ഷെങ് ഹെ: ചൈനീസ് മുസ്‍ലിം പര്യവേഷകൻ
പര്യവേഷകർ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സില്‍ തെളിയുന്നത് മാർക്കോ പോളോ, ഇബ്‌ൻ ബത്തൂത്ത, എവ്ലിയ സെലെബി, ക്രിസ്റ്റഫർ കൊളംബസ് മുതലായവരാണ്. എന്നാൽ പര്യവേഷണ ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ, ലോകം അധികം അറിയാതെ പോയ ഒരു യാത്രികനുണ്ട്. ജന്മദേശമായ ചൈനയിൽ പോലും അദ്ദേഹം വേണ്ടവിധം അംഗീകരിക്കപ്പെടുകയോ അറിയപ്പെടുകയോ ചെയ്തിട്ടില്ല. ചൈനയുടെ ഏറ്റവും വലിയ അഡ്മിറൽ, പര്യവേഷകൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ വിഖ്യാത സംഭാവനകളര്‍പ്പിച്ച അദ്ദേഹം ഒരു മുസ്‍ലിം യുവാവ് കൂടിയാണ്, പേര് ഷെങ് ഹെ.
1371-ൽ തെക്കൻ ചൈനയിലെ യുനാനിൽ ഹുയി (ഒരു മുസ്‍ലിം ചൈനീസ് വംശീയ വിഭാഗം) കുടുംബത്തിലാണ് ഷെങ് ഹി ജനിച്ചത്. മാ ഹി എന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മനാമം. ചൈനയിൽ കുടുംബപ്പേരാണ് ആദ്യം പറയുക, തുടർന്ന് സ്വന്തം പേര് നൽകുകയെന്ന സമ്പ്രദായമാണുള്ളത്. "മ" ചൈനയിൽ "മുഹമ്മദ്" എന്നതിന്റെ ചുരുക്കമായാണ് അറിയപ്പെടുന്നത്. ഇത് ഷെങ് ഹിയുടെ മുസ്‍ലിം പൈതൃകത്തെ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പിതാവും പിതാമഹനും മക്കയില്‍ പോയി ഹജ്ജ് നിര്‍വ്വഹിച്ചവരായിരുന്നു. അക്കാലത്ത് ചൈനയില്‍നിന്ന് ഹജ്ജിനെത്തുന്നത് വലിയൊരു ദൌത്യം തന്നെയായിരുന്നു.
ചെറുപ്പത്തിൽ, മിംഗ് രാജവംശത്തിന്റെ സൈന്യം അദ്ദേഹത്തിന്റെ പട്ടണം ആക്രമിച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തെ പിടികൂടി തലസ്ഥാനമായ നാൻജിംഗിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയ അദ്ദേഹത്തിന് കൊട്ടാരത്തിലെ സേവകനായി ജോലി ചെയ്യേണ്ടിവന്നു. പ്രയാസകരമായ സാഹചര്യങ്ങൾക്കിടയില്‍, രാജകുമാരന്മാരിൽ ഒരാളായ ഷു ഡിയുമായി അദ്ദേഹം ചങ്ങാത്തത്തിലായി. ശേഷം ഷു ഡി ചക്രവർത്തിയായപ്പോൾ ഹെയും ഗവൺമെന്റിലെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. ഈ സമയത്താണ് അദ്ദേഹത്തിന് "ഷെങ്" എന്ന ബഹുമതി നൽകപ്പെട്ടത്. പിന്നീട് ഷെങ് ഹെ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പര്യവേഷണങ്ങൾ
1405-ൽ ചക്രവർത്തി ഷുഡി ലോകത്തിന്റെ മറ്റു ഭാഗങ്ങൾ പര്യവഷണം ചെയ്യുന്നതിനും വ്യാപാരം നടത്തുന്നതിനുമായി ധാരാളം കപ്പലുകളിലായി സഞ്ചാരികളെ അയക്കാൻ തീരുമാനിച്ചപ്പോൾ പര്യവേഷണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം തിരഞ്ഞെടുത്തത് ഷെങ് ഹിയെയാണ്. ഏതാണ്ട് 30,000 നാവികർ ഭാഗമായിരുന്ന, വളരെ വിപുലമായ ആ പര്യവേഷണ യാത്രകള്‍ 1405 നും 1433 നും ഇടയിലായിരുന്നു. ഇന്നത്തെ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഇന്ത്യ, ശ്രീലങ്ക, ഇറാൻ, ഒമാൻ, യെമൻ, സൗദി അറേബ്യ, സൊമാലിയ, കെനിയ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് നടത്തിയ ആ പര്യവേഷണ യാത്രകൾക്ക് നേതൃത്വം നൽകിയത് ഷെങ് ഹെയായിരുന്നു. ഒരു യാത്രയ്ക്കിടയിൽ ഷെങ് ഹി ഹജ്ജ് കര്‍മ്മത്തിനായി മക്കയിലുമെത്തി.
ഈ പര്യവേഷണങ്ങളിൽ ഷെങ് ഹെയുടെ ഉപദേശകരിൽ പലരും ചൈനീസ് മുസ്‌ലിംകളായിരുന്നു. യാത്രയിൽ കണ്ടുമുട്ടിയ മുസ്‍ലിം ജനങ്ങളുമായി സംസാരിക്കാനായി, അറബി ഭാഷയില്‍ നിപുണനായ മാ ഹുവാൻ എന്ന യാത്രികനുമുണ്ടായിരുന്നു. യിംഗ്-യായ് ഷെങ്-ലാൻ എന്ന പേരിൽ അദ്ദേഹം തന്റെ യാത്രകളെ ആസ്പദമാക്കി രചിച്ച വിവരണം ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റും പതിനഞ്ചാം നൂറ്റാണ്ടിൽ അധിവസിച്ചിരുന്ന സമൂഹങ്ങളെ മനസ്സിലാക്കിത്തരുന്ന ചരിത്രരേഖയാണ്.
അറ്റ്‍ലാന്റിക്കിന് കുറുകെ സഞ്ചരിച്ച കൊളംബസിന്റെ കപ്പലുകളുടെ പലമടങ്ങ് വലിപ്പത്തില്‍, 400 അടി വരെ നീളമുള്ളതായിരുന്നു ഷെങ് ഹെ കമാൻഡ് ചെയ്ത കപ്പലുകൾ. യാങ്‌സി നദിയിൽ നിർമ്മിച്ച കപ്പൽശാലകളിൽ നിന്നുള്ള പുരാവസ്തു തെളിവുകൾ ഈ കപ്പലുകൾ യഥാർത്ഥത്തിൽ ആധുനിക ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലുതായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്.
അവർ നാവിക സഞ്ചാരം നടത്തുന്ന എല്ലായിടത്തും ചൈനീസ് ചക്രവർത്തിക്ക് ആദരവുകള്‍ അർപ്പിക്കുന്നതിനായി പ്രാദേശിക ജനങ്ങളുടെ അംഗീകാരം സമർപ്പിക്കാൻ അവർ ആജ്ഞാപിച്ചു. യാത്രകളിലൂടെ വികസിച്ച വ്യാപാരത്തിലൂടെ, ആനക്കൊമ്പ്, ഒട്ടകം, സ്വർണ്ണം, ആഫ്രിക്കയിൽ നിന്നുള്ള ജിറാഫ് തുടങ്ങിയ വിദേശ വസ്തുക്കളുമായിട്ടാണ് ഷെങ് ഹി ചൈനയിലേക്ക് തിരിച്ചുപോന്നിരുന്നത്. ഈ പര്യവേഷണങ്ങൾ കാരണം ലോകത്താകമാനം ചൈന ഒരു സാമ്പത്തിക, രാഷ്ട്രീയ വൻശക്തിയാണ് എന്ന ബോധം പ്രചരിച്ചിരുന്നു.
ഇസ്‍ലാം പ്രചാരണം
സാമ്പത്തികവും രാഷ്ട്രീയവും മാത്രമായിരുന്നില്ല ഷെങ് ഹെയുടെ നേതൃതത്തിലുള്ള ഈ മഹത്തായ യാത്രയുടെ ഫലങ്ങൾ. അദ്ദേഹവും അദ്ദേഹത്തിന്റെ മുസ്‍ലിം ഉപദേശകരും യാത്ര ചെയ്യുന്നിടത്തെല്ലാം ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തു. ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ ജീവിക്കുന്ന ചെറിയ മുസ്‍ലിം സമൂഹങ്ങളെ അദ്ദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ഏഷ്യയിൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ, അറേബ്യന്‍-ഇന്ത്യന്‍ വ്യാപാര ബന്ധത്തിലൂടെ ഇസ്‍ലാം വ്യാപിക്കാൻ തുടങ്ങിയിരുന്നു. ഈ മേഖലകളിൽ ഇസ്‌ലാമിന്റെ വളർച്ചക്ക് സെങ് ഹെയുടെ യാത്രകളും ആക്കം കൂട്ടി.
പാലെംബാംഗിലും ജാവ, മലായ് പെനിൻസുല, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും അദ്ദേഹം ചൈനീസ് മുസ്‍ലിം കമ്മ്യൂണിറ്റികൾ സ്ഥാപിച്ചു. ഈ കമ്മ്യൂണിറ്റികൾ പ്രാദേശിക ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനും പ്രദേശത്ത് ഇസ്‌ലാമിന്റെ വ്യാപനത്തിനും നിസ്തുല സംഭാവനകളാണ് അർപ്പിച്ചത്. അവർ അവിടെ മസ്ജിദുകൾ നിർമ്മിക്കുകയും പ്രാദേശിക മുസ്‍ലിം സമൂഹത്തിന് ആവശ്യമായ മറ്റ് സാമൂഹിക സേവനങ്ങൾ ചെയ്യുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്‍ലാമിലേക്ക് വന്നത് ഷെങ് ഹെയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങളുടെ ഫലമാണ് എന്നതാണ് വസ്തുത.
1433-ൽ ഷെങ് ഹെയുടെ മരണത്തിനു ശേഷവും മറ്റ് ചൈനീസ് മുസ്‍ലിംകൾ തെക്കുകിഴക്കൻ ഏഷ്യയിൽ ഇസ്‍ലാം പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. ചൈനീസ് മുസ്‍ലിം വ്യാപാരികൾ തെക്കുകിഴക്കൻ ഏഷ്യയിലെ ദ്വീപുകളിലെയും മലായ് പെനിൻസുലയിലെയും പ്രാദേശിക ജനങ്ങളുമായി മിശ്രവിവാഹം നടത്താനും ഒത്തുചേരാനും താല്‍പര്യം കാട്ടി. ഇത് തെക്കുകിഴക്കൻ ഏഷ്യയിൽ കൂടുതൽ ആളുകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരികയും വളർന്നുവരുന്ന മുസ്‌ലിം സമൂഹത്തെ ശക്തിപ്പെടുത്തുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തു.
Read More: ചൈനീസ് മുസ്‌ലിംകളുടെ വര്‍ത്തമാനം
അഡ്മിറൽ, നയതന്ത്രജ്ഞൻ, സൈനികൻ, വ്യാപാരി എന്നീ നിലകളിലെല്ലാം ചൈനീസ്, മുസ്‍ലിം ചരിത്രത്തിലെ അതികായനാണ് ഷെങ് ഹെ. നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ മരണശേഷം ചൈനീസ് ഗവൺമെന്റ് കൺഫ്യൂഷ്യസിന്റെ തത്വചിന്തകള്‍ക്ക് പ്രാധാന്യം കൊടുത്തതോടെ, അദ്ദേഹത്തെ പോലുള്ളവരുടെ പര്യവേഷണങ്ങളെ അവഗണിക്കുന്നതിലാണ് എത്തിപ്പെട്ടത്. തൽഫലമായി, അദ്ദേഹത്തിന്റെ നേട്ടങ്ങളും സംഭാവനകളും നൂറുകണക്കിന് വർഷങ്ങളോളം ചൈനയില്‍ വിസ്മരിക്കപ്പെട്ടു.
അതേസമയം, തെക്കുകിഴക്കൻ ഏഷ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍ക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഈ പ്രദേശത്തെ നിരവധി മസ്ജിദുകൾക്ക് അദ്ദേഹത്തിന്റെ പേരിട്ടിരുന്നു.
Leave A Comment