ഹാജിമാര്‍ക്ക് ഇന്ന് ദുല്‍ഹിജ്ജ 8..
മിനായിലാണ് അവരെല്ലാം ഇപ്പോഴുള്ളത്. ഇന്നലെ രാത്രി അവര്‍ കഴിച്ച് കൂട്ടിയത് ഇവിടെ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന തമ്പുകളിലാണ്.
ആഗ്രഹം, ലക്ഷ്യം എന്നെല്ലാം അര്‍ത്ഥം പറയാം മിനാ എന്ന വാക്കിന്. ഹജ്ജിലൂടെ ലഭ്യമാവുന്നത് ഏറ്റവും വലിയ ആഗ്രഹമാണ് എന്നതിന്റെ സൂചനയാവാം ഈ സ്ഥലത്തിന് ഇങ്ങനെ പേര് വെച്ചത്. അതോടൊപ്പം വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം പരലോക മോക്ഷവും അവിടെ വെച്ച് സൃഷ്ടിച്ച നാഥനെ കണ്ട് മുട്ടുന്നതുമാണല്ലോ. അത് സാക്ഷാല്‍ക്കരിക്കാനുള്ള ഇടം കൂടിയാണ് മിന. ഇവിടെ വെച്ച് ഇനി മുതല്‍ ശീലിക്കുന്ന സമത്വപൂര്‍ണ്ണവും അതിലളിതവുമായ ഈ ജീവിത രീതി ശിഷ്ട ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ ആ ലക്ഷ്യം നേടാനാവുമെന്നത് തീര്‍ച്ച.
പിശാചിനെ തുരത്തി, എല്ലാ അസമത്വങ്ങളെയും ഉഛാടനം ചെയ്ത് അല്ലാഹുവിലേക്ക് സമര്‍പ്പിതമാവാനുള്ള പരിശീലനമാണ് മിന നല്കുന്നത്.
മിനായിലെ തമ്പുകള്‍ നല്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. അമ്പതിലേറെ വരുന്ന ഹാജിമാരാണ് ഓരോ തമ്പിലും താമസിക്കുന്നത്. വരുന്ന ഏതാനും ദിവസങ്ങളിലേക്കാവശ്യമായതെല്ലാം കൈയ്യില്‍ കരുതിയാണ് ഹാജിമാര്‍ ഇവിടെ എത്തുന്നത് തന്നെ. പാരത്രിക ജീവിതത്തിലേക്ക് ആവശ്യമായതെല്ലാം സമാഹരിച്ച് ഖബ്റിലേക്ക് വരുന്ന വിശ്വാസിയോട്, മിനയിലെത്തുന്ന ഹാജിയെ നമുക്ക് ഉപമിക്കാനാവും. ഇഹ്റാമിന്റെ വസ്ത്രവും മരണാന്തരം ധരിപ്പിക്കപ്പെടുന്ന വസ്ത്രവും വല്ലാത്ത സാമ്യതയുണ്ട്. മിനായില്‍ ഇരിക്കാനും കിടക്കാനുമായെല്ലാം ലഭിക്കുന്നത് ഖബ്റിനോളം പോന്ന അല്പ സ്ഥലം മാത്രവും.
അവിടെയെത്തുന്നവരുടെ കൈയ്യില്‍ കാര്യമായി ഒന്നുമുണ്ടാവില്ലെന്ന് തന്നെ പറയാം. മുസ്ഹഫും ദിക്റുകളുടെ ഏടുകളുമായിരിക്കും പൊതുവായി എല്ലാവരും കൂടെ കരുതിയിട്ടുണ്ടാവുക. വല്ലാതെ മുഷിയുന്ന വേളയില്‍ മാറ്റി ഉടുക്കാനുള്ള ഒരു ഇഹ്റാം തുണി ചിലരൊക്കെ കരുതിയിരിക്കും. കൂടെ അത്യാവശ്യ വിശപ്പകറ്റാനുള്ള ഉണങ്ങിയ ധാന്യങ്ങളും. ഇവയെല്ലാം ഒരു ചെറിയ ബാഗിലോ സഞ്ചിയിലോ ആക്കി അത് തലയിണയാക്കി ലഭ്യമായ സ്ഥലത്ത് കിടക്കുന്നു. ഉറക്കം വരുന്നത് വരെ ഇരിക്കുന്നതും അദ്കാറുകളും ഖുര്‍ആന്‍ പാരായണവുമായി ചെലവഴിക്കുന്നതും ഇവിടെത്തന്നെ.
ഇവിടത്തെ സൌകര്യങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയാണ്. എത്ര വലിയ സമ്പന്നനാണെങ്കിലും ഇവിടെ എത്തുന്നതോടെ, ഉടുതുണിക്ക് മറുതുണിയില്ലാത്ത വിധം ദരിദ്രവേഷനായി മാറുന്നു. എത്ര വലിയ കൊട്ടാരങ്ങളുടെ ഉടമകളും ഇവിടെ ഉറങ്ങുന്നതും ചെലവഴിക്കുന്നതും ഈ പരിമിതമായ സ്ഥലത്ത് തന്നെ. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൌകര്യങ്ങളിലും വ്യത്യാസങ്ങളൊന്നുമില്ല. ഓരോ കിടപ്പുമുറിയിലും ഓരോ ബാത്റൂം വീതം സജ്ജീകരിച്ച് ജീവിച്ച് ശീലിച്ചവരും ഇവിടെ തന്റെ ഊഴത്തിനായി കാത്ത് നിന്നേ പറ്റൂ.
ഇങ്ങനെയെല്ലാം അരിഷ്ടിച്ച് കഴിഞ്ഞ് കൂടുമ്പോഴാണ് യഥാര്‍ത്ഥ ഹജ്ജ് അനുഭവിക്കാനാവുന്നത്. അപ്പോഴും ആരോടും പരാതിയും പരിഭവവുമില്ലാതെ, എല്ലാം സന്തോഷത്തോടെ സ്വീകരിക്കുമ്പോഴാണ് മിനയാവുന്നത്. അല്ലെങ്കിലും, ഒരു വിദേശിയെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയാണോ മാത്രം ഈ ലോകത്ത് ജീവിക്കേണ്ടവനാണല്ലോ വിശ്വാസി. അവന്റെ ജീവിതം ഇന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ആവേണ്ടത്, ഏറ്റവും ചുരുങ്ങിയത് മാനസികമായെങ്കിലും.
മിനയുടെ തമ്പുകളെ ഒരു വിഹഗവീക്ഷണം കൂടി നമുക്ക് നടത്താം. തുരുതുരെ മുളച്ച് പൊന്തിയ കൂണുകള്‍ പോലെ കിലോമീറ്ററുകളോളം പരന്ന് കിടക്കുകയാണ് അവ. ഇടക്കിടെ ആളുകള്‍ക്ക് നടന്നുനീങ്ങാനായി സംവിധാനിച്ച റോഡുകള്‍. എല്ലായിടത്തും കേള്‍ക്കാനാവുന്നത് ഏകദേശം ഒരു ശബ്ദങ്ങള്‍ തന്നെ. തല്‍ബിയതിന്റെ മന്ത്രങ്ങള്‍... ഖുര്‍ആന്‍ പാരായണത്തിന്റെ മധുരധ്വനികള്‍... ദുആകളുടെയും ദിക്റുകളുടെയും അടക്കിപ്പിടിച്ച നാദതന്ത്രികള്‍... ആ വിശാലമായ ഭൂമികയില്‍നിന്ന് ഓരോ നിമിഷവും വാനലോകത്തേക്ക് ഉയരുന്നത് സുകൃതങ്ങളുടെ അണമുറിയാത്ത വീചികളാണ്... അതാണ് മിനാ... നാഥാ, ഞങ്ങളെയും നീ വീണ്ടും വീണ്ടും അവിടെ എത്തിക്കണേ... ആ ജനസാഗരത്തില്‍ ഒരു ബിന്ദുവായി ഞങ്ങളെയും ചേര്‍ക്കേണമേ...
Leave A Comment