ഖദീജ(റ) : പുണ്യ പൂമാന്റെ നല്ല പാതി -ഫാത്വിമ സന കോട്ടുമല
പ്രവാചന്‍റെ പ്രഥമ പത്‌നിയും അവിടത്തെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിയുമാണ് ഖദീജ ബീവി (റ). പ്രവാചകരിലൂടെ അവതരിച്ച വിശുദ്ധ ഇസ്‌ലാമിനെ ആദ്യമായി സ്വീകരിച്ചതും മഹതിയായിരുന്നു. സമൂഹത്തില്‍നിന്നും സര്‍വ്വവിധ വ്യഥകളും നേരിട്ടിരുന്ന കാലത്ത് പ്രവാചകര്‍ക്കും ഇസ്‌ലാമിനും പിന്തുണയായി വര്‍ത്തിച്ചത് മഹതിയുടെ ഇച്ഛാശക്തിയും സമ്പൂര്‍ണ സമര്‍പ്പണ മനസ്ഥിതിയുമാണ്. അതുകൊണ്ടുതന്നെ, പ്രവാചകരുടെ സാമൂഹിക-വൈയക്തിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവത്ത ഒരു അദ്ധ്യായമായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാഥിമ ബിന്‍തു സായിദിന്റെയും മകളായി ജനിച്ച ഖദീജ ബീവി.
ഖദീജ മക്കയിലെ കുലീനയും വര്‍ത്തക പ്രമാണിയുമായിരുന്നു. യമന്‍, ശാം തുടങ്ങിയ നാടുകളിലേക്ക് തന്റെ കച്ചവടച്ചരക്കുകളുമായി വന്‍ ഖാഫില സംഘങ്ങളാണ് പുറപ്പെട്ടിരുന്നത്. പണത്തിന്റെയോ പത്രാസിന്റെയോ കാര്യത്തില്‍ ഖദീജക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഒരേയൊരു പ്രശ്‌നമേ അവരെ അലട്ടിയിരുന്നുള്ളൂ. ദാമ്പത്തിക ജീവിതമായിരുന്നു അത്. രണ്ടു ഭര്‍ത്താക്കന്മാരെ വരിച്ചിരുന്നുവെങ്കിലും രണ്ടുപേരും നേരത്തെ മരിച്ചുപോയി. ഖദീജ വിധവയായി. ശക്തമായ കച്ചവട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനസ്സിനും ജീവിതത്തിനും കുളിര് പകരുന്ന ഒരു ഇണയെയായിരുന്നു അവര്‍ തേടിക്കൊണ്ടിരുന്നത്. ഖദീജയുടെ കുലീനത്വവും സമ്പാദ്യവും കണ്ട് അനവധിപേര്‍ കല്യാണത്തിനായി മുന്നോട്ടു വന്നിരുന്നു. ഖദീജയുടെ പണവും പത്രാസുമായിരുന്നു അവരുടെ സ്വപ്നം. എന്നാല്‍ ഖദീജ സ്വപ്നംകണ്ടത് മറ്റൊന്നായിരുന്നു.
യുവകോമളനായി നബിതങ്ങള്‍ മക്കയില്‍ പ്രശസ്തനായി വരുന്ന സമയം. സത്യസന്ധതകൊണ്ടും വിശ്വസ്തകൊണ്ടും അവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയിടെ ഖദീജയുടെ കണ്ണ് തന്റേടമുള്ള ഈ ചെറുപ്പക്കാരന്റെ നേരെയുമെത്തി. ആ ചെറുപ്പക്കാരനെ തന്റെ വര്‍ത്തക സംഘത്തില്‍ കൂട്ടി തന്റെ കച്ചവടം മെച്ചപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചായിരുന്നു അവര്‍ ആദ്യം ചിന്തിച്ചിരുന്നത്. താമസിയാതെ അവരുമായി ബന്ധപ്പെട്ട് ഇവ്വിഷയകമായി സംസാരിച്ചു. തന്റെ ചരക്കുകള്‍ ശാമില്‍ കൊണ്ടുപോയി വില്‍പന നടത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും നല്‍കുന്നതിനെക്കാള്‍ ഇരട്ടി പ്രതിഫലം നല്‍കുമെന്നായിരുന്നു ഓഫര്‍. മുഹമ്മദ് അത് സ്വീകരിക്കുകയും ചെയ്തു. തന്റെ ഭൃത്യനായ മൈസറക്കൊപ്പം ബസ്രയിലേക്കു പോയി. പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു അത്തവണ ലാഭം. വളരെ വേഗത്തില്‍തന്നെ മുഹമ്മദ് തിരിച്ചുവരുകയും പണം ഖദീജയെ ഏല്‍പിക്കുകയും ചെയ്തു. ഇതോടെ ഖദീജ ഈ ചെറുപ്പക്കാരനില്‍ കൂടുതല്‍ ആകൃഷ്ടനായി. ഏകദേശം മൂന്നു മാസത്തിനു ശേഷം അവര്‍ നേരിട്ടുതന്നെ മുഹമ്മദിനെ സമീപ്പിക്കുകയും വവാഹം ആവശ്യപ്പെടുകയും ചയ്തു. വിസമ്മതമൊന്നും ഇല്ലാതെ വന്നപ്പോള്‍ കാര്യം തീരുമാനമായി. ഖദീജയും പ്രവാചകരും തമ്മില്‍ വിവാഹം നടന്നു. ഹംസയും അബൂഥാലിബും മറ്റു അടുത്ത കുടുംബാംഗങ്ങളും ഖദീജയുടെ വീട്ടില്‍ ഒത്തുകൂടിയായിരുന്നു വിവാഹ കര്‍മം. അഞ്ഞൂറ് ദിര്‍ഹം മഹ്‌റായി നല്‍കി. മംഗലം മംഗളമായി സമാപിച്ചു. പ്രവാചക വൈവാഹിക ജീവിതത്തിന്റെ ഏറ്റവും അനുഗ്രഹീത കാലമായിരുന്നു ഖദീജ ബീവിയോടൊത്തുള്ള കാലഘട്ടം. ജീവിതത്തിന്റെ പല നിര്‍ണായക സന്ധികളും കടന്നുവന്നത് ഈ ഘട്ടത്തിലായിരുന്നു. തുല്യതയില്ലാത്ത സ്‌നേഹപ്രകാശനമായിരുന്നു പ്രവാചകരും ഖദീജ ബീവിയും തമ്മില്‍.
ഭാര്യയാണെങ്കില്‍കൂടി ഒരു ഉമ്മയുടെയോ രക്ഷിതാവിന്റെയോ അനുഭവമായിരുന്നു അവര്‍ പ്രവാചകര്‍ക്ക് സമ്മാനിച്ചത്. നാല്‍പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുന്നതുവരെ ഒരു സാന്ത്വനസ്പര്‍ശം പോലെ അവര്‍ പ്രവാചകരോടൊത്ത് ജീവിച്ചു. അസാധാരണമായ മനക്കരുത്തും തന്റേടവും ഇച്ഛാശക്തിയും കൈമുതലാക്കിയവരായിരുന്നു മഹതി. അതുകൊണ്ടുതന്നെ, പ്രതിസന്ധികള്‍നിറഞ്ഞ പ്രവാചക ജീവിതത്തെ എങ്ങനെയെല്ലാം പിന്താങ്ങണമെന്നും മുന്നോട്ടുകൊണ്ടുപോവണമെന്നും അവര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. അല്ലാഹു മഹതിക്ക് അതിനുള്ള കരുത്തും കഴിവും നല്‍കുകയും ചെയ്തു.
പ്രവാചകന്‍ ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്ന കാലം. ഒരിക്കല്‍ ജിബ്‌രീല്‍ (അ) കടന്നുവരികയും ദിവ്യസന്ദേശത്തിന്റെ അവതരണത്തിന് നാന്ദി കുറിക്കുകയും ചെയ്യുകയുണ്ടായി. പുതിയ അനുഭവം നിമിത്തം പേടിച്ചരണ്ട് വീട്ടിലെത്തിയ പ്രവാചകന് അന്ന് സമാശ്വാസത്തിന്റെ വാക്കുകളോതി സന്തോഷം പകര്‍ന്നത് പ്രിയ പത്‌നി ഖദീജാ ബീവിയായിരുന്നു. മഹതി പ്രവാചകരെ പിതൃവ്യപുത്രനായ വറഖത്തു ബിന്‍ നൗഫലിനടുത്ത് കൊണ്ടുപോവുകയും ഹിറാഗുഹയില്‍ നടന്ന സംഭവത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. 'മൂസാനബിക്ക് ദിവ്യ സന്ദേശം പകര്‍ന്നു നല്‍കിയ മാലാഖ തന്നെയാണ് താങ്കളെയും സമീപ്പിച്ചത്. ദൈവം അങ്ങയെ ഈ സമുദായത്തിന്റെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു. വരും കാല ജീവിതത്തില്‍ ഈ ജനതയില്‍നിന്നും അങ്ങേക്ക് ശക്തമായ യാതനകള്‍ സഹിക്കേണ്ടിവരും. അങ്ങയെ ഇവര്‍ ജന്മ നാട്ടില്‍നിന്നും പുറത്താക്കും. അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ അങ്ങയെ പിന്‍പറ്റുന്നതാണ്.' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഖദീജബീവിക്ക് ഇത് കൂടുതല്‍ സ്ഥൈര്യം പകര്‍ന്നു. എന്തുവിലകൊടുത്തും എന്നും പ്രവാചകരോടൊത്ത് ഉറച്ചുനില്‍ക്കുമെന്ന് അവര്‍ ശപഥം ചെയ്തു.
തൗഹീദിന്റെ പുതിയ സന്ദേശവുമായി രംഗത്തിറങ്ങിയ പ്രവാചകനെ ആദ്യമായി അംഗീകരിച്ചതും മഹതിയായിരുന്നു. കൊടികുത്തിവാണ ശിര്‍ക്കിന്റെ പരിസരത്തുനിന്നും അല്ലാഹു ഏകനാണ് എന്നുപറഞ്ഞ പ്രവാചകനില്‍ അവര്‍ വിശ്വസിച്ചു. അങ്ങനെ, ഇസ്‌ലാമിലെ പ്രഥമ വനിതയായി മാറി. ഇക്കാലത്ത് തന്റെ ജനതയില്‍നിന്നും നേരിടേണ്ടിവന്ന സര്‍വ്വ പരീക്ഷണങ്ങളിലും പ്രവാചകര്‍ക്ക് ഒരു അത്താണിയായി നിന്നിരുന്നത് ഖദീജ ബീവിയായിരുന്നു. ഇസ്‌ലാമിന്റെ സുഗമമായ വളര്‍ച്ചക്കും വ്യാപനത്തിനും മഹതി ചെയ്ത ത്യാഗങ്ങള്‍ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, പ്രവാചകരുടെ സ്‌നേഹത്തിന് ആഴത്തില്‍ പാത്രമായ ഭാര്യയും മഹതിയായിരുന്നു.
ഏകദൈവ വിശ്വാസവുമായി കടന്നുവന്ന പ്രവാചകരെയും അനുയായികളെയും ശിഅബു അബീഥാലിബില്‍ ക്രൂരമായി പീഢിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മഹതി ലോകത്തോട് വിടപറയുന്നത്. പ്രവാചകരെ സംബന്ധിച്ചിടത്തോളം ദു:ഖങ്ങളില്‍നിന്നും ദു:ഖങ്ങളിലേക്കുള്ള ഒരു പ്രയാണ ഘട്ടമായിരുന്നു ഇത്. അതിനിടയില്‍, തന്റെ താങ്ങും തണലുമായ പ്രിയ ഭാര്യകൂടി വിടപറഞ്ഞത് പ്രവാചകരെ വല്ലാതെ വിഷമ സന്ധിയിലാക്കി. ജീവിതത്തിന്റെ പരമപ്രധാനമായ യുവത്വകാലത്ത് തന്നോടൊപ്പംനിന്ന് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത മഹതിയായിരുന്നു പ്രവാചക ജീവിതത്തിന്റെ എല്ലാമെല്ലാം. ആ വേര്‍പാട് ഒരു വന്‍ നഷ്ടമായി ശേഷിച്ചു. പ്രവാചകന്‍ അത് ഇടക്കിടെ എടുത്തുപറയുകയും ചെയ്യുമായിരുന്നു.
സ്‌നേഹ ദാമ്പത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പ്രവാചകരുടെയും ഖദീജ ബീവിയുടെയും ദാമ്പത്യ ജീവിതം. തന്റെ ജീവിതത്തിലെ ഊര്‍ജ്ജസ്വലതയുടെ കാലവും ഇതുതന്നെയായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷമായിരുന്നു ഈ ദാമ്പത്യത്തിനു ആയുസ്സ്. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പു പതിനഞ്ചു വര്‍ഷവും ശേഷവും പത്തു വര്‍ഷവും. പ്രവാചകന്‍ ഹിജ്‌റ പോകുന്നതിന്റെ മൂന്നു വര്‍ഷം മുമ്പാണ് മഹതി ലോകത്തോട് വിടപറയുന്നത്. അന്ന് അവര്‍ക്ക് അറുപത്തിയഞ്ചു വയസ്സായിരുന്നു. പ്രവാചകന് അമ്പതു വയസ്സും.
ഖദീജ ബീവിയോടൊപ്പമുള്ള കാലമാണ് പ്രവാചക ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം. ഈ കാലഘട്ടത്തില്‍ പ്രവാചകന്‍ വേറെ വിവാഹം കഴിച്ചിരുന്നില്ല. മറ്റൊരു ഭാര്യയെക്കുറിച്ച് നബി തങ്ങള്‍ ചിന്തിക്കുന്നതു തന്നെ മഹതിയുടെ വിയോഗാനന്തരം മാത്രമാണ്. പിന്നീട്, പല ഭാര്യമാര്‍ തന്റെ ജീവിതത്തിലേക്കു കടന്നുവന്നതിനു ശേഷവും പ്രവാചകന്‍ മഹതിയെ അനുസ്മരിക്കാറുണ്ടായിരുന്നു. അവരുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരെ സല്‍കരിക്കുകയും ചെയ്യുമായിരുന്നു. എപ്പോഴും അവരുടെ മദ്ഹുകളാണ് പ്രവാചകന്‍ പറഞ്ഞിരുന്നത്. ഒരിക്കല്‍, പ്രവാചകന്‍ അവരെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ചപ്പോള്‍ ആഇശ (റ) പറഞ്ഞു: 'നിങ്ങളുടെ സംസാരം കേട്ടാല്‍ ലോകത്ത് വേറെ പെണ്ണുങ്ങളൊന്നും ഇല്ലാത്തപോലെ. ഖദീജ കേവലം ഒരു വൃദ്ധയായിരുന്നില്ലേ. അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു അങ്ങേക്കു നല്‍കിയിരിക്കുന്നു. പിന്നെയും എന്തിന് അവരെ ഇങ്ങനെ ഓർത്തുകൊണ്ടിരിക്കണം.' ആഇശയുടെ ഈ കുത്തു വാക്ക് പ്രവാചകര്‍ക്ക് രസിച്ചില്ല. അവര്‍ പറഞ്ഞു: 'ഇല്ല, എനിക്ക് ഖദീജയെക്കാള്‍ നല്ല ഭാര്യമാരെ ലഭിച്ചിട്ടില്ല. എല്ലാവരും എന്നെ നിഷേധിച്ചപ്പോള്‍ അവര്‍ എന്നെ വിശ്വസിച്ചു. എല്ലാവരും എന്നെ തള്ളിയപ്പോള്‍ അവര്‍ എന്നെ സ്വീകരിച്ചു. എല്ലാവരും എന്നെ കയ്യൊഴിഞ്ഞപ്പോള്‍ അവര്‍ എന്നെ സഹായിച്ചു. അവരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങള്‍ പ്രധാനം ചെയ്തു.'
ഇബ്രാഹീം ഒഴികെ പ്രവാചകര്‍ക്ക് തന്റെ മക്കളെല്ലാം ജനിച്ചത് ഖദീജ ബീവിയിലാണ്. രണ്ട് ആണും നാല് പെണ്ണുമടക്കം ആറ് മക്കള്‍. ഖാസിം, അബ്ദുല്ല, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാഥിമ എന്നിവരാണവര്‍. ആണ്‍ മക്കളെല്ലാം ചെറുപ്പത്തില്‍തന്നെ മരിച്ചുപോയി.
ഉത്തമയായ ഒരു ഭാര്യയും പക്വമതിയായ ഒരു കുടുംബിനിയുമായിരുന്നു ഖദീജ ബീവി. മക്കളോട് വളരെ സ്‌നേഹ ലാളനയോടെ വര്‍ത്തിച്ചിരുന്ന അവര്‍ തന്റെ ഭര്‍ത്താവിനോട് മാന്യമായി പെരുമാറുകയും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുകയും ചെയ്തു. പ്രായത്തില്‍ തന്നെക്കാള്‍ താഴെയായിരുന്നുവെങ്കിലും അവര്‍ ഭര്‍ത്താവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഒരു തവണ പോലും ആ ദാമ്പത്യ ജീവിതത്തില്‍ പോറലുകള്‍ വന്നുവീണിരുന്നില്ല. ഒരു മാതൃകാ കുടുംബത്തിന്റെ അനുപമ ഉദാഹരണമായിരുന്നു ഈ ദാമ്പത്യജീവിതം.
ഫാത്വിമ സന കോട്ടുമല
Leave A Comment