സമകാലികതയുടെ നിരര്‍ത്ഥകതയില്‍ നിന്നും മനുഷ്യനെ മാറ്റിച്ചിന്തിപ്പിക്കുന്നതാണ് ജ്ഞാനം. ഈ പ്രക്രിയക്ക് തിരിച്ചറിവ് എന്ന് പറയുന്നു. ഇന്ന് നമ്മുടെ കാമ്പസുകളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണിത്. മനുഷ്യനെ സംസ്‌കരിച്ച് സമുന്നതനാക്കി മാറ്റേണ്ട അറിവും അറിവുകേന്ദ്രങ്ങളും ഇന്ന് അപ്പാടെ മാറിക്കഴിഞ്ഞു. വിദ്യ നമുക്കുമുമ്പില്‍ കച്ചവടച്ചരക്കുപോലെ വിറ്റ് കാശാക്കാനുള്ള ഒരു സാധനമായി പരിണമിച്ചിരിക്കുന്നു. നമ്മള്‍ അവയെ കാണുന്നതും അങ്ങനെത്തന്നെയാണ്. ജോലി നേടാനും പരീക്ഷകള്‍ ജയിക്കാനുമാണ് നമ്മളിന്ന് പഠിക്കുന്നത്. മൂല്യ ബോധമോ സഹകരണമോ ഇവിടെ പ്രശ്‌നമാകുന്നില്ല. കാരണം, ഓരോ ഡിഗ്രി ഉയരുമ്പോഴും നാം ഇവിടെ ഉന്നം വെക്കുന്നത് മഞ്ഞളിക്കുന്ന ചില്ലിക്കാശുകള്‍ മാത്രം. സുഹൃത്തെ, ഇനി ചിന്തിക്കുക. നമ്മുടെ ഈ സമീപനം ശരിയാണോ ? എന്നാണ് മതവും അറിവും രണ്ടായി പകുക്കപ്പെട്ടത് ? എപ്പോഴാണിത് കച്ചവടച്ചരക്കായി പരിണമിച്ചത് ? വിദ്യാഭ്യാസം വരുമാന മാര്‍ഗ്ഗമായി എന്നാണ് മാറിയത് ? ഈ ചോദ്യങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ മറുപടിയാണ് നമ്മുടെ ഇന്നത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇസ്‌ലാമിനെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്‍പിച്ച മറ്റൊരു മതവുമില്ലെന്നതാണ് വസ്തുത. മധ്യകാല മുസ്‌ലിംകള്‍ സാധിച്ചെടുത്ത വൈത്ജ്ഞാനിക നവോത്ഥാനത്തിന്റെ ഉയിരും ആത്മാവും ഖുര്‍ആനായിരുന്നു. പക്ഷെ, ഈ ശോഭനമായ പാരമ്പര്യം മുമ്പില്‍ വെച്ചത്‌കൊണ്ടുമാത്രം എല്ലാം സ്വായത്തമായി എന്ന് ധരിക്കുന്നത് തികഞ്ഞ വങ്കത്തരമാണ്. മൗലികതയിലൂന്നിയുള്ള അദ്ധ്വാനവും പരിശ്രമവും ഉണ്ടായാല്‍ മാത്രമേ ജ്ഞാനബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ. അതാണ് ഇന്ന് നമ്മുടെ ദൗത്യം. അതിനാല്‍ ഇസ്‌ലാമിന്റെ ജ്ഞാനവീക്ഷണം അടുത്തറിയുമ്പോഴേ ഇത് സാധിതമാകുന്നുള്ളൂ.
തൗഹീദിനെ ആശ്രയിച്ചിരിക്കുന്നു ഇസ്‌ലാമില്‍ ജ്ഞാന സങ്കല്‍പം. എന്നുവെച്ചാല്‍, ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ദൈവത്തില്‍ കലാശിക്കുന്നതാണ് ഓരോ ജ്ഞാന രൂപങ്ങളും. അല്ലാഹുവിനെ കണ്ടെത്താനോ അവന്റെ മാഹാത്മ്യതകള്‍ അടുത്തറിയാനോ സഹായകമല്ലാത്ത ജ്ഞാനരൂപങ്ങള്‍ ഇസ്‌ലാമികമല്ല. എന്നല്ല, ജ്ഞാനങ്ങള്‍ തന്നെയല്ല. ഇന്നവ ജ്ഞാനശാഖകളുടെ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെങ്കിലും ശരി. തൗഹീദില്‍ അധിഷ്ഠിതമാണ് വിദ്യ എന്നതിനാല്‍ വിദ്യയുടെ അഭ്യാസവും അങ്ങനെയാകേണ്ടതുണ്ട്. അപ്പോഴേ അതിന്റെ ലക്ഷ്യം സാധൂകരിക്കപ്പെടുന്നുള്ളൂ.
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സ്വത്വരൂപീകരണത്തിന്റെ മാര്‍ഗരേഖയാണ് വിദ്യാഭ്യാസം. ഇത് സ്വന്തമാക്കുമ്പോഴാണ് ഒരു മനുഷ്യന്‍ എന്ന നിലക്ക് അവന്‍ പൂര്‍ണ്ണനാകുന്നത്. ഇവിടെ ശരീരത്തിന് ഭക്ഷണമെന്നപോലെ മനസ്സിന് വിജ്ഞാനം കൂടിയേ തീരൂ. അപ്പോഴാണ് അത് വികസിക്കുന്നതും മനുഷ്യന്റെ വീക്ഷണങ്ങള്‍ വികസിക്കുന്നതും.
ഐഹിക പാരത്രിക നാനോന്മുഖ വിജയത്തിലേക്കുള്ള വഴികള്‍ അന്വേഷിക്കുക എന്നതിലുപരി, വഴി തുറന്നു തരികയാണു ഇസ്‌ലാമില്‍ ജ്ഞാനം ചെയ്യുന്നത്. ഭൗതികതയുടെ കേവലാര്‍ത്ഥങ്ങള്‍ക്കോ ജാടകള്‍ക്കോ ഇവിടെ യാതൊരുവിധ പരിഗണനയുമില്ല. അത്‌കൊണ്ടുതന്നെ അല്ലാഹുവുമായി നേരില്‍ ബന്ധപ്പെട്ടുകിടക്കുന്നു ഇസ്‌ലാമില്‍ വിദ്യാഭ്യാസം. ദൈവിക പ്രാപ്തിയും സംസ്‌കാരസമ്പന്നമായ സമൂഹ സൃഷ്ടിയുമാണ് ഇത് ലക്ഷീകരിക്കുന്നത്.
പക്ഷെ, നമ്മളിന്ന് എവിടെ എത്തിനില്‍ക്കുന്നു ? നമ്മുടെ വിദ്യാഭ്യാസ ലക്ഷ്യം എന്താണ് ? നാം സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് ദൈവിക പ്രീതി ഉദ്ദേശിച്ചുകൊണ്ടാണോ ? നാം ജിയോളജിയും സോഷ്യോളജിയും പഠിക്കുമ്പോള്‍ അവിടെ എന്ത് ദൈവ ബോധമാണ് ഉണ്ടാവാറുള്ളത് ? പ്രിയ സുഹൃത്തെ, ഒരു ആത്മ വിചിന്തനത്തിന് തയ്യാറാവുക.
പരിശുദ്ധവും പവിത്രവുമായ അറിവും അറിവിന്‍ കേന്ദ്രങ്ങളും ഇന്ന് സമൂഹത്തിലെ ഏറ്റവും മലീമസമായ രംഗങ്ങളായി മാറിയിട്ടുണ്ട്. പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ സ്വീകരണ മുറികളാണ് ഇന്ന് നമ്മുടെ കാമ്പസുകള്‍. മൂല്യങ്ങള്‍ പകര്‍ത്തുന്നതിന് പകരം വ്യക്തിത്വം കളഞ്ഞുകുളിക്കുന്ന തരത്തിലുള്ള കാഴ്ചകളും പ്രകടനങ്ങളുമാണ് ഇന്ന് അവിടെ അരങ്ങേറുന്നത്. മൃഗീയതയും പൈശാചികതയുമാണ് നമ്മള്‍ പകര്‍ത്തിയെടുക്കുന്നത്. ദൈവം നല്‍കിയ ചിന്തയും വിവേകവും മാറ്റിവെച്ച് അവിടെ നമ്മള്‍ മൃഗത്തെക്കാള്‍ അധ:പതിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീ പുരുഷ സങ്കലനം പ്രശ്‌നമല്ലാതായി മാറുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ മൂക്കറ്റം സേവിക്കുന്നു. ഇങ്ങനെ, ഒരു ശരാശരി മനുഷ്യന് എത്രകണ്ട് അധ:പതിക്കാന്‍ സാധിക്കുമോ നാം അത്രതന്നെ അധ:പതിക്കുന്നു. ഇങ്ങനെ പോയാല്‍ എന്തായിരിക്കും പര്യവസാനം ? സമൂഹത്തെ നന്നാക്കേണ്ടവര്‍ തന്നെ പിന്നോട്ടടിച്ചാല്‍ എന്തായിരിക്കുമവസ്ഥ ?
ഇതിനൊരു മാറ്റം സംഭവിച്ചേതീരൂ. ആദ്യമായി നാം സ്വയം മാറ്റം ഉള്‍കൊള്ളണം. ശേഷം, നമ്മുടെ കാമ്പസുകളില്‍ അതിന്റെ അനുരണനങ്ങള്‍ പ്രകടമാക്കണം. നാസ്തികതയെയും അനിസ്‌ലാമികതയെയും പിഴുതെറിയണം. മതബോധവും ഇസ്‌ലാമിക ചിന്തയും വദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊണ്ടുവരണം. അപ്പോഴേ നമ്മുടെ ജീവിതം ചലനാത്മകമാകുന്നുള്ളൂ. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുകയുള്ളൂ. അല്ലാതെ, പേരില്‍ മാത്രം മുസ്‌ലിമായി ജീവിച്ചിട്ട് എന്ത് കാര്യം ?
ഇനി, നമ്മുടെ ജില്ലയുടെ കാര്യം എടുത്തുനോക്കൂ. സാസ്‌കാരികമായി വളരെ പിന്നിലാണ് നാം നില്‍ക്കുന്നത്. പണക്കൊഴുപ്പില്‍ നാം മതത്തെ മറന്നുപോയിരിക്കുന്നു. ധൂര്‍ത്തിന്റെ അങ്ങാടിപ്പൂരങ്ങളാണ് കല്യാണ ദിവസങ്ങളില്‍ നമ്മുടെ വീടുകളില്‍ നടക്കുന്നത്. കണ്ടതിനും കേട്ടതിനും നമ്മള്‍ ആര്‍ത്തട്ടഹസിക്കുന്നു. മതത്തിന്റെ ആത്മാവ് കളഞ്ഞുകുളിച്ച് ആഘോഷങ്ങളില്‍ തിമര്‍ത്താടുന്നു…ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍. ആരാണ് നമുക്കീ സംസാകാരങ്ങളെല്ലാം പരിചയപ്പെടുത്തിയത് ? അവക്ക് പ്രതിരോധം സൃഷ്ടിക്കേണ്ട നമ്മള്‍ അവയുടെ സ്വീകര്‍ത്താക്കളായി മാറിയാലോ ?
ലോകത്തിന് ഉത്ഥാനസോപാനങ്ങള്‍ കയറാന്‍ വഴിവെളിച്ചം പകരേണ്ട വിദ്യ, കച്ചവടവല്‍കരിക്കപ്പെടുകയും അതിന് നേതൃത്വം നല്‍കേണ്ട മനുഷ്യന്‍ പണത്തിന്റെ ഉപാസകനാവുകയും ചെയ്തതോടെയാണ് നമ്മുടെ പാത ദുഷ്‌കരമായത്. ഈ മുള്ളും കല്ലും എടുത്ത്മാറ്റാനും വഴിശുദ്ധീകരിക്കാനും ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയോ ഡാക്ടറേറ്റോ നേടിയത് കൊണ്ട് സാധിക്കുന്ന പ്രശ്‌നമല്ല. ആത്മാവുള്ള ജ്ഞാനത്തിന്റെയും അത് കൈകാര്യം ചെയ്യുന്ന ഇസ്‌ലാമിക വിദ്യാര്‍ത്ഥിയുടെയും തിരിച്ചുവരവാണ് ഇതിനനുളള ഏക പരിഹാരം.
തൗഹീദിലൂന്നി നിന്ന് ആധുനിക വിജ്ഞാനീയങ്ങളുടെ പുനഃക്രമീകരണവും ചരിത്രത്തിന്റെ പുനരെഴുത്തും നടക്കേണ്ടതുണ്ട്. കാരണം,ഇത് രണ്ടുമാണ് മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ സംശയങ്ങള്‍ സൃഷ്ടിക്കുന്നത്. ദൈവികമായ വഹ്‌യിന്റെ പരിമണം പോലുമില്ലാത്ത അറിവ് മനുഷ്യഹൃതദയത്തെ അര്‍ബുധം പോലെ കാര്‍ന്നുതിന്നുന്നു. വഹ്‌യ് നിലച്ചെങ്കിലും വഹ്‌യിലൂടെ ലഭിച്ച ജ്ഞാനരൂപങ്ങളില്‍ നിന്നും പുതുരൂപങ്ങളെ ജനിപ്പിക്കുകയെന്നതാണ് ഇനി നടക്കേണ്ട ശ്രമങ്ങള്‍. ഭൗതികതയുടെ സ്വാധീനത്താല്‍ അതും, ആത്മാവ് മറന്നുള്ള ഗവേഷണങ്ങളായി മാറാന്‍ പാടില്ല.
നമ്മുടെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളെ ആധുനികത മുച്ചൂടും ബാധിച്ചിട്ടുണ്ട്. ആധുനികത എന്നുപറഞ്ഞാല്‍ പാശ്ചാത്യന്‍ സ്വാതന്ത്യം. മതങ്ങളും അനുഷ്ഠാനങ്ങളും ഉള്‍വലിയുകയും ജീവിതം ആടിത്തിമര്‍ക്കാന്‍ ആവ്യശ്യപ്പെടുന്ന മതേതര പ്രത്യയ ശാസ്ത്രങ്ങള്‍ രംഗം കയ്യടക്കുകയും ചെയ്തതോടെ ലോകത്തിന്റെ മുഖംതന്നെ മതമുക്തമാവുകയി. ഇതിനെതിരെ ഒരു ഉണര്‍വ് സാധ്യമാക്കുകയെന്ന വലിയ ദൗത്യമാണ് ഇസ്‌ലാമിക വിദ്യാര്‍ത്ഥി നിര്‍വഹിക്കേണ്ടത്.
ആധുനിക ജ്ഞാനരൂപങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം കലാലയങ്ങളോ യൂണിവേഴ്‌സിറ്റികളോ ഉണ്ടാവുകയെന്നതല്ല, പ്രത്യുത, ഇസ്‌ലാമികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥീവലയം രൂപം കൊളളുകയെന്നതാണ് വൈജ്ഞാനിക നവോത്ഥാനം കൊണ്ടുദ്ദേശിക്കുന്നത്്. ഇത്തരമൊരു വലയം രൂപം കൊളളുമ്പോഴാണ് ഇസ്‌ലാം സജീവമാകുന്നതും. ഇസ്‌ലാമിക സര്‍വകലാശാല എന്നപേരില്‍ അറിയപ്പെടുകയും ഇസ്‌ലാമിക് സ്റ്റഡീസ് കേവലം ഒരു ചെയറില്‍ പരിമിതപ്പെടുകയും ചെയ്യുന്നത് മതത്തിന്റെ പേരില്‍ നടത്തുന്ന സാക്ഷാല്‍ ചൂഷണമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹിക പിന്നാകാവസ്ഥയില്‍ വേദനിക്കുന്ന മുസ്‌ലിംകള്‍ക്ക് അമിത സംതൃപ്തി നല്‍കുക വഴി ചിന്താശേഷിയെ മുരടിപ്പിക്കുകയാണ്. മുസ്‌ലിം യുണിവേഴ്‌സിറ്റിയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അഭിമാനമൂറുന്നുണ്ടെങ്കിലും അവക്കുളളില്‍ വളര്‍ന്ന് വികസിക്കുന്നത് പാശ്ചാത്യന്‍ ജ്ഞാനരൂപങ്ങളും അവരുടെ തന്നെ സംസ്‌കാരവുമാണ്. അവയെ സംരക്ഷിക്കുന്നതാകട്ടെ സാക്ഷാല്‍ മുസ്‌ലിം നാമധാരികളും. ഇത്രമാത്രം അന്യവല്‍കരിക്കപ്പെട്ടുകഴിഞ്ഞുട്ടുണ്ട് നമ്മുടെ വൈജ്ഞാനിക-ധൈഷണിക തലങ്ങള്‍.
ഇനി, നമ്മുടെ സമൂഹത്തില്‍ സാംസ്‌കാരികവും സാമൂഹികവുമായ തലങ്ങള്‍ എടുത്തുനോക്കുക. കാലത്തിന് മാതൃകയാകേണ്ട ഉത്തമസമൂഹത്തിലെ അംഗങ്ങള്‍ മനുഷ്യന് എത്രമാത്രം മോശമായ വേഷം കെട്ടാന്‍ സാധിക്കുമോ അതിലും ഒരു പടി മുന്നില്‍ കടന്ന് കഴിഞ്ഞു.അറിയാതെ ജീവിതത്തിലേക്ക് കടന്നുകൂടുന്ന ആസ്വാദന ചിന്തയും ആര്‍ഭാടമനസ്ഥിതിയുമാണ് ഇസ്‌ലാമിക ചിന്തയെ ഇല്ലാതാക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കിയില്ല. പകരം,സമൂഹ സമക്ഷം, അന്യസംസ്‌കാരങ്ങളുടെ ചാലകമായി വര്‍ത്തിക്കുകയാണ് ചെയ്തത്.
ഇങ്ങനെ,ചിന്തിക്കുമ്പോള്‍ അരക്കാശിനുപോലും മൂല്യമില്ലാത്തതായി ബോദ്ധ്യപ്പെടുന്നു സമകാല മുസ്‌ലിമിന്റെ ചിന്താരംഗം. ഈ ദുരന്തമുഖത്തെ പരിവര്‍ത്തന വിധേയമാക്കാന്‍ നമുക്ക് സാധ്യമായതില്‍ ഏറ്റവും അടുത്തു നില്‍ക്കുന്നത് ഇസ്‌ലാമിക വിദ്യാര്‍ത്ഥികളിലൂടെയുള്ള സാമൂഹിക വിപ്ലവമാണ്. കാമ്പസുകളില്‍നിന്നും തുടങ്ങി വിദ്യാര്‍ത്ഥീ ഹൃദയങ്ങളിലേക്ക് കടക്കുന്ന ഒരു ഇസ്‌ലാമിക ചലനം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇത് വലിയ പരിവര്‍ത്തനത്തിന് നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല.
ഇസ്‌ലാമികതയിലൂന്നിയുള്ള ഉന്നതപഠനങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു വിഭാഗം നമ്മില്‍ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ട്. ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നതും പ്രശ്‌നവല്‍കരിക്കപ്പെട്ടതുമായ പല കാര്യങ്ങളും ഇത്തരം ഗവേഷണങ്ങളുടെ ഇല്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളെ തന്നെ നിഷ്‌ക്രിയരും ചിന്താവീഹിനരുമായി കാണുന്നത് കുറച്ചു പഠിക്കുമ്പോഴേക്കും-ജീവിക്കാന്‍ ഇത് മതിയെന്നും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഇവിടെ അവസാനിച്ചുവെന്നും-അവര്‍ അമിതമായി വിചാരിച്ചുവെച്ചതുകൊണ്ടാണ്. പഠനം ആരാധനയാണെന്നും പ്രവാചകന്‍ പറഞ്ഞപോലെ മരണത്തോടെയാണ് അതിന്റെ കാലാശമെന്നും ധരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ ഇസ്‌ലാമികതിയിലൂന്നിയ ഗവേഷണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും, തീര്‍ച്ചയാണ.് ഇസ്‌ലാമിക വിദ്യാര്‍ത്ഥി ഇത്തരമൊരു മനസ്സിനുടമയാകേണ്ടതുണ്ട്.
പുതിയ വിദ്യാര്‍ത്ഥി തലമുറയെ സൃഷ്ടിക്കുക എന്നതിലപ്പുറം ഇന്നുള്ള വിദ്യാര്‍ത്ഥികള്‍ അനുകരണ ചിന്താഗതി മാറ്റിവെച്ച് ഉത്തരാവദിത്തബോധത്തോടെ സമൂഹത്തിലേക്കും അതേസമയം തങ്ങളുടെ ആത്മാവിലേക്കും ഇറങ്ങിയാല്‍ തന്നെ ജ്ഞാനസംബന്ധമായ ഇന്നത്തെ സാമൂഹ്യപ്രതിസന്ധിക്ക് ഒരു ശമനമുണ്ടാകും.
ഇനി, ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഇവിടത്തെ, മതേതര വാര്‍പ്പുമാതൃകകളേതും പരിഗണിക്കാതെ ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയാണെങ്കില്‍ ധൈഷണിക പ്രതിസന്ധിക്കും ചെറിയ തോതില്‍ ശമനം ലഭിച്ചേക്കും. ഇസ്‌ലാമിന്റെ ഈ ഊര്‍ജ്ജസ്വലതായാണ് അതിന്റെ ജീവനെ പ്രതിനിധീകരിക്കുന്നത്. സദാ, ലഭിച്ച വസ്തുതകള്‍ മുന്നില്‍ വെച്ച് ലഭിക്കാത്ത വസ്തുതകളിലേക്ക് നമ്മള്‍ പോയിരിക്കണം. ജിജ്ഞാസ എന്നാണ് ഇതിന് പറയുക. അറിവിന്റെ കാര്യത്തില്‍ ഉള്ളത്‌കൊണ്ട് തൃപ്തിപ്പെടുന്നത് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ സ്വഭാവമല്ല. അവന്‍ നിരന്തരമായ അന്വേഷണത്തില്‍ ലയിക്കുന്നവനാണ്.
ഇസ്‌ലാമിക വിദ്യാര്‍ത്ഥി സ്വന്തം ആര്‍ജ്ജിച്ചെടുത്ത ചിന്തയും വീക്ഷണവും മുന്നില്‍ വെച്ച് സമൂഹത്തെ നിരൂപണവിധേയമാക്കുന്നതോടെയാണ് നവോത്ഥാന മൂല്യങ്ങള്‍ സമൂഹത്തിലേക്ക്കൂടി പ്രവഹിക്കുന്നത്.ആത്മാര്‍ത്ഥതയും ക്ഷമയും കൈമുതലാക്കി വിദ്യാര്‍ത്ഥി ആത്മികമായൊരു പരിവര്‍ത്തനത്തിന് സ്വയം വിധേയവുമാവുകയാണെങ്കില്‍ ഒരു സാമൂഹിക പരിവര്‍ത്തനത്തിന് അല്ലാഹു അവസരമൊരുക്കുമെന്നത് തീര്‍ച്ചയാണ്. ഇതിനെ നമുക്ക് വിദ്യാര്‍ത്ഥിയിലൂടെ സുസാദ്ധ്യമായൊരു നവോത്ഥാനമായി വിലയിരുത്താനുമാകും. അതാണ് അല്ലാഹു പറഞ്ഞത്;സ്വന്തം പരിവര്‍ത്തനത്തിന് വിധേയമാകുമ്പോഴല്ലാതെ അല്ലാഹു ഒരു സമൂഹത്തെയും പരിവര്‍ത്തന വിധേയ മാക്കുന്നതല്ലായെന്ന്.
ദുരഭിമാനങ്ങളും അഹങ്കാരചിന്തകളും വെടിഞ്ഞ് സത്യത്തിന്റെ മാര്‍ഗത്തില്‍ സംഘടിക്കുകയെന്നതാണ് ഇത്തരുണത്തില്‍ ഏറ്റവും വലിയ പരിഹാരം. സത്യം കല്‍പിക്കുക, തിന്മ പവിരോധിക്കുക എന്ന സന്ദേശം നമ്മുടെ മുഖമുദ്രയാവണം. നമ്മുടെ കാമ്പസുകള്‍ തിരിച്ചറിവിന്റെ പാഠശാലകളാകണം. പരസ്പരം ആദരിച്ചും ബഹുമാനിച്ചും ജീവന്റെ പ്രാധാന്യം നാം അടുത്തറിയണം. അരുതായ്മകളെ അകറ്റിനിര്‍ത്താന്‍ നാം സ്വയം സന്നദ്ധരാവണം. ആധുനിക വിദ്യാഭ്യാസം മാതാപിതാക്കളില്‍നിന്ന് മക്കളെ അകറ്റിനിര്‍ത്തുമ്പോള്‍, നാം പഠിക്കുന്ന വിദ്യ അവരെ സ്‌നേഹിക്കാനും പരിരക്ഷിക്കാനുംപ്രേരിപ്പിക്കുന്നതാവണം.
Leave A Comment