കേരളത്തിലെ മുസ്ലിം സ്ത്രീ വിദ്യഭ്യാസം- ഓത്തുപള്ളി മുതല്‍ സമന്വയം വരെ

'അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘവീക്ഷണം ചെയ്യുന്നവര്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷമപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക് വീക്ഷിക്കുന്നവരാകട്ടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു'.'അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘവീക്ഷണം ചെയ്യുന്നവര്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷമപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക് വീക്ഷിക്കുന്നവരാകട്ടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു'.

-ചൈനീസ് പഴമൊഴി '

ഒരു പുരുഷന് അറിവ് പഠിപ്പിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്കാണ് അറിവ് ലഭിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു തലമുറക്കാണ് അറിവ് ലഭിക്കുന്നത്'.

-ഹാഫിള് ഇബ്രാഹീം

സാമൂഹിക മുന്നേറ്റത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് ഈ രണ്ട് പരാമര്‍ശങ്ങളും. സ്ത്രീകള്‍ വിദ്യാസമ്പന്നരായാല്‍ മാത്രമേ സമൂഹവും സമുദായവും ഉത്തരോത്തരം പുരോഗതി പ്രാപിക്കുകയുള്ളൂ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം അംഗീകരിച്ചു കഴിഞ്ഞതാണ്. സ്ത്രീകളെ വിദ്യാ സമ്പന്നരാക്കുന്നതിന് വലിയ പരിഗണന നല്‍കിയ മതമാണ് ഇസ്ലാം. എന്നാല്‍ ദീനീ വൈജ്ഞാനിക മേഖലയിലെ സ്ത്രീ സാന്നിധ്യം ഒരു തര്‍ക്കവിഷയമായി പരിചയപ്പെടുത്തി പൊതുജനങ്ങളിലേക്കിട്ടു കൊടുക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. പല വികലമായ വീക്ഷണങ്ങളോടു കൂടെയും മുന്‍ധാരണകളോടു കൂടെയും  ഇസ്ലാമിനെ വീക്ഷിക്കുന്ന അല്‍പജ്ഞാനികളാണ്  ഇസ്ലാം സ്ത്രീയെ വിദ്യ നേടുന്നതില്‍ നിന്നും അതുവഴി പരിഷ്‌കരിക്കപ്പെടുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്ന പൊള്ളയായ വാദമുന്നയിക്കുന്നത്. പാശ്ചാത്യ നാഗരികതയുടെ മൂല്യബോധങ്ങളുടെ കുതിരപ്പുറത്തു കയറിയ ചില മുസ്ലിം നാമധാരികളും അതേറ്റു പാടുന്നുണ്ടെന്നതാണ് വിചിത്രം.

യഥാര്‍ഥത്തില്‍ സ്ത്രീ സമൂഹത്തിന് ഗാര്‍ഹിക വിഷയങ്ങളില്‍ മാത്രമേ പങ്കാളിത്തമാകാവൂ എന്ന കാഴ്ചപ്പാട് ഇസ്ലാമികമല്ല. വൈജ്ഞാനികവും ധൈഷണികവുമായ ഇടങ്ങളില്‍ സ്ത്രീ ഇടപെടലുകള്‍ സാധ്യമാക്കിയ മതമാണ് ഇസ്ലാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വികാസം പ്രാപിച്ച ഇസ്ലാമിന്റെ ചരിത്രം ഈ യാഥാര്‍ഥ്യം വിളിച്ചോതുന്നതാണ്.

കാവ്യങ്ങളിലും ഇതര സാഹിത്യ വൈജ്ഞാനിക മേഖലകളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് സുല്‍ത്താന റസിയ ബീഗവും ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പത്നി നൂര്‍ജഹാനും. ഇതര മതസ്ഥരില്‍ നിന്നും വ്യത്യസ്തമായി വൈജ്ഞാനിക സാഹിത്യമേഖലകളില്‍ ശോഭിക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് ഇവയൊക്കെ.

പാണ്ഡിത്യത്തിന്റെ പെണ്ണടയാളങ്ങള്‍

കാലത്തിന്റെ ഗതിവിഗതികള്‍  ദീര്‍ഘ വീക്ഷണം ചെയ്ത നവോഥാന നായകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമാണ് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയത്. ചരിത്രത്താളുകളില്‍ വിയര്‍പ്പൊഴുക്കിയെങ്കിലും അരങ്ങെത്താതെ പോയ ഒരുപാട് മഹിതകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അറിവും ഭക്തിയും ചേരുവ തീര്‍ത്ത അമ്മിഞ്ഞപ്പാല്‍ പകര്‍ന്നു നല്‍കിയ വിശുദ്ധ മാറിടങ്ങളായിരുന്നു അവര്‍. കേരളീയ മുസ്ലിം സമൂഹത്തിനിടയില്‍ വിശുദ്ധ ഇസ്ലാമിന്റെ സന്ദേശങ്ങളും നിയമങ്ങളും ജീവസ്സുറ്റതാക്കി നിര്‍ത്തിയതില്‍ അനിഷേധ്യ സംഭാവനകളര്‍പ്പിച്ചവരാണിവര്‍. ആധുനിക മദ്റസാ സംവിധാനങ്ങള്‍ പിറവിയെടുക്കും മുമ്പേ ഇസ്ലാമിക സമൂഹത്തില്‍ സ്ത്രീകളുടെ പ്രാഥമിക വിദ്യാഭ്യാസ ചുമതല വിജയകരമായി നിറവേറ്റിയിരുന്നത് മുസ്ലിം വനിതകള്‍ തന്നെയായിരുന്നു. ആണ്‍കുട്ടികള്‍ ഓത്തുപള്ളികളില്‍ നിന്ന് മൊല്ലാക്കമാരുടെ കീഴില്‍ ദീനീ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠമഭ്യസിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഖുര്‍ആന്‍ ഓത്തും അറബി മലയാളവുമടക്കമുള്ള വിവിധ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നത് അറിവുള്ള മുതിര്‍ന്ന സ്ത്രീകള്‍ തന്നെയായിരുന്നു. ചെറിയ കിതാബുകള്‍ മുതല്‍ ഫത്ഹുല്‍ മുഈന്‍, മിശ്കാത്ത്, മഹല്ലി തുടങ്ങിയ ആധികാരിക മതഗ്രന്ഥങ്ങള്‍ വരെ വനിതകള്‍ കൈകാര്യം ചെയ്തിരുന്ന മഹനീയ പൈതൃകം മുസ്ലിം കൈരളിക്കുണ്ടായിരുന്നു.

ആണ്‍കുട്ടികള്‍ ഓത്തുപള്ളികളില്‍ നിന്ന് മൊല്ലാക്കമാരുടെ കീഴില്‍ ദീനീ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠമഭ്യസിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഖുര്‍ആന്‍ ഓത്തും അറബി മലയാളവുമടക്കമുള്ള വിവിധ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നത് അറിവുള്ള മുതിര്‍ന്ന സ്ത്രീകള്‍ തന്നെയായിരുന്നു. ചെറിയ കിതാബുകള്‍ മുതല്‍ ആധികാരിക മതഗ്രന്ഥങ്ങള്‍ വരെ വനിതകള്‍ കൈകാര്യം ചെയ്തിരുന്നു

അറബി മലയാളം ലിപി വ്യാപകമായി ഉപയോഗിച്ചിരുന്ന  അക്കാലത്ത് നൂറുശതമാനമായിരുന്നു മുസ്ലിം സാക്ഷരത. മസ്അലകളും ചരിത്രങ്ങളും ഇതിവൃത്തമാക്കിയ മാലകളും പദ്യങ്ങളുമൊക്കെ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന ആ കാലം മുസ്ലിം കൈരളിയുടെ വൈജ്ഞാനിക സുഭിക്ഷതയുടെ കാലഘട്ടമായാണ് വിലയിരുത്തേണ്ടത്.

മുസ്ലിം കൈരളിക്ക് പിഴച്ചതെവിടെ?

സാംസ്‌കാരിക മൂല്യച്യുതി മലിനമാക്കിയ പടിഞ്ഞാറന്‍ കാറ്റ് കേരളക്കരയിലടിച്ചു വീശി മുസ്ലിംകളുടെ പരമ്പരാഗത വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകളുടെ കടക്കല്‍ കത്തിവെക്കുന്നത് വരെ സമ്പന്നമായിരുന്നു കേരളത്തിലെ മുസ്ലിം സ്്ത്രീ വിദ്യാഭ്യാസ രംഗം. ഈ മേഖലയില്‍ സമ്പുഷ്ടമായൊരു പൈതൃകം സ്വന്തമായുണ്ടായിരുന്ന മുസ്്ലിം കൈരളിക്ക് ക്രമേണ ആ പൈതൃകം അനുവദിച്ച് കിട്ടാതെയായി. ആധുനീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും ആഗമനത്തോടെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട പൊതുസമൂഹത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ് അറിവിന് മത ഭൗതിക അതിര്‍ വരമ്പുകള്‍ നിര്‍ണയിച്ചു എന്നതായിരുന്നു. അറുപത് പതിറ്റാണ്ടുകാലം ലോകഭരണത്തിന്റെ ചെങ്കോലു കാത്ത ഉസ്മാനീ ഖിലാഫത്തിന് പറ്റിയ അതേ പിഴവ് മുസ്ലിംകൈരളിയും ആവര്‍ത്തിച്ചെങ്കിലും ഇസ്ലാമിക പ്രത്യയശാസ്ത്രം അനുവര്‍ത്തിക്കുന്ന നയം മത ഭൗതിക സമന്വയമാണെന്ന് ഓര്‍മിപ്പിക്കാന്‍  മാത്രം മനക്കരുത്തുള്ള പണ്ഡിതമഹത്തുക്കള്‍ മലയാള മണ്ണിലുണ്ടായിരുന്നതിനാല്‍ ഒരു വീണ്ടു വിചാരത്തിന് അവസരം ലഭിച്ചു. നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ സമന്വയ വിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവാത്മകമായ ഉയിര്‍ത്തെഴുനേല്‍പ്പ് സൂചിപ്പിക്കുന്നതിതാണ്.

യാഥാസ്ഥിതികരെന്ന് മുദ്രകുത്തപ്പെട്ട മുഖ്യാധാരാ മുസ്ലിം സമൂഹത്തില്‍ മദ്രസാ പഠനത്തിനപ്പുറമുള്ള മതപഠനത്തിനോ ഭൗതിക പഠനത്തിനോ ശാസ്ത്രീയ സംവിധാനങ്ങള്‍ ദുര്‍ലഭമായിരുന്നു. മതബോധം ഉയര്‍ത്തിപ്പിടിച്ച് പഠനം തുടരാന്‍ പറ്റിയ കലാലയാന്തരീക്ഷം ലഭ്യമല്ലാത്തതിനാല്‍ ഭൗതിക വിദ്യാഭ്യാസ മേഖലയും മുസ്്ലിം സ്ത്രീകളുടെ അജണ്ടയില്‍ ഇടം പിടിച്ചില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ അടുത്തകാലത്തായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സ്ത്രീകളുടെ അഭാവം നിഴലിച്ചുനിന്നിരുന്നു.

സ്ത്രീ സമൂഹത്തിന്റെ മതവിദ്യാഭ്യാസം: വര്‍ത്തമാന സാഹചര്യത്തില്‍

പാശ്ചാത്യ വിദ്യാഭ്യാസം നേടാനായി മാത്രം അയക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അതുളവാക്കുന്ന ദര്‍ശന വൈരുദ്ധ്യം മുസ്ലിംലോകം ധരിച്ചു കഴിഞ്ഞതാണ്. തങ്ങളുടെ മതവിശ്വാസങ്ങള്‍ ജീവിതത്തിന്റെ ഒരു ഭാഗത്തും സര്‍വകലാശാലകളില്‍ നിന്നും ലഭിക്കുന്ന ഭൗതിക ധാരണകള്‍ ജീവിതത്തിന്റെ മറുഭാഗത്തും പ്രതിഷ്ഠിക്കേണ്ടി വരുന്നു. എന്നാല്‍ കേവല ദീനീ പഠനം കൊണ്ട് വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ സംതൃപ്തരാവാത്ത ആധുനിക സാഹചര്യത്തിന് ഒരു പരിഹാരമെന്നോണമാണ് ഇരുപതാം നൂറ്റാണ്ടില്‍ അറബിക് കോളേജുകള്‍ ഉയര്‍ന്ന് വന്നത്. ഇസ്ലാമിനെ ഏതു കോണില്‍ നിന്നും വിമര്‍ശനബുദ്ധിയോടെ മാത്രം വീക്ഷിക്കുന്ന ഇസ്്ലാം വിരോധികള്‍ക്ക് മുന്നില്‍ തികച്ചും വ്യത്യസ്തവും അതിനൂതനവുമായ വിദ്യാഭ്യാസ നയം തുറന്നുവെക്കുകയായിരുന്നു സമന്വയ വിദ്യാഭ്യാസത്തിലൂടെ ആധുനിക കേരള മുസ്ലിം സമൂഹം. ലിംഗ വ്യത്യാസമില്ലാതെ ധാര്‍മിക വിദ്യാഭ്യാസം സാര്‍വത്രികമാക്കേണ്ടതിന്റെ ആവശ്യകത സമൂഹം തിരിച്ചറിഞ്ഞതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അറബിക് കോളേജുകളുടെ സ്ത്രീ വേര്‍ഷനുകള്‍ രൂപംപ്രാപിച്ചു തുടങ്ങി. അക്കാലത്ത് മത വിദ്യാഭ്യാസത്തിനു വേണ്ടി സ്ത്രീകള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് അഫല്‍ലുല്‍ ഉലമ കോഴ്സിനെയായിരുന്നു.

ലിംഗ വ്യത്യാസമില്ലാതെ ധാര്‍മിക വിദ്യാഭ്യാസം സാര്‍വത്രികമാക്കേണ്ടതിന്റെ ആവശ്യകത സമൂഹം തിരിച്ചറിഞ്ഞതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അറബിക് കോളേജുകളുടെ സ്ത്രീ വേര്‍ഷനുകള്‍ രൂപംപ്രാപിച്ചു തുടങ്ങിചില പുരോഗമന പ്രസ്ഥാനങ്ങളുടെ ലേബലില്‍ ഇത് അറിയപ്പെട്ടതും സ്വീകാര്യത നഷ്ടമാവാന്‍ കാരണമായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സമുദായ നേതാക്കള്‍ മുന്‍കൈയെടുത്ത് അഫല്‍ലുല്‍ ഉലമയെ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരികയും ജനസ്വീകാര്യത നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദീനീ വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ക്ക് നല്ലൊരവസരമായിരുന്നുവെങ്കിലും ചില അപാകതകള്‍ മൂലം കേവലമൊരു ഡിഗ്രിയായി പരിണമിക്കുകയാണുണ്ടായത്. കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് പഠിക്കാന്‍ സുരക്ഷിത മേഖലകളുടെ അഭാവമുണ്ടെന്ന് തിരിച്ചറിഞ്ഞ കെ.ടി മാനു മുസ്ലിയാരെപ്പോലുള്ള പണ്ഡിതര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് കരുവാരക്കുണ്ട് ദാറുന്നജാത്തിനു കീഴിലെ ബനാത്ത് കോളേജ്.

അഫല്‍ലുല്‍ ഉലമയ്ക്കു പുറമെ ധാര്‍മിക വിദ്യാഭ്യാസത്തിനാവശ്യമായ കിതാബുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരുന്നു ഇതിന്റെ പാഠ്യപദ്ധതി. ഈ മേഖലയില്‍ നടന്ന മറ്റൊരു ശ്രമമായിരുന്നു സമസ്തക്കു കീഴില്‍ സ്ഥാപിതമായ ചേളാരി ശരീഅത്ത് കോളേജ്. സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു കീഴിലുള്ള ഈ സ്ഥാപനത്തിന്റെയും പാഠ്യപദ്ധതി അഫല്‍ലുല്‍ ഉലമയാണ്. ഒരു സ്ത്രീ വിദ്യാഭ്യാസ സ്ഥാപനം എന്നതിലപ്പുറം കാര്യമായ ചലനങ്ങളൊന്നും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഇവക്കു കഴിഞ്ഞില്ല. സ്ത്രീ വിദ്യാഭ്യാസത്തെ അംഗീകരിക്കാന്‍ മാത്രമുള്ള മാനസിക പക്വത അന്നത്തെ സമൂഹം നേടിയിരുന്നില്ല എന്നത് അതിനുള്ള പ്രധാന കാരണമായിരുന്നു. സച്ചരിതരായ തലമുറകളെ സൃഷ്ടിക്കാന്‍ പര്യാപ്തമായ സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യു.ബാപ്പുട്ടി ഹാജി, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്വി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ 1992 മെയ് 16 ന് ഫാത്തിമ സഹ്റ ഇസ്ലാമിക് വനിതാ കോളേജ് സ്ഥാപിതമാവുന്നത്. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സമന്വയത്തിന്റെ ജിഹ്വയുമായി അല്‍-ഐന്‍ ഇസ്ലാമിക് സെന്ററിനു കീഴില്‍ ആരംഭിച്ച സഹ്റവിയ്യ കോഴ്സ് പിന്നീട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഏറ്റെടുക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ട് പാരമ്പര്യമുള്ള സഹ്റവിയ്യയുടെ ഉദയം ദീനീ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ മുന്നേറ്റത്തിന് അടിത്തറ പാകി എന്നതില്‍ സംശയമില്ല. തഫ്സീര്‍, ഹദീസ്, കര്‍മശാസ്ത്രം, തസവ്വുഫ് തുടങ്ങിയ മത വിജ്ഞാനങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ മെട്രിക്കുലേഷനും ഹയര്‍സെക്കന്ററി വിദ്യാഭ്യാസവും ലഭ്യമാക്കുന്നതാണ് എട്ട് വര്‍ഷത്തെ സഹ്റവിയ്യ കോഴ്സ്.

ജോലിയിലധിഷ്ടിതമായ വിദ്യാഭ്യാസം യൂറോപ്യന്‍ ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് വീട്ടുജോലികളില്‍ വ്യപൃതരാവേണ്ട സ്ത്രീകള്‍ പഠിച്ചിട്ട് കാര്യമില്ല എന്ന പിന്തിരിപ്പന്‍ നയം ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്നും അക്ഷര ജ്ഞാനം നേടിയ ഹഫ്സ ബീവിയെ വിവാഹശേഷവും പഠിക്കാന്‍ പ്രേരിപ്പിച്ചു നബി(സ)

അബ്ദുല്‍ ഹകീം ഫൈസി ആദൃശേരിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ആണ് 2008-ല്‍ വഫിയ്യ കോഴ്സിന് രൂപം നല്‍കിയത്. ഉല്‍കൃഷ്ടമായ മതത്തിന്റെ വക്താക്കളായ ഇസ്ലാമിക സമൂഹത്തില്‍ കാലം തീര്‍ത്ത ജീര്‍ണതകളെ പിഴുതെറിയാനുള്ള ശ്രമമായിരുന്നു വഫിയ്യ. മതവിഷയങ്ങളില്‍ ബിരുദവും ഹോംസയന്‍സിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളും ഭൗതിക വിഷയങ്ങളില്‍ യു.ജി.സി അംഗീകരിക്കുന്ന യൂണിവേഴ്സിറ്റി ഡിഗ്രിയും ചേര്‍ന്ന 5 വര്‍ഷത്തെ കോഴ്സ് ആണ് വഫിയ്യ. പാരമ്പര്യമാണ് പുരോഗതിയിലേക്കുള്ള പാഥേയമെന്ന് സമൂഹത്തോടു വിളിച്ചു പറയുന്ന വഫിയ്യ സംരംഭം തഫ്സീറും മിഷ്‌ക്കാത്തും ഫതഹുല്‍ മുഈനും അടക്കമുള്ള മതഗ്രന്ഥങ്ങളുടെ ദിവ്യ പ്രകാശം സ്ത്രീ സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുകയാണ്. ആരംഭിച്ച് കുറഞ്ഞകാലം കൊണ്ട് തന്നെ ഒരുപാട് സംഭാവനകള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് ആദ്യദശകം പൂര്‍ത്തിയാക്കാനടുക്കുന്ന വഫിയ്യ. കോഴ്സിന്റെ ഭാഗമായി ഡിഗ്രി പഠന കാലയളവില്‍ ചെയ്തു തീര്‍ക്കേണ്ടതായ നൂറുമണിക്കൂര്‍ നിര്‍ബന്ധിത സാമൂഹ്യ സേവനം വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തില്‍ ക്രിയാത്മകമായി ഇടപഴകാനും മതപഠന ക്ലാസുകള്‍ വഴി വിജ്ഞാന പ്രസരണത്തിനും അവസരമൊരുക്കുന്നു. ജോലിയിലധിഷ്ടിതമായ വിദ്യാഭ്യാസം യൂറോപ്യന്‍ ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് വീട്ടുജോലികളില്‍ വ്യപൃതരാവേണ്ട സ്ത്രീകള്‍ പഠിച്ചിട്ട് കാര്യമില്ല എന്ന പിന്തിരിപ്പന്‍ നയം. ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്നും അക്ഷര ജ്ഞാനം നേടിയ ഹഫ്സ ബീവിയെ വിവാഹശേഷവും പഠിക്കാന്‍ പ്രേരിപ്പിച്ചു നബി(സ).

രാവിലെ നേരത്തെയുണര്‍ന്ന് വീട്ടുജോലികളെല്ലാം തീര്‍ത്തുവെച്ച് വിജ്ഞാന സമ്പാദനത്തിലേക്കും പ്രസരണത്തിലേക്കും നീങ്ങുന്ന 'വഫിയ്യന്‍' കുടുംബിനികളിലൂടെ ആ 'പഴഞ്ചന്‍' മാതൃക തിരിച്ചു വരികയാണ്. ബാഹ്യമായ പുറംമോടിക്കപ്പുറത്തെ മുസ്ലിം സമുദായത്തിന്റെ അന്തരാളങ്ങള്‍ പലതും പായലു പിടിച്ചതാണെന്ന് അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ശരിയായ രീതിയില്‍ നിസ്‌കരിക്കാന്‍ പോലുമറിയാത്ത വീട്ടകങ്ങള്‍ കേരളക്കരയിലുണ്ടെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം സമൂഹമധ്യേ ഇറങ്ങിച്ചെന്ന പലര്‍ക്കും പങ്കുവെക്കാനുള്ളതാണ്. തനിക്കു ലഭിച്ച കുറഞ്ഞ സമയം കൊണ്ട് ദീനിനെ പരിചയപ്പെടുത്തി അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിച്ച ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഗൃഹനാഥന്‍ സന്തോഷാധിക്യത്തില്‍ ഒരു കെട്ട് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി യാത്രയയച്ചുവെന്ന് അവള്‍ ചാരിതാര്‍ഥ്യത്തോടെ പറയുകയുണ്ടായി. സ്ത്രീ സമുദ്ധാരണ രംഗം ഇനിയുമേറെ മുന്നോട്ടു സഞ്ചരിക്കാനുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായ വനിതകളെ സമൂഹം സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്നുമാണ് ഇത്തരം അനുഭവങ്ങളില്‍ നിന്നും വായിച്ചെടുക്കാനാവുന്നത്. മത ഭൗതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന് മനസ്സിലാക്കി സമീപകാലത്ത് ഒട്ടേറെ വനിതാ-ശരീഅത്ത് കോളേജുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പതിനെട്ടോളം വഫിയ്യ കോളേജുകള്‍ക്ക് പുറമെ സകിയ്യ, തഖിയ്യ, സൈനിയ്യ, നഫീസത്തുല്‍ മിസ്രിയ തുടങ്ങിയ കോഴ്സുകളെല്ലാം ഇത്തരമൊരു മുന്നേറ്റത്തിന്റെ ഭാഗമാണ്.

ജമാഅത്തെ ഇസ്ലാമിക്കു കീഴില്‍ ശാന്തപുരം അല്‍ജാമിഅ: അല്‍ ഇസ്ലാമിയ്യയും സ്ത്രീകള്‍ക്ക് മത വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു  പഠനത്തോടൊപ്പം ദീനീ വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന മറ്റൊരു കോഴ്സാണ് ഈയടുത്ത് കോട്ടക്കലില്‍ ആരംഭിച്ച സൈത്തൂന്‍. ചുരുക്കത്തില്‍, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് മതവിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്ന നല്ല പ്രവണതയാണ് ഇന്ന് ദര്‍ശിക്കാനാവുന്നത്. ഇതിന് വേണ്ടിയുള്ള സജീവ ചുവടുവെപ്പുകള്‍ സാമുദായിക നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്നു എന്നതും പ്രതീക്ഷാജനകമാണ്. മതപ്രബോധന രംഗത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നതിതാണ്. എങ്കിലും ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് നാം ഇനിയും ബഹുദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ദീനീ ചുറ്റുപാടിലെ വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനാര്‍ഥം ഭൗതിക സര്‍വകലാശാലകളെ ആശ്രയിക്കുന്ന നിലവിലെ അവസ്ഥയില്‍ നിന്നൊരു മാറ്റം അനിവാര്യമാണ്. വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും ഇതിനായി മുന്നോട്ടു വരേണ്ടതുണ്ട്.

 

റിസ്വാന പടപ്പറമ്പ്, ഫര്‍സീന കോതമംഗലം

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter