ബഹുസ്വരതയും സഹിഷ്ണുതയും: അന്‍സാരി തരുന്ന നേരുകള്‍
indiaസഹിഷ്ണുതക്കൊപ്പം പരസ്പരം അംഗീകരിക്കാനുള്ള മനസ്സും തിരിച്ചറിവും കൂടിച്ചേര്‍ന്നാല്‍ മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വര സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തന്റെ കേരള സന്ദര്‍ശനത്തിനിടെ പഞ്ഞത് ശ്രദ്ധേയമാണ്. കേരളത്തിന്റെ പാരമ്പര്യം തന്നെ അതാണെന്നിരിക്കെ ഇവിടെ ആ പ്രസ്താവനക്ക് വലിയ പ്രധാന്യമുണ്ട്. ഇന്ത്യന്‍ ജനതക്ക് മൊത്തമായും അത് വലിയൊരു സന്ദേശവും നല്‍കുന്നു. മലപ്പുറത്ത് നടന്ന മതമൈത്രി സമ്മേളനത്തില്‍ അന്‍സാരി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: സമാധാനമുള്ള സമൂഹത്തിനായി നാം സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരുടെ സാന്നിധ്യം സഹിക്കുക എന്നതിലപ്പുറം അവരെ അറിയാനും അംഗീകരിക്കാനും കഴിയുന്ന തലത്തിലേക്ക് നാം ഉയര്‍ന്നുവരണം. സ്വാമി വിവേകാനന്ദന്റെ വാക്കുകളനുസരിച്ച് നമ്മള്‍ മറ്റു മതങ്ങളോട് സഹിഷ്ണുത കാണിച്ചാല്‍ മാത്രം പോരാ, അവയെ നന്‍മയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തു പിടിക്കാനും കഴിയണം. കാരണം സത്യമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. സഹനത്തില്‍ നിന്നും അംഗീകാരത്തിലേക്കുള്ള യാത്ര നമുക്കുള്ളില്‍ നിന്നു തന്നെ തുടങ്ങണം. മറ്റുള്ളവരെ അംഗീകരിക്കുന്നതില്‍ നിന്നും നമ്മെ തടയുന്ന മുന്‍വിധികളെ നാം തന്നെ വെല്ലുവിളിക്കണം. ആശയവിനിമയം തെറ്റിദ്ധാരണ അകറ്റും. പരസ്പര ധാരണ വികസിപ്പിക്കുന്നതില്‍ ആശയവിനിമയത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ലോകത്തിലെ എല്ലാ മതങ്ങളുടെയും വീടാണ് ഇന്ത്യ. നമ്മുടെ സമൂഹം നൂറ്റാണ്ടുകളായി സവിശേഷമായ സാമൂഹിക-ബൗദ്ധിക അന്തരീക്ഷമൊരുക്കി വിവിധ മതങ്ങള്‍ക്ക് സഹവര്‍ത്തിക്കാന്‍ മാത്രമല്ല, പരസ്പരം സമ്പുഷ്ടമാക്കാനുള്ള സാഹചര്യവുമൊരുക്കി. ഇന്ത്യന്‍ ഭരണഘടനയിലും ഇവിടത്തെ പ്രമുഖ രാഷ്ട്രീയ തത്വസംഹിതകളിലും നിറഞ്ഞു നില്‍ക്കുന്നത് സാംസ്‌കാരിക വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും പൊരുളാണ്. മത ബഹുസ്വരതയുടെ സുദീര്‍ഘ പാരമ്പര്യമുള്ള നാടാണ് കേരളം. ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും പൗരാണിക പാരമ്പര്യമുള്ള ഇന്ത്യന്‍ സംസ്ഥാനമാണിവിടം. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള മൈത്രിക്ക് പേരുകേട്ട നാടാണ് കേരളം. മതപരവും രാഷ്ട്രീയവുമായ പീഡനം ഏല്‍ക്കേണ്ടി വന്നവര്‍ക്ക് കേരളം അഭയം നല്‍കിയ ചരിത്രമുണ്ട്. എ.ഡി 52 ല്‍ സെന്റ് തോമസ് കേരളത്തിലെത്തിയപ്പോള്‍ തുറന്ന കൈകളോടെ സ്വീകരിക്കപ്പെട്ടു. പതിനേഴാം നൂറ്റാണ്ടില്‍ സഊദിയില്‍ നിന്നു വന്ന മാലിക് ബിന്‍ ദിനാറിന്റെയും ഒരു സംഘം വിശ്വാസികളുടെയും കൂടെയാണ് ഇസ്‌ലാം കേരളത്തിലെത്തിയത്. ചേരമാന്‍ പള്ളി സ്ഥാപിച്ചത് അവരാണ്. കൊച്ചിയിലെയും മലബാറിലെയും മിസ്‌റഹി- സെഫാര്‍ദി പാരമ്പര്യമുള്ള ജൂതന്‍മാര്‍ ഇന്ത്യയിലെ തന്നെ പൗരാണിക ജൂതവിഭാഗത്തില്‍ പെടുന്നവരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter