ആ സ്നേഹം തീരുന്നില്ലല്ലോ നബിയേ
പ്രണയം ആത്മനിഷ്ഠമായ ഒരു വിശുദ്ധരഹസ്യമാണ്, തന്റെ ആത്മസത്തയിലേക്ക് കൊണ്ടുപോകുന്ന തീക്ഷ്ണപ്രകാശം, ആത്മപ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് ഇരുൾവഴികളെ വിശുദ്ധീകരിച്ചു പ്രകാശമാക്കാൻ കഴിയുന്ന ഒന്നാണ് പ്രണയം. സർവ്വം സമർപ്പിതനാക്കി സ്വത്വത്തിന്റെ അഗാധതകളിൽ പ്രണയം നമ്മെ വഴിനടത്തുന്നു.
സൗഹൃദം പോലെ പൊതുവായതോ ശാന്തമോ കണ്ണുതുറപ്പിക്കുന്നതോ അല്ല പ്രണയം. മറിച്ച് അത് തീക്ഷണമാണ്, കണ്ണടപ്പിക്കുന്നതാണ്, അന്ധത നൽകുന്നതാണ്. അത്കൊണ്ട് തന്നെ ഒരു സുഹൃത്തിനെ തെരഞ്ഞെടുക്കുന്നത് പോലെ എളുപ്പമല്ല പ്രണയ ഭാജനത്തെ കണ്ടെത്തുന്നത്.
മരണക്കിടക്കയിൽ നിന്നും എന്നെയോർത്ത ഒരാൾ, ഞാൻ സ്വർഗത്തിൽ പ്രവേശിച്ചിട്ടല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞ് പടച്ചോന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു നിൽക്കുന്ന ഒരാൾ, എന്റെ ഒരു സലാം കേൾക്കാൻ കാത്തിരിക്കുന്ന, കേട്ടയുടനെ തിരിച്ചഭിവാദ്യം ചെയ്യുന്നയാൾ, ഞാൻ ഓരോ ചെറു തെറ്റ് ചെയ്യുമ്പോഴും മനസ്സ് നോവുന്ന ഒരാൾ, അങ്ങനെ ഒരാളുണ്ടാവുമ്പോൾ പിന്നെയാരെ സ്നേഹിക്കാനാണ്, ആരെ പ്രണയഭാജനമാക്കാനാണ്.
അത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളാണ്, 'ലോകത്തുള്ള മറ്റെല്ലാത്തിനെക്കാളുമുപരി നിങ്ങളെന്നെ സ്‌നേഹിക്കണം’ എന്ന് പറയാൻ അർഹതയുള്ള ഒരേ ഒരു വ്യക്തി. അവിടുത്തെ പ്രണയിച്ച്, ആ പ്രണയത്തിലലിഞ്ഞ് അങ്ങനെ ജീവിക്കണം.
മൗലാനാ റൂമി (റ) പറഞ്ഞതുപോലെ മുള്ളിനെ പനിനീർപ്പൂവാക്കുന്നു പ്രണയം.
വിഷത്തെ പിയൂഷമാക്കുന്നു,
വെള്ളത്തെ വീഞ്ഞാക്കുന്നു,
വേദനയെ ആനന്ദമാക്കുന്നു,
ചക്രവർത്തിയെ ഭൃത്യനാക്കുന്നു,
കൈപ്പിനെ മധുരമാക്കുന്നു,
കല്ലിനെ മുത്താക്കുന്നു.
അവിടുത്തെ കുറിച്ച് പാടിയും പറഞ്ഞും ആ മദ്ഹിലലിയണം, അല്ലെങ്കിലും പ്രേമഭാജനത്തെ പറയാൻ കഴിയുന്ന ഒരു സമയവും പ്രണയിനി നഷ്ടപ്പെടുത്തില്ലല്ലോ.
ഉള്ളിലുള്ള പ്രണയം സത്യമാണെങ്കിൽ പ്രേമഭാജനത്തെ കുറിച്ച് പറയുമ്പോഴെല്ലാം നമ്മുടെ അവസ്ഥ മാറും. ആ പേര് കേൾക്കുമ്പോൾ മനസ്സകം സന്തോഷംകൊണ്ട് നിറയും. കൂടെയില്ലല്ലോ എന്നതോർത്ത് ഹൃദയം വിങ്ങിപ്പൊട്ടും.
ഹൃദയത്തിൽ രക്തം പോലെ തിരു ചിന്തകൾ ഉണ്ടായിക്കൊണ്ടേ ഇരിക്കണം, പാടിയും പറഞ്ഞും ഉറക്കിലും ഉണർവ്വിലും ആ സാമീപ്യം കരസ്ഥമാക്കണം. മനസ്സറിഞ്ഞ് കൊതിച്ചവരൊന്നും നിരാശരായിട്ടില്ലല്ലൊ. അതിന് ഇടമുറിയാത്ത മദ്ഹിന്റെ തുള്ളികളായി നിറഞ്ഞ് പെയ്യണം. നടപ്പിലും ഇരിപ്പിലും അനക്കത്തിലും അടക്കത്തിലും അകത്തും പുറത്തും ഹബീബിനെ അനുധാവനം ചെയ്യണം. ഒടുക്കം പ്രണയത്തിൽ നീയും ഞാനുമില്ല ഒന്നേ ഉള്ളൂ ഒരാളെയുള്ളൂ എന്നത് പോലെ ഈ ജീവിതം ആ ജീവിതം ആയിത്തീരണം.
മക്കയിൽ സലാം പറഞ്ഞ കല്ലുകളെ പോലും എനിക്കോർമയുണ്ടെന്ന് പറഞ്ഞ ഹബീബോരിൽ ഒരു സലാം നമുക്കും പറയാം 'അസ്സ്വലത്തു വ സ്സലാമു അലൈക യാ റസൂലല്ലാഹ്'
-സയ്യിദ് മുഹന്നദ് ഹുദവി അൽ ഐദറൂസി
Leave A Comment