കശ്മീർ മുതൽ പൗരത്വഭേദഗതി ബിൽ വരെ: ഇന്ത്യ മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്ന് ഹിന്ദു രാഷ്ട്രത്തിലേക്കോ?
കാഴ്ചയിൽ സ്വിറ്റ്സർലൻഡ്, അനുഭവപ്പെട്ടതോ ഗാസാ മുനമ്പ് പോലെ. ഇങ്ങനെയാണ് കശ്മീരീ താഴ് വരയെ അമേരിക്കൻ പത്രപ്രവർത്തകയായ പമേല കോൺസ്റ്റബിൾ വിശേഷിപ്പിക്കുന്നത്. ''ഇന്ത്യയും പാകിസ്ഥാനുമിടയിലെ ചരിത്രപരമായ ഈ തർക്കം എങ്ങനെയാണ് കശ്മീരികൾ ക്കിടയിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നത് എന്നതിന്റെ നേർചിത്രം ഞാൻ കണ്ടെത്തി. ആപ്പിൾ തോട്ടങ്ങളിലൂടെയും മഞ്ഞുപുതച്ച പുൽത്തകിടിയിലൂടെയും ഞാൻ മുന്നോട്ട് നീങ്ങി, ദാൽ തടാകത്തിലെ ബോട്ടുകളിൽ ഞാൻ സഞ്ചരിച്ചു. ദുർലഭമായി മാത്രം വരുന്ന ടൂറിസ്റ്റുകളെ കാത്തിരിക്കുകയായിരുന്നു അവ. ഓരോ നിമിഷവും പുതിയൊരു മരണ വാർത്ത കേൾക്കാൻ തയ്യാറായി നിൽക്കുന്നവരാണ് ഭൂരിപക്ഷം കശ്മീരികളുമെന്ന സത്യം എന്നെ ഏറെ ഞെട്ടിച്ചു കളഞ്ഞു. 2019 ഓഗസ്റ്റ് അഞ്ച് മുതൽ കേന്ദ്രസർക്കാർ പ്രദേശത്തേക്ക് പത്രക്കാർക്ക് പ്രവേശനം വിലക്കുകയും ആയിരക്കണക്കിന് പട്ടാളക്കാരെ വിന്യസിച്ച് താഴ് വരയെ ശ്വാസം മുട്ടിക്കുകയും ചെയ്തു. നിത്യേന ബോംബുകളും അത്യാധുനിക ആയുധങ്ങളും കൊണ്ട് ലോകത്തെ ഏറ്റവും അത്യാധുനിക സൈന്യമായ ഇസ്രായേലിന്റെ ബോംബ് വർഷങ്ങളും വെടിയുണ്ടകളും ഏറ്റുവാങ്ങിയ, ലോകത്തെ ഏറ്റവും വലിയ നീതി നിഷേധത്തിന് ഇരകളായ ഫലസ്തീനികളുമായി കശ്മീരിനെ താരതമ്യം ചെയ്യുമ്പോൾ തന്നെ ഈ പ്രദേശം എത്തിപ്പെട്ട സ്ഥിതിവിശേഷം എത്ര ഭീതിദമാണെന്ന് നമുക്ക് മനസ്സിലാക്കാനാകും. വാഷിംഗ്ടൺ പോസ്റ്റിൽ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെയായിരുന്നു പമേല പരാമർശം നടത്തിയത്, 'ഇന്ത്യയുടെ ഏറെ പുകൾപെറ്റ ജനാധിപത്യം കൂട്ടിലടക്കപെട്ടിരിക്കുന്നു'. കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഹിന്ദുത്വ രാജ്യത്തിലേക്ക് ഒരുപടികൂടി മുന്നോട്ടുവെക്കുകയും മുസ്‌ലിം വിരുദ്ധ നടപടികൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയുമാണവർ. 1998 മുതൽ 2005 വരെ ഇന്ത്യയിൽ ജീവിച്ച എന്നെ സംബന്ധിച്ചിടത്തോളം മൂന്നു വർഷങ്ങൾ കൊണ്ടുണ്ടായ അസഹിഷ്ണുതയുടെ വളർച്ച ഏറെ ആശ്ചര്യാജനകമാണ്. വൻ ജനസംഖ്യയും ഷാരൂഖ് ഖാനെ പോലെയുള്ള ചില സെലിബ്രിറ്റി താരങ്ങളുടെ പകിട്ടും ഒഴിച്ചുനിർത്തിയാൽ രാജ്യത്തെ മുസ്‌ലിംകൾ ജീവിക്കുന്നത് രണ്ടാംകിട പൗരന്മാരെന്ന പോലെയാണ്. ഇതിന്റെ ആദ്യ ഉദാഹരണം ഞാൻ കണ്ടത് എന്റെ അടുക്കളയിൽ നിന്ന് തന്നെയാണ്. താൻ കുടിക്കുന്ന ഗ്ലാസിൽ നിന്ന് കുടിച്ചതിന് മുസ്‌ലിമായ വാച്ച്മാനെ ഹിന്ദു മാനേജർ മർദ്ദിച്ചത് ഇതിന്റെ നേർക്കാഴ്ചയാണ്. 1992 ൽ മുസ്‌ലിംകൾ ഏറെ കാലം ആരാധനാകർമ്മങ്ങൾ നിർവഹിച്ച ബാബരി മസ്ജിദ് അക്രമകാരികളായ ഹിന്ദുത്വശക്തികൾ തകർത്തത് മറ്റൊരു കാഴ്ചയാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഗുജറാത്തിൽ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ കലാപം നടത്തി 1000ത്തിലധികം പേരെ കൊന്നത് ഹിന്ദുത്വ ഇന്ത്യയുടെ വളർച്ചയുടെ പടവുകൾ ആയിരുന്നു. അക്കാലത്ത് ബിജെപി സർക്കാർ തന്നെയാണ് അധികാരത്തിലുണ്ടായിരുന്നതെങ്കിലും ഉൾക്കൊള്ളൽ മനോഭാവം അവർക്കുണ്ടായിരുന്നു. ഇതോടൊപ്പം കോൺഗ്രസിന്റെ ശക്തമായ പ്രതിപക്ഷ നിരയും അക്കാലത്ത് വർഗീയതക്ക് വലിയ വളർച്ച നൽകിയില്ല. എന്നാൽ ഇന്ന് അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദിയാണ്. ഗുജറാത്ത് കലാപത്തിന്റ പേരിൽ ആരോപണ വിധേയനാണ് മോദി. 2014 ൽ മോദി അധികാരത്തിലെത്തിയത് വികസന നായകനെന്ന പരിവേഷത്തോടെയാണ്, എന്നാൽ 2019 ൽ രാജ്യസ്നേഹത്തിന്റെ വികാരപൂർണമായ അന്തരീക്ഷം സൃഷ്ടിച്ച് കൊണ്ടാണ് അവർ അധികാരം പിടിച്ചത്. കശ്മീരിൽ തീവ്രവാദ ആക്രമണം നടക്കുകയും അതിനെതുടർന്ന് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ വക്കോളം എത്തുകയും ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് വർഷം നടത്തുകയും ചെയ്തു. ഈ നടപടികളെല്ലാം തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കി മാറ്റി. ആഗസ്റ്റിൽ മോഡി സർക്കാർ കശ്മീരികളുടെ പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ റദ്ദാക്കുകയും അതിനു മുമ്പായി തന്നെ പ്രദേശം സൈനികരെ കൊണ്ട് ഇറക്കുകയും ഇന്റർനെറ്റ് നെറ്റ് വിഛേദിച്ച് കളയുകയും ചെയ്തു. കശ്മീർ മുസ്‌ലിംകൾ അതോടെ നിരാശരും ഒറ്റപ്പെട്ടവരുമായിത്തീർന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം നടന്ന ശക്തമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മുസ്‌ലിംകളെ കിരാതമായി പീഡിപ്പിക്കുകയും അവരെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്നതും ഈ കിരാത നടപടികളുടെ ഒടുവിലത്തെ ചിത്രമാണ്. ഇന്ത്യയുടെ മതനിരപേക്ഷതക്കും ന്യൂനപക്ഷാവകാശങ്ങൾക്കും വേണ്ടി തെരുവിലിറങ്ങിയ രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളടക്കം ഈ നടപടികളുടെ ഇരകളായിക്കൊണ്ടിരിക്കുന്നു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തിൽ പരിക്കേറ്റ് തലയിൽ നിന്ന് രക്തം വാർന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ഒരു വിദ്യാർഥിനിയുടെ ചിത്രം എന്നെ ആകർഷിച്ചു. അവൾ പറയുന്നുണ്ടായിരുന്നു, "നിങ്ങൾ ഞങ്ങളെ എത്ര മർദിച്ചാലും ഞങ്ങൾ ഒരടി പിന്നോട്ട് പോവില്ല, ഇൻഖിലാബ് സിന്ദാബാദ്". ഇല്ല മരിച്ചിട്ടില്ല, ഞാൻ ആഗ്രഹിച്ച ഇന്ത്യയുടെ യഥാർത്ഥ സ്വത്വം ഇപ്പോഴും ജീവനോടെയുണ്ടെന്ന് ഈ പെൺകുട്ടിയുടെ നിശ്ചയദാർഢ്യം എന്നെ ബോധ്യപ്പെടുത്തുന്നു .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter