ഞങ്ങളുടെ ഹീറോ
മാനവികതയുടെ മുറിവുകളിൽ പ്രവാചക പ്രഭു ലേപനം പുരട്ടിയപ്പോൾ അതിനെ ഏറ്റവും ഔന്നിത്യപൂർണ്ണതയോടെ ആസ്വദിച്ച ഒരു വിഭാഗമാണല്ലോ സ്ത്രീ ജന്മങ്ങൾ. വാവിട്ടു കരയുന്ന , സ്വന്തം രക്തത്തിൽ പിറന്ന പൊന്നുമോളുടെ യാചനയാർന്ന കണ്ണുനീരിൽ അൽപംപോലും ഹൃദയമലിയാത്ത കാടത്തവും, പിശാചിനോടുള്ള സമീപനും മാത്രമായിരുന്നില്ലേ ഇസ്ലാമിനു മുൻപുള്ള സ്ത്രീ അനുഭവി ച്ചത്?. ചരിത്രാതീതകാലംതൊട്ടേ സ്ത്രീ ഉപഭോഗവസ്തുവായി മാത്രം മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്.പുതുമകൾ കൂടിക്കലരുന്നുവെങ്കിലും സ്ത്രീത്വം ഹനിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കാടത്തത്തിന്റെ നീച ഗർത്തങ്ങളിൽ നിന്നും സ്ത്രീകളുടെ ജീവൻ മുത്ത് ഹബീബ്(സ) കയ്പിടിച്ചുയർത്തി ഒരുക്കിവെച്ച സ്ഥാനം അനിർവ്വചനീയവും അസൂയാവഹവുമാണ്. ഉന്നതവും ഉത്കൃഷ്ടവുമാണ്. അത് പുരുഷനെക്കാൾ മികവേറുന്നതുമാണ്.
"മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാ സനം നൽകിയിരിക്കുന്നു. ക്ഷീണത്തിനു മേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടു വർഷം കൊണ്ടുമാണ്.എനിക്കും നിന്റെ മാതാപിതാക്കൾക്കും നന്ദികാണിക്കുക. എന്നിലേക്കാണ് നിങ്ങളുടെ മടക്കം". (ലുഖ്മാൻ)
ഈ ഖുർആനിക ആയത്തിനെ അന്വർത്ഥമാക്കുന്ന പല വിധ യാതനകളും സഹിച്ചു മനുഷ്യസമൂഹത്തിന് ജന്മം നൽകുന്ന സ്ത്രീത്വത്തെ പിതാവെന്ന പുരുഷനെക്കാൾ മൂന്നിരട്ടി ബഹുമതി നൽകിയാണ് ഈ പ്രവാചക ശ്രേഷ്ടർ ആദരിച്ചത്
ഇതര മതസ്ഥർക്കിടയിലെ സ്ത്രീ സങ്കൽപങ്ങളെ വായിച്ചെടുക്കുമ്പോഴാണ് ഇസ്ലാം പ്രവാചകരിലൂടെ വിഭാവനം ചെയ്യുന്ന സ്ത്രീത്വത്തിന്റെ മഹത്വവും, സ്ഥാനവും, സ്വാതന്ത്ര്യവും,സുരക്ഷിതത്വവും വാഴ്ത്തപ്പെടുന്നത്. "ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നിങ്ങളെ സൃഷ്ടിക്കപ്പെട്ടത് '' എന്ന ഖുർആനിക വചനം മനുഷ്യ സത്തയിൽ സ്ത്രീയും പുരുഷനും സമൻമാരാണെന്ന ബോധ്യത്തെയാണ് വിളമ്പരപ്പെടുത്തുന്നത്.സ്ത്രീ, പുരുഷനെ ആശ്രയിച്ചു ജീവിക്കുന്നവളാണെങ്കിൽ, തിരിച്ച് പുരുഷൻ ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിലും മുന്നോട്ടു കൊണ്ടു പോകുന്നതിലും സ്ത്രീയെയും ആശ്രയിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിൽ സദാചാരം നിലനിർത്തുന്നതിലും ദുരാചാരം പിഴുതുമാറ്റുന്നതിലും പുരുഷനെ പോലെ സ്ത്രീക്കും ഉത്തരവാദിത്തങ്ങളുണ്ടെന്നും സമൂഹത്തിന്റെ ഒരു പ്രധാന ഭാഗവും കുടുംബത്തിന്റെ നെടുംതൂണും ഈ സ്ത്രീയാണെന്നതും ഈ സ്നേഹപ്രഭു(സ) വരച്ചുകാണിച്ചു.
"നിങ്ങളെല്ലാവരും ചുമതലയുള്ളവരും ചുമതല ഏൽപിക്കപ്പെട്ടവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.ഭരണാധികാരി ചുമതലയുള്ളവനാണ്.പുരുഷൻ തന്റെ വീട്ടുകാരിലും സ്ത്രീ അവളുടെ ഭർത്താവിന്റെ വീട്ടിലും സന്താനങ്ങളിലുമെല്ലാം ചുമതലയുള്ളവളും ചുമതലപ്പെടുത്തപ്പെട്ടവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്." ''ഒരു സ്ത്രീ നന്നായാൽ ഒരു കുടുംബം നന്നായി. കുടുംബം നന്നായാൽ ഒരു സമൂഹം നന്നായി". തുടങ്ങിയ തിരുവചനങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ,സ്ത്രീത്വത്തിന്റെ ഔന്നിത്യത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമാണ്.
പെൺമക്കൾ: സ്വർഗീയ വഴിവിളക്കുകൾ.
സന്താനങ്ങൾക്കു മുൻപിൽ ഉള്ളിലുള്ള സ്നേഹവാത്സല്യങ്ങൾക്കു കടിഞ്ഞാണിട്ട്, ഗൗരവം കാണിക്കുന്ന പിതാക്കന്മാർ ഒന്നു തിരിഞ്ഞു നോക്കണം ;തന്റെ പ്രിയപുത്രി ഫാത്വിമ(റ)യോട് പിതാവെന്ന നിലയിൽ നമ്മുടെ പ്രവാചകർ(സ) കാണിച്ച പെരുമാറ്റങ്ങളിലേക്ക്. കേവലം മൂന്നോ, അഞ്ചോ പത്തോ വയസ്സുകൾ അതിർത്തിവെച്ച സ്നേഹവാത്സല്യ ഭാവങ്ങളായിരുന്നില്ല, തന്റെ കരളിന്റെ കഷ്ണ"മെന്ന് വിശേഷിപ്പിക്കപ്പെട്ട സ്വർഗ്ഗീയ തരുണീ രാജകുമാരിയോട് പ്രിയപിതാവ് കാണിച്ചിരുന്നത്. ഉള്ളിലുള്ള സ്നേഹം പിശുക്കില്ലാതെ പ്രകടിപ്പിച്ച സ്നേഹസാഗരം. പെൺമക്കളെ അനുഗ്രഹവും അഭിമാനവുമായിക്കണ്ട തിരുദൂതർ(സ). പെൺമക്കളെ കുടുംബത്തിന്റെ പുണ്യമായും സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടികളായും ചിത്രീകരിച്ച വിമോചകർ(സ).
പിതാവിനെ കാണാൻ വീട്ടിലെത്തുന്ന പൊന്നുമോൾ ഫാത്വിമ(റ)യുടെ സാനിദ്ധ്യം അറിയുമ്പഴേക്ക് ബഹുമാന സൂചകമായി എണീറ്റു നിൽക്കുകയും സ്നേഹവാത്സല്യങ്ങളോടെ അരികിലേക്ക് ചേർത്തു നിർത്തി നെറ്റിത്തടത്തിലും കവിൾ തടത്തിലും ഉമ്മവെക്കുമ്പോൾ ഫാത്വിമമോളുടെ കൂടെ ആ വന്ദ്യ പിതാവിന്റെ പൗത്രന്മാരുമുണ്ടായിരുന്നു എന്നതും വിസ്മരിച്ചു കൂടാ. കെട്ടിച്ചയച്ച മകൾ ഭർത്താവിനും മക്കൾക്കുമൊപ്പം വീട്ടിലേക്ക് കേറിവരുമ്പോൾ അവരെ എങ്ങിനെ സ്വീകരക്കണമെന്ന് പഠിപ്പിക്കാനും മറന്നില്ല മുത്ത് ഹബീബ്(സ).
ബന്ദികളായ ധാരാളം അടിമകൾ മദീനയിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ ലോകനായകന്റെ മകൾ ഫാത്വിമ(റ), വീട്ടുപരിചരണത്തിൽ സഹായിക്കാൻ ഒരാളെ കിട്ടിയെങ്കിലെന്ന പ്രതീക്ഷയിൽ ഒരിക്കൽ പിതാവിനെ സമീപിച്ചപ്പോൾ, ഉദ്ദിഷ്ട കാര്യം നടക്കാതെ തിരിച്ചു പോയ പ്രിയപുത്രിയെ തേടി തിരുമേനി(സ) വീട്ടിലേക്കു കേറിച്ചെല്ലുന്ന രംഗം അതി മനോഹരം. മകളും മരുമകനും ഒന്നിച്ച് കിടക്കുന്നതിനിടയിലേക്ക്. പ്രിയപ്പെട്ട പിതാവിനെ കണ്ടപാടെ ധൃതിപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ച ദമ്പതികളെ അതിനനുവദിക്കാതെ ഇരുവർക്കുമിടയിൽ ഇരിപ്പിടം ഒരുക്കുകയാണ് ആ കുടുംബനായകൻ ചെയ്തത്.തുടർന്ന് ഭൗതിക സുഖങ്ങളോട് നീരസം കാണിക്കാൻ രണ്ട് പേരോടും ഉപദേശിച്ച വാത്സല്യ നിറകുടം മൂത്ത് ഹബീബ്(സ), ഉറങ്ങാൻ കിടക്കുമ്പോൾ മുപ്പത്തിമൂന്നു വീതം തസ്ബീഹും തഹ്മീദും തക്ബീറും ഉരുവിടാൻ നിർദ്ദേശിക്കുകയും ചെയ്തു. മുഴുവൻ സ്ത്രീജനങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് അന്ന് നമ്മുടെ പ്രിയപ്പെട്ട ഗുരു ശ്രേഷ്ടർ(സ) തന്റെ പ്രിയപുത്രിയിലൂടെ സമ്മാനിച്ചത്.
" പെണ്ണായി പിറന്നതിനാൽ മുലയൂട്ടാനാളില്ലാതെ പിഞ്ചുകുഞ്ഞ് ആശുപത്രിയിൽ അനാഥാവസ്ഥയിൽ.''
പെൺകുഞ്ഞിന് ജന്മം നൽകുമെന്നു കരുതി ഗർഭിണിയെ മർദ്ദിച്ചു ഗർഭം അലസിപ്പിച്ചു."
ഇതെല്ലാം മാധ്യമ റിപ്പോർട്ടുകൾ.
നമ്മുടെ കൊച്ചു കേരളത്തിൽ പോലും പെൺകുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വിരളമായിക്കൊണ്ടിരിക്കുന്നു. ആണാധിപത്യം കൂടിക്കൊണ്ടിരിക്കുന്ന ഈ പ്രവണതക്കു പിന്നിൽ പെൺകുഞ്ഞാണെന്നറിഞ്ഞാലുള്ള ഭ്രൂണഹത്യകളാണെന്നാണ് റിപ്പോർട്ടുകളെല്ലാം പറയുന്നത്.
പെൺജന്മം അപമാനകരവും ദുശ്ശകുനവുമായിക്കണ്ടിരുന്നവരാണ് ജാഹിലിയ്യ: അറബികൾ.
"പെൺകുഞ്ഞിനെ കുറിച്ച് സുവിശേഷം അറിയിക്കപ്പെട്ടാൽ അവരുടെ മുഖം ഇരുണ്ടു പോകുമെന്നാണ് വിശുദ്ധ ഖുർആൻ ഇതു സംബന്ധമായി പരാമർശിച്ചത്. തുടർന്ന് അവരിൽ നിന്നുണ്ടാകുന്ന പൈശാചിക പ്രവർത്തനങ്ങളിലേക്ക് സൂചന നൽകി വിശുദ്ധ ഖുർആൻ പരാമർശിക്കുന്നതിങ്ങനെയാണ്. "തനിക്കു കിട്ടിയ സന്തോഷവാർത്തയിലെ ദു:ഖം കാരണം പന്നെ അയാൾ ആളുകളിൽ നിന്നും മാറി നിൽക്കും. അപമാനഭാരത്തോടെ കുഞ്ഞിനെ വളർത്തണോ അതോ മണ്ണിട്ട് മൂടണമോ എന്നാലോചിച്ച്".
ഇത്തരം കാടൻ ചിന്തകളെ മണലാരണ്യത്തിൽ കുഴിച്ചുമൂടി പെൺകുഞ്ഞിന് ജീവിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും നൽകിക്കൊണ്ട് പെൺ ജന്മം ശാപമല്ല അനുഗ്രഹമാണെന്ന അദ്ധ്യാപനത്തിലൂടെയുമാണ് ഈ ദുഷ്ചിന്തയെ അവരിൽ നിന്നും നമ്മുടെ പ്രിയനേതാവ്(സ) വിപാടനം ചെയ്തത്.
" ആരെങ്കിലും രണ്ടു പെൺകുട്ടികളെ വളർത്തി പരിപാലിച്ചാൽ ഞാനും അവനും സ്വർഗ്ഗത്തിൽ ഇപ്രകാരമാണെന്നു പറഞ്ഞ് തന്റെ വിരലുകൾ ചേർത്തുവെച്ച് പ്രഖ്യാപിച്ച തിരുമേനി(സ) രണ്ടു പെൺമക്കളെ പരിപാലിക്കൽ നരകത്തെ തൊട്ടുള്ള മറയാണെന്നു കൂടി ഓർമ്മപ്പെടുത്തി.
മതാവിൻ പാദങ്ങൾ സ്വർഗ്ഗാലങ്കൃതം.
പെൺമക്കൾ മൂലം സ്വർഗ്ഗപ്രവേശനം സാധി ക്കുമ്പോൾക്കുമ്പോൾ, ഒരു വ്യക്തിയുടെ സ്വർഗ്ഗത്തെ തന്നെ പ്രവാചകർ ചാർത്തിത്തന്നത് സ്ത്രീത്വത്തിന്റെ പൂർണ്ണഭാവമായ മാതാവിന്റെ കാൽ ചുവട്ടിലാണ്. എന്നുവെച്ചാൽ ഏതൊരു മാതാവായ സ്ത്രീയുടെയും സംതൃപ്തിയിലും സന്തോഷത്തിലും മാത്രമേ ഏതൊരാൾക്കും സ്വർഗ്ഗപ്രവേശനം സാധ്യമാകൂ എന്നു സാരം.
യുദ്ധത്തിനു പോകാൻ അനുമതി തേടിയ സ്വഹാബിയോട് നബി(സ) ചോദിക്കുന്നു: "താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടൊ?" ഉണ്ടെന്നു മറുപടി നൽകിയ സ്വഹാബിയോട് നബി തങ്ങൾ പറഞ്ഞു:" എങ്കിൽ മാതാവിന്റെ പാദത്തിനരികിൽ ഉറച്ചു നിൽക്കുക. അവിടെയാണ് സ്വർഗ്ഗമുള്ളത്".
വീടിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങളിലും, സന്താന പരിപാലനത്തിലും മുഴുകി തന്നെത്തന്നെ മറന്ന് ,കരിയും പുകയും പിടിച്ച് കഴിഞ്ഞുകൂടുന്ന സ്ത്രീത്വത്തിന് സമൂഹം വില കൽപിക്കാറില്ലെങ്കിലും സൃഷ്ടികളിൽ ശ്രേഷ്ടർ ഹബീബ് (സ) നൽകിയ സ്ഥാനമെന്തെന്ന് പരിശോധിക്കാം.
"സ്ത്രീ ഗർഭം ചുമന്നതു മുതൽ പ്രസവിക്കുന്നതു വരെയും അവിടം മുതൽ മുലകുടി നിർത്തുന്നതു വരെയും അല്ലാഹുവിന്റെ വഴിയിൽ കാവലിരിക്കുന്ന യോദ്ധാവിനെ പോലെയാണ്.ഇതിനിടയിൽ അവൾ മരണം പൂകിയാൽ ശഹീദിന്റെ പ്രതിഫലമുണ്ട്''.
'ഭാര്യ" ഇണയായപ്പോൾ
സ്ത്രീസങ്കൽപം ഭാര്യ(ഭരിക്കപ്പെടുന്നവൾ)യിൽ നിന്നും ഇണയിലേക്കെത്തുമ്പോൾ അതെത്ര മധുരതരം. ഹിറയിൽ നിന്നും ഭീതിയോടെ വിറയാർന്ന സ്വരത്തിൽ, ഇടർച്ചയോടെ തന്റെ സഹധർമ്മിണിയോട് കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ, ഇനിയൊരു വിവാഹമേ വേണ്ടെന്നു വെച്ച് ഖുറൈശ് പ്രമുഖയും പ്രഗത്ഭയും വിശ്വസ്ഥയുമായ ഖദീജ(റ)യെ പ്രവാചകത്വത്തിന്റെ സംരക്ഷണച്ചുമതലയാൽ അലങ്കൃതമാക്കാനുള്ള നാഥന്റെ തീരുമാനം ഹഢാതാകർഷിക്കുന്ന ഒരുപാട് ധന്യ മുഹൂർത്തങ്ങൾ തന്റെ ഇണക്ക് സമ്മാനിക്കാനായനബി തിരുമേനി(സ) വീട്ടുകാര്യങ്ങളിൽ വീട്ടുകാരെ സഹായിച്ചിരുന്നതായി മഹതി ആഇശ(റ)യിൽ നിവേദനം ചെയ്ത ഒരുപാട് ഹദീസുകൾ നമുക്കു കാണാനാകും. ഇണകൾക്ക് നൽകുന്ന കരുതലും ആദരവും തന്നെയാണ് ഇതിലൂടെ നാം കാണേണ്ടത്.
മഹതി. താങ്ങും തണലുമായി കൂടെ നിന്നുകൊണ്ട്, താൻ ഏൽപ്പിക്കപ്പെട്ട ദൗത്യനിർവ്വഹണത്തിലും മറ്റെല്ലാ അർത്ഥത്തിലും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിഞ്ഞ ഇണക്കിളിയായി ഒരുമിച്ചുള്ള യാത്രകളിലുടനീളം, നമ്മൾ ദമ്പതിമാർ പകർത്തിയെടുക്കേണ്ടതായ ഒരുപാട് ഏടുകളുണ്ട്. ഖദീജ ബീവിക്കു ശേഷം പ്രവാചകജീവിതത്തിലേക്കു കടന്നു വന്ന ഓരോ ഇണകളുമൊത്തുള്ള ജീവിതയാത്രകൾ, അവരിലേക്കു പകർന്ന സ്നേഹ സാമീപ്യങ്ങൾ, പെരുമാറ്റമര്യാദകൾ, വിട്ടുവീഴ്ച്ചകൾ, അവർക്കു നൽകിയ ആദരവ് എല്ലാം പൂർണ്ണാർത്ഥത്തിലും ഭാര്യ എന്ന സങ്കൽപത്തെ 'ഇണ' എന്ന യാഥാർത്ഥ്യത്തിലേക്ക് മാറ്റിയെഴുതേണ്ടതാണെന്ന ബോധ്യം തരുന്ന ചരിത്രസത്യങ്ങളായിരുന്നു.
ആ ബോധ്യത്തിലേക്ക് പുരുഷസമൂഹം മടങ്ങുന്ന പക്ഷം ഒരു സ്ത്രീയും തന്റെ ഇണയായ പുരുഷനെ വഞ്ചിക്കാനോ പ്രയാസപ്പെടുത്താനോ മുതിരുകയില്ലെന്ന യാഥാർത്ഥ്യം കൂടി തുറന്നു പറയാൻ ആഗ്രഹിക്കുന്നു.
" അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്, നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്കവൻ ഇണകളെ സൃഷ്ടിച്ചുവെന്നത്.ആ ഇണകളിൽ സമാധാനപൂർവ്വം നിങ്ങൾ ഒത്തു ചേരാൻവേണ്ടി. നിങ്ങൾ(ഇണകൾ)ക്കിടയിൽ സ്നേഹവും കാരുണ്യവും അവൻ ഉണ്ടാക്കുകയും ചെയ്തു. തീർച്ചയായും ചിന്തിക്കുന്ന ജനതക്ക് ഇതിൽ പാoമുണ്ട്".(റൂം)
ശത്രുവിനോടും, വിമർശനങ്ങളോടും, സമൂഹത്തോടും എല്ലാം സ്നേഹനിധിയായ പ്രവാചകർ(സ)യുടെ വിട്ടുവീഴ്ച്ചയുടെ മൂർത്തീഭാവങ്ങളെ പ്രവാചക ചരിത്രത്തിലുടനീളം നമുക്ക് ദർശിക്കാനാകും. സ്വന്തം വീഴ്ച്ചകളെ പോലും അംഗീകരിക്കാൻ തുനിയാതെ, ചെറിയ കാരണങ്ങൾ കണ്ടെത്തി മനോഹര ദാമ്പത്യത്തിന് വിള്ളലുകളും പോറലുകളുമേൽപിച്ച്, വിവാഹമോചനത്തിലെത്തിക്കുന്ന പ്രവണത ഇന്ന് വ്യാപകമായി കണ്ടുവരുമ്പോൾ, വിശുദ്ധമായ ദാമ്പത്യ ബന്ധത്തെ, നിസാരവത്ക്കരിക്കുന്നവർ, പ്രവാചക ദാമ്പത്ത്യത്തിൽ നിന്നും വിട്ടുവീഴ്ച്ചയുടെ ഒരു ചിത്രമെങ്കിലും ഓർത്തെടുക്കുന്നതു നന്നാകും.
പ്രവാചക പ്രിയതമൻ തനിക്കും തന്റെ പ്രിയസഹയാത്രികക്കും (ആഇശ (റ)ക്കും) കഴിക്കാനായി, ഒരു പാത്രത്തിൽ കുറച്ച് ഈത്തപ്പഴങ്ങളുമായി, പ്രിയസഖിക്കരികിലെത്തിയപ്പോൾ, നേരത്തെ ഉണ്ടായിരുന്ന ചെറിയ പിണക്കത്തിന്റെ പേരിൽ മഹതി ആഇശ(റ) ആ പാത്രം തട്ടിത്തെറിപ്പിച്ചപ്പോൾ, ഒരു ചെറുപുഞ്ചിരിയോടെ ആ പാത്രക്കഷ്ണങ്ങൾ പെറുക്കിയെടുക്കുകയും, ഈത്തപ്പഴങ്ങൾ പൊടിതട്ടിയെടുക്കുകയും ചെയ്തു കൊണ്ട് സ്നേഹമൗനത്തോടെ പ്രതികരിച്ചപ്പോൾ, ചെയ്ത തെറ്റിന് കിട്ടേണ്ടിയിരുന്ന ഒരു വലിയ പ്രഹരത്തെക്കാൾ വേദനയും കുറ്റബോധവും ആദരവുമാണ് മഹതിയിൽ അതു സമ്മാനിച്ചത്.അങ്ങനെയുള്ള പുരുഷ ഇണയെ എങ്ങിനെയാണ് ഒരു പെണ്ണിന് പ്രയാസപ്പെടുത്താനാകുക? സ്ത്രീജനങ്ങളുടെ മുഴുവൻ സ്നേഹത്തേയും ആവാഹിക്കുന്ന ഇങ്ങനെയുള്ള എത്രയെത്ര മുഹൂർത്തങ്ങളാണ് ഈ പുണ്യ പൂമാൻ ഈ ഉമ്മത്തിന് സമ്മാനിച്ചത്. വിട്ടുവീഴ്ച്ചയിലൂടെ സമൂഹത്തിലും കുടുംബത്തിലും ഒരു പാട് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നത് അവിതർക്കിതം.
വിജ്ഞാന സമ്പാദനത്തിനും പ്രോത്സാഹനം
വിജ്ഞാന സമ്പാദന വിതരണത്തിലും പ്രവാചക പ്രഭു ഈ സ്ത്രീത്വത്തെ മാറ്റി നിർത്തിയില്ലെന്നു മാത്രമല്ല, അതിനെ പ്രോത്സാഹിക്കുകയും, പുരുഷന്മാരെ പോലെ സ്ത്രീക്കും അത് നിർബ്ബന്ധമാണെന്ന് പ്രഖ്യപിച്ചു നമ്മുടെ മുത്ത് നബി(സ). അതിന്റെ വ്യക്തമായ തെളിവാണ് നമ്മുടെ പ്രിയ മാതാവ് ആഇശ(റ)യിൽ നിന്നും നിവേദനം ചെയ്യപ്പെട്ട 2210ഹദീസുകളും ഇരുനൂറിൽ പരം ശിഷ്യഗണങ്ങളും.പ്രവാചക ജീവിതകാലത്ത് ആ ജീവിതം മുഴുവൻ പകർത്തിയെടുത്ത്, പള്ളിയിൽ സ്വഹാബാക്കൾക്ക് വിതരണം ചെയ്യുന്ന വിജ്ഞാന മുത്തുകൾ മുഴുവനും പള്ളിക്കരികിലെ തന്റെ മുറിയിലിരുന്ന് പെറുക്കി യെടുത്ത മഹതി, പ്രവാചകരുടെ വഫാത്തിനു ശേഷം മുഴുസമയവും മതവിജ്ഞാനപ്രചരണത്തിൽ മുഴുകി.ആ കാലഘട്ടത്തിലെ വിശ്വാസീ പ്രമുഖരെല്ലാം മഹതിയുടെ വിദ്യാർത്ഥികളായിരുന്നു. മറക്കു പിന്നിൽ നിന്നുള്ള ഈ അദ്ധ്യാപനം തന്റെവഫാത്തു വരെ മഹതി തുടർന്നു.പുതിയ ഫത്വകൾ തേടി സ്വഹാബികൾ എത്തിയതും ഈ ഉമ്മക്കരികിലായിരുന്നു.
ചുരുക്കത്തിൽ ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ സ്വാതന്ത്ര്യവും,സുരക്ഷിതത്വവും, സ്ഥാനമാനങ്ങളും അത്യത്ഭുത പ്രതിഭാസം തന്നെ.
ദുനിയാവിലെ സൗഭാഗ്യങ്ങൾ എത്ര തന്നെ നേടിയാലും ഒരു സത്വൃത്തയായ ഇണയോട ട് അതൊന്നും കിടപിടിക്കില്ല." ദുനിയാവ് മുഴുവനും വിഭവങ്ങളാണ്.അതിൽ ഏറ്റവും ഗുണമുള്ള വിഭവം, സത് വൃത്തയായ സ്ത്രിയാണ്" എന്ന വിജ്ഞാന നിറകുടമായ പ്രവാചകർ മുഹമ്മദ് (സ) യുടെ വചനത്തെക്കാൾ എന്ത് സൗന്ദര്യപ്പടമാണ് ഈ ഉമ്മത്തിന്റെ പെണ്ണിന് എടുത്തണിയാനുള്ളത്...???!!!'
ഇനി വേണം സ്നേഹ ഭാജനമേ അങ്ങയുടെ ശുപാർശ കൂടി ഞങ്ങൾക്ക്. എങ്കിലേ ഞങ്ങൾക്കു രക്ഷയുള്ളൂ.
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം.
സഈദ കെ.ടി കരുവാരക്കുണ്ട്
പ്രൊഫസർ നജാത് അറബിക് കോളേജ്
Leave A Comment