ഡോ. അനില്‍ വള്ളത്തോള്‍/ അബ്ദുല്‍ ഹഖ് . എ.പി. മുളയങ്കാവ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ. അനില്‍ വള്ളത്തോളുമായി -ഞാനറിയുന്ന ഇസ്‌ലാം- എന്ന വിഷയത്തില്‍ നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
താങ്കള്‍ പരിചയിച്ചിട്ടുള്ള ഇസ്‌ലാം എന്താണ്?
ഇസ്‌ലാം എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്‌കാരം എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ എല്ലാ മനുഷ്യരും ഒരു പോലെ തന്നെ. പക്ഷെ മനുഷ്യന്‍ അവന്റെ പ്രവൃത്തികൊണ്ടാണ് എന്തെങ്കിലും ഒന്നായിത്തീരുന്നത്. നാം ധ്വിജന്‍ എന്ന പദത്തിന് രണ്ട് ജന്മം ഉള്ള ആള്‍ എന്ന് പറയുന്നു. അത് കൊണ്ടാണ് ഒരു മനുഷ്യന്‍ ബ്രാഹ്മണനാവുക എന്ന് പറയും, ഇത് ഇസ്‌ലാമിനെ സംബന്ധിച്ച് ബാധകമാണ് എന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തി മനുഷ്യനായി ജനിക്കുകയും അയാളുടെ പ്രവൃത്തിക്കൊണ്ട് ഇസ്‌ലാമിക ആദര്‍ശത്തെ പിന്തുടരുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ഇസ്‌ലാമാവുന്നത്. ഒരു മുസ്‌ലിം നാമധാരി എന്നത് കൊണ്ട് ഒരിക്കലും ഒരാള്‍ ഇസലാമാവുന്നില്ല. അന്നും ഇന്നും അതില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.
താങ്കള്‍ക്ക് പ്രവാചകനെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
പ്രവാചകനെ കുറിച്ച് എന്റെ മനസ്സിലെ കാഴ്ചപ്പാട് ആദ്യമായി ഉരിത്തിരുഞ്ഞു വരുന്നത് വാസതവത്തില്‍ മഹാകവി വള്ളത്തോളിന്റെ കവിതകളുടെ പഠനത്തിലൂടെയാണ്. മഹാകവി വള്ളത്തോള്‍ നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അല്ലാഹ്, പാംസുനാനം, ജാതകം തരുത്തി എന്നിങ്ങനെ പ്രസിദ്ധമായ മൂന്ന് കവിതകള്‍ രചിച്ചു. ഇസ്‌ലാം മതത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി നബി തിരുമേനി നടത്തിയിട്ടുള്ള പലപ്രവര്‍ത്തികളോടും അക്കാലത്തെ ഖുറൈശീ വീരന്മാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന തിക്തമായ അനുഭവങ്ങള്‍ അതാണ് കവിത പറയുന്നത്. ഈ അനുഭവങ്ങളെ നേരിട്ടത് ഇസ്‌ലാമിലുള്ള, അല്ലാഹുവിലുള്ള, ഏകദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. നബിയുടെ ഏക ദൈവവിശ്വാസവും വിഗ്രഹാരാധനക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങളുമാണ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്. അത് മനുഷ്യന് ഒരു പരമാത്ഥമാവിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ്. ഭൂമുഖത്ത് ജീവിക്കുന്ന എല്ലാവരും ഇത്തരമൊരു കാഴ്ചപ്പാട് പിന്തുടരുകയാണെങ്കില്‍ ഇവിടെ ഒരുതരത്തിലുള്ള കലാപങ്ങളോ സ്പര്‍ദ്ദകളോ ഉണ്ടാവുകയില്ല.സ്‌നേഹം മാത്രം നിലനില്‍ക്കും എന്നതാണ്.
വര്‍ത്തമാനകാലത്തെ മുസ്‌ലിം സമൂഹത്തെ എങ്ങനെ വിലയിരുത്തുന്നു.
വര്‍ത്തമാന കാലത്തെ മുസ്‌ലിംകളില്‍ നല്ലവരും ചീത്തവരുമുണ്ട്. അതില്‍ അക്രമിക്കുന്നവര്‍ പ്രവാചകന്റെ കല്‍പനകളെ അനുസരിക്കാത്തവരാണ്. മനുഷ്യര്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ കൂടി. ടെക്‌നോളജിക്കൊപ്പം മനുഷ്യന്റെ മനസ്സിലെ വിശാലത കുറഞ്ഞു. അവന്‍ സങ്കുചിതമായ താത്പര്യങ്ങള്‍ക്ക് വിധേയനായി. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കടിമപ്പെട്ടു. മാത്രവുമല്ല, ഓരോ വ്യക്തിയും ഓരോ പ്രസ്ഥാനമാണ് എന്ന നിലക്കുള്ള നീക്കവും. അതിന് വേണ്ടി അവന് പല വാചകങ്ങളെയും വ്യാഖ്യാനിച്ച് അവന് അനുകൂലമായി മാറ്റും. ഇങ്ങനെ ഓരോരുത്തരും തന്നിഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നത് കൊണ്ടാണ് പല തരത്തിലുള്ള മത ഭേതങ്ങള്‍ ഉണ്ടായത്. ഈ വ്യഖ്യാനം പലപ്പോഴും ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടിയുള്ളത് ആയിത്തീരുന്നു എന്നതാണ് ഖേദകരമായ വസ്തുത.
വിശുദ്ധ ഖുര്‍ആനെ എങ്ങനെയാണ് പരിചപ്പെടുന്നത്?
1987ല്‍ സര്‍സയ്യിദ് തളിപ്പറമ്പ് കോളേജിലെ അധ്യാപകനായിട്ടാണ് എന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് അവിടെ താമസിക്കുമ്പോള്‍ എന്റെ അടുത്തുണ്ടായ ഒരു അറബിക് അധ്യാപകന്‍, അബ്ദുല്‍ ബാരി എന്നുപേര്, അദ്ദേഹം ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ പലപ്പോഴും ഖുര്‍ആന്റെ മഹത്വവും ദൈവീക വചനങ്ങളുടെ മഹനീയതയും ഒക്കെ പറഞ്ഞു തരുമായിരുന്നു. മാത്രവുമല്ല ഒരിക്കല്‍ അദ്ദേഹം ഞാന്‍ ഇടക്കിടെ ദുസ്വപ്‌നങ്ങള്‍ കാണുന്ന ഒരു പതിവ് എന്റെ ജീവിതത്തിലുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു സൂക്തം എനിക്ക് പറഞ്ഞു തന്നു. ഖുര്‍ആനോ ഹദീസുമായോ ബന്ധപ്പെട്ടിട്ടുള്ള ഒരു സൂക്തമാണ്.
അല്ലാഹുമ്മ ഇന്നീ അഉൂദുബിക മിന്‍ ശര്‍റി മാറഅയ്തു മിന്‍ ശ്വയ്ത്വാനി റജീം
എന്ന നരു സൂക്തം ഉരുവിടാന്‍ പറഞ്ഞു. വാസ്തവത്തില്‍ ആ സൂക്തം ഉരുവിട്ടപ്പോള്‍ എന്നിലുണ്ടായത് അത്ഭുതകരമായ മാറ്റമാണ്. പിന്നീട് ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട പലഘട്ടങ്ങളിലും ചില സൂക്തങ്ങള്‍ യാത്ര പുറപ്പെടുമ്പോഴും മറ്റു പലതും പറഞ്ഞു തന്നു. അപ്പോള്‍ എനിക്ക് തോന്നി എന്ത്‌കൊണ്ട് വിശുദ്ധ ഖുര്‍ആന്റെ മൂല ഗ്രന്ഥം വായിച്ചുകൂടാ എന്ന്. അപ്പോള്‍ അതിനുള്ള പരിഭാഷ എനിക്ക് എടുത്തുതരികയും അതിലെ മിക്ക ഭാഗങ്ങളും ഞാന്‍ വായിച്ചുതീര്‍ക്കുകയും ചെയ്തു. ഹിന്ദു വേദ ഗ്രന്ഥവുമായി എനിക്ക് നേരത്തെ നല്ല പരിചയമുണ്ടായിരുന്നു. അവ രണ്ടും കൂടി തുലനം ചെയ്യാനുള്ള മനസ്സ് എനിക്ക് വന്നു.അതാണ് എന്നില്‍ പഠനത്തിന് താത്പര്യം ഉണ്ടാക്കി.
കുട്ടിക്കാലത്തെ മുസ്‌ലിം സൗഹൃദങ്ങള്‍?
ഞാന്‍ ജനിക്കുന്നത് തിരൂരിനടുത്തെ വള്ളത്തോള്‍ എന്ന സ്ഥലത്താണ് .വള്ളത്തോള്‍ ജനിച്ച സ്ഥലം തന്നെയാണ്. അവിടെ എന്റെ വീടിന്റെ നാലുഭാഗത്തും മുസ്‌ലിം വീടുകള്‍ തന്നെയാണുള്ളത്. ചുരുക്കം ചില ഹിന്ദു വീടുകളുണ്ട്. അന്നും ഇന്നും മുസ്‌ലിംകളും ഞങ്ങളും ഒരു അകലവും പാലിച്ചിട്ടില്ല. ഇന്നും പെരുന്നാളിനും ഓണത്തിനും അത് പോലെ വിശേഷാവസരങ്ങളിലും ഞങ്ങള്‍ പരസ്പരം പലതും പങ്ക് വെക്കുന്നു. സ്‌നേഹം പങ്ക് വെക്കുന്നു. എന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളില്‍ 90 ശതമാനം പേരും മുസ്‌ലിം സുഹൃത്തുക്കളായിരുന്നു. ഇന്നും ആ ബന്ധം സുദൃഢമാണു താനും. അങ്ങനെ മത സൗഹാര്‍ദത്തിലൂടെയുള്ള ഒരന്തരീക്ഷത്തിന്റെ വായുവാണ് ഞാന്‍ ശ്വസിച്ചത് എന്നര്‍ത്ഥം.
താങ്കള്‍ക്ക് പ്രവാചകന്റെ ജീവിതത്തില്‍നിന്ന്, അല്ലെങ്കില്‍ ഇസ്‌ലാമില്‍ നിന്ന് എന്താണ് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത്.
ഏറ്റവും ആകര്‍ഷമായിട്ടുള്ളത് ഞാന്‍ നേരത്തെ സൂചിപ്പിച്ചു. ഏക ദൈവ ആരാധനതന്നെയാണ്. പരമ കാരുണികനായ അല്ലാഹുവിലുള്ള, ദൈവത്തിലുള്ള വിശ്വാസമാണ്. മറ്റൊന്ന് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ഠാവ് ദൈവമാണ് എന്നത്. പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതിലുണ്ട്. ഇതാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്.
കേരളത്തില്‍ ഒരു മത സൗഹാര്‍ദ്ദ പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തെയും ഇന്നത്തെ അവസ്ഥകളെയും എങ്ങനെ വിലയിരുത്തുന്ന?
ഞാന്‍ വള്ളത്തോളിലേക്ക് തന്നെ തിരിച്ചുവരാം. ദേശീയ സമര-സ്വാതന്ത്ര്യ സമയത്താണ് വള്ളത്തോള്‍ അദ്ധേഹത്തിന്റെ പ്രശസ്തമായിട്ടുള്ളപല കവിതകള്‍ എഴുതിയത്. അത് എഴുതിയ കാലത്ത് വള്ളത്തോള്‍ പറയുകയുണ്ടായി. വള്ളത്തോളിന് ഒരു എതിര്‍പക്ഷമുണ്ടായിരുന്നു എന്ന്. കുമാരനാശാന്റെ പക്ഷമായിരുന്നു അത്. കുമാരനാശാന്‍ പറഞ്ഞത് ഇവിടെയുള്ള അയിത്തം, ഹിന്ദു മതത്തില്‍ പെട്ട വിവിധ വിഭാഗങ്ങള്‍ അവ ഇല്ലാതാക്കണം എന്നായിരുന്നു. അത് പോലുള്ള ഒരുപാട് ദുരാചാരങ്ങള്‍ തുടച്ചുമാറ്റണമെന്ന്. അപ്പോള്‍ ഈ ജാതീയ അസമത്വങ്ങള്‍ ഇല്ലാതാവുമ്പോഴാണ് സ്വാതന്ത്ര്യത്തിന് അര്‍്ത്ഥമുള്ളൂ എന്ന് അദ്ദേഹം വാദിച്ചു.
എന്തിന്നു ഭാരതമേ കരയുന്നു
നിനക്ക് വിധികല്‍പിതമാണ് തായേ
ചിന്തിക്ക, ജാതികളടിച്ചുതമ്മില്‍
എന്തിനീശ്വരരാജ്യം.
എന്ന് കുമാരനാശാന്‍ ചോദിച്ചു. ഇങ്ങനെ ഒരു രാജ്യം കിട്ടിയിട്ട് എന്താണ് കാര്യം എന്നാണ് ചോദ്യം. വള്ളത്തോളിന് അന്ന് അതിനൊരു മറുപടിയുണ്ടായിരുന്നു. വള്ളത്തോള്‍ പറഞ്ഞു:
സോദരര്‍ തമ്മിലെ പോരൊരു പോരല്ല
സൗഹൃദത്തിലെ കലങ്ങിമറിയലാം
ഇവിടെ ആഭ്യന്തരമായിട്ടുള്ള കലാപങ്ങളെ സത്യത്തില്‍ നമുക്ക് പറഞ്ഞ് തീര്‍ക്കാവുന്നതാണ്. ഇവിടെ ഇന്ത്യക്കാര്‍ ഭാരതീയര്‍, ഒരറ്റ അമ്മയുടെ മക്കളാണ്.സഹോദരര്‍ ഏകോദര സഹോദരന്മാരാണ്. അവര്‍ക്കു പറഞ്ഞു തീര്‍ക്കവുന്ന കലഹങ്ങളെ ഇന്നിവിടെ നിലനില്‍ക്കുന്നുള്ളൂ. നമ്മള്‍ നേരിടേണ്ടത് വൈദേശിക ശക്തികളായ ഛിദ്രശക്തികളെയാണ്.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നമ്മുടെ വിശ്വാസം ഇല്ലാതാവും എന്നൊരു ശുഭ പ്രതീക്ഷയിലാണ് വള്ളത്തോള്‍ ജീവിച്ചത്. മതപരമായിട്ട് അല്ലെങ്കില്‍ ജാതിയമായിട്ടുള്ള കലഹങ്ങളെയൊക്കെ ഇങ്ങനെ ഉപരവിപ്ലമായി നിരീക്ഷിക്കുവാനാണദ്ധേഹം ശ്രമിച്ചത്. അന്ന് അങ്ങനെ നിരിക്ഷിക്കാന്‍ തക്കവണ്ണം വളരെ ലഘുവായിരുന്നു ജാതീയപരമായിട്ടുള്ള സ്പര്‍ദ്ധകളും മതപരമായുള്ള സ്പര്‍ദ്ദകളുമൊക്കെ. കാരണം അവ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി നിയമപരമായുള്ള വിലങ്ങുതടികള്‍ നീക്കുവാനുള്ള ലഘുവായ ശ്രമങ്ങളാണ്. ഈ നിയമ പരമായ വിലങ്ങുതടികള്‍ ഇല്ലാതാവുമ്പോള്‍ സൗഹൃദം പുനസ്ഥാപിക്കപ്പെടുമെന്നും വിശ്വാസമുണ്ടായിരുന്നു.
എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് നിയമപരമായിട്ടുള്ള വിലങ്ങുതടികള്‍ ഇല്ല, മതപരമായി ബന്ധപ്പെടുത്തുന്നതിനും ജാതീയപരമായി ഒത്തുചേരുന്നതിനും വിലങ്ങുതടികള്‍ താരതമ്യേന കുറവാണ്. വിവാഹബന്ധം പോലും ഇന്ന് വിവിധ മതസ്ഥര്‍ തമ്മില്‍ നടത്തുന്നു. അപ്പോള്‍ കുറച്ച്കൂടി വിശാലമായി ചിന്തിക്കുന്ന സമൂഹം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പക്ഷെ സംഭവിക്കുന്നതെന്താണ്? ഇവിടെ വര്‍ഗീയമായ വിഷം കരുതിക്കൂട്ടി പ്രസരിപ്പിക്കുന്നതിന് വേണ്ടി ചില തത്പരകക്ഷികള്‍ ആസൂത്രിതമായി ശ്രമിക്കുന്നു. അത് കൊണ്ടാണ് ഇന്നത്തെ മതപരമായുള്ള വിരോധങ്ങള്‍ വളരെ മലീമസമായ രീതിയിലേക്ക് അധപതിക്കുന്നത്.
ഗോവധ നിരോധനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, ഗുജ്‌റാത്തിലെ ദലിത്കള്‍ക്ക് നേരെ നടന്ന അക്രമം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മതേതരത്വ ഇന്ത്യയിലെ ഫാഷിസ്റ്റ് ഭീകരതയെ കുറിച്ച് എന്തു പറയുന്നു?.
ഫാഷിസ്റ്റ് ശക്തികള്‍ എല്ലാകാലത്തും അവരുടെ ദുഷ്പ്രഭുത്വം അധികാരത്തിന് വേണ്ടി വിനിയോഗിച്ചിട്ടുണ്ട്. അവരുടെ ജനകീയത ഇന്ന് ജനാധിപത്യത്തിന്റെ മറവില്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. ഇന്ന് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ സമ്പൂര്‍ണമായ സുരക്ഷക്ക് വേണ്ടി. ലോകാ സമസ്താ സുഖിനോ ഭവന്ദു എന്നാണല്ലോ. ലോകം മുഴുവനും ഒന്നാവണം ജനങ്ങള്‍ എല്ലാവരും സുഖിക്കണം.... എന്ന് വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി അധികാര ശക്തികള്‍ എല്ലാകാലത്തും ശ്രമം നടത്താറുണ്ട്.
ഇതിന്റെ പിന്നിലെ ചതിക്കുഴികളെ തിരിച്ചറിയാനാവാത്തവിധം ഒരു തരത്തിലുള്ള വിവേക ശൂന്യതക്ക് നമ്മള്‍ അടിമപ്പെടുകയാണ.് കാരണം നമുക്ക് അറിയുന്നില്ല നാം ചെയ്യുന്നതെന്താണ് എന്ന്, നമ്മള്‍ പ്രവര്‍ത്തിക്കുന്നതെന്താണ് എന്ന്, നമ്മുടെ വഴി എന്താണ് എന്ന്. നമ്മള്‍ വിവേകശൂന്യരായി പോകുന്നത് കൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ അധികാരം കയ്യാളുന്നതും തിണ്ടാടുകയും പാവങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കുകയും ചെയ്യുന്നത്. വിവേക പൂര്‍ണമായ വിദ്യഭ്യാസത്തിലൂടെ ഉത്ബുദ്ധ പൂര്‍ണമായ ഒരു ജനത ഇവിടെ ഉണ്ടാവുകയാണെങ്കില്‍ അതിനെ എല്ലാം നീക്കാം, അവയെല്ലാം കേവലം മാറാലമറകളെ പോലെ കൊഴിഞ്ഞുപോകുന്നതാണ് എന്നാണ് എനിക്ക് അതേകുറിച്ചുള്ള ശുഭാപ്തി വിശ്വാസം.
ഐ.എസിനെ (ഇസ്‌ലാമിക് സ്റ്റേറ്റ് ) കുറിച്ചു ഇസ്‌ലാമിനകത്തുനിന്നും പുറത്തു നിന്നും വായനകള്‍ നടന്നുകൊണ്ടിരിക്കുന്നു, താങ്കളുടെ വായനയില്‍ ഐ.എസ് എന്തായിട്ടാണ് തോന്നിയിട്ടുള്ളത്?
ആധികാരകമായി ഞാന്‍ അതേകുറിച്ച് പഠിച്ചിട്ടില്ല. എങ്കിലും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഐ.എസ് ആവട്ടെ അത് പോലുള്ള തീവ്രവാദ സംഘടനകളാവട്ടെ, വിശുദ്ധമായിട്ടുള്ള യുദ്ധം ജിഹാദ് എന്നിവയെ തെറ്റിദ്ധരിച്ചിട്ടുണ്ട്.വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് ഒരിക്കലും ഒരാളുടെ രക്തം ചിന്തിക്കൊണ്ടല്ല നിങ്ങള്‍ മതത്തെ പ്രചരിപ്പിക്കേണ്ട്ത്. നമ്മളുടെ അഭിപ്രായങ്ങളെ പ്രചരിപ്പിക്കേണ്ടത് എന്ന്. അപ്പോള്‍ ചോരചിന്തുക എന്നത് അതില്‍ എവിടെയും പറഞ്ഞിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. അതിനെതിരാണ് പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രവാചകനെകുറിച്ചും ഇസ്‌ലാമിനെ കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിച്ച പുസ്തകങ്ങള്‍?
വള്ളത്തോളിന്റെ കവിതകളെ അതില്‍ നമുക്ക് എണ്ണാം. പിന്നെ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആള്‍ ഇന്ത്യാ ലെവലില്‍ ഒരു പ്രബന്ധ മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടിയിരുന്നു, അന്ന് അവരെനിക്ക് നബിയുമായി ബന്ധപ്പെട്ട് എം.എം അക്ബര്‍ എഴുതിയിട്ടുള്ള കുറേ പുസ്തകങ്ങള്‍ കൈമാറി. അങ്ങനെയൊക്കാണ് എിനക്ക് ഈ മേഖലയിലെ അറിവ്. വിജ്ഞാനം വര്‍ധിപ്പിക്കാന്‍ പറ്റുന്ന ഏതു പുസ്തകങ്ങളും ഞാന്‍ വായിക്കാറുണ്ട്.
താങ്കളുടെ, അധ്യാപക ജീവിതം, വായന എന്നിവയിലേക്ക് പ്രചോദനമായത് ആര്, സ്വാധീനിച്ച വ്യക്തികള്‍?
അഛനമ്മമാരും ഗുരുനാഥന്‍മാരും തന്നെയാണ്. വായനയുടെ ഒരന്തരീക്ഷം വീട്ടില്‍ പണ്ടേ ഉണ്ടായിരുന്നു. എന്റെ അഛനും അമ്മയും അക്കാലത്ത് കവിതയൊക്കെ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. മഹാകവി വള്ളത്തോളിന്റെ തറവാട്ടില്‍ പെട്ട ആളാണ് ഞാന്‍. അത് കൊണ്ട് ഞങ്ങളുടെ കുടുംബാംഗങ്ങളോക്കെ വായനയെ പ്രോത്സാഹിപ്പിക്കും. കൂടുതലും കവിതകളായിരുന്നു. പിന്നെ ഇസ്‌ലാമികമായിട്ടുള്ള വായനകള്‍ തളിപ്പറമ്പില്‍ നിന്നാണ് തുടങ്ങുന്നത്. 1987 മുതല്‍ ഞാന്‍ അവിടെ അധ്യാപകനായിരുന്നു. ആ സമയത്താണ് എനിക്ക് ഇത്തരം വായനകള്‍ കൂടുതലും ഉണ്ടായിട്ടുള്ളത്.
താങ്കള്‍ക്ക് എഴുത്തുകാരുമായുള്ള സൗഹൃദങ്ങള്‍?
തീര്‍ച്ചയായും, വൈലോപ്പിള്ളി ശ്രീധരമേനോന്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. അദ്ദേഹവുമായി കുട്ടിക്കാലത്തു തന്നെ പലപ്പോഴും സാഹിത്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ടി.എന്‍ ഗോപിനാഥന്‍ നായര്‍ എന്നു പറഞ്ഞിട്ടുള്ള പ്രശസ്ത നാടക കൃത്ത്. പിന്നെ ചെറുകാട്, മംഗലം കലാ സമിതി എന്ന് പേരില്‍ നാട്ടില്‍ ഉണ്ടായിരുന്നു. അതിന്റെ പ്രസിഡന്റ് അഛനായിരുന്നു. അപ്പോള്‍ സാഹിത്യകാരന്മാരൊക്കെ നിത്യ സന്ദര്‍ശകരായിരുന്നു.
ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്ന പുതിയ തലമുറയോട് താങ്കള്‍ എന്ത് പറയുന്നു?
ഇസ്‌ലാം ഒരു മതം എന്നതുപരി ഒരു സംസ്‌കാരമാണ്. ആ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ത്ഥമായ പൊരുള്‍ എന്താണ്, യഥാര്‍ത്ഥമായ അന്തര്‍ധാര എന്തായിരിക്കണം എന്ന് മനസ്സിലാക്കി മത പഠനം നിര്‍വ്വഹിക്കുകയും അതിന്റെ പഠിതാക്കളില്‍ നിലവില്‍ പലരൂപത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതിരിക്കാന്‍ ശ്രമിക്കുകയും വേണം. മാത്രവുമല്ല യുക്തിപൂര്‍വ്വം ചിന്തിക്കുവാന്‍ അവസരുമുണ്ടാക്കിക്കൊടുക്കുകയും വേണം. മനുഷ്യന്റെ ആദ്യന്തികമായ ലക്ഷ്യം എന്തായിരിക്കണം, മനുഷ്യന്റെ സംശുദ്ധമായ കര്‍മ്മ മണ്ഡലത്തെ കുറിച്ച് ശരിയായ ബോധം പകര്‍ന്നു കൊണ്ടിരിക്കുന്നു ഒരു വിദ്യഭ്യാസമാണ് നല്‍കേണ്ടത്. അതിന് ഉതകുന്ന തരത്തില്‍ മതപഠനത്തെയും നവീകരിക്കേണ്ടതുണ്ട്. എന്നതാണ് വിശ്വാസം. അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുകയും വേണം.
കേരളത്തിനു പുറത്തെ
താങ്കളുടെ യാത്രകളില്‍ ശ്രദ്ധയില്‍ പതിഞ്ഞ മുസ്‌ലിം അടയാളങ്ങള്‍ ഏതൊക്കെയാണ്?
കേരളത്തിനകത്തു തന്നെയാണ് എനി്ക്ക് പറയാനുള്ളത്, ഞങ്ങളുടെ അടുത്ത് ഒരു പുല്ലൂണിക്കാവവുണ്ട്. പുല്ലൂണിക്കാവില്‍ ക്ഷേത്ര ഉത്സവത്തിന് ബന്ധപ്പെട്ടിട്ടുള്ള പ്രധാന ചടങ്ങ് ബി.പി അങ്ങാടിയില്‍ ഒരു പള്ളിയുണ്ട്. പുതിയങ്ങാടി പള്ളി. അവിടെ യാഹൂ തങ്ങള്‍ വന്നിട്ടാണ് ക്ഷേത്രത്തിന്റെ ഉത്സവമായി എന്ന് അറിയിക്കുക. അത് അന്നും ഇന്നുമുണ്ട്. ഈയൊരു ചടങ്ങ,് കണ്ട് വളര്‍ന്നിട്ടുള്ളവനാണ് ഞാന്‍. ഹിന്ദു മതത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ ഞാന്‍ അന്വേഷിക്കാറുണ്ട്. പ്രബന്ധം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഞാന്‍ കേരളത്തിനു പുറത്തായാലും ശ്രദ്ധിക്കാറുണ്ട്.
Leave A Comment