റോഹിങ്ക്യ: പൌരത്വം വിസമ്മതിക്കുന്ന ഭരണകൂടവും ജീവന്‍ എടുക്കുന്ന ബുദ്ധമതക്കാരും
100 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കടലില്‍ വെച്ച് ഭക്ഷിക്കാനൊന്നും ലഭിക്കാതെ മരിച്ച വാര്‍ത്ത ഈയുടാത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുരക്ഷിത സ്ഥാനം മലേഷ്യയിലേക്ക് ബോട്ടില്‍ പുറപ്പെട്ട സംഘം യാത്രക്കിടെ ആക്രമിക്കപ്പെട്ടുവെന്നും 25 ദിവസത്തോളം നടുക്കടലില്‍ പെട്ട് സംഘത്തിലെ 97 പേര്‍ ഭക്ഷണമില്ലാതെ മരിച്ചുപോയി എന്നുമായിരുന്നു ആ വാര്‍ത്ത.
വിദേശമാധ്യമങ്ങളടക്കം വലിയ പ്രധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റോഹിങ്ക്യക്കാരുടെ ജീവിതാവസ്ഥകള്‍ അറിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതത്ര ആകാംക്ഷയുളവാക്കുന്ന വാര്‍ത്തയൊന്നുമല്ല.
അതിന് ശേഷമാണ് പുതിയ അക്രമപരമ്പര മെക്തില ഗ്രാമത്തില്‍ അരങ്ങേറിയത്. ഇതിനകം 40 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും ആയിരക്കണക്കിന് പേര്‍ കുടിയിറക്കപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.
ഏഷ്യഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ബലഹീന ന്യൂനപക്ഷമാണ് റോഹിങ്ക്യയിലെ മുസ്‌ലിംകള്‍. ജനനം മുതല്‍ ജീവിക്കുന്ന സ്വന്തം രാജ്യത്ത് പൌരത്വം നിഷേധിക്കപ്പെട്ടവരാണവര്‍. വിദ്യാഭ്യാസത്തിനോ, ആരോഗ്യത്തിനോ, തൊഴിലിനോ രാജ്യത്ത് അവകാശമില്ല അവര്‍ക്ക്. സ്വന്തം രാജ്യത്ത് ഭൂമി സ്വന്തമാക്കാന്‍ വരെ അവകാശമില്ലാത്തവര്‍.
റോഹിങ്ക്യക്കാര്‍ക്ക് മുന്നിലുള്ളത് ഒരൊറ്റ ഒപ്ഷന്‍ മാത്രമാണ്. സ്വന്തം നാടും വീടും വിട്ടു സുരക്ഷിതമായ ജീവിതത്തിന് വേണ്ടി മറ്റെവിടെയെങ്കിലും അഭയം പ്രാപിക്കുകയെന്നതാണത്.
പാശ്ചാത്യ രാജ്യങ്ങള്‍ റോഹിങ്ക്യക്കാരുടെ വിഷയത്തില്‍ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നത് ശരി തന്നെ. പക്ഷെ അവിടത്തുകാരുടെ ജീവല്‍പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിന് ഈ രാജ്യങ്ങളൊക്കെയും പരാജയപ്പെപ്പെട്ടുവെന്ന് പറയേണ്ടിയിരിക്കുന്നു. പലപ്പോഴും അവയെല്ലാം തങ്ങളുടെ പ്രതിനിധി സംഘത്തെ അയച്ചത് രാജ്യത്ത് കച്ചവടസാധ്യതകള്‍ മുന്നില്‍കണ്ട് മാത്രമായിരുന്നു.
മങ്ങദോ, മിംഗ്പിയാ, മറൌക്ക് തുടങ്ങി മ്യന്മറിലെ ഇതര നഗരങ്ങളിലേക്കും വരും ദിവസങ്ങളില്‍ കുടത്ത പട്ടിണിയും ദുരിതവും വരാനിരിക്കുകയാണെന്നാണ് കലാപത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദുരിതമനുഭവിക്കുന്ന റോഹിങ്ക്യക്കാരുടെ കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യു.എന്‍ പ്രതിനിധി തോമസ് ഓജ കഴിഞ്ഞ ദിവസം ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി മ്യാന്‍മര്‍ പ്രസിഡണ്ട് തീന്‍ഷീനെ അദ്ദേഹം നേരില്‍ കാണുക വരെ ചെയ്തു. മതന്യൂനപക്ഷത്തെ തെരഞ്ഞു പിടിച്ചു വേട്ടയാടുന്ന ഈ രീതി അവസാനിപ്പിക്കുന്നതിന് ഭരണകൂടം ഇടപെടണമെന്നും അതല്ലെങ്കില്‍ രാജ്യത്തിന്‍റെ പൊതുവികസനത്തെ ഇത് കാര്യമായി ബാധിക്കുമെന്നുമെല്ലാം അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ പ്രദേശത്ത് ബുദ്ധ ആക്രമണം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ തന്നെ വിഷയത്തിന്‍റെ ഭീകരതയെ കുറിച്ച് യു.എന്‍ മ്യാന്മര്‍ ഭരണകൂടത്തെ തെര്യപ്പെടുത്തിയിരുന്നതാണ്. എന്നാല് ഇതുവരെ അതു സംബന്ധമായി ഒരു നടപടിയും മ്യാന്മര്‍ ഭരണകൂടം കൈകൊണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിരിക്കുന്നു.
മാര്‍ച്ച് 20 മുതല്‍ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധ അക്രമണം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസോ സുരക്ഷസൈന്യമോ അക്രമികളെ തടഞ്ഞില്ലെന്നും അവരതിന് സാക്ഷികളാവുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെതിരെയും യു.എന്‍ പ്രതിനിധി ശക്തമായി പ്രതികരിച്ചതായാണ് അറിവ്.
അത്തരം ഉദ്യോഗസ്ഥരെ രാജ്യത്തെ കോടതി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭരണകൂടം വിഷയത്തില്‍ തുടരുന്ന നിസ്സംഗ സമീപനം അക്രമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് കാരണമാകുന്നുവെങ്കില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം അക്രമം നടന്നപ്പോള്‍ ജിദ്ദയില്‍ ചേര്‍ന്ന ഓ.ഐ.സി യുടെ പ്രത്യേക യോഗം മ്യാന്മര്‍ വിഷയത്തില്‍ ചില നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏറെ കാലം കഴിഞ്ഞിട്ടും പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കോപറേഷന്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്.
ജിദ്ദയില്‍ ഓ.ഐ.സി ഈയടുത്ത് റോഹിങ്ക്യക്കാര്‍ക്കായി പ്രത്യേക സെന്‍റര്‍ തുറന്നിട്ടുണ്ട്. അവരുടെ ദുരിതമകറ്റുന്ന വിഷയത്തില്‍ഈ സെന്‍റര്‍ എത്രമാത്രം വിജയകരമാകുമെന്ന് കാത്തിരുന്ന് കാണണം. റോഹിങ്ക്യക്കാരുടെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മാത്രം ഏപ്രില്‍ 14 ന് കോപറേഷന്‍ പ്രത്യേക യോഗം ചേരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
യോഗങ്ങള്‍ക്കപ്പുറം പ്രായോഗിക തലത്തില്‍ എത്രമാത്രം ഇടപെടുന്നുവെന്നാണ് മുസ്‌ലിം ലോകം നോക്കുന്നത്. അക്രമപ്രദേശം സന്ദര്‍ശിക്കുവാന്‍ സംഘം പ്രതിനിധികളെ മ്യാന്മര്‍ ഭരണകൂടം ക്ഷണിച്ചിരുന്നുവത്രെ. ഇതുവരെ അത്തരമൊരു സന്ദര്‍ശനത്തന് കോപറേഷന്‍ സമയം കണ്ടത്തിയിട്ടില്ല. വിഷയത്തിലിടപെടണമെന്ന് ഒബാമക്ക് കത്തെഴുതുന്നത് കൊണ്ട് തീരുന്നതല്ലല്ലോ മുസ്‌ലിംലോകത്തെ പ്രശ്നങ്ങളില്‍ ഓ.ഐ.സിയുടെ ഇടപെടലുകള്‍.
(സുഊദി ഗസറ്റില്‍ ഡോ.അലി അല്‍ഗംദി എഴുതിയ കുറിപ്പിനെ അവലംബിച്ച് തയ്യാറാക്കിയ ലേഖനം)



Leave A Comment