ഷെയ്ഖ് അഹമ്മദ് ബാംബ: സ്വാതന്ത്ര്യ സമര സേനാനിയായ സെനഗൽ പണ്ഡിതന്‍

1853-ൽ സെനഗലിലെ എംബാക്കെ ഗ്രാമത്തിലാണ് അഹ്മദ് ബാംബ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഖാദിരി ത്വരീഖത്ത് സ്വീകരിച്ച പണ്ഡിത കുടുംബമാണ്. സെനഗലിലെ അക്കാലത്തെ ഏറ്റവും ആദരണീയ വ്യക്തിത്വത്തത്തിന് ഉടമയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. രാജ്യത്തെ മതപരമായ വിദ്യാഭ്യാസ അഭിവൃദ്ധിക്കായി നിരവധി ഇസ്‌ലാമിക് സ്‌കൂളുകളാണ് അദ്ദേഹം തന്റെ രാജ്യത്ത് നിർമ്മിച്ചത്. അദ്ദേഹത്തിന്റെ മാതാവ് സമൂഹ സേവനത്തിന്റെ ഗോദയിൽ പ്രശസ്തയായിരുന്നു. കുട്ടിക്കാലത്ത് തന്നെ  ഇസ്‍ലാമിക വിജ്ഞാനം നുകരാനും ആത്മീയ വീഥിയിൽ പിതാവിനെ അനുകരിക്കാനും അദ്ദേഹം ഉത്സുകനായിരുന്നു.

ഷെയ്ഖ് അഹ്മദ് 1883-ൽ മൗരീദിയ്യ എന്ന പുതിയൊരു സരണി രൂപീകരിച്ചു. അതിന്റെ തലസ്ഥാനം സെനഗലിലെ തൗബയിലാണ്. കഠിനാധ്വാനം, സ്വാശ്രയത്വം, നല്ല പെരുമാറ്റം, ഖുർആനും സുന്നത്തും അംഗീകരിക്കൽ തുടങ്ങിയ സദ്‌ഗുണങ്ങൾ ഊന്നിപ്പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ. അല്ലാഹുവിനോടും പ്രവാചകനോടും ഉള്ള സ്നേഹത്തിന് ഊന്നൽ നൽകാനാണ് മൗരീദിയ്യ സരണി അനുയായികളെ ഉദ്ഘോഷിച്ച് കൊണ്ടിരുന്നത്. ധ്രുതഗതിയിൽ വലിയൊരു സമൂഹമായിത്തീർന്ന മൗരീദിയ്യകൾ  ഫ്രഞ്ച് സാമ്രാജ്യത്വത്തിനെതിരെ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയവരാണ്. സാമ്രാജ്യത്വത്തിന്റെ വിനാശകരമായ സാമൂഹിക പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ആയുധമായി മാറുകയായിരുന്നു അവർ. അവർ കേവലം ഒരു മത നവോത്ഥാന പ്രസ്ഥാനമായിരുന്നില്ല, മറിച്ച് ഒരു സാമൂഹിക വിപ്ലവ പ്രസ്ഥാനമായിരുന്നു എന്ന് വേണം പറയാന്‍.

1887-ൽ ഷെയ്ഖ് ബാംബ തൗബ സെന്റർ സ്ഥാപിച്ചു. അദ്ദേഹം പുലർത്തിയ തത്ത്വങ്ങളെ മുറുകെ പിടിച്ച് തൗബ ഉടൻ തന്നെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ആത്മീയ കേന്ദ്രമായി മാറി. ഇവിടെ നിന്നാണ് ഷെയ്ഖിന്റെ അധ്യാപനങ്ങള്‍ സെനഗലിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശ നാടുകളിലേക്കും വ്യാപിക്കുന്നത്. ധ്രുതഗതിയിൽ ജനങ്ങൾക്കിടയിൽ ബംബയുടെ സ്വാധീനം വ്യാപിച്ചപ്പോൾ ഫ്രഞ്ച് കൊളോണിയൽ ഗവൺമെന്റ് അതേകുറിച്ച് ആശങ്കാകുലരാകുകയും സെനഗലിന്റെ മേലുള്ള തങ്ങളുടെ ഭരണത്തിന് ബാംബയെ ഒരു ഭീഷണിയായി കണക്കാക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന്റെ നേത്യത്വത്തിൽ ജനങ്ങൾ തങ്ങൾക്കെതിരെ  കലാപം നടത്തുമെന്ന കാര്യത്തിൽ ഭയചകിതരായിരുന്നു.

1895-ൽ ഭരണകൂടത്തിനെതിരെ  സൈന്യത്തെ ഉത്സുകരാക്കി ഇളക്കിവിട്ടതിന്റെ പേരിൽ ഫ്രഞ്ചുകാർ ഷെയ്ഖ് അഹ്മദിനെ വിചാരണയ്ക്കായി കൊണ്ടുപോയി. കൊളോണിയൽ അധിനിവേശ ശക്തിയായ ഫ്രാൻസിനെതിരെ, മാതൃരാജ്യത്തോടുള്ള അമിതമായ താത്പര്യവും സ്നേഹവും സദാ പ്രകടിപ്പിച്ച് കൊണ്ടേയിരുന്നു. തൽഫലമായി, അദ്ദേഹത്തെ നാടുകടത്താൻ തീരുമാനിക്കുകയും ഗാബോണിലേക്ക് നാടുകടത്തുകയും അവിടെ 7 വർഷവും 9 മാസവും അദ്ദേഹം കഴിച്ച് കൂട്ടുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രവാസവും ഫ്രഞ്ചുകാരുടെ കൈകളിൽ നിന്ന് ഏല്ക്കേണ്ടിവന്ന  പീഢനവും  വധശ്രമവും അവസാനം രക്ഷപ്പെടലുമെല്ലാം  അത്ഭുതകരമായ അതിജീവന കഥകളാണ് നമ്മോട് പറയുന്നത്. 1902-ൽ തിരിച്ചെത്തിയ അദ്ദേഹത്തെ  മൗറിറ്റാനിയയിലെ മരുഭൂമികളിലേക്ക് വീണ്ടും നാടുകടത്തി. അവിടെ അദ്ദേഹം പണ്ഡിതന്മാർക്കും സ്വൂഫികള്‍ക്കുമിടയില്‍ 4 വർഷം ചെലവഴിച്ചു. പ്രവാസ കാലത്ത് അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്തുതിച്ചുകൊണ്ട് കവിതകൾ എഴുതുകയും ഫിഖ്ഹ്, അഖിദ, തഫ്സീർ എന്നിവയിൽ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു.

തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഫ്രഞ്ചുകാർ ഷെയ്ഖിനെ 1907-ൽ സെനഗലിലേക്ക് തിരികെ കൊണ്ടുവന്നു. അവിടെ അദ്ദേഹത്തിന്റെ സ്വാധീനവും അനുയായികളും വർദ്ധിച്ചു. അപ്പോഴും അദ്ദേഹത്തെ ഒരു ഭീഷണിയായാണ് അവർ കണക്കാക്കിയത്. അവസാനം ഫ്രഞ്ചുകാർ അദ്ദേഹത്തെ ജീവിതകാലം മുഴുവൻ വീട്ടുതടങ്കലിലാക്കി. 1919-ൽ അദ്ദേഹത്തിന് ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ ലഭിച്ചെങ്കിലും ഭൗതികതയുടെ പേരിലായതിനാൽ മെഡൽ സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 

1927-ൽ ആണ് അദ്ദേഹം മരിക്കുന്നത്. സെനഗലിലെ രണ്ടാമത്തെ വലിയ നഗരമായ ടൗബയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. ഇന്ന് സെനഗലിൽ ജനസംഖ്യയുടെ പകുതിയിലധികവും ജനങ്ങൾ മൗരീദിയ്യ സരണി പിന്തുടരുന്നവരാണ്. ലോകമെമ്പാടും അതിന് അനുയായികളുമുണ്ട്. എല്ലാ വർഷവും അദ്ദേഹത്തിന്റെ പ്രവാസ യാത്രയുടെ സ്മരണയായി ഗ്രാൻഡ് മഗലിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഒരുമിച്ചു കൂടുന്നത്. മത പ്രഭാഷണങ്ങളും ഖുർആൻ പാരായണവും കവിതാ രചനയും ആലാപനവുമെല്ലാമായി അവര്‍ ഓര്‍മ്മകളെ സജീവമാക്കി നിര്‍ത്തുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter