വിഷയം: ഹനഫീ, മാലികി മദ്ഹബ് നിസ്കാരം
നിത്യ അശുദ്ധിക്കാരനായ ഒരാൾക്ക് ഒരുപാട് നിസ്കാരം ഖളാ വീട്ടാനുണ്ട്. പഞ്ഞു വെച്ച് കെട്ടി നിസ്കരിക്കുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടാൻ തുടങ്ങിയതോടെ എന്ത് ചെയ്യണം എന്നറിയാതെ അയാൾ ഒരുപാട് നിസ്കാരങ്ങൾ നിസ്കരിക്കാതിരുന്നു. ഏകദേശം 5 കൊല്ലത്തെ നിസ്കാരം ഖളാ ആയിപോയി. പാഡോ മറ്റോ വെച്ച് നിസ്കരിക്കാം എന്ന് മനസിലാക്കിയതോടെ ഇനി മുതൽ നിസ്കരിക്കാം എന്ന് അദ്ദേഹം തീരുമാനിച്ചു. പക്ഷെ, ഖളാഉള്ള നിസ്കാരങ്ങൾ വീട്ടാൻ ബുദ്ധിമുട്ട് തന്നെയല്ലെ. മറ്റ് മദ്ഹബുകളുടെ നിലപാട് പരിശോധിച്ചപ്പോൾ ഹനഫീ മദ്ഹബിലും മാലികീ മദ്ഹബിലും ഉള്ള ഇളവുകൾ മനസിലാക്കാനായി. അത്തരം മദ്ഹബുകളെ ആ വിഷയത്തിൽ മാത്രമായി എങ്ങനെ പിന്തുടരാം? അവരുടെ നിസ്കാരവും വുളൂഉം എങ്ങനെ? ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Shabeeb
Aug 16, 2026
CODE :Pra16449
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിത്യ അശുദ്ധക്കാരി പാഡ് വെച്ച് നിസ്കരിക്കുന്നതിനെപ്പറ്റി മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നിസ്കാരം ഖളാ ആക്കുന്നത് വലിയ പാപമാണ്. അവയവങ്ങൾ അനക്കാൻ പോലും കഴിയാത്ത വിധം രോഗിയായി കിടപ്പിലായാൽ പോലും നിസ്കാരം ഉപേക്ഷിക്കരുത് എന്നാണ് അല്ലാഹുവിന്റെ കൽപന. ആകയാൽ, ഇതുവരെ നിസ്കാരം ഖളാ ആക്കിയതിൽ പൂർണ്ണമായി ഖേദിക്കുകയും അല്ലാഹുവിനോട് മാപ്പ് ചോദിക്കുകയും ചെയ്യുക. ഇനി മേലിൽ നിസ്കാരം ഖളാ ആക്കുകയില്ല എന്ന് മനസ്സിൽ ഉറപ്പിക്കുകയും വേണം.
നഷ്ടപ്പെടുത്തിയ നിസ്കാരങ്ങൾ ഖളാ വീട്ടുക തന്നെ വേണം. വലിയ പ്രയാസമില്ലാതെ ഓരോന്നായി നിസ്കാരം ഖളാ വീട്ടിത്തീർക്കാനുള്ള ഒരു എളുപ്പവഴി ഇതാണ്:
ആദ്യം നഷ്ടപ്പെട്ട നിസ്കാരങ്ങളുടെ കണക്ക് (അഞ്ചു വർഷത്തെ നിസ്കാരം) ഒരു പുസ്തകത്തിൽ കുറിച്ചു വെക്കുക. പിന്നീട്, ഓരോ വഖ്ത് നിസ്കരിക്കുമ്പോഴും അതിന്റെ കൂടെ ഖളാ ആയ ഒരു നിസ്കാരം കൂടി കൂട്ടി നിസ്കരിക്കുക (കൂടുതൽ സാധിക്കുമെങ്കിൽ അത്രയും നല്ലത്). നിസ്കരിച്ചു തീരുന്നവ ഓരോന്നായി പുസ്തകത്തിൽ അടയാളപ്പെടുത്തി വെക്കുക. ദിവസങ്ങൾ കടന്നുപോകുമ്പോൾ ഖളാ ഉള്ള നിസ്കാരങ്ങൾ പൂർണ്ണമായും തീർന്നു കിട്ടും.
ഇതാണ് നിങ്ങൾക്ക് ചെയ്യാൻ ഏറ്റവും ഉചിതവും നല്ലതുമായ വഴി. അന്ത്യനാളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന അമൽ നിസ്കാരമാണ്. അതിനാൽ നിസ്കാരം കൃത്യമായി നിർവ്വഹിക്കാൻ നാം ശ്രദ്ധിക്കണം
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


