വിഷയം: ഇസ്കിഗിഫാർ, സ്വലാത്
ഇസ്‌ലാമിക വിശ്വാസപ്രകാരം ഇസ്തിഗ്ഫാറിനും സ്വലാത്തിനും വലിയ പ്രതിഫലവും ശ്രേഷ്ഠതയുമുണ്ടല്ലോ. ഈ രണ്ടു പുണ്യകർമ്മങ്ങളും പതിവാക്കുന്ന ഒരാൾ, ഇതിൽ ഏതിനാണ് കൂടുതൽ മുൻഗണന നൽകേണ്ടത്? കൂടാതെ, ചൊല്ലാൻ ഏറ്റവും ഉത്തമവും മഹത്തരവുമായ ചില സ്വലാത്തുകൾ ഏതൊക്കെയാണ്?
ചോദ്യകർത്താവ്
Aisha
Jun 9, 2026
CODE :Oth16325
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇസ്തിഗ്ഫാറും സ്വലാത്തും ഒരു വിശ്വാസിയുടെ ജീവിതത്തിൽ രണ്ടു വ്യത്യസ്തവും എന്നാൽ പരസ്പരപൂരകവുമായ ലക്ഷ്യങ്ങളാണ് പൂർത്തീകരിക്കുന്നത്. വസ്ത്രം കഴുകി സുഗന്ധം പൂശും പോലെയാണ് ഇത് രണ്ടും. അതായത്, ഇസ്തിഗ്ഫാർ എന്നത് വസ്ത്രത്തിലെ അഴുക്ക് (പാപങ്ങൾ) കഴുകിക്കളയുന്നത് പോലെയും, സ്വലാത്ത് എന്നത് ആ ശുദ്ധിയുള്ള വസ്ത്രത്തിൽ സുഗന്ധം പൂശുന്നത് പോലെയുമാണ്. അതിനാൽ, നിങ്ങളുടെ മനസ്സിന് ഭാരം കൂടുതൽ തോന്നുകയോ തെറ്റുകളെക്കുറിച്ച് ഓർത്ത് വിഷമിക്കുകയോ ചെയ്യുമ്പോൾ ഹൃദയശുദ്ധീകരണത്തിനായി ഇസ്തിഗ്ഫാറിന് മുൻഗണന നൽകുക. എന്നാൽ, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാനും പ്രയാസങ്ങൾ നീങ്ങി ജീവിതത്തിൽ ബർക്കത്ത് ഉണ്ടാകാനും സ്വലാത്ത് വർധിപ്പിക്കുക. തിരു നബി (സ) പഠിപ്പിച്ചതുപോലെ, ഒരാൾ തന്റെ പ്രാർത്ഥനാ സമയം മുഴുവൻ സ്വലാത്തിനായി മാറ്റിവെച്ചാൽ അത് അയാളുടെ ദുഃഖങ്ങൾ ഇല്ലാതാക്കാനും പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാകും.
ഏറ്റവും മഹത്തായ സ്വലാത്തുകളെക്കുറിച്ച് പറയുമ്പോൾ, നബി(സ) തങ്ങൾ സ്വഹാബികൾക്ക് നേരിട്ട് പഠിപ്പിച്ചു തന്നതും നമ്മൾ നിസ്കാരത്തിൽ ചൊല്ലുന്നതുമായ 'സ്വലാത്തുൽ ഇബ്രാഹീമിയ്യ' ആണ് ഏറ്റവും ശ്രേഷ്ഠമായത്. ഇതുകൂടാതെ എപ്പോഴും എളുപ്പത്തിൽ ചൊല്ലാൻ കഴിയുന്ന ചെറുരൂപങ്ങളായ "صلى الله على محمد صلى الله عليه وسلم" എന്നതും, പ്രയാസങ്ങളും പ്രതിസന്ധികളും നീങ്ങാൻ പണ്ഡിതന്മാർ നിർദ്ദേശിക്കുന്ന 'സ്വലാത്തുന്നാരിയ', 'സ്വലാത്തുൽ ഫാതിഹ്' എന്നിവയും വളരെ പ്രതിഫലാർഹമായ മഹത്തായ സ്വലാത്തുകളാണ്.
ദിവസവും രാവിലെയും വൈകുന്നേരവും കൃത്യമായി കുറച്ചു സമയം ഇസ്തിഗ്ഫാറിനായി മാറ്റിവെക്കുകയും, ബാക്കിയുള്ള ഒഴിവുസമയങ്ങളിലെല്ലാം സ്വലാത്ത് പതിവാക്കുകയും ചെയ്യുന്നതാണ് ഒരു വിശ്വാസിക്ക് ഏറ്റവും ഉത്തമമായ മാർഗ്ഗം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


