യൂസുഫ് അലി എന്ന ഖുര്‍ആന്‍ പരിഭാഷകന്‍, ലോകം അറിയാതെ പോയ അവസാനനാളുകള്‍
1953 ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതം.. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പ്രവിശ്യയിലെ ഒരു തെരുവിലെ ബെഞ്ചിൽ അർദ്ധബോധാവസ്ഥയിലുള്ള ഒരു വൃദ്ധന്‍ കിടക്കുന്നത് ഒരു പോലീസുകാന്റെ ശ്രദ്ധയില്‍ പെട്ടു. ഭ്രാന്തമായ അവസ്ഥയിലായിരുന്ന അദ്ദേഹം ഒരു ദിവസത്തിനുശേഷം ഡിസംബർ 10-ന് മരണത്തിന് കീഴടങ്ങി. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ഖുർആൻ ഇംഗ്ലീഷ് പരിഭാഷകൻ അബ്ദുല്ല യൂസഫ് അലിയായിരുന്നു ആ മനുഷ്യനെന്ന് വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്.
ലണ്ടനിലെ പാകിസ്ഥാൻ എംബസിയിൽ ആ വാർത്ത എത്തിയപ്പോൾ, അന്ത്യകർമങ്ങൾക്കായി ഒരാളെ അയച്ചു കൊടുത്തു. ഇത്രയും പ്രഗത്ഭനും പണ്ഡിതനുമായ ഒരാൾ ഇത്ര ദയനീയമായ അന്ത്യം നേരിടേണ്ടി വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സ് വേദനിച്ച് പോകുന്നു, ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ മിർസ അബുൽ ഹസൻ ഇസ്ഫഹാനി രണ്ട് ദിവസത്തിന് ശേഷം പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഒരു കത്തിൽ എഴുതിയത് ഇങ്ങനെയായിരുന്നു.
യൂസഫ് അലി രചിച്ച വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാത്തവരുണ്ടാവില്ല എന്ന് തന്നെ പറയാം. അതിന്റെ 200 ലധികം പതിപ്പുകൾ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അറബിയേതര ഭാഷകളിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പരിഭാഷയെന്ന ഖ്യാതിയും ഇതിന് സ്വന്തമാണ്. "ഇംഗ്ലീഷ് സംസാരിക്കുന്ന ഏതൊരു മുസ്‍ലിമിനോടും അവർ ആദ്യം പഠിച്ച ഖുർആന്റെ പരിഭാഷയും വ്യാഖ്യാനവും എന്താണെന്ന് ചോദിക്കൂ, അത് അബ്ദുള്ള യൂസഫ് അലിയുടേതായിരിക്കാനാണ് സാധ്യത" എന്ന് പല പ്രമുഖരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തെ ഏറ്റവും മുതിർന്ന മുസ്‍ലിം ബുദ്ധിജീവികളിൽ ഒരാളായിരുന്നു അദ്ദേഹം. മുഹമ്മദലി ജിന്ന, ആഗാ ഖാൻ എന്നിവരെപ്പോലുള്ളവരുമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം. കാനഡയിലെ ആദ്യത്തെ മുസ്‍ലിം പള്ളി ഉദ്ഘാടനം ചെയ്തതും 1919 ലെ പാരീസ് സമാധാന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതും അദ്ദേഹമായിരുന്നു. ലണ്ടനിലെ ഏറ്റവും പഴയ മസ്ജിദിന്റെ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ഇസ്‍ലാമിനെയും മുസ്‍ലിംകളെയും കുറിച്ച് മികച്ച കാഴ്ചപ്പാടുകളുള്ള ഒരു എഴുത്തുക്കാരൻ കൂടിയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തെപ്പോലുള്ള ഒരു പ്രമുഖ മുസ്‍ലിം പണ്ഡിതന്‍ എങ്ങനെയാണ് ഇത്രമേല്‍ അവഗണിക്കപ്പെട്ടത് എന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്.
1915-ൽ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാർ മുസ്‍ലിംകളുമായി ബന്ധപ്പെട്ട് ഒരു വലിയ പ്രതിസന്ധി നേരിട്ടു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം അര ദശലക്ഷം സൈനികർ മുസ്‍ലിംകളായിരുന്നു. ഒട്ടോമൻ ഖിലാഫത്തിനെതിരെ യുദ്ധം ചെയ്യാന്‍ അവരില്‍ പലരും വിസമ്മതിച്ചു. എന്നാല്‍ അപ്പോഴൊക്കെ യൂസുഫ് അലി നില കൊണ്ടത് ബ്രിട്ടീഷ് സൈന്യത്തോടൊപ്പമായിരുന്നു. സൈനികരെ അവരോടൊപ്പം യുദ്ധം ചെയ്യാന്‍ അദ്ദേഹം പരമാവധി പ്രോല്‍സാഹിപ്പിച്ചു.
"ഗൂർഖമാരും സിഖുക്കാരും മുസ്‍ലിംകളും രജപുത്രരും ബ്രാഹ്മണരുമായ പ്രഗത്ഭരായ സൈനികരേ, യുദ്ധം ചെയ്യുക! ബ്രിട്ടീഷ് സൈന്യത്തിൽ നിങ്ങൾക്ക് സഖാക്കളുണ്ട്, അവരുടെ കൂട്ടായ്മയും നേതൃത്വവും നിങ്ങൾക്ക് അമൂല്യമായ സ്വത്താണ്." എന്ന് 1914 നവംബറിൽ ലണ്ടനിലെ ഒരു പരിപാടിയിൽ ഉന്നത ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ നിലപാടുകളെ പലരും ചോദ്യം ചെയ്തു. ഒട്ടോമൻ ഖലീഫ ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചിരിക്കെ യൂസഫ് അലി ചെയ്യുന്നത് ശരിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, തന്റെ നിലപാടില്‍ മാറ്റം വരുത്താതെ, ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടാൻ മുസ്‍ലിംകളോട് ആവശ്യപ്പെട്ട് അദ്ദേഹം വിവിധ രാജ്യങ്ങളില്‍ ചുറ്റിനടന്നു. "അദ്ദേഹം ബ്രിട്ടീഷുകാരോട് വിശ്വസ്ത പ്രകടിപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തെ അദ്ദേഹം ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഇസ്‍ലാമിനെക്കുറിച്ചുള്ള ധാരണയിൽ അദ്ദേഹം വളരെ ലിബറൽ ആയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മുസ്‍ലിം തത്വശാസ്ത്രവും പാശ്ചാത്യ തത്വചിന്തയും തമ്മിൽ അനുരഞ്ജനമാണ് വേണ്ടതെന്ന് അദ്ദേഹം ആഗ്രഹിച്ചു.” ലണ്ടൻ സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറായ ഹുമയൂൺ അൻസാരി അഭിപ്രായപ്പെടുന്നു.
1871-ൽ പടിഞ്ഞാറൻ ഇന്ത്യയിലെ സൂറത്തിലാണ് യൂസഫ് അലി ജനിച്ചത്. ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന യൂസഫ് അലി തന്റെ സ്കൂൾ കാലഘട്ടത്തിലുടനീളം ഒരു അസാധാരണ വിദ്യാർത്ഥിയായിരുന്നു. ശേഷം ഒരു മിഷനറി സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ നേടിയ അദ്ദേഹം ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ സ്കോളർഷിപ്പ് നേടി മിടുക്ക് തെളിയിച്ചു. ഓരോ വർഷവും ഒമ്പത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്കോളർഷിപ്പ് നൽകിയിരുന്നത്. സർക്കാർ ജോലി നേടി നഷ്ടപ്പെട്ട സാമൂഹിക പദവി വീണ്ടെടുക്കാന്‍ ഇംഗ്ലീഷ് പഠിക്കുകയും ആധുനിക വിദ്യാഭ്യാസം നേടുകയും ബ്രിട്ടീഷ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നുമുള്ള ഒരു തിരിച്ചറിവ് അന്നത്തെ ചില മുസ്‍ലിംകൾക്കുണ്ടായിരുന്നു. യൂസുഫ് അലിയും ആ ചിന്താഗതിയായിരുന്നു പുലര്‍ത്തിയിരുന്നത്.
അദ്ദേഹം ഒരു ഭക്തിയുള്ള മുസ്‍ലിമായിരുന്നു. കൃത്യമായി നിസ്കരിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും മതപരമായ സഭകളിൽ പങ്കെടുക്കുകയും പലപ്പോഴും ലണ്ടനിനടുത്തുള്ള ഷാജഹാൻ മസ്ജിദിൽ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു അദ്ദേഹം. അതേസമയം, പൊളിറ്റിക്കൽ ഇസ്‌ലാമിന് എതിരായിരുന്നു അദ്ദേഹം. ഭരിക്കുന്ന വിഭാഗത്തോട് എതിര്‍ത്ത് നില്ക്കുന്നതിന് പകരം പരമാവധി അവരുമായി ചേര്‍ന്ന് നിന്ന് അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മുസ്‌ലിംകൾക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിയുമെന്നും സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടത്തുന്നതിന് പകരം വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു.
രണ്ട് വിവാഹങ്ങള്‍ ചെയ്യുകയും നാല് കുട്ടികള്‍ ജനിക്കുകയും ചെയ്തെങ്കിലും സന്തോഷകരമായ ഒരു കുടുംബ ജീവിതം തുടരാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ഏറെ നിരാശാജനകമായ ആ ദിനങ്ങളെ അദ്ദേഹം തന്റെ ഖുർആൻ വ്യാഖ്യാനത്തിന്റെ ആമുഖത്തിൽ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്, "ഒരു മനുഷ്യന്റെ ജീവിതം ആന്തരിക കൊടുങ്കാറ്റുകൾക്ക് വിധേയമാണ്. അത് പലപ്പോഴും യുക്തിയെ അസ്ഥാനത്താക്കുന്നു, ജീവിതത്തെ തന്നെ അത് അർത്ഥശൂന്യമാക്കുന്നു.
ഈ വ്യക്തിപരമായ പ്രതിസന്ധികള്‍ക്കിടയിലാണ് യൂസുഫ് അലി ഖുർആനിന്റെ ഇംഗ്ലീഷ് വിവർത്തനം എഴുതുന്ന മഹത്തായ ജോലി ആരംഭിച്ചത്. പലപ്പോഴും ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ഏകാന്ത സമുദ്ര യാത്രകളിൽ ഏർപ്പെട്ടു. ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥം പാശ്ചാത്യരെ പരിചയപ്പെടുത്താൻ മർമഡൂക്ക് പിക്‌താൽ പോലുള്ള പ്രമുഖ പണ്ഡിതന്മാർ ഇതിനകം തന്നെ സംഭാവനകൾ ചെയ്‌തിരുന്നു. എങ്കിലും യൂസുഫ് അലിയുടേത് ഏവര്‍ക്കും സ്വീകാര്യമായ വേറിട്ട പ്രവർത്തനമായി ഇന്നും കണക്കാക്കപ്പെടുന്നു.
ശിയാക്കളിലെ ഒരു വിഭാഗമായ ദാവൂദി ബോഹ്‌റ വിഭാഗക്കനായിരുന്നു യൂസഫ് അലി. എന്നാൽ സുന്നി പള്ളികളിലെ സഭകളില്‍ പോലും പ്രസംഗിക്കാനുള്ള ബഹുമാനവും ആദരവും പൊതു അംഗീകാരവും അദ്ദേഹം നേടിയിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിനുശേഷം, അറബ് മുസ്‍ലിംകൾക്ക് എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇംഗ്ലീഷുകാർ പറയുന്നത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ക്രമരഹിതമായ വിഭജനവും ഇസ്രായേലിന്റെ രൂപീകരണവും അസ്വസ്ഥനാക്കിയിരുന്നു. 1937-ൽ അദ്ദേഹം പലസ്തീനികളുടെ കാര്യത്തിൽ പോരാടുന്ന നിരവധി മീറ്റിംഗുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുകയും മുസ്‍ലിം ഭൂമിയിൽ ഒരു ജൂത രാഷ്ട്രം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പാശ്ചാത്യ ശക്തികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
"ഒരു വഴിക്ക് മാത്രമേ നിങ്ങൾക്ക് സമാധാനം ലഭിക്കൂ.
പൗരാണിക അവകാശങ്ങള്‍ അടിച്ചമർത്തപ്പെടരുത്,
കയ്യേറ്റങ്ങളാലുള്ള അതിക്രമങ്ങൾ നിർത്തുക
ഖുദ്‌സിന് ശരിയായ വിശ്രമം നൽകണം,” എന്ന വരികൾ, 1938ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഫലസ്തീൻ എന്ന കവിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1939-ൽ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‍ലിംകളുടെ പിന്തുണ സമാഹരിക്കാൻ ഇംഗ്ലണ്ടിലെ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തു. ബ്രിട്ടീഷുകാരോടുള്ള വിശ്വസ്തതയെ തടയാൻ ഫലസ്തീനിലെ പ്രശ്നങ്ങൾ പോലും പര്യാപ്തമായിരുന്നില്ല എന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഹിന്ദുക്കളും മുസ്‍ലിംകളും ബ്രിട്ടനെതിരെ ഒരുമിച്ച് അണിനിരന്ന സമയത്ത്, ഡൽഹിയിൽ അദ്ദേഹം സർ സിക്കന്ദർ ഹയാത്ത് ഖാനെ കാണുകയും ബ്രിട്ടീഷുകാർക്ക് ഇന്ത്യയുടെ പിന്തുണ ഏറെ ആവശ്യമുണ്ടെന്ന് വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. അതോടെ ഒറ്റപ്പെട്ട അദ്ദേഹം, പിന്നീട് ലേഖനങ്ങൾ എഴുതിയും പ്രസംഗങ്ങൾ നടത്തിയും ജീവിതം തുടര്‍ന്നു. ലോക മഹായുദ്ധത്തിന് ശേഷം അദ്ദേഹത്തിന് ലോക വേദികളിൽ കാര്യമായ ഇടം കണ്ടെത്താനായില്ല.
കോളനികളെല്ലാം സ്വതന്ത്രമായി, ലോക ഉപഭൂഖണ്ഡങ്ങളിൽ നിന്നും ബ്രിട്ടൻ പിൻവാങ്ങിയതോടെ അവർക്ക് യൂസുഫ് അലിയെ കൊണ്ടുള്ള ആവശ്യം തീര്‍ന്നുവെന്നും അതോടെ അദ്ദേഹത്തെ അവരും കൈയ്യൊഴിഞ്ഞുവെന്നും പറയുന്നവരുണ്ട്. സർക്കാർ ജോലിക്ക് പകരം ലഭിച്ച പ്രതിമാസ പെൻഷൻ കൊണ്ടാണ് യൂസഫലി തന്റെ അവസാന വർഷങ്ങൾ കഴിച്ച് കൂട്ടിയത്.
അന്നത്തെ പാകിസ്ഥാൻ അംബാസഡർ ഇസ്ഫഹാനി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും അവസാന കാലങ്ങളില്‍ അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുകയോ അവസ്ഥകള്‍ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ലെന്നതാണ് സത്യം. അതോടെ എല്ലാ നിലക്കും ഒറ്റപ്പെട്ടുപോയ അദ്ദേഹം ആരോരുമറിയാതെ കഴിച്ച് കൂട്ടുകയും അവസാനം ലണ്ടനിലെ ഒരു തെരുവ് ബെഞ്ചില്‍ കിടന്ന അജ്ഞാതനായി മാറുകയും ചെയ്തതാണ് പിന്നീട് ലോകം കാണുന്നത്.
നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ, അബദ്ധങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുത്ത് നല്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment