بسم الله الرحم الرحيم الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين أما بعد
ഇസ്‌ലാമിക വിശ്വാസശാസ്ത്രത്തിൽ അശ്അരി (അബൂ അൽ-ഹസൻ അൽ-അശ്അരി), മാതുരീദി (അബൂ മൻസൂർ അൽ-മാതുരീദി) എന്നീ രണ്ട് സരണികൾ രൂപപ്പെട്ടത് രണ്ട് വ്യത്യസ്ത മതങ്ങളോ പരസ്പരവിരുദ്ധ വിശ്വാസങ്ങളോ ഉണ്ടാക്കാനല്ല, മറിച്ച് പ്രവാചകൻ (സ)യുടെയും സ്വഹാബത്തിന്റെയും കാലശേഷം കടന്നുകൂടിയ തർക്കശാസ്ത്രപരവും തത്വചിന്താപരവുമായ വ്യതിയാനങ്ങളെ—പ്രത്യേകിച്ച് മുഅ്തസില, ജഹ്മിയ്യ തുടങ്ങിയ വിഭാഗങ്ങളുടെ വാദങ്ങളെ—ഖുർആൻ, സുന്നത്ത്,എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിരോധിക്കാനും പൂർവ്വികരുടെ (സലഫ്) വിശ്വാസം ക്രോഡീകരിക്കാനും വേണ്ടിയാണ്.
ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇറാഖിലെ ബസ്വറ കേന്ദ്രീകരിച്ച് ഇമാം അശ്അരി (റ)യും മധ്യേഷ്യയിലെ സമർഖണ്ഡ് കേന്ദ്രീകരിച്ച് ഇമാം മാതുരീദി (റ)യും സജീവമായപ്പോൾ, പരസ്പരം വലിയ ആശയവിനിമയ സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് അതത് പ്രദേശങ്ങളിലെ ബൗദ്ധിക വെല്ലുവിളികളെയും കർമ്മശാസ്ത്ര (ശാഫിഈ-മാലികീ, ഹനഫി) പശ്ചാത്തലങ്ങളെയും മുൻനിർത്തിയാണ് ഈ സരണികൾ വളർന്നത്.
അല്ലാഹുവിന്റെ ഏകത്വം, അനിവാര്യ ഗുണങ്ങൾ, പ്രവാചകത്വം, പരലോകം, വിധിവിശ്വാസം തുടങ്ങിയ അടിസ്ഥാന വിശ്വാസകാര്യങ്ങളിൽ ഇരു വിഭാഗങ്ങളും പൂർണ്ണമായും ഏകാഭിപ്രായക്കാരായതിനാൽ ഇതൊരിക്കലും "രണ്ട് വിശ്വാസങ്ങൾ" അല്ല. പിൽക്കാല പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ച ഏകദേശം പന്ത്രണ്ടോ പതിമൂന്നോ വിഷയങ്ങളിലെ ഭിന്നതകളിൽ ഭൂരിഭാഗവും ഭാഷാപരമോ സാങ്കേതികമോ ആയ വിശദീകരണ രീതികളിലെ വ്യത്യാസങ്ങൾ മാത്രമാണ്. സൃഷ്ടികളോട് അല്ലാഹുവിനെ സാദൃശ്യപ്പെടുത്തുന്നതിൽ നിന്നും അവന്റെ ഗുണങ്ങളെ നിഷേധിക്കുന്നതിൽ നിന്നും വിശ്വാസത്തെ സംരക്ഷിക്കുകയെന്ന ഒരേ ലക്ഷ്യത്തോടെ, വ്യത്യസ്ത കോണുകളിൽ നിന്നും രീതിശാസ്ത്രങ്ങളിൽ നിന്നും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പൊതുവായ വിശ്വാസപ്രമാണത്തെ കാത്തുസൂക്ഷിക്കുന്ന രണ്ട് പൂരക ധാരകളായാണ് അശ്അരിയും മാതുരീദിയും ഒരേ സമയം ശരിയായി നിലനിൽക്കുന്നത്. വിശദ വിവരണത്തിനായി ഇവിടെ വായിക്കൂക