ഖുര്‍ആനും മലയാള പരിഭാഷകളും
ഖുർആൻ മലയാള പരിഭാഷ

ഇന്ത്യയില്‍ ഇസ്‌ലാമിക സന്ദേശം സ്വീകരിക്കാന്‍ ആദ്യമായി ഭാഗ്യമുണ്ടായത്‌ നമ്മുടെ കൊച്ചു കേരളത്തിനായിരുന്നു എന്നാണ്‌ ചരിത്രമതം. അന്ന്‌ മുതല്‍ക്ക്‌ തന്നെ ഇസ്‌ലാമികാധ്യാപനങ്ങള്‍ ജനമനസ്സുകളില്‍ എത്തിക്കാന്‍ വേണ്ട ശ്രമങ്ങളും നടന്നിരുന്നു. കേരളത്തില്‍ ഇസ്‌ലാമിക പ്രചരണത്തിനായി വന്ന മിഷിനറി സംഘം നാടിന്റെ പല ഭാഗങ്ങളിലായി പള്ളികള്‍ സ്ഥാപിക്കുകയും അതോടൊപ്പം മതപഠനത്തിനായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു. ആദ്യകാല പള്ളികളുടെ നിര്‍മ്മാണ ചരിത്രം പരിശോധിക്കുമ്പോള്‍ അവ ഓരോന്നും ദര്‍സുകള്‍ നടത്താന്‍ വേണ്ട സൗകര്യത്തോട്‌ കൂടിയാണ്‌ സ്ഥാപിക്കപ്പെട്ടത്‌ എന്ന്‌ കണ്ടെത്താന്‍ കഴിയും.

ഇങ്ങനെ മതപഠനത്തിനായി സ്ഥാപിക്കപ്പെട്ട ദര്‍സുകളില്‍ പുരാതന കാലം മുതല്‍ക്ക്‌ തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠനവും നടന്നിരുന്നു. ഇന്നത്തെപ്പോലെ വ്യാപകവും ശാസ്‌ത്രീയവുമായ മതപഠന സൗകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത്‌ വാമൊഴിയിലൂടെ ഖുര്‍ആനികാശയങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു ഗുരുനാഥന്മാര്‍ ചെയ്‌തിരുന്നത്‌. അറബി ഭാഷാ പരിജ്ഞാനമില്ലാത്ത കേരളക്കാര്‍ക്ക്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്‌ത്‌ അര്‍ത്ഥം പറഞ്ഞുകൊടുക്കുന്ന രീതിയാണ്‌ നിലവിലുണ്ടായിരുന്നത്‌. എന്നാല്‍ എല്ലാവര്‍ക്കും പഠനത്തിന്‌ ഉപകരിക്കുംവിധം ഗ്രന്ഥരൂപത്തിലുള്ള ഒരു പരിഭാഷ തയ്യാറാക്കാന്‍ പിന്നെയും വളരെ കാലം വേണ്ടിവന്നു. മലയാള ഭാഷക്ക്‌ ലിപിയില്ലാതിരുന്ന ആ കാലഘട്ടത്തില്‍ അറബി ലിപിയില്‍ മലയാളമെഴുതുന്ന സമ്പ്രദായമാണ്‌ ആദ്യകാലത്ത്‌ മുസ്‌ലിംകള്‍ സ്വീകരിച്ചിരുന്നത്‌. അറബി അക്ഷരങ്ങള്‍ക്ക്‌ പുറമെ മലയാള അക്ഷരവും ചേര്‍ത്തു കൊണ്ടുള്ള ഈ സങ്കരഭാഷാ രൂപത്തിന്‌ അറബി മലയാളം എന്നാണ്‌ പറഞ്ഞുവരുന്നത്‌.

മുസ്‌ലിംകള്‍ മതപഠനത്തിനും ഗ്രന്ഥരചനകള്‍ക്കും മറ്റ്‌ എഴുത്തുകുത്തുകള്‍ക്കും വ്യാപകമായി അക്കാലത്ത്‌ ഉപയോഗിച്ചിരുന്ന ഭാഷാ രൂപമായിരുന്നു അറബി മലയാളം. ധാരാളം ഇസ്‌ലാമിക സാഹിത്യങ്ങള്‍ ആ ഭാഷയില്‍ ഉണ്ടാവാനുള്ള കാരണവും ഇത്‌ തന്നെയാണ്‌.

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ എല്ലാ മുസ്‌ലിംകളും പഠിച്ചിരുന്നതുകൊണ്ട്‌ തുടക്കം മുതല്‍ക്ക്‌ തന്നെ അറബി ലിപിയുമായി അവര്‍ക്ക്‌ ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ആ ലിപിയിലെഴുതുന്ന അറബി മലയാളവുമായി അവര്‍ കൂടുതല്‍ അടുക്കാനും ആ ഭാഷയില്‍ ഗ്രന്ഥരചന നടത്താനും കാരണം. അക്കാലംതൊട്ട്‌ മലയാള ഭാഷയുടെ ഉപയോഗം വ്യാപകമാകുന്നതുവരെ വിവിധ വിഷയങ്ങളിലായി ധാരാളം അറബി മലയാള സാഹിത്യ കൃതികള്‍ രചിതമാകുകയുണ്ടായി. അവയില്‍ പലതും ഇന്ന്‌ നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിലും വിലപ്പെട്ട വിജ്ഞാനമുത്തുകള്‍ അടങ്ങിയ അത്തരം രചനകള്‍ തേടിപ്പിടിച്ചു ഗവേഷണ ബുദ്ധ്യാ പഠനം നടത്തുന്നത്‌ നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്വവും പഴമയിലെ പുതുമയുള്ള രചനാ വൈഭവവും ആഴമേറിയ വിജ്ഞാന സാഗരവും പുതിയ തലമുറക്ക്‌ മനസ്സിലാക്കാനുതകുന്നതുമാണ്‌.

Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8-%E0%B4%87%E0%B4%97%E0%B4%B2%E0%B4%B7-%E0%B4%AA%E0%B4%B0%E0%B4%AD%E0%B4%B7%E0%B4%95%E0%B4%B3-53

നാം മുമ്പ്‌ സൂചിപ്പിച്ചതുപോലെ ഖുര്‍ആന്‍ പരിഭാഷാ രംഗത്ത്‌ ആദ്യമായി പിറവിയെടുക്കാനുള്ള കാരണവും അറബി -മലയാളം ഭാഷാ രൂപത്തോട്‌ അക്കാലത്തെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ബന്ധവും സ്‌നേഹവുമാണ്‌. പിന്നീട്‌ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച്‌ ഭാഷാരംഗത്തും മാറ്റങ്ങള്‍ വരികയും ജനങ്ങള്‍ മലയാള ലിപി പഠിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഇതനുസരിച്ച്‌ ഖുര്‍ആനികാശയങ്ങള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ പണ്ഡിതന്മാര്‍ മലയാള ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷകള്‍ തയ്യാറാക്കാന്‍ നിര്‍ബന്ധിതരായി. മലയാള ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷകള്‍ ഉടലെടുക്കാനുള്ള സാഹചര്യം ചുരങ്ങിയ രൂപത്തില്‍ മനസ്സിലാക്കാനാണ്‌ ഇത്രയും എഴുതിയത്‌.

1918-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്‌ ആദ്യമായി വിശുദ്ധ ഖുര്‍ആനിന്റെ മലയാള പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കാനുള്ള ശ്രമം നടത്തിയത്‌. അദ്ദേഹം വിശുദ്ധ ഖുര്‍ആനിന്റെ ആദ്യത്തെ ജുസ്‌അ്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതോടെയാണ്‌ മലയാള ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷക്ക്‌ തുടക്കമാകുന്നത്‌. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്സ്‌ സര്‍ക്കാര്‍ കണ്ടുകെട്ടിയതിനാല്‍ ഈ ശ്രമവുമായി മുന്നോട്ട്‌ പോകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. തന്റെ മരണശേഷം ശിഷ്യന്‍ മുഹമ്മദ്‌ മുഹ്‌യിദ്ദീന്‍ സാഹിബ്‌ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകുകയും മൗലവിയുടെ പരിഭാഷാ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്‌തു. അവസാനത്തെ രണ്ട്‌ ജുസ്‌ഉകളുടെ പരിഭാഷ പ്രസിദ്ധീകരിച്ചെങ്കിലും മറ്റു ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറാകാത്തതുകൊണ്ട്‌ വഴിയില്‍വെച്ച്‌ മുടങ്ങിപ്പോയ അനുഭവമാണ്‌ ഈ പരിഭാഷക്കുണ്ടായത്‌.

`ഇസ്‌ലാമിക്‌ ലിറ്ററേച്ചര്‍ സൊസൈറ്റി'യുടെ കീഴില്‍ കെ.എം. മൗലവി, സീതി സാഹിബ്‌, ഉപ്പി സാഹിബ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നാമത്തെ ജുസ്‌അ്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കച്ചതാണ്‌ ഈ രംഗത്ത്‌ അറിയപ്പെട്ട രണ്ടാമത്തെ ശ്രമം. 1930-കളിലായിരുന്നു ഈ പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചത്‌. പക്ഷെ, ഈ സംരംഭവും വിജയിച്ചില്ലെന്ന്‌ മാത്രമല്ല, 1950-ല്‍ ഈ സംഘം പിരിച്ചുവിടുകള്‍ ചെയ്‌തു.

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ പരിഭാഷപ്പെടുത്തി വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചത്‌ സി.എന്‍. അഹ്‌മദ്‌ മൗലവിയാണ്‌. 1951-ല്‍ രചന ആരംഭിക്കുകയും 1963-ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌ത ഈ പരിഭാഷയുടെയും വ്യാഖ്യാനത്തിന്റെയും പേര്‌ തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹകീം' എന്നായിരുന്നു. ഈ പരിഭാഷയില്‍ പരിശുദ്ധ ഖുര്‍ആനിന്റെ യഥാര്‍ത്ഥ ആശയത്തോടും തഫ്‌സീറിനോടും യോജിക്കാത്ത സ്വന്തമായ ചില കാഴ്‌ചപ്പാടുകളും ദുര്‍വ്യാഖ്യാനങ്ങളും അടങ്ങിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയിലും ഒതുങ്ങിനില്‍ക്കാത്ത സി.എന്‍. മൗലവി തന്റെ സ്വന്തമായ കണ്ടെത്തലുകളും അടിസ്ഥാന രഹിതമായ വാദഗതികളും പ്രചരിപ്പിക്കാന്‍ ഖുര്‍ആന്‍ പരിഭാഷ ഒരു മാധ്യമമായി സ്വീകരിക്കുകയായിരുന്നു. കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ കാരണായ ഈ പരിഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതക്ക്‌ കളങ്കം ചാര്‍ത്തുന്ന പല ദുര്‍വ്യാഖ്യാനങ്ങളും അടങ്ങിയതായി കാണാം. 1963-ല്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ പുറത്തിറക്കിയ ഈ പരിഭാഷ രണ്ട്‌ വാള്യങ്ങളിലായി എന്‍.ബി.എസ്സാണ്‌ അവസാനമായി പ്രസിദ്ധീകരിച്ചത്‌.

പ്രവാചകന്മാരുടെ മുഅ്‌ജിസത്തുകളും, മറ്റ്‌ അസാധാരണ സംഭവങ്ങളും നിഷേധിക്കുക എന്നത്‌ സി.എന്‍. മൗലവി ഒരു ഹോബിയായി സ്വീകരിച്ചിരിക്കുന്നത്‌ തന്റെ ഖുര്‍ആന്‍ പരിഭാഷയിലുടനീളം കാണാം. ഉദാഹരണത്തിന്‌ `ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ ശ്രദ്ധിച്ച്‌ കേള്‍ക്കേണ്ടതിനായി താങ്കളുടെ അടുത്തേക്ക്‌ നാം തിരിച്ചുവിട്ട സന്ദര്‍ഭം' എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ മൗലവി പറയുന്നു: `ജിന്ന്‌' `ഇന്‍സ്‌' ഈ രണ്ട്‌ വാക്കുകള്‍ പലയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്‌ കാണാം. `ജിന്ന്‌' എന്ന ശബ്‌ദത്തിന്‌ മറഞ്ഞിരിക്കുന്നത്‌ എന്നാണ്‌ അര്‍ത്ഥം. `ഇന്‍സ്‌' എന്ന ശബ്ദത്തിന്‌ ഇണങ്ങിയത്‌ എന്നും. ഇത്‌ രണ്ടും മനുഷ്യവംശത്തിലെ രണ്ട്‌ വിഭാഗങ്ങളെയാണ്‌ കുറിക്കുന്നത്‌. ആദ്യത്തെ വിഭാഗം മറ്റ്‌ മനുഷ്യരുമായി ഇണക്കവും സമ്പര്‍ക്കവുമില്ലാതെ മലമ്പ്രദേശങ്ങളിലെ, അല്ലെങ്കില്‍ മറ്റ്‌ നിലക്കോ ഒറ്റപ്പെട്ടും വേര്‍തിരിഞ്ഞും ജീവിക്കുന്നവരാണ്‌. (ശി.എന്‍. അഹ്‌മദ്‌ മൗലവിയുടെ പരിഭാഷ വാള്യം 2 പേജ്‌ 1774) ദീര്‍ഘമായി മൗലവി നടത്തിയ വ്യാഖ്യാനത്തിന്റെ ആദ്യ ഭാഗമാണ്‌ ഇവിടെ ഉദ്ധരിച്ചത്‌. തന്റെ സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഖുര്‍ആന്‍കൊണ്ടും ഹദീസ്‌ കൊണ്ടും സ്ഥിരപ്പെട്ട `ജിന്ന്‌' എന്ന പ്രത്യേക വിഭാഗത്തെ അടിസ്ഥാനപരമായി നിഷേധിക്കുകയാണ്‌ മൗലവി ചെയ്യുന്നത്‌. അതുപോലെ സൂറത്ത്‌ നംലിലെ പതിനെട്ടാമത്തെ ആയത്തില്‍ പറഞ്ഞ `ഖാലത്ത്‌ നംലത്ത്‌'' എന്നതിനു നംല്‌ സമുദായത്തില്‍പെട്ട ഒരു സ്‌ത്രീ പറഞ്ഞു' എന്നു പരിഭാഷപ്പെടുത്തിയതിലൂടെ സുലൈമാന്‍ നബി(അ)ക്ക്‌ അല്ലാഹു നല്‍കിയ അമാനുഷിക കഴിവിനെ മൗലവി നിഷേധിക്കുന്നു. അപ്രകാരം തന്നെ മൂസാനബി(അ) തന്റെ അമാനുഷിക ശക്തിയുള്ള വടികൊണ്ട്‌ ചെങ്കടലില്‍ അടിക്കുകയും കടല്‍ പിളര്‍ന്ന്‌ മൂസാനബി(അ)ക്കും അനുയായികള്‍ക്കും സുരക്ഷിതരായി രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്‌ത മുഅ്‌ജിസത്തിനെ നിഷേധിക്കുകുയം നിസ്സാരവല്‍ക്കരിക്കുകയും ചെയ്‌തുകൊണ്ട്‌ സി.എന്‍. മൗലവി എഴുതുന്നുത്‌ കാണുക: `അന്ന്‌ ചെങ്കടലില്‍ ഇന്നത്തെപ്പോലെ വെള്ളമുണ്ടായിരുന്നില്ല. പൊതുവില്‍ മണല്‍തട്ട്‌ പൊങ്ങിക്കിടക്കുകയായിരുന്നു. ഇടക്ക്‌ അവിടെവിടെ ചില കയങ്ങളുമുണ്ടായിരിന്നു. സൂക്ഷിച്ചുപോകുന്ന പക്ഷം ആ കയങ്ങളിലൊന്നും ചാടാതെ മറുകര പ്രാപിക്കാം''(പേജ്‌ 1172) മൗലവിയുടെ വിശദീകരണം കണ്ടാല്‍ ചെങ്കടല്‍ മുഴുവനും മുങ്ങിത്തപ്പിയതുപോലെ തോന്നും. ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ യഥാര്‍ത്ഥ ആശയങ്ങളെ വളച്ചൊടിക്കുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും, ഇത്തരം പരിഭാഷകളെ വായനക്കാര്‍ കരുതലോടെ സമീപിക്കണമെന്നും സന്ദര്‍ഭവശാല്‍ ഉണര്‍ത്തുകയാണ്‌. തന്റെ പരിഭാഷയുടെ തുടക്കത്തില്‍ ബ്രഹത്തയ ഒരു മുഖവുരയും അവസാനം ഒരു വിഷയസൂചികയും മൗലവി നല്‍കിയിട്ടുണ്ട്‌.

Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8-%E0%B4%AF%E0%B4%B1%E0%B4%AA%E0%B4%AF%E0%B4%A8-%E0%B4%AD%E0%B4%B7%E0%B4%95%E0%B4%B3%E0%B4%B2-25

ഇത്തരം പരിഭാഷകളും വ്യാഖ്യാനങ്ങളും ഗുണത്തിലേറെ ദോഷം ചെയ്യുന്നതും ഖുര്‍ആനിനെ തെറ്റായി മനസ്സിലാക്കാനും അതുവഴി ഇസ്‌ലാമില്‍നിന്ന്‌ തന്നെ വ്യതിചലിച്ചുപോകാനും സാധ്യതയുള്ളതാണെന്ന കാര്യവും പ്രത്യേകം സ്‌മരണീയമാണ്‌. അഹ്‌മദ്‌ മൗലവിയുടെ പിരഭാഷക്ക്‌ ശേഷം പുറത്തുവന്ന ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുടേതാണ്‌. ആയത്തുകളുടെ അര്‍ത്ഥവും അത്യാവശ്യം വേണ്ട സ്ഥലങ്ങളില്‍ മാത്രം വിശദീകരണങ്ങളും ചേര്‍ത്ത്‌ തയ്യാറാക്കിയ ഈ പരിഭാഷ 1960-ലാണ്‌ പുറത്തിറങ്ങിയത്‌. ഖുര്‍ആന്‍ പഠിതാക്കള്‍ക്ക്‌ ഉപയോഗിക്കാന്‍ സൗകര്യപ്രദമായി തയ്യാറാക്കിയ ഈ പരിഭാഷ അറബിമൂലത്തോട്‌ കഴിയുന്നത്ര നീതി പുലര്‍ത്തുകയും മലയാള ഭാഷ പരമാവധി നന്നാക്കുകയും ചെയ്‌തിട്ടുണ്ടെന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. ഖുര്‍ആനിന്റെ കാവ്യാത്മകതയും ഈണവും നിലനില്‍ത്താന്‍ പരിഭാഷകന്‍ ശ്രമിച്ചിട്ടുണ്ട്‌. തുടക്കത്തില്‍ പൊതുവായ ഒരു ആമുഖവും ഓരോ സൂറത്തിന്റെ പരിഭാഷയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ ആമുഖമെന്ന നിലയില്‍ അവയുടെ ഉള്ളടക്കത്തെ കുറിച്ചും മറ്റുമുള്ള ഒരു ചെറിയ വിവരണവും ഈ പരിഭാഷയില്‍ കാണാം.

ഖുര്‍ആന്‍ പരിഭാഷാ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു പരിഭാഷയും വ്യാഖ്യാനവുമാണ്‌ മുഹമ്മദ്‌ അമാനി മൗലവി തയ്യാറാക്കിയ തഫ്‌സീറുല്‍ ഖുര്‍ആനുല്‍ കരീം. 1960-ല്‍ ആരംഭിച്ച്‌ ബ്രഹത്തായ പരിഭാഷാ ഗ്രന്ഥം പൂര്‍ത്തിയാക്കിയത്‌ 1977-ലാണ്‌. നാല്‌ വാള്യങ്ങളിലായി പുറത്തിറക്കിയ ഈ പരിഭാഷയിലും വ്യാഖ്യാനങ്ങളിലും പലപ്പോഴായി കെ.എം. മൗലവി, പി.കെ. മൂസ മൗലവി, എ. അലവി മൗലവി എന്നിവര്‍ അമാനി മൗലവിയെ സഹായിച്ചിട്ടുണ്ട്‌. നീണ്ട 17 വര്‍ഷം ഈ തഫ്‌സീര്‍ രചനയില്‍ നിരതനായത്‌ അമാനി മൗലവി ആയതിനാല്‍ അമാനി മൗലവിയുടെ പേരിലാണ്‌ ഈ ഖുര്‍ആന്‍ വ്യാഖ്യാനം അറിയപ്പെടുന്നത്‌. ഖുര്‍ആന്‍ വിജ്ഞാനങ്ങളെക്കുറിച്ച്‌ വിപുലമായി പഠിക്കാന്‍ ഉതകുന്നതും ഖുര്‍ആന്‍ പരിഭാഷാ വ്യാഖ്യാനം വിശദമായി മനസ്സിലാക്കാന്‍ കഴിയുന്നതുമായ പഠനാര്‍ഹമായ ഒരു മുഖവുര തുടക്കത്തില്‍ നല്‍കിയത്‌ ഈ ഖുര്‍ആന്‍ പരിഭാഷയുടെ മാറ്റ്‌ കൂട്ടുന്നു.

അറബി, ഉറുദു, ഇംഗ്ലീഷ്‌ മുതലായ ഭാഷകളിലുള്ള പ്രധാനപ്പട്ട തഫ്‌സീറുകള്‍, ഹദീസ്‌ ഗ്രന്ഥങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ പ്രധാന നിഘണ്ടുകള്‍ മുതലായവ ഈ പരിഭാഷ തയ്യാറാക്കുന്നതിന്‌ അവലംബമായി സ്വീകരിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍, ഹദീസ്‌, സ്വഹാബത്തിന്റെ അഭിപ്രായങ്ങള്‍ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ മുതലായവക്ക്‌ ക്രമപ്രകാരം മുന്‍ഗണന നല്‍കുന്ന ശൈലിയാണ്‌ ഈ തഫ്‌സീറില്‍ സ്വീകരിച്ചിട്ടുള്ളത്‌. അറബി മൂലത്തോടൊപ്പം പരിഭാഷയും ഓരോ ആയത്തിന്റെയും വാക്കര്‍ത്ഥവും വെവ്വേറെ കൊടുത്തിട്ടുള്ളതിനാല്‍ സാധാരണക്കാര്‍ക്ക്‌ പോലും അനായാസേന ഖുര്‍ആനികാശയങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുന്ന രീതിയിലാണ്‌ ഈ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്‌. സി.എന്‍. അഹ്‌മദ്‌ മൗലവിയുടെ യുക്തിപരമായ അഭിപ്രായങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഖാദിയാനികളുടെയും അഹ്‌ലുല്‍ ഖുര്‍ആന്റെയും തെറ്റായ വീക്ഷണങ്ങളും വാദഗതികളും ക്രിസ്‌ത്യാനികളുടെ ത്രിയേകത്വം മുതലായ മൂഢവിശ്വാസങ്ങളും തെളിവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഖണ്ഡിച്ചിട്ടുണ്ട്‌. ഈ പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന മലയാള ഭാഷാ ശൈലി സാധാരണക്കാര്‍ക്ക്‌ സഹായകരമാണെന്നതുപോലെ ഖുര്‍ആനിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഉതകുന്ന വിശദമായ വ്യാഖ്യാനക്കുറിപ്പുകളും ഇതിന്റെ പ്രത്യേകതയാണ്‌. കൂടാതെ വിശദമായ വിഷയ വിവരപ്പട്ടികയും ഖുര്‍ആനുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പടങ്ങളും മാപ്പുകളും അവസന ഭാഗത്ത്‌ ചേര്‍ത്തത്‌ വായനക്കാരെ സംബന്ധിച്ചേടത്തോളം ഏറെ പ്രയോജനകരമാണ്‌. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിക്കുന്ന ഈ പരിഭാഷയില്‍ സുന്നത്ത്‌ ജമാഅത്തിന്‌ വിരുദ്ധമായ പല അഭിപ്രായങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ സുന്നീ കേരളം ഈ പരിഭാഷ അംഗീകരിക്കുന്നില്ല.

വെളിയങ്കോട്‌ ഉമര്‍ മൗലവി 1959-ല്‍ ആറ്‌ വാള്യങ്ങളിലായി തയ്യാറാക്കിയ തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന പേരിലുള്ള അറബി മലയാള പരിഭാഷ സംഗ്രഹിച്ച്‌ കെ.കെ. മുഹമ്മദ്‌ മദനിയുടെ സഹായത്തോടെ മലയാളത്തില്‍ ഒറ്റ വാള്യത്തിലായി 970-ല്‍ അദ്ദേഹം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഖുര്‍ആനുമായി ബന്ധപ്പെട്ട കാര്യങ്ങളടങ്ങിയ ചെറിയ ഒരാമുഖമായി തുടങ്ങുന്ന ഈ പരിഭാഷയുടെ ഭാഷ വളരെ ലളിതമാണ്‌. ആവശ്യമായ സ്ഥലത്ത്‌ ചെറിയ തോതിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്‌. സുന്നത്ത്‌ ജമാഅത്തിനു വിരുദ്ധമായ പല വാദഗതികളും സ്വന്തമായ അഭിപ്രായങ്ങളും ഈ പരിഭാഷയിലുണ്ട്‌. ഉദാഹരണമായി ഫാത്തിഹയിലെ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു' എന്നതിന്റെ വ്യാഖ്യാനത്തില്‍ ഉമര്‍ മൗലവി എഴുതുന്നു: `മറഞ്ഞ വഴിയില്‍ ഗുണം ആശിക്കുകയോ ദോഷം പേടിക്കുകയോ ചെയ്‌തുകൊണ്ട്‌ ഒരു വസ്‌തുവിനെ അങ്ങേയറ്റം വന്ദിക്കുക' എന്നതാണ്‌ ആരാധന.... നേര്‍ച്ച, വഴിപാട്‌, പ്രാര്‍ത്ഥന വഴി രോഗം മാറല്‍ മറഞ്ഞ വഴിയാണ്‌. ഈ നിലക്കുള്ള വന്ദനം ആരാധനയാകുന്നു' (തര്‍ജുമാനുല്‍ ഖുര്‍ആന്‍ പേജ്‌ 2) അടിസ്ഥാന രഹിതമായ ഇത്തരം വ്യാഖ്യാനങ്ങളടങ്ങിയ പരിഭാഷ വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെന്നതില്‍ തര്‍ക്കമില്ല.

സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാനും അല്‍ബയാന്‍, മുഅല്ലിം മാസികളുടെ പത്രാധിപരും ആയിരുന്ന മര്‍ഹൂം ടി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ 1974-ല്‍ പുറത്തിറക്കിയ `തഫ്‌സീറുല്‍ ഖുര്‍ആന്‍' എന്ന ഒറ്റ വാള്യത്തിലുള്ള മലയാള പരിഭാഷ സുന്നീ ആശയങ്ങള്‍ക്കനുസരിച്ച്‌ തയ്യാറാക്കിയതും തഫ്‌സീറുല്‍ ജലാലൈനിയുടെ സ്വതന്ത്ര വിവര്‍ത്തനവുമാകുന്നു. മായിന്‍കുട്ടി എളയ നേരത്തെ ഇതിന്റെ അറബി മലയാള പരിഭാഷ നിര്‍വ്വഹിച്ചിരുന്നുവെങ്കിലും ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ ടി.കെ. അബ്ദുല്ല മുസ്‌ലിയാരാണ്‌. (ന.മ.) സാധാരണക്കാര്‍ക്ക്‌ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന ഈ പരിഭാഷയില്‍ തുടക്കത്തില്‍ നല്ല ഒരാമുഖവും അത്യാവശ്യം വ്യാഖ്യാന കുറിപ്പുകളും ചേര്‍ത്തിട്ടുണ്ട്‌.

കേരളത്തിലെ സുന്നി പണ്ഡിതന്മാര്‍ തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷകളിലൊന്നാണ്‌ 1980-ല്‍ കെ.വി. മുഹമ്മദ്‌ മുസ്‌ലിയാര്‍ (ന.മ.) അഞ്ച്‌ വാള്യങ്ങളിലായി പുറത്തിറക്കിയ `ഫത്‌ഹുറഹ്‌മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ. നിലവിലുള്ള ഖുര്‍ആന്‍ പരിഭാഷകളില്‍വെച്ച്‌ എന്തുകൊണ്ടും മികച്ച്‌ നില്‍ക്കുന്ന ഈ ബൃഹത്തായ ഖുര്‍ആന്‍ വ്യാഖ്യാനം വിശുദ്ധ ഖുര്‍ആനിനെകുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു വഴികാട്ടിയും റഫറന്‍സ്‌ ഗ്രന്ഥവുമാണ്‌. സി.എന്‍. അഹ്‌മദ്‌ മൗലവിയുടെ യുക്തിവാദത്തെയും പുരോഗമന വാദത്തെയും മൗലാന കെ.വി. ഉസ്‌താദ്‌(ന.മ.) തന്റെ തഫ്‌സീറില്‍ ശക്തിയുക്തം തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഖണ്ഡിച്ചിട്ടുണ്ട്‌. അതോടൊപ്പം ഉമര്‍ മൗലവി അമാനി മൗലവി മുതയാലവര്‍ തങ്ങളുടെ പരിഭാഷകളില്‍ കടത്തിക്കൂട്ടിയ സുന്നി വിരുദ്ധ വാദഗതികളെയും ദുര്‍വ്യാഖ്യാനങ്ങളെയും പണ്ഡിതോചിതമായ രീതിയില്‍ വിമര്‍ശിക്കുകയും ബുദ്ധിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ അവയിലെ പൊള്ളത്തരം വ്യക്തമാക്കിക്കൊണ്ട്‌ മറുപടി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. സുദീര്‍ഘമായ ആമുഖത്തോടുകൂടി തുടങ്ങ ഈ ഖുര്‍ആന്‍ വ്യാഖ്യാനം വിശുദ്ധ ഖുര്‍ആനിന്റെ മലയാള പരിഭാഷകളില്‍ വേറിട്ടു നില്‍ക്കുന്നതും, മലയാള ഭാഷാ സാഹിത്യത്തിന്‌ ഒരു മതല്‍ക്കൂട്ടുമാണ്‌. ആവശ്യമുള്ള സ്ഥലത്ത്‌ മത താരതമ്യപഠനം നടത്തുകയും ക്രിസ്‌ത്യാനികളുടെ അബദ്ധവിശ്വാസങ്ങളെ അവരുടെ സ്വന്തം മതഗ്രന്ഥങ്ങളുപയോഗിച്ച്‌ ഖണ്ഡിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍- ശാസ്‌ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഖുര്‍ആന്‍ എക്കാലത്തും പ്രായോഗികമാണെന്നും ഏത്‌ കാലത്തെയും ശാസ്‌ത്ര പുരോഗതികള്‍ക്കും കണ്ടെത്തലുകള്‍ക്കും ഖുര്‍ആന്‍ വഴികാട്ടിയും പ്രചോദനവുമാണെന്ന്‌ സ്ഥാപിച്ചുകൊണ്ടുള്ള വിശദീകരണങ്ങളാണ്‌ അദ്ദേഹം നല്‍കിയിട്ടുള്ളത്‌. പ്രമുഖ തഫ്‌സീറുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ ഖുര്‍ആന്‍ വ്യാഖ്യാനം ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹദീസുകള്‍ക്ക്‌ മതിയായ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വ്യാഖ്യാനശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

സി.എന്‍. അഹ്‌മദ്‌ മൗലവി ഉപദേശകനായി 1987-ല്‍ വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകള്‍ നല്‍കാതെ പരിഭാഷ മാത്രം കൊടുത്തുകൊണ്ടുള്ള ഒരു മലയാള പരിഭാഷ ഡി.സി. ബുക്‌സ്‌ വിശ്വസാഹിത്യമാല എന്ന പരമ്പരയില്‍ നാലു വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചു. പി.എ. കരീം, കെ. അബ്ദുറഹ്‌മാന്‍, കെ.എ. റഊഫ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ പരിഭാഷ തയ്യാറാക്കിയത്‌. 1996-ല്‍ ഒറ്റ വാള്യമായി പുനഃപ്രസിദ്ധീകരിച്ച ഈ പരിഭാഷയിലെ പല ആശയങ്ങളും സി.എന്‍. അഹ്‌മദ്‌ മൗലവിയില്‍നിന്ന്‌ കടമെടുത്തതാണ്‌. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി, കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍ എന്നിവര്‍ ചേര്‍ന്ന്‌ 1990-ല്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ എന്ന പേരില്‍ ഒരു മലയാള പരിഭാഷ പുറത്തിറക്കുകയുണ്ടായി. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ അടിസ്ഥാനത്തിലാണ്‌ ഇത്‌ തയ്യാറാക്കിയത്‌. മദീനയിലെ കിങ്ങ്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ കോംപ്ലക്‌സ്‌ അടക്കം വിവിധ ഏജന്‍സികള്‍ ഈ പരിഭാഷ സൗജന്യമായും അല്ലാതെയും പ്രസിദ്ധീകരിച്ചു വിതരണം ചെയ്യാന്‍ ശ്രമിച്ചതിനാല്‍ വ്യാപകമായ പ്രചാരണം ഇതിന്ന്‌ ലഭിച്ചിട്ടുണ്ട്‌. ആയത്തുകളുടെ പരിഭാഷകള്‍ക്ക്‌ പുറമെ അത്യാവശ്യ സ്ഥലങ്ങളില്‍ ചെറിയ വിശദീകരണങ്ങളും ഈ പരിഭാഷയില്‍ നല്‍കിയിട്ടുണ്ട്‌.

മഖ്‌ദൂം കുടുംബത്തിലെ പണ്ഡിതനായ അബ്ദുറഹ്‌മാന്‍ മഖ്‌ദൂമി പൂര്‍ണ്ണ രൂപത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്‌. `ഫത്‌ഹുല്‍ അലീം ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ അളീം' എന്ന പേരിലുള്ള പരിഭാഷ 1992-ല്‍ രചനയാരംഭിക്കുകയും 1995-ല്‍ രണ്ട്‌ വാള്യങ്ങളിലായി പുറത്തിറക്കുകയും ചെയ്‌തു. സുന്നീ പണ്ഡിതന്മാര്‍ തയ്യാറാക്കിയ പ്രമുഖ പരിഭാഷകളില്‍ ഒന്നായ ഇത്‌ ഉല്‍പതിഷ്‌ണുക്കളുടെ വിമര്‍ശനങ്ങള്‍ക്ക്‌ പാത്രമായ ഇസ്‌തിഗാസ മുതലായ കാര്യങ്ങളെ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ലളിതമായ മലയാള ഭാഷയില്‍ തയ്യാറാക്കിയതും, താരതമ്യേന തെറ്റുകള്‍ കുറഞ്ഞതും ഏവര്‍ക്കും വായനക്ക്‌ ശുപാര്‍ശ ചെയ്യാവുന്നതുമായ ഒരു സുന്നീ പരിഭാഷയാണ്‌ കോഴിക്കോട്‌ ഖാളിയായിരുന്ന സയ്യിദ്‌ അഹ്‌മദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ 2001-ല്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ. ഓരോ അധ്യായത്തിന്റെയും പരിഭാഷയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പായി ആ സൂറത്തിനെക്കുറിച്ചുള്ള ചെറിയ ഒരു വിശദീകരണവും ആവശ്യമായ സ്ഥലത്ത്‌ അടിക്കുറിപ്പുകളും നമുക്ക്‌ കാണാം. `അല്‍ബയാന്‍ ഫീ മആനില്‍ ഖുര്‍ആന്‍' എന്നാണ്‌ ഇതിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.

പ്രസിദ്ധ എഴുത്തുകാരനായ കെ.വി.എം. പന്താവൂരിന്റെ `വിശുദ്ധ ഖുര്‍ആന്റെ ഉള്‍സാര വ്യാഖ്യാനം' എന്ന തര്‍ജമയാണ്‌ മറ്റൊരു സുന്നീ പരിഭാഷയായി അറിയപ്പെടുന്നത്‌. മുഹ്‌യിദ്ദീനുബ്‌നു അറബിയുടെ അത്തഫ്‌സീറുല്‍ കബീര്‍' എന്നതിന്റെ വിവര്‍ത്തനമാണിത്‌. 1991-ല്‍ ഒന്നും രണ്ടും വാള്യങ്ങളും 1992-ല്‍ മൂന്നും നാലും വാള്യങ്ങളും പ്രസിദ്ധീകരിച്ചു. ഒന്നാം വാള്യത്തില്‍ തസവ്വുഫുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടങ്ങിയ നല്ല ഒരാമുഖം അദ്ദേഹം ചേര്‍ത്തത്‌ ഇവ്വിഷയകമായി പഠിക്കാന്‍ വായനക്കാര്‍ക്ക്‌ ഏറെ സഹായകരമാണ്‌.

സുന്നീ പണ്ഡിതന്മാര്‍ തയ്യാറാക്കിയ പരിഭാഷകളില്‍ വേറിട്ട്‌ നില്‍ക്കുന്നതും ഏറെ സവിശേഷതളുള്ളതുമായ ഒന്നാണ്‌ പ്രഗത്ഭ പണ്ഡിതനും ചിന്തകനും ഗ്രന്ഥകര്‍ത്താവുമായ ജനാബ്‌ മുസ്‌തഫല്‍ ഫൈസി തയ്യാറാക്കിയ `വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം' 1994-ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിഭാഷാ സംരംഭത്തിന്റെ ഭാഗമായി ഇത്‌ സൂറത്തുല്‍ അന്‍ആം വരെയുള്ള ഏഴ്‌ ഭാഗങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. മലയാളത്തിലുള്ള ഇതര പരിഭാഷകളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും വ്യത്യസ്‌തമായി ഫാത്തിഹയുടെ വ്യാഖ്യാനത്തിന്‌ മാത്രം ഒരു വാള്യം അദ്ദേഹം മാറ്റിവെക്കുകയുണ്ടായി. മൗലാനാ ആസാദിന്റെ `തര്‍ജുമാനുല്‍ ഖുര്‍ആനി'ല്‍ സ്വീകരിച്ച ഫാതിഹ വ്യാഖ്യാനത്തിന്റെ ശൈലിയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ അദ്ദേഹം ഒന്നാം വാള്യം തയ്യാറാക്കിയത്‌. ആസാദ്‌ ചെയ്‌തതുപോലെ ഫാതിഹയിലെ ഓരോ ആയത്തുകളിലുമടങ്ങിയ വിഷയങ്ങളെ ഓരോ അദ്ധ്യായങ്ങളായി തിരിച്ച്‌ അവയുടെ വിശദമായ ചര്‍ച്ചകളടങ്ങിയ വിശദീകരണങ്ങളാണ്‌ അദ്ദേഹം നല്‍കിയിട്ടുള്ളത്‌. സാധാരണക്കാരിലുപരി പണ്ഡിതന്മാര്‍ക്ക്‌ തന്നെ ഒരു റഫറന്‍സ്‌ ഗ്രന്ഥമെന്ന രീതിയില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ്‌ ഇതിന്റെ സംവിധാനം. വ്യാഖ്യാനകുറിപ്പുകളും വിശദീകരണങ്ങളും ഒന്നാം ഭാഗത്തിന്റെ അവസാനത്തില്‍ അറബിയില്‍ കൊടുത്തത്‌ ഇവ്വിഷയകമായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഒരുപോലെ സഹായകരമാണ്‌. ഓരോ ആയത്തിന്റെയും പരിഭാഷ നല്‍കിയതിന്‌ ശേഷം അവയെക്കുറിച്ചുള്ള വിശദായ വ്യാഖ്യാനങ്ങളാണ്‌ താഴെ കൊടുത്തിട്ടുള്ളത്‌. പ്രമുഖ തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌ ചരിത്രം, ഭാഷാ ഗ്രന്ഥങ്ങളാണ്‌ ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അവലംബം. സുന്നീ സാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ട്‌ തന്നെയാണ്‌ ഈ ഖുര്‍ആന്‍ വ്യാഖ്യാനം എന്ന്‌ നമുക്ക്‌ പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter