ബാനത് സുആദ്: പ്രവാചക പ്രകീര്‍ത്തനത്തിന്റെ അക്ഷയഖനി

പ്രവാചക പ്രകീർത്തനങ്ങൾ അതിന്റെ തരത്തിനും തലത്തിനുമനുസരിച്ച് ഒന്ന് മറ്റൊന്നിനോട്  വ്യത്യാസപ്പെട്ട് നിൽക്കുന്നു. കവിതകളും കഥകളുമുൾപ്പെടെയുള്ള പല രൂപത്തിലും പ്രവാചക മദ്ഹ്  വിരചിതമായിട്ടുണ്ട്. അതിൽ കവിതകളാണ് കൂടുതലും മികച്ചു നിന്നത്. പ്രവാചക മദ്ഹിൽ ഏറെ മുൻപന്തിയിലുള്ളതാണ് കഅ്ബുബ്നു സുഹൈര്‍(റ)ന്റെ ബാനത് സുആദ. പ്രവാചക കാലത്ത് തന്നെ വിരചിതമായ ഏറ്റവും ലക്ഷണമൊത്ത പ്രഥമ കാവ്യവുമാണിത്.

കഅ്ബിന്റെ  ഇസ്‌ലാമാശ്ലേഷണം 

ഹിജ്റ എട്ടാം വർഷം  മക്കാ വിജയദിവസം, എട്ടുവർഷങ്ങൾക്ക് മുമ്പ്  പിറന്ന  നാട്ടിൽ നിന്നും തനിക്ക് ഭ്രഷ്ട് കൽപ്പിച്ച ഖുറൈശികളടങ്ങുന്ന മക്കാ മുശ്രിക്കീങ്ങൾക്ക് മുന്നിൽ വിജയശ്രീലാളിതനായി, സർവ്വാധിപതിയായി നിൽക്കുകയാണ് റസൂൽ (സ്വ). പരിശുദ്ധ ഇസ്‍ലാമിനെയും തിരുദൂതരെയും വാക്കുകൊണ്ടും വാളുകൊണ്ടും നിരന്തരം മുറിപ്പെടുത്തുകയും കുത്തി നോവിക്കുകയും ചെയ്ത പ്രമുഖരെല്ലാം ഭയത്തിന്റെ മടയിൽ കയറി വാതിലടച്ചിരിക്കുകയാണ്. പ്രതികാരം ചെയ്യുമെന്ന സ്വാഭാവിക ചിന്തയില്‍ മുസ്‍ലിംകളുടെ വാൾത്തലപ്പിന് മുന്നിൽ നിന്നു മാറി, അവിടുത്തെ വാക്കുകളുടെ മൂർച്ച പോലും തടുക്കാനാവില്ലെന്ന് കരുതി, തങ്ങളുടെ പരാജയത്തിൽ സർവ്വവും സമർപ്പിച്ച് അടിയറവ് വെച്ചിരിക്കുന്ന ശത്രു സമൂഹം. പക്ഷേ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവിടുത്തെ അധരങ്ങളിലൂടെ പുറത്തുവന്നത് വിട്ടുവീഴ്ചയുടെ താരാട്ട് പാട്ടുകളായിരുന്നു. 'പോകൂ നിങ്ങൾ സ്വതന്ത്രരാണ്' എന്ന വിളംബരം മക്കാ നിവാസികളുടെ ഹൃദയം കീഴടക്കി. തൽഫലമായി ഇസ്‌ലാമിലേക്ക് ജനം ഒഴുകിയെത്തി.

എന്നിരുന്നാലും ഇസ്‍ലാമിനെ യാതൊരു ഇടതടവുമില്ലാതെ ആക്രമിക്കുകയും ഭൗതികമായും ബൗദ്ധികമായും  കൂടുതൽ വിഘ്നങ്ങൾ വരുത്തുകയും  ചെയ്ത ചിലരെ വധിച്ചു കളയുവാൻ തിരുനബി (സ്വ) കൽപ്പിക്കുകയുണ്ടായി. അവരിൽ ഏറ്റവും മുൻപന്തിയിലുള്ള വ്യക്തിയായിരുന്നു കഅ്ബ് ഇബ്നു സുഹൈർ. തന്റെ കാവ്യ ശകലങ്ങളുടെ കൂരമ്പുകൾ കൊണ്ട് ഇസ്‍ലാമിനെയും തിരു നബിയെയും കടന്നാക്രമിച്ച കഅ്ബ് തിരുനബിക്ക് വരുത്തിവച്ച തലവേദന നിസ്സാരമായിരുന്നില്ല. സപ്തകവികളിലെ സുഹൈലിന്റെ മകനും  കവികുടുംബത്തിലെ അംഗവുമായരുന്ന കഅ്ബിന്റെ കവിതാ ശരങ്ങൾ ഇസ്‍ലാമിനെ ക്രൂശിച്ചു കൊണ്ടേയിരുന്നു. തന്റെ സഹോദരനും കവിയുമായിരുന്ന ജുബൈറിന്റെ ഇസ്‍ലാമാശ്ലേഷണം കഅ്ബിന്റെ വാക് ശരങ്ങളുടെ മൂർച്ച ഒന്നുകൂടി ബലപ്പെടുത്തുകയായിരുന്നു. സഹോദരനായ ജുബൈറിനെയും ഇസ്ലാമിനെയും കൂടാതെ തിരുനബിയെയും അബൂബക്കർ സിദ്ദീഖിനെയും കടന്നാക്രമിച്ച കഅ്ബിൻറെ രക്തത്തിന് പവിത്രതയില്ലെന്ന് തിരുനബി  (സ്വ) പ്രഖ്യാപിച്ചു. അതിനിടെ പുണ്യനബി താഇഫിൽ നിന്നു മദീനയിലേക്ക് മടങ്ങുന്ന സന്ദർഭത്തിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ച്  കഅ്ബിന് കത്തെഴുതിയ ജുബൈർ (റ), നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ അധിക്ഷേപിച്ച കവികളെ വധിച്ചു കളയാൻ ഉത്തരവുണ്ടെന്നും ഇബ്നു അറബിയും ഹുസൈറത്ത് ബ്നു അബീവഹബുമൊക്കെ  പ്രാണരക്ഷാർത്ഥം നാടുവിട്ടെന്നും അറിയിച്ചു. തൗബ ചെയ്ത് നബിയിലേക്ക് മടങ്ങി വരുന്നവർക്ക് നബി മാപ്പ് നൽകുമെന്ന് എഴുതിയ ജുബൈർ കഅ്ബിനോട് തിരുസന്നിധിയിലേക്ക് പശ്ചാത്തപിച്ചു  മടങ്ങാൻ നിർദേശിച്ചു. സഹോദരൻറെ കത്തിലൂടെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ കഅ്ബ് ഭയന്ന് വിറച്ചു. ആരും അഭയം നൽകാത്തതുമൂലം ഒളിത്താവളം പോലും അന്യമായ കഅ്ബിനു  മുന്നിൽ നോക്കെത്താ ദൂരം വിശാലമായ മരുപ്പറമ്പ് പോലും ഇടുങ്ങിയതായി അനുഭവപ്പെട്ടു. തന്നിമിത്തം മദീനയിലേക്ക് തിരിച്ച കഅ്ബ് പ്രവാചകസവിധത്തിലേക്ക് വന്നെത്തുകയായിരുന്നു.

പാത്തും പതുങ്ങിയും മദീനയിൽ എത്തിയ അദ്ദേഹം പ്രവാചകനോടൊപ്പം സുബ്ഹി നമസ്കരിച്ചു.  പരസ്പരം  കണ്ടിട്ടില്ലാത്തതിനാൽ കഅ്ബിനെ തിരുനബിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അവിടുത്തെ സവിധത്തിലേക്ക് കടന്നുവന്ന്  പുണ്യകരം ഗ്രഹിച്ച് കഅ്ബ് ആരാഞ്ഞു: അല്ലാഹുവിൻറെ റസൂലേ, കഅ്ബ് ഇബ്നു സുഹൈർ താങ്കളിലേക്ക് പശ്ചാത്തപിച്ചു മടങ്ങി വരികയാണെങ്കിൽ താങ്കൾ അവനെ സ്വീകരിക്കാൻ തയ്യാറാകുമോ.. തിരുനബി പ്രതിവചിച്ചു: അതെ ഞാൻ തയ്യാറാണ്. ഉടൻ കഅ്ബ് പറഞ്ഞു: ഞാനാണ് റസൂലേ കഅ്ബ് ഇബ്നു സുഹൈർ. ഇതുകേട്ടതും കോപം പൂണ്ട സഹാബാക്കളിൽ പലരും അസ്വസ്ഥരായി. അൻസാരികളിൽ പെട്ട ഒരു സഹാബി കഅ്ബിനെ  വധിക്കാനായി വാളോങ്ങാൻ  വരെ ശ്രമിച്ചുവെങ്കിലും നബി തങ്ങൾ  അദ്ദേഹത്തെ വിലക്കുകയായിരുന്നു.

ബാനത്  സുആദ: മദ്ഹിൽ ചാലിച്ച സങ്കട ഹരജി 

തിരുസന്നിധിയിൽ വെച്ച് കഅ്ബ് (റ) ആലപിച്ച പ്രകീർത്തന കാവ്യമാണ് ബാനത് സുആദ എന്ന പേരിൽ പിന്നീട് വിശ്രുതമായത്. റസൂലിന്റെ ജീവിതകാലത്ത് ആലപിക്കപ്പെട്ട, ഏറ്റവും ലക്ഷണമൊത്ത, പ്രഥമ പ്രകീർത്തന കാവ്യമായി ബാനത് സുആദ കണക്കാക്കപ്പെടുന്നു. കാലങ്ങളായി തൻറെ വരികളിലൂടെ തിരു നബിയെ അടച്ചാക്ഷേപിച്ച കഅ്ബിന്റെ പശ്ചാത്താപം കൂടിയാണ് "ബാനത് സുആദ". പ്രവാചക സവിധത്തിലെത്തിയ കഅ്ബ് തന്റെ കദനഭാരത്തിന്റെ കെട്ടഴിച്ചു. കഅ്ബിന്റെ അധരങ്ങളിൽ നിന്നുള്ള തിരുമദ്ഹിൻ മൊഴിമുത്തുകൾ മദീനയിലെ കുടിലുകളെ കിടിലം കൊള്ളിച്ചു.

ജാഹിലിയ ഘട്ടത്തിലെ ഏത് കവിതകളെയും പോലെ പ്രണയിനിയും അവളുടെ വിരഹവുമാണ് ബാനത് സുആദയുടെയും പ്രാരംഭ പ്രതിപാദ്യം. തന്റെ പ്രാണ പ്രേയസിയായ സുആദയുടെ അകൽച്ച തന്നിൽ വരുത്തി വെച്ച ഹൃദയവേദനയും മുഷിപ്പും പ്രതിപാദിച്ചു തുടങ്ങുന്ന കവിത തന്റെ കാമുകിയുടെ വർണ്ണനകളിലൂടെ സഞ്ചരിക്കുന്നു. അനിതരസാധാരണമാം  വിധത്തിലുള്ള തന്റെ പ്രാണപ്രേയസിയുടെ വർണ്ണനയും രൂപകാലങ്കാരവും ഉപമയുമെല്ലാം തന്നെ കഅ്ബിന്റെ കാവ്യ ഭാവങ്ങളുടെയും തന്മയത്വത്തിന്റെയും കൂടെ സുആദയോട് തനിക്കുണ്ടായിരുന്ന അടങ്ങാത്ത പ്രേമാനുരാഗത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നവയാണ്.


57 വരികൾ ഉൾക്കൊള്ളുന്ന ബാനത് സുആദ പ്രധാനമായും മൂന്നായി ഭാഗിക്കാം. തന്റെ പ്രണയിനിയായ സുആദയെ പറ്റിയുള്ള ഓർമ്മകളും വർണ്ണനകളും അനുസ്മരിക്കുന്ന ഒന്നാം ഭാഗം. സാധാരണ അറേബ്യൻ കവിതയുടെ ശൈലി അനുസരിച്ച് പ്രകീര്‍ത്തിക്കപ്പെടുന്നവനെ വർണ്ണനയുടെ പാരമ്യതയിലെത്തിക്കുന്ന പതിവ് രീതി ബാനത് സുആദയിലും കാണാം. തന്നിൽ നിന്നും അകന്ന് വിദൂരതയിലേക്ക് ചേക്കേറിയ സുആദയിലേക്ക് എത്തിച്ചേരാനുള്ള ഏകമാർഗ്ഗം ഒട്ടകം ആണെന്ന് തിരിച്ചറിയുന്ന കവി, ആ ഒട്ടകത്തിന് നൽകുന്ന വിശേഷണങ്ങളും അതിനു സങ്കൽപ്പിക്കുന്ന സവിശേഷതകളുമാണ് ബാനത് സുആദിന്റെ രണ്ടാം ഭാഗം.  തന്റെ പ്രണയിനിക്ക് നൽകിയ മുഴുവൻ വർണ്ണനാ-രൂപകാലങ്കാരങ്ങളും യഥാർത്ഥ മംദൂഹായ പ്രവാചകരിലേക്ക് ചേർത്തിയുള്ള പ്രവാചക പുകളും അവിടുത്തേക്ക് കവി സമർപ്പിക്കുന്ന സങ്കടഹരജിയുമടങ്ങുന്നതാണ് ബാനത് സുആദിന്റെ അവസാന ഭാഗം. ഈ ഭാഗത്ത് തന്റെ സാഹചര്യങ്ങളെ വിശദീകരിക്കുന്ന കവി ഒരഭയം തേടി താനലഞ്ഞുതിരിഞ്ഞതും ഉറ്റവരും ഉടയവരും തന്നെ കൈയൊഴിഞ്ഞതും അവസാനം പ്രവാചകരിൽ അഭയം ലഭിച്ചതുമുൾപ്പെടെ  വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതായി കാണാം.

ബാനത് സുആദയുടെ അവസാന ഭാഗം ആരംഭിക്കുന്നത് തിരുനബിയുടെ വധപ്രസ്താവനയിൽ ഭയം പൂണ്ട കഅ്ബ് സുഹൃത്തുക്കളോട് അഭയം ചോദിക്കുന്ന രംഗത്തോടെയാണ്. ആൾ ജാമ്യമല്ലാതെ വേറെ രക്ഷയേതുമില്ലാതിരുന്ന കഅ്ബിനെ പക്ഷേ ആരും ഏറ്റെടുക്കുന്നില്ല. മറിച്ച്, നീ മുഹമ്മദിനാൽ  വധിക്കപ്പെടുമെന്ന് പരിഹസിക്കുകയായിരുന്നു ചുറ്റുമുള്ളവർ ചെയ്തിരുന്നത്. ജനിച്ചാൽ ഒരു ദിനം മരിക്കണമെന്നും റബ്ബിന്റെ തീരുമാനം മാത്രമേ നടപ്പാവൂ എന്നും അവരോട് പ്രതിവചിക്കുന്ന കഅ്ബിലേക്കാണ് സഹോദരൻ ജുബൈറിന്റെ കത്ത് ലഭിക്കുന്നതും കഅ്ബ്  തിരുസവിധത്തിലേക്കെത്തുന്നതും.

തിരുനബിയുടെ അടുക്കലെത്തിയ കഅ്ബ്      അവിടത്തോട് നടത്തുന്ന സംഭാഷണ ശൈലി ഏറെ ചിന്തനീയമാണ്. ഒരിക്കലും ലഭിക്കില്ലെന്ന് നാം കരുതുന്ന, അപരവശമുള്ള ഇഷ്ടവസ്തു നമ്മുടെ കൈകളിലെത്തിക്കാൻ നാം അല്പം പൊടിക്കൈകൾ പ്രയോഗിക്കുമല്ലോ. ഇവിടെ നബിയിൽ നിന്നും മാപ്പ് ലഭിക്കുന്നതിനായി കഅ്ബ്  സ്വീകരിച്ച പൊടിക്കൈ നബിയോട് മാപ്പ് ചോദിക്കുന്ന ശൈലിയാണ്. റസൂലേ എന്നെ പിടികൂടാൻ അങ്ങ് ഉത്തരവ് പുറപ്പെടുവിച്ചെന്ന് എനിക്കറിയാം, എങ്കിലും തിരുദൂതരിൽ മികച്ചു നിൽക്കുന്ന മാപ്പെന്ന സ്വഭാവമാണ് എന്റെ പ്രതീക്ഷ എന്നർത്ഥം വരുന്ന വരികളാലപിച്ച കഅ്ബിനോട് അല്ലാഹു നിനക്ക് മാപ്പ് നൽകിയെന്ന് തിരുനബി പ്രതിവചിച്ചതായി ശറഹുകളിൽ കാണാം. തൻറെ ആക്ഷേപകരുടെ വാക്കുകൾ കേട്ട് എന്നെ ശിക്ഷിക്കരുതെന്നും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കഅ്ബ് സംവദിക്കുന്നു. തിരുനബിയുടെ മുന്നിൽ നിൽക്കുമ്പോഴുള്ള തൻറെ ഭയവിഹ്വലമായ അവസ്ഥാവിശേഷവും കവി പങ്ക് വെക്കുന്നു.

തിരുനബിയോട് തൻറെ ആവലാതി ബോധ്യപ്പെടുത്തി അവിടുത്തെ മാപ്പപേക്ഷക്ക്ശേഷം പ്രവാചക മദ്ഹിലേക്ക് കടക്കുന്ന കഅ്ബ് വരികളിൽ തിരുമദ്ഹിന്റെ കനക കൊട്ടാരം പണികയായിരുന്നു."ഇന്നർ റസൂല ലസൈഫുൻ " എന്ന് തുടങ്ങുന്ന കഅ്ബിന്റെ മദ്ഹിൻ മധുവോളം മധുരിതമായ മറ്റൊന്ന് മദ്ഹ്  ചരിത്രത്തിൽ  വിരചിതമായത് വിരളമാണ്. കുഫ്റിന്റെ അന്ധകാരത്തിൽ അലയുകയായിരുന്ന കഅ്ബിന് വെള്ളിവെളിച്ചം വീശുന്നത് പ്രവാചകനെന്ന വെട്ടിത്തിളങ്ങുന്ന വാളിനാലാണ്. കുഫ്റെന്ന ശത്രുവിന്റെ സംഹാരകനാണ്, അല്ലെങ്കിൽ അതിനെ വെട്ടിവീഴ്ത്താനാണ് തിരുനബിയെന്ന അല്ലാഹുവിൻറെ പടവാളെന്ന്  കഅ്ബ് പുകൾ പാടിയതും  ആ വരികളിലെ മാസ്മരികതയിലും മദ്ഹിലും അത്ഭുതം പൂണ്ട പ്രവാചകൻ തന്റെ പുതപ്പ് കഅ്ബിന് സമ്മാനിക്കുകയായിരുന്നു. ഇതിനാൽ ബാനത് സുആദ "ബുർദ" എന്നും ഇമാം ബൂസ്വീരിയുടെ മദ്ഹ് കാവ്യം "ബുർഉദ്ദാഅ്" ആണെന്നും അഭിപ്രായപ്പെട്ട പണ്ഡിതൻമാരുണ്ട്. നബിയെ പുകഴ്ത്തിയശേഷം മുഹാജിരീങ്ങളായ സ്വഹാബാക്കളുടെ മഹത്വവും ധീരതയും വർണിച്ചുകൊണ്ടാണ്ബാനത് സുആദ അവസാനിക്കുന്നത്. പ്രവാചക പ്രകീർത്തനത്തിന്റെ നിസ്തുലഭാവമായ ഈ കാവ്യത്തിന് നിരവധി ശറഹുകളും വിരചിതമായിട്ടുണ്ട്. തബ്‍രീസി,  ഇബ്നു ഹിഷാമുൽ അൻസാരി , ഇബ്നു അമ്പാർ, അബ്ദുല്ലത്തീഫുൽ ബാഗ്ദാദി, ഇബ്നു ഹുജ്ജതുൽ ഹമവി തുടങ്ങിയവർ ഇതിന്റെ വ്യാഖ്യാതാക്കളില്‍ ചിലരാണ്. മാത്രമല്ല  പ്രവാചക പുകളിനോടൊപ്പം മികച്ച വർണ്ണനയുടെയും ഉപമകളുടെയും അക്ഷയഖനി കൂടിയായ ബാനത് സുആദ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter