സ്റ്റേറ്റ്, ഖിലാഫത്ത്, ഡമോക്രസി: ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വര്‍ത്തമാന പ്രതിസന്ധികള്‍
hayലോകപ്രശസ്ത ഇസ്‌ലാമിക പണ്ഢിതനും പടിഞ്ഞാറിലെ ഏറ്റവും സ്വാധീനമുള്ള പണ്ഢിതരിലൊരാളുമാണ് ശൈഖ് ഹംസ യൂസുഫ്. കാലിഫോര്‍ണിയയിലെ സൈത്തൂന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകരില്‍ പ്രമുഖനുമാണിദ്ദേഹം. ഇസ്‌ലാമിക നാഗരികതയുടെ ഉത്ഥാന പതനങ്ങള്‍, ഇസ്‌ലാമിക പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ ആദാന പ്രദാനങ്ങള്‍, മധ്യേഷ്യന്‍ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലൂടെയാണ് ഈ സംഭാഷണം കടന്നു പോകുന്നത്. സ്‌കോട്ട് മക്‌ലിയോഡ്: താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ് ഇസ്‌ലാമിക വിശ്വാസം.? ശൈഖ് ഹംസ യൂസുഫ് : അബ്രഹാമിക് പാരമ്പര്യങ്ങളുടെ അനിവാര്യമായ പരിസമാപ്തിയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം. റോമന്‍ ഐറിഷ് കത്തോലിക്ക വിശ്വാസിയായിരുന്നു എന്റെ പിതാവ്. എന്നാല്‍ മാതാവ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വിശ്വാസിനിയും. എങ്കിലും എന്നെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തില്‍ വളര്‍ത്തണമെന്ന എന്റെ മാതൃപിതാവിന്റെ താത്പര്യത്തോട് എന്റെ പിതാവിന് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. തങ്ങളുടെ മതത്തോടുള്ള ഭൂരിപക്ഷം മതാനുയായികളുടെ ആവേശവും നിലപാടും ഏകപക്ഷീയമാണെന്നും അത് പ്രാദേശികവും സാമൂഹികവുമായ ഘടകങ്ങളാലാണ് പലപ്പോഴും തീരുമാനിക്കപ്പെടുന്നത് എന്നും ബോധ്യപ്പെടാന്‍ മാത്രം തുറന്ന കാഴ്ച്ചപ്പാടുള്ള വ്യക്തിയായിരുന്നു എന്റെ മാതാവ്. അത്തരം ചിന്തകള്‍ എന്നെ ഏറെ സ്വാധീനിച്ചു. പതിനേഴ് വയസ്സാകുമ്പോഴേക്കും ഏകദേശം എല്ലാ മതങ്ങളെ കുറിച്ചും ഞാന്‍ വായിച്ചിരുന്നു. ഇസ്‌ലാമായിരുന്നു എന്റെ മുന്‍ഗണനാക്രമത്തില്‍ ഏറ്റവും ഒടുവിലത്തേത്. മിക്കവാറും ഏതൊരു പാശ്ചത്യനേയും പോലെ എനിക്കും ഇസ്‌ലാമുമായി ധാരാളം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏതാനും തിളക്കമുള്ള ചരിത്ര സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പതിനാലു നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന കലഹങ്ങളുടെ ചരിത്രമാണല്ലോ പൊതുവെ നാം തമ്മിലുള്ള ബന്ധം. മുന്‍ധാരണയില്‍ പടുത്തുയര്‍ത്തപ്പെട്ട ചരിത്ര വീക്ഷണമാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നകരം. വംശീയതയും ലൈംഗീകതയും അപരനോടുള്ള മുന്‍ധാരണയും പൂര്‍ണ്ണമായും തിരസ്‌കരിക്കപ്പെട്ട ഒരു കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നത് ഞാനൊരു ഭാഗ്യമായാണ് കരുതുന്നത്. ഇസ്‌ലാമിനെ ഞാന്‍ പഠിച്ചപ്പോള്‍ അത് വരെ ഞാന്‍ സ്വായത്തമാക്കിയിരുന്ന അബ്രഹാമീ വിശ്വാസത്തില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്നു എനിക്ക് തോന്നിയിരുന്ന പല കാര്യങ്ങളും ഇസ്‌ലാമില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇസ്‌ലാം എനിക്ക് ഏറ്റവും അനുയോജ്യമായ മതദര്‍ശനമായിത്തീര്‍ന്നു. സ്‌കോട്ട്: താങ്കള്‍ ഞാനൊരു ക്രിസ്ത്യാനിയല്ല, മുസ്‌ലിമാണ് എന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്വത്വപരമായി അതെന്താണ് അര്‍ത്ഥമാക്കുന്നത്.? ശൈഖ്: ക്രിസ്റ്റ്യാനിറ്റിയില്‍ എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ഇസ്‌ലാമിക ബോധ്യത്തിലേക്ക് സ്വാംശീകരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ ക്രിസ്തീയമായ വളര്‍ത്തു ചുറ്റുപാടിനോടുള്ള കലഹമായിട്ടല്ല, മറിച്ച് അതിന്റെ പൂര്‍ത്തീകരണമായിട്ടാണ് ഞാന്‍ ഇസ്‌ലാമിനെ കണ്ടത്. പത്ത് കല്പനകളെയും ദൈവികമായ അധ്യാരോപങ്ങളില്‍ നിന്നും മാറി വിശുദ്ധ പ്രവാചകരായ ഈസ(അ)യെയും കന്യകയായ മര്‍യമിനെയും എനിക്ക് ഇസ്‌ലാമില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞു. യേശുവിന്റെ സ്‌നേഹം മാത്രമല്ല, മോസസിന്റെ നീതിയും എനിക്കവിടെ അനുഭവിക്കാന്‍ കഴിഞ്ഞു. അയല്‍ക്കാരനോട് സ്‌നേഹത്തിന്റെ അനന്യമായ ഭാഷ സംസാരിക്കാന്‍ കല്പിക്കുമ്പോഴും തിന്മകള്‍ക്കെതിരെ ധീരമായ നിലാപടെടുക്കാന്‍ അതെന്നെ പ്രാപ്തനാക്കി. അഥവാ പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും രേഖീയമായ തുടര്‍ച്ച തന്നെയായിരുന്നു എനിക്ക് അന്തിമ നിയമവും. സ്‌കോട്ട്: പതിനാലു വര്‍ഷങ്ങള്‍ പുറകോട്ട് പോകുന്ന ഇസ്‌ലാമിന്റെ ചരിത്രത്തില്‍ വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും മാനവിക തലത്തിലും അത് എന്തൊക്കെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്? ശൈഖ്: ഇസ്‌ലാം ലോകത്തിനു നല്‍കിയ അവിശ്വസനീയമായ സംഭാവനകളെ കുറിച്ച് ഇന്നും പലരും അജ്ഞരാണ് എന്നതാണ് സത്യം. നാമിപ്പോഴും ഗണിത ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന സംഖ്യകള്‍ അറബി അക്കങ്ങളെന്നാണ് അറിയപ്പെടുന്നത്. ജ്യോതിശാസ്ത്രത്തില്‍ പഠനവിധേയമാക്കപ്പെടുന്ന പല നക്ഷത്രങ്ങള്‍ക്കും അറബി നാമങ്ങളാണുള്ളത്. മധ്യകാലത്ത് ജ്യോതിശാസ്ത്രത്തില്‍ മുസ്‌ലിംകള്‍ കനപ്പെട്ട രചനകള്‍ നടത്തിയിരുന്നതിനാലാണിത്. ഞാന്‍ തുര്‍ക്കിയിലൂടെ യാത്ര ചെയ്തപ്പോള്‍ അവിടുത്തെ ഉഥ്മാനികള്‍ പാശ്ചാത്യന്‍ നാഗരികതയുടെ നിര്‍മ്മാണത്തില്‍ എത്രത്തോളം സ്വാധീനിച്ചുണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. മതസഹിഷ്ണുതയെ കുറിച്ച് രചന നടത്തിയ പാശ്ചാത്യ അനുഭവജ്ഞാനവാദികളില്‍ പ്രമുഖനും രാഷ്ട്രീയ ചിന്തകനുമായ ജോണ്‍ ലോക്ക് അന്ന് പാശ്ചാത്യര്‍ക്കിടയില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ അതികായനായിരുന്ന എഡ്വേര്‍ഡ് പീകോക്കിന്റെ ശിഷ്യനായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാമില്‍ വളരെയധികം തത്പരനായിരുന്നു ലോക്ക്. മതസഹിഷ്ണുതയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകളെ അന്നത്തെ ഉഥ്മാനീ ഭരണാധികാരികളുടെ ബഹുമതസമൂഹത്തോടുള്ള ഭരണപരമായ നയങ്ങള്‍ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. ഉഥ്മാനീ ഭരണാധികാരികളുടെ കീഴില്‍ ഭരണം നടത്തിയിരുന്ന ട്രാന്‍സില്‍വാനിയയിലെ ഒരു ക്രിസ്ത്യന്‍ രാജാവായിരുന്നു ആദ്യമായി പാശ്ചാത്യലോകത്ത് മതസഹിഷ്ണുതാ(the edict of toleration) നിയമം കൊണ്ടുവന്നത്. വിവിധ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ സാമൂഹിക ജീവിതം ഭദ്രമാക്കുകയായിരുന്നു ലക്ഷ്യം. ഉഥ്മാനീ ഭരണത്തിനു കീഴില്‍ പ്രൊട്ടസ്റ്റന്റുകാര്‍ ഒരിക്കലും ആക്രമിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെ കത്തോലിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പീഢനങ്ങള്‍ അനുഭവിക്കേണ്ടി വന്നപ്പോഴൊക്കെ പ്രൊട്ടസ്റ്റന്റുകാര്‍ ഓടിയെത്തിയത് സ്വാഭാവികമായും ഓട്ടോമന്‍ തുര്‍ക്കിയിലേക്കായിരുന്നു. സ്‌പെയ്‌നിലെ ജൂതവംശഹത്യാ സമയത്ത് ജൂതര്‍ പലായനം ചെയ്തതും തുര്‍ക്കിലേക്കുതന്നെയായിരുന്നു. ബെര്‍നാഡ് ല്യൂയിസ് മുസ്‌ലിംകളെയും ജൂതരെയും സംബന്ധിച്ച തന്റെ പുസ്തകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയ ഒരു കാര്യം കത്തോലിക്കന്‍ ചര്‍ച്ചിന്റെ ഔദ്യോഗിക തത്വാചാര്യനും ദൈവശാസ്ത്ര ചിന്തകനുമായ തോമസ് അക്വിനാസിനെ സ്വാധീനിച്ചത് മുസ്‌ലിം തത്വചിന്തകരാണെന്ന് മാത്രമല്ല, അക്വിനാസിന്റെ ഗ്രന്ഥസൂചികയില്‍ വരെ മുസ്‌ലിം ചിന്തകരുടെ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ടെന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ദൈവശാസ്ത്രപരവും ധര്‍മ്മചിന്താപരവുമായ അന്വേഷണങ്ങളില്‍ ഇബ്‌നു റുശ്ദ്, അല്‍ ഗസാലി, ഇബ്‌നു സീന, അല്‍ ഫാറാബി തുടങ്ങിയവര്‍ ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് ചരിത്ര വസ്തുതയാണ്. അദ്ദേഹത്തിന്റെ സുമ്മ തിയോളോജിക്കയില്‍ മുസ്‌ലിം ദാര്‍ശനികരുടെ ചിന്തകള്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നതായി കാണാം. ദൈവശാസ്ത്രപരമായി കത്തോലിക്കന്‍ ചര്‍ച്ച് ഇസ്‌ലാമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പലര്‍ക്കുമറിയില്ല എന്നത് ഏറെ ഖേദകരമാണ്. ചിലരൊക്കെ ഇതേ കുറിച്ച് ബോധവാന്മാരാണ്. അത് കൊണ്ടാണ് കാലിഫോര്‍ണിയയിലെ വിദ്യാഭ്യാസ ചരിത്രപുസ്തകങ്ങളില്‍ ഇതു സംബന്ധമായ ചരിത്രരേഖകള്‍ ചേര്‍ക്കപ്പെട്ടത്. എന്നാല്‍ ഇസ്‌ലാമിനെ ശുദ്ധമായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന മുന്‍ധാരണ ഉറച്ചുപോയ ചില തീവ്ര സെക്യലറിസ്റ്റുകളും ക്രിസ്ത്യന്‍ മതമൗലിക വാദികളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സ്‌കോട്ട്: ഇസ്‌ലാമിക നാഗരികതയില്‍ ഐതിഹാസികമായ ഒരുപാട് ചരിത്രഘട്ടങ്ങളുണ്ടായിരുന്നല്ലോ. പക്ഷെ, എന്താണു യഥാര്‍ത്ഥത്തില്‍ മുസ്‌ലിം സമൂഹത്തിന് സംഭവിച്ചത്.? ശൈഖ്: അതെ, ബെര്‍നാഡ് ല്യൂയിസും ചോദിക്കാന്‍ ശ്രമിച്ചത് അതേ ചോദ്യം തന്നെയാണ്.(what went wrong?) മറ്റൊരര്‍ത്ഥത്തില്‍ ഇതേ സന്ദേഹം നമുക്ക് പടിഞ്ഞാറിനെ കുറിച്ചും ഉയര്‍ത്താം. ഏറ്റവും ദു:ഖകരമായ കാര്യമെന്തെന്നാല്‍ സമകാലിക ഇസ്‌ലാമിക നാഗരികത ചോദ്യം ചെയ്യപ്പെടുന്ന ഈ ആപല്‍ക്കരമായ സമയത്തു പോലും നമ്മുടെ ധാര്‍മ്മിക മൂലധനം വളരെ പരിതാപകരമാണെന്നതാണ്. പോപ്പ് പോലും ആക്ഷേപിച്ച യുദ്ധത്തിന്റെ ഫലമാണ് ഐസിസ് എന്നത് വളരെ കൃത്യമാണ്. എന്നിട്ടും നമ്മളാരും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. ഒരു മര്‍ദ്ധക ഭരണത്തെ അട്ടിമറിച്ചതിനു ശേഷമുള്ള ഭ്രാന്തമായ അവേശത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു കൂട്ടമാളുകളായെ നമുക്ക് അവരെ കാണാന്‍ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും ഒരു കാര്യം ശുഭാപ്തി വിശ്വാസത്തോടെ പറയേണ്ടതുണ്ട്. ഇസ്‌ലാമിക സംസ്‌കാരം ഒരു പരിധി വരെ മുസ്‌ലിം രാജ്യങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കെയ്‌റോവില്‍ താമസിക്കുന്ന താങ്കള്‍ക്ക് അത് നന്നായി ബോധ്യപ്പെട്ടിട്ടുണ്ടാവും. കുടുംബ ഭദ്രത പടിഞ്ഞാറിനെക്കാള്‍ ഇസ്‌ലാമിക ലോകത്താണ് അനുഭവിക്കാന്‍ കഴിയുക. തുര്‍ക്കിയിലായിരിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന സാധാരണത്വവും സ്വഭാവികതയും അമേരിക്കയിലെത്തുമ്പോള്‍ എനിക്കൊരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. മുസ്‌ലിം ലോകത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന ശ്രദ്ധയും പരിചരണവും പടിഞ്ഞാറന്‍ നാടുകളില്‍ ലഭിക്കില്ലെന്നതാണതിന്റെ പ്രധാന കാരണം. ചെറുപ്പത്തിലുള്ള അവരനുഭവിക്കുന്ന അവഗണനയും ശ്രദ്ധക്കുറവും ബാക്കിയുള്ള തങ്ങളുടെ ജീവിതത്തെ ജനങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു. ശരീരം മുഴുവന്‍ പച്ച കുത്തിയും മറ്റും അവരത് നേടിയെടുക്കുകയും ചെയ്യുന്നു. അഥവാ പടിഞ്ഞാറിന്റെ പ്രശ്‌നകരമായ വിശേഷ സാഹചര്യത്തെ കുറിച്ച് മനസ്സിലാക്കുകയും മുസ്‌ലിം രാജ്യങ്ങളിലെ ഇതു വരെ അസ്തമിച്ചിട്ടില്ലാത്ത നന്മകളെ വിലയിരുത്തുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ബര്‍നാഡ് ല്യൂയിസിന്റെ ചോദ്യം സാധുവാണോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മുസ്‌ലിം രാജ്യങ്ങളിലെ സംഭവ വികാസങ്ങളില്‍ മാധ്യമങ്ങള്‍ ചിലതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന തെരുഞ്ഞെടുപ്പ് സമീപനമാണ് അപകടകരം. പല കാര്യങ്ങളിലും അവര്‍ വളരെ നന്നായി മുന്നോട്ട് പോവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കോട്ട്: ഉദാഹരണത്തിന്? ശൈഖ്: എല്ലാ വര്‍ഷവും ഒരു മാസം ഞാന്‍ തുര്‍ക്കിയില്‍ കഴിയാറുണ്ട്. എനിക്ക് വളരെ സുരക്ഷിതമായി തോന്നിയ സ്ഥലമാണത്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലവും. പാശ്ചാത്യലോകത്തെ എല്ലാ ആധുനിക സൗകര്യങ്ങളും അവിടെ ലഭ്യമാണ്. വളരെ നല്ല ജനങ്ങളാണവിടുത്തേത്. ലോകത്തെ നമ്പര്‍ വണ്‍ ടൂറിസ്റ്റ് കേന്ദ്രമാണെപ്പോഴും ഇസ്തംബൂള്‍. അനുപമമായ അതിന്റെ സൗന്ദര്യവും വിസ്മയകരമായ ചരിത്രവും അതിന്റെ കാരണങ്ങളായിരിക്കാം. സുന്ദരമായ മറ്റൊരു രാജ്യമാണ് മലേഷ്യ. ബഹുമത, ബഹു സാംസ്‌കാരിക, ബഹു വംശ രാജ്യമാണത്. പിന്നെ ആഫ്രിക്ക, മൊറോക്കോ, അവക്കൊക്കെ മറ്റനേകം പ്രശ്‌നങ്ങളുണ്ടെങ്കിലും. അറബ് രാജ്യങ്ങള്‍ അവരുടെതായ ധാരാളം പ്രശ്‌നങ്ങളുമനുഭവിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നമാണ് അവയിലൊന്ന്. സ്വേച്ഛാധിപത്യമാണ് ഭീകരമായ മറ്റൊരു പ്രശ്‌നം. അല്‍ബേര്‍ട്ട് മെമ്മിയുടെ ദി കോളനൈസര്‍ ആന്റ് ദി കോളനൈസ്ഡ് (the colonizer and the colonized) എന്ന പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് മനസ്സിലാവും അതിന്റെ ചാക്രികതയെ തകര്‍ക്കാന്‍ എത്ര പ്രയാസകരമാണെന്ന്. സ്‌കോട്ട്: യഥാര്‍ത്ഥത്തില്‍ ഞാനും അതിലേക്കാണ് വരുന്നത്. ശൈഖ് : എനിക്ക് തോന്നുന്നത് കൂടിയോ കുറഞ്ഞോ അളവില്‍ അവര്‍ പരാജയപ്പെട്ട ദേശങ്ങളാണെന്നാണ്. മനുഷ്യരെ പോലെ നാഗരികതയ്ക്കും പ്രായപരിധികളുണ്ട്. അവരുടേതായ യുവത്വവും വാര്‍ദ്ധക്യവുമുണ്ട്. ഒരു പക്ഷെ ഈ രാഷ്ട്രങ്ങള്‍ നാഗരികതയുടെ ഒരു പുനര്‍ജന്മത്തിന് വേണ്ടി കാത്തിരിക്കുകയാവും. താരതമ്യേന അമേരിക്കന്‍ നാഗരികത പ്രായം കുറഞ്ഞതാണ്. അത് കൊണ്ട് തന്നെ ഒരു പരിധി വരെ വളരെ സജീവവുമായിരുന്നു. യൂറോപ്പ് ഇന്ന് ധാരാളം പ്രശ്‌നങ്ങളനുഭവിക്കുന്നുണ്ട്. പാരമ്പര്യത്തിലധിഷ്ഠിതമായ സമൂഹങ്ങളുടെ തകര്‍ച്ച. സാമ്പ്രദായിക കാഴ്ച്ചപ്പാടുകളുടെ പരാജയം തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് നടുവിലാണത്. പാശ്ചാത്യന്‍ തത്വചിന്തയുടെ കടന്നുകയറ്റം മുസ്‌ലിം രാജ്യങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. മുസ്‌ലിം സമൂഹവും പാശ്ചാത്യന്‍ സമൂഹവും രൂപപ്പെട്ടു വന്നത് വ്യത്യസ്തമായ പരിതസ്ഥിതികളിലായിരുന്നു എന്ന ചരിത്രപരമായ യാഥാര്‍ത്ഥ്യത്തോടുള്ള അവഗണനയാണിത്. ചരിത്രപരമായ മതത്തിന്റെ മര്‍ദ്ധക സ്വഭാവം കാരണം പാശ്ചാത്യസമൂഹങ്ങളില്‍ മതത്തോട് ശക്തമായ പ്രതിഷേധമുണ്ട്. എന്നാല്‍ മുസ്‌ലിം രാജ്യങ്ങളില്‍ മതത്തിന്റെ കേന്ദ്രം ജ്ഞാനമായിരുന്നു. പൗരോഹിത്യമില്ലാത്തതിനാല്‍ മതജ്ഞാനം ചിലരില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന ദുരവസ്ഥയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ മതത്തോട് അസഹിഷ്ണുതാ മനോഭാവം കാണിക്കേണ്ട അവസ്ഥ മുസ്‌ലിം രാജ്യങ്ങളില്‍ ഉദിക്കുന്നേയില്ല. മതേതരത്വവും തീവ്ര മതേതരത്വവും അവരുടെ വിഷയമേ ആയിരുന്നില്ല. അത് കൊണ്ടാണ് മതേതരത്വം അടിച്ചേല്‍പ്പിച്ചത് അവരില്‍ വളരെ അപകടകരമായ സാഹചര്യങ്ങളുണ്ടാക്കിയത്. യഥാര്‍ത്ഥത്തില്‍ അവര്‍ മതകീയ സമൂഹങ്ങളായിരുന്നു. യുവതലമുറയില്‍ യൂറോപ്പ്യന്‍ അധിനിവേശം കാരണം ധാരാളം പേര്‍ മാറ്റത്തിന്റെ പാതയിലാണെന്നുള്ള കാര്യം ഞാന്‍ അവഗണിക്കുന്നില്ല. ആധുനിക സാങ്കേതിക വിദ്യയുടെ അവിശ്വസനീയമായ പ്രസരണം ഇത് ഏറെ എളുപ്പമാക്കിയിട്ടുണ്ട്. സ്‌കോട്ട്: ഇസ്‌ലാമിക സാംസ്‌കാരിക അവശേഷിപ്പുകള്‍ ധാരാളമുള്ള ഈജിപ്ത്, സൗദി, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ ഗതി വളരെ പരിതാപകരമല്ലേ, അതേ പോലെ അവയുടെ സമൂഹങ്ങളും.? ശൈഖ്: ചരിത്രപരമായ വിശകലനത്തിനു വേണ്ടി സൗദിയെ ഉദാഹരണമായെടുക്കാം. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഒരു പ്യൂരിറ്റാനിക്കല്‍ പ്രസ്ഥാനം ജന്മമെടുത്തു. ക്രിസ്ത്യന്‍ ഭാഷയില്‍ കാത്തലിക് ഇസ്‌ലാമിനെതിരെയുള്ള ഒരു പ്രൊട്ടസ്റ്റന്റ് ഇസ്‌ലാമായായിരുന്നു അതിന്റെ ജന്മം. അഥവാ സാമ്പ്രദായിക ഇസ്‌ലാമിനെതിരെയുള്ള ഒരു പ്രതിഷേധ സ്വരമായിട്ട്. ഇസ്‌ലാമിന് ഒരു പുനരുജ്ജീവനം(reformation) ആവശ്യമാണെന്നായിരുന്നു അവരുടെ വാദം. പക്ഷെ, ഇസ്‌ലാമിന് പുനരുത്ഥാനം ആവശ്യമാണെന്ന് പറഞ്ഞവര്‍ മനസ്സിലാക്കുന്നില്ല, പാശ്ചാത്യലോകത്ത് പുനരുത്ഥാനം (reformation)സൃഷ്ടിച്ചതെന്താണെന്നും അതെത്ര രക്തപങ്കിലവും ഭീകരവുമായിരുന്നുവെന്നും. അത് കാരണം പടിഞ്ഞാറിന്റെ യഥാര്‍ത്ഥ സംസ്‌കാരം പിച്ചിച്ചീന്തപ്പെട്ടു. അതിനൊരു പരിഹാരവുമായാണ് മതേതരത്വം ഉദയം ചെയ്തത്. വില്യം കവേനോ തന്റെ ദി മിത്ത് ഓഫ് റിലീജ്യസ് വയലന്‍സ് (the myth of religious violence)എന്ന പുസ്തകത്തില്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതു തന്നെയാണ് വസ്തുത. മതത്തേക്കാളേറെ രൂക്ഷവും കാടനുമായിരുന്നു മതേതരത്വത്തിന്റെ അതിക്രമമെന്നത് ചരിത്ര വസ്തുതയാണ്. സ്‌കോട്ട്: ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായിട്ടു കൂടി എന്തു കൊണ്ടാണ് സ്ഥിതിഗതികള്‍ ഇത്ര വഷളായത്? ശൈഖ്: മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസ രീതിയില്‍ വന്ന മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇതേ കുറിച്ച് പതിനാലാം നുറ്റാണ്ടില്‍ ഇബ്‌നു ഖല്‍ദൂന്‍ പോലും പരാതിപ്പെട്ടിട്ടുണ്ട്. ക്രിയാത്മകമായ ചിന്തകളില്ലാത്ത കേവലം മന:പാഠങ്ങളിലൊതുങ്ങുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇപ്പോഴും അത് സ്വാഭാവിക രീതിയായി നിലനില്‍ക്കുന്ന നിരവധി രാജ്യങ്ങള്‍ പാശ്ചാത്യലോകത്തിന് പുറത്തുണ്ട്. അധ്യാപകന്‍ വിവരങ്ങള്‍ യാന്ത്രികമായി കൈമാറുകയും വിദ്യാര്‍ത്ഥി തത്തയെന്ന പോലെ അതേറ്റു പറയുകയും ചെയ്യുന്ന രീതി. നാഗരികതയുടെ ഉയര്‍ച്ചവും പതനവും അനുഭവിക്കുന്ന പ്രശ്‌നങ്ങളോടുള്ള അവയുടെ പ്രതികരണത്തെയാണ് ആശ്രയിച്ചാണിരിക്കുന്നതെന്ന് ടോയന്‍ബി പറയുന്നുണ്ട്. ക്രിയാത്മക ന്യൂനപക്ഷമായിരിക്കും എപ്പോഴും അതിന്റെ പിന്നില്‍. ചരിത്രപരമായി ഇസ്‌ലാമിന് ഇത്തരം ക്രിയാത്മക ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ തങ്ങളനുഭവിക്കുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കേവലം വ്യക്തികളായി മാറി. പടിഞ്ഞാറില്‍ നമുക്ക് ഇത്തരം ധാരാളം ചിന്തകരെ കാണാന്‍ കഴിയും. പാശ്ചാത്യന്‍ രാജ്യങ്ങളിലെ പുസ്തകക്കടകളിലേക്കുള്ള ഓരോ യാത്രകളിലും, നിരവധി പുതിയ പുസ്തകങ്ങളെ പരിചയപ്പെടാന്‍ എനിക്ക് കഴിയാറുണ്ട്. എന്നാല്‍ മുസ്‌ലിം ലോകത്തെ ബുക്‌സ്റ്റോറുകളിലേക്കുള്ള എന്റെ യാത്രകള്‍ ഏറെ ദു:ഖകരമായ അനുഭവങ്ങളാണ്. അവിടെ ഇത്തരം ഗൗരവമായ സാഹിത്യങ്ങളോ പഠനങ്ങളോ കാണാറില്ല. അറബ് ലോകത്ത് പ്രതിസന്ധികളും പ്രശ്‌നങ്ങളും ധാരാളം കഴിഞ്ഞു പോവുന്നുണ്ട്. എന്നാല്‍ അവയെകുറിച്ചുള്ള ആഴത്തിലുള്ള വായനകളോ പഠനങ്ങളോ ഉണ്ടാവാറില്ല. അറബ് ലോകത്തെ പുസ്തകക്കടകളിലെ ഏറ്റവും നല്ല സ്റ്റഫുകള്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ ഗ്രന്ഥങ്ങളുടെ ക്രിട്ടിക്കല്‍ എഡിഷനുകളാണ്. സ്‌കോട്ട്‌: ജനാധിപത്യത്തെ ഞാന്‍ നിര്‍വ്വചിക്കുന്നത്‌ അതിന്റെ സ്ഥാപനവല്‍കൃത സ്വഭാവത്തേക്കാളുപരി അത്‌ പ്രസരിപ്പിക്കുന്ന ഉന്നതമായ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌. ഉദാഹരണത്തിന്‌ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, സാമൂഹിക സൗഹാര്‍ദ്ദം നിലനില്‍ക്കുന്ന അന്തരീക്ഷം, വ്യക്ത്യാധിഷ്‌ഠമെന്നതിനേക്കാള്‍ കൂട്ടായ തീരുമാനങ്ങളെടുക്കാനുള്ള സാഹചര്യങ്ങള്‍, ന്യൂനപക്ഷ, അബല വിഭാഗങ്ങളോടുള്ള സമീപനങ്ങള്‍ ഇങ്ങനെ ഒട്ടേറെ മൂല്യങ്ങളാണ്‌ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നത്‌. ശൈഖ്‌: നിങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളെടുത്ത്‌ ഇസ്‌ലാമിന്റെ പശ്ചാത്തലത്തില്‍ വച്ച്‌ പരിശോധിക്കുമ്പോഴും ഇത്തരം കാര്യങ്ങളിലൊക്കെ ഇസ്‌ലാം എത്ര പുരോഗമനപരമായ നിലപാടുകളാണ്‌ എടുത്തത്‌ എന്ന്‌ നിങ്ങള്‍ ആശ്ചര്യപ്പെടും. സ്‌കോട്ട്‌: വിശദീകരിക്കാമോ? ശൈഖ്‌: ഉദാഹരണത്തിന്‌ സ്‌ത്രീകളുടെ അവകാശങ്ങളെടുക്കാം. ഇയ്യടുത്ത്‌ മാത്രമാണ്‌ രാജ്യങ്ങളുടെ ജി. ഡി. പി യില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത്‌ സ്‌ത്രീകളുടെ ഗാര്‍ഹികമായ തൊഴിലുകളാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. പതിമൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇസ്‌ലാമിലെ പരമ്പരാഗത കര്‍മ്മശാസത്ര പണ്‌ഢിതര്‍ സ്‌ത്രീകള്‍ക്ക്‌ അവരുടെ വീട്ടുജോലികള്‍ക്കുള്ള വേതനം നല്‍കേണ്ടതാണെന്ന്‌ പ്രസ്‌താവിക്കുന്നുണ്ട്‌. അത്‌ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിലെ ഒരു നിയമമാണ്‌. ഇതനുസരിച്ച്‌ അവര്‍ക്ക്‌ തങ്ങളുടെ ഭര്‍ത്താവില്‍ നിന്ന്‌ വേതനം ഈടാക്കാവുന്നതാണ്‌. ഭര്‍ത്താവിനുള്ള സേവനം ഒരു കടമയല്ലെന്ന ചിന്തകള്‍ ഇയ്യടുത്ത്‌ മാത്രമാണ്‌ പാശ്ചാത്യലോകത്ത്‌ ഉയര്‍ന്നുകേട്ടത്‌. ഇന്ന്‌ കൂടുതലും വിവാഹ മോചനം നടക്കുന്നത്‌ ഇത്തരം ഗാര്‍ഹിക പ്രശ്‌നങ്ങളുടെ പേരിലാണ്‌. കുടുംബത്തിലെ രണ്ടു പേരും അധ്വാനിക്കുന്നവരായിരിക്കും. ജോലി കഴിഞ്ഞ്‌ മടങ്ങിയെത്തിയ ഭര്‍ത്താവ്‌, തനിക്ക്‌ ഭാര്യ ഭക്ഷണം തയ്യാറാക്കണമെന്ന്‌ താത്‌പര്യപ്പെടുന്നു. അതോടെ പ്രശ്‌നങ്ങളും തുടങ്ങുന്നു. പക്ഷെ, ഇത്തരം പ്രശ്‌നങ്ങളൊക്കെ മുസ്‌ലിം രാജ്യങ്ങളില്‍ നേരത്തെ തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലൊക്കെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ മുസ്‌ലിംരാജ്യങ്ങളേക്കാള്‍ മുന്നോട്ട്‌ പോയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോഴും പാശ്ചാത്ത്യന്‍ രാജ്യങ്ങളില്‍ പോലും വംശീയത വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്‌. ഇപ്പോഴും പേറുന്ന ചരിത്രപരമായ ബാഗേജുകളാണ്‌ ഇതിന്റെ കാരണം. മുസ്‌ലിംരാജ്യങ്ങളില്‍ പലപ്പോഴും വിദേശികള്‍ക്ക്‌ രണ്ടാം തരം പൗരത്വമാണ്‌ നല്‌കപ്പെട്ടിരുന്നത്‌. പക്ഷെ, അവരെപ്പോഴും രാജ്യത്തിന്റെ സുരക്ഷയിലായിരിക്കും. അത്‌ രാജ്യത്തിന്റെ ബാധ്യതയാണെന്നാണ്‌ ഇസ്‌ലാമിക നിയമം. എന്റെ ഗുരുവര്യരായ അബ്‌ദുല്ലാഹ്‌ ബിന്‍ ബയ്യ അടക്കമുള്ള പണ്‌ഢിതര്‍ അഭിപ്രായപ്പെടുന്നത്‌ പോലെ ജിസ്‌യ എന്ന കണ്‍സെപ്‌റ്റ്‌ പോലും അനേകം സാധ്യതകളില്‍ നിന്നുള്ള വെറും ഒരു സാധ്യത മാത്രമാണ്‌. മദീന കരാര്‍ മുന്നോട്ട്‌ വെക്കുന്ന, ജൂതര്‍ക്ക്‌ മുഴുവന്‍ സംരക്ഷണം നല്‍കുന്ന രീതിയാണ്‌ മറ്റൊന്ന്‌. അതിന്‌ ശേഷമാണ്‌ ജിസ്‌യ വന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആദ്യത്തെ രീതി നിയമപരമായി കാലഹരണപ്പെട്ടിട്ടുമില്ലെന്നതിന്‌ ധാരാളം തെളിവുകളുമുണ്ട്‌. സ്‌കോട്ട്‌: ഇത്തരം ജനാധിപത്യ കാഴ്‌ച്ചപ്പാടുകള്‍ക്ക്‌ ഇസ്‌ലാമില്‍ കൃത്യമായ ഇടമുണ്ടെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്‌.? ശൈഖ്‌: അതെ, ഇസ്‌ലാമുമായി പൂര്‍ണ്ണമായും അനുപൂരകങ്ങളാണവ. പക്ഷെ, ചിലയവസരങ്ങളിലെങ്കിലും ഇവ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്‌. ഉദാഹരണത്തിന്‌ പോര്‍ണോഗ്രഫി പോലെയുള്ള കാര്യങ്ങള്‍ക്ക്‌ ജനാധിപത്യ സംവിധാനങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൗകര്യങ്ങളുണ്ടെങ്കിലും ഇസ്‌ലാമിന്‌ ഇവ്വിഷയങ്ങളില്‍ കൃത്യമായ നിലപാടുകളുണ്ട്‌. സാമൂഹിക നന്മയെക്കാള്‍ തിന്മക്കാണ്‌ മുന്‍കൈയ്യെങ്കില്‍ അത്തരം കാര്യങ്ങള്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയില്ല. പോര്‍ണോഗ്രഫിയുടെ കാര്യത്തില്‍ ഇത്തരം സാമൂഹ്യദൂഷ്യങ്ങള്‍ വളരെ വ്യക്തമാണ്‌. ഇവ്വിഷയകമായി ധാരാളം വായിച്ച വ്യക്തിയാണ്‌ ഞാന്‍. പക്ഷെ, എല്ലാ കാലത്തും മുസ്‌ലിം നാഗരികതകള്‍ ഇത്തരം വിഷയങ്ങളില്‍ വളരെ സഹിഷ്‌ണുത പുലര്‍ത്തിയിരുന്നു. മുസ്‌ലിം സമൂഹങ്ങളില്‍ മുഖന്നസൂന്‍ എന്നറിയപ്പെടുന്ന ഭിന്നലൈംഗിക സ്വഭാവം പ്രകടിപ്പിക്കുന്നവരുടെ സാന്നിധ്യത്തെ കുറിച്ചും അവരോടുള്ള ഇസ്‌ലാമിക കാഴ്‌ച്ചപ്പാടിനെ കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നിട്ടില്ല എന്നത്‌ ഏറെ ആശ്ചര്യകരമാണ്‌. ഇന്ത്യയിലും അറബ്‌ നാടുകളിലും വെസ്റ്റ്‌ ആഫ്രിക്കയിലുമൊക്കെ അവരെ കാണാന്‍ കഴിയും. സാംസ്‌കാരികമായ കംഫോര്‍മിറ്റിക്കു പ്രാധാന്യം നല്‍കുന്ന പടിഞ്ഞാറന്‍ നാടുകളേക്കാള്‍ തികഞ്ഞ പരിഗണനയും സ്വീകാര്യതയും അവര്‍ക്ക്‌ മുസ്‌ലിം സമൂഹങ്ങളില്‍ നിന്ന്‌ ലഭിക്കുന്നു എന്നതാണ്‌ സത്യം. പ്യൂരിറ്റന്‍ മതത്തിന്റെ വാക്താക്കള്‍ എപ്പോഴും അത്തരം വൈവിധ്യങ്ങളെ കളത്തിന്‌ പുറത്ത്‌ നിര്‍ത്താനാണ്‌ ശ്രമിച്ചത്‌. ഇന്ന്‌ നാം കാണുന്ന മര്‍ദ്ധകമായ ഇത്തരം സമീപനങ്ങള്‍ മേല്‍പറഞ്ഞ പ്യൂരിറ്റന്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയോട്‌ കൂടി രൂപപ്പെട്ടു വന്നതാണ്‌. സ്‌കോട്ട്‌: അത്തരം സമീപനങ്ങള്‍ നിയമപരമായി ഇസ്‌ലാമികമാണെന്ന്‌ പറയാന്‍ കഴിയുമോ? ശൈഖ്‌: ഇസ്‌ലാമിന്റെ ചില ഘടകങ്ങള്‍ അവയിലുണ്ട്‌. പക്ഷെ, അവരത്‌ പ്രായോഗികമാക്കുന്ന രീതിയും അവര്‍ പ്രയോഗിക്കുന്ന ക്രൂരതയും തികച്ചും അനിസ്‌ലാമികമാണെന്ന്‌ മാത്രമല്ല, ഇസ്‌ലാമിക സംസ്‌കാരത്തിന്‌ തീര്‍ത്തും അന്യവുമാണ്‌. ബെര്‍നാഡ്‌ ഹൈക്കലിനെ പോലുള്ളവരെ കൂട്ടുപിടിച്ചു കൊണ്ട്‌ ഗ്രീം വുഡിന്റെ ഐസിസ്‌ ഇസ്‌ലാമാണെന്നുള്ള വാദങ്ങള്‍ തികച്ചും പൊള്ളയാണ്‌. സ്‌കോട്ട്‌: അറബ്‌ വസന്തം പുതുതലമുറക്ക്‌ ഏറെ പ്രതീക്ഷകളാണ്‌ നല്‍കിയത്‌. പരാജയത്തിന്റെ ഒരു കാരണം ഇസ്‌ലാമിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ വിജയപ്രദമായി പ്രശ്‌നങ്ങളോട്‌ സംവദിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌. താങ്കള്‍ അതിനെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌? ഇസ്‌ലാമിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ എന്ത്‌ കൊണ്ടാണ്‌ ഒരു നീതി അധിഷ്‌ഠിതമായ ഒരു സമൂഹത്തെ നിര്‍മ്മിക്കാന്‍ കഴിയാതിരുന്നത്‌.? ശൈഖ്‌: 1848 ലെ യൂറോപ്യന്‍ വിപ്ലവങ്ങളുടെ ഭാഗമായി നടന്ന സ്‌പ്രിംഗ്‌ ഓഫ്‌ നേഷനുമായി ഇതിനെ ബന്ധപ്പെടുത്താവുന്നതാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പക്ഷെ, പിന്നീടവ സ്വേഛാധിപത്യത്തിന്റെ വഴിയിലേക്ക്‌ നീങ്ങുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടു നടന്ന പല മാറ്റങ്ങള്‍ക്കും അവ വഴിയൊരുക്കി. ഒരു പക്ഷെ, അതു തന്നെയായിരിക്കാം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക്‌ നയിക്കുന്നതും പിന്നെ അതിന്റെ ചാരത്തില്‍ നിന്നും ഒരു പുതിയ സമത്വ സമൂഹം രൂപപ്പെട്ടുവരുന്നതിലേക്കും വഴി തെളിക്കുക. ഇത്‌ തികച്ചും അനിഷ്‌ടകരമാണെങ്കിലും ഒരു സാധ്യതയാണ്‌. ഹാപ്‌സ്‌ ബെര്‍ഗ്‌സ്‌, ഹോഹന്‍ സൊല്ലെന്‍, റോമനോവ്‌സ്‌ തുടങ്ങി എല്ലാ ഏകാധിപത്യസംവിധാനങ്ങളും 1848 ല്‍ തകര്‍ന്നുവെങ്കിലും അതവര്‍ക്ക്‌ തുടര്‍ന്ന്‌ കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. ഉസ്‌മാനികള്‍ക്കും സംഭവിച്ചത്‌ സമാനമായ അനുഭവമായിരുന്നു. ധാരാളം ഭരണ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നിരുന്നെങ്കിലും സുല്‍ത്താന്‍ അബ്‌ദുല്‍ മജീദിനും ശേഷം സുല്‍ത്താന്‍ അബ്‌ദുല്‍ ഹമീദിനും, ഭരണഘടന സസ്‌പെന്റ്‌ ചെയ്യേണ്ടിവന്നു. പാര്‍ലമെന്റ്‌ പിരിച്ചു വിട്ടു. പിന്നീട്‌ യുവതുര്‍ക്കികള്‍ വന്ന്‌ ഓട്ടോന്‍ ഭരണത്തെ തന്നെ തകര്‍ത്തു കളഞ്ഞു. ഇതൊക്കെ തന്നെയാണ്‌ വീണ്ടും സംഭവിക്കുകയെന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതെത്ര ക്രൂരവും അപകടകരവുമായിരിക്കുമെന്ന്‌ എനിക്ക്‌ കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഒരു ജനതക്ക്‌ ഏകാധിപത്യം തെരെഞ്ഞെടുക്കാനും അതോടൊപ്പം ഉയിര്‍ത്തെഴുന്നാല്‍ക്കാനും കഴിയുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. അരിസ്റ്റോട്ടിലിന്റെ പൊളിറ്റിക്‌സ്‌ എന്ന രാഷ്‌ട്രീയ മീമാംസാ പുസ്‌തകത്തില്‍ വിപ്ലവങ്ങളെ കുറിച്ച്‌ ഒരു അധ്യായമുണ്ട്‌. വിപ്ലവങ്ങളുടെ കാരണങ്ങളായി അദ്ദേഹമതില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ രണ്ടായിരത്തിയഞ്ഞൂറം വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും കൃത്യാമാണെന്ന്‌ എനിക്ക്‌ ഉറപ്പിച്ചു പറയാന്‍ കഴിയും. ഒന്ന്‌ തീര്‍ച്ചയാണ്‌. രോഗാവസ്ഥയിലുള്ള സമൂഹങ്ങള്‍ക്ക്‌ രോഗം മൂര്‍ദ്ധന്യത പ്രാപിക്കുന്ന ഒരു സമയം വരും. ആ സവിശേഷ ഘട്ടത്തിലാണ്‌ ശരീരത്തിലെ മുഴുവന്‍ മാലിന്യങ്ങളും പുറന്തള്ളപ്പെടുക. എന്റെ നിരീക്ഷണ പ്രകാരം ഇതൊരു പ്രാരംഭം മാത്രമാണ്‌. അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ നിരവധി രക്തച്ചൊരിച്ചിലുകള്‍ ഇനിയും നാം കാണേണ്ടിവരും. അമ്പതുകളിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. ജനങ്ങള്‍ ചരിത്രം വായിക്കാത്തത്‌ കൊണ്ടാണ്‌ അവര്‍ക്കിത്‌ മനസ്സിലാകാത്തത്‌. ഈജിപ്‌തില്‍ മാത്രമല്ല, മൊറോക്കോയിലും ഇറാഖിലും സമാനമായ അനുഭവങ്ങളാണ്‌ അരങ്ങേറിയത്‌. ഏകാധിപത്യത്തിനെതിരെ വിപ്ലവം മുഴക്കിയവര്‍ തന്നെ വീണ്ടും ഏകാധപതികളായി മാറി. അബ്‌ദുന്നാസറിന്റെ ഭരണത്തേക്കാള്‍ ഭേദമായിരുന്നു ഫാറൂഖ്‌ രാജാവിന്റെ കാലത്തെ ഈജിപ്‌ത്‌. സ്‌കോട്ട്‌: ഭരണത്തില്‍ ഇസ്‌ലാമിന്‌ കാര്യമായ പങ്കുണ്ടായിട്ടുണ്ടോ? ഇനി മറ്റൊരു ഖിലാഫത്ത്‌ ലോകത്തിന്‌ ആവശ്യമാണോ? ശൈഖ്‌: ഇല്ല, ഞാനത്‌ വിശദീകരിക്കാം. മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന വിഷയങ്ങളില്‍ ഇസ്‌ലാമിനെ അതോറിറ്റിയായി സ്വീകരിക്കണമെന്നാണ്‌ എന്റെ പക്ഷം. വ്യക്തി നിയമങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം വാണിജ്യ നിയമങ്ങളാണ്‌. ഇസ്‌ലാമിക നിയമ ഗ്രന്ഥങ്ങളില്‍ മിക്കതും വാണിജ്യപരമായ നിയമങ്ങളെ കുറിച്ചാണ്‌ ഏറെയും ചര്‍ച്ച ചെയ്യുന്നത്‌. അത്‌ സമകാലീന സാമൂഹ്യ സാഹചര്യങ്ങളില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഏറെ നീതിയധിഷ്‌ഠിതമായ ഒരു സമൂഹത്തെ നമുക്ക്‌ നിര്‍മ്മിക്കാന്‍ കഴിയും. ജനങ്ങളെ ചൂഷണം ചെയ്യുന്ന എല്ലാ മാര്‍ഗങ്ങളെയും ഇസ്‌ലാം അടച്ചു കളയുന്നു എന്നതാണ്‌ അതിന്റെ ഏറ്റവും വലിയ സവിശേഷത. കട്ടവന്റെ കൈ മുറിക്കുക, വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ ഐസിസ്‌ നടപ്പാക്കുന്ന ശിക്ഷകളാണ്‌ മറ്റൊരു വിഷയം. എണ്ണൂറ്‌ വര്‍ഷം നീളുന്ന ഉസ്‌മാനിയ്യ ഭരണത്തിനിടയില്‍ ഒരാളെ പോലും കല്ലെറിഞ്ഞു കൊന്നിട്ടില്ലെന്നതാണ്‌ സത്യം. ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കണമെങ്കില്‍ അടിസ്ഥാനപരമായി ജൂതവിശ്വാസം പോലെത്തന്നെ കുറ്റസമ്മതം ആവശ്യമാണ്‌. അത്‌ നിര്‍ണ്ണയിക്കുക ഏറെ അസാധ്യം തന്നെയാണ്‌. വ്യഭിചാര ശിക്ഷ നടപ്പിലാക്കാന്‍ നാലാളുകള്‍ കൃത്യമായി വ്യഭിചാരം കണ്ടിരിക്കണമെന്നാണ്‌ നിയമം. അത്‌ തീര്‍ച്ചയായും അസാധ്യമാണ്‌. അതു കൊണ്ടുതന്നെ ഇസ്‌ലാമിക നിയമം നടപ്പിലാക്കാന്‍ കാര്യമായ തടസ്സങ്ങളൊന്നുമില്ല. സ്‌കോട്ട്‌: ഐസിസ്‌ ഖിലാഫത്ത്‌ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? ശൈഖ്‌: തെറ്റാണത്‌. തീര്‍ത്തും അര്‍ത്ഥ രഹിതം. സ്‌കോട്ട്‌ : അവര്‍ക്ക്‌ ഭൂപ്രദേശവും ഉണ്ടല്ലോ? ശൈഖ്‌: അല്ല, അബദ്ധ ജടിലമായ ഒരു ധാരണയാണത്‌. ഖിലാഫത്ത്‌ എല്ലാ മുസ്‌ലിംകളാലും അംഗീകരിക്കപ്പെടണം. ഇസ്‌ലാമിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി സുന്നികള്‍ അംഗീകരിക്കുന്ന ബുഖാരിയില്‍ ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇത്‌ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഖിലാഫത്ത്‌ പ്രഖ്യാപിക്കുന്നയാളെ മുഴുവന്‍ മുസ്‌ലിംകളും അംഗീകരിക്കുന്നത്‌ വരെ അയാളെ ഖലീഫയായി അംഗീകരിക്കേണ്ടതില്ല. അങ്ങനെയെങ്കില്‍ എനിക്ക്‌ ഒരു സുപ്രഭാതത്തില്‍ കാലിഫോര്‍ണിയയില്‍ വന്നിട്ട്‌ ഇത്‌ ഖിലാഫത്താണ്‌ ഞാന്‍ ഖലീഫയാണ്‌ എന്നൊക്കെ പറയാമല്ലോ. തീര്‍ത്തും തെറ്റായ ധാരണയാണത്‌. സ്‌കോട്ട്‌: ഒരു പാട്‌ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടല്ലോ അവിടെ? അത്യന്തം അപകടകരമായ വാര്‍ത്തകളാണല്ലോ നാം കേട്ടു കൊണ്ടിരിക്കുന്നത്‌. ശൈഖ്‌: താങ്കള്‍ക്കറിയുമോ? അമേരിക്കന്‍ അതിര്‍ത്തിയുടെ തെക്കന്‍ ഭാഗങ്ങളിലും ഇത്തരം പല കാര്യങ്ങളും നടക്കുന്നുണ്ട്‌. ലഹരിക്കാരാണ്‌ അവിടം ഭരിക്കുന്നത്‌. മുപ്പതിനായിരത്തോളം ആളുകളെ അവര്‍ കഴുത്തറുത്ത്‌ കൊന്നിട്ടുണ്ട്‌. ഒരര്‍ത്ഥത്തില്‍ അവിടെ ലഹരി ഖിലാഫത്താണ്‌ നടമാടുന്നത്‌. എന്ത്‌ കൊണ്ടാണ്‌ ആരും അതിനെ കുറിച്ച്‌ സംസാരിക്കാത്തത്‌. ജൗറേസില്‍ നിരന്തരം മനുഷ്യര്‍ അപ്രത്യക്ഷ്യരായിക്കൊണ്ടിരിക്കുന്നുണ്ട്‌. അങ്ങിനെ ധാരാളം അനിഷ്‌ടകരങ്ങളായ സംഭവങ്ങള്‍ ലോകത്ത്‌ സംഭവിക്കുന്നുണ്ട്‌. സ്‌കോട്ട്‌: ശരിയാണ്‌. പക്ഷെ, വലിയൊരളവോളം മുസ്‌ലിംകള്‍ക്ക്‌ തന്നെയാണ്‌ ഐസിസിന്റെ അക്രമങ്ങള്‍ സഹിക്കേണ്ടി വരുന്നത്‌. ശൈഖ്‌: തീര്‍ച്ചയായും. ഐസിസിന്റെ അക്രമങ്ങള്‍ ധാരാളം മുസ്‌ലിംകളെ വളരെ മാരകമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്‌. അതു പോലെത്തന്നെ ഐസിസിന്റെ ഉദയത്തിന്‌ കാരണമായ ശീഈ മിലിഷ്യയും സമാനമായ രീതിയിലാണ്‌ പെരുമാറിയത്‌. ഐസിസിന്റെ വളര്‍ച്ചയെ വളരെ കൃത്യമായി വായിച്ചാല്‍ അവിടുത്തെ ഗ്രാമീണര്‍ പോലും അവരെ സ്വാഗതം ചെയ്‌തിരുന്നു എന്ന്‌ വ്യക്തമാകും. ആദ്യ ഘട്ടങ്ങളില്‍ ദി വീക്ക്‌ മാഗസിന്‍ ഇതിനെ കുറിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ എഴുതിയിരുന്നു. തികഞ്ഞ അരാജകത്വത്തില്‍ നിന്ന്‌ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഐസിസ്‌ അനിവാര്യമാണെന്ന്‌ അവര്‍ എഴുത

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter