ദ്വീപ് സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥനകളുയരുന്ന മിഹ്റാബുകള്‍ അതിവിദൂരമല്ല
വര്‍ഗ ശത്രുവിന്റെ ഉന്മൂലനം രാഷ്ട്രീയ ശരിയുടെ ഭാഗമായി കാണുകയും അതിന് വേണ്ടി ഏതറ്റം വരെ പോവാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ജനാധിപത്യ ഇന്ത്യയില്‍ നിലവിലുള്ളത്. അധികാര സിരാ കേന്ദ്രങ്ങളുടെ മറ പിടിച്ച് തീവ്ര സംഘ്പരിവാര്‍ അജണ്ടകളിലൂടെ ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ചുവടടുപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടന്ന നിയമഭേദഗതികള്‍, അവരുടെ അടുത്ത ഇര ലക്ഷദ്വീപാണ് എന്നതിലേക്കുള്ള വ്യക്തമായ സൂചനകളാണ്.
2011 ലെ സെന്‍സസ് പ്രകാരം 66,000 മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ 90 ശതമാനവും മുസ്‌ലിംകളാണെന്നതാണ് കേന്ദ്രസര്‍ക്കാറിനെ അസ്വസ്ഥമാക്കുന്നത്. ലക്ഷദ്വീപിലെ സ്വസ്ഥ ജീവിതം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ്, ഗുജറാത്തിലെ മുന്‍ആഭ്യന്തര സഹമന്ത്രിയും തികഞ്ഞ മോദിഭക്തനുമായ പ്രഫുല്‍പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി അങ്ങോട്ട് നിയമിച്ചിരിക്കുന്നത്. അധികാരമേറ്റെടുത്തത് മുതലുള്ള പട്ടേലിന്റെ കൈകടത്തലുകള്‍ അതിനോട് പൂര്‍ണ്ണമായും കൂറ് പുലര്‍ത്തുന്നുമുണ്ട്.
കുറ്റവാളികളോ ക്രിമിനല്‍ കേസുകളോ ഇല്ലാത്ത നിഷ്‌കളങ്കരായ ഒരു ജനതയാണ് ലക്ഷദ്വീപിലുള്ളത്. സമാധാന പ്രിയരായ ദ്വീപ് നിവാസികളെ, പ്രകോപിതരാക്കി, കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളി വിടലാണ് പ്രഫുല്‍ പട്ടേലില്‍ അര്‍പ്പിതമായിരിക്കുന്ന ഉത്തരവാദിത്വം എന്നാണ് മനസ്സിലാവുന്നത്.
ജനാധിപത്യമൂല്യങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് കാശ്മീരികളെ പോലെ ജന്മനാട്ടില്‍ തടങ്കലിലാക്കപ്പെടുമ്പോള്‍ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണ് ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ ആദ്യമേ നടപ്പിലാക്കിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ഉയരുന്ന വിമതസ്വരങ്ങളെയും പ്രതിശബ്ദങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന ഒരു ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമായിട്ടേ ഇതിനെ കാണാനാവൂ.
ഭൂരിപക്ഷ വിഭാഗമായ മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തി തികഞ്ഞ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് കരിനിയമങ്ങളിലൂടെ അവരെ തടങ്കലിലാക്കി ലക്ഷ്യ പ്രാപ്തിയിലെത്താനുള്ള കുടലി തന്ത്രങ്ങള്‍ ധ്രുതഗതിയില്‍ സജീവമാവുകയാണ്.
റിസോര്‍ട്ടുകളില്‍ മദ്യം വിളമ്പാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള നിയമത്തിന് പിന്നില്‍ മദ്യം നിഷിദ്ധമായ മുസ്‌ലിംകളെ പ്രകോപിപ്പിക്കുക എന്നത് മാത്രമാണ്. അതുപോലെ ബീഫ് ദ്വീപിലെ സാധാരണക്കാരുടെ ഭക്ഷണമാണെന്ന കണ്ടെത്തെലാണ് സമ്പൂര്‍ണ ഗോവധം നടപ്പിലാക്കാനുള്ള ലക്ഷദ്വീപ് അനിമല്‍പ്രിസര്‍വേഷന്‍ റഗുലേഷന്‍ 2021 എന്ന കരട് നിയമത്തിന് പിന്നില്‍.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗോവധം നടക്കുന്നുണ്ടെന്നോ മാംസം സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ടെന്നോ ഉള്ള കേവല സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലും പരിശോധനകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും. അഥവാ, മുസ്‌ലിംവീടുകളില്‍ ഏതു സമയത്തും സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് കയറി നിരങ്ങാമെന്ന സ്ഥിതിവിശേഷത്തിലേക്കാവും കാര്യങ്ങളെത്തുക.
പശുവിനെ അറുക്കുന്നതും ബീഫ് വാങ്ങുന്നതും പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്ന കുറ്റമായി മാറുമെന്നാണ്, മാര്‍ച്ച് 28 വരെ പൊതുതാത്പര്യങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ച കരട് നിയമത്തില്‍ പറയുന്നത്. പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെയും അറുക്കണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും മതകീയ ചടങ്ങുകള്‍ക്ക് പോലും ഗോക്കളെ അറുക്കാന്‍ പാടില്ലെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല.
സ്വന്തം വീട്ടില്‍ തടങ്കലില്‍ കഴിയേണ്ടിവരുന്ന രീതിയില്‍ ജനാധിപത്യം ചുരുങ്ങിപ്പോവുന്നത് ഖേദകരമാണ്. സംഘ്പരിവാര അജണ്ടകളിലൂടെ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുന്ന ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്നതാണ് പൗരനനെന്ന നിലയില്‍ നമ്മുടെ ആദ്യ കടമ.
വേണ്ട സമയത്ത് അത് നടക്കാതെ പോയാല്‍, ലക്ഷ ദ്വീപ് സമൂഹത്തിന്റെ രക്ഷക്ക് വേണ്ടി പ്രാര്‍ത്ഥനകളാലും നാസിലതിന്റെ ഖുനൂതുകളാലും മുഖരിതമാവുന്ന പള്ളി മിഹ്റാബുകളും മിമ്പറുകളുമാവും അധികം വൈകാതെ നമുക്ക് കാണേണ്ടിവരിക. നാഥന്‍ കാക്കട്ടെ.
തയ്യാറാക്കിയത് അബ്ദുല്‍ സമദ് മുനിയൂര്‍
Leave A Comment