷത്തിന് ശേഷം 1962 ൽ അവിടെ നിന്നും ബാഖവി ബിരുദം നേടി. നാദാപുരം അഹ്മദ് ശീറാസിയുടെ പുത്രൻ മുഹമ്മദ് ശീറാസി മുസ്ലിയാർ,മേപ്പിലാച്ചേരി മൊയ്തീൻ മുസ്ലിയാർ,പടിഞ്ഞാറയിൽ മുഹമ്മദ് മുസ്‌ലിയാർ, റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ,ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ ഫള്ഫരി (കുട്ടി മുസ്ലിയാർ), കൂട്ട്യാലി മുസ്ലിയർ, കീഴന ഓർ, കാങ്ങാട്ട് അബ്ദുള്ള മുസ്ലിയാർ, ശൈഖ് ഹസൻ ഹസ്റത് ,ശൈഖ് കെ.കെ അബൂബക്കർ ഹസ്റത്(മുൻ സമസ്ത പ്രസിഡന്റ്) തുടങ്ങി പണ്ഡിത ശ്രേഷ്ഠരാണ് പ്രധാന ഗുരുവര്യർ.

വാഴക്കാടും ചെമ്മങ്കടവും നടന്നു പോയി വർഷത്തിലൊരിക്കൽ മാത്രം വീട്ടിലേക്ക് മടങ്ങി പഠനം നിർവഹിച്ച കാലം ഉസ്താദ് വളരെ സന്തോഷത്തോടെയാണ് ഓർക്കാറുള്ളത്. ഇങ്ങനെ ഗൗരവമുൾക്കൊണ്ട് പഠന സപര്യ തുടർന്നത് കാരണമായി ആ
സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായിരുന്ന മർഹൂം പി.കെ.പി ഉസ്താദ്, ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്ലിയാർ, പാനൂർ തങ്ങൾ ,അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ ,അരീക്കൽ ഇബ്രാഹീം മുസ്ലിയാർ, കാടേരി ഹസൻ മുസ്‌ലിയാർ (ളിയാഉദ്ദീൻ ഫൈസിയുടെ പിതാവ്) എന്നിവർ ഉസ്താദിൻ്റെ പഠന കാലത്തെ സതീർഥ്യരിൽ പ്രമുഖരാണ്.

വർഷങ്ങളോളം നീണ്ട പഠന സപര്യക്ക് ശേഷം സ്വദേശമായ ചേലക്കാട് ജുമാമസ്ജിദിൽ മുദരിസായി അധ്യാപനത്തിന് പ്രാരംഭം കുറിച്ചു. പിന്നീട് കണ്ണൂർ തായിനേരി,പയ്യന്നൂർ, കൊളവല്ലൂർ,കമ്പിൽ,മാടായി ,ഇരിക്കൂർ, കണ്ണാടിപ്പറമ്പ്(പുല്ലൂപ്പി), അണ്ടോണ, ചിയ്യൂർ, വയനാട് വാരാമ്പറ്റ, പട്ടിക്കാട് ജാമിഅ നൂരിയ്യ (11 വർഷം -1988-1999), നന്തി ദാറുസ്സലാം(7 വർഷം), മടവൂർ അശ്അരിയ്യ(6 വർഷം), ചൊക്ലി വാഫി കോളേജ് (2 വർഷം), തുവ്വക്കുന്ന് യാമാനിയ്യ, തളിപ്പറമ്പ് അസ്ഹരിയ്യ, വടകര ജുമാമസ്ജിദ്, നാദാപുരം വാഫി കോളേജ് എന്നിവിടങ്ങളിലായി നീണ്ട ആറു പതിറ്റാണ്ടിലധികം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നു നൽകി. ദീനി വൈജ്ഞാനിക പ്രസരണ രംഗത്ത് സജീവമായ ആറ് പതിറ്റാണ്ട് പിന്നിട്ട ഈ പണ്ഡിത കുലപതിക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്.

കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത മുശാവറ മെമ്പർ ശൈഖുന ഹസൻ ഫൈസി എറണാകുളം, അരിപ്ര സി.കെ അബ്ദുറഹിമാൻ ഫൈസി (ആലത്തൂർപ്പടി മുദരിസ്), പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ മുദരിസുമാരായ കെ.എം ളിയാളുദ്ധീൻ ഫൈസി മേൽമുറി, ഒ.ടി. മുസ്തഫ ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, ഉമർ ഫൈസി മുടിക്കോട്, സുലൈമാൻ ഫൈസി ചുങ്കത്തറ, ഓണംപള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായ്, സലാം ഫൈസി മുക്കം, ഇബ്റാഹീം ബാഖവി ഹൈതമി എടപ്പാൾ, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കർഫൈസി, അബ്ദുൽ ഹഖ് ഹൈതമി, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവരുൾപ്പെടെ ധാരാളം പ്രമുഖർ ഉസ്താദിൻ്റെ ശിഷ്യഗണങ്ങളാണ്.

ആയിരക്കണക്കിന് വിശ്വാസി മാനസങ്ങൾക്ക് ഈമാനിന്റെ വെളിച്ചം പകർന്ന ആത്മീയ രംഗത്തെ സൂര്യതേജസ്സുകളായ വലിയുല്ലാഹി കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, മടവൂർ സി.എം വലിയുല്ലാഹി, കീഴന ഓർ, പട്ടിക്കാട് കണ്യാല മൗല... തുടങ്ങിയ നിരവധി ആത്മീയ നായകരുമായി സുദൃഢമായ ആത്മബന്ധമുള്ള മഹാനവർകൾ മലബാറിലെയും വടക്കൻ കേരളത്തിലെയും ആത്മീയ മജ്ലിസുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.  അസ്മാഉൽ ഹുസ്ന, ബദ്രീങ്ങളുടെ മുഴുവൻ പേരുകൾ ഉൾപ്പെടുത്തിയുള്ള ഉസ്താദിൻ്റെ പ്രാർത്ഥന  സദസ്സുകൾക്ക് ഏറെ മനഃശാന്തിയും സമാധാനവും നൽകിയിരുന്നു. കാലങ്ങളായി ഹൃദയരോഗിയായ ഉസ്താദിനോട് ഡോക്ടർമാർ വലിയ ശബ്ദം എടുക്കരുതെന്ന് പറഞ്ഞെങ്കിലും ദുആ സദസ്സിൽ ഉസ്താദിന്റെ ശബ്ദം കൂടുകയും അത് കാരണം ഉസ്താദിന് ആശ്വാസം ലഭിക്കുകയും ചെയ്യാറുണ്ട് എന്ന് പലരും പറയാറുണ്ടായിരുന്നു.

വിദ്യാർത്ഥി കാലത്ത് തന്നെ ഏറെ താല്‍പര്യമുള്ള മേഖലയായാരുന്നു പ്രഭാഷണം. അഹ്ലുഃസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ച ചേലക്കാട് ഉസ്താദിന്‍റെ വിമര്‍ശനങ്ങള്‍ എന്നും പുത്തന്‍ പ്രസ്ഥാനക്കാര്‍ക്ക് പേടി സ്വപ്നമായിരുന്നു. പഴയ കാലത്ത് വടകര നാദാപുരം ഭാഗങ്ങളിൽ പുത്തൻ വാദികളുടെ കടന്നുകയറ്റം അധികമായപ്പോൾ അഹ്ലുസുന്നത്തി വൽ ജമാഅത്തിൻ്റെ സംരക്ഷണത്തിന് വേണ്ടി ആദർശ സംവാദം നടത്തി നാൽപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന മതപ്രഭാഷണ പരമ്പര നടത്തിയിരുന്നു. പ്രമാദമായ ഒട്ടേറെ പൗരാണിക കിതാബിലെയും ഇബാറത്തുകൾ ഹൃദിസ്ഥമുള്ളതിനാൽ തന്നെ ബിദഈ പ്രസ്ഥാനക്കാർ പരാജയം തന്നെയായിരുന്നു നേരിടേണ്ടി വന്നത്. കിതാബുകളധികവും ഉസ്താദിന് മന:പാഠമാണ്. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ "തുഹ്ഫ"യുടെ പല ഭാഗങ്ങളും പേജുകളോളം മന:പ്പാഠമുള്ള പണ്ഡിതനാണ് ചേലക്കാട് ഉസ്താദ്. സ്വതസിദ്ധമായ കടത്തനാടിന്റെ വടക്കന്‍ ശൈലിയിലുള്ള ഭാഷാ പ്രയോഗങ്ങള്‍ ആവേശത്തോടെയും ആത്മ സംതൃപ്തിയോടെയുമാണ് വരവേര്‍ക്കാറുള്ളതെന്ന് ശിഷ്യര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ക്ലാസിൽ ഓരോ വിഷയങ്ങളിലും വിശകലനം ചെയ്യുമ്പോൾ റഫറൻസുകളായി  മറ്റു കിതാബുകളിലെ ഇബാറത്തുകള്‍ ഒരോന്നായി കാണാതെ വിവരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന അനുഭവമായി ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. 

വിശുദ്ധ റമളാനിലെ ഒഴിവു കാലത്ത് മത പ്രബോധനത്തിന് വേണ്ടി ഒരു മുതഅല്ലിമിൻ്റെ പ്രസരിപ്പോടെ ഒരു ബാഗും കയ്യിലൊതുക്കി ചെറുപ്പ വലിപ്പം നോക്കാതെ തൻ്റെ ശിഷ്യരുടെ പള്ളികളിൽ പോലും നേരത്തെ അവസരം ഒപ്പിച്ച് മണിക്കൂറുകളോളം കടത്തനാടിൻ്റെ ഭാഷാശൈലിയിൽ വയള് പറയുന്ന അദ്ദേഹത്തിന്റെ വിനയവും ,അവിടത്തെ സേവനവും ജ്ഞാനപ്രഭയും വിലമതിക്കാനാവാത്തതാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ചെറുപ്പം മുതലേ കണ്ണിയത്തുസ്താദിനെ പോലുള്ളവരോടൊപ്പം തർക്ക തർക്കേതര വേദികളിൽ പങ്കെടുത്തു സംസാരിച്ചു ശീലമുള്ള ഒരാളെന്നറിയുമ്പോഴാണ് ആ മഹാത്മാവിന്റെ പാണ്ഡിത്യ ഗരിമ ബോധ്യപ്പെടുക. 
മതപരമായിഏതെങ്കിലും വിഷയത്തിൽ സംശയങ്ങൾ ദൂരികരിക്കാൻ ഉസ്താദിനെ സമീപിച്ചാൽ കൃത്യമായി കാര്യങ്ങൾ ഗ്രഹിച്ച  മറുപടികളായിരിക്കും  ലഭിക്കുക. വിജ്ഞാനത്തിൻ്റെ തെളിച്ചം ആ മുഖത്ത് ജ്വലിച്ചു നിൽക്കുമ്പോഴും അഹങ്കാരത്തിൻ്റെ ചെറിയ കണിക പോലും അവിടെ കാണാൻ കഴിയില്ല. ഉസ്താദിന് പഠനകാലത്തു തന്നെ  സംഘടനാ പ്രവർത്തനത്തിലും ശ്രദ്ധയുണ്ടായിരുന്നു. ചെറുപ്പം മുതലേ സമസ്തയ്ക്കൊപ്പം സേവന നിരതമായി പ്രവർത്തിച്ചു പോന്നു.സമസ്ത വിദ്യാഭ്യാസ ബോർഡ്  രൂപീകൃതമായ  1951-ന് വടകരയിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഉസ്താദും പങ്കെടുത്തിരുന്നു. വടകര താലൂക്കിലെ നിഖില മേഖലകളിലും നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദർശ പ്രബോധന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉസ്താദ് പഴയ കാലത്ത് തന്നെ സജീവമായിരുന്നു.   

2004 ലാണ് സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുമ്പ് സുദീര്‍ഘകാലം സമസ്ത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരണപ്പെടുന്നത് വരെ സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡൻ്റും  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ട്രഷററുമായിരുന്നു.
അതോടൊപ്പം വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സി.ഐ.സിയുടെ വൈസ് പ്രസിഡന്റ്, നാദാപുരം വാഫി കോളജ് പ്രിന്‍സിപ്പാള്‍,തിരുവള്ളൂർ മാലിക് ദീനാർ വാഫി ക്യാമ്പസ്‌ ഡീൻ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി മഹല്ല് ,തിരുവള്ളൂർ കാഞ്ഞിരാട്ടുത്തറ മഹല്ല് ,മൂരാട് കുന്നത്ത്ക്കര മഹല്ല് എന്നിവിടങ്ങളിൽ ഖാസി സ്ഥാനവും അലങ്കരിച്ചു. ഒട്ടനവധി വിദേശ രാഷ്ട്രങ്ങൾ സന്ദര്‍ശിച്ചിട്ടുമുണ്ട്.

കാരപ്പറമ്പത്ത് അന്ത്രു മുസ്ലിയാരുടെ മകൾ ഫാത്തിമയാണ് ഉസ്താദിൻ്റെ സഹധർമ്മിണി.
കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (കടമേരി ഹൈസ്‌കൂള്‍), അഷ്റഫ് (ദുബൈ), ഡോ. അബ്ദുൽ ജലീല്‍ വാഫി അസ്ഹരി (ഡീൻ,കാളികാവ് വാഫി കാമ്പസ്) എന്നീ മൂന്ന് ആൺമക്കളും 
മർയം (ഹാഷിം തങ്ങൾ ചേലക്കാട്),ആസ്യ (അബ്ദുള്ള കുളപ്പറമ്പത് വാണിമേൽ) എന്നീ രണ്ട് പെൺമക്കളുമടക്കം അഞ്ച് സന്താനങ്ങളുണ്ണത്. പ്രായത്തെ വെല്ലുന്ന ആവേശവും ഊർജവും സ്വയം ഉൾകൊള്ളുകയും പകർന്നു നൽകുകയും ചെയ്യുന്നതിൽ ഉസ്താദ് വലിയൊരു മാതൃകയായിരുന്നു. 
അല്ലാഹു പരലോകം വെളിച്ചമാക്കട്ടെ . ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter