മദ്‌റസകള്‍ നവീകരിക്കപ്പെടേണ്ടതുണ്ട്.

കേരള മുസ്ലിമിന്‍റെ എക്കാലത്തെയും അഭിമാനമായ മദ്‌റസ എന്ന ഇസ്ലാമിക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നില്‍ അഞ്ചു വര്‍ഷം പഠിക്കാനും ആറു മാസത്തോളം അധ്യാപകനാവാനും അവസരം ലഭിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് ഈ എഴുത്ത്. മലയാളി മുസ്ലിമിന്‍റെ ധാര്‍മ്മിക സാമൂഹിക സാംസ്കാരിക വളര്‍ച്ചയില്‍ മദ്റസകള്‍ വഹിച്ച പങ്ക് വിവര്‍ണനാതീതമാണ്. പൂര്‍വ്വസൂരികളായ പിതാമഹന്‍മാര്‍ മക്കള്‍ക്ക് നൽകിയ അത്യന്തം വിലയേറിയതും ഗൗരവമേറിയതുമായ സമ്മാനമായി ഈ പ്രസ്ഥാനത്തെ വിലയിരുത്താം. 

മദ്റസകളിലൂടെ ഇസ്ലാമിക മൂല്യങ്ങള്‍ സമൂഹത്തിന് കൈമാറുന്നതില്‍ ആധുനികന്‍ സ്വീകരിക്കേണ്ട മാറ്റങ്ങളും വീഴ്ചകളൊന്നും തന്നെയില്ലാതെ ദീനീ നിലപാടുകള്‍ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള മാര്‍ഗങ്ങളുമാണ് ഇവിടെ ചര്‍ച്ചക്ക് വിധേയമാകുന്നത്.  മുസ്ലിം സമൂഹത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉപയോഗിക്കാവുന്ന വളരെ ശക്തമേറിയ ഒരു ആയുധം കൈയില്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് നിങ്ങള്‍ അത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന് ചോദിക്കപ്പെടാതിരിക്കാന്‍ കൂടിയാണ് ഈ വിഷയം ചര്‍ച്ചക്കിടുന്നത്. 

നിലവില്‍ ജീവിച്ചിരിക്കുന്ന തൊണ്ണൂറു ശതമാനം മുസ്ലിംകളും മദ്റസയിലോ ഓത്തുപള്ളിയിലോ പോയി പഠിച്ചവരും ഇസ്ലാമിക മൂല്യങ്ങള്‍ ഇളം മനസ്സിലേ മനസ്സിലാക്കിയവരാണ്. എന്നിട്ടുമെന്ത് കൊണ്ടാണ് ഇത്തരം അവസരങ്ങളൊന്നും തന്നെ ലഭിക്കാത്തഇതരമത വിശ്വാസികളേക്കാള്‍ ചില വിഷയങ്ങളിലെങ്കിലും അധഃപതിച്ച് പോയതെന്ന് നാം ആഴത്തിലിറങ്ങി ചിന്തിച്ച് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രയോഗവല്‍ക്കരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ദിനേന നാം കേള്‍ക്കുന്ന വ്യസന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന്‍റെ ഏതോ കോണില്‍ നിന്നും ചെറിയ രീതിയിലൊരു അസ്വസ്ഥത ഉടലെടുക്കുന്നുണ്ടെന്നതില്‍ നമുക്ക് സമാധാനിക്കാം, മനസ്സില്‍ വിശ്വാസത്തിന്‍റെ അല്‍പം അംശമെങ്കിലും ബാക്കിയുണ്ടല്ലോ എന്ന്.

ഇസ്ലാമിക ആചാരങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നിടത്തും വിദ്യാഭ്യാസ പുരോഗതി നേടുന്നതിലും നമ്മള്‍ പഴമക്കാരേക്കാള്‍ എത്രയോ മുന്‍പന്തിയിലാണെങ്കിലും തനിമയാര്‍ന്ന വിശ്വാസം (ഈമാന്‍) നില നിര്‍ത്തുന്നതിലും വരും തലമുറക്ക് കൈമാറുന്നതിലും വലിയ വീഴ്ച തന്നെ നമുക്ക് സംഭവിച്ചിട്ടുണ്ട്. കാലത്തിന്‍റെ വെല്ലുവിളികള്‍ വേണ്ട രീതിയില്‍ നേരിട്ട് തോല്‍പ്പിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ മാത്രമേ വരാനിരിക്കുന്ന വന്‍വിപത്തുകളില്‍ നിന്ന് വരും തലമുറയേ കരകയറ്റാനാവൂ.

മൂല്യത്തകര്‍ച്ചയുടെയും വിശ്വാസ ദൗര്‍ബല്യത്തിന്‍റെയും നിദാന കാരണങ്ങള്‍ അന്വേഷിച്ചിറങ്ങുമ്പോള്‍ ഇസ്ലാമിക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അതില്‍ വലിയ പങ്ക് വഹിക്കുന്നതായി കാണാം. പിതൃ തലമുറയുടെ സമ്മാനം വേണ്ട രീതിയില്‍ പരിചരിക്കാത്തതിനാല്‍ അങ്ങേയറ്റം അധഃപതനത്തിലായിക്കിടക്കുന്ന അവസ്ഥ പല രീതിയിലും വ്യക്തമാണ്, അല്‍പം വിശദമായി വ്യക്തമാക്കാം.

മദ്റസ നടത്തിപ്പ്

തറവാട് മഹിമ ഉള്ളവര്‍ക്ക്  മാത്രം അടിയറവ് വെച്ച കമ്മിറ്റി സെലക്ഷന്‍ രീതിയില്‍ നിന്നും മുക്തമായി പ്രവര്‍ത്തന മികവിനനുസരിച്ചുള്ള സെലക്ഷന്‍ രീതി സമ്പ്രദായം തുടങ്ങിയത്  മദ്റസകളെ കൂടുതല്‍ സാമൂഹികമാക്കാന്‍ കാരണമാകുന്നു. കമ്മിറ്റികളില്‍ യുവ തലമുറയെ ഉള്‍പ്പെടുത്തുന്നത് കാരണം സ്ഥാപനത്തിന് പുതു ജീവന്‍ ലഭിക്കുന്നുണ്ട്. ശമ്പളം കൃത്യമായി കൊടുക്കുക, റസീപ്റ്റ് ബുക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യുക  എന്നീ ചടങ്ങുകള്‍ക്കുപരി മദ്റസക്ക് സ്ഥിരമായ കാര്യമായ വരുമാനം ഉണ്ടാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മദ്റസയെ സമ്പന്നമായി നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കണം. മാസത്തിലൊരിക്കലെങ്കിലും യോഗം ചേര്‍ന്ന് വിവിധയിനം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം.

മുഅല്ലിമുകളെ തെരഞ്ഞെടുക്കുമ്പോള്‍ അവരെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്നതില്‍ അല്‍പവും അലംഭാവം കാണിക്കരുത്. തങ്ങളുടെ മക്കള്‍ക്ക് അറിവ് പഠിപ്പിക്കേണ്ടവരെ അവരെ വളര്‍ത്തി മൂല്യബോധമുള്ള ഒരു സമൂഹമാക്കി മാറ്റുവാന്‍ പ്രാപ്തി ഉള്ളവരെ മാത്രം ഈ പോസ്റ്റിലേക്ക് നിയമിക്കുക എന്നര്‍ത്ഥം. മിനിമം പത്തോ അതിലധികം വര്‍ഷമോ നില്‍ക്കുന്നവരാണെങ്കില്‍ അത്രയും നല്ലത്. താല്‍ക്കാലികമായ നിയമനങ്ങള്‍ സമൂഹത്തിന് നഷ്ടമേ വരുത്തൂ.  ജീവിതച്ചെലവുകള്‍ മുഴുവനായി നിര്‍വ്വഹിക്കാന്‍ കഴിയുന്ന വേതനവും അനുയോജ്യമായ ഭക്ഷണവും സുരക്ഷമായ പാര്‍പ്പിട സൗകര്യങ്ങളും  ദീന്‍ പഠിപ്പിക്കുന്നവര്‍ക്ക് അര്‍ഹിച്ചതാണ്. മുഅല്ലിമുകളെക്കുറിച്ചുള്ള പരാതികളും മറ്റും വേണ്ട രീതിയില്‍ കൈകാര്യം ചെയ്ത് അവര്‍ക്ക് സുരക്ഷയൊരുക്കണം. അധ്യാപക വൃത്തിയില്‍ വരുന്ന വീഴ്ചകള്‍ അവരെ നേരിട്ട് ബോധ്യപ്പെടുത്തേണ്ടത് കമ്മിറ്റിക്കാരാണ്. അധ്യാപന ശൈലിയിലെ പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ട്രൈനിംഗ് ക്ലാസുകളും നല്‍കേണ്ടതുണ്ട്.

ക്ലാസ്റൂമുകള്‍ പഠിക്കാനുതകുന്ന അന്തരീക്ഷത്തില്‍ പഠിപ്പിക്കാനും പ്രാക്ടീസ് ചെയ്യാനും ആവശ്യമായ ദൃശ്യമാധ്യമ  ഉപകരണങ്ങളോടും മറ്റു സാമഗ്രികളോടും കൂടി ക്രമീകരിക്കലും വൃത്തിയും ഭംഗിയും ചിട്ടയുമുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കലും സ്ഥാപന മേധാവികളുടെ ബാധ്യതയാണ്. വൃത്തി, ഭംഗി, ചിട്ട, അച്ചടക്കം എന്നിവ പ്രാഥമികമായിത്തന്നെ കുഞ്ഞുങ്ങള്‍ അനുഭവിച്ചറിയട്ടെ. 

നമസ്കാരം പരിശീലിപ്പിക്കാന്‍ സൗകര്യമുള്ള പ്രയര്‍ഹാളും വിശാലമായ കളിഗ്രൗണ്ടും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അത്യന്തം വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും കലാപരിപാടികള്‍ അവതരിപ്പിക്കാനും മറ്റും മൈക്ക് സെറ്റിംഗുള്ള വേദിയും ഇസ്ലാമിക വായന വളര്‍ത്താന്‍ വിശാലമായ ലൈബ്രറിയും തജ് വീദ് പോലുള്ള വിഷയങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടായി പഠിപ്പിക്കാന്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും മുഅല്ലിമീങ്ങളുടെ ബെഡ്റൂമിന് പുറമെ സ്റ്റാഫ് റൂമില്‍ ഓരോ മുഅല്ലിമിനും വ്യത്യസ്ത ചേംബറും അതില്‍ തന്നെ ഇന്‍റര്‍നെറ്റ് ആന്‍ഡ് പ്രിന്‍റിംഗ് സൗകര്യങ്ങളോട് കൂടിയുള്ള ഒരു കമ്പ്യൂട്ടറും സുരക്ഷ ആവശ്യാര്‍ത്ഥം സിസിടിവിയും ഒരു മീറ്റിംഗ് ഹാളും കൂടെ മനോഹരമായ പൂന്തോട്ടവും പഠനാവശ്യ സാധനങ്ങള്‍ക്കായി ചെറിയ രീതിയില്‍ ഒരു സ്റ്റോറുമെല്ലാം മദ്റസയുടെ പ്രധാന ആവശ്യങ്ങളാണ്. ഇവയെല്ലാം ആധുനിക സൗകര്യങ്ങളോട് കൂടിത്തന്നെയാകണം സജ്ജീകരിക്കേണ്ടത്. 

എല്ലാ ക്ലാസുകളും രാവിലെത്തന്നെ തീരുന്ന രീതിയിലാണെങ്കില്‍ അതിന് ശേഷം വെറുതെയിരിക്കുന്ന വിലയേറിയ സമയവും സൗകര്യങ്ങളും മുഅല്ലിമീങ്ങളെ സമൂഹ സേവനത്തിന് വേണ്ടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വനിതകള്‍ക്കുള്ള സ്ഥിരമായ ക്ലാസ്, 

നൈറ്റ് ട്യൂഷന്‍ ക്ലാസ് പോലുള്ളവക്കും പ്രത്യേക കോഴ്സുകളുടെ കോച്ചിംഗ് സെന്‍ററായും ഇന്‍റര്‍നെറ്റ് ജനസേവന കേന്ദ്രമായും എസ് കെ എസ് എസ് എഫ്, എസ് വൈ എസ്, മദ്രസ ഓള്‍ഡ് സ്റ്റുഡന്‍റ് അസോസിയേഷന്‍ പോലുള്ള വിവിധ കൂട്ടായ്മകളുടെ പ്രവര്‍ത്തന കേന്ദ്രമായും വെറുതെ കിടക്കുന്ന ബില്‍ഡിംഗ് ഉപയോഗപ്പെടുത്താവുന്നതാണ്. അവയില്‍ നിന്നെല്ലാമുള്ള വരുമാനങ്ങള്‍ മദ്റസയുടെ നടത്തിപ്പിന് ഒരു മുതല്‍ക്കൂട്ടാവുന്നതുമാണ്. ചുരുക്കത്തില്‍ നാട്ടുകാരുടെ ആവശ്യനിര്‍വ്വഹണങ്ങളില്‍ മിക്കതും മദ്റസ എന്ന സെന്‍റര്‍ മുഖേനയാക്കണം എന്നര്‍ഥം.

മുഅല്ലിമുകളുടെ അധ്യാപന ശൈലിയെക്കുറിച്ച് ബോധവാനാകുകയും വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള ഫീഡ്ബാക്കുകള്‍ക്ക് വേണ്ടവിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ മടി കാണിക്കരുത്. മുഅല്ലിമുകളുടെ ക്വാളിറ്റി അധികരിപ്പിക്കാന്‍ വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം.

സ്ഥാപനത്തിന്‍റെ വരവ് ചെലവ് കണക്കുകളും മറ്റു രേഖകളും കൈകാര്യം ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഏറെ ഉപകാരപ്പെടും. രേഖകളും ബില്ലുകളും റസീപ്റ്റുകളും മറ്റും കൈകാര്യം ചെയ്യുന്നിടത്ത് അടുക്കും ചിട്ടയും കൃത്യതയും വളരെ പ്രധാനം തന്നെ. മദ്രസ വഖഫ് ബോഡിന് കീഴിലുള്ള സ്ഥലത്താണെങ്കില്‍ മെംബര്‍ഷിപ്പ് പുതുക്കലും പിഴകളൊന്നും വരാതെ ബില്ലുകളും നികുതികളും അടയക്കുന്നതും പ്രത്യേകം ശ്രദ്ധവേണം.

അധ്യാപനം

ഒരു തൊഴില്‍ എന്നതിലുപരി പുതു ഇസ്ലാമിക തലമുറയെ വാര്‍ത്തെടുക്കുന്ന മഹാ സേവനം എന്ന രീതിയിലാണ് മദ്റസ അധ്യാപനത്തെ മനസ്സിലാക്കേണ്ടത്. രാവിലെയുള്ള ഉറക്കച്ചടവില്‍ നിന്നും വീട്ടിലെ പ്രശ്ന കലുശിതമായ അന്തരീക്ഷത്തില്‍ നിന്നും വരുന്ന കുട്ടികളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തി അവര്‍ക്ക് വേണ്ടതെല്ലാം പറഞ്ഞ് കൊടുത്ത് ഉള്ളില്‍ നിറയെ സന്തോഷം നിറച്ചാവണം എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞയക്കേണ്ടത്. മദ്റസ ജീവിതം കുഞ്ഞുങ്ങള്‍ക്ക് എന്നെന്നും വലിയ സന്തോഷത്തോടെ ഓര്‍ത്തെടുക്കാവുന്ന നിമിഷങ്ങളാക്കി മാറ്റുവാന്‍ അധ്യാപകനാവണം.

ക്ലാസുകളില്‍ നന്‍മ നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതില്‍ അധ്യാപകന്‍ പൂര്‍ണ ശ്രദ്ധ നല്‍കണം. തന്‍റെ മുന്നില്‍ വരുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടിലെ സാഹചര്യങ്ങളും മദ്റസക്ക് അപ്പുറം ഉള്ള അവന്‍റെ അല്ലെങ്കില്‍ അവളുടെ ജീവിതവും വിശദമായി മനസ്സിലാക്കണം. വീട്ടിലെ അംഗങ്ങളുടെ സുഖവിവരങ്ങളും മറ്റു സുഖ ദുഃഖങ്ങളും ഇടയ്ക്കെങ്കലും നേരിട്ട് ചോദിച്ചറിയണം.

കൃത്യ സമയത്ത് ക്ലാസില്‍ എത്തുന്നതിലും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പ്ലാനിംഗോട് കൂടി ക്ലാസെടുക്കുന്നതിലും വിഷയങ്ങള്‍ നിശ്ചയിച്ച് തന്ന പോലെ എടുത്ത് തീര്‍ക്കുന്നതിലും വളരെ ചുരുങ്ങിയ ക്ലാസ് സമയം മുഴുവനായി വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിലും ശ്രദ്ധവേണം.

 ക്ലാസിലെ സംസാരങ്ങള്‍ മുഴുവന്‍ കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന രിതിയിലാക്കുക. നിയമങ്ങള്‍ പറയുകയാണെങ്കില്‍ പോലും അത് നിയമമാണെന്ന് തോന്നാത്ത രീതിയില്‍ കുട്ടികള്‍ ആ വിഷയം ഉള്‍ക്കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുക. അധ്യാപകന്‍ ആരാണെന്ന് കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് പകരം കുട്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക. കുട്ടികളോട് ദേശ്യം പിടിച്ചും ശകാരിച്ചും അടക്കി നിര്‍ത്തുന്ന രീതി പൊതുവേ അധ്യപകര്‍ക്കും രക്ഷിതാക്കളിലും കാണുന്ന വൈകല്യമാണ്. നമ്മുടെ വായില്‍ നിന്ന് വരുന്ന ഓരോ നെഗറ്റീവ് വാക്കുകളും ശകാരങ്ങളും വളരെ അത്യാവശ്യമല്ലാത്ത ശിക്ഷണ മുറകളും മക്കളില്‍ തിന്‍മ വളര്‍ത്തുന്നു എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.

 പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളോട് അധ്യാപകന്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് അനുവദനീയമല്ലാത്തതാണല്ലോ. ഈ വിഷയം നമ്മള്‍ പഠിപ്പിക്കുന്ന സമയത്ത് വരെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് എങ്ങനെ അവരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകും. ക്ലാസുകള്‍ കഴിഞ്ഞാലും നീണ്ടുപോകുന്ന ഇത്തരം കൊഞ്ചിക്കുഴയുന്ന സംസാരങ്ങള്‍ അത്യന്തം ഖേദകരമാണ്. ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ പഴയ കാലം സമൂഹം വെച്ചിരുന്ന അതിര്‍ത്തികള്‍ ലംഘിച്ചതാണ് ഇന്ന് കാണുന്ന പല ധാര്‍മ്മിക ദുരന്തങ്ങളുടെയും അടിസ്ഥാന കാരണം.

മദ്റസകളെ അപേക്ഷിച്ച് അധ്യാപന സമയം വളരെ കുറവാണെന്നതിനാല്‍ ബാക്കി സമയങ്ങള്‍ വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. ഒഴിവ് സമയങ്ങള്‍ അധികരിക്കുന്നത് വഴികേടിലേക്ക് നയിക്കുകയേ ഉള്ളൂ. പരമാവധി അവധികളും പരിപാടികളും റേഞ്ച് മീറ്റിംഗുകളും മദ്റസ അവധി ഇല്ലാതെ സൂക്ഷിക്കുകയും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് സജീവമാകാനും ശ്രദ്ധിക്കണം.

സിലബസ് 

വളരെ കൃത്യമായുണ്ടാക്കിയതാണ് മദ്റസയുടെ സിലബസ് എങ്കിലും ഇടക്കിടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്താത്ത അവസ്ഥ പലപ്പോഴും വിനയാകാറുണ്ട്. പഴയ കാലങ്ങളില്‍ ഫത്ഹുല്‍ മുഈനെന്ന ഗ്രന്ഥം വരെ മദ്റസകളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എട്ടാം ക്ലാസിന് മുകളിലുള്ള എല്ലാ പുസ്തകങ്ങളും അറബിയായതിനാല്‍ തന്നെ മിക്ക അധ്യാപകര്‍ക്കും ഗൈഡ് തന്നെ ശരണം. ഗൈഡില്‍ നോക്കി അര്‍ഥം വായിച്ച് കൊടുക്കലും അതുപോലെ വിശദീകരിച്ച് എഴുതലും എന്ന ചടങ്ങ് ഒരുപാട് കാലമായി മിക്ക മദ്റസകളിലും നടന്നുവരുന്നു. പഠിപ്പിക്കുന്ന അധ്യാപകന് അറിയാത്ത അറബി എങ്ങനെ മക്കളെ പഠിപ്പിക്കും! അതിനാല്‍ എട്ടിന് മുകളിലുള്ള ക്ലാസുകളില്‍ പുസ്തകങ്ങള്‍ മുഴുവന്‍ അറബിവല്‍ക്കരിക്കുന്നത് കൊണ്ട് കാര്യമായ പുരോഗതിയൊന്നും തന്നെ ഇല്ല എന്നതും അത് പോലെ ഈ ക്ലാസുകളിലെ ഫിഖ്ഹും താരീഖുമെല്ലാം വെറും അര്‍ഥമെഴുത്ത് മാത്രമായി മാറുന്നു എന്ന നഷ്ടവും ഇതിനുണ്ട്.

നിത്യ ജീവിതത്തില്‍ കുട്ടികള്‍ ഓതാറുള്ള സൂറത്തുകളില്‍ മാത്രം ഹിഫ്ള് ചുരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു വിധത്തില്‍ നഷ്ടമാണെങ്കില്‍ തന്നെയും ഖുര്‍ആന്‍ പഠിച്ച് മറന്ന് പോവുക എന്ന കുറ്റം അവരെക്കെണ്ട് ചെയ്യിക്കണോ എന്ന് നാം ആആലോചിക്കേണ്ടതുണ്ട്.

അഖ്ലാഖ്, ഫിഖ്ഹ് എന്നീ വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഒതുക്കുന്നതിമന് പകരം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കിക്കാണിക്കാനുള്ള നിര്‍ദേശങ്ങളും അത് പഠിപ്പിക്കുന്നതിന്‍റെ രീതിയെക്കുറിച്ചുള്ള ക്ലാസും ക്ലാസ് പ്രവര്‍ത്തനങ്ങളെല്ലാം അടങ്ങിയ ഗൈഡുമെല്ലാം മുഅല്ലിമീങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.

ഓരോ ക്ലാസിലും എത്തുമ്പോള്‍ കുട്ടികള്‍ക്ക് ഏതൊക്കെ കഥകളാണ് പറഞ്ഞ് കൊടുക്കേണ്ടത് എന്നും ആരുടെയൊക്കെ ജീവിതങ്ങളാണ് പകര്‍ന്നു കൊടുക്കേണ്ടത് എന്നും കൃത്യമായി വിവരിക്കുന്ന രേഖ തന്നെ തയ്യാറാക്കണം. 

നാല്‍പത് മിനിറ്റ് അല്ലെങ്കില്‍ മുപ്പത് മിനിറ്റ് മാത്രമാണ് ഒരു അധ്യാപകനെ കുട്ടികള്‍ക്ക് ശ്രദ്ധിച്ചിരിക്കാന്‍ കഴിയുക എന്ന ശാസ്ത്രത്തെ മാനിച്ച് ഒന്നര അല്ലെങ്കില്‍ രണ്ട് മണിക്കൂര്‍ ഉള്ള ക്ലാസുകള്‍ ഒന്നോ രണ്ടോ മൂന്നോ പിരിയഡുകളായി തിരിച്ച് ഒരു ക്ലാസില്‍ തന്നെ വ്യത്യസ്ത അധ്യാപകര്‍ ക്ലാസെടുക്കുന്ന രീതിയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധിക മദ്രസകളിലെ ക്ല്ാസുകളും നിരീക്ഷിച്ചാല്‍ ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് ക്ലാസുകള്‍ കൃത്യമായി നടക്കുക എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനൊരു മാറ്റം അനിവാര്യമാണ്.

മുഫത്തിശ്

മദ്റസകളുടെ ഗുണനിലവാരമളക്കാനും റിപ്പോര്‍ട്ടുകളും മറ്റ് വിവരങ്ങളും വിദ്യാഭ്യാസ ബോര്‍ഡിന് സമര്‍പ്പിക്കാനും ഏല്‍പിക്കപ്പെട്ട ഉദ്യോഗസ്ഥരാണിവര്‍. പാരമ്പര്യമായി തുടര്‍ന്നു വരുന്ന രീതിയില്‍ നി്ന്നും കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമുള്ള ഒരു മേഖലായണ് തഫ്തീശ്. മദ്റസകളുടെ സൗകര്യങ്ങളും മറ്റു സാമൂഹിക മേഖലകളിലെ സംഭാവനകളും അടിസ്ഥാനപ്പെടുത്തി ഗ്രേഡിംഗ് മദ്റസ ഗ്രേഡിംഗ് സിസ്റ്റം തുടങ്ങുന്നത് അതിലൊന്ന്. 

മദ്റസകള്‍ കൃത്യമായ ഇടവേളകള്‍ സന്ദര്‍ശിച്ച് സ്റ്റാഫ് മീറ്റിംഗ്, കമ്മിറ്റി മീറ്റിംഗ് എന്നിവ നടത്തി ഓരോ സെമസ്റ്ററിനും ഉള്ള പ്ലാന്‍ തയ്യാറാക്കി അവ കൃത്യമായി നടപ്പിലാക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നതു പോലെ വ്യത്യസ്ത രീതിയില്‍ മദ്റസകളെ ജീവനോടെ നില നിര്‍ത്താന്‍ ഏറ്റവും സാധ്യത ഉള്ള മേഖലയാണിത്.

മറ്റുള്ളവ

പൊതുവെ മദ്റസകളില്‍ നടക്കുന്ന ചില ഒറ്റപ്പെട്ട എന്നാല്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ കൂടി വിശദീകരിച്ച് ഈ എഴുത്ത് അവസാനിപ്പിക്കാം. സാധാരണ തൊപ്പി ഇടാതെ നടക്കാറുള്ള വിദ്യാര്‍ത്ഥികള്‍ മദ്റസകളിലേക്ക് വരുമ്പോള്‍ തൊപ്പി ധരിക്കാന്‍ നാം നിര്‍ദേശം നല്‍കാറുണ്ടെങ്കിലും പലപ്പോഴും രാവിലെയുള്ള തിരക്കുകള്‍ക്കിടയില്‍ തൊപ്പി ധരിക്കാന്‍ മറക്കാറുണ്ട്. അത്പോലെ ഹെയര്‍ സ്റ്റൈലിന്‍റെ  വിഷയത്തിലും വെള്ള വസ്ത്രം ധരിക്കുന്ന്തിലും അതികഠിനമായ നിലപാട് എടുക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം സുന്നത്തുകളെ നാം നിര്‍ബന്ധമായ കാര്യത്തേക്കാള്‍ കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടതില്ല. ഇത്തരം വിഷയങ്ങളില്‍ വരും വരായ്കകള്‍ ചിന്തിക്കാതെ നേരിട്ട് കര്‍ശനമായ നിലപാടെടുക്കുന്നതിന് മുമ്പ് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിരന്തരമായി ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്.

നബിദിനത്തിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ മിക്ക മദ്റസകളിലും ഒരു മാസം മുന്നേ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ഈ മാസം പഠനം തീരെയോ ബഹുഭൂരിഭാഗമായോ നടക്കാത്ത അവസ്ഥയുള്ളതും ദഫ് എന്ന സമ്പ്രദായം ഭംഗിയുള്ള കുട്ടികളെ വെച്ചു കൊണ്ടുള്ള ഗ്രൂപ്പ് ഡാന്‍സായി മാറുന്നതും നിര്‍ബന്ധമായും മാറ്റം വരുത്തേണ്ട പ്രവണതകള്‍ തന്നെയാണ്. നബിദിനത്തിന്‍റെ പേരില്‍ ഇത്രയും ദിവസത്തെ പഠനം മുടക്കുന്നത് ഒരിക്കലും പുണ്യ നബി (സ) തങ്ങള്‍ ഇഷ്ടപ്പെടില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഈ പറഞ്ഞതില്‍ പലതും കാലങ്ങളായി ആവര്‍ത്തിച്ച് വരുന്ന ചടങ്ങുകളാണ് മാറ്റാന്‍ കഴിയില്ല എന്നതാണ് മറുത്തു പറയാനുള്ളതെങ്കില്‍ പരിപാലകനായ അല്ലാഹുവും നമ്മുടെ ഈ ദുരവസ്ഥക്ക് മാറ്റാന്‍ തയ്യാറാവില്ല എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്.

അഫ്സൽ ഹുദവി മാതാപുഴ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter