കവികൾ പറഞ്ഞുവെച്ച നബിയപദാനങ്ങൾ
അക്ഷരങ്ങളിലൊതുങ്ങാത്ത ആവിഷ്‌കാരമാണ് സ്‌നേഹം. ഇശ്ഖും പ്രേമവും പ്രണയവും അനുരാഗവുമൊക്കെ സമാനാർത്ഥ പദങ്ങളാണെങ്കിലും അവ സ്‌നേഹപ്രകടനത്തിന്റെ വിവിധ തലങ്ങളെ സൂചിപ്പിക്കുന്നു. സ്‌നേഹവും ഇശ്ഖും പൊതുവായ പദപ്രയോഗമാണെങ്കിൽ മാനസിക ഇഴയടുപ്പം കൂടുംതോറുമത് പ്രേമവും പ്രണയവും അനുരാഗവുമൊക്കെയായി പരിണമിക്കുന്നു. പാരസ്പര്യ ബന്ധങ്ങൾ തീവ്രതയോടെ കുത്തിയൊലിക്കുമ്പോഴാണ് സ്‌നേഹത്തിന് കണ്ണും കാതും നഷ്പ്പെടുന്നത്.
പ്രവാചകാനുരാഗികളെയും സ്‌നേഹത്തിന്റെ വിവിധ തലങ്ങളിലായി നമുക്ക് കാണാനാവും. പ്രത്യക്ഷത്തിൽ നബിസ്‌നേഹികളാവുന്നവരും എല്ലാം മറന്ന് ഇശ്ഖിൽ ലയിച്ചുചേരുന്നവരുമുണ്ട്. ആശിഖീങ്ങളുടെ സ്‌നേഹാവിഷ്‌കാരങ്ങളും പലതരത്തിലാണ്. തിരുചര്യകൾക്കനുസൃതം ജീവിതം മാറ്റിയെഴുതുകയെന്നതാണ് അതിന്റെ സമ്പൂർണത. വാക്കിലും പ്രവൃത്തിയിലും മദീനയുടെ നറുമണമുണ്ടാവണം. പ്രവാചക സ്‌നേഹത്തിന് അക്ഷരങ്ങൾ കൊണ്ട് അനശ്വരത പകർന്നവരാണ് കവികൾ. നബിപ്രകീർത്തന കാവ്യങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽ അവയോരോന്നും ഇശ്ഖിന്റെ അണമുറിയാത്ത വസന്തങ്ങൾ വിരിയിച്ച സ്‌നേഹസമ്മാനങ്ങളാണെന്ന് മനസ്സിലാക്കാനാവും.
സ്നേഹ വര്ണനാകാവ്യങ്ങള്ക്ക് കാലാന്തരങ്ങളുടെ പഴക്കമുണ്ടെങ്കിലും പ്രവാചക പ്രകീര്‍ത്തനങ്ങളുടെ അലമാലകള്‍ തീര്‍ക്കുന്ന കാവ്യ നിര്‍ഝരികളുടെ സൗന്ദര്യവും മികവും ഒന്ന് വേറെ തന്നെയാണ്. ജാഹിലിയ കവിതകളുടെ ഇതിവൃത്തം പ്രണയവും വികാരങ്ങളുടെ വേലിയേറ്റവുമായിരുന്നുവെങ്കില് നബിമദ്ഹു കവിതകള്‍ ആദ്ധ്യാത്മികതയുടെയും വിശുദ്ധ സ്‌നേഹത്തിന്റെയും നിലാമഴയാണ്. ഇംറുല്‍ ഖൈസാദികളുടെ കാമുകി സല്ലാപങ്ങളില്‍ നിന്നും മുതനബ്ബിമാരുടെ രാജഭക്തിയില്‍ നിന്നും തെന്നിമാറി അറേബ്യയിലെ കഅ്ബുബ്‌നു സുഹൈര്‍ മുതല്‍ കേരളത്തിലെ ഉമര്‍ഖാദി വരെയുള്ളവര്‍ കോര്‍ത്തിണക്കിയ ഇലാഹീ സാമീപ്യത്തിന്റെയും നബിയപദാനങ്ങളുടെയു അനര്‍ഘ ചരിതങ്ങളാണ് ഇതില്‍ വിഷയീഭവിക്കുന്നത്. 'താങ്കള്‍ ജനിച്ചപ്പോള്‍ ഭൂമിയും ചക്രവാളങ്ങളും ജ്വലിച്ചുപോയി, ഞങ്ങള്‍ ആ പ്രകാശത്തിലും നേര്‍മാര്‍ഗത്തിലുമായി ചരിക്കുന്നു' എന്ന് തുടങ്ങുന്ന അബ്ദുല്‍ മുത്തലിബിന്റെ കവിതയാണ് ആദ്യത്തെ പ്രവാചക പ്രകീര്‍ത്തന കാവ്യം. അവിടെ നിന്ന് തുടങ്ങി കഅ്ബിലൂടെയും ഹസ്സാനിലൂടെയും ഇമാം ബൂസ്വീരിയിലൂടെയും കാതങ്ങള്‍ താണ്ടിയപ്പോള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ശൈലിയും ഭാവവും ഏറെ മാറിയിരുന്നു. അറബി കാവ്യലോകത്ത് 'മദ്ഹുന്നബി' എന്ന പുതിയ കാവ്യശൈലി തന്നെ രൂപപ്പെട്ടു വന്നു.
നാടും വീടും വിട്ട് മദീനയിലേക്ക് പാലായനം ചെയ്ത പ്രവാചകര്‍ക്ക് സ്വീകരണമൊരുക്കി മദീനക്കാര്‍ പാടിയ ത്വലഅല്‍ ബദ്‌റു അലൈനാ' എന്ന് തുടങ്ങുന്ന നബി മദ്ഹ് കാവ്യം പ്രവാചക പ്രേമികളുടെ ഹൃദയങ്ങള്‍ കീഴടക്കി പരന്നൊഴുകുകയായിരുന്നു. ഒരുകാലത്ത് പ്രവാചകനെയും ഇസ്ലാമിനെയും വാക്കുകള്‍ കൊണ്ട് കടന്നാക്രമിച്ച കഅ്ബ് ബിന്‍ സുഹൈര്‍ നബി മഹത്വങ്ങളിലേക്ക് രാജപാത തീര്‍ക്കുന്ന 57 ഓളം വരികളുള്ള കവിത രചിച്ച് പശ്ചാത്താപ ചിത്തനായാണ് തിരുനബി സന്നിധിയിലേക്ക് തിരിച്ചെത്തുന്നത്. ബാനത് സുആദു' എന്ന് തുടങ്ങുന്ന ഈ കവിതയുടെ പ്രാരംഭം കാമുകിയെ വര്‍ണിച്ചു കൊണ്ടാണെങ്കിലും പിന്നീടത് ഒട്ടകത്തിന്റെ വര്ണനകളിലേക്കും ഒടുവില്‍ പ്രവാചക മഹത്വങ്ങളിലേക്കും ചെന്നവസാനിക്കുന്നു. കവിതയുടെ അവസാനഭാഗത്ത് കഅ്ബ് നബി വര്‍ണനകളുടെ ഉത്തുംഗതയില്‍ വിരാജിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവാചകനും അനുയായികളും അതില്‍ ലയിച്ചുചേരുകയും തന്റെ തോളിലുണ്ടായിരുന്ന വിരിപ്പ് അദ്ദേഹത്തിന് സമ്മാനമായി സമ്മാനിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ കവിത 'ബുര്‍ദതു കഅബ്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
പ്രവാചകരുടെ കവി എന്ന പേരില്‍ അറിയപ്പെട്ട മഹാനാണ് ഹസ്സാനുബ്‌നു സാബിത്(റ). പ്രവാചകരെ വര്‍ണിച്ചും ശത്രുക്കള്‍ക്ക് മറുപടിയായും ഒട്ടനവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'അങ്ങയെപ്പോലെ അഴകുള്ള ഒരാളെ എന്റെ കണ്ണുകള്‍ ദര്‍ശിച്ചിട്ടില്ല, അങ്ങയെപ്പോലെ ഉത്തമനായ ഒരാളെ ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല'' എന്ന ഹസ്സാന്റെ പ്രവാചക വര്‍ണ്ണനകളോട് കിടപിടിക്കാന്‍ ലോകത്തെ മറ്റേതെങ്കിലും വരികള്‍ക്ക് സാധ്യമാവുമെന്ന് തോന്നുന്നില്ല.
ഇവ ഹിജ്‌റ ആദ്യനൂറ്റാണ്ടിലെ മദ്ഹ് ഗീതങ്ങളായിരുന്നു. മധ്യ നൂറ്റാണ്ടിലെത്തുമ്പോള്‍ പ്രവാചക പ്രകീര്‍ത്തന മഞ്ജരികള്‍ അഴക് വിടര്‍ത്തിയ വസന്തകാലമായിരുന്നു. പുണ്യ പ്രവാചകരോട് മനോവിഷമങ്ങള്‍ തുറന്നുപറഞ്ഞ് നബി വിശേഷങ്ങളുടെ മായാജാലം തീര്‍ത്ത ഖസീദത്തുല്‍ ബുര്‍ദയുടെ അനശ്വരതയായിരുന്നു ഈ കാലത്തിന്റെ ചമല്‍ക്കാരം. തനിക്ക് പിടിപെട്ട തളര്‍വാതത്തില്‍ നിന്നും മുക്തി നേടാനാണ് ഇമാം ബൂസ്വീരി ബുര്‍ദ രചിച്ചതെന്നും നബി(സ) സ്വപ്നത്തില്‍ വന്ന് അദ്ദേഹത്തിന്റെ മുഖം തടവുകയും രോഗം മാറുകയും ചെയ്തു എന്നും ചരിത്രത്തില്‍ കാണാം. ഇത്തരമൊരു വേറിട്ട രചനാ പശ്ചാത്തലം ഉണ്ടെങ്കിലും ഓരോ വരിയിലും നിറഞ്ഞുതുളുമ്പുന്ന പ്രവാചകാനുരാഗം, നബി വര്‍ണനകളുടെ ഹൃദയഹാരത, അലങ്കാരങ്ങളുടെ സൗകുമാര്യത തുടങ്ങിയവയാണ് ബുര്‍ദയെ അനശ്വര കാവ്യമാക്കി മാറ്റുന്നത്. നബി മഹത്വങ്ങളുടെ മുമ്പില്‍ തോറ്റുപോയി 'അവിടുന്ന് ഒരു മനുഷ്യനായിരുന്നു എന്നും സൃഷ്ടികളില്‍ അത്യുത്തമനാണെന്നും' പറയാനേ എനിക്കാവൂ എന്ന് തുറന്ന് പറഞ്ഞ് തന്റെ അശക്തത തുറന്നുപറയുന്ന രംഗം വികാരനിര്‍ഭരമാണ്.
സ്വഫിയുദ്ദീന്‍ ഹില്ലിയുടെ അല്കാഫിയതുല് ബദീഇ, ഇമാം സുയൂത്വിയുടെ നദ്മുല്‍ ബദീഅ് തുടങ്ങിയ ഒട്ടേറെ കവിതകള്‍ ഈ കാലഘട്ടത്തില്‍ വിരചിതമായിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് വ്യവസ്ഥാപിതമായ രൂപത്തില്‍ മൗലിദുകള്‍ തുടക്കം കുറിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. ഗദ്യവും പദ്യവും സമ്മിശ്രമായി അവതരിപ്പിക്കപ്പെടുന്ന മൗലിദിന്റെ ഈരടികളില്‍ പ്രവാചകരെ പ്രകീര്‍ത്തിക്കുന്ന അനശ്വര ഭാനനകള് കാണാനാവും. പുണ്യനബിയെക്കുറിച്ചും പണ്ഡിതന്മാരെക്കുറിച്ചും കേരളക്കരയില്‍ രചിക്കപ്പെട്ട മുന്നൂറിലധികം മൗലിദുകളില് വളരെ പ്രധാനമാണ് മന്ഖൂസ് മൗലിദ്. ഇതിന്റെ ഈരടികളൊക്കെയും നബി സ്‌നേഹം തുളുമ്പുന്ന വര്ണനകളാല് സമ്പന്നമാണ്. നബിയേ അങ്ങ് ഞങ്ങളുടെ ഉമ്മയാണോ അതോ പിതാവാണോ? അവരില്‍ പോലും അങ്ങയെപ്പോലൊരു നന്മ ഞങ്ങള്‍ കണ്ടിട്ടില്ല. അവിടത്തെ തിരുവദനം ദര്‍ശിച്ചവര്‍ എത്ര ഭാഗ്യവാന്മാര്, അതാണെങ്കിലോ മഹത്തായ കാര്യവുമാണ് കണക്കില്ലാത്ത പാപങ്ങള്‍ ഞങ്ങള്‍ ചെയ്തിരിക്കുന്നു, നിങ്ങളുടെ ശുപാര്‍ശ മാത്രമാണ് ഞങ്ങള്‍ക്ക് രക്ഷ... കവിയുടെ സ്നേഹപരവശതയും വിങ്ങിപ്പൊട്ടലും ഇങ്ങനെ തുടര്‍ന്നുപോകുന്നു.
നബി വര്ണ്ണനകളെഴുതി തോറ്റുപോയ കവികളെക്കുറിച്ചും കവിതാസമാഹാരങ്ങളെക്കുറിച്ചും എഴുതിത്തീര്‍ക്കാന്‍ തന്നെ ആയിരക്കണക്കിന് പേജുകള്‍ വേണ്ടിവരും. പ്രവാചക സ്‌നേഹത്തിന്റെ വിശാല ചിന്തകള്‍ സമ്മാനിച്ച ഉമറുല്‍ ഖാഹിരിയുടെ അല്ലഫല്‍ അലിഫ്, റൗള ശരീഫിന് മുമ്പിലിരുന്ന് സ്‌നേഹം പറഞ്ഞു തീര്‍ത്ത ഉമര്‍ഖാദിയുടെ സ്വല്ലല്‍ ഇലാഹു, അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അബൂബക്കറുല്‍ ബഗ്ദാദിയുടെ വിത്രിയ്യ, ഇമാം ബൂസ്വീരിയുടെ തന്നെ മുളരിയ ഇവയൊക്കെയും പ്രവാചക അനുരാഗത്തിന് അനശ്വരത സമ്മാനിച്ച കാവ്യതല്ലജങ്ങളാണ്.
ഹബീബിന്റെ റൗളയ്ക്ക് മുന്നിൽ നിന്ന് പ്രണയപരവശതയിൽ തപിക്കുന്ന ഹൃദയവുമായി ഉമർഖാസി പാടി: ''അത്യുദാരനായ നബിയേ, അങ്ങയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിച്ച് ഉമർ അങ്ങയുടെ ഉമ്മറപ്പടിക്കലിതാ വന്നു നിൽക്കുന്നു. അങ്ങയുടെ വാതിൽക്കൽ നിറഞ്ഞൊഴുകിയ മിഴികളോടെ കരഞ്ഞ് അവിടുത്തെ ഔദാര്യം കൊതിക്കുന്നു''. കേരളനാടിൽ നിന്നും കടൽ കടന്നെത്തിയ ആശിഖിന്റെ നൊമ്പരങ്ങൾ നബിയപദാനങ്ങളുടെ പെരുമഴയായി പെയ്തിറങ്ങിയപ്പോൾ റൗളക്കു മുന്നിൽ ആളുകൾ തടിച്ചുകൂടി. 'സ്വല്ലൂ അലൈഹിവസല്ലിമൂ തസ് ലീമ' എന്ന മറുപടിയുമായി അവരും ഖാസിയുടെ സ്‌നേഹഗീതത്തിന് മാറ്റുകൂട്ടി. ഇശ്ഖ് അണപൊട്ടിയൊഴുകിയതോടെ വിശുദ്ധ റൗളയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടുവെന്നാണ് ചരിത്രം.
സാമി അല്ബാറൂദിയുടെ കശ്ഫുല്ഗുമ്മയും അഹ്മദ് ശൗഖിയുടെ നഹ്ജുല്‍ ബുര്‍ദയും ആധുനിക അറബി കവികളില്‍ നിന്നും മദ്ഹുന്നബി ശൃംഖലയിലേക്കുള്ള വിശിഷ്ട സമ്മാനങ്ങളാണ്. അറബിയിൽ മാത്രമല്ല മറ്റനേകം ലോക ഭാഷകളിലും അതിവിശിഷ്ടമായ നബിമദ്ഹ് കാവ്യങ്ങൾ വിരചിതമായിട്ടുണ്ട്. അഹ് ലാ ഹസ്‌റത് അഹ്മദ് റസാഖാന്‍ ബറേൽവിയും വിശ്വ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലുമൊക്കെ ഉർദുഭാഷയിൽ അനശ്വരമായ മദ്ഹ് കാവ്യങ്ങളൊഴുതിയ കവി സ്രേഷ്ഠരാണ്.
പ്രവാചകരെ പഠിച്ചവരും പറഞ്ഞവരും എഴുതിയവരും തുറന്നുസമ്മതിച്ചത് പോലെ ആ മഹത്വങ്ങള്‍ക്ക് മുന്നില്‍ വാക്കുകളും വരകളും മഷികളും തോറ്റു പിന്‍മാറുന്നു. ആകാശങ്ങളുടെ പ്രകാശവും വെളിച്ചങ്ങളുടെ വെളിച്ചമാണ് മുത്ത് നബി. ആശിഖിന്റെ ജിഹ്വയും തൂലികയും ആ തിരുവെളിച്ചം പകർന്നുകൊണ്ടേയിരിക്കും. മദീനയുടെ മഷിയിൽ ഇശ്ഖ് വരച്ചവരൊക്കെ മുത്ത് റസൂൽ ഇഷ്ടം പറഞ്ഞ സൗഭാഗ്യവാന്മാരാണ്. പാടിയും പറഞ്ഞുമവർ മദീനതാഴ്‌വരയിലൂടെ സ്വർഗതീരത്തണയും. നാഥന്‍ തുണക്കട്ടെ.
Leave A Comment