ശൈഖ് സ്വാബൂനി, ഹലബില്‍നിന്ന് ലോകത്തോളം വളര്‍ന്ന പണ്ഡിതന്‍
പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും സിറിയന്‍ പണ്ഡിത സഭയുടെ മുന്‍അധ്യക്ഷനും അമ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അല്ലാഹുവിലേക്ക് യാത്രയായി. 91 വയസ്സായിരുന്നു അദ്ദേഹത്തിന്. തുര്‍ക്കിയിലെ യല്‍വാ പട്ടണത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഇസ്‍ലാമിക സര്‍വ്വകലാശാലകളിലെ പാഠ്യപദ്ധതിയുടെ ഭാഗം പോലുമായി മാറിയ ഒട്ടേറെ കൃതികളുടെ ഗ്രന്ഥകാരന്‍ കൂടിയാണ് അദ്ദേഹം. 2007- ല്‍ ദുബൈ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഇസ്ലാമിക് പേഴ്സണാലിറ്റി അവാര്‍ഡ് അടക്കം ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സിറിയയിലെ ഹലബ് ആണ് ശൈഖ് സ്വാബൂനിയുടെ ജന്മദേശം. ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം സിറിയയില്‍ തന്നെ വിജ്ഞാന രംഗത്ത് സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. ശേഷം ഔദ്യോഗിക ക്ഷണ പ്രകാരം, മക്കിയലെ ഉമ്മുല്‍ഖുറാ യൂണിവേഴ്സറ്റിയില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം, 30 വര്‍ഷത്തോളം ആ പദവിയില്‍ തന്നെ തുടര്‍ന്നു. ഔദ്യോഗികമായി അധ്യാപന ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും സൌദിയില്‍ തന്നെ തുടര്‍ന്ന അദ്ദേഹം, ജന്മ നാടായ സിറിയയിലും സമീപരാഷ്ട്രമായ തുര്‍ക്കിയിലും ഇടക്കിടെ പോവാറുണ്ടായിരുന്നു. അവിടങ്ങളിലെ പണ്ഡിതരെല്ലാം ഏറെ ആദരവോടെയാണ് കണ്ടിരുന്നത്.
സ്വഫ്‍വതുത്തഫാസീര്‍, ഈജാസ് തുടങ്ങി ഒട്ടേറെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും തിബ്‍യാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ അടക്കമുള്ള ഖുര്‍ആന്‍ വിജ്ഞാന നിദാന ശാസ്ത്ര രചനയും അടക്കം 50ലേറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. കേരളത്തിലടക്കം പല ഇസ്‍ലാമിക സര്‍വ്വകലാശാലകളിലും ഇവ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
അറബ് വിപ്ലവത്തോടും സിറിയന്‍ പ്രക്ഷോഭത്തോടുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുസ്‍ലിംകളുടെ അധികാരം ഏറ്റെടുത്തവര്‍ അവരെ പീഢിപ്പിക്കുന്നത് ഒരിക്കലും നോക്കി നില്‍ക്കാനാവില്ലെന്ന് അവര്‍ക്കെതിരെ ശബ്ദിക്കേണ്ടതും രംഗത്തിറങ്ങേണ്ടതും പണ്ഡിതരുടെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം ലോകത്തോട് ഉറക്കെ പറഞ്ഞു. 80കളുടെ അവശതകളിലും അദ്ദേഹം നടത്തിയ ഉജ്ജ്വല പ്രഖ്യാപനം ഇങ്ങനെ വായിക്കാം, അക്രമകാരികളായ അധികാരികളോട് ചേര്‍ന്ന് നില്‍ക്കുന്ന പണ്ഡിതരേ, നിങ്ങളുടെ കാര്യം സങ്കടം തന്നെ. ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കാത്തവരുടെ മുഖത്ത് നോക്കി അരുതെന്ന് പറയേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരാവദിത്തമാണ്.
2007- ല്‍ ദുബൈ ഖുര്‍ആന്‍ അവാര്‍ഡ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു, പിന്നീട് ഏകദേശം 10 വര്‍ഷം മുമ്പ് മക്കയിലേക്കുള്ള ഒരു യാത്രയില്‍ പ്രധാനമായ ഒരു ലക്ഷ്യം ശൈഖ് സ്വാബൂനിയെ വിശദമായി കാണുക എന്നത് കൂടിയായിരുന്നു. ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയിലായിരുന്ന അദ്ദേഹം, അസീസിയ്യയിലായിരുന്നു താമസം. ഏറെ അന്വേഷണങ്ങളിലൂടെ വീട് കണ്ടെത്തി നേരില്‍ സന്ദര്‍ശിക്കുകയും ഏറെ നേരം സംസാരിച്ചിരിക്കുകയും ചെയ്തു.
ദാറുല്‍ഹുദായെയും അദ്ദേഹത്തിന്റെ കൃതിയായ തിബ്‍യാന്‍ ഉള്‍ക്കൊള്ളുന്ന അതിന്റെ പാഠ്യപദ്ധതിയെയും പ്രത്യേകമായും കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെയും മതപ്രവര്‍ത്തനങ്ങളെയുമെല്ലാം പൊതുവായും പരിചയപ്പെടുത്തി. എല്ലാം കേട്ട അദ്ദേഹം ഏറെ സന്തോഷം രേഖപ്പെടുത്തി, കൂടുതല്‍ ഉന്നമനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിച്ചു. ശാഫിഈ മദ്ഹബുകാരനായ അദ്ദേഹം തികഞ്ഞ സ്വൂഫീ ജീവിതമായിരുന്നു നയിച്ചിരുന്നത്. ലോകപ്രശസ്തവും ഏറെ സ്വീകാര്യവുമായ ഒട്ടേറെ കൃതികളിലൂടെ, ജീവിത കാലത്ത് തന്നെ ലോകത്തിന്റെ പല ഭാഗത്തും അദ്ദേഹത്തിന് എത്തിപ്പെടാനായി എന്നത് വലിയൊരു തൌഫീഖ് തന്നെ.
അദ്ദേഹത്തിന്റെ മക്കളും നല്ല പണ്ഡിതരും വിജ്ഞാന മേഖലയില്‍ തന്നെ കഴിയുന്നവരുമാണ്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ നാഥന്‍ സ്വീകരിക്കട്ടെ.
Leave A Comment