വില്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍/എം എ സലാം കൂട്ടാലുങ്ങല്‍
ഖല്‍ബില്‍ ഈമാനിന്റെ തുടിപ്പുള്ളവരുടെ അടങ്ങാത്ത ആവേശമാണ് ഹജ്ജ്. എങ്ങനെയെങ്കിലും ആ പുണ്യങ്ങളുടെ സംഗമകേന്ദ്രത്തില്‍ എത്തിപ്പെടാന്‍ കൊതിക്കാത്ത മനങ്ങളുണ്ടാവില്ല. ഇബ്‌റാഹീമീ വിളിയാളങ്ങള്‍ക്ക് ഉത്തരമേകാന്‍ ഇനിയുമെത്രകാലം കാത്തിരിക്കണമെന്ന ആദിപൂണ്ട മനസ്സുകള്‍ മക്കയോടുള്ള, മദീനയോടുള്ള ഉദാത്തമായ പ്രണയപാരവശ്യത്തിന്റെ നല്ല അടയാളങ്ങളാണ്. ഇവിടെ വില്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍ തന്റെ ഹജ്ജനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ഹജ്ജ് അമീറായി വിവിധ ഗ്രൂപ്പുകളുടെ നേതൃത്വം വഹിച്ചിട്ടുള്ള ഉസ്താദ് എത്ര ഹജ്ജ് ചെയ്തിട്ടുണ്ടെന്നു ചോദിച്ചപ്പോള്‍ 'അതെന്തിനാ നിങ്ങളറിയുന്നത്? അതൊന്നും നിങ്ങളോടു പറയേണ്ട കാര്യമല്ല' എന്ന സ്‌നേഹം കലര്‍ന്ന, സഗൗരവമുള്ള മറുപടിയാണു ലഭിച്ചത്.
പഴയ കാലത്തെ മക്കയെയും മദീനയെയും എങ്ങനെ ഓര്‍ക്കുന്നു?
കാലങ്ങള്‍ക്കപ്പുറമുള്ള മക്കയും മദീനയും ഇന്ന് അവിടെയെത്തുന്ന ഹാജിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അത്രമേല്‍ വികസനങ്ങളുടെയും സുഖസൗകര്യങ്ങളുടെയും ഹജ്ജനുഭവങ്ങളാണ് ഇന്നു ലഭിക്കുന്നത്. സഊദി ഗവണ്‍മെന്റിന്റെ പ്രധാന പണിയാണ് ഹറമിന്റെയും മസ്ജിദുന്നബവിയുടെയും വികസനവും മേല്‍നോട്ടവും. അവരുടെ ഉഖ്‌റവിയ്യായ വിജയത്തിന് ഇതൊരു നിദാനമായിരിക്കും.
ആദ്യകാല ഹജ്ജ് യാത്രകളെ എങ്ങനെ ഓര്‍ക്കുന്നു?
ഗവണ്‍മെന്റ് ക്വാട്ടയിലാണ് ആദ്യമായി ഹജ്ജിനു പോയത്. പിന്നീട് അല്‍മദീന പുല്ലൂക്കര, സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അല്‍ അന്‍സാര്‍ ഹജ്ജ് ഗ്രൂപ്പ്, നന്തി ദാറുസ്സലാം ഹജ്ജ് ഗ്രൂപ്പ്, എസ് കെ എസ് എസ് എഫ് ഹജ്ജ് ഗ്രൂപ്പ്, മബ്‌റൂര്‍ ഹജ്ജ് ഗ്രൂപ്പ് എന്നിവയുടെ അമീറായി ഹജ്ജിനു പോവാനും ഭാഗ്യം ലഭിക്കുകയുണ്ടായി. പിന്നീട് ശുക്‌രിയ്യ ട്രാവല്‍സിന്റെ അമീറായും പോയിട്ടുണ്ട്.
2,000 രൂപ കൊടുത്താണ് ആദ്യമായി ഹജ്ജിനു പോവുന്നത്. ഗവണ്‍മെന്റ് ക്വാട്ടയില്‍ പോവാനുള്ള ചാര്‍ജായിരുന്നു അത്. 1969 കാലത്താണ് ഇത്. ബോംബെയില്‍നിന്ന് കപ്പല്‍ വഴി ജിദ്ദയിലെത്തുന്ന രീതിയിലായിരുന്നു അന്ന് ഇന്ത്യന്‍ ഹാജിമാരുടെ യാത്രകള്‍ ക്രമീകരിച്ചിരുന്നത്. വിമാന മാര്‍ഗമുള്ള യാത്ര അത്ര വികാസം പ്രാപിക്കാത്ത കാലമായിരുന്നല്ലോ അത്. അന്ന് എട്ടു ദിവസമാണ് ബോംബെയില്‍നിന്നു ജിദ്ദയിലെത്താന്‍ വേണ്ടിവന്നത്. കപ്പലിലെ ഹജ്ജ്‌യാത്ര പ്രത്യേകമായ ഒരനുഭൂതിയാണ്. കപ്പലാണെങ്കിലും സര്‍വവിധ സൗകര്യവുമുണ്ടാവും. സമുദ്രത്തില്‍ ഓളങ്ങളെ വകഞ്ഞുമാറ്റി തഴുകിത്തലോടുന്ന കടല്‍ക്കാറ്റുകളോടും ഇളംതെന്നലുകളോടും കിന്നരിച്ച് ഭയവും ആനന്ദവുമെല്ലാം സമ്മേളിച്ചുള്ള കപ്പല്‍ യാത്ര മറക്കാതെ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
അന്നത്തെ ഹറം കാഴ്ച്ചകള്‍ എങ്ങനെയായിരുന്നു?
അന്ന് മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയുമൊന്നും ഇത്ര വിശാലമായിരുന്നില്ല. ആദ്യകാലത്തെ റൗളയുടെയും ഹറമിന്റെയുമെല്ലാം ചിത്രം ഇന്നത്തെ വികസന ലോകത്ത് മണ്ണിന്റെയും മണലിന്റെയും മണമുളള സുന്ദരമായ ഓര്‍മയായി ശേഷിക്കുന്നുണ്ട്. അന്ന് മസ്ജിദുല്‍ ഹറാം ഇബ്‌റാഹീം മഖാമിന്റെ അരികെ വരെ മാത്രമേ നിസ്‌കരത്തിന് സൗകര്യപ്പെടുത്തിയിരുന്നുള്ളൂ. ഇബ്‌റാഹീം മഖാമിനടുത്ത് പായവിരിച്ച് നിസ്‌കരിക്കണം. ബാക്കി ഭാഗം മുഴുവന്‍ മണല്‍വിരിച്ച പ്രദേശങ്ങളായിരുന്നു. ഇന്ന് കണ്ണെത്താ ദൂരത്തേക്ക് അടിയിലും മുകളിലുമായി മനോഹരമായി വിശാലതയോടെ കിടക്കുന്നതാണ് മസ്ജിദുല്‍ ഹറം.
അപ്രകാരം തന്നെ മസ്ജിദുന്നബവിയും റൗളയുടെ ചുറ്റു ഭാഗത്ത് കുറച്ച് സ്ഥലവും മാത്രമേ സിമന്റ് പാകിയ ഭൂമിയുണ്ടായിരുന്നുള്ളൂ. ബാക്കി ഭാഗം മുഴുവന്‍ മണല്‍ കൂടിക്കിടക്കുന്ന സ്ഥലങ്ങളായിരുന്നു. ഇന്നൊക്കെ ഭൂമിയിലെ ഏറ്റവും മനോഹാരിതയേകുന്ന തലത്തിലേക്ക് പുണ്യനബിയുടെ റൗളയും മസ്ജിദുമൊക്കെ മാറിയിട്ടുണ്ട്.
ഹറമിലെ നിസ്‌കാരങ്ങള്‍ക്കും മറ്റു പ്രാര്‍ത്ഥനകള്‍ക്കും വല്ലാത്ത അനുഭൂതിയായിരിക്കുമല്ലോ. മലയാളികള്‍ ഇതിനെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു?
എല്ലാ മദ്ഹബിനെയും വകവയ്ക്കാ (മുറാഅത്ത്) കഴിവുള്ള പണ്ഡിതന്‍മാരെയാണു ഹറമിലെ ഇമാമായി നിശ്ചയിക്കാറുള്ളത്.
ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹറമിലെ ജമാഅത്തില്‍ നിന്നു ഇമാം ഫാത്വിഹയില്‍ ബിസ്മി ഓതുന്നില്ല, അതു കൊണ്ട് നമ്മുടെ നിസ്‌കാരം സ്വഹീഹാവുകയില്ലെന്നു പറഞ്ഞ് ഹജ്ജിന്റെ വേളയില്‍ പോലും റൂമില്‍ പോയി ഒറ്റക്ക് നിസ്‌കരിക്കുന്നവരെ കുറിച്ച് പരിതപിക്കാനേ നമുക്ക് കഴിയൂ. ഇത്തരമാളുകളെ കാണുമ്പോള്‍ വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട്. ഭൂമിലോകത്ത് അല്ലാഹു പ്രത്യേകം സംരക്ഷണം നല്‍കിയ സര്‍വലോക ജനങ്ങളും മനസ്സ് കൊണ്ടും ഖല്‍ബ് കൊണ്ടും ഒരേസമയം തിരിയുന്ന കഅ്ബയുടെ അടുത്തുവച്ചുള്ള നിസ്‌കാരത്തിനു പങ്കെടുക്കാതിരിക്കാന്‍ വരട്ടുന്യായങ്ങള്‍ പറയാന്‍ ഹൃദയത്തില്‍ ഈമാനിന്റെ അംശമുള്ളവര്‍ക്ക് കഴിയുകയില്ല.
ഹറമിലെ ഇമാമിന്റെ തൊട്ടുപിറകിലിരുന്ന് നിസ്‌കരിക്കാന്‍ ഒട്ടേറെ തവണ ഭാഗ്യംലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ബിസ്മി മെല്ലെ ഓതുകയും ശേഷം 'അല്‍ഹംദു' കൊണ്ട് ഉറക്കെയാക്കുന്നതും കൃത്യമായി അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെയെന്തിനാണ് ഇമാം ബിസ്മി ഓതാത്ത ആളാണെന്നു പറഞ്ഞ് ഹറമിലെ പവിത്രതയുടെ സമ്മേളിതരൂപങ്ങളായ ജമാഅത്ത് നഷ്ടപ്പെടുത്തുന്നത്? ഇക്കൂട്ടര്‍ ഹറമിലെ ആദ്യ ജമാഅത്ത് കഴിഞ്ഞ ശേഷം കൂട്ടമായി വന്ന് സ്വന്തം ജമാഅത്ത് നടത്തുന്നതും കാണാനായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അത്ഭുതമുളവാക്കുന്ന ഒരു സംഭവം ഇപ്പോഴത്തെ പാറക്കടവ് മഹല്ല് പ്രസിഡന്റായ ടി കെ പരീക്കുട്ടി ഹാജി പങ്കുവച്ചതോര്‍ക്കുന്നു. എനിക്ക് പരിചയമുള്ള ഒരുകൂട്ടം ആളുകള്‍ ഒരു ദിവസം ഇങ്ങനെ ഹറമിലെത്തി ബിസ്മിയുടെ പേരില്‍ ജമാഅത്തൊഴിവാക്കി ശേഷം കൂട്ടമായി വന്ന് ജമാഅത്തായി നിസ്‌കരിച്ചു. അവരുടെ നിസ്‌കാരം കഴിഞ്ഞ ഉടനെ വെളുത്ത താടിയും ശരീരവും ശുഭ്രവസ്ത്രവും ധരിച്ച ഒരാള്‍ ഉറക്കെ കൈക്കൊട്ടി അവരെ വിളിച്ചു. ശേഷം അയാള്‍ ചോദിച്ചു: ''ഇത്രവലിയ ജമാഅത്തില്‍ പങ്കെടുക്കാതെ സ്വന്തമായി ജമാഅത്ത് നടത്തുന്നത് എന്തുകൊണ്ടാണ്?'' അപ്പോള്‍ ആ കൂട്ടത്തിലൊരാള്‍ പറഞ്ഞു: ''ഞങ്ങള്‍ പാറക്കടവുകാരാണ്. ശാഫിഈ മദ്ഹബുകാരാണ്. ഇവിടത്തെ ഫാതിഹയില്‍ ബിസ്മി ഓതാത്തതു കൊണ്ട് അവരെ തുടര്‍ന്നാല്‍ ഞങ്ങളുടെ നിസ്‌കാരം സ്വഹീഹാവുകയില്ല. അതുകൊണ്ടാണ് ഇങ്ങനെ സ്വന്തമായി ജമാഅത്ത് നടത്തുന്നത്.''
ഈ മറപുടി കേട്ടപ്പോള്‍ ദേശ്യത്തോടെ അയാള്‍ ഇപ്രകാരം പ്രതികരിച്ചു: ''ഇത് അല്ലാഹുവിന്റെ ഹറമും കഅ്ബാലയവുമാണ്. ഇവിടെ ഒന്ന് ഹറാമാക്കാനും മറ്റൊന്ന് ഹലാലാക്കാനും നിങ്ങളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഹറമിലെ ജമാഅത്ത് ശരിയാവില്ലെന്ന് ആരാണ് പറഞ്ഞത്?'' ഇതും പറഞ്ഞ് ആ മനുഷ്യന്‍ അപ്രത്യക്ഷമായി. പിന്നെ എവിടെ തെരഞ്ഞിട്ടും അയാളെ കണ്ടില്ല. അവരും ഞാനും വല്ലാതെ അത്ഭുതപ്പെട്ടു.
ഹറമിലെ നിസ്‌കാരം ഈ മസ്അലയുടെ പേരില്‍ ആരും ഒഴിവാക്കരുത്. വലിയ പുണ്യമുള്ള അമലല്ലേ അത്.
എല്ലാ മദ്ഹബുകാരും അവിടെഎത്തുമെന്ന് ബോധമുള്ളവര്‍ തന്നെയാണ് സഊദി ഗവണ്‍മെന്റ്. അതു കൊണ്ടു തന്നെ ഇത്തരം മസ്അലകളെയും വിഷയങ്ങളെയും തിരിയുന്ന ആളെ തന്നെയാണ് ഹറമിലെ ജമാഅത്തിന് അവര്‍ നിയോഗിക്കാറുമുള്ളത്. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്നു ആളുകള്‍ വരുന്ന ജമാഅത്തിന് ഇമാം നില്‍ക്കുന്ന വ്യക്തി ഇതൊന്നും തിരിയാത്ത ആളാണെന്നു പറയുന്നത് അല്‍പജ്ഞാനമാണ്.
പഴയകാലത്തെ ഹറമിലെ സൗകര്യങ്ങള്‍ ഹജ്ജാജിമാരെ പ്രയാസപ്പെടുത്തിയിരുന്നോ? എങ്ങനെയായിരുന്നു അവസ്ഥകള്‍?
ഇന്നത്തെ ഹറമിലെയും മറ്റും വലിയ സുഖസൗകര്യങ്ങള്‍ കാണുമ്പോള്‍ മുമ്പ് ഞാന്‍ രണ്ട് റിയാല് നല്‍കി ഒരു കോപ്പ വെള്ളം വാങ്ങി പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിച്ചതും വുളൂഅ് എടുത്തതുമെല്ലാം ഓര്‍മയില്‍ തെളിയുകയാണ്. അന്നൊക്കെ ഹറമിനടുത്ത് താമസിക്കുന്ന റൂമില്‍ വിരിക്കാനൊന്നും ഒന്നുമുണ്ടാവില്ല. ഇവിടുന്ന് വല്ല വിരിപ്പോ പുതപ്പോ കൊണ്ടുപോയാല്‍ അതു വിരിക്കാം. അല്ലെങ്കില്‍ വെറും നിലം തന്നെ ആശ്രയം.
ഇന്നൊക്കെ എല്ലാ റൂമുകളും എയര്‍കണ്ടീഷന്‍ ഉള്ളതാണ്. ഓരോ റൂമിലും ടി വിയടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഹറമിനടുത്ത് ടി വി കാണുന്നവരെ കുറിച്ച് എന്തുപറയാനാണ്? വാര്‍ത്ത അറിയാനാണ് ടി വി വച്ചതെന്നു ന്യായം പറയുന്നവരോട് നാമെന്ത് പറയും? സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ആത്മീയാംഗങ്ങള്‍ക്കു വരള്‍ച്ച സംഭവിക്കുന്നുണ്ടോയെന്നത് ചിന്തിക്കേണ്ട കാര്യമാണ്.
അപ്രകാരം ഹജ്ജിനിടയിലെ ശക്തമായ ചൂടില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഇവിടെനിന്ന് കൊണ്ടുപോയ വലിയ പുതപ്പ് മുകളില്‍ ചൂടി നിന്ന ഒരു കാലവുമുണ്ടായിരുന്നു മക്കയില്‍. അത് അത്രമാത്രം വിദൂരത്തൊന്നുമല്ലതാനും. ഇന്ന് ഹാജിമാരുടെ സൗകര്യത്തിനനുസരിച്ച് ചൂടും തണുപ്പും ക്രമീകരിക്കാന്‍ കഴിയുന്ന തലത്തിലേക്ക് വികസനമെത്തി. സുഖാഢംബരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. ത്യാഗങ്ങളൊന്നുമില്ലാതെ കേവല സുഖത്തിലാറാടിയാല്‍ ഹജ്ജിന്റെ പരിപൂര്‍ണമായ പ്രതിഫലം ലഭിക്കുകയില്ലെന്ന തിരിച്ചറിവു നല്ലതാണ്.
സംസമിന്റെ സൗകര്യങ്ങളും ഓര്‍മകളും?
സംസം വെള്ളമെടുക്കാനും മുമ്പൊന്നും വലിയ സൗകര്യങ്ങളുണ്ടായിരുന്നില്ല. ഇന്ന് ഹറമില്‍ എല്ലായിടത്തും തണുത്തത്തോ ചൂടുള്ളതോ ആയ സംസം വെള്ളം ആവശ്യത്തിനനുരിച്ച് ലഭ്യമാക്കുന്ന രീതിക്ക് കാര്യങ്ങള്‍ മാറ്റപ്പെട്ടു. എന്റെ ആദ്യ കാലത്തെ ഹജ്ജ്‌യാത്രാ വേളയില്‍ സംസം കിണറിന്റെ അടുത്ത് ചെന്ന് വെള്ളം കോരി ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു.
പല തവണ ഹജ്ജിനു പോയിട്ടുണ്ടല്ലോ. അറബികളുമായി ബന്ധപ്പെട്ട് വല്ല അനുഭവവും?
ഹജ്ജിനു പോയ ഒരവസരത്തില്‍ മക്കയിലെ ഒരു അറബിയുടെ വീട്ടില്‍ മൗലിദിനു വേണ്ടി പോയതോര്‍ക്കുന്നു. ആ അറബിയുടെ വീട്ടില്‍വച്ച് ഞങ്ങള്‍ ആവേശപൂര്‍വം മന്‍ഖൂസ് മൗലിദ് ചൊല്ലി. ആ അറബിയും വലിയ താല്‍പ്പര്യത്തിലായിരുന്നു. മൗലിദിനു ശേഷം നല്ല ഭക്ഷണവും ഓരോരുത്തര്‍ക്കും പണവും അറബി നല്‍കുകയുണ്ടായി. ഇന്നും മൗലിദുകളെ ആത്മീയ പുരോഗതിയുടെ വഴിയായി കാണുന്ന ഒട്ടനവധി അറബികളെ സഊദിയില്‍ കാണാവുന്നതാണ്.
കേരളത്തില്‍ ഹജ്ജ് ക്ലാസെടുക്കുന്നതില്‍ പേരുകേട്ട ആളാണല്ലോ ഉസ്താദ്. എന്തൊക്കെയാണ് ക്ലാസോര്‍മകള്‍?
ഹജ്ജ് ക്ലാസുകള്‍ പ്രത്യേകാനുഭവമാണ്. ഓരോ വിഷയവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം, ശ്രോതാക്കളുടെ മനസ്സിനോട് ഇണങ്ങിച്ചേര്‍ന്നുള്ള രീതിയിലാണ് ഓരോ വാക്കുകളും ഉണ്ടാവേണ്ടത്. ഫിഖ്ഹിലെ തുഹ്ഫയും മുഗ്‌നിയും നിഹായയും മുതല്‍ ഫത്ഉല്‍ മുഈന്‍ വരെയുള്ള ഗ്രന്ഥങ്ങളിലെ ഓരോ വരികളും തഹ്ഖീഖാക്കി അവതരിപ്പിക്കുമ്പോള്‍ പഠിതാക്കള്‍ക്ക് വളരെ ഉപകാരപ്പെടും.
ഉസ്താദിന്റെ പഠന കാലം?
വള്ള്യാട് വച്ച് കോറോത്ത് അബ്ദു മുസ്‌ലിയാര്‍, പാറക്കടവിനടുത്തെ വള്ളൂരില്‍ വച്ച് പ്രമുഖ ഫഖീഹായ കണാരണ്ടി അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ അടുത്തുനിന്നുമാണ് ദര്‍സ് പഠനം നടത്തിയത്. ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തി. പട്ടിക്കാട്ടെ നാലു വര്‍ഷത്തെ ജീവിതം അനര്‍ഘ നിമിഷങ്ങളായാണ് ഉസ്താദ് കാണുന്നത്. ശംസുല്‍ ഉലമ(ന.മ), കോട്ടുമല ഉസ്താദ് (ന.മ) തുടങ്ങിയ ഇല്‍മിന്റെ ബഹ്‌റുകളായ ഉസ്താദുമാരും വലിയ തഹ്ഖീഖുള്ള ഒട്ടനവധി ശരീക്കന്മാരുമടങ്ങിയ ആ കോളേജ് കാലം ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പഠനകാലാനുഭവങ്ങള്‍?
പഠനകാലത്ത് പട്ടിക്കാട് വച്ചു തന്നെ ഉസ്താദുമാര്‍ക്ക് വരുന്ന വഅ്‌ളുകള്‍ അവര്‍ ഏല്‍പിച്ചുതരുമായിരുന്നു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാരും കൂടെയുണ്ടാകുമായിരുന്നു.
പട്ടിക്കാട് ആദ്യകാലത്ത് വിവിധ വിഷയങ്ങളില്‍ 'മോഡല്‍ പാര്‍ലമെന്റ്' സംഘടിപ്പിക്കാറുണ്ടായിരുന്നു. ഫിഖ്ഹ്, തഫ്‌സീര്‍, ഹദീസ്, നിദാനശാസ്ത്രം, തസ്വവ്വുഫ് തുടങ്ങിയ നിരവധി വകുപ്പുകളും അവക്ക് ഓരോ മന്ത്രിമാരുമുണ്ടാകും. അന്ന് ഫിഖ്ഹ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഞാനാണ്. ജാമിഅ സ്റ്റുഡന്റ്‌സ് യൂനിയന്‍ നൂറുല്‍ ഉലമ ആദ്യമായി പുറത്തിറക്കിയത് ഞാന്‍ എഴുതിയ നിസ്‌കാരത്തെക്കുറിച്ച
ഒരു പുസ്തകമാണ്.
പാതിരാ പ്രഭാഷണാനുഭവങ്ങള്‍?
കുറച്ചു കാലങ്ങള്‍ക്കു മുമ്പു വരെ സമൂഹത്തിനിടയില്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ പ്രസരണം നടന്നത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വഅ്‌ളുകളിലൂടെയായിരുന്നു. ഈ മേഖലയിലും പല അനുഭവങ്ങളുമുണ്ട്. 40 ദിവസങ്ങളോളം നീണ്ടുനിന്ന വഅ്‌ളുകള്‍ക്ക് ഒട്ടനവധി സ്ഥലങ്ങളില്‍ പോവാന്‍ സാധിച്ചിട്ടുണ്ട്. ഇന്നും കര്‍മശാസ്ത്ര കേന്ദ്രീകൃത വഅ്‌ളുകളും ക്ലാസുകളുമായി കടത്തനാട് ദേശത്ത് പലയിടങ്ങളിലായി പോവുന്നു. നാഥന്‍ ഇതെല്ലാം ഖബൂല്‍ ചെയ്യട്ടെ.
എങ്ങനെയാണ് കര്‍മശാസ്ത്രത്തില്‍ താല്‍പര്യം വരുന്നത്?
തന്റെ ആദ്യകാലത്തെ പ്രധാന ഗുരുവര്യരായിരുന്ന കണാരണ്ടി അഹമ്മദ് മുസ്‌ലിയാര്‍ അറിയപ്പെടുന്ന ഫഖീഹായിരുന്നു. തന്റെ ഗുരുവര്യന്റെ പാത പിന്തുടര്‍ന്നതു കൊണ്ട് ആ മേഖലയില്‍ തനിക്കും ഒരു പ്രത്യേക താല്‍പ്പര്യം ലഭിച്ചു. കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയതിനുള്ള കാരണം അങ്ങനെയാവണം.
എവിടെയെല്ലാം സേവനം ചെയ്തിട്ടുണ്ട്?
പട്ടിക്കാട് ജാമിഅയില്‍നിന്നു ബിരുദം നേടിയ ശേഷം ചെക്യാട് മുണ്ടോളിപ്പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ അറബിക് കോളജ്, വില്ല്യാപ്പള്ളിക്കടുത്ത മലാറക്കല്‍ എന്നീ സ്ഥലങ്ങളില്‍ മുദര്‍രിസായിരുന്നു.
മുസ്‌ലിം കേരളത്തിന്റെ പാരമ്പര്യാസ്തിത്വം സംരക്ഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറയിലേക്ക് പിന്നീടാണ് വന്നത്.
Leave A Comment