ഷിമ്മലിന്റെ തൂലികയിലെ നബിയും നബിദിനവും
മുസ്‍ലിംകളുടെ ദൈനംദിന ജീവിതത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ സ്ഥാനം എന്താണ്? പടിഞ്ഞാറിന്റെ പ്രവാചക വായനകളില്‍ പൊതുവേ കാണാതെ പോയ ഒരു ചോദ്യമാണിത്. മുന്‍ധാരണകളിലധിഷ്ടിതമായ നിഷേധാത്മക സമീപനമാണ് ഓറിയന്‍റലിസ്റ്റ് ഗ്രന്ഥങ്ങള്‍ ഇസ്‍ലാമിനോട് നിരന്തരം സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനരഹിത ആരോപണങ്ങള്‍ തളംകെട്ടി നില്‍ക്കുന്ന അത്തരം ആഖ്യാനങ്ങള്‍ക്കിടയില്‍ വിമതസ്വരമാവുകയാണ് ജര്‍മന്‍ ഓറിയന്‍റലിസ്റ്റായ ആന്‍മേരി ഷിമ്മല്‍.
അടര്‍ത്തി മാറ്റാന്‍ സാധിക്കാത്ത വിധം പരകോടി ഹൃദയങ്ങളെ ഇത്രമേല്‍ വൈകാരികമായി സ്വാധീനിക്കാന്‍ ആരാണ് മുഹമ്മദ് നബി (സ്വ) എന്ന സംശയത്തിന് മറുപടി തേടിയാണ് ഷിമ്മല്‍ യാത്ര തിരിക്കുന്നത്. ഈ സഞ്ചാരം 'ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസ്സഞ്ചര്‍' എന്ന വിഖ്യാത കൃതിക്ക് അക്ഷരരൂപം നല്‍കുകയായിരുന്നു. ഗ്രന്ഥത്തിന്റെ നാമകരണം പോലും പ്രവാചകന്റെ കേന്ദ്രസ്ഥാനത്തെ പ്രതിഫലിപ്പിക്കാനുള്ള താല്‍പര്യത്തെ സൂചിപ്പിക്കുന്നതാണ്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്(സ) അവന്‍റെ ദൂതരാണെന്നുമുള്ള ഇസ്‍ലാമിന്റെ അടിസ്ഥാന സത്യസാക്ഷ്യത്തില്‍ നിന്നും രണ്ടാമത്തെ ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വായനക്കാരെ ഗ്രന്ഥകാരി സ്വാഗതം ചെയ്യുന്നത്. കൗതുകകരമായ ഈ ശീര്‍ഷകം ജര്‍മ്മന്‍ അതിര്‍ത്തികള്‍ ഭേദിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകമാകെ വ്യാപിച്ചു.
ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന ആന്‍മേരി ഷിമ്മല്‍ ചെറുപ്രായത്തില്‍ തന്നെ പൗരസ്ത്യ സംസ്കാരങ്ങളോടും വിശിഷ്യാ സൂഫി പഠനങ്ങളോടും അതിയായ താത്പര്യം പുലര്‍ത്തിയിരുന്നു. ഈ അഭിനിവേശത്തിന്റെ ഫലമായി പത്തൊമ്പതാം വയസ്സില്‍ തന്നെ അവര്‍ ഇസ്‍ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. അറബി, പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളിലും നൈപുണ്യം തെളിയിച്ചു. പുതിയകാല പാശ്ചാത്യ രചനകളില്‍ അവലംബം പരിമിതപ്പെടുത്താതെ, ഇസ്‍ലാമിന്റെ തനതായ സ്രോതസ്സുകളില്‍ നിന്നും പ്രവാചകനെ മനസ്സിലാക്കാന്‍ അറബി ഭാഷയിലെ അവഗാഹം ഷിമ്മലിനെ സഹായിച്ചു.
ഒരു സഞ്ചാരിയുടെ കൗതുകത്തോടെയാണ് ഷിമ്മല്‍ പ്രവാചകനെ തിരഞ്ഞു പോവുന്നത്. പ്രവാചക ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ വിവരിക്കുക എന്ന പരമ്പരാഗത സീറകളുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായി, മുസ്‍ലിമിന്റെ ജീവിത വ്യവഹാരങ്ങളില്‍ നബി(സ്വ)യുടെ സ്വാധീനം അടയാളപ്പെടുത്തുന്നതിലും, ഇസ്‍ലാമിന്റെ മനോഹാരിത പ്രവാചകചര്യയുടെ വെളിച്ചത്തില്‍ വര്‍ണ്ണിക്കുന്നതിലും ഗ്രന്ഥകാരി വിജയിച്ചു. തീര്‍ത്തും നിസ്സാരമായ ജീവിതചര്യകളില്‍ പോലും തങ്ങളുടെ പ്രവാചകനെ അനുകരിക്കാനുളള മുസ്ലിമിന്റെ ശ്രമങ്ങളെ അനുരാഗത്തിന്റെ നിറക്കൂട്ടുകള്‍ കൊണ്ടാണ് അവര്‍ ചിത്രീകരിച്ചിരിക്കുന്നത്.
പ്രവാചകനുരാഗത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളെ സവിസ്തരം വിശദീകരിക്കുന്ന ഷിമ്മല്‍ നബിദിനാഘോഷത്തെ നിരീക്ഷിക്കാന്‍ ഒരു അധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട്. 'തിരുദൂതര്‍ ഭൂമിയില്‍ പിറന്ന രാത്രി ലൈലത്തുല്‍ ഖദറിന് തുല്യമാം രാത്രി' എന്ന ഒരു തുര്‍ക്കി ദര്‍വേശിന്റെ കാവ്യം ഉദ്ധരിച്ചാണ് ഗ്രന്ഥകാരി നബിദിനാഘോഷത്തെ വിശദീകരിച്ച് തുടങ്ങുന്നത്. പ്രവാചകരുടെ പിറവിക്ക് മുസ്‍ലിംകള്‍ നല്‍കുന്ന പ്രാധാന്യവും തിരുദൂതരുടെ ജന്മദിനത്തെ ആവേശത്തോടെ സ്വീകരിക്കാന്‍ അവര്‍ കാണിക്കുന്ന താത്പര്യവും അധ്യായം വിവരിക്കുന്നു. ദേശ വൈജാത്യങ്ങള്‍ക്കനുസൃതമായി നബിദിനത്തിലെ വ്യത്യസ്ത ആഘോഷരീതികള്‍ കൃത്യമായി അടുക്കിവെക്കാനും ഗ്രന്ഥകാരിക്ക് സാധിച്ചു.
മീലാദാഘോഷവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളും അധ്യായം പ്രദിപാതിക്കുന്നതായി കാണാം. പ്രവാചകരുടെ ജന്മദിനാഘോഷത്തോടുള്ള ഇബ്നു തൈമിയയുടെ നിഷേധാത്മക സമീപനവും, അതേസമയം മൗലിദ് രചനയില്‍ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായ ഇബ്നു കസീര്‍ നടത്തിയ ഇടപെടലുകളും ഷിമ്മലിന്റെ ഗവേഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. നബിദിനാരവങ്ങളിലെ സംഗീത വിനോദങ്ങളെ നിഷേധിക്കുമ്പോഴും, മൗലിദനുഷ്ഠാനത്തില്‍ അടങ്ങിയിട്ടുള്ള നന്മയെ പുരസ്കരിക്കാന്‍ മുന്നോട്ടുവന്ന ആധ്യാത്മിക പണ്ഡിതരായ ഇമാം സുയൂത്ത്വി, ഇബ്നു ഹജറുല്‍ ഹൈതമി തുടങ്ങിയവരുടെ നിലപാടുകളും ചര്‍ച്ചയില്‍ ഇടം പിടിക്കുന്നുണ്ട്.
പ്രവാചക പ്രകീര്‍ത്തനങ്ങളാണ് റബീഉല്‍ അവ്വലിന്റെ സൗന്ദര്യം എന്ന് ഗ്രന്ഥകാരി സ്ഥാപിക്കുന്നു. നബി(സ്വ)യുടെ ജനനവും അനുബന്ധ സംഭവവികാസങ്ങളും കാവ്യാത്മകമായി വിവരിക്കുന്ന മൗലിദുകള്‍ ധാരാളമായി ഇവിടെ ഉദ്ധരിക്കുന്നത് കാണാം. മനസ്സിനെ മദീനയിലേക്കാനയിക്കുന്ന നബി കീര്‍ത്തനങ്ങളെ സംഗ്രഹമാക്കി ചുരുക്കാതെ, പൂര്‍ണ്ണരൂപത്തില്‍ രചനയില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഷിമ്മല്‍ തയ്യാറാവുന്നു. തന്റെ നിരൂപണങ്ങള്‍ അധികരിപ്പിക്കുന്നതിനേക്കാള്‍, പതിന്‍മടങ്ങ് സ്വാധീനശേഷിയുള്ള മീലാദ് കാവ്യങ്ങള്‍ അതേപടി വായനക്കാരിലേക്ക് എത്തിക്കുന്നതിലായിരുന്നു ഷിമ്മലിന്റെ ശ്രദ്ധ.
വരും തലമുറകളെ പ്രവാചകസ്നേഹികളാക്കുന്നതില്‍ നബിദിനാഘോഷം വഹിക്കുന്ന പങ്കിനെ കുറിച്ചുണര്‍ത്തിയാണ് അധ്യായം അവസാനിക്കുന്നത്. ഷിമ്മല്‍ ഇങ്ങനെ കുറിക്കുന്നത് കാണാം: 'ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ ഉണ്ടായിട്ടും, ഇപ്പോഴും മുഹമ്മദ് നബിയുടെ തിരുപിറവിയുടെ അതിശയങ്ങളെ പറ്റി പഴയ വര്‍ണ്ണപകിട്ടാര്‍ന്ന മൃദുല മനോഹരിതമായ പാട്ടുകള്‍ പാടിപ്പോരുന്നു. അതിനാല്‍ പ്രവാചകനോടുള്ള സ്നേഹം കൊച്ചുകുട്ടികളുടെ ഹൃദയങ്ങളില്‍ വരെ വന്നുചേരുന്നു. അതവരുടെ മത ജീവിതത്തിന്റെ അഭിവാജ്യ ഭാഗമായി തീരുകയും ചെയ്യുന്നു.'
അനുഗ്രഹീത വിവര്‍ത്തകന്‍ എ.പി കുഞ്ഞാമുവിലൂടെ ഷിമ്മലിന്റെ രചനാവൈഭവം 'മുഹമ്മദ് അവന്റെ തിരുദൂതര്‍' എന്ന പേരില്‍ മലയാളികളുടെ വായനാ മുറിയില്‍ ബുക്ക് പ്ലസ് പരിചയപ്പെടുത്തിയിട്ടുണ്ട്. അനുരാഗത്തില്‍ ചാലിച്ച ആഖ്യാനശൈലിയുടെ മാധുര്യം ഒരംശം പോലും നഷ്ടപ്പെടാതെയാണ് ഈ അമൂല്യ ഗ്രന്ഥം മലയാളത്തിന് ലഭിച്ചിരിക്കുന്നത്. സാഹിത്യസമ്പന്നമായ മൗലിദുകളും ഖസീദകളും വരെ അതിന്‍റെ കാവ്യാത്മക സ്വഭാവം ചോര്‍ന്ന് പോകാതെ മലയാളത്തിലേക്ക് പകര്‍ത്താന്‍ വിവര്‍ത്തകന് കഴിഞ്ഞിട്ടുണ്ട്. തിരുനബിയുടെ ജനനം, ജീവിതം, വിവാഹം, അത്ഭുത പ്രവൃത്തികള്‍, സ്വര്‍ഗാരോഹണം തുടങ്ങിയവ മുസ്‍ലിം സാംസ്കാരിക ജീവിതത്തില്‍ നടത്തിയ പ്രതിഫലനങ്ങളെ അടയാളപ്പെടുത്തുന്നതിലൂടെ സവിശേഷമായൊരു വായനാനുഭവം കൃതി സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇശ്ഖിന്റെ ദാഹജലം തേടിയലയുന്ന പ്രവാചകാനുരാഗികള്‍ക്ക് മുമ്പില്‍ വശ്യമായൊരു ഇഖ്ബാല്‍ കവിതയാണ് ആന്‍മേരി ഷിമ്മല്‍ തന്റെ അവസാന വരിയായി ബാക്കിവെച്ചത്!
'പ്രവാചകനോടുള്ള പ്രണയം അദ്ദേഹത്തിന്റെ ഉമ്മത്തിന്റെ സിരകളിലൊഴുകുന്ന രക്തമാണ്'.
Leave A Comment