ഓറിയന്റിലിസ്റ്റ്‌ പരിഭാഷകള്‍: റോഡ്‌വെല്ലിന്റെ പരിഭാഷ

വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനത്തില്‍ വളരെയധികം അനീതിപുലര്‍ത്തിയ കൃസ്‌ത്യന്‍ പാതിരിയും ഓറിയന്റലിസ്റ്റുമാണ്‌ റവ. ജെ.എം. റോഡ്‌വെല്‍. 1808-ലാണ്‌ റോഡ്‌വെല്ലിന്റെ ജനനം. കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ പൗരസ്‌ത്യ പഠനവിഭാഗം പ്രൊഫസറായിരുന്നു അദ്ദേഹം. റോഡ്‌വെല്ലിന്റെ ഈ പരിഭാഷ ആദ്യമായി പുറത്തിറങ്ങിയത്‌ 1861-ലാണ്‌. ന്യൂസിലാന്റിലെ ചീഫ്‌ ജസ്റ്റിസായിരുന്ന വില്യം മാര്‍ട്ടിനാണ്‌ ഈ പരിഭാഷ അദ്ദേഹം സമര്‍പ്പിക്കുന്നത്‌. 1876-ല്‍ ഇതിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങി. പ്രസിദ്ധ ഓറിയന്റലിസ്റ്റായിരുന്ന മാര്‍ ഗോളിയത്തിന്റെ ആമുഖത്തോടെ 1909-ല്‍ എവ്വരിമാന്‍ ലൈബ്രറി' ഇതിന്റെ ഒരു പുതിയ പതിപ്പ്‌ പ്രസിദ്ധീകരിച്ചു. 1909 മുതല്‍ 1978 വരെ ഇതിന്റെ 26 പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്‌.

വേറിട്ട പരിഭാഷ

കൃസ്‌ത്യന്‍ പുരോഹിതനും മിഷനറിയുമായിരുന്ന റവ. റോഡ്‌വെല്‍ അറബി സാഹിത്യത്തെ വെല്ലുന്ന, ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ പോലെയുള്ള ഒന്ന്‌ പരിഭാഷപ്പെടുത്താന്‍ മാത്രം അറബിഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയ ആളായിരുന്നില്ല. തന്റെ മുന്‍ഗാമിയായ ജോര്‍ജ്‌ സെയ്‌ല്‍ പരിഭാഷയിലും വ്യാഖ്യാനത്തിലും ഗുരുതരമായ പല അബദ്ധങ്ങളും തിരിമറിയും കാണിക്കുകയും ചില ആയത്തുകളെ ഭാഗികമായി പരിഭാഷപ്പെടുത്തുകയും മറ്റ്‌ ചിലത്‌ പൂര്‍ണമായി വിട്ടുകളയുകയും ചെയ്‌തു. ഫാത്തിഹയിലെ `അര്‍റഹ്‌മാനിര്‍റഹീം' എന്ന്‌ The most merciful എന്ന്‌ ഭാഗികമായി പരിഭാഷപ്പെടുത്തിയപ്പോള്‍, ആലുഇംറാനിലെ 98-ാം ആയത്ത്‌ തീരെ പരിഭാഷപ്പെടുത്താതെ വിട്ടുകളയുകയുമാണ്‌ ചെയ്‌തത്‌. എന്നാല്‍ റോഡ്‌വെല്‍ എന്ന ഓറയന്റലിസ്റ്റ്‌ വിശുദ്ധ ഖുര്‍ആന്‍ ഘടനയെ അപ്പടിതന്നെ മാറ്റിമറിക്കുകയുണ്ടായി. വിശുദ്ധ ഖൂര്‍ആനില്‍ നാം കാണുന്ന ഫാതിഹയില്‍ തുടങ്ങി സൂറത്തുന്നാസില്‍ അവസാനിക്കുന്ന അദ്ധ്യായങ്ങളുടെ സാധാരണക്രമീകരണത്തില്‍നിന്ന്‌ തികച്ചും വിഭിന്നമായ അവതരണക്രമമാണ്‌ റോഡ്‌വെല്‍ തന്റെ പരിഭാഷയില്‍ സ്വീകരിച്ചത്‌. ഇതനുസരിച്ച്‌ സൂറത്തുല്‍ അലഖിന്റെ പരിഭാഷയില്‍ തുടങ്ങി സൂറത്തുല്‍ മാഇദയുടെ പരിഭാഷ കൊണ്ടാണ്‌ റോഡ്‌വെല്‍ തന്റെ പരിഭാഷ അവസാനിപ്പിക്കുന്നത്‌. ഖുര്‍ആനിന്റെ അടിസ്ഥാന ഘടന തന്നെ മുഴുവനായും മാറ്റിമറിച്ച ഈ പരിഭാഷയെ ഇസ്‌ലാമിന്റെ ബദ്ധവൈരികളായ ഓറിയന്റലിസ്റ്റുകള്‍ വല്ലാതെ പുകഴ്‌ത്തുന്നത്‌്‌ കാണാം.

Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8-%E0%B4%AF%E0%B4%B1%E0%B4%AA%E0%B4%AF%E0%B4%A8-%E0%B4%AD%E0%B4%B7%E0%B4%95%E0%B4%B3%E0%B4%B2-25

ഖുര്‍ആന്‍ പരിഭാഷക്ക്‌ റോഡ്‌വെല്‍ അവലംബിച്ചത്‌ ജോര്‍ജ്‌ സെയ്‌ല്‍ ഹല്‍മാന്‍, മറാക്തസി മുതലായ ഓറിയന്റലിസ്റ്റുകളുടെയും, കൃസ്‌തീയ പാതിരിമാരുടെയും ഇംഗ്ലീഷ്‌, ജര്‍മന്‍, ലാറ്റിന്‍ ഭാഷകളിലുള്ള പരിഭാഷകളെയാണ്‌. തന്റെ മനസ്സില്‍ നിഗൂഡമാക്കിവെച്ച ഇസ്‌ലാമിക വിരോധം പുറത്തുകൊണ്ടുവരികയും ഇസ്‌ലാമിനെയും ഖുര്‍ആനിനെയും തെറ്റിദ്ധരിപ്പിക്കുന്നവിധം പരിഭാഷയും വ്യാഖ്യാനവും നല്‍കി വായനക്കാരെ ഇസ്‌ലാമിന്റെ ശത്രുക്കളാക്കി മാറ്റുകയുമായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഖുര്‍ആന്‍, ഹദീസ്‌, ഇസ്‌ലാമിക ചരിത്രം എന്നിവ ആഴത്തില്‍ പഠിക്കാതെ ഇസ്‌ലാമിക ഗ്രന്ഥങ്ങളെന്ന പേരില്‍ യൂറോപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇസ്‌ലാം വിരുദ്ധ സാഹിത്യങ്ങള്‍ മാത്രം അവലംബിച്ചതാണ്‌ റോഡ്‌വെല്ലിന്‌ പറ്റിയ അമളി. അറബി മൂലമില്ലാതെ പരിഭാഷ മാത്രമായി പ്രസിദ്ധീകരിക്കപ്പെട്ട റോഡ്‌വെല്ലിന്റെ ഈ തര്‍ജമ, ഖുര്‍ആനിന്റെ ഇംഗ്ലീഷ്‌ പരിഭാഷകളുടെ ചരിത്രത്തില്‍ വേറിട്ട്‌ നില്‍ക്കുന്നു.

അവതരണക്രമം പാലിച്ചു ആദ്യമായി പരിഭാഷപ്പെടുത്തിയ ഓറിയന്റലിസ്റ്റാണ്‌ അദ്ദേഹം. ഖുര്‍ആന്‍ ക്രോഡീകരണത്തിലും ക്രമീകരണത്തിലും റസൂലില്‍നിന്നും സ്വഹാബത്ത്‌ നേരിട്ട്‌ മനസ്സിലാക്കിയ അടിസ്ഥാനപരമായ രീതിയില്‍നിന്നും വ്യതിചലിച്ചു സ്വന്തമായ ഒരു മെത്തേഡ്‌ സ്വീകരിക്കുകയാണ്‌ ഇയാള്‍ ചെയ്‌തത്‌. ഖുര്‍ആനിന്റെ ആശയഗ്രഹണത്തിന്‌ ഇതാണ്‌ എളുപ്പവഴിയെന്ന്‌ റോഡ്‌വെല്‍ വാദിക്കുന്നു. ഖുര്‍ആന്‍ മൂലത്തോട്‌ നീതിപുലര്‍ത്തിയെന്ന്‌ അവകാശപ്പെടുന്ന ഇദ്ദേഹം, ഖുര്‍ആന്‍ അദ്ധ്യായങ്ങളുടെ പരസ്‌പരബന്ധം തകര്‍ക്കുകയാണ്‌ ഇതുവഴി ചെയ്‌തത്‌. മറ്റൊരു പാതിരിയായ റവ. മാര്‍ ഗോളിയത്താണ്‌ ഇതിന്‌ ആമുഖമെഴുതിയത്‌.

സയന്‍സും കണക്കും ഗോളശാസ്‌ത്രവും ഫിലോസഫിയുമെല്ലാം യൂറോപ്യന്മാര്‍ അഭ്യസിച്ചത്‌ അറബികളില്‍നിന്നായിരുന്നുവെന്നും അവര്‍ക്ക്‌ അതിനുള്ള പ്രചോദനം വിശുദ്ധ ഖുര്‍ആനും അറബികളുമായിരുന്നുവെന്നും ഒരുഭാഗത്ത്‌ സമ്മതിക്കുന്ന മാര്‍ ഗോളിയത്ത്‌, ജൂത-ക്രൈസ്‌തവരുടെ മതഗ്രന്ഥങ്ങളില്‍ നിന്നും അറബി കെട്ടുകഥകള്‍, കവിതകള്‍, നാടോടികഥകളില്‍നിന്നും കടമെടുത്തതാണ്‌ ഖുര്‍ആനിന്റെ ഉള്ളടക്കമെന്ന പരമവിഡ്‌ഢിത്തം എഴുന്നള്ളിക്കുകയാണ്‌ മറുഭാഗത്ത്‌ ചെയ്യുന്നത്‌. ഓറിയന്റലിസ്റ്റുകളുടെ ചില പുരാതന പരിഭാഷകളെകുറിച്ചുള്ള വിവരണവും ഈ ആമുഖത്തിന്റെ അവസാന ഭാഗത്ത്‌ കാണാം.

വിശുദ്ധ ഖുര്‍ആനിന്റെ ദൈവികതയും സാഹിത്യമൂല്യവും പ്രതിഫലിപ്പിക്കുന്നതിന്‌ പകരം വെറും ഖുര്‍ആനികാശയങ്ങളുടെ പ്രകടനമാണ്‌ റോഡ്‌വെല്‍ നടത്തുന്നത്‌. അവതരണക്രമമനുസരിച്ച്‌ തയ്യാര്‍ ചെയ്‌ത ഈ പരിഭാഷയില്‍ ഓരോ അദ്ധ്യായവും എത്രാമത്തെ പേജിലാണ്‌ വരുന്നതെന്ന്‌ കാണിക്കുന്ന ഒരു പട്ടികയും, ഈ പതിപ്പില്‍ പിന്തുടര്‍ന്നിട്ടുള്ള രീതിയനുസരിച്ച്‌ അദ്ധ്യായങ്ങളുടെ ക്രമീകരണം കാണിക്കുന്ന മറ്റൊരു പട്ടികയും പരിഭാഷയുടെ ആദ്യഭാഗത്ത്‌ കാണാം. റോഡ്‌വെല്ലിന്റെ പരിഭാഷയില്‍ എട്ടാമത്തെ അദ്ധ്യായമായിട്ടാണ്‌ ഫാതിഹയുടെ പരിഭാഷ നല്‍കിയിട്ടുള്ളത്‌. റോഡ്‌വെല്ലിന്റെ ചെറിയ ഒരു ആമുഖത്തോട്‌ കൂടിയാണു പരിഭാഷ ആരംഭിക്കുന്നത്‌. അവതരണക്രമത്തില്‍ ഖുര്‍ആനികാദ്ധ്യായങ്ങളുടെ അറേയ്‌ഞ്ച്‌ ചെയ്‌ത ഈ പരിഭാഷ തയ്യാറാക്കിയതിന്റെ കാരണം വിവരിച്ചുകൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം നിര്‍വഹിച്ച സ്വഹാബികളെ വിമര്‍ശിക്കാനാണ്‌ റോഡ്‌വെല്‍ മുതിരുന്നത്‌.

ഇന്ന്‌ മുസ്‌ഹഫുകളില്‍ കാണുന്ന സാധാരണ ക്രമീകരണത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ വാദിക്കുന്ന ഇയാള്‍, ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ പങ്കെടുത്ത സൈദുബ്‌നു സാബിത്ത്‌(റ) പോലുള്ള ഉന്നതരായ സ്വഹാബികളുടെ ക്രോഡീകരണ രീതി ശാസ്‌ത്രീയമല്ലെന്ന്‌ വരുത്തിതീര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌. ഖുര്‍ആനിന്റെ സാധാരണ ക്രമീകരണംകൊണ്ട്‌ വിഷയങ്ങളുടെ തുടര്‍ച്ചയും ക്രമീകരണരീതിയുടെ ഐക്യവും അദ്ധ്യായങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധവും നഷ്‌ടപ്പെടുമെന്നാണ്‌ ഇയാളുടെ കണ്ടെത്തല്‍. ഈ വിഷയത്തില്‍ വില്യം മൂര്‍, നോള്‍സേകി, ഡോ. വൈല്‍ മുതലായവരുടെ ഗ്രന്ഥങ്ങളെയാണ്‌ റോഡ്‌വെല്‍ ആധാരമാക്കുന്നത്‌. ഇസ്‌ലാമും നബി(സ്വ)യുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ചക്ക്‌ വിധേയമാക്കുന്ന റോഡ്‌വെല്‍, ഹദീസുകളെ തള്ളിപ്പറയാനും ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവയുടെ പ്രാധാന്യം കുറച്ച്‌ കാണിക്കാനും തന്റെ ആമുഖം ഉപയോഗപ്പെടുത്തുന്നു.

Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%B3-%E0%B4%AA%E0%B4%B0%E0%B4%AD%E0%B4%B7%E0%B4%95%E0%B4%B3-1

ഒരു പൊതു അടിത്തറയിലൂന്നിയതും സ്വതന്ത്രമായ സാക്ഷികളിലൂടെ ലഭ്യമായതും ഖുര്‍ആനിനോട്‌ യോജിച്ചവയുമായ ഹദീസുകളുല്ലാതെ സ്വീകാര്യമല്ലന്നാണ്‌ പരിഭാഷകന്‍ ആമുഖത്തില്‍ സ്വീകരിച്ച നിലപാട്‌. അദ്ദേഹം എഴുതുന്നു: Traditions can never be considered as at all reliable, unless they are traceable to some common orgam have desceneded to us by independent witnesses and correspont with the statements of the Koran itself (Preface p 17). അതുപോലെ അബൂതാലിബിനോടൊപ്പമുള്ള നബി(സ്വ)യുടെ യാത്രയില്‍ ബഹീറ പോലുള്ള കൃസ്‌തീയ പുരോഹിതരുമായുള്ള ബന്ധവും, ജൂത-കൃസ്‌തീയരുടെ വേദഗ്രന്ഥങ്ങളെകുറിച്ചുള്ള മുന്നറിവും ചില കെട്ടുകഥകളുമാണ്‌ ഖുര്‍ആനിന്റെ അടിസ്ഥാനം (Ibid p 8,9)എന്ന്‌ പരിഭാഷകന്‍ വാദിക്കുന്നു.

ബൈബിളിന്റെ അറബിക്‌ കോപ്പി നബി(സ്വ)യുടെ കാലത്ത്‌ നിലവിലുണ്ടായിരുന്നുവെന്നും ഇത്‌ നബി(സ്വ)യെ സ്വാധീനിച്ചുവെന്നും അതാണു കൃസ്‌തുമതത്തെകുറിച്ച്‌ ഖുര്‍ആനില്‍ കാണുന്ന ചില പരാമര്‍ശങ്ങളെന്നും മറ്റൊരിടത്തു വാദിക്കുന്നു. സൂറത്തുല്‍ അമ്പിയാഇലെ 105-ാം ആയത്ത്‌ ബൈബിളിന്റെ നേരെ പരിഭാഷയാണെന്നും മറ്റുമുള്ള ഇദ്ദേഹത്തിന്റെ ജല്‍പനങ്ങള്‍, ഖുര്‍ആനിന്റെ ദൈവികതയും പവിത്രതയും കളങ്കപ്പെടുത്തുന്നതും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്നതുമാണ്‌. നബി(സ്വ)യുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യുന്ന ഇയാള്‍, ഒരു പുതിയ മതം ജനങ്ങള്‍ക്ക്‌ മേല്‍ കെട്ടിവെച്ചതുകൊണ്ട്‌ നബി(സ്വ)യെ കുറ്റവാളിയായി ചിത്രീകരിക്കാനും തന്റെ വിഷലിപ്‌തമായ ആമുഖത്തിന്റെ താളുകള്‍ നീക്കിവെക്കുന്നു.

ചുരുക്കത്തില്‍ റോഡ്‌വെല്ലിന്റെ ഈ ആമുഖം ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനിനെയും പുണ്യറസൂലിനെയും വിമര്‍ശിക്കാനും വിലകുറച്ച്‌ കാണിക്കുവാനും അതിലൂടെ കൃസ്‌തുമതത്തിന്‌ പ്രചാരം നല്‍കുവാനുമാണ്‌ ലക്ഷ്യമിട്ടത്‌. ജോര്‍ജ്‌ സെയ്‌ലിനെപോലെ ഇപ്പോള്‍ പ്രചാരത്തിലില്ലാത്തതും ആധുനിക ഇംഗ്ലീഷ്‌ സാഹിത്യങ്ങളിലോ, ഇംഗ്ലീഷുകാരുടെ ഉപയോഗങ്ങളിലോ കാണപ്പെടാത്ത, ബൈബിളിലും ഷെയ്‌ക്‌സ്‌പിയര്‍ സാഹിത്യങ്ങളിലും മാത്രം കാണപ്പെടുന്ന വളരെ പഴകിയ ഇംഗ്ലീഷ്‌ വാക്കുകളാണ്‌ പരിഭാഷക്ക്‌ റോഡ്‌വെല്‍ ഉപയോഗിച്ചത്‌ എന്നതിനാല്‍ ഇംഗ്ലീഷ്‌ സാഹിത്യം വളര്‍ച്ച പ്രാപിച്ച ഈ ആധുനിക കാലഘട്ടത്തില്‍ വായനക്കാര്‍ക്ക്‌ ഈ പരിഭാഷ ഗ്രഹിക്കാന്‍ ഏറെ പ്രയാസമനുഭവപ്പെടുന്നതാണ്‌.

ഇത്തരം പുരാതന ഇംഗ്ലീഷ്‌ പരിഭാഷകള്‍ പലതും ലാറ്റിന്‍ ചുവയുള്ള ഇംഗ്ലീഷ്‌ പദങ്ങള്‍ ഉപയോഗിച്ചത്‌ കൊണ്ട്‌ വായനക്കാരെ ഒന്നുകൂടി പ്രയാസപ്പെടുത്തുകയാണ്‌. കടുത്ത മുസ്‌ലിം വിരോധിയും ഓറിയന്റലിസ്റ്റുമായ ഫാദര്‍ മറാക്തസിയുടെ ഖുര്‍ആന്‍ പരിഭാഷയോടാണ്‌ റോഡ്‌വെല്ലിന്റെ ഈ പരിഭാഷ കടപ്പെട്ടിരിക്കുന്നത്‌. പദാനുപദ തര്‍ജമയുടെ രീതിയല്ല റോഡ്‌വെല്‍ സ്വീകരിച്ചത്‌. ആദ്യകാല അദ്ധ്യാങ്ങളില്‍ കാവ്യാത്മകവും ചെറിയതുമായ ആയത്തുകള്‍ക്ക്‌ സ്വതന്ത്രമായ പരിഭാഷ നല്‍കിയപ്പോള്‍ ചരിത്രപ്രാധാന്യമുള്ളതും ഗദ്യാത്മകവുമായ ആയത്തുകള്‍ക്ക്‌ ഈ രീതിയിലല്ല പരിഭാഷ നിര്‍വ്വഹിച്ചത്‌. വിശദമായ വ്യാഖ്യാനങ്ങള്‍ നല്‍കാതെ അത്യാവശ്യ സ്ഥലങ്ങളില്‍ വ്യാഖ്യാനക്കുറിപ്പുകള്‍ നല്‍കുക മാത്രമാണ്‌ റോഡ്‌വെല്‍ ചെയ്‌തത്‌.

പ്രവാചകന്മാരായ നൂഹ്‌, ഇബ്രാഹീം, മൂസാ, ലൂത്ത്‌ (അ) മുതലായവരുടെ പേരുകള്‍ ബൈബിളില്‍ കാണുന്നതുപോലെ Noah, Abraham, Moses, Lot എന്നീ രീതിയില്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ആവര്‍ത്തിച്ചുവരുന്ന പദങ്ങള്‍ക്കും വാക്യങ്ങള്‍ക്കും വ്യത്യസ്‌ത രീതിയില്‍ പരിഭാഷ നല്‍കുന്ന മെത്തേഡാണ്‌ റോഡ്‌വെല്‍ സ്വീകരിച്ചത്‌. ഉദാഹരണമായി companions of the fire എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ വിവിധ രൂപത്തില്‍ പരിഭാഷ നല്‍കിയിരിക്കുന്നതായി കാണാം. അതുപോലെ inmates of fire, Given up to the fire എന്ന്‌ ചിലപ്പോള്‍ പരിഭാഷപ്പെടുത്തുകയും മറ്റ്‌ ചില സന്ദര്‍ഭങ്ങളില്‍ അതിനെ വിശദീകരിച്ചു പരിഭാഷ നല്‍കുന്ന സമ്പ്രദായവുമാണ്‌ റോഡ്‌വെല്‍ പിന്തുടര്‍ന്നത്‌. പദാനുപദ തര്‍ജ്ജമ ഒഴിവാക്കിയതുകൊണ്ട്‌ ഖുര്‍ആനിന്റെ പ്രാസം പരിഗണിക്കാതെയാണ്‌ റോഡ്‌വെല്‍ തര്‍ജ്ജമ നിര്‍വ്വഹിച്ചത്‌. റോഡ്‌വെല്‍ തന്റെ പരിഭാഷയില്‍ പിന്തുടര്‍ന്നത്‌ ആദ്യമായി അവതരണക്രമത്തില്‍ മക്കിയായ സൂറത്തുകളുടെ പരിഭാഷയും തുടര്‍ന്ന്‌ മദനിയായ സൂറത്തുകളുടെ പരിഭാഷയും നല്‍കുന്ന രീതിയാണ്‌.

ഓരോ അദ്ധ്യായങ്ങളുടെ തുടക്കത്തിലും അവയിലെ ആയത്തുകളുടെ എണ്ണം നല്‍കിയതിന്‌ ശേഷമാണ്‌ പരിഭാഷയിലേക്ക്‌ പ്രവേശിക്കുന്നത്‌. പരിഭാഷയുടെ ആമുഖത്തിലും അടിക്കുറിപ്പുകളിലും ബൈള്വാവിപോലുള്ള പുരാതന അറബി തഫ്‌സീറുകള്‍, മിശ്‌കാത്ത്‌ പോലെയിലുള്ള ഹദീസ്‌ ഗ്രന്ഥങ്ങള്‍ മറ്റ്‌ ചരിത്രഗ്രന്ഥങ്ങള്‍ മുതലാവയില്‍നിന്നുള്ള ഉദ്ധരണികള്‍ കാണാം. വില്യം മൂര്‍, സപ്രഞ്ചര്‍ ഗിബ്ബണ്‍, നോല്‍ഡേകി മുതലാവയും യൂറോപ്യന്‍ ചിന്തകന്മാരുടെയും സാഹിത്യകാരന്മാരുടെയും അഭിപ്രായങ്ങളും അങ്ങിങ്ങായി സ്ഥലം പിടിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍- ബൈബിള്‍ താരതമ്യപഠനം ഈ പരിഭാഷയില്‍നിന്ന്‌ ലഭിക്കുന്നു. ബൈബിളില്‍നിന്ന്‌ ധാരാളം ഉദ്ധരണികള്‍ ആവശ്യമായ സ്ഥലത്ത്‌ നല്‍കിയിട്ടുണ്ട്‌. തര്‍ജമയില്‍ ഉപയോഗിച്ച വാക്കുകളെകുറിച്ചുള്ള ചര്‍ച്ചയും വിശദീകരണങ്ങളും ഇംഗ്ലീഷ്‌ സാഹിത്യകാരന്മാരായ മില്‍ട്ടന്‍, ഷെയ്‌ക്‌സ്‌പിയര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നതു കാണാം. പൂര്‍വ്വിക മുഫസ്സിറുകളുടെ അഭിപ്രായങ്ങള്‍, നബിവചനങ്ങള്‍, ഭാഷാപരവും ചരിത്രപരവുമായ ചര്‍ച്ചകള്‍, അമുസ്‌ലിം ചിന്തകന്മാരുടെ അഭിപ്രായങ്ങള്‍ മുതലായവയും അടിക്കുറിപ്പുകളില്‍ ചേര്‍ത്തിട്ടുണ്ട്‌. ഈ തര്‍ജമയില്‍നിന്ന്‌ ഓരോ വിഷയങ്ങളും കണ്ടെത്താന്‍ ഉപയുക്തമായ വിശദമായി വിഷയസൂചിക തര്‍ജമയുടെ അവസാന ഭാഗത്ത്‌ ചേര്‍ത്തത്‌ വായനക്കാര്‍ക്ക്‌ ഏറെ സഹായകരമാണ്‌.

ദുര്‍വ്യാഖ്യാനങ്ങള്‍:

പ്രമുഖ ഓറിയന്റലിസ്റ്റായ റോഡ്‌വെല്‍ പാതിരി വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ തുനിഞ്ഞത്‌ നല്ല ഉദ്ദേശത്തിലായിരുന്നില്ല. സാധാരണ ഖുര്‍ആനില്‍ നാം കാണുന്ന അദ്ധ്യായങ്ങളുടെ ക്രമീകരണം അപ്പടി മാറ്റിമറിക്കുകയും സ്വന്തം ഇഷ്‌ടപ്രകാരമുള്ള ഒരു ക്രമീകരണരീതി പിന്തുടരുകയും ചെയ്‌തതില്‍നിന്നു തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യവും മാര്‍ഗവും പരിശുദ്ധമായിരുന്നില്ല എന്നു മനസ്സിലാക്കാം. ഖുര്‍ആന്‍ സൂക്തങ്ങളെ തെറ്റായി പരിഭാഷപ്പെടുത്താനും വ്യാഖ്യാനിക്കാനും ധൈര്യപ്പെട്ടത്‌ ഇതിന്റെ ഭാഗമായി കണക്കാക്കാം. സ്വന്തം ഭാവനയും ഇസ്‌ലാമിനോടുള്ള പകയും വിദ്വേഷവുമായിരുന്നു ഇതിനെല്ലാം ആധാരം.

റോഡ്‌വെല്ലിന്റെ പരിഭാഷയില്‍ ആദ്യമായി കാണുന്ന സൂറത്തുല്‍ അലഖിന്റെ പരിഭാഷയും വ്യാഖ്യാനവും മുതല്‍ തന്നെ ഈദുര്‍വ്യാഖ്യാനവും വളച്ചൊടിക്കലും കാണുന്നു. ഈ അദ്ധ്യായത്തില്‍ ബിസ്‌മിയുടെ പരിഭാഷ നല്‍കിയശേഷം വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം.

�The formula �Bismillahirahmanirahim� is of Jewish origin. It was in the first instance taught to the Koreish by Omayoh of taief the poet who was contremporary with but Some what older than muhammad and who during his mercantile journeys into arabia petvaca and syria, had made himself acquainted with the sacred books and doctrines of Jews and Christians. Muhammed adopted and constantly used it and it is prefixed to each Sura expect the ninth� (The Koran Tr. by Rodwell P 19)

അഥവാ ബിസ്‌മി ഉത്ഭവം യഹൂദരില്‍ നിന്നാണ്‌. നബി(സ്വ)യുടെ സമകാലീനനും, എന്നാല്‍ നബി(സ്വ)യേക്കാള്‍ പ്രായം ചെന്നയാളും കവിയുമായ ഉമയത്താണ്‌ ഖുറൈശികള്‍ക്ക്‌ ഇത്‌ ആദ്യമായി പഠിപ്പിച്ചത്‌. സിറിയയിലേക്കും അറേബ്യയുടെ മറ്റ്‌ ഭാഗങ്ങളിലേക്കുമുള്ള കച്ചവടസംബന്ധമായ യാത്രയില്‍ മുഹമ്മദ്‌ നബി(സ്വ), ജൂത കൃസ്‌തീയ വേദഗന്ഥങ്ങളും അവരുടെ തത്വസംഹിതകളെയും പരിചയപ്പെടാന്‍ ഇടവന്നു. അതിലൂടെയാണ്‌ മുഹമ്മദ്‌ നബി(സ്വ) ബിസ്‌മിയെ സ്ഥിരമായി ഉപയോഗിക്കാനും സ്വീകരിക്കാനും തുടങ്ങിയത്‌. ഖുര്‍ആനിലെ ഒമ്പതാം അദ്ധ്യായം ഒഴികെയുള്ള മറ്റ്‌ അദ്ധ്യായങ്ങളുടെ ആരംഭത്തില്‍ ഇതിനെ ചേര്‍ക്കുകയും ചെയ്‌തു. എത്ര വിചിത്രവും അടിസ്ഥാനരഹിത കണ്ടുപിടുത്തവുമാണ്‌ റോഡ്‌വെല്‍ ഇവിടെ നടത്തുന്ന്‌! ഓറിയന്റലിസ്റ്റുകളുടെ ഭാവനാപരമായ ജല്‍പനങ്ങളാണ്‌ ഇവയെല്ലാം.

അതുപോലെ സൂറത്തുല്‍ അഅ്‌റാഫിലെ ഉമ്മിയ്യ്‌ എന്ന പദം Unlettered അഥവാ നിരക്ഷരന്‍ എന്ന്‌ പരിഭാഷപ്പെടുത്തിയ ശേഷം അതിന്റെ വ്യാഖ്യാനത്തില്‍ ഇപ്രകാരം എഴുതുന്നു. �The word ummiyy is derived from ummah, a nation and means gentile it here refers to muhammed�s ignorance previous to the revelation of islam of the ancient scriptures (Ibid P 307) ഉമ്മിയ്യ്‌ എന്ന പദം ഉമ്മയില്‍നിന്നെടുത്തതാണ്‌. സമുദായം അഥവാ പ്രത്യേകവംശം എന്ന്‌ സാരം. ഇവിടെ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വഹ്‌യിനു മുമ്പ്‌ പൂര്‍വ്വവേദ ഗ്രന്ഥങ്ങളെ കുറിച്ചുള്ള നബി(സ്വ)യുടെ അറിവില്ലായ്‌മയാണ്‌. ഇവിടെയും റോഡ്‌വെല്‍ ഉരുണ്ട്‌ കളി നടത്തുകയാണ്‌ ചെയ്യുന്നത്‌. വിദ്യാഭ്യാസമില്ലാത്തവന്‍ എന്ന്‌ പരിഭാഷപ്പെടുത്തി അതിന്റെ ഉദ്ദേശം പൂര്‍വ്വ വേദജ്ഞാനമില്ലാത്തവന്‍ എന്ന്‌ വ്യാഖ്യാനം നല്‍കുന്നത്‌ എത്ര വിദൂരവും ബുദ്ധിഹീനവുമാണെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. നബി(സ്വ)ക്ക്‌ എഴുത്തും വായനയും അറിയാമായിരുന്നു എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ഓറിയന്റലിസ്റ്റുകളുടെ ഗൂഢതന്ത്രമാണ്‌ ഇവിടെ കാണുന്നത്‌.

ഇസ്‌റാഅ്‌- മിഅ്‌റാജ്‌ സ്വപ്‌നമായിട്ടാണ്‌ റോഡ്‌വെല്‍ വ്യാഖ്യാനിക്കുന്നത്‌. It was however in all probabilities a dream എന്ന്‌ വ്യാഖ്യാനക്കുറിപ്പെഴുതിയ റോഡ്‌വെല്‍ അതിനു ഉപോല്‍പലകമായ ഓറിയന്റലിസ്റ്റുകളുടെ നേതാവായ വില്യം മൂറിനെയും നോല്‍ഡേകിയേയും ഉദ്ധരിക്കുന്നു. അല്‍കഹ്‌ഫിലെ മലക്കുകളോട്‌ നാം പറഞ്ഞ സന്ദര്‍ഭം നിങ്ങള്‍ ആദമിന്‌ സുജൂദ്‌ ചെയ്യുക. അവരെല്ലാവരും സാസ്‌ടാംഗം ചെയ്‌തു. ഇബ്‌ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍പെട്ടവനാണ്‌' എന്നര്‍ത്ഥം വരുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തിലെ ജിന്നിനെ കുറിച്ച്‌ റോഡ്‌വെല്‍ എഴുതുന്നത്‌ The truth appears to be that muhammed derived his doctrines of the Geni from the perisian and Indian mythology and attempted to identity them with the satan and demons of the semitic races (Ibid p 185) പേര്‍ഷ്യന്‍ ഇന്ത്യന്‍ പുരാണകഥകളില്‍ നിന്നാണ്‌ ജിന്ന്‌ എന്ന സിദ്ധാന്തം മുഹമ്മദ്‌ നബി(സ്വ)ക്ക്‌ ലഭിച്ചത്‌.

സെമിറ്റിക്‌ വംശങ്ങളുടെ സാത്താനും ദേവതകളും ഈ ജിന്നും ഒന്നാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ശൈത്വാനും ജിന്നുമൊക്കെ തിന്മയെ പ്രതിനിധീകരിക്കുന്നതാണെന്ന്‌ റോഡ്‌വെല്‍ തുടര്‍ന്ന്‌ എഴുതുന്നത.്‌. അതുപോലെതന്നെ അല്‍കഹ്‌ഫിലെ മുപ്പത്തി ഒന്നാം ആയത്തിനെ വിശദീകരിച്ചുകൊണ്ട്‌ ഖുര്‍ആന്‍ പറഞ്ഞ സ്വര്‍ഗീയ സുഖങ്ങള്‍, മുഹമ്മദ്‌ നബി(സ്വ)യുടെ സ്വന്തം ധാരണയില്‍നിന്നാണെന്ന്‌ ആരോപിക്കുന്നു. പേര്‍ഷ്യക്കാരും അറബികളും തമ്മിലുള്ള കച്ചവടബന്ധത്തിലൂടെ പേര്‍ഷ്യക്കാരുടെ ആഡംബര ജീവിതം മനസ്സിലാക്കിയ മുഹമ്മദ്‌ നബി(സ്വ)യുടെ വ്യക്തിപരമായ നിരീക്ഷണങ്ങളായിരുന്നു സ്വര്‍ഗീയസുഖങ്ങളെകുറിച്ചുള്ള വിവരണമെന്നാണ്‌ റോഡ്‌വെല്‍ വ്യാഖ്യാനക്കുറിപ്പെഴുതുന്നത്‌.

സൂറത്തുല്‍ അലഖിനെ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ട്‌ കൃസ്‌തുമതത്തില്‍നിന്നും മറ്റും ഇസ്‌ലാം സ്വീകരിച്ച അടിമകളാണ്‌ ഇവിടെ ഉദ്ദേശിക്കുന്നതെന്ന്‌ പ്രസിദ്ധ ഓറിയന്റലിസ്റ്റ്‌ നോല്‍ഡേകിയെ ഉദ്ധരിച്ചുകൊണ്ട്‌ റോഡ്‌വെല്‍ എഴുതുന്നു. അപ്രകാരം സൂറത്തു ആലുഇംറാനിലെ എന്ന ആയത്തിലെ ആയത്തിനെ I will cause the to die അഥവാ ഞാന്‍ നിന്നെ മരിപ്പിക്കും എന്ന്‌ വിശേഷിപ്പിക്കും എന്ന്‌ പരിഭാഷപ്പെടുത്തുകയും അടിക്കുറിപ്പില്‍ ഈസാനബി(അ) മരിച്ചുപോയി എന്ന്‌ തുറന്നെഴുതുകയും ചെയ്യുന്നു. റോഡ്‌വെല്ലിന്റെ ഖുര്‍ആന്‍ പരിഭാഷയിലും വ്യാഖ്യാനങ്ങളിലുമുള്ള പരിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിനും നിരക്കാത്ത ചില ബീമാഭദ്ധങ്ങളാണു മുകളില്‍ സൂചിപ്പിച്ചത്‌. ഈ പരിഭാഷ സൂക്ഷ്‌മമായ പഠനത്തിന്‌ വിധേയമാക്കുമ്പോള്‍ ധാരാളം തെറ്റായ പരിഭാഷകളും ദുര്‍വ്യാഖ്യാനങ്ങളും കാണാന്‍ കഴിയും. വിശുദ്ധ ഖുര്‍ആനിനെ വളച്ചൊടിച്ച്‌ വ്യാഖ്യാനിക്കാനും അതിന്റെ പവിത്രത നഷ്‌ടപ്പെടുത്താനും ശ്രമിച്ച രണ്ടാമത്തെ ഓറിയന്റലിസ്റ്റാണ്‌ റോഡ്‌വെല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter