കാറ്റും കോളും നിറഞ്ഞ ഹജ്ജ് യാത്രയുടെ ഓര്‍മ്മകളില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് കപ്പലിൽ ഹജ്ജിന് പോയ ആരെങ്കിലും ഇനി ബാക്കിയുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു. അങ്ങനെയാണ് കരുവാരകുണ്ടിലെ സൈതലവി ഹാജിയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ചോദിക്കേണ്ട താമസം, ദാരിദ്ര്യവും പട്ടിണിയും വേട്ടയാടി കൊണ്ടിരുന്ന മലബാറിന്റെ മണ്ണിൽ നിന്ന് 1977ൽ ഹജ്ജിനു പുറപ്പെട്ട കഥകൾ ഓരോന്നായി അദ്ദേഹം പറഞ്ഞു തുടങ്ങി.

എങ്ങനെയായിരുന്നു ഹജ്ജിന് പോകാനുള്ള പുറപ്പാടുകൾ. ഹജ്ജിനുള്ള ആഗ്രഹം മനസ്സിൽ തോന്നിത്തുടങ്ങിയത്  എങ്ങനെയായിരുന്നു?

ഞാനൊരു എസ്റ്റേറ്റ് തൊഴിലാളിയായിരുന്നു. മദ്രസയിൽ പഠിക്കുന്ന കാലത്ത് തന്നെ അവിടെ പണിയെടുത്തിരുന്നു. എന്റെ ഉപ്പയും ഉമ്മയും എല്ലാം ടാപ്പിങ്ങ് തൊഴിലാളികളായിരുന്നു. അങ്ങനെ ഞാനും ആ തൊഴിൽ തുടർന്നു. നാട്ടിലെ ചില കൂട്ടുകാരൊക്കെ ഹജ്ജിനു പോയി അവിടെ ജോലിക്ക് കൂടിയത് ഇടക്കിടെ കേള്‍ക്കാറുണ്ടായിരുന്നു. അങ്ങനെയാണ് എനിക്കും അവിടെ പോകണം എന്ന ആഗ്രഹം  തുടങ്ങുന്നത്. അങ്ങനെ ഞാൻ പോകാനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി എസ്റ്റേറ്റിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ കുറച്ചു പൈസയും നേരത്തെ സമാഹരിച്ച് വച്ചിരുന്ന കുറച്ചു പൈസയും ചേർത്ത് ഹജ്ജിന് പൈസ കെട്ടി. 2500 രൂപയായിരുന്നു അന്ന് ചാര്‍ജ്. പത്തുവർഷം പണിയെടുത്ത് എസ്റ്റേറ്റിൽ നിന്ന് പിരിഞ്ഞപ്പോൾ കിട്ടിയത് ആകെ 1500 രൂപ. അന്നൊക്കെ അത് വലിയ സംഖ്യയാണ്. അങ്ങനെ മാസങ്ങൾക്ക് ശേഷം എനിക്കുള്ള പില്‍ഗ്രിം  പാസ്പോർട്ട് വന്നു. അതുമായി ഞാൻ  യാത്രക്കിറങ്ങി.

എങ്ങിനെയൊക്കെ ആയിരുന്നു നിങ്ങളുടെ യാത്രകൾ?
1977 ലാണ് എന്റെ ആദ്യത്തെ ഹജ്ജ്‌ യാത്ര. കരുവാരകുണ്ടിൽ നിന്ന് പാലക്കാട് വരെ ബസ്സിനും അവിടുന്ന് അങ്ങോട്ട് വണ്ടിക്കും പിന്നെ  കപ്പലിലും ആയിരുന്നു യാത്ര. രണ്ടാമത്തെ യാത്ര പാലക്കാട് നിന്ന് ഹൈദരാബാദിലക്കും അവിടെ നിന്ന് ബോംബെയിലേക്കും പിന്നീട് ജിദ്ദയിലേക്കും ആയിരുന്നു.
ബോംബെയിൽ ചെന്ന്, കപ്പല് പുറപ്പെടുന്നതും കാത്ത് കുറച്ച് ദിവസം അവിടെ തങ്ങി. ബോംബെയിലെ മുസാഫർഖാനയിലെ ദിനങ്ങള്‍ വല്ലാത്ത അനുഭവം  തന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  ആളുകൾ സംഗമിച്ച അവിടെ നിന്ന് ഞങ്ങളുടെ ചെക്കിങ്ങും മറ്റും പൂർത്തിയാക്കിയതിനു ശേഷം കപ്പലിൽ കയറി. കപ്പലിന്റെ പേര് എന്താണെന്ന് ഞാൻ ഓർക്കുന്നില്ല.

കപ്പൽ യാത്ര വളരെ പ്രയാസം നിറഞ്ഞതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കപ്പലിൽ യാത്ര ചെയ്ത വ്യക്തി എന്ന നിലക്ക് നിങ്ങളുടെ അഭിപ്രായം എന്താണ്? കപ്പലിൽ നിന്നുണ്ടായ അനുഭവങ്ങളൊന്ന് പങ്ക് വെക്കാമോ?

ഞാന്‍ പല വിധേനയും യാത്ര ചെയ്തിട്ടുണ്ട്. കപ്പലിലും വിമാനത്തിനും ട്രെയിനിലും എല്ലാം. അതിലെല്ലാം എനിക്ക് യാത്രക്ക് ഏറ്റവും സുഖകരമായി തോന്നിയത് ട്രെയിനാണ്. വിമാനത്തിൽ ആണെങ്കിൽ ഉയരുമ്പോഴും താഴുമ്പോഴും വലിയ പ്രയാസമാണ്. അതിലിരുന്ന് പുറത്തേക്ക് നോക്കിയാൽ മുകളിലും താഴെയും ആകാശം മാത്രമേ കാണൂ. നാലഞ്ച് മണിക്കൂർ ഇരുന്ന സീറ്റിൽ തന്നെ ഇരിക്കേണ്ടിവരുന്നതും പ്രയാസമാണ്. അതുപോലെതന്നെയാണ് കപ്പലും. കരയിൽ നിന്ന് വിട്ടാൽ പിന്നെ നാല് ഭാഗവും കടലാണ്. വല്ലപ്പോഴും മീനുകൾ ചാടുന്നത് കാണാം. പിന്നെ കപ്പലിന്റെ ഇളക്കം, അതാണ് സഹിക്കാൻ കഴിയാത്തത്. ഇളകി ഇളകിയാണ് അന്നത്തെ കപ്പലുകളൊക്കെ  പോയിരുന്നത്. ദിവസങ്ങളോളം അതിലിരിക്കേണ്ടി വരുന്നതും ബുദ്ധിമുട്ട് തന്നെയാണ്. എ

ന്റെ ആദ്യ യാത്രയിൽ തന്നെ കയറിയ അന്ന് മുതൽ ചർദ്ദി തുടങ്ങി. കപ്പലിൽ നിന്ന് കഴിക്കാൻ വേണ്ടി കുറച്ച് പഴങ്ങളൊക്കെ ഞാൻ വാങ്ങിയിരുന്നു. അതിൽനിന്ന് ഒരു പഴം പോലും എനിക്ക് കഴിക്കാൻ കഴിഞ്ഞില്ല. കപ്പലിന്റെ ആട്ടവും ഇളക്കവും ആയിരിക്കും ഛർദിക്ക് കാരണം എന്ന് ഞാൻ കണക്കുകൂട്ടി. പിന്നെ ഭക്ഷണം ഉണ്ടാക്കി തരാൻ നമ്മുടെ വീട്ടുകാരൊന്നും ഇല്ലല്ലോ കപ്പലിൽ. അവിടെ ഉണ്ടാക്കുന്നത് കഴിക്കുക എന്നതായിരുന്നു ആകെയുള്ള മാർഗ്ഗം. ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ആളുകളും ഉണ്ടായിരുന്നു. അവരിൽ പല സ്ത്രീകളും അവരുടെ പ്രാദേശിക ഭക്ഷണങ്ങള്‍ കപ്പലിൽ വെച്ച് പാകം ചെയ്തിരുന്നു. ചെറിയ അരിക്കഞ്ഞിയും കഞ്ഞിവെള്ളവും ഒക്കെ ആയിരുന്നു ആ യാത്രയിൽ എന്റെ ഭക്ഷണം. ഞാൻ വാങ്ങിയ മാങ്ങയും പഴങ്ങളും കൂടെ ഉണ്ടായിരുന്നവർക്കെല്ലാം കൊടുക്കുകയാണ് ചെയ്തത്.

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന യാത്ര ആയതുകൊണ്ട് തന്നെ മരണങ്ങൾ സംഭവിക്കാറുണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളുടെ യാത്രയിൽ അങ്ങനെ വല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടോ?

എന്റെ രണ്ട് യാത്രകളിലും കൂടെയുണ്ടായിരുന്നവരിൽ ചിലരൊക്കെ കപ്പലിൽ വച്ച് മരണപ്പെട്ടിട്ടുണ്ട്. അവരെ കപ്പലിൽ വച്ച് തന്നെ കുളിപ്പിച്ച് കഫൻ ചെയ്ത് മയ്യിത്ത് നിസ്കരിച്ച് കടലിലേക്ക് താഴ്ത്തുകയാണ് ചെയ്യാറ്. അങ്ങനെ തന്നെയാണല്ലോ അതിന്റെ മസ്അലയും. അതൊക്കെ വല്ലാത്തൊരു കാഴ്ച തന്നെയാണ്. അന്ന് ഞങ്ങളുടെ കൂടെ ഹജ്ജിന് ഉണ്ടായിരുന്നവരിൽ പകുതിയിലധികവും വയസ്സായ ആളുകളായിരുന്നു 50ഉം 60 കഴിഞ്ഞവര്‍.

കപ്പലിലെ ഭക്ഷണങ്ങളൊക്കെ എങ്ങനെയായിരുന്നു, പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ?

ഞാൻ ആദ്യം പോയപ്പോൾ 7 ദിവസം കഴിഞ്ഞിട്ടാണ് ജിദ്ദയിലെത്തുന്നത്. രണ്ടാമത് പോയപ്പോൾ പത്ത് ദിവസം കഴിഞ്ഞാണ് എത്തിയത്. രണ്ടാമത്തെ ഹജ്ജ് യാത്ര ഫസ്റ്റ് ക്ലാസ്സിൽ ആയിരുന്നു. ഈ ദിവസത്തിനുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ കപ്പലിൽ ഉണ്ടാവും. സാധാ ചോറും കഞ്ഞിയും എന്തെങ്കിലും കറിയും ഇതൊക്കെ തന്നെ ആയിരുന്നു കപ്പലിലെ ഭക്ഷണങ്ങൾ. പോരാത്തതിന് നമ്മൾക്ക് പൈസ കൊടുത്ത് തിന്നാൻ പറ്റുന്ന ഹോട്ടലുകളും ഉണ്ടായിരുന്നു. അതിന് പ്രത്യേക ടോകണുകളായിരുന്നു. അത് നമ്മൾ കപ്പലിൽ കയറുന്നതിനു മുമ്പ് പൈസ കൊടുത്തു മാറ്റണം. 50 പൈസയുടെ ടോക്കൺ, ഒരു രൂപയുടെ ടോക്കൺ, രണ്ട് രൂപയുടെ ടോക്കൺ എന്നിങ്ങനെയായിരുന്നു. കപ്പലിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിന് പുറമേ വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ടോക്കൺ ഉപയോഗിച്ച് ചായ കുടിക്കാനും മറ്റും സൗകര്യം ഉണ്ടായിരുന്നു.

ഹജ്ജിന് പോകുന്നവർക്ക് ഇഹ്റാം ചെയ്യാൻ നിശ്ചിത സ്ഥലങ്ങൾ ഒക്കെ ഉണ്ടല്ലോ, കപ്പലിൽ വച്ച്  ഇഹ്റാം ചെയ്യുന്നതൊക്കെ എങ്ങനെയാണ്?

ഇന്നത്തെ പോലെ ഹജ്ജ് ക്യാമ്പോ ഹജ്ജ് പഠന  ക്ലാസുകളോ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. ഹജ്ജിനു പോകുന്ന കപ്പലുകൾ ആയതുകൊണ്ട് തന്നെ അതിൽനിന്ന് പറഞ്ഞുതരുന്ന വിവരങ്ങൾ ആണുള്ളത്. ഇഹ്റാം ചെയ്യാനുള്ള  സ്ഥലം എത്തുമ്പോൾ കപ്പലിൽ നിന്ന് ആളുകൾ അറിയിക്കും. അപ്രകാരം ഇഹ്റാം കെട്ടി യാത്ര തുടരും. അങ്ങനെ കപ്പലിറങ്ങി മുതവഫിന്റെ ബസ്സിൽ ഓരോരുത്തർക്കും നിശ്ചയിച്ച റൂമിലേക്ക്. അവിടെ പെട്ടിയും സാധനങ്ങളും ഇറക്കിവെച്ച് ഹജ്ജിന്റെ കർമ്മങ്ങളിലേക്ക് കടക്കും. അതെല്ലാം കഴിഞ്ഞാൽ പിന്നെ ജോലി അന്വേഷിക്കാറാണ് പതിവ്. അങ്ങനെ ഞാൻ മുൻസിപ്പാലിറ്റിയിൽ ജോലിക്ക് കയറി. അത് ഗവൺമെൻറ് പണിയാണ്. അവര് നമുക്കൊരു കാർഡ് തരും (ബതാഖ). വിസയുടെ സ്ഥാനത്താണ് അത്. ചെക്കിങ്ങുകൾ നടക്കുമ്പോൾ അത് കാണിച്ചാൽ മതി. ആ കാർഡ് ഉപയോഗിച്ച് ജിദ്ദയിൽ നിന്നും മക്കയിലേക്കും മക്കയിൽനിന്ന് ജിദ്ദയിലേക്കും യാത്ര ചെയ്യാമായിരുന്നു. ഹജ്ജിനു വേണ്ടി പുറപ്പെട്ട ഞാന്‍ അത് കഴിഞ്ഞ് പിന്നീട് അങ്ങോട്ട് നീണ്ട പ്രവാസത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അനുഭവങ്ങൾ കൈമുതലാക്കിയുള്ള  പ്രവാസ ജീവിതമായിരുന്നു അത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter