ഇന്ത്യന് ഹാജിമാര് പുണ്യ ഭൂമികയിലേക്ക്

ജിദ്ദ: ഹജ്ജില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ പുണ്യഭൂമിയിലേക്കുള്ളവരവ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യസംഘം നിശ്ചിത സമയത്തിലും അരമണിക്കൂര്‍ മുമ്പായി ഞായറാഴ്ച രാവിലെ 8.45ന് മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തി. ഡല്‍ഹിയില്‍ നിന്നുള്ള 340 പേരടങ്ങുന്ന ആദ്യ സംഘം എയര്‍ ഇന്ത്യയുടെ പ്രത്യേക ഹജ്ജ് വിമാനത്തിലാണ് മദീനയിലെത്തിയത്.

ഇന്ത്യന്‍ സ്ഥാനപതിയുടെ പദവി വഹിക്കുന്ന ഹേമന്ദ് കോട്ടല്‍വാര്‍, കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ് മിഷന്‍ ഉദ്യോഗസ്ഥരും മദീനയിലെ പ്രവാസികളുടെ ഹജ്ജ് സേവന കമ്മിറ്റിപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ത്യന്‍ സംഘത്തെ വരവേറ്റു. ഡല്‍ഹിയില്‍ നിന്ന് മൂന്നും ലക്‌നോവില്‍ നിന്ന് രണ്ടും കൊല്‍ക്കത്ത, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വിമാനങ്ങളും ഉള്‍പ്പെടെ മൊത്തം ഏഴ് വിമാനങ്ങളിലായി 2304 ഹാജിമാരാണ് ആദ്യദിവസം പുണ്യഭൂമിയില്‍ എത്തുന്നത്. മദീന വഴി 54,120 ഇന്ത്യന്‍ തീര്‍ഥാടകരാണ് എത്തുക. മദീനയില്‍ എട്ടു നാളുകള്‍ ചിലവഴിക്കുന്ന ഇന്ത്യന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ ഇഹ്‌റാം വേഷധാരികളായി മക്കയിലേക്ക് നീങ്ങും. മദീനയിലെത്തുന്ന ഹാജിമാര് ഹജ്ജ് കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുക ജിദ്ദയില്‍ നിന്നായിരിക്കും. മദീന വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് സെപ്റ്റംബര്‍ രണ്ടു വരെ തുടരും. തുടര്‍ന്നുള്ള ദിവസങ്ങളിലെ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ മക്കയിലെത്തുക ജിദ്ദ വഴിയായിരിക്കും.

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. ഇവരുടെ മദീന സന്ദര്‍ശനം ഹജ്ജിനു ശേഷമായിരിക്കും. ഇവരുടെ നാട്ടിലേക്കുള്ള മടക്കം മദീനയില്‍ നിന്നും. ഹറമിനു ചുറ്റുവട്ടത്തു തന്നെയാണ് ഇത്തവണ തീര്‍ഥാടകര്‍ക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നതെന്നു മദീനയിലെ ഇന്ത്യന്‍ ഹജ് മിഷന്‍ മേധാവി അബ്ദുല്‍ ശുകൂര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് കൊച്ചിയില്‍ നിന്നുള്ള ഹജ് കമ്മിറ്റി കേരള ഹാജിമാര്‍ ജിദ്ദവഴി എത്തിച്ചേരുക. ഹജ് ടെര്‍മിനല്‍ അടക്കുന്നതിന്റെ തലേനാള്‍ വരെ കേരള ഹാജിമാരുടെ വരവ് തുടരും. എയര്‍ ഇന്ത്യ, സൗദി അറേബ്യന്‍ ,നാസ് എയര്‍ വിമാനങ്ങളാണ് ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനെത്തുന്നവരെ സഹായിക്കുന്നതിനായി വിവിധ മലയാളി കമ്മിറ്റികളുടെ നേതൃത്വത്തില്‍ മക്കയിലും വിപുലമായ ഏര്‍പ്പാടുകള്‍ കൈകൊണ്ടിട്ടുണ്ട്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്കയില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഖലീല്‍ ചെമ്പയില്‍ (കോഓര്‍ഡിനേറ്റര്‍), അബ്ദുല്‍ ഗഫ്ഫാര്‍ (വോളന്റിയര്‍ ക്യാപ്റ്റന്‍), അബ്ദുല്ലക്കോയ പുളിക്കല്‍, അഷ്‌റഫ് തിരൂര്‍, മാനു എന്ന മജീദ്, അഷ്‌റഫ് ഇരിട്ടി (സമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ സെക്രട്ടറി മുഹമ്മദലി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter