കടലുണ്ടിപ്പുഴയിലെ കളിയും കുളിയും നിറഞ്ഞ ബാല്യകാലം

കേരളമുസ്‌ലിംകളുടെ തലസ്ഥാനഗേഹമായ പാണക്കാട്ട് തറവാട്ടിലെ ഇന്നത്തെ കാരണവര്‍ക്ക് ഓര്‍മ്മകള്‍ പങ്കുവെക്കാനൊന്നും സമയം കാണില്ലെന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷേ, തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയാത്തതാണല്ലോ അവരുടെ ഏക ദൗര്‍ബല്യം. അത് കൊണ്ട് തന്നെ, ആ ഭാരിച്ച തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ക്കും ലഭിച്ചു ഏതാനും ചിലനിമിഷങ്ങള്‍. കടലുണ്ടിപ്പുഴയുടെ ഓളങ്ങളിലേക്ക് കണ്ണ്പായിച്ച് പഴയ ഓര്‍മ്മകളിലേക്ക് ഊളിയിട്ടപ്പോള്‍, ഞങ്ങള്‍ക്ക് ലഭിച്ചത് ഒരുപിടി ദീപ്തസ്മരണകള്‍. അതിവിടെ വായനക്കാരുമായി പങ്കുവെക്കട്ടെ.

ബാല്യകാലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അന്ന് ഉമ്മ ക്ഷയരോഗം കാരണം കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ചികിത്സയിലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം പുലര്‍ച്ചെ പിതാവിനെ ഹൈദറാബാദ് ആക്ഷന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. മഞ്ചേരി സബ്ജയിലില്‍ രണ്ട് ദിവസവും കോഴിക്കോട് സബ്ജയിലില്‍ രണ്ടാഴ്ചയും പിതാവിന് കഴിച്ച് കൂട്ടേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം തന്നെ ഉമ്മ മരണപ്പെട്ടു. 

പിന്നീട് ഉമ്മയുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ നോക്കിനടത്തിയത് പിതൃസഹോദരി മുത്തുബീവി ആയിരുന്നു. അവരുടെ വീട്ടിലായിരുന്നു എന്റെ താമസം. താമസം. സഹോദരന്‍ ഉമറലി തങ്ങളും കൂടെയുണ്ടായിരുന്നു. ഉമറലി തങ്ങള്‍ക്ക് എന്നേക്കാള്‍ മൂന്ന് വയസ്സ് കൂടും. മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നേക്കാള്‍ പത്ത് വയസ്സിന് മൂത്തതാണ്. അവരുടെ വീട്ടിലുള്ള ജീവിതം ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു എന്ന് വേണം പറയാന്‍. പാണക്കാട്ടെ പുഴയില്‍ ദീര്‍ഘ നേരം നീന്തിക്കുളിക്കും. കൂട്ടുകാരോടൊത്തുള്ള കളിയും സാധാരണയായിരുന്നു. 

ഓത്തുപള്ളിയിലും പാണക്കാട് ദേവധാര്‍ സ്‌കൂളിലുമൊക്കെയായിരുന്നു പ്രാഥമിക പഠനം. ആയിശ ടീച്ചര്‍, മുഹമ്മദലി മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു അന്നത്തെ ഗുരുവര്യന്മാര്‍. കടുത്ത ശിക്ഷകള്‍ നല്‍കി പഠിപ്പിക്കുന്ന കാലമായിരുന്നു അത്. മുഹമ്മദലി മാസ്റ്ററുടെ പിതാവായിരുന്നു ഓത്തുപള്ളിയിലെ മൊല്ലാക്ക. പലകയിലെഴുതിയായിരുന്നു അന്നൊക്കെ പഠിച്ചത്. തുടര്‍ന്നുള്ള പഠനം കോഴിക്കോട്ട് വെച്ചായിരുന്നു. ചാവക്കാട് സ്വദേശി മുഹമ്മദലി മാസ്റ്റര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍. പാലക്കാട് അഹമ്മദ് കോയ മാസ്റ്റര്‍, തിരുനാവായക്കാരനായ കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ ഇപ്പോഴും ഓര്‍മയില്‍ തെളിഞ്ഞുവരുന്ന മുഖങ്ങളാണ്.

സ്‌കൂളില്‍ വായനശാലയും മാതൃകാപാര്‍ലമെന്റും ഒക്കെ സജീവമായിരുന്നു. അക്കാലത്ത് ചന്ദ്രിക വാരാന്തപ്പതിപ്പ് മുടങ്ങാതെ വായിക്കുമായിരുന്നു ഞാന്‍. വായനക്ക് ശേഷം ഞാനവ ബൈന്റ് ചെയ്ത് സൂക്ഷിക്കുകയും പ്രധാന പോയിന്റുകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ടായിരുന്നു.

എം.എം സ്‌കൂളില്‍ പഠിച്ച കാലം വളരെ രസകരമായിരുന്നു. അന്നൊക്കെ ഫുട്‌ബോള്‍ കളിയില്‍ വലിയ താല്‍പര്യമായിരുന്നു. എം.എം ഹൈസ്‌കൂളില്‍ നിന്ന് പത്താം തരം പാസായപ്പോള്‍ കോഴിക്കോട്ടെ ഏതെങ്കിലും കോളേജില്‍ പഠിക്കാനായിരുന്നു എന്റെ താല്‍പര്യം. എന്നാല്‍ പിതാവിന്റെ  നിര്‍ദേശപ്രകാരം പിന്നീട് പളളി ദര്‍സിലേക്കാണ് പോയത്. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത്. ഭക്ഷണം കഴിക്കാനായി വീടുകളിലേക്ക് പോകുന്ന രീതിയായിരുന്നല്ലോ അന്ന് നിലവിലുണ്ടായിരുന്നത്. ഏറെ ബഹുമാനത്തോടെയും ആദരവോടെയുമായിരുന്നു വീട്ടുകാര്‍ ചെലവിന് വരുന്ന മോല്യാരുട്ടിമാരെ സ്വീകരിച്ചിരുന്നത്.  ഒഴിഞ്ഞ പറമ്പുകളില്‍ പോയി പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ട വിധം ദരിദ്രസാഹചര്യവുമായിരുന്നു അന്നൊക്കെ. കാട്ടിപ്പരുത്തി കുഞ്ഞാലന്‍ മുസ്‌ലിയാരില്‍ നിന്നാണ് അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും പഠിച്ചത്. മറ്റു പല ഗ്രന്ഥങ്ങളും അദ്ദേഹം തന്നെയാണ് പഠിപ്പിച്ചു തന്നത്.    

ഡോ. മുഹ്‌യുദ്ദീന്‍ ആലുവായി അക്കാലത്ത് പരിചിത വൃന്ദങ്ങളില്‍ പ്രധാനിയാണ്. പളളിദര്‍സുകളില്‍ സാഹിത്യ സമാജങ്ങള്‍ സജീവമായിരുന്നു. പള്ളി ദര്‍സുകളിലെ സാഹിത്യ സമാജങ്ങളില്‍ പ്രഭാഷണം നടത്തിയും സാകൂളിലെ മാതൃകാപാര്‍ലമെന്റില്‍ കൃഷി മന്ത്രിയായതും ആഭ്യന്തര മന്ത്രിയായതുമൊക്കെ ഇന്നും മനസില്‍ മായാതെ കിടപ്പുണ്ട്.
പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജിലായിരുന്നു എന്റെ ഉപരിപഠനത്തിന്റെ ആരംഭം. നാട്ടിക വി. മൂസ മുസ്‌ലിയാര്‍, പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരൊക്കെ എന്റെ  സതീര്‍ത്ഥ്യരായിരുന്നു. കരുവാരക്കുണ്ട് കെ.കെ അബ്ദുല്ല മുസ്‌ലിയാരായിരുന്നു പ്രധാന ഉസ്താദ്. അറബി  വ്യാകരണത്തിലും തര്‍ക്കശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ പാടവം എന്നും ഞങ്ങളെ അല്‍ഭുതപ്പെടുത്തിയിരുന്നു.

1971-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ജാമിഅയിലെ 10-ാം നമ്പര്‍ മുറിയില്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകന്‍ ഹസന്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നിവരും അന്ന് കൂടെയുണ്ടായിരുന്നു. വിശ്വ പണ്ഡിതനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു ജാമിഅയിലെ പ്രധാന ഗുരുനാഥന്മാര്‍.

ആ ഓര്‍മ്മകള്‍ക്ക് ഇന്നും മധുരമാണെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു. അതേസമയം, തന്റെ ഗതകാലം ഓര്‍ത്തെടുക്കുന്നതിനേക്കാള്‍ പ്രധാനമാണ്  തന്നെ കാത്ത് നില്‍ക്കുന്ന നീണ്ട ജനനിരയുടെ പ്രശ്‌നങ്ങളെന്ന് അദ്ദേഹത്തേക്കാളേറെ ഞങ്ങള്‍ക്കും ബോധമുണ്ടായിരുന്നതിനാല്‍, അധികം നില്‍ക്കാന്‍ മനസ്സ് സമ്മതിച്ചില്ല. ആ വലിയ ജനാവലിയെ കേട്ടിട്ടും കണ്ടിട്ടും വേണമല്ലോ അദ്ദേഹത്തിന് മറ്റുപരിപാടികള്‍ക്കായി നീങ്ങാന്‍. ഇത്രയേറെ തിരക്കുപിടിച്ച ജീവിതത്തിലും അസ്വസ്ഥതയുടെ ലാഞ്ചന പോലും പ്രകടിപ്പിക്കാതെ എല്ലാവരോടും ഒരുപോലെ പുഞ്ചിരിക്കാന്‍ ആകുന്നത് തന്നെ അവര്‍ക്ക് അല്ലാഹു നല്‍കിയ വലിയൊരു അനുഗ്രഹമായി ഞങ്ങള്‍ക്ക് തോന്നി. നീണ്ട് നീണ്ട് വരുന്ന ആ ജനാവലിയെ നോക്കി ഞങ്ങള്‍ സലാം പറഞ്ഞ് പടിയിറങ്ങി. ഗേറ്റിലെത്തിയപ്പോഴും ജനങ്ങളുടെ വരവ് തുടര്‍ന്നുകൊണ്ടേയിരുന്നു.

(2013 ല് ഹൈദരലി ശിഹാബ് തങ്ങള്‍ പങ്ക് വെച്ച ബാല്യകാല ഓര്മ്മകളുടെ പുനപ്രസിദ്ധീകരണം..)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter