ഇപ്പോള്‍ പള്ളിയില്‍ പോവാതിരിക്കലാണ് ഇബാദത്
ഇസ്‍ലാം എന്നത് മനുഷ്യരാശിയുടെ നന്മക്കും സുഗമമായ ഐഹികജീവിതവും സുഭഗമായ പാരത്രിക ജീവിതവും ലക്ഷ്യമാക്കി പ്രപഞ്ചനാഥനാല്‍ രൂപകല്‍പന ചെയ്യപ്പെട്ട സംഹിതയാണ്. ആ സന്ദേശവുമായി നിയോഗിക്കപ്പെട്ട പ്രവാചകരെല്ലാം അനുഗ്രഹങ്ങളുടെ പ്രതീകങ്ങളായിരുന്നു, അന്ത്യപ്രവാചകരായ മുഹമ്മദ് (സ്വ)യെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് തന്നെ, ലോകത്തിനാകമാനം അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല എന്നാണ്. വിവിധ മതനിയമങ്ങള്‍ പറയുന്നിടത്തും പൊതുജീവിതത്തിലും പ്രവാചകര്‍ ഇടക്കിടെ, എന്നെ നിയോഗിച്ചത് കാര്യങ്ങള്‍ സുഖകരമാക്കാനാണ്, പ്രയാസം വിതക്കാനല്ല എന്ന് പറയാറുണ്ടായിരുന്നത് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതുമാണ്.
അഥവാ, ലോകത്ത് എന്ത് സംഭവിച്ചാലും ഏതൊരു അഡ്ജസ്റ്റ്മെന്റിനും തയ്യാറാവാത്ത ഇരുമ്പുലക്കയല്ല ഇസ്‍ലാമിക നിയമങ്ങളെന്നര്‍ത്ഥം. മനുഷ്യനന്മയാണ് അതിന്റെ പ്രധാന ലക്ഷ്യമെന്നത് കൊണ്ട് തന്നെ, അവക്ക് മുമ്പില്‍ പല വൈയ്യക്തിക-സാമൂഹ്യനിയമങ്ങളും വഴിമാറുന്നത് നമുക്ക് കാണാവുന്നതേയുള്ളൂ. ഒരു വിശ്വാസിയുടെ ഏറ്റവും വലിയ നിര്‍ബന്ധ ബാധ്യതയായ നിസ്കാരം തന്നെ ഉദാഹരണമായി എടുക്കാം. നിസ്കരിക്കുന്നതിനിടെ, ഇത് തുടരണോ വേണ്ടേ എന്ന് സംശയിച്ചാല്‍ തന്നെ അത് നിഷ്ഫലമായിപ്പോവുമെന്നാണ് നിയമം. അതേ സമയം, നിസ്കരിച്ചുകൊണ്ടിരിക്കെ, ഒരു വ്യക്തി അപകടത്തില്‍ പെടുന്നത് കണ്ടാല്‍, നിസ്കാരം മുറിച്ച് എത്രയും വേഗം അയാളെ രക്ഷിക്കണമെന്നാണ് നിയമം.
ഈ ലളിതമായ സത്യം മനസ്സിലാക്കിയാല്‍ തന്നെ, കൊറോണ പോലോത്ത പകര്‍ച്ചവ്യാധികളുടെ കാലത്ത് ജുമുഅയും ജമാഅതും ഒഴിവാക്കാമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്. ഒത്ത് കൂടുന്നത് രോഗം പരക്കാന്‍ കാരണമാവുമെന്നും ആയതിനാല്‍ അത് ഒഴിവാക്കേണ്ടതാണെന്നും വിശ്വസ്തരായ ഡോക്ടര്‍മാരും ബന്ധപ്പെട്ടവരും പറയുന്നതോടെ തന്നെ, വിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നെ, അവന് ശ്രേഷ്ഠം പള്ളിയില്‍ പോവാതിരിക്കലാണ്.
കൊറിയയിലെ 31-ാം നമ്പര്‍ രോഗിയെകുറിച്ചുള്ള വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. രോഗലക്ഷണങ്ങള്‍ അവഗണിച്ചും മറച്ചുവെച്ചും ഇത്തരം ചില പൊതുവേദികളില്‍ പോയതിലൂടെ എണ്ണായിരത്തിലേറെ പേര്‍ക്ക് അസുഖം പകരാന്‍ കാരണമായി എന്നാണ് വീഡിയോ പറയുന്നത്. ഇതൊന്നും തള്ളിക്കളയാവതല്ല.
അത്തരം മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച് പോകുന്നത് കുറ്റകരമാണെന്നും പറയാവുന്നതേയുള്ളൂ. മാത്രവുമല്ല, അങ്ങനെ പോകുകയും അതിലൂടെ സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ രോഗം പകരാന്‍ കാരണമാകുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അയാള്‍ക്ക് കൈ കഴുകാന്‍ ആവുകയുമില്ല. മനുഷ്യന്റെ ജീവന്നും സ്വത്തിനും ശരീരത്തിനും മാനത്തിനും ഇസ്‍ലാം കല്‍പിക്കുന്ന വില വളരെ വലുതാണെന്നത് തന്നെ കാരണം. മഴ, കാറ്റ് തുടങ്ങിയവ ശക്തമാവുമ്പോള്‍ വരെ ഇസ്‍ലാം അവക്ക് ഇളവ് നല്‍കുന്നുണ്ടെന്നത് നാം കാണാതെ പോവരുത്.
അത് കൊണ്ട് തന്നെ, ജീവന്‍ വെടിയേണ്ടിവന്നാലും ജുമുഅയും ജമാഅതും ഞങ്ങള്‍ ഒഴിവാക്കില്ലെന്ന് പറയുന്നത്, യഥാര്‍ത്ഥ ഇസ്‍ലാമല്ല. മറിച്ച് അത് അറിവില്ലായ്മയില്‍ നിന്ന് ഉല്‍ഭവിക്കുന്ന തെറ്റായ വികാരമാണ്, ഒരു പക്ഷെ, അത് കുറ്റകരം വരെ ആയേക്കാം.
ഒന്ന് കൂടി മനസ്സിലാക്കുക, പള്ളിയില്‍ പോവുന്നത് പ്രതിഫലം ലഭിക്കാനാണല്ലോ. സാധ്യമായ കാലത്ത് പോയിരുന്നവര്‍ക്കൊക്കെ, നിലവിലെ സാഹചര്യത്തില്‍ പോവാതിരുന്നാല്‍ പോലും പങ്കെടുത്ത അതേ പ്രതിഫലം ലഭിക്കുമെന്നാണല്ലോ ഹദീസുകള്‍ പഠിപ്പിക്കുന്നത്. കൂടെ സമൂഹത്തിന്റെ പൊതുസുരക്ഷ എന്ന നിയ്യതോടെ പോവാതിരിക്കുന്നതിന് വേറെയും പ്രതിഫലമില്ലാതിരിക്കില്ല, അതാണ് നമ്മുടെ ഇസ്‍ലാം.
എം.എച്ച് പുതുപ്പറമ്പ്
Leave A Comment