കൃഷിയിനങ്ങളിലെ സകാത്ത്‌

മനുഷ്യന്റെ എക്കാലത്തുമുളള ജീവിത മാര്‍ഗവും നിലനില്‍പ്പിന്റെ അടിസ്ഥാന ശിലയുമാണ്‌ കൃഷി. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും സമ്പന്നവും സുഭിക്ഷവും സുരക്ഷിതവുമായ നാളുകള്‍ അടയാളപ്പെടുത്തുന്നത്‌ കൃഷിയും കാര്‍ഷിക വിഭവങ്ങളുമാണ്‌. അതുകൊണ്ടാണല്ലോ ടെക്‌നോളജിയുടെ യാന്ത്രികയുഗത്തിലും കൃഷിയെ പരമാവധി പ്രോല്‍സാഹിപ്പിക്കാനും പുത്തന്‍ സാങ്കേതിക വിദ്യകളെ അതിനുവേണ്ടി നന്നായി ഉപയോഗിക്കാനും എല്ലാരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്‌. മനുഷ്യന്റെ പട്ടിണിയകറ്റുന്ന ഏറ്റവും വലിയ ആയുധമായതു കൊണ്ടുതന്നെ, ഉല്‍പാദനത്തെ അങ്ങേയറ്റം പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം ഉല്‍പാദകനു ചില ബാധ്യതകളും ഇസ്‌ലാം നിശ്ചയിക്കുന്നുണ്ട്‌. അതാണ്‌ കാര്‍ഷികവിളകളിലെ സകാത്ത്‌.

എണ്ണമറ്റ കാര്‍ഷക വിളകളും വിഭവങ്ങളും ഓരോ സ്ഥലങ്ങളിലും ഉല്‍പാദിപ്പിക്കാറുണ്ടെങ്കിലും അതിനെല്ലാം സകാത്ത്‌ നല്‍കണമെന്ന്‌ ഇസ്‌ലാം പറയുന്നില്ല. കാര്‍ഷിക ഉല്‍പന്നങ്ങളില്‍ ചിലത്‌ ഭക്ഷ്യ വിളകളും മറ്റു ചിലത്‌ നാണ്യവിളകളുമാണ്‌. എരിപൊരികൊളളുന്ന മനുഷ്യന്റെ വിശപ്പ്‌ തീര്‍ക്കാനുളള അടിസ്ഥാന ആഹാരമാണ്‌ ഭക്ഷ്യവിളകള്‍. അതില്ലാതെ ഒരു ജനതക്കും പിടിച്ചുനില്‍ക്കാനാവില്ല. അവയില്‍ സകാത്ത്‌ നിര്‍ബന്ധമാണെന്നാണ്‌ ഇസ്‌ലാംപറയുന്നത്‌. അരി, ഗോതമ്പ്‌ പോലുളളവയെ ഈ ഗണത്തില്‍ പെടുത്താം. നാണ്യവിളകള്‍ മനുഷ്യനാവശ്യമാണെങ്കിലും അടിസ്ഥാന ഘടകമോ മുഖ്യ ആഹാരമോ അല്ല. അതുകൊണ്ടു തന്നെ അവ സകാത്ത്‌ നിര്‍ബന്ധമായവയില്‍ പെടുന്നില്ല. ചേന, ചേമ്പ്‌, കരിമ്പ്‌ തുടങ്ങിയവ ഈഗണത്തില്‍ പെടുന്നു. മുഖ്യ ആഹാരങ്ങളില്‍ പെടുന്നഗോതമ്പ്‌, നെല്ല്‌, യവം, ചോളം, കടല, പയര്‍ എന്നീ ധാന്യങ്ങളിലാണ്‌ സകാത്ത്‌ നിര്‍ബന്ധം.

പഴങ്ങളില്‍ മുന്തിരിയും കാരക്കയുമാണ്‌ സകാത്ത്‌ നല്‍കേണ്ടവ. തേങ്ങ, മാങ്ങ, ചക്ക, വാഴപ്പഴം, ആപ്പിള്‍, അടക്ക, റബ്ബര്‍, മറ്റുപച്ചക്കറികള്‍ തുടങ്ങിയവയിലൊന്നും സകാത്ത്‌ നിര്‍ബന്ധമില്ല. ഇതു പോലുളള വസ്‌തുക്കളില്‍ സകാത്ത്‌ നിര്‍ബന്ധമില്ലെന്ന്‌ നബി(സ) പറഞ്ഞതും അവയ്‌ക്കു നല്‍കിയ സകാത്ത്‌ നബിയും സ്വഹാബത്തും തിരിച്ചേല്‍പ്പിച്ചതും ഹദീസില്‍ കാണാം. നിര്‍വഹിക്കണമെന്ന് അവര്‍‍ നിര്‍ദ്ദേശിക്കാത്തത്‌ നിര്‍ബന്ധമാക്കാന്‍ വിശ്വാസികള്‍ക്ക്‌ അധികാരമില്ലല്ലോ. ഭൂമിയില്‍ മുളച്ചു പൊന്തുന്ന എല്ലാ കായ്‌കനികള്‍ക്കും പച്ചക്കറികള്‍ക്കും സകാത്ത്‌ നിര്‍ബന്ധമാണെന്ന ഒരു വാദം അടുത്തിടെയായി നമുക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. തക്കാളി, മുളക്‌, ചേന, ചേമ്പ്‌, ചക്ക, മാങ്ങ.... തുടങ്ങിയഎല്ലാ വസ്‌തുക്കളിലും സകാത്ത്‌ നിര്‍ബന്ധമാണെന്നാണവരുടെ വാദം. സമ്പന്നരുടെ മതനികുതിയായി സകാത്തിനെ തെറ്റിദ്ധരിച്ച ഇക്കൂട്ടര്‍ മതനവീകരണത്തിന്റെ യുക്തിചിന്തയെയാണ്‌ ഇവിടെ ഒന്നാം പ്രമാണമായി സ്വീകരിക്കുന്നത്‌. വിവിധ മദ്‌ഹബുകളിലെ വ്യത്യസ്‌ത അഭിപ്രായങ്ങളെ അടര്‍ത്തിയെടുത്ത്‌ 1969-ല്‍ ഡോ. യൂസുഫുല്‍ ഖറളാവി രചിച്ച ഫിഖ്‌ഹുസകാത്ത്‌ മലയാളീകരിച്ചുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയാണിതിനു തുടക്കമിട്ടത്‌. പിന്നീട്‌ മുജാഹിദ്‌ വിഭാഗവും അതേറ്റെടുത്തു. എന്നാല്‍ ഇരുവിഭാഗവും അംഗീകരിക്കുകയും ആചാര്യന്മാരാക്കി അവതരിപ്പിക്കുകയും ചെയ്യാറുളള ഗള്‍ഫ്‌ സലഫികളും മറ്റും ഇത്തരം നാണ്യവിളകള്‍ക്ക്‌ സകാത്ത്‌ നല്‍കേണ്ടതില്ലെന്ന പക്ഷക്കാരാണ്‌. അവര്‍ തന്നെ രേഖപ്പെടുത്തുന്നത്‌ കാണുക: കാര്‍ഷിക വസ്‌തുക്കളായ നാളികേരം, അടക്ക, റബര്‍, കരിമ്പ്‌ തുടങ്ങിയ എല്ലാ വസ്‌തുക്കള്‍ക്കും സകാത്ത്‌ നല്‍കണമെന്ന്‌ ഇസ്‌ലാഹീ പ്രസ്ഥാനംപറയുന്നു.

എന്നാല്‍ അളന്നു കൊടുക്കാത്തതും ഭക്ഷണത്തിനായി സൂക്ഷിച്ചു വെക്കാത്തതുമായ ഒന്നിനും കാര്‍ഷികസകാത്ത്‌ ഇല്ലെന്നാണ്‌ ഗള്‍ഫ്‌ സലഫികള്‍ നല്‍കുന്ന മതവിധികളില്‍ കാണാന്‍ കഴിയുന്നത്‌. ഒരുഉദാഹരണം നോക്കുക. നാളികേരത്തിനു സകാത്ത്‌ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്‌ ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ബിന്‍ബാസ്‌ ചെയര്‍മാനായുളള ഫത്‌വാബോര്‍ഡ്‌ നല്‍കിയ മറുപടി ഇപ്രകാരമാണ്‌: നാളികേരം കാര്‍ഷികസകാത്ത്‌ നല്‍കേണ്ട വസ്‌തുവല്ല. അതിന്റെ ഫലംഅളക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന വസ്‌തുവല്ല. അതിനാല്‍ കച്ചവടചരക്കായി മാറാത്ത അവസരത്തില്‍ അതിന്‌ സകാത്തില്ല. കച്ചവടചരക്കായി അത്‌ തനിയെയോ മറ്റുളളവയുടെ കൂടെയോ നിസ്വാബ്‌ (പരിധി) എത്തിയ ശേഷം ഒരുവര്‍ഷം തികഞ്ഞാല്‍ സകാത്ത്‌ കൊടുക്കേണ്ടതാണ്‌(ഫത്‌വനമ്പര്‍:9252, ഫതാവലജ്‌ന9/239). നാളികേരത്തിനു മാത്രമല്ല പരുത്തി, കരിമ്പ്‌ തുടങ്ങിയവക്കും സകാത്തില്ലെന്ന്‌ ഗള്‍ഫിലെസ ലഫീപണ്ഡിതന്മാര്‍ ഫത്‌വനല്‍കിയിട്ടുണ്ട്‌. സൗദി ഫത്‌വാ ബോര്‍ഡിന്റെ 4894, 4903 നമ്പറുകളിലുളള ഫതവകളില്‍ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. നാം സകാത്ത്‌ നല്‍കണമെന്ന്‌ പറയാറുളളള ഉപരിസൂചിത വസ്തുക്കള്‍ക്ക്‌ സകാത്തില്ലെന്നാണ്‌ ഗള്‍ഫ്‌ സലഫികളുടെ വീക്ഷണം(എം.ഐ.മുഹമ്മദലിസുല്ലമി, ഗള്‍ഫ്‌ സലഫിസവുംമുജാഹിദ്‌ പ്രസ്ഥാനവുംപേജ്‌-85). എല്ലാഭക്ഷ്യ-നാണ്യ വിളകള്‍ക്കും സകാത്ത്‌ നല്‍കണമെന്ന മതനവീകരണ വാദികളുടെ വീക്ഷണം സ്വന്തം ആചാര്യന്മാര്‍ പോലും അംഗീകരിക്കുന്നില്ലെന്ന്‌ അവര്‍ തന്നെ സമ്മതിക്കുകയാണിവിടെ.

അപ്പോള്‍ വലിയ തെങ്ങിന്‍തോപ്പും റബര്‍ എസ്റ്റേറ്റും കശുവണ്ടിക്കാടും കാപ്പി, തേയില തോട്ടങ്ങളും സ്വന്തമാക്കി വമ്പന്‍ ആദായവും ലാഭവും കൊയ്യുന്ന വലിയ മുതലാളിമാരെ ഒഴിവാക്കി, ചില്ലറകൃഷി ചെയ്‌ത പാവം കര്‍ഷകനെയാണോ ഇസ്‌ലാംപിടികൂടുന്നത്‌?. ഈ സംശയമാണ്‌ യഥാര്‍ത്ഥത്തില്‍ എല്ലാ ഉല്‍പന്നങ്ങള്‍ക്കും സകാത്ത്‌ നിര്‍ബന്ധമാണെന്നു പറയാന്‍ മതനവീകരണ പ്രസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്‌. മുകളില്‍ സൂചിപ്പിച്ച മുതലാളിമാര്‍ക്ക്‌ ഒരിക്കലും സകാത്ത്‌ നിര്‍ബന്ധമാകുകയില്ലെന്നോ ഇവര്‍ക്കു സകാത്തേതര സാമ്പത്തിക ബാധ്യതകളില്ലെന്നോ ആരുംപറയുന്നില്ല. കാര്‍ഷികവിള എന്നനിലക്ക്‌ സകാത്തില്ലെന്നു മാത്രം. പ്രസ്‌തുതഉല്‍പന്നങ്ങളില്‍ നിന്നുലഭിക്കുന്ന ലാഭം സകാത്തിന്റെ നിസ്വാബ്‌ എത്തിയാലും അത്‌ കച്ചവടവസ്‌തുവായി മാറുമ്പോഴും അതിനു സകാത്തുണ്ട്‌. ഇസ്‌ലാമിലെ സാമ്പത്തിക ബാധ്യത സകാത്ത്‌ മാത്രമാണെന്നും അതോടെ ഉത്തരവാദിത്തങ്ങളെല്ലാം അവസാനിച്ചെന്നും മനസ്സിലാക്കി വെച്ചിരിക്കുകയാണിക്കൂട്ടര്‍. ചിലഖുര്‍ആന്‍ വചനങ്ങളുടെയും ഹദീസുകളിലെയും പ്രത്യക്ഷാര്‍ത്ഥങ്ങളും പ്രയോഗങ്ങളും കണ്ടു തെറ്റിദ്ധരിച്ചവര്‍, അവയെ പ്രത്യേകവല്‍കരിക്കുന്ന ആയത്തുകളെയും ഹദീസുകളെയും അവനിര്‍ദ്ധാരണം ചെയ്‌തെടുത്ത ഇമാമുകളെയും അവഗണിച്ചതാണ്‌ ഇവിടെ സംശയങ്ങള്‍ക്ക്‌ വഴിയൊരുക്കിയത്‌. ഒരുമദ്‌ഹബും അംഗീകരിക്കില്ലെന്നു വാശിപിടിക്കുന്നവര്‍ ഈ വിഷയത്തില്‍ ഹനഫീമദ്‌ഹബിലെ ചില അഭിപ്രായങ്ങളെ മാത്രം കൂട്ടുപിടിക്കുന്നത്‌ തീര്‍ത്തും ഇരട്ടത്താപ്പാണ്‌.

ധാന്യങ്ങളിലെവിഹിതം അരി, ഗോതമ്പ്‌, ചോളം, പയര്‍ എന്നിങ്ങനെ മുഖ്യാഹാരങ്ങളായി കണകാക്കപ്പെടുന്ന സര്‍വ്വധാന്യങ്ങളിലും സകാത്ത്‌ നിര്‍ബന്ധമാണെന്നു സൂചിപ്പിക്കുകയുണ്ടായി. പഴവര്‍ഗങ്ങളില്‍ ഈത്തപ്പഴവും മുന്തിരിയും. ധാന്യങ്ങളില്‍ ഉമിപോലുളള പുറംതൊലി കളഞ്ഞാല്‍ അഞ്ച്‌ വസ്‌ഖ്‌ ഉണ്ടെങ്കിലാണ്‌ സകാത്ത്‌ നിര്‍ബന്ധം. പ്രവാചകകാലത്തെ അളവുകണക്കാണ്‌ വസ്‌ഖ്‌. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 918 ലിറ്റര്‍ ഉണ്ടാകണം. അദ്ധ്വാനത്തിലൂടെ നനച്ചുണ്ടാക്കാത്ത, മഴ, ഭൂമിയുടെ ഈര്‍പ്പം, തൊട്ടടുത്ത ജലാശയം മുതലായവ കാരണം വളര്‍ന്നവയില്‍ പത്തുശതമാനവും, അദ്ധ്വാനത്തിലൂടെ നനച്ചുണ്ടാക്കിയവയില്‍ അഞ്ചുശതമാനവുമാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. ധാന്യങ്ങള്‍ തൊലികളഞ്ഞു ശുദ്ധീകരിച്ചതിനും പഴങ്ങള്‍ ഉണക്കിയതിനുശേഷവുമാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. സാധാരണ സകാത്തില്‍ വര്‍ഷം പൂര്‍ത്തിയാകണമെന്ന നിബന്ധനയുണ്ടെങ്കിലും കാര്‍ഷിക വസ്‌തുക്കളുടെ വിഷയത്തില്‍ അതു ബാധകമല്ല. എപ്പോഴാണോ നിസ്വാബ്‌ എത്തുന്നത്‌, അപ്പോള്‍ സകാത്ത്‌ കൊടുക്കണം. ധാന്യങ്ങളുടെ വിത്തുറക്കുന്ന സമയം കഴിഞ്ഞാല്‍തന്നെ സകാത്ത്‌ നിര്‍ബന്ധമാകുമെങ്കിലും കൊയ്യലും മെതിക്കലുമെല്ലാംകഴിഞ്ഞു ഉപയോഗത്തിനാകുമ്പോള്‍ കൊടുത്താല്‍മതി. കൃഷിയുമായി ബന്ധപ്പെട്ടചെലവുകള്‍ കര്‍ഷകന്‍ തന്നെ വഹിക്കണമെന്നാണ്‌ നിയമം.

സകാത്തിന്റെ വിഹിതം നിശ്ചയിക്കുന്നതിനുമുമ്പ്‌ വിളകളില്‍ നിന്ന്‌ ചെലവുകിഴിക്കാന്‍ വകുപ്പില്ല. കര്‍ഷകര്‍ക്കും മറ്റും വേതനമായി നെല്ല്‌ തന്നെ നല്‍കുമ്പോള്‍, അത്‌ സകാത്തിന്റെ വിഹിതം മാറ്റിവെച്ചതിനു ശേഷമായിരിക്കണം. കൂലിക്കാരുടെ വിഹിതവും മറ്റും നല്‍കിയതിനുശേഷമുളള ഉല്‍പന്നത്തില്‍ നിന്ന്‌ സകാത്ത്‌ നല്‍കിയാല്‍ മതിയാവുകയില്ല. അതിനുമുമ്പ്‌ തന്നെ മൊത്തം വിളവിന്റെ കണക്കെടുക്കണം. ഇപ്രകാരം തന്നെ നിലം ഉഴുതുമറിക്കാന്‍ വേണ്ടി വാടകക്കു വാങ്ങിയ ട്രാക്‌ടര്‍, കന്ന്‌, ഞാറ്‌നടല്‍, വെളളം, വളം, കീടനാശിനി, കാവല്‍കാരന്റെ കൂലി, കൊയ്‌ത്ത്‌, മെതി എന്നിങ്ങനെയുളള ചെലവുകളെല്ലാം കര്‍ഷകന്‍ തന്നെ വഹിക്കണം. ആകെ വിളവില്‍ നിന്ന്‌ അത്‌ കിഴിക്കാന്‍ പാടില്ല. ഹറാമാണ്‌. സകാത്ത്‌ കൊടുത്ത ശേഷംബാക്കിയാവുന്ന ധാന്യം ഉടമ തന്റെ കീഴില്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചാല്‍ പോലും പിന്നീടതിനു സകാത്ത്‌ നല്‍കേണ്ടതില്ല. മറ്റു സകാത്തുകളില്‍ നിന്ന്‌ കൃഷിയെ വ്യത്യസ്‌തമാക്കുന്ന ഘടകമാണിത്‌. പഴവര്‍ഗങ്ങളില്‍ മുന്തിരിയും കാരക്കയും മാത്രമാണ്‌ സകാത്ത്‌ നിര്‍ബന്ധമാകുന്ന വസ്‌തുക്കളെന്നാണ്‌ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്‌. നമ്മുടെനാട്ടില്‍ സാധാരണ കൃഷിചെയ്യുന്ന മാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, ചക്ക, ഓറഞ്ച്‌ എന്നിവയില്‍ സകാത്ത്‌ നേരിട്ടു ബന്ധപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവയുടെ കണക്കും വിഹിതവും തിരയുന്നതില്‍ അര്‍ത്ഥമില്ല.

(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്ലാമിക് സെന്റര്‍, കോഴിക്കോട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter